എഴുത്ത്: മഹാ ദേവൻ
===================
ഏതൊരു കാര്യത്തിനും അമ്മ പറയുന്ന വാക്കായിരുന്നു ” അവൾ പെണ്ണല്ലേ ” എന്ന്.
പെണ്ണായാൽ ന്താ അമ്മേ കുഴപ്പം എന്ന് ചോദിക്കുമ്പോൾ അമ്മ ദേഷ്യത്തോടെ നോക്കും. “അടങ്ങി ഒതുങ്ങി മിണ്ടാതെ നിന്നോണം. വെറുതെ ആളുകളെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാതെ. നീയൊക്കെ ന്തേലും കാട്ടെ പറയെ ചെയ്താൽ പിന്നേ ആളുകൾ കുറ്റം പറയുന്നത് എന്നെയാ.. വളർത്തുദോഷത്തിന്റെ ആണെന്ന്. “
അമ്മ പറയുന്നത് കേട്ടാൽ തോന്നും വളയിട്ട പെണ്ണ് വർത്താനം പറഞ്ഞാൽ അത് വളർത്തുദോഷം ആണെന്ന്. വീട്ടിൽ നിന്ന് തന്നെ ഇങ്ങനെ മുരടിപ്പിച്ചാൽ പിന്നേ എങ്ങനെ പെൺകുട്ടികൾ പ്രതികരിക്കാനാ!
അന്ന് വീട്ടിലേക്ക് വന്ന വാടകക്കാരൻ അമ്മയ്ക്ക് നേരെ ചുണ്ട് നനച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ കേട്ടായിരുന്നു പടി കയറി വന്നത്.
” വാടക തരാൻ ഇല്ലെങ്കിൽ നീയൊന്ന് കിടന്ന് തന്നാലും മതി ” എന്ന് പറഞ്ഞ അയാൾക്ക് മുന്നിൽ പ്രതികരിക്കാൻ മടിച്ചു തല താഴ്ത്തി നിന്ന അമ്മയെ കണ്ടപ്പോൾ ദേഷ്യവും പുച്ഛവുമാണ് തോന്നിയത്.
ആ ദേഷ്യം തീർത്തത് വന്നു കേറിയ വീട്ടുടമസ്ഥന്റെ മുഖത്ത് ആയിരുന്നു.
” ദേ, വീട്ടിൽ കിടക്കുന്ന അച്ചിയോട് പറയുന്ന പോലെ ഇവിടെ കേറിവന്ന് എന്റെ അമ്മയോട് പറഞ്ഞാൽ ഉണ്ടല്ലോ താൻ നാളെ അഴി എണ്ണും. കാണണോ? വാടക തരാതെ ഇരുന്നിട്ടൊന്നും ഇല്ലല്ലോ. പിന്നെ വാടക ഒരു ദിവസം വൈകിയാൽ അപ്പൊ കൂടുന്ന ഈ അസ്കിതയ്ക്ക് പറ്റിയ ഒന്ന് വീടിന്റെ പിറകിലുണ്ട് . നല്ല ഒന്നാന്തരം മുള്ളുമുരുക്ക്. ഇനി ഇമ്മാതിരി വേഷംകേട്ടുമായി ഇവിടെ കേറിയാൽ… “
അവളുടെ ഭാവം കണ്ട് അയാളും ഭയന്നിരുന്നു. പക്ഷേ അടി കിട്ടിയ കവിളിനേക്കാൾ നീറിയത് വ്രണപ്പെട്ട മനസ്സ് ആയിരുന്നു.
” ഇങ്ങനെ തല കുമ്പിട്ട് നിൽക്കാതെ അമ്മയ്ക്ക് അയാളുടെ മുഖത്ത് നോക്കി രണ്ട് പറഞ്ഞൂടെ. ഓഹ് അമ്മൂമ്മയുടെ വളർത്തുദോഷം ആണെന്ന് നാട്ടുകാർ പറഞ്ഞാലോ അല്ലെ? കഷ്ട്ടം “
ദേഷ്യത്തോടെയും സങ്കടത്തോടെയും അകത്തേക്ക് കയറുമ്പോൾ പെണ്ണിന്റെ ശബ്ദം പൊങ്ങിയത് നാട്ടുകാർ ആരേലും കേട്ടോ എന്ന വേവലാതി ആയിരുന്നു അമ്മയ്ക്ക്.
അന്ന് ബസ്സിൽ കയറുമ്പോൾ തിരക്ക് അസഹനീയമായിരുന്നു. അതിനിടക്ക് അടുത്തു നിൽക്കുന്നവന്റെ കൈ ശരീരത്തിൽ പലയിടങ്ങളിൽ സ്പർശ്ശിക്കാൻ തുടങ്ങിയപ്പോൾ ആദ്യമൊക്കെ അല്പം മാറിനിന്നു. പക്ഷേ, അയാൾ വിടാൻ ഭാവമില്ലായൊരുന്നു. തിരക്കിനിടയിൽ അയാളുടെ കൈകൾ മാറിടത്തിലേക്ക് നിങ്ങിയപ്പോൾ അവൾ അയാൾക്ക് നേരെ തിരിഞ്ഞു.
“ചേട്ടന് ശരിക്കും ന്താ വേണ്ടത്. കുറെ നേരമായല്ലോ പരതികൊണ്ടിരിക്കുന്നു. കാണാതെപോയ വല്ല സാധനവും ന്റെ ദേഹത്തു കണ്ടോ?”
അവളുടെ പെട്ടന്നുള്ള ചോദ്യം കേട്ടപ്പോൾ അയാൾ ചമ്മലോടെ ചിരിച്ചു.
” ഞാൻ ന്ത് ചെയ്തെന്ന..?. തിരക്കല്ലേ കുട്ടി. അതിനിടയിൽ പിന്നിൽ നിന്നുള്ള തള്ളും. അപ്പൊ ദേഹത്തു തട്ടി മുട്ടി എന്നൊക്കെ ഉണ്ടാകും. ഇതിപ്പോ താനീ ബസ്സിൽ ഉണ്ടെന്ന് കരുതി തിരക്ക് ഒഴിവാക്കാൻ പറ്റോ? “
അയാളുടെ വഷളൻചിരി കണ്ടപ്പോൾ ഒന്ന് പൊട്ടിക്കാൻ ആണ് തോന്നിയത്.
പക്ഷേ, ഒന്ന് ഒതുങ്ങി.
” എനിക്ക് വേണ്ടി ചേട്ടൻ തിരക്ക് ഒഴിവാക്കി കഷ്ടപ്പെടണ്ട. പിന്നെ തിരക്ക് എന്നത് തപ്പാനും തലോടാനും ഉള്ള എളുപ്പവഴി ആണെന്ന് കരുതി ഇടിച്ചുകേറി വന്നാൽ …… “
അതയാക്കൊരു താകീത് ആയിരുന്നു.
കണ്ടു നിന്നവർ ചിലർ പെണ്ണിന്റ തന്റേടത്തെ വാഴ്‌ത്തിയപ്പോൾ ചിലർ പെണ്ണിന്റെ നാക്കിനെ പഴിച്ചു.
ഒന്നുല്ലങ്കിൽ അവളൊരു പെണ്ണല്ലേ എന്ന് അടക്കം പറഞ്ഞവരോട് അടക്കത്തിൽ തന്നെ ആണവൾ പറഞ്ഞത്,
” അതെ, പെണ്ണാണ്…. അതോണ്ട് ആണല്ലോ ആ ചേട്ടന് കൃമികടി തോന്നിയത്. പെണ്ണായത് കൊണ്ടാണ് പറയേണ്ട പോലെ പറഞ്ഞതും. പെണ്ണ് ഉറക്കെ പറഞ്ഞാൽ ന്താ ചേച്ചി ഇത്ര പുച്ഛം.? ഇളക്കം വന്നവന് ഉളുപ്പില്ലാതെ നിന്ന് കൊടുത്താ കൂടോ പെണ്ണിന്റെ അഭിമാനം? “
അവളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ മൗനം പാലിച്ചവരെ നോക്കി വെറുതെ അവൾ പുഞ്ചിരിച്ചു. പെണ്ണിന്റെ ശത്രുവിനെ കണ്ട അവജ്ഞതയോടെ.
അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അരികിൽ വന്നിരുന്ന അമ്മ പറയുന്നുണ്ടായിരുന്നു
” മോളെ, സൂക്ഷിക്കണം, നമുക്ക് നമ്മളെ ഉള്ളൂ… ആൺതുണ ഇല്ലെന്നറിയുമ്പോൾ പലരും ഓരോന്ന് പറഞ്ഞു പിറകെ വരും. അതിനൊക്കെ ദേഷ്യപ്പെടാൻ നിന്നാൽ നാളെ നമുക്ക് തന്നെ അതൊക്കെ ദോഷവും. അതുകൊണ്ട് മോളിനി ആരോടും….നമ്മളൊക്കെ പെണ്ണുങ്ങളാ മോളെ… “
അമ്മ പിന്നെയും പെണ്ണെന്നു ഓർമ്മപ്പെടുത്തുന്നപ്പോലെ പറയുന്നത് കേട്ടപ്പോൾ അവൾക്ക് ദേഷ്യവും സങ്കടവും ചിരിയും വരുന്നുണ്ടായിരുന്നു. കരുത്തു പകരേണ്ട വാക്കിനു പകരം കനലണയ്ക്കാൻ ആണ് അമ്മ ശ്രമിക്കുന്നത്. മകളെ ഓർത്തുള്ള ഒരമ്മയുടെ വേവലാതി ആണതെന്ന് അവൾക്കറിയാം. അതുകൊണ്ട് തന്നെ സ്നേഹത്തോടെ അവൾ അമ്മയെ ചേർത്തുപിടിച്ചു. പിന്നെ ആ കവിളിൽ ചുണ്ടുകൾ അമർത്തിക്കൊണ്ട് പറയുന്നുണ്ടായിരുന്നു,
” അമ്മേ, വെറും പെണ്ണാണെന്ന് കരുതി കരഞ്ഞുജീവിക്കുന്നതിലും നല്ലത് തന്റെടിയായ അഹങ്കാരിയയി ഒരു ദിവസം എങ്കിൽ ഒരു ദിവസം അന്തസ്സായി ജീവിക്കുന്നതല്ലേ. പെണ്ണിന്റ ശബ്ദം പൊങ്ങിയാൽ വാ പൊത്തിപ്പിടിക്കേണ്ട കാലം അല്ലിത്. പറയേണ്ടിടത്ത് പറയാൻ പ്രാപ്തരാക്കണം ഇനി മക്കളെ എല്ലാ അമ്മമാരും. അല്ലെങ്കിൽ ചിലപ്പോ.,….
അതുകൊണ്ട് ഇനി എന്റെ അമ്മ എന്നോട് ഒന്ന് മാത്രം പറയരുത്…. “മോളെ നീ പെൺകുട്ടിയാണ് ” എന്ന്.
അതൊരു വെറും വാക്കല്ല, ഒരാളുടെ ആത്മധൈര്യത്തിന്റെ അടിവേരറുക്കുന്ന അലങ്കാരമാകുകയാണ് വെറും പെണ്ണെന്ന വാക്ക്. “
അവളുടെ വാക്കുകളിലപ്പോൾ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. അമ്മയുടെ തലോടലിലും….
പക്ഷെ, അമ്മയുടെ മനസ്സ് മാത്രം അപ്പോഴും പറഞ്ഞുകൊണ്ടേ ഇരുന്നു,
” ന്നാലും നമ്മളൊക്കെ വെറും പെണ്ണല്ലേ മോളെ ” എന്ന്…..
✍️ ദേവൻ