പ്രെഗ്നന്റ്
Story written by Angel Kollam
==============
എമർജൻസിയുടെ മുന്നിലെ ഇടനാഴിയിൽ കൂടി സന്ദീപ് അക്ഷമനായി നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു നേഴ്സ് പുറത്തേക്കു വന്ന് ചോദിച്ചു.
“മൃദുലയുടെ കൂടെ വന്നതാരാണ്? “
“ഞാനാണ് സിസ്റ്റർ “
“തന്നെ ഡോക്ടർ വിളിക്കുന്നു. “
അവൻ ആകാംഷയോടെ ഡോക്ടറുടെ മുന്നിലേക്ക് ചെന്നു. വെളുത്ത്, മെലിഞ്ഞു ഏകദേശം അൻപതു വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് ഡോക്ടർ. മുന്നിലെ കസേര ചൂണ്ടികാട്ടി അവർ സന്ദീപിനോട് ഇരിക്കാൻ ആവശ്യപെട്ടു. അവൻ ഇരുന്നതും അവർ പറഞ്ഞു.
“കോൺഗ്രാറ്റ്ലഷൻസ്, നിങ്ങളുടെ ഭാര്യ ഗർഭിണിയാണ് “
കേട്ടത് വിശ്വസിക്കാനാകാതെ അവൻ ഡോക്ടറുടെ മുഖത്തെക്ക് നോക്കി. അവന്റെ ഭാവം കണ്ടപ്പോൾ ഡോക്ടർ ചോദിച്ചു.
“എന്ത് പറ്റി? സാധാരണ ഭാര്യ ഗർഭിണി ആണെന്ന് പറയുമ്പോൾ എല്ലാ ഭർത്താക്കന്മാരും സന്തോഷിക്കുകയാണല്ലോ പതിവ്, തനിക്കെന്ത് പറ്റി, ഉടനെ കുഞ്ഞു വേണ്ടെന്ന് പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നോ? “
“അങ്ങനെ ഒന്നുമില്ല ഡോക്ടർ “
“എങ്കിൽ പിന്നെ സന്തോഷിക്കൂ, തന്റെ ഭാര്യയ്ക്കുo ഈ വാർത്ത കേട്ടിട്ട് അത്ര വല്യ സന്തോഷമൊന്നും കണ്ടില്ല, അതാ തന്നോട് കൂടി സംസാരിക്കാമെന്ന് കരുതിയത് “
സന്ദീപ് ഒന്നും മിണ്ടാതെ ഡോക്ടർ പറയുന്നത് ശ്രദ്ധിച്ചിരുന്നു.
“മൃദുലയുടെ ബോഡി വീക്കാണ്. ബിപി വളരെ കുറവാണ്, ഞങ്ങൾ ഡ്രിപ് ഇട്ട് ഒബ്സർവേഷൻ റൂമിൽ കിടത്തിയിട്ടുണ്ട്, രണ്ടു മണിക്കൂർ കഴിയുമ്പോൾ പോകാം “
“എനിക്ക് അവളെ ഒന്ന് കാണാൻ പറ്റുമോ ഡോക്ടർ? “
“പിന്നെന്താ, നിങ്ങൾ മൃദുലയുടെ അടുത്ത് പോയിരുന്നോളൂ, ഈ സമയത്ത് അവൾക്ക് ആവശ്യം ഭർത്താവിന്റെ സാമീപ്യവും പരിചരണവും ആണ് “
സന്ദീപ് മൃദുലയുടെ അടുത്തേക് ചെന്നു. ആ മുറിയിൽ അവൾ തനിച്ചായിരുന്നു. വിജനതയിലേക്ക് കണ്ണും നട്ട് എന്തോ ചിന്തിച്ച് കിടക്കുകയാണ് അവൾ. അവളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ട്, അവനെ കണ്ടതും പെട്ടന്ന് കണ്ണുനീർ തുടച്ചു കൊണ്ട് അവൾ പറഞ്ഞു.
“സോറി സന്ദീപ്, ഡോക്ടറോട് നീ എന്റെ ഭർത്താവ് ആണെന്ന് കള്ളം പറഞ്ഞതിന് “
“ഹേയ്, അതൊന്നും സാരമില്ല”
“ഡോക്ടർ വന്ന് ഞാൻ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞപ്പോൾ, വിവാഹം കഴിക്കാതെയാണ് ഞാൻ പ്രെഗ്നന്റ് ആയതെന്ന് അവരോട് എങ്ങനെ പറയാനാണ് “
“സാരമില്ല “
“ഞാൻ എന്താ ചെയ്യേണ്ടത് സന്ദീപ്, ഒരാഴ്ച മുൻപായിരുന്നു ഈ വാർത്ത കേട്ടിരുന്നെങ്കിൽ ഞാൻ ഒരുപാട് സന്തോഷിച്ചെനെ, പക്ഷേ ഇപ്പോൾ.. എനിക്കറിയില്ല ഞാൻ എന്താ ചെയ്യേണ്ടതെന്ന് ?”
അവൾ വിതുമ്പി കരഞ്ഞു, അവൻ അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“കരയാതെ മൃദു, ഇത് ഹോസ്പിറ്റൽ ആണ്, എല്ലാവരും ശ്രദ്ധിക്കും “
അവൾ കരച്ചിൽ അടക്കാൻ പാടുപെടുന്നത് കണ്ടപ്പോൾ, ഒരാഴ്ച മുൻപ് ഈ എമർജൻസിയുടെ മുന്നിൽ താനും അവളും ചങ്ക് പൊട്ടി കരഞ്ഞു കൊണ്ട് നിന്നത് അവനോർമ്മ വന്നു. മഹേഷിന്റെ ചലനമറ്റ ശരീരത്തിനു മുൻപിൽ അവൻ തങ്ങളെ വിട്ടു പിരിഞ്ഞത് വിശ്വസിക്കാൻ കഴിയാതെയാണ് അന്ന് തങ്ങൾ കരഞ്ഞത്. ഇപ്പോൾ കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ മഹേഷിന്റെ പ്രണയിനി പ്രെഗ്നന്റ് ആണെന്ന വാർത്ത കേൾക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ സന്ദീപ് കുഴങ്ങി നിന്നു..
ബാംഗ്ലൂരിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ആയിരുന്നു മൃദുലയ്ക്കും മഹേഷിനും സന്ദീപിനും ജോലി. ഓഫീസിന്റെ തൊട്ടടുത്ത് തന്നെ ഫ്ലാറ്റ് എടുത്താണ് അവർ മൂന്നുപേരും താമസിക്കുന്നത്. മഹേഷും മൃദുലയും ഒരേ നാട്ടുകാരാണ്, പഠിക്കുന്ന കാലം തൊട്ടേ അവർ തമ്മിൽ പ്രണയത്തിലായിരുന്നു. കൂട്ടുകാരന്റെ പെണ്ണായതിനാൽ അവളെ സഹോദരിയെപ്പോലെയാണ് സന്ദീപ് കരുതിയിരുന്നത്.
മഹേഷിന്റെ വീട്ടുകാർക്ക് അറിയാമായിരുന്നു അവരുടെ ബന്ധം. അടുത്ത തവണ ലീവിന് വരുമ്പോൾ മൃദുലയുടെ വീട്ടുകാരോടു സംസാരിച്ചു വിവാഹത്തിന് സമ്മതം വാങ്ങണമെന്ന് പ്ലാൻ ചെയ്തിരിക്കുമ്പോളാണ് അപ്രതീക്ഷിതമായി മഹേഷിന്റെ വിയോഗം.
ഓഫീസിലെ ഒരു പാർട്ടിയിൽ ആയിരുന്നു അവർ മൂന്നു പേരും. അവരുടെ ഒരു പ്രൊജക്റ്റ് അപ്പ്രൂവ് ആയതിന്റെ പാർട്ടി ആയതിനാൽ വളരെ സന്തോഷത്തിലായിരുന്നു എല്ലാവരും. വല്ലപ്പോഴും ഒരു ബി യർ കഴിക്കും എന്നല്ലാതെ മറ്റു യാതൊരു വിധ ദുശീലങ്ങളും ഇല്ലാത്ത ചെറുപ്പക്കാരനായിരുന്നു മഹേഷ്. ആ പാർട്ടിയിൽ ഹാഫ് ബോട്ടിൽ ബിയ ർ കുടിച്ചു, മൃദുലയോടൊപ്പം ഡാൻസ് കളിച്ചു കൊണ്ടിരിക്കുമ്പോളാണ് മഹേഷ് കുഴഞ്ഞു നിലത്തെക്ക് വീണത്. ബി യർ കഴിച്ചതിന്റെ ആയിരിക്കും എന്നാണ് ആദ്യം എല്ലാവരും കരുതിയത്, എന്നാൽ തട്ടി വിളിച്ചിട്ടും അവൻ അനങ്ങുന്നില്ല എന്ന് കണ്ടപ്പോൾ എല്ലാവരും ചേർന്ന് അവനെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. റോയൽ ഹോസ്പിറ്റലിന്റെ എമർജൻസി ഡിപ്പാർട്മെന്റിലെ ഡോക്ടർ വന്ന് “ഐ ആം സോറി” എന്ന് പറഞ്ഞപ്പോൾ അവിടെ കൂടെ നിന്നവർ, കേട്ടത് വിശ്വസിക്കാൻ കഴിയാതെ നിന്നു. ആ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ മൃദുലയ്ക്കുo കഴിഞ്ഞില്ല.
പ്രത്യേകിച്ചു അസുഖങ്ങൾ ഒന്നും ഇല്ലാതെ പെട്ടന്നുള്ള മരണം ആയതിനാൽ പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ഡോക്ടർസ് നിർദേശിച്ചു. പോലീസിലും വിവരം അറിയിച്ചു. അവിടത്തെ ഫോര്മാലിറ്റിസ് കഴിഞ്ഞു, ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടവും കഴിഞ്ഞു മഹേഷിന്റെ ശരീരം കണ്ണൂരിലെ വീട്ടിലേക് കൊണ്ട് പോയപ്പോൾ കരഞ്ഞു തളർന്നു മൃദുലയും, അവൾക്കൊരു കൂട്ടായി സന്ദീപും ഓഫീസിലെ രണ്ടു സുഹൃത്തുക്കളും ഒപ്പം പോയിരുന്നു.
അച്ഛന്റെയും അമ്മയുടെയും ഒറ്റമകൻ ആയിരുന്നു മഹേഷ്. അവരുടെ സങ്കടം കണ്ടു നിൽക്കുന്നവർക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. മൃദുല ഒരാഴ്ച മഹേഷിന്റെ വീട്ടിൽ നിന്നിട്ടാണ് വന്നത്, തന്റെ പ്രിയപെട്ടവന്റെ ഭാര്യ ആയി ആ വീട്ടിൽ വലതുകാൽ വച്ചു കയറണം എന്നാഗ്രഹിച്ചതാണ്. എന്നാൽ വിധി തീരുമാനിച്ചത് മറ്റൊന്നായിരുന്നു.
ഇന്ന് രാവിലെയാണ് മൃദുല ബാംഗ്ലൂരിൽ തിരിച്ചെത്തിയത്. വന്നയുടൻ അവളും മഹേഷും ഒരുമിച്ച് താമസിച്ചിരുന്ന റൂമിൽ കയറി കതക് അടച്ചു. ഇടയ്കിടയ്ക് തേങ്ങൽ ശബ്ദം കേൾക്കാമെങ്കിലും, അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാത്തത് കൊണ്ട് സന്ദീപ് അവളുടെ കരച്ചിൽ കേൾക്കാത്ത ഭാവത്തിൽ ഇരുന്നു.
മൃദുല ശർദ്ധിക്കുന്ന ഒച്ച കേട്ടപ്പോളാണ് സന്ദീപ് വന്ന് വാതിലിൽ തട്ടിയത്. മൃദുല വാതിൽ തുറന്നു, അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും, വാടിയ താമരതണ്ട് പോലെ തളർന്ന മുഖവും കണ്ടപ്പോൾ, മഹേഷിന്റെ വിയോഗം മൂലം ഉണ്ടായ ആഘാതമായിരിക്കും എന്നാണ് കരുതിയത്. ഭക്ഷണം പോലുo കഴിക്കാതെ കരഞ്ഞു തളർന്നിരിക്കുന്ന അവളെ നിർബന്ധിച്ചു സന്ദീപ് ഹോസ്പിറ്റലിൽ കൊണ്ട് വന്നു. അവൾ പ്രെഗ്നന്റ് ആണെന്ന വാർത്ത കേൾക്കേണ്ടി വരുമെന്ന് അവൻ ഒരിക്കൽ പോലും കരുതിയിരുന്നില്ല. മൃദുലയുടെ വീട്ടുകാരെ എങ്ങനെ അറിയിക്കും എന്നോർത്ത് സന്ദീപിന് ടെൻഷൻ ആയി. അവളുടെ അച്ഛൻ റിട്ടയർഡ് ആർമി ഓഫീസർ ആണ്, ഈ വാർത്ത കേട്ടാൽ എന്തായിരിക്കും പ്രതികരണം എന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ല.
സന്ദീപ്, മൃദുലയുടെ മുഖത്തെക്ക് നോക്കി. കണ്ണടച്ച് കിടക്കുകയാണ് അവൾ. ഇരു കവിളിലൂടെയും ഒലിച്ചിറങ്ങുന്ന കണ്ണുനീർ കണ്ടപ്പോൾ അവൾ ഉറങ്ങുകയല്ലെന്നു അവന് മനസിലായി. അവൻ പതിയെ പറഞ്ഞു.
“എല്ലാവരും ശ്രദ്ധിക്കും മൃദു, നീയിങ്ങനെ കരയാതെ, പ്ലീസ്.. “
“അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ എനിക്ക് പേടിയാകുന്നു.. നാട്ടിൽ പോയതോ, ഒരാഴ്ച മഹിയുടെ വീട്ടിൽ നിന്നതോ ഒന്നും അച്ഛൻ അറിഞ്ഞിട്ടില്ല, അതുപോലും പറയാൻ എനിക്ക് പേടി ആയിരുന്നു. അപ്പോൾ പിന്നെ ഞാൻ മഹിയുടെ കുഞ്ഞിന്റെ അമ്മയാകാൻ പോകുകയാണെന്ന കാര്യം ഞാൻ എങ്ങനെ പറയും, ഞാൻ എന്താ ചെയ്യേണ്ടത്, നീ പറയൂ സന്ദീപ്? “
അവൻ മറുപടി പറയാൻ തുടങ്ങിയതും മൃദുലയുടെ ഫോൺ റിങ് ചെയ്തു. ഡിസ്പ്ലേയിൽ അച്ഛന്റെ നമ്പർ കണ്ടതും അവൾ ഞെട്ടലോടെ ഫോണിൽ നോക്കിയിരുന്നു.
വിറയാർന്ന കരത്തോടെ മൃദുല കാൾ അറ്റൻഡ് ചെയ്തു.
“ഹലോ “
“ഹലോ, മോളെ നീ അത്യാവശ്യം ആയിട്ട് നാട്ടിൽ വരെ വരണം “
“എന്ത് പറ്റി അച്ഛാ?”
“ചിറ്റപ്പൻ നിനക്ക് നല്ലൊരു ആലോചന കൊണ്ട് വന്നിട്ടുണ്ട്, ചെക്കൻ ആർമിയിലാണ്, നല്ല കുടുംബക്കാരാണ്. ഇവിടെ എല്ലാവർക്കും ഇഷ്ടമായി. ഇനി നീ വന്നതിന് ശേഷം വേണം ബാക്കിയെല്ലാം തീരുമാനിക്കാൻ “
“എനിക്കിപ്പോൾ കല്യാണം വേണ്ട അച്ഛാ.. “
“അത് നീയല്ല തീരുമാനിക്കുന്നത്, കൂടുതൽ ഒന്നും പറയണ്ട, ശനിയാഴ്ച ഇവിടെ എത്തിയേക്കണം “
അവൾ ഉത്തരമില്ലാതെ നിന്നു.
“ശരി, ഞാൻ വയ്ക്കട്ടെ, നിന്റെ കൂട്ടുകാരികളെ അന്വേഷണം അറിയിക്കണം കേട്ടോ “.
ബാംഗ്ലൂർ തന്നെയുള്ള കൂട്ടുകാരികളുടെ കൂടെയാണ് താൻ താമസിക്കുന്നതെന്നാണ് അവൾ വീട്ടിൽ പറഞ്ഞിരുന്നത്. മൃദുല ഫോൺ കട്ട് ചെയ്തിട്ട് വീണ്ടും ചിന്തിച്ചിരുന്നു.
രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു, അവർ മൃദുലയെയും സന്ദീപിനെയും ഉപദേശിച്ചു. അവളോട് ആരോഗ്യം സൂക്ഷിക്കണമെന്ന് ഓർമിപ്പിച്ചു. തിരികെ ഫ്ലാറ്റിലേക്ക് വരുമ്പോൾ രണ്ടുപേരും ഒന്നും സംസാരിച്ചില്ല. വന്നയുടനെ മൃദുല റൂമിൽ കയറി കതക് അടച്ചിരുന്നു. അവളുടെ തേങ്ങലിന്റെ ശബ്ദം മാത്രം ഇടയ്കിടയ്ക് കേൾക്കാം.
സന്ധ്യ മയങ്ങി തുടങ്ങിയപ്പോൾ അവൾ റൂമിൽ നിന്ന് പുറത്തിറങ്ങി. എന്തോ ഉറച്ച തീരുമാനം എടുത്തതായി അവളുടെ മുഖഭാവത്തിൽ നിന്നും വ്യക്തമാകും. ബാൽക്കണിയിൽ കസേരയിട്ട് പുറത്തേക്കു നോക്കി ഇരിക്കുകയാണ് സന്ദീപ്, മൂന്നു കസേരകൾ അവിടെ ഇട്ടിട്ടുണ്ട്, ഒഴിഞ്ഞു കിടന്ന കസേരകളിൽ ഒന്നിൽ അവൾ വന്നിരുന്നു. അസ്തമയ സൂര്യന്റെ വെളിച്ചം അവളുടെ മുടിയിഴകൾക്ക് സ്വർണനിറം സമ്മാനിച്ചു. മുഖവുര ഇല്ലാതെ അവൾ പറഞ്ഞു.
“ഞാൻ ഈ കുഞ്ഞിനെ പ്രസവിക്കാൻ തീരുമാനിച്ചു സന്ദീപ്, എന്റെ മഹിയുടെ കുഞ്ഞിനെ എനിക്ക് വേണം”
“അവന്റെ കുഞ്ഞിനെ നശിപ്പിക്കാൻ ഞാനും പറയില്ല, പക്ഷേ നിന്റെ വീട്ടുകാർ, പിന്നെ ഈ സമൂഹം, വിവാഹം കഴിക്കാതെ പ്രെഗ്നന്റ് ആയ ഒരു പെണ്ണിനെകുറിച്ച് മറ്റുള്ളവരുടെ കാഴ്ചപ്പാട് എന്തായിരിക്കും? “
“അതൊന്നും ഞാൻ ഓർക്കുന്നില്ല, എന്റെ മഹിയുടെ ജീവന്റെ അംശമാണിത്, എനിക്ക് വേണം ഈ കുഞ്ഞിനെ”
സന്ദീപ് ചിന്തയിൽ മുഴുകി. അവളും മഹേഷും ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് തനിക്കറിയാം, അവരോടൊപ്പം മൂന്നു വർഷമായി ഈ ഫ്ലാറ്റിൽ താമസിക്കുന്നു. മഹേഷിന്റെ വേർപാട് മൃദുലയെ മാത്രമല്ല തന്നെയും ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. പക്ഷേ ഇപ്പോൾ മൃദുല എടുത്തിരിക്കുന്ന തീരുമാനo ശരിയാണോ തെറ്റാണോ എന്ന് പറയാൻ പോലും തനിക്ക് കഴിയുന്നില്ല. അവൾ ആ കുഞ്ഞിനെ പ്രസവിച്ചു, അച്ഛനില്ലാത്ത കുഞ്ഞായി വളർത്തുമ്പോൾ അവളും കുഞ്ഞും ഈ സമൂഹത്തിൽ അനുഭവികേണ്ടി വരുന്ന കുറ്റപ്പെടുത്തലുകളെയും, പരിഹാസങ്ങളെയും കുറിച്ച് ഓർത്തപ്പോൾ സന്ദീപിന്റെ നെഞ്ച് പിടഞ്ഞു.
തന്റെ മഹേഷിന്റെ പെണ്ണാണ് മോശക്കാരി ആയി ചിത്രീകരിക്കപ്പെടാൻ പോകുന്നത്. അവളെ സപ്പോർട്ട് ചെയ്യാൻ ആരും ഉണ്ടാകുകയില്ല. പി ഴച്ചു പ്രസവിച്ച മകളെ ഏതൊരച്ഛനാണ് സ്വീകരിക്കുന്നത്, തനിക്ക് പോലും ഒരു കാഴ്ചക്കാരനായി നോക്കിനിൽക്കാൻ മാത്രമേ സാധിക്കുകയുള്ളൂ.
ആരും ആശ്രയമില്ലാതെ ജീവിതപാതയിൽ ഒറ്റപെട്ടു പോയ ഒരു അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം സന്ദീപിന്റെ കണ്മുന്നിൽ തെളിഞ്ഞു വന്നു. ആ ഓർമ പോലും എത്ര വേദനിപ്പിക്കുന്നതാണ്.
സന്ദീപ് കസേരയിൽ നിന്നെഴുന്നേറ്റ് മൃദുലയുടെ തൊട്ട് മുന്നിലെത്തി.
“മൃദു.. “
അവൾ മുഖം ഉയർത്തി അവനെ നോക്കി.
“ഞാൻ നിന്നെ വിവാഹം കഴിക്കട്ടെ മൃദു?…
അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് അവൾ ഞെട്ടിതരിച്ചു. ഒരു നിമിഷത്തെ മരവിപ്പിന് ശേഷം മൃദുല അവളുടെ വലതുകരം ഉയർത്തി അവന്റെ കവിളിൽ ആഞ്ഞടിച്ചു.
മൃദുല അലറിക്കരയാൻ തുടങ്ങി.
“നിന്നെ എന്റെ സഹോദരനെപ്പോലെ അല്ലേ ഞാൻ കരുതിയത്, എന്നിട്ടും നീ.. “
സന്ദീപ് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“മൃദു.. നിന്നെ വിവാഹം കഴിക്കണമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയിരുന്നില്ല, പക്ഷേ ഇപ്പോൾ എന്റെ മഹേഷിന്റെ കുഞ്ഞ് ഒരു അനാഥനായിട്ടല്ല വളരേണ്ടത് എന്നെനിക്ക് തോന്നി, ഈ അവസ്ഥയിൽ നിന്നെ കൈവിടാൻ എനിക്ക് കഴിയില്ല മൃദു… “
സന്ദീപ് അവളെകുറിച്ചുള്ള തന്റെ ആകുലതകൾ അറിയിച്ചു. അവൻ പറയുന്നത് കേട്ടപ്പോൾ താൻ ചിന്തിച്ചതിനേക്കാൾ കൂടുതൽ സന്ദീപ് തന്റെ ഭാവിയെക്കുറിച്ച് ചിന്തിച്ചു എന്നവൾക്ക് മനസിലായി.
ഒരു അവിവാഹിതയായ അമ്മയായി തനിക്ക് ഈ സമൂഹത്തിൽ ജീവിക്കാൻ കഴിയില്ല. ഒരുപക്ഷെ ഇതൊക്കെ അറിഞ്ഞാൽ തന്റെ അച്ഛൻ, തന്നെ ഭീഷണിപെടുത്തി അബോർഷൻ ചെയ്യിപ്പിക്കാൻ സാധ്യത ഉണ്ട്. ആരും തുണയില്ലാതെ ജീവിക്കുന്നതിനേക്കാൾ നല്ലതാണ് എല്ലാം അറിയുന്ന ഒരാൾ തുണയായി ഉള്ളത്. പക്ഷേ അതിനു വേണ്ടി സന്ദീപിന്റെ ജീവിതം നശിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. ഒരു തീരുമാനം എടുക്കാൻ കഴിയാതെ അവൾ കുഴങ്ങി.
“മൃദു.. വിവാഹം പെട്ടന്ന് രജിസ്റ്റർ ചെയ്യണം, ഇപ്പോൾതന്നെ രണ്ട് മാസം ആയെന്ന് ഡോക്ടർ പറഞ്ഞു. കുറച്ച് നാളുകൾ കൂടി കഴിഞ്ഞാൽ വയർ വലുതായി തുടങ്ങും, അതിനു മുൻപ് എല്ലാ ഫോര്മാലിറ്റിസും കഴിയണം “
“നിന്റെ വീട്ടുകാർ സമ്മതിക്കുമോ സന്ദീപ്? “
“എന്റെ മാതാപിതാക്കൾക്ക് അങ്ങനെ എന്റെ കാര്യത്തിൽ ഡിമാൻഡ് ഒന്നുമില്ല, കൂട്ടുകാരന്റെ പെണ്ണിനെയാണ് വിവാഹം കഴിക്കുന്നതെന്ന് ഞാൻ അവരോട് പറയുന്നില്ല. അതറിഞ്ഞാൽ അവർ സമ്മതിക്കില്ല. ആ രഹസ്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി , എന്റെ ബന്ധുക്കൾ ആരും ഇതൊന്നും അറിയാൻ പാടില്ല “
“എന്റെ അച്ഛൻ സമ്മതിക്കില്ല എന്നെനിക് ഉറപ്പാണ്, അച്ഛൻ ആർമിയിൽ ആയതിനാൽ ഒരു ആർമിക്കാരൻ ആയിരിക്കണം മരുമകൻ എന്നാണ് അച്ഛന്റെ ആഗ്രഹം “
“സാരമില്ല, വിവാഹം രജിസ്റ്റർ ചെയ്തിട്ട് നമുക്ക് അറിയിക്കാം “
ഒരു നിമിഷത്തെ മൗനത്തിനു ശേഷം സന്ദീപ് ചോദിച്ചു.
“മഹേഷിന്റെ അച്ഛനെയും അമ്മയെയും വിവരം അറിയിക്കണ്ടെ? “
“വേണ്ട, അവർക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല ഈ വാർത്ത, സമയമാകുമ്പോൾ ഞാൻ അറിയിക്കാം. “
സന്ദീപും മൃദുലയും ഓഫീസിൽ നിന്ന് രണ്ടാഴ്ചത്തെക്ക് ലീവ് എടുത്തു. തങ്ങൾ വിവാഹിതരാകാൻ പോകുകയാണെന്ന് അവൻ അവരോട് പറഞ്ഞു. മൃദുലയും മഹേഷും തമ്മിലുള്ള ബന്ധം അറിയുന്ന കുറച്ച് പേർ അവിടെ ഉണ്ടായിരുന്നു. അവരുടെ വിവാഹവാർത്ത അവർ അമ്പരപ്പോടെയാണ് കേട്ടത്.
സന്ദീപിന്റെ വീട് എറണാകുളത്ത് ആണ്, അവൻ മാതാപിതാക്കളെ വിവരം അറിയിച്ചിരുന്നതനുസരിച്ചു അവർ വിവാഹത്തിനുള്ള ഒരുക്കങ്ങൾ എല്ലാം നടത്തിയിരുന്നു. സന്ദീപിന്റെ അച്ഛന്റെ പെങ്ങളുടെ വീട്ടിലാണ് മൃദുല ആദ്യ ദിവസം താമസിച്ചത്, പിറ്റേ ദിവസം സന്ദീപിന്റെ കുടുംബക്ഷേത്രത്തിൽ വച്ച് അവൻ മൃദുലയുടെ കഴുത്തിൽ താലി കെട്ടി. സങ്കടം അമർത്തിപിടിക്കാൻ അവൾ പണിപെട്ടു, അവളുടെ മുഖഭാവം ശ്രദ്ധിച്ചിട്ട് സന്ദീപ് പതിയെ പറഞ്ഞു.
“മൃദു, കുറച്ചു അഡ്ജസ്റ്റ് ചെയ്യൂ, ആർക്കും ഒരു സംശയത്തിനും ഇട കൊടുക്കല്ലേ, പ്ലീസ് “
വളരെ അടുത്ത ബന്ധുക്കളെ മാത്രം ക്ഷണിച്ച ആ വിവാഹം ലളിതമായി കഴിഞ്ഞു. രാത്രിയിൽ, ഒരു ബെഡിന്റെ ഇരുവശങ്ങളിലുമായി അവർ കിടന്നു. രണ്ടു മൂന്ന് ദിവസത്തിനു ശേഷം വിവാഹം രജിസ്റ്റർ ചെയ്യാനുള്ള ഫോര്മാലിറ്റിസും കഴിഞ്ഞു അവർ ബാംഗ്ലൂരിൽ തിരിച്ചെത്തി. ഫ്ലാറ്റിൽ എത്തിയ അവൾ തന്റെ റൂമിലാണ് കഴിഞ്ഞത്, സന്ദീപ് അവളെ എതിർത്തില്ല.
ശനിയാഴ്ച വീട്ടിൽ ചെല്ലണമെന്ന് മൃദുലയുടെ അച്ഛൻ നിർദേശിച്ചിരുന്നതാണ്. വരാൻ കഴിയില്ലെന്ന് അമ്മയെയാണ് വിളിച്ചു പറഞ്ഞത്, തന്റെ വിവാഹം കഴിഞ്ഞ വിവരം വീട്ടുകാരെ ഇതുവരെ അറിയിച്ചിട്ടില്ല, തനിക്ക് അതിനുള്ള ധൈര്യം ഇല്ലായിരുന്നു.
തന്റെ വിവാഹം കഴിഞ്ഞ കാര്യം എന്നായാലും വീട്ടുകാരെ അറിയിക്കണം, മൃദുല രണ്ടും കല്പിച്ചു അച്ഛന്റെ നമ്പർ ഡയൽ ചെയ്തു. ഫോൺ എടുത്തയുടനെ അയാൾ ചൂടായി
“നീയെന്താ വരാഞ്ഞത്? “
മൃദുല പെട്ടെന്ന് പറഞ്ഞു.
“അച്ഛൻ എന്നോട് ക്ഷമിക്കണം, എന്റെ വിവാഹം കഴിഞ്ഞു “
മറുതലയ്ക്കൽ ഒരു നിമിഷത്തെ നിശബ്ദത. അടുത്ത നിമിഷം അയാൾ ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാതെ പറഞ്ഞു.
“എനിക്ക് ഇനി ഇങ്ങനെ ഒരു മകൾ ഇല്ല, ഞാൻ മരിച്ചാൽ പോലും നീ ഈ പടി ചവിട്ടി പോകരുത്,എന്നെയും നിന്റെ അമ്മയെയും കുറിച്ച് ഓർക്കാതെ നീ തിരഞ്ഞെടുത്ത ജീവിതമല്ലേ, അത് തെറ്റായിരുന്നു എന്ന് നിനക്ക് തോന്നും “
അവൾ പ്രതീക്ഷിച്ചതാണ് അച്ഛന്റെ ആ വാക്കുകൾ, അതുകൊണ്ട് ആ വാക്കുകൾ അവളുടെ ഹൃദയത്തെ മുറിപ്പെടുത്തിയില്ല, അല്ലെങ്കിൽ അതിനേക്കാളും വലിയൊരു മുറിവു നെഞ്ചിൽ ഉള്ളിടത്തോളം കാലം മറ്റുള്ള മുറിവുകൾ എല്ലാം സഹിക്കാവുന്നതല്ലേ ഉള്ളൂ..
എന്നും രാവിലെ ഉണരുമ്പോൾ മൃദുലയ്ക്ക് ശർദ്ദി ആയിരുന്നു. ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നത് സന്ദീപ് ആണ്. അവർ ഒരുമിച്ച് ഓഫീസിൽ പോകും, ഒരുമിച്ച് തിരിച്ചു വരും, എന്നാൽ പരസ്പരം സംസാരിക്കുന്നത് അപൂർവം ആയിരുന്നു.
രണ്ട് മാസം കടന്ന് പോയി, മൃദുലയുടെ വയർ വലുതാകാൻ തുടങ്ങി. ഓഫീസിൽ ഉള്ളവരെല്ലാം ശ്രദ്ധിക്കാൻ തുടങ്ങി. തന്നെ കാണുമ്പോൾ ചിലരൊക്കെ അടക്കം പറയുന്നത് മൃദുല ശ്രദ്ധിച്ചു, പക്ഷേ അവൾ അതൊന്നും കാര്യമായിട്ട് എടുത്തില്ല.
മൃദുല പ്രെഗ്നന്റ് ആണെന്ന കാര്യം സന്ദീപ് അവന്റെ വീട്ടിൽ അറിയിച്ചിരുന്നു. അവർക്ക് അവളെ കാണണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും ട്രെയിൻ യാത്ര ചെയ്തു ശീലമില്ലാത്തതിനാൽ വന്നില്ല. യാത്ര ചെയ്യാൻ പാടില്ലെന്ന് ഡോക്ടർ നിർദേശിച്ചുവെന്ന് കള്ളം പറഞ്ഞ് അവരും നാട്ടിലേക്കു പോയില്ല. എന്നാലും ആ മാതാപിതാക്കൾ ഇടയ്കിടയ്ക് ഫോൺ ചെയ്ത് അവളുടെ വിവരങ്ങൾ തിരക്കും, അമ്മ തന്റെ അറിവുകൾ അവൾക്ക് പകർന്നു കൊടുക്കുകയും ചെയ്യും. ആരെങ്കിലും നാട്ടിൽ നിന്ന് ബാംഗ്ലൂരിലേക്ക് വന്നാൽ അവരുടെ കയ്യിൽ മൃദുലയ്ക്ക് വേണ്ടി സാധനങ്ങൾ കൊടുത്തു വിടും. സന്ദീപിന്റെ അമ്മയുടെയും അച്ഛന്റെയും സ്നേഹം അനുഭവിക്കുമ്പോൾ അവൾക്ക് കുറ്റബോധം തോന്നി. എല്ലാ സത്യങ്ങളും അവരോട് തുറന്നു പറഞ്ഞാലോ എന്നവൾ ഓർത്തു. പക്ഷേ തനിക്ക് വേണ്ടി ഇത്രയും വലിയ ത്യാഗം ചെയ്ത സന്ദീപിനെ ചതിക്കാൻ അവൾക്ക് മനസ് വന്നില്ല.
ദിവസങ്ങൾ കടന്ന് പോയി. മൃദുലയുടെ ചെക്ക്അപ്പ് കഴിഞ്ഞു സന്ദീപും മൃദുലയും ഫ്ലാറ്റിൽ എത്തിയപ്പോൾ, അവിടെ തങ്ങളെ പ്രതീക്ഷിച്ചു നിന്ന അതിഥികളെ കണ്ട് അവർ ഞെട്ടി. ‘ മഹേഷിന്റെ അച്ഛനും അമ്മയും ‘. മൃദുല അവരെ കണ്ട് ധൃതിയിൽ അവരുടെ അടുക്കലേക്ക് ഓടിയെത്തി. അവളുടെ വീർത്ത ഉദരത്തിലേക്ക് നോക്കിയിട്ട് മഹേഷിന്റെ അമ്മ അമർഷത്തോടെ പറഞ്ഞു.
“ഒരു അസുഖവും ഇല്ലാതെ എന്റെ കുഞ്ഞ് പെട്ടന്ന് മരിച്ചത് എന്താണെന്നു എനിക്കിപ്പോൾ മനസിലായി. നിന്റെയും ഇവന്റെയും ബന്ധം കണ്ട് നെഞ്ചു പൊട്ടി ആയിരിക്കും എന്റെ മോൻ മരിച്ചത് “
“അമ്മേ ഞാൻ… “
“അമ്മയോ, ആരുടെ അമ്മ? ഇനി മേലിൽ നീ എന്നെ അങ്ങനെ വിളിക്കരുത്, എന്റെ മകന്റെ കൊ ല പാത കിയാണ് നീ, നിന്റെ ഓഫീസിലെ ഒരു സുഹൃത്ത് വിളിച്ചു നിങ്ങളുടെ കല്യാണം കഴിഞ്ഞെന്ന വിവരം പറഞ്ഞപ്പോൾ കേട്ടത് സത്യമാകരുതെയെന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഞങ്ങൾ ട്രെയിൻ കയറിയത്, എന്റെ മോൻ പോകാൻ കാത്തിരിക്കുകയായിരുന്നോ നീ, ഇവനോടൊപ്പം പൊറുതി തുടങ്ങാൻ? “
അവർ അവളുടെ വയറിന്റെ വലിപ്പം ശ്രദ്ധിച്ചിട്ട് വീണ്ടും പറഞ്ഞു.
“എന്റെ മോൻ പോയിട്ട് രണ്ടു മാസം കഴിഞ്ഞതല്ലെ ഉള്ളൂ, നിന്റെ വയർ കണ്ടിട്ട് എന്റെ മോൻ ജീവിച്ചിരിക്കുമ്പോളെ നീ ഇവന്റെ കൂടെ താമസിച്ചു തുടങ്ങിയെന്ന് തോന്നുന്നുണ്ടല്ലോ,? “
മഹേഷിന്റെ അമ്മയുടെ ആ ചോദ്യം കേട്ടപ്പോൾ സന്ദീപിന്റെ ഹൃദയത്തിൽ ആഴത്തിൽ മുറിവേറ്റു. അവൻ പറഞ്ഞു.
“അനാവശ്യo പറയരുത് “
“നിനക്കൊക്കെ കാണിക്കാം ഞാൻ പറഞ്ഞതാണോ കുഴപ്പം? എന്റെ കുഞ്ഞിന്റെ ആത്മാവ് നിന്നോട് ക്ഷമിക്കില്ലാ, ഇവൾ പ്രസവിക്കുന്നത് ചാപിള്ളയെ ആയിരിക്കും നീ നോക്കിക്കോ “
അവരുടെ വാക്കുകൾ കേട്ട് മൃദുല തളർന്നു താഴെക്ക് ഇരുന്നു. പിന്നെയും ശാപവചനങ്ങൾ പറഞ്ഞിട്ട് മഹേഷിന്റെ അമ്മ അവിടുന്ന് പോയി. അച്ഛൻ മൃദുലയെ നോക്കിയിട്ട് വേദനയോടെ പറഞ്ഞു.
“നിന്നിൽ നിന്നും ഞങ്ങൾ ഇത് പ്രതീക്ഷിച്ചില്ല മോളെ”
അയാളുo പുറത്തേക്കു പോയി. സന്ദീപ് ഫ്ലാറ്റിന്റെ ഡോർ തുറന്നതും ഹാളിൽ, സെറ്റിയിൽ വീണു കിടന്നു മൃദുല കരഞ്ഞു.
“അവരോട് സത്യം തുറന്നു പറയാമായിരുന്നു മൃദു.. “
“ഒരു കുഴപ്പവും ഇല്ലാതെ എന്റെ കുഞ്ഞു ജനിക്കണം, എന്നിട്ട് ഞാൻ പറയാം, ഇപ്പോൾ ആ അച്ഛനും അമ്മയ്ക്കും പ്രതീക്ഷ കൊടുത്താൽ പ്രസവത്തിൽ എനിക്കോ കുഞ്ഞിനോ എന്തെങ്കിലും സംഭവിച്ചാൽ അവർക്ക് വീണ്ടും നിരാശ ആയിരിക്കും ഉണ്ടാകുന്നത്”
“ആവശ്യം ഇല്ലാത്തത് ഒന്നും ആലോചിക്കണ്ട, നിനക്കൊന്നും സംഭവിക്കില്ല. നീ ധൈര്യo ആയിട്ടിരിക്കണം, ഞാൻ ഉണ്ട് നിന്റെ കൂടെ ” അവൻ അവളുടെ കരം മുറുകെ പിടിച്ചു ഉറപ്പ് നൽകി.
മാസങ്ങൾ കടന്ന് പോയി, ഓഫീസിലെ സുഹൃത്തുക്കൾ ഒളിഞ്ഞും തെളിഞ്ഞും കുത്തുവാക്കുകൾ പറയുന്നത് കെട്ടെങ്കിലും സന്ദീപും മൃദുലയും അതിനൊന്നും മറുപടി പറഞ്ഞില്ല. ഒൻപതു മാസം ആയപ്പോൾ അവൾ ലീവ് എടുത്തു
സന്ദീപ് ഓഫീസിൽ പോകാൻ ഇറങ്ങിയപ്പോളാണ് അവൾക്ക് പെയിൻ തുടങ്ങിയത്, അപ്പോൾ തന്നെ അവൻ അവളെ റോയൽ ഹോസ്പിറ്റലിലേക്ക് കൊണ്ട് ചെന്നു. ലേബർ റൂമിലേക്കു കയറ്റുമ്പോൾ അവൾ സന്ദീപിന്റെ കയ്യിൽ മുറുകെ പിടിച്ചു പറഞ്ഞു.
“എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ കുഞ്ഞിനെ മഹിയുടെ അച്ഛനും അമ്മയ്ക്കും കൊടുക്കണം “
“ഇപ്പോളും നീ എന്നെക്കുറിച്ചു ഒന്നും ചിന്തിക്കുന്നില്ലല്ലോ മൃദു”
“ഉണ്ട്, ഞാൻ നിന്നെകുറിച്ച് ചിന്തിക്കുന്നുണ്ട്, നിന്നെപ്പോലെ നല്ലൊരു സുഹൃത്ത് ഈ ലോകത്തിൽ മറ്റാർക്കും ഉണ്ടാകില്ല,നിന്റെ ഈ സ്നേഹത്തിനു ഞാൻ യോഗ്യതയില്ലാത്തവളാണ്, എന്നാലും ഞാൻ ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചു വന്നാൽ നീ എന്നെ സ്നേഹിച്ചതിന്റെ ഒരംശം എങ്കിലും തിരിച്ചു തന്ന് എനിക്ക് ആ കടം വീട്ടണം”
ആ വാക്കുകൾ അവനെ ഏറെ സന്തോഷിപ്പിച്ചു. അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു യാത്രയാക്കി. രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു നേഴ്സ് വന്ന് പറഞ്ഞു.
“മൃദുല പ്രസവിച്ചു, ആൺകുട്ടിയാണ്, അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു “
സന്ദീപ് അവളെ കയറി കണ്ടു, അവളുടെ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. അവൻ മഹേഷിന്റെ മാതാപിതാക്കളെ വിളിച്ചു വിവരം പറഞ്ഞു. പിറ്റേദിവസം, അവർ അതിയായ സന്തോഷത്തിലാണ് ഹോസ്പിറ്റലിൽ എത്തിയത്. മഹേഷിന്റെ അമ്മ ആ കുഞ്ഞിനെ വാരിയെടുത്തു നെഞ്ചോട് ചേർത്ത് കൊണ്ട് പറഞ്ഞു. “എന്റെ മോന്റെ കുഞ്ഞാണ് നിന്റെ വയറ്റിൽ വളരുന്നതെന്ന് അറിയാതെ ഞാൻ നിന്നെ ഒരുപാട് വിഷമിപ്പിച്ചു, എന്നോട് ക്ഷമിക്കൂ മോളെ “
“അമ്മ എന്നോട് ക്ഷമ ചോദിക്കണ്ട, പക്ഷേ ലോകത്തിൽ ആരും ചെയ്യാത്ത ത്യാഗമാണ് സന്ദീപ് ചെയ്തത്, അമ്മയുടെ വാക്കുകൾ അന്ന് ഏറെ വേദനിപ്പിച്ചത് അവനെയാണ്, അവനെ ഒന്ന് ആശ്വസിപ്പിച്ചാൽ മതി “
അവർ കുഞ്ഞിനെ മൃദുലയുടെ അടുത്ത് കിടത്തിയിട്ട് സന്ദീപിന്റെ അടുക്കൽ ചെന്നു.
“മോനെ, നിന്റെ നന്മ തിരിച്ചറിയാൻ ഞങ്ങൾ വൈകിപ്പോയി, ഞങ്ങളുടെ മോന്റെ കുഞ്ഞിനെ കാണണം എന്ന് തോന്നുമ്പോൾ ഞങ്ങൾ വന്നോളാം, അവകാശം പറയാനോ തട്ടിയെടുക്കാനോ ഞങ്ങൾ ഇവിടെ നില്കുന്നില്ല, നീ ഞങ്ങളുടെ കുഞ്ഞിനെ പൊന്നുപോലെ നോക്കും എന്നറിയാം ” അവർ യാത്ര പറഞ്ഞിറങ്ങി.
മൃദുലയും സന്ദീപും കുഞ്ഞിനോടൊപ്പം തങ്ങളുടെ ജീവിതം ആരംഭിച്ചു. മൃദുലയുടെ മനസിലെ മുറിവുണക്കാൻ സന്ദീപിന്റെ സ്നേഹത്തിനും ആ കുഞ്ഞിന്റെ കളിചിരികൾക്കും കഴിഞ്ഞു…
ശുഭം..