ഇനിയുള്ള ജീവിതം അവളിൽ കൂടി ആകാമെന്ന് തീരുമാനിച്ചു…ഏറ്റവും സന്തോഷം എന്റെ ടീച്ചറമ്മയ്ക്ക്‌ തന്നെയാണ്….

Story written by Jishnu Ramesan

====================

“ഇത് സ്ലീപ്പർ ക്ലാസല്ലെ, പിന്നെന്താ ഇത്രയും തിരക്ക്..” എന്ന് മനസ്സിൽ പിറുപിറുത്തു കൊണ്ടാണ് ജൂലി ട്രെയിനിൽ കയറിയത്….

വിൻഡോ സീറ്റിൽ ചെന്നിരുന്നപ്പോ എതിർ വശത്ത് മ്മ്ടെ വാരണം ആയിരത്തിലെ സൂര്യയെ പോലൊരു ചുള്ളൻ ചെക്കൻ ഇരിക്കുന്നു…അവനാണെങ്കിൽ ഒടുക്കത്തെ ജാഡ.. ഒരു സുന്ദരി കുട്ടി മുന്നിൽ വന്നിരുന്നിട്ട്‌ ഒരു മൈൻഡും ഇല്ല..രണ്ടും കല്പിച്ചു അവള് പറഞ്ഞു,

“അതേ ഈ സീറ്റ് എന്‍റെയാണ്..നിങ്ങളുടെ ബെർത്ത് മുകളിൽ ആണെന്ന് തോന്നുന്നു..!”

ഒന്ന് വാച്ചിൽ നോക്കിയിട്ട് അവൻ പറഞ്ഞു,

‘അല്ലാ അതിനിപ്പോ അഞ്ച് മണിയല്ലെ ആയിട്ടുള്ളൂ.. ഇപ്പോഴെ താൻ ഉറങ്ങോ…! ഒമ്പത് മണി ആയിട്ട് ഞാൻ മുകളിൽ കയറിയാൽ പോരെ..?’

അവള് അതിനു മറുപടി പറഞ്ഞില്ല…അത് പോലെ തന്നെ അവനും ഹെഡ് സെറ്റ് ചെവിയിൽ തിരുകി കയ്യിലുള്ള ബുക്കിൽ നോക്കിയിരുന്നു…

“ഹൊ എന്തൊരു ജാഡയാ ഇയാൾക്ക്…!” ജൂലി മനസ്സിൽ ഓർത്തു..

ഇടക്ക് അവള് അവൻ വായിക്കുന്ന ബുക്കിലേക്ക് എത്തി നോക്കി, എന്താണ് ഇത്ര കാര്യമായിട്ട് വായിക്കുന്നതെന്ന് അറിയാൻ..അവള് നോക്കുന്നത് ശ്രദ്ധിച്ച അവൻ ബുക്കിലെ ഫോട്ടോ എടുത്ത് മാറ്റിയിട്ട് ബുക്ക് അവൾക്ക് കൊടുത്തു..

ബുക്കിലെ ഫോട്ടോയാണ് അവൻ നോക്കിയതെന്ന് അവൾക്ക് മനസിലായി..

“അതാരുടെ ഫോട്ടോയാ ചേട്ടാ…?”

‘എന്റെ ഫാമിലി ഫോട്ടോ ആണ്.. അല്ലാ, ബുക്ക് ഞാൻ തന്നില്ലേ, അതും വായിച്ച് ഇരുന്നൂടെ എന്തിനാ ഓരോന്ന് ചോദിക്കുന്നത്…!’

ഒഴിഞ്ഞ് മാറി പോയപ്പോ “ഇയാളെ അങ്ങനെ വെറുതെ വിട്ടാ പറ്റില്ലല്ലോ” എന്നവൾ മനസ്സിലോർത്തു..

ഏഴു മണിയായപ്പോ ട്രെയിനിൽ എല്ലാരും കഴിക്കാൻ തുടങ്ങി..അവൻ ബാഗിൽ നിന്ന് ഒരു കുപ്പി ജ്യൂസ് എടുത്ത് കുടിച്ചു..

“അല്ലാ ചേട്ടൻ ഒന്നും കഴിക്കുന്നില്ലെ..?”

‘ഏയ് ഇല്ല, എനിക്ക് യാത്ര പോവുമ്പോ ഇങ്ങനെ ട്രെയിനിൽ വെച്ച് കഴിക്കാൻ തോന്നില്ല, അതാ…’

“എന്നാ ഞാനും കഴിക്കുന്നില്ല.. ഇങ്ങള് നോക്കി ഇരിക്കുമ്പോ ഞാനെങ്ങനെ കഴിക്കാനാ…!”

ഒരു പുഞ്ചിരി മറുപടിയായി നൽകിയിട്ട് അവൻ പുറത്തേക്ക് നോക്കി ഇരുന്നു..നല്ല മഴയാണ് പുറത്ത്, ഗ്ലാസ്സ് വിൻഡോ താഴ്ത്തി ഇട്ടിരുന്നു..എങ്ങുമല്ലാത്ത ഒരു സ്ഥലത്ത് ട്രെയിൻ നിർത്തിയപ്പോ അപ്പുറത്ത് ആരോ പറയുന്നത് കേട്ടു, “ടി ടി ആർ പറഞ്ഞു പാളത്തിൽ മണ്ണ് ഇടിഞ്ഞു, ഇനി മൂന്നു മണിക്കൂർ എങ്കിലും കഴിയും ട്രെയിൻ പുറപ്പെടാൻ” എന്ന്…

പെട്ടന്നാണ് അവൻ അവളോട് ചോദിച്ചത്, “അതേ ഇയാൾക്ക് വിരോധമില്ലെങ്കിൽ മുകളിലെ എന്റെ ബെർത്തിൽ കിടക്കോ..? എനിക്ക് ഉറക്കം വരുന്നില്ല, ഞാൻ ഇവിടെ താഴെ സീറ്റിൽ ഇരിക്കട്ടെ..!”

‘അയ്യോ ചേട്ടാ, ഞാനത് അങ്ങോട്ട് പറയാൻ ഇരിക്കായിരുന്നു, എനിക്കും ഈ പറഞ്ഞത് പോലെ ട്രെയിനിലെ ഉറക്കം ശരിയാവില്ല.. എന്നാ നമുക്ക് ഇവിടെ എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാം മാഷേ…!’

വീണ്ടും അവളുടെ കമന്റിനു ഒരു ചിരിയാണ് അവൻ കൊടുത്ത മറുപടി..

‘അല്ലാ, ചേട്ടൻ എവിടെ പോവാ..?’

“എന്റെ വീട്ടില്, അല്ലാതെ എവിടെ പോവാൻ..;”

‘ഒഹ് അതല്ല ഞാൻ ചോദിച്ചത്, എവിടെയെങ്കിലും പോയിട്ട് വരാണോ..? ചേട്ടനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്..’

“എന്റെ വീട് കൊല്ലം, മംഗലാപുരത്തുള്ള ഒരു കമ്പനിയിൽ ആണ് ജോലി.. രണ്ടു ദിവസം കഴിഞ്ഞ് എന്റെ അനിയത്തിടെ കല്യാണമാണ്..”

‘ആഹാ കൊള്ളാലോ, അനിയത്തിടെ കല്യാണത്തിന് ഇന്നാണോ പോകുന്നത്..! എല്ലാ കാര്യത്തിനും ചേട്ടൻ അവിടെ വേണ്ടതല്ലേ..!’

അതിനുത്തരം ഒന്നും പറയാതെ പുറത്തെ മഴയും നോക്കിയിരുന്നു അവൻ..കുറച്ച് നേരത്തെ മൗനത്തിനു ശേഷം അവൻ പറഞ്ഞു,

“അതിനു അവളെന്റെ സ്വന്തം അനിയത്തിയൊന്നും അല്ല..അവളുടെ അച്ഛനും അമ്മയും മക്കളില്ലാതിരുന്ന സമയത്ത് ദത്തെടുത്തതാണ് എന്നെ..അന്നെനിക്ക് മൂന്ന് വയസ് പ്രായം ഉണ്ടായിരുന്നു എന്നാണ് മഠത്തിലെ സിസ്റ്ററമ്മ പറഞ്ഞത്..ഇവിടെ മംഗലാപുരത്ത് നിന്നാണ് എന്നെ എടുത്ത് വളർത്തിയത്..

ആദ്യമൊക്കെ ഒരു അനാഥനായ എനിക്ക് അച്ഛന്റെയും അമ്മയുടെയും ലാളനയും സ്നേഹവും കരുതലും എല്ലാം കിട്ടി..പക്ഷേ അധിക നാള് ഉണ്ടായിരുന്നില്ല എന്റെ ആ സന്തോഷം..ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞു വാവ വളരുന്നത് അറിഞ്ഞത്..എന്റെ അച്ചനേക്കാളും അമ്മയേക്കാളും സന്തോഷം എനിക്കായിരുന്നു..

അങ്ങനെ അമ്മ ഒരു കുഞ്ഞനിയത്തിയെ പ്രസവിച്ചു..താഴെ വെക്കാതെ ഞാനെന്റെ കുഞ്ഞി പെങ്ങളെ കൊണ്ട് നടന്നു..പക്ഷേ അമ്മയിലെ ഭാവമാറ്റം ആദ്യമൊന്നും എനിക്ക് മനസിലായില്ല..പിന്നീട് അറിവായി വരും തോറും അമ്മയുടെ പെരുമാറ്റം എന്റെ മനസ്സിൽ കൊണ്ടു. അമ്മയുടെ ബന്ധുക്കൾ എന്നിൽ നിന്ന് എന്റെ അമ്മയെയും അച്ഛനെയും അകറ്റി എന്ന് വേണം പറയാൻ….

ബിസിനസ്സ്, കാശ് എന്നൊക്കെ പറഞ്ഞു നടന്നിരുന്ന അച്ഛന് ഇതൊന്നും ശ്രദ്ധിക്കാൻ കൂടി സമയമില്ലായിരുന്നു…പക്ഷേ അച്ഛന് എന്നോട് സ്നേഹക്കുറവൊന്നും ഇല്ലായിരുന്നു..അമ്മയുടെ ബന്ധുക്കൾ പല പ്രാവശ്യം എന്നെ ഉപദ്രവിച്ചു..

പ്ലസ് ടു കഴിഞ്ഞ് ഡിഗ്രീ എനിക്ക് മഠത്തിൽ തന്നെ നിന്ന് പഠിക്കണമെന്ന് പറഞ്ഞു..എന്നെ അവിടുന്ന് ഒഴിവാക്കാൻ അതൊരു അവസരമായി കണ്ട്, എന്നെ ദത്തെടുത്ത മംഗലാപുരത്തുള്ള മഠത്തിൽ കൊണ്ടാക്കി..സത്യം പറഞ്ഞാ മനപൂർവ്വം അവിടുന്ന് ഒഴിവായി പോയതാ ഞാൻ..മഠത്തിലെ സിസ്റ്ററമ്മയോട് കാര്യം എല്ലാം തുറന്നു പറഞ്ഞു..പക്ഷേ ഞാൻ പറഞ്ഞത് കൊണ്ട് മാത്രം അവരത് പ്രശ്നമാക്കിയില്ല..

പക്ഷേ എന്റെ അനിയത്തി കുട്ടി, അവളെ പിരിയാൻ അത്രയും സങ്കടായിരുന്നൂ..ഡിഗ്രീ ചെയ്യുന്ന ഇടയിൽ അവധി ഉള്ളപ്പോ രണ്ടു മാസം ഞാൻ വീട്ടിൽ പോയി നിൽക്കും..വീട്ടിലെ ലാൻഡ് ഫോണിൽ നിന്ന് ഒന്നരാടം എന്റെ പെങ്ങള് എന്നെ വിളിക്കും..എനിക്ക് പഠിക്കാനുള്ള ചിലവ് മുഴുവനും അച്ഛനായിരുന്നു നടത്തിയത്..അമ്മ ഒരിക്കൽ പോലും എന്നെ അവിടെ വന്നു കണ്ടിട്ടില്ല..അച്ഛൻ എല്ലാ മാസവും വരും..

അമ്മയുടെ വീട്ടുകാര് എന്നെ ആ വീട്ടിൽ നിർത്തുന്നത് വിലക്കി..ഒന്നുമില്ലെങ്കിലും ഒരു പെൺകുട്ടി വളർന്നു വരുകയാണ്, സ്വന്തം ചോരയൊന്നും അല്ലല്ലോ..അപ്പൊ സൂക്ഷിക്കണം എന്നൊക്കെ പറയുന്നത് ഞാൻ ഒരിക്കൽ കേട്ടു..പിന്നീട് എനിക്ക് ആ വീട്ടിൽ നിൽക്കുന്നതിന് ഒട്ടും താല്പര്യം ഇല്ലായിരുന്നു..

പക്ഷേ ഇപ്പൊ എന്റെ ജീവിതത്തിൽ എന്നെ ഏറ്റവും അധികം സ്നേഹിക്കുന്നത് എന്റെ അനിയത്തി കുട്ടിയാണ്..പ്ലസ് ടു കഴിഞ്ഞപ്പോ അവളെ കൊച്ചിയിൽ അമൃത വിദ്യാപീഠത്തിൽ ബി എസ് സി മെഡിക്കൽ ലബോറട്ടറി കോഴ്സ് പഠിക്കാൻ കൊണ്ടു നിർത്തി..ഇടക്ക് ഇവിടെ മംഗലാപുരത്തുനിന്ന് അവളെ കാണുവാൻ ഞാൻ പോകുമായിരുന്നു…എല്ലാ ദിവസവും വൈകീട്ട്  അവളെ ഞാൻ വിളിക്കും..

ഇപ്പോ ഞാൻ ഞാൻ മംഗലാപുരത്തുള്ള ഒരു കമ്പനിയിൽ  ജോലിചെയ്യുകയാണ്..അവളുടെ  വിവാഹം ഉറപ്പിക്കുന്ന ചടങ്ങിന് ഒരു അന്യനെ പോലെ പോയി നിന്നു..ഞാൻ ഒരുപാട് സ്നേഹിച്ചിരുന്ന എന്റെ അമ്മ പോലും എന്നെ അവഗണിച്ചപ്പോൾ തകർന്നു പോയി ഞാൻ..ആരുമില്ലാത്ത എന്നെ എടുത്തുവളർത്തി വീണ്ടും അനാഥനാക്കി…

രണ്ടുദിവസം കഴിഞ്ഞ് എന്റെ പെങ്ങളുടെ വിവാഹമാണ്. തലേന്ന് വരാമെന്ന് പറഞ്ഞതാണ്  ഞാൻ..പക്ഷേ അവൾ സമ്മതിക്കുന്നില്ല, കരഞ്ഞുകൊണ്ടു പറഞ്ഞു ചേട്ടൻ വരണമെന്ന്….ഇതൊക്കെയാണ് എന്റെ ജീവിതം, ഇനി വല്ലതും അറിയണോ തനിക്ക്..!”

അത്രയും കേട്ടപ്പോ ജൂലി പിന്നീട് കുറച്ച് സമയത്തേക്ക് ഒന്നും മിണ്ടിയില്ല..അവനും ഒന്നും അറിയാത്തത് പോലെ വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു..

‘പാളത്തിലെ പ്രശ്നം കഴിഞ്ഞെന്ന് തോന്നുന്നു ട്രെയിൻ എടുത്തു ‘ എന്ന് ജൂലി പുറത്തേക്ക് നോക്കി പറഞ്ഞു..

ട്രെയിൻ പിടിച്ചിട്ടത് കൊണ്ട് ഒരാള് കാപ്പിയും കൊണ്ട് വന്നു..അവൻ രണ്ട് കാപ്പി പറഞ്ഞു…ഒന്നും മിണ്ടാതെ അവൻ കൊടുത്ത കാപ്പിയും കുടിച്ച് കൊണ്ടിരുന്നപ്പോ അവള് അവനോട് ചോദിച്ചു,

‘ചേട്ടന്റെ പേര് അർജുൻ എന്നല്ലേ…!എന്നെ ചേട്ടൻ കണ്ടിട്ടില്ലേ..ഒന്നോർത്തു നോക്കൂ..’

ജൂലിയെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് അവൻ പറഞ്ഞു, “ഏയ് ഇല്ല, എനിക്ക് എന്തോ ഓർമ്മ കിട്ടുന്നില്ല..എന്റെ പേര് എങ്ങനെ മനസിലായി..”

‘അർജുൻ ചേട്ടാ, ട്രെയിനിൽ കയറിയപ്പോ ഞാൻ പറഞ്ഞില്ലേ, എവിടെയോ കണ്ടിട്ടുണ്ടെന്ന്..! പിന്നെ ദേ ഇപ്പൊ ചേട്ടൻ പറഞ്ഞതൊക്കെ കേട്ടപ്പോ ആളെ പിടികിട്ടി..ചേട്ടാ ഞാൻ ചേട്ടന്റെ അനിയത്തി ആരതിയുടെ കൂടെ പഠിക്കുന്നതാ.. ചേട്ടൻ അവളെ കാണാൻ കോളേജിൽ വരുമ്പോഴൊക്കെ ഞാൻ കണ്ടിട്ടുണ്ട്..പിന്നെ ഹോസ്റ്റലിൽ അവൾക്ക് അവൾടെ അർജ്ജുൻ ചേട്ടനെ പറ്റി പറയാനേ നേരമുള്ളു..ഒരാൾക്ക് കാണാതെ തന്നെ ചേട്ടനെ മനസ്സിലാക്കി തരും ആരതി..’

ഒന്ന് ചിരിച്ചിട്ട് അർജ്ജുൻ ചോദിച്ചു,

“അല്ലാ, അപ്പൊ തന്റെ വീട് എവിടെയാ..?”

‘അത് ഞാൻ ട്രെയിനിൽ കയറിയ സ്ഥലം തന്നെ, കോഴിക്കോട്..ചേട്ടന്റെ അനിയത്തി എനിക്ക് ഒരു സമാധാനവും തന്നിട്ടില്ല..കല്യാണത്തിന് രണ്ടു ദിവസം മുൻപ് വരണമെന്ന് പറഞ്ഞ് മെസേജും കോളും..’

“ഓഹോ അപ്പൊ നമ്മള് രണ്ടും ഒരേ വീട്ടിലേക്കാണ് അല്ലേ..! തന്റെ പേര് പറഞ്ഞില്ല..”

‘ഹൊ ഇപ്പോഴെങ്കിലും വാ തുറന്ന് എന്തെങ്കിലും ചോദിച്ചാല്ലോ, എന്റെ പേര് ജൂലി..’

അവൻ ബുക്കിൽ നോക്കിയിരുന്ന ഫോട്ടോ അവളെ കാണിച്ചു.. അച്ഛനും അമ്മയും അവനും പിന്നെ ആരതിയും ഉള്ളൊരു ഫോട്ടോയാണ്..

“എന്റെ ഫോണിൽ കുറെ ഫോട്ടോസ് ഉണ്ട്..പക്ഷേ ഇത് അവള് എന്റെ പിറന്നാളിന് അയച്ചു തന്നതാണ്..അവളുടെ ഗിഫ്റ്റ്..”

റെയിൽവേ സ്റ്റേഷനിൽ നിന്ന് അവരു രണ്ടും ഒരു ടാക്സി പിടിച്ച് വീട്ടിലേക്ക് തിരിച്ചു… ചേട്ടൻ വരുന്നതും നോക്കി കല്യാണ തിരക്കിനിടയിലും ഉമ്മറത്ത് നിന്നിരുന്ന ആരതി ചേട്ടന്റെ കൂടെ തന്റെ ഉറ്റ സുഹൃത്ത് ജൂലിയെയും കണ്ടപ്പോ ഒരു ചിരിയോടെ മുറ്റത്തേക്ക് ഇറങ്ങി ചെന്നു..

പിന്നെ സങ്കടം പറച്ചിലും കരച്ചിലും ഒക്കെയായി..ആ സമയം അവരുടെ അച്ഛൻ വീടിന് അരികിൽ നിന്ന് കണ്ണ് നിറയ്ക്കുന്നത് അവൻ കണ്ടു..പക്ഷേ അമ്മ ഒരു  അതിഥിയോടെന്ന പോലെ അവനോട് വിശേഷം തിരക്കി..

അന്ന് വൈകീട്ട് ജൂലിയും ആരതിയും അർജുനും കൂടി ടെറസ്സിൽ കളിയും ചിരിയും ആയി സംസാരിച്ചിരുന്നു….അതിനിടക്ക് ആരതി അർജ്ജുനോട് പറഞ്ഞു,

“ഏട്ടാ, ദേ ഈ ജൂലിയുടെ കൂടെ വന്നിട്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ..!വേറൊന്നുമല്ല ഞങ്ങടെ ഇടയിലെ ഒരു ഉഗ്രൻ കോഴിയാട്ടാ ഇവള്..”

അത് കേട്ടതും ഒരു ചമ്മലോടെ ജൂലി അവനെ ഇടക്കണ്ണിട്ട്‌ നോക്കി ചിരിച്ചു..ചേട്ടൻ വന്നതോട് കൂടി തന്റെ എല്ലാ ആഗ്രഹവും പൂർത്തിയായ സന്തോഷം ആരതിയുടെ മുഖത്ത് ഉണ്ടായിരുന്നു…

വീട്ടിൽ നിന്ന് കോൾ വന്നപ്പോ ജൂലി എണീറ്റ് മാറി, ആ സമയത്ത് ആരതി അവനോട് ചോദിച്ചു,

“ചേട്ടാ, അവള് എങ്ങനെയുണ്ട്..? എന്റെ കൂട്ടുകാരി ആയത് കൊണ്ട് പറയല്ല, കുറച്ച് കോഴിത്തരം ഉണ്ടെന്നേ ഉള്ളൂ..ആളൊരു പാവാട്ടോ..! എന്താ ഒന്ന് നോക്കുന്നോ..?”

ഒരു തമാശ രൂപേണ അവളത് പറഞ്ഞപ്പോ അവൻ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു,

“ഏയ് അതൊന്നും വേണ്ട മോളെ, അതിനു എന്റെ അവിടെയുള്ള മൊഞ്ചത്തി കുട്ടി സമ്മതിക്കില്ല..ചേട്ടൻ മോളോട് പറയണമെന്ന് വിച്ചാരിച്ചതല്ല..നേരിട്ട് കാണിച്ച് തന്നു ഒരു സർപ്രൈസ് തരാന്നു കരുതിയതാണ്..”

‘എടാ ദുഷ്ടാ, അതാരാ ആ മൊഞ്ചത്തി…? എന്നോട് പറഞ്ഞിട്ടില്ലല്ലോ…?’

ഇവരുടെ സംസാരം കേട്ട് കൊണ്ട് ജൂലി വന്നിട്ട് ചോദിച്ചു, “അല്ലാ എന്താ ഒരു സർപ്രൈസിന്റെ കാര്യം പറഞ്ഞത്..!പറയ് ഞാനും കേൾക്കട്ടെ..”

ആരതി കാര്യങ്ങള് പറഞ്ഞു അവളോട്…അത് കേട്ടതും അവനെ ഒന്ന് തുറിച്ചു നോക്കിയിട്ട് അവളും കാര്യം തിരക്കി…

‘ചേട്ടാ എന്നാ ഫോട്ടോ എങ്കിലും കാണിക്ക്‌…!’

ഒരു കള്ള ചിരിയോടെ അർജ്ജുൻ പറഞ്ഞു,

“ഏയ് ഫോട്ടോയൊന്നും കാണിക്കില്ല, നേരിട്ട് കാണുന്നതല്ലെ നല്ലത്…!  എന്റെ കൂടെ ജോലി ചെയ്യുന്നതാ..അവളുടെ പേര് ‘ മെഹന്തി ജഹാൻ ‘ എന്നാണ്..ഇപ്പൊ അത്രയും അറിഞ്ഞാ മതിട്ടാ രണ്ടാളും…ഒരു ദിവസം ഞാൻ അവളെയും കൂട്ടി കൊണ്ട് വരാം…എന്റെ കമ്പനി പ്രോഗ്രാം കൊച്ചിയിൽ ഉണ്ട് രണ്ടു മാസം കഴിഞ്ഞ്..അപ്പൊ ഞാൻ കാണിച്ചു തരാം..”

അപ്പോഴേക്കും അവന്റെ ഫോൺ റിംഗ് ചെയ്തു..സ്ക്രീനിൽ ഒരു പേരും തെളിഞ്ഞു, 

“മെഹന്തി ജഹാൻ”….!

*********************

ഞാൻ ഒത്തിരി സ്നേഹിച്ചിരുന്ന അമ്മയുടെ അവഗണന എന്നെ വീണ്ടും ഇവിടെ ഓർഫനേജിൽ തിരികെയെത്തിച്ചു…

എന്റെ നിർബന്ധം കാരണമാണ് ടീച്ചറമ്മ ഇതൊരു പ്രശ്നമാക്കാതിരുന്നത്..മംഗലാപുരത്ത് ആയതിനാൽ ഇടക്കെയുള്ള വീട്ടിൽ പോക്ക് അസാധ്യമായിരുന്നു…മഠത്തിലെ ടീച്ചറമ്മയുടെ സ്നേഹവും കരുതലും അമ്മയേക്കാൾ കൂടുതൽ ആയിരുന്നു..പ്ലസ് ടുവിന് നല്ല മാർക്ക് ഉണ്ടായിരുന്നതിനാൽ അടുത്തുള്ള ഒരു കോളേജിൽ തന്നെ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടി…

ഇവിടെയുള്ള മറ്റു കുട്ടികൾക്ക് ശരിക്കും അവരുടെ മുതിർന്ന ചേട്ടൻ തന്നെയായിരുന്നു ഞാൻ..ഡിഗ്രീ രണ്ടാം വർഷം പഠിക്കുന്ന സമയത്ത് ഒരു ദിവസം രാവിലെ കോളേജിൽ പോകാനിറങ്ങിയ എന്നോട് ടീച്ചറമ്മ പറഞ്ഞു,

‘അർജ്ജുനെ മോനിന്ന് ക്ലാസിൽ പോകണ്ട, ഇന്നിവിടെ ഒരാള് വരുന്നുണ്ട്…നിനക്ക് ഓർമയുണ്ടാവില്ല അവളെ, അന്ന് നിങ്ങള് രണ്ടാളും അത്രയും കുഞ്ഞായിരുന്നു..വെറും രണ്ടാഴ്ച വ്യത്യാസത്തിലാണ് നിങ്ങളെ എന്റെ കയ്യിലേക്ക് കിട്ടുന്നത്..’

അത്രയും പറഞ്ഞ് ടീച്ചറമ്മ പ്രാർത്ഥനാ മുറിയിലേക്ക് പോയി…വരുന്ന പുതിയ അതിഥിക്ക്‌ വേണ്ടി ഞാനും കാത്തിരുന്നു… രണ്ടു വയസുള്ളപ്പോ ടീച്ചറമ്മയ്ക്ക്‌ പരിചയമുള്ള ഒരു ഫാമിലിയാണ് അവളെ കൊണ്ടു പോയത്..പിന്നീട് അവരു പൂനെയിൽ തന്നെയായിരുന്നു താമസം..അവളുടെ വാപ്പച്ചിയുടെ സ്ഥലമാറ്റം കാരണം ഒരു വർഷം പഠനത്തിൽ പുറകോട്ടായി.. ഇനി ഡിഗ്രീ ഇവിടെ ടീച്ചറമ്മയുടെ കൂടെ നിർത്തി പഠിപ്പിക്കാൻ അവളുടെ വാപ്പച്ചിയുടെ നിർബന്ധമാണ്..

പ്രാർത്ഥനയ്ക്ക് ശേഷം കുട്ടിക്കാലത്തെ കഥകൾ ഇതുപോലെ ടീച്ചറമ്മ പറഞ്ഞു തന്നിരുന്നു..

സൂസന്ന സിസ്റ്ററാണ് ഞങ്ങൾ രണ്ടാളുടെയും ചെറുപ്പത്തിലേ ഫോട്ടോ എടുത്തു തന്നത്…വല്ലാത്തൊരു ആകാംഷയായിരുന്നു വരുന്ന അതിഥിയെ കാണാൻ..ആദ്യമായി കേട്ടറിഞ്ഞ എനിക്ക് ഓർമയില്ലാത്ത കളിക്കൂട്ടുകാരി…

ഓർഫനേജിന്റെ നടുമുറ്റത്ത് ഫിഷ് ടാങ്കിനരുകിൽ ആ ഫോട്ടോയിലെ എന്റെയും അവളുടെയും കൊച്ചിലെ രൂപം നോക്കിയിരിക്കുമ്പോഴാണ് ഒരു കൊലുസിന്റെ ശബ്ദം കേൾക്കുന്നത്..

എന്നെപ്പോലെയുള്ള അനാഥർ താമസിക്കുന്ന ഇവിടെ കൊലുസിന്റെ കിലുക്കം ആദ്യമാണ്.. ‘സിനിമയിൽ മാത്രം കണ്ടിട്ടുള്ള ഒരു അസാധ്യ കാഴ്ചയായിരുന്നു അവളുടെ വരവ്,  നുണക്കുഴിയും, കണ്ണിനെ ആകർഷിക്കുന്ന തരത്തിലുള്ള  ഒരു ചെറിയ കണ്ണടയും, വല്ലാത്തൊരു ചിരിയും, ഹീൽ ഇല്ലാത്ത ചെരുപ്പും, പിന്നെ ആ കൊലുസും..’

അവളാണ് “മെഹന്തി…, മെഹന്തി ജഹാൻ..”.. അടുത്തേക്ക് വന്നിട്ട് അവളൊരു ചോദ്യം,

“ഓഹോ ഇതാണോ ടീച്ചറമ്മ പറയാറുള്ള അർജുൻ..! കുറച്ച് താടിയൊക്കെ ഉള്ളത് കൊണ്ട് എന്നെക്കാൾ കുറച്ച് പ്രായം തോന്നിക്കും, എന്നാലും നമ്മള് ഒരേ പ്രായം അല്ലെടാ..!”

ഒന്ന് ചിരിച്ചിട്ട് ഞാൻ പറഞ്ഞു, ‘ടീച്ചറമ്മ ഇന്നേവരെ നിന്നെ കുറിച്ച് പറഞ്ഞിട്ടില്ല..ദേ ഈ ഫോട്ടോ പോലും ഇന്നാണ് ഞാൻ കാണുന്നത്..’

“ഈ അർജുനെ എനിക്കറിയാം, മോന്റെ എല്ലാ കാര്യങ്ങളും ഞാൻ അപ്പപ്പോ അറിയുന്നുണ്ട്..വീട്ടിലെ പ്രശ്നങ്ങളും, ഇവിടെ വന്നതും അങ്ങനെ എല്ലാം എനിക്കറിയാട്ടാ..ഇനിയിപ്പോ ഞാനിവിടെ ഉണ്ടല്ലോ, നമുക്ക് വഴിയേ എല്ലാം അറിയാം.. ഒരു തരത്തിൽ ഈ ഓർഫനേജ് ആണ് ഞാൻ ജന്മം കൊണ്ട് ഗർഭപാത്രം..പെറ്റിട്ടത്‌  ആരാണെന്ന് അറിയാത്ത സ്ഥിതിക്ക്….!”

അത്രയും പറഞ്ഞ് അവള് അകത്തേക്ക് കയറി..അവളുടെ ആ നിർത്താതെയുള്ള സംസാരം ഇത് വരെ തോന്നാത്ത എന്തോ ഒരു മരവിപ്പ് മനസ്സിന് തോന്നിച്ചു…

അവളെ ദത്തെടുത്തത് ഒരു മുസ്ലീം ഫാമിലി ആയിട്ട് കൂടി ഇവിടുത്തെ പ്രാർത്ഥനാ സമയത്ത് എല്ലാം അതിന്റേതായ രീതിയിൽ പിന്തുടർന്നൂ..അല്ലെങ്കിലും മതവും ജാതിയും മനുഷ്യൻ ഉണ്ടാക്കിയതല്ലെ…! ഞാൻ പഠിക്കുന്ന കോളേജിൽ തന്നെ അവളെയും ചേർത്തു..പിന്നീട് പഠനവും മറ്റും ഒന്നിച്ചായി..ഇവിടുത്തെ മറ്റു കുട്ടികൾക്ക് ഞങ്ങളൊരു ചേട്ടനും ചേച്ചിയും ആയി…

സാധാരണ പൂനെയിൽ വളർന്ന പെൺകുട്ടി ആയതിനാൽ കുറച്ച് തന്റേടം കാണുമെന്ന് വിചാരിച്ചു…പക്ഷേ മെഹന്തി ഒരു പാവം തന്നെയായിരുന്നു..കുറച്ചൊക്കെ നൃത്തം പഠിപ്പിച്ചത് കൊണ്ട് അവൾക്കത് തുടർന്നും പഠിക്കാൻ എന്നെക്കൊണ്ട് ആവുന്ന വിധത്തിൽ ഞാനും സഹായിച്ചു..

ഡിഗ്രീ മൂന്നാം വർഷവും കഴിഞ്ഞ് രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോ ടീച്ചറമ്മയുടെ സഹായത്തോടെ അവിടെ അടുത്തുള്ള ഒരു കമ്പനിയിൽ ജോലിക്കും കയറി…

“ഡാ ചെക്കാ, എന്റെ ഡിഗ്രീ കഴിയുമ്പോ നിന്റെ കമ്പനിയിൽ എനിക്കും ഒരു ജോലി വാങ്ങി തരണം…വാപ്പച്ചിയോട് ഞാൻ പറഞ്ഞിട്ടുണ്ട്, നിന്റെ കൂടെ ഇവിടെ കുറച്ച് നാള് നിൽക്കുമെന്ന്..”

മെഹന്തിയുടെ ആ വാക്കുകൾ ഈ കൂട്ട് ഒരിക്കലും എന്നെ വിട്ട് പോകില്ലെന്ന് ഉറപ്പിച്ചു..ആരാണ് മെഹന്തി എന്നറിയാനുള്ള ആകാംക്ഷയിൽ നിന്ന് തുടങ്ങി ഇപ്പൊ എന്റെ ആരൊക്കെയോ ആണെന്നുള്ള തോന്നലിൽ വന്നെത്തി…

രണ്ടു വർഷം കൊണ്ട് ആ കമ്പനിയിൽ നല്ലൊരു നിലയിൽ എത്താൻ എനിക്കായി..എന്റെ കൂടെ എല്ലാ സാഹചര്യത്തിലും താങ്ങായി നിൽക്കാൻ മെഹന്തിയെ കൂടാതെ ഒരാള് കൂടി ഉണ്ടായിരുന്നു..എന്റെ കുഞ്ഞനിയത്തി..എന്നും ആ പാവം വിളിക്കും..അത്രയ്ക്ക് കാര്യമാണ് എന്നെ…

മെഹന്തിയുടെ പഠിപ്പ് കഴിഞ്ഞപ്പോ ചെറിയ സാലറിയിൽ ആണെങ്കിൽ കൂടി അവളെ അവിടെ ജോലിക്ക് കയറ്റി…പിന്നീട് ഞാൻ പതിയെ ജോലി ചെയ്യുന്ന കമ്പനിയുടെ അടുത്ത് തന്നെ താമസം തുടങ്ങി..മെഹന്തി ടീച്ചറമ്മയുടെ കൂടെയും..

പതിവില്ലാതെ അവളുടെ വാപ്പച്ചി വരുന്നു എന്നറിഞ്ഞാണ് ഞാൻ ഓർഫനേജിലേക്ക്‌ ചെല്ലുന്നത്..മെഹന്തി തിരിച്ചു പോകുന്നു എന്നൊരു സൂചനയും കിട്ടിയിരുന്നു…അന്നാദ്യമായി എന്നെ കണ്ട അവളുടെ വാപ്പച്ചി ചോദിച്ചു,

“മോനെ എന്നെ അറിയാൻ വഴിയില്ല..ഇവളെ കൊണ്ട് പോകാൻ ഇവിടെ വരുമ്പോ നീയും കുഞ്ഞാണ്..എന്റെ ഒക്കത്ത് നിന്നെയും എടുത്തിട്ടുണ്ട് ഒരു പ്രാവശ്യം…പിന്നെ അവളെ ഇവിടെ ആക്കിയത് ഞങ്ങൾക്ക് കുറച്ച് സാമ്പത്തിക ബുദ്ധിമുട്ട് വന്നു അവിടെ അതാ..ഇപ്പൊ എല്ലാം പഴയപോലെ ആയി..”

‘അല്ലാ, അപ്പൊ മെഹന്തിയെ വാപ്പച്ചി തിരികെ കൊണ്ടു പോവാണോ…?അവൾക്ക് ചെറിയൊരു ജോലിയൊക്കെ ആയിട്ടുണ്ട്..’

“ഏയ് കൊണ്ട് പോകുന്നില്ല, ഒരു മാസത്തേക്ക് വേണ്ടി ഞങ്ങൾ പോകുന്നു, അത്രേ ഉള്ളൂ..ഇനി അവള് നിന്റെ കൂടെയല്ലെ ജീവിക്കേണ്ടത്…!”

അത് കേട്ടതും ഒരു അന്താളിപ്പോടെ ഞാൻ ചോദിച്ചു, ‘എന്താ വാപ്പച്ചി പറഞ്ഞത്…! മെഹന്തി…’

“അതേ, മോൾക്ക് നിന്നെ വല്യ ഇഷ്ടാ..ഇവിടെ കഴിഞ്ഞ മൂന്നു വർഷം കൊണ്ട് നിന്നെയവൾ നന്നായി പഠിച്ചു..ഈ ജാതി മതം എന്നൊക്കെ തിരുത്താവുന്നതെ ഉള്ളൂ..അതിലൊന്നും കാര്യമില്ലെന്ന് ജീവിതം നമ്മളെ പഠിപ്പിക്കും…എന്റെ മോള് തിരഞ്ഞെടുത്തത് ഇന്നേ വരെ തെറ്റിയിട്ടില്ല…”

അവളെ ഒറ്റയ്ക്ക് കിട്ടിയപ്പോ ഞാൻ തുറന്നു ചോദിച്ചു, വാപ്പച്ചി പറഞ്ഞത് സത്യമാണോ എന്ന്..!

“എന്താടാ, നിനക്കെന്നെ ഇഷ്ടല്ലെ..!നമ്മള് ഇവിടെയാണ് കണ്ടു മുട്ടിയത്, ഇനി ഒന്നിച്ച് ജീവിക്കുന്നതും ഇവിടുന്നാവണം..എനിക്ക് പറ്റിയ എന്നെ ഉൾക്കൊള്ളുന്ന ഒരാള് നീ തന്നെയാ അർജുനെ..”

‘മെഹന്തി, എനിക്ക് എനിക്ക്…, വാപ്പച്ചി വന്നപ്പോ ഞാൻ കരുതിയത് നീ ഇവിടുന്ന് പോകുമെന്നാണ്..എന്തോ വല്ലാത്ത ഒരു വിങ്ങലായിരുന്നൂ മനസ്സിന്..എനിക്ക് കുറച്ച് സമയം വേണം നിന്നെ ഉൾക്കൊള്ളാൻ…കാരണം ആർക്കും പിടി കൊടുക്കാതെ നടക്കുന്ന ഒരു പെണ്ണാണ് നീ..’

“ഓഹോ ഡാ ചെക്കാ നിനക്ക് എത്ര സമയം വേണമെങ്കിലും എടുത്തോ..പക്ഷേ ഈ അർജ്ജുനെ അല്ലാതെ ഒരുത്തനെയും എന്റെ മനസ്സിലേക്ക് കയറ്റില്ല ഞാൻ…”

‘സമയം എന്ന് പറഞ്ഞാ ഒരു അര മണിക്കൂർ മതി..’

ഒരു ചിരിയായിരുന്നു അവളുടെ മറുപടി..

പിറ്റേന്ന് വാപ്പച്ചിയുടെ കൂടെ അവള് പൂനെയിലെക്ക്‌ തിരിച്ചു..ഒരു മാസം കഴിഞ്ഞ് വരുമെന്നുള്ള ഉറപ്പിൽ…ആ ഒരു മാസം ശരിക്കും ആലോചിച്ചു…

“മെഹന്തി” ഇനിയുള്ള ജീവിതം അവളിൽ കൂടി ആകാമെന്ന് തീരുമാനിച്ചു…ഏറ്റവും സന്തോഷം എന്റെ ടീച്ചറമ്മയ്ക്ക്‌ തന്നെയാണ്…

അതിനിടക്ക് എന്റെ കുഞ്ഞനിയത്തി ആരതിയുടെ വിവാഹം ഉറപ്പിച്ചു…വിവാഹത്തിന് രണ്ടു ദിവസം മുമ്പാണ് മെഹന്തി പൂനെയിൽ നിന്ന് തിരിച്ചു വരുന്നത്…പക്ഷേ അവള് വരുന്ന ദിവസം തന്നെയാണ് എനിക്ക് നാട്ടിലേക്ക് പോകേണ്ടതും…

അങ്ങനെ മെഹന്തി വരുന്ന ട്രെയിനിലാണ് ഞാനും മംഗലാപുരത്ത് നിന്നും നാട്ടിലേക്ക് ടിക്കെറ്റ് എടുത്തത്…വൈകീട്ട് മെഹന്തി സ്റ്റേഷനിൽ വന്നിറങ്ങി.. ആ ട്രെയിന് പോകാനായി ഞാനും അപ്പോഴേക്കും സ്റ്റേഷനിൽ എത്തിയിരുന്നു..

ഒരു മാസത്തിനു ശേഷം ഞങ്ങൾ വീണ്ടും കണ്ടു..അവളെ എപ്പോ കണ്ടാലും ഒരു പുതുമയാണ്… ആ ചിരിയാണ് അവളിൽ എല്ലാം…

“മെഹന്തി, അനിയത്തിയുടെ വിവാഹത്തിന് നിന്നെയും കൊണ്ടു പോകണമെന്നുണ്ട്..പക്ഷേ അവിടുത്തെ സാഹചര്യം നിനക്കറിയാലോ..!പിന്നീടൊരിക്കൽ നിന്നെ ഞാൻ കൊണ്ടു പോകും..അന്ന് ഈ കൈ പിടിക്കാൻ എനിക്ക് അവകാശം ഉണ്ടാവും…”

‘ഏയ് അതൊന്നും സരമില്ലടാ..എന്തായാലും ഞാൻ ഇവിടെയുണ്ടാകും…നീ പോയി അനിയത്തി കുട്ടിടെ കല്യാണം അടിച്ചു പൊളിച്ചിട്ട്‌ വായോ..!’

ട്രെയിൻ നീങ്ങി തുടങ്ങി….മെഹന്തി ഒരു ചിരിയോടെ എന്നെ നോക്കി നിൽക്കുന്നുണ്ട് പ്ലാറ്റ്ഫോമിൽ…ഒരു നൂറായിരം ചിന്തകളുമായി ഞാനെന്റെ സീറ്റ് നോക്കി ട്രെയിനിന്റെ അകത്തേക്കും നടന്നു….

~ജിഷ്ണു രമേശൻ