ഒരു ഫോട്ടോ എടുത്ത് അയച്ചു താ ചേച്ചി. നോക്കട്ടെ…ശിവാനി മറുപടി കൊടുത്തു.

Story written by Sajitha Thottanchery

==============

“തയ്ച്ചത് നന്നായിട്ടുണ്ട് ട്ടോ. ഇഷ്ടപ്പെട്ടു “

ഹിമ ചേച്ചിയുടെ മെസ്സേജ് ശിവാനിയുടെ മൊബൈലിൽ തെളിഞ്ഞു.

“ഒരു ഫോട്ടോ എടുത്ത് അയച്ചു താ ചേച്ചി. നോക്കട്ടെ ” ശിവാനി മറുപടി കൊടുത്തു.

തയ്ച്ചു കൊടുത്ത് കഴിഞ്ഞാൽ അവരുടെ മറുപടി കിട്ടുന്ന വരെ ശിവാനിക്ക് ഒരു ടെൻഷൻ ആണ്. അത് ഈ തയ്ക്കൽ പരിപാടി തുടങ്ങിയ കാലം മുതലേ ഉള്ളതാ.

“ഫോട്ടോ എടുത്ത് തരാൻ പറഞ്ഞാൽ അച്ഛനും മക്കളും എന്നെ ചീത്ത പറയും. അവർക്ക് അതൊന്നും ഇഷ്ടമല്ല.” ഹിമ പറഞ്ഞു.

“ചേച്ചിക്ക് ഇഷ്ടാണോ, ഫോട്ടോ എടുക്കാനൊക്കെ ” ശിവാനി തിരിച്ചു ചോദിച്ചു

“ഇഷ്ടാണ്, പക്ഷേ എന്റെ ഇഷ്ടങ്ങൾ ഒന്നും ഇവിടെ ആരും കേൾക്കാറില്ല. ആരോട് പറയാൻ, ആര് കേൾക്കാൻ ” ഹിമയുടെ മറുപടി ശിവാനിക്ക് ഒരേ സമയം വിഷമവും ഒരിത്തിരി ദേഷ്യവും തോന്നിപ്പിച്ചു.

“ചേച്ചിയുടെ ഇഷ്ടങ്ങളെ ചേച്ചി കേൾക്കാറുണ്ടോ. സ്വയം ഇഷ്ടമുള്ള എന്തേലും ചേച്ചിക്ക് വേണ്ടി ചേച്ചി തന്നെ ചെയ്യാറുണ്ടോ.” എന്നുള്ള ശിവാനിയുടെ ചോദ്യത്തിന് ” ഇല്ല ” എന്നായിരുന്നു ഹിമയുടെ മറുപടി.

“പിന്നെ വേറെ ആര് കേൾക്കാനാ ചേച്ചിയെ. ആദ്യം ഇഷ്ടങ്ങൾ അംഗീകരിക്കേണ്ട ആൾ തന്നെ അതൊക്കെ ഒഴിവാക്കുകയല്ലേ. പിന്നെ വേറെ ആരെങ്കിലും ഇതൊക്കെ ചെയ്ത് തരുമോ. നമ്മുടെ സന്തോഷങ്ങളും ഇഷ്ടങ്ങളും വേറെ ആരെങ്കിലും വഴി നടക്കണമെന്ന് വച്ചാൽ ഭയങ്കര ബുദ്ധിമുട്ടാണ് ചേച്ചി. ചേച്ചി ആ ഫോൺ എടുത്ത് ഒരു സെൽഫി അങ്ങോട്ട് എടുത്തേ. അല്ലെങ്കിൽ അടുത്തുള്ള ആരെയെങ്കിലും കൊണ്ടോ മറ്റോ ഒന്ന് എടുപ്പിക്ക്. ഇതൊക്കെ ഇത്ര വലിയ തെറ്റാണോ ചേച്ചി.” ശിവാനി പറഞ്ഞു.

“ശെരിയാണ്. പക്ഷേ എന്റെ ഈ കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങൾ ഞാൻ ചെയ്യുന്നത് കണ്ടാൽ അവർ എന്നെ പരിഹസിക്കും. അതോണ്ട് ഞാൻ ചെയ്യാറില്ല.” ഹിമയുടെ മറുപടി അതായിരുന്നു.

“പരിഹസിച്ചോട്ടെ ചേച്ചി. ഒന്നോ രണ്ടോ പ്രാവശ്യം കഴിഞ്ഞാൽ അവര് നിറുത്തിക്കോളും. അല്ലേൽ തന്നെ ചേച്ചി അത് ശ്രദ്ധിക്കേണ്ട. ഈ കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങൾ ഒക്കെ ചേരുന്നതല്ലേ നമ്മുടെ ഈ ലൈഫ്. അത് പോലും മറ്റുള്ളവരെ പേടിച്ചു ചെയ്യാതിരുന്നാൽ പിന്നെ എന്തിനു കൊള്ളാം. ഒരു പരിധി വരെ നമ്മുടെ സന്തോഷങ്ങൾ നഷ്ടപ്പെടുന്നതിന്റെ ഉത്തരവാദികൾ നമ്മൾ തന്നെയാ. ആരേം ബുദ്ധിമുട്ടിക്കാത്ത ശല്യപ്പെടുത്താത്ത നമ്മുടെ ഇഷ്ടങ്ങൾ പോലും അവരുടെ അഭിപ്രായങ്ങൾ നോക്കി നമ്മൾ ഇല്ലാതാകുമ്പോ, ഏതെങ്കിലും ഒരു നിമിഷം അവർ നമ്മളെയും നമ്മുടെ ഇഷ്ടങ്ങളെയും പറ്റി ഓർക്കുന്നുണ്ടോ. അതോണ്ട് ആര് എന്ത് വേണേലും പറഞ്ഞോട്ടെ. ചേച്ചിയുടെ ഇഷ്ടങ്ങളെ ചേച്ചി ഒഴിവാക്കരുത്. അത് ഇപ്പോൾ മാത്രമല്ല എല്ലായ്പോഴും.” ശിവാനി പറഞ്ഞു നിറുത്തി.

ഇത്രയും വായിച്ചപ്പോൾ ഹിമ ഒന്ന് സ്വയം വിലയിരുത്തി. ശെരിയാണ്, അവരുടെ ഇഷ്ടങ്ങൾ മാത്രം നോക്കി ജീവിച്ച ഇക്കാലമത്രയും ഒരാൾ പോലും എന്റെ ഇഷ്ടങ്ങൾ എന്താന്ന് പോലും മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല. ഞാൻ പോലും എന്റെ ഇഷ്ടങ്ങളെ വില കുറച്ചു കണ്ടാൽ പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ. ആരെങ്കിലും എന്തെങ്കിലും ചിന്തിക്കട്ടെ.

അര മണിക്കൂറിനുള്ളിൽ ശിവാനിയുടെ മൊബൈലിൽ ഹിമയുടെ സെൽഫികൾ എത്തി. കൂടെ ഒരു മെസ്സേജും.

“എന്റെ ഇഷ്ടങ്ങളെ പരിഗണിക്കാൻ എന്നെ പഠിപ്പിച്ചതിനു നന്ദി ❤️ “

~സജിത