സാഹചര്യം ഇപ്പോൾ നമുക്ക് അനുകൂലം ആണ്. കേസ് ജയിച്ചു ജോലിയിൽ പ്രവേശിക്കാനുള്ള സാധ്യത ആണ് നിലവിലുള്ളത്…

ഒരു കേസ് ഡയറി

Story written by Nithya Prasanth

==================

എന്തിനാ ഇത്രയും വാശി….അഭിഷേക് ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു…സ്നേഹമാണ് എന്നൊരു വാക്കുമാത്രം മതി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ…അതുമാത്രം പറയുന്നില്ല…മനസിലാകുന്നില്ല അവളുടെ നിലപാട്… സൗഹൃദം ആണോ പ്രണയം ആണോ???

രണ്ടും കല്പിച്ചാണ് ഇന്ന് ചോദിച്ചത്….

“വിവാഹം കഴിക്കാൻ ഇഷ്ടം ആണോ എന്ന്….”

“എനിക്ക് ഇപ്പോൾ അതൊന്നും ചിന്തിക്കാൻ ഉള്ള സാഹചര്യം ഇല്ല” എന്ന മറുപടി…

“കാത്തിരുന്നോട്ടെ?” എന്ന ചോദ്യത്തിനും… പോസിറ്റീവ് ആയ മറുപടി ഇല്ല….

“എന്റെ കാര്യങ്ങൾ ശരിയായാൽ മാത്രം ആണ് വിവാഹത്തെക്കുറിച് ചിന്തിക്കാൻ കഴിയൂ എന്ന്….”

പരിചയപ്പെട്ടിട്ട് മൂന്നു വർഷത്തിന് മേലായുള്ളൂ…മനസ്സിൽ കയറിക്കൂടി ആ രൂപം….മാറ്റിനിർത്താനാവുന്നില്ല അവളെക്കുറിച്ചുള്ള ചിന്തകളെ ഒരു നിമിഷം പോലും….

പോലീസ് ഓഫീസർ ആണ്..ഇപ്പോൾ സസ്പെന്ഷനിലും…ക ഞ്ചാവ് മാഫിയക്കെതിരെ ജാഗ്രത സമിതി രൂപം നൽകാൻ നേതൃത്വം നൽകിയ മഹേഷ്‌ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച ക ഞ്ചാവ് മാഫിയയിലെ സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അതിലൊരാൾ കൊ ല്ലപ്പെടുകയായിരുന്നു….

അറ്റാക്ക് ചെയ്ത പോലീസ് കാർക്കെതിരെ കൊലക്കുറ്റത്തിന് കേസ് ഫയൽ ചെയ്യാൻ കൊല്ലപ്പെട്ട പ്രതിയുടെ കുടുംബത്തിന് മാഫിയയുടെ കയ്യഴിഞ്ഞ സഹായം ഉണ്ടായിരുന്നു….

അറ്റാക്കിൽ  അവളെ കൂടി പ്രതിയാക്കി കേസ് നടക്കുകയാണ്….ഗവണ്മെന്റ് പ്ലീഡറുടെ അസിസ്റ്റന്റ് ആയത് കൊണ്ട് താനാണ് ആദ്യമേ കേസ് നോക്കിയിരുന്നത്….അതിന് മുൻപേ ഉള്ള പരിചയം ആണ് സ്നേഹയോട്….എല്ലാ സപ്പോർട്ടും ചെയ്തു നിൽക്കുന്നത് കൊണ്ട് തന്നോട് വലിയ കാര്യം ആയിരുന്നു….അതെപ്പോഴോ പ്രണയത്തിലേക്ക് വഴിമാറി….

സാഹചര്യം ഇപ്പോൾ നമുക്ക് അനുകൂലം ആണ്….കേസ് ജയിച്ചു ജോലിയിൽ പ്രവേശിക്കാനുള്ള സാധ്യത ആണ് നിലവിലുള്ളത്…

എങ്കിലും അന്നത്തെ ആ രാത്രി മറക്കാനാകുന്നില്ല…പറഞ്ഞു കേട്ടതാണ്….എങ്കിലും കണ്മുന്നിൽ അനുഭവിച്ചപോലെ തോന്നുന്നു…സ്കൂളുകളിലും കോളേജുകളിലും ക ഞ്ചാ വ് എത്തിച്ചു കൊടുക്കുന്ന….അന്യ സംസ്ഥാനങ്ങളിലേക്ക് ക ഞ്ചാ വ് കയറ്റി വിടുന്ന ആ മാഫിയ സംഘം….

രഹസ്യ സന്ദേശം കിട്ടിയതനുസരിച്ചു അവരുടെ താവളത്തിലെത്തിയതായിരുന്നു..എങ്ങിനെയോ മണത്തറിഞ്ഞു പോലീസിനും എക്സൈസിനും നേരെ കൈബോംബറിഞ്ഞു തൊട്ടടുത്തുള്ള കാട്ടിലേക്ക് രക്ഷപെട്ടു….

പിന്നാലെയെത്തിയ സ്നേഹയുടെ ടീം അവരെ അറ്റാക് ചെയ്തു…ഒരാൾ സ്പോട്ടിൽ കൊല്ലപ്പെട്ടു….ക ഞ്ചാ വ് കേസുമായി ബന്ധം ഇല്ലാത്ത ആളാണെന്നു വാദിച്ചു മനഃപൂർവം ഉള്ള നരഹത്യയ്ക്കു കേസെടുത്തു….അങ്ങനെ കേസും കോടതിയുമായി ഒരുകൊല്ലം കടന്നു പോയി…

സ്നേഹ ഇപ്പോഴും പൂർണമായി ആ സംഭവത്തിൽ നിന്നും മുക്തയായി എന്ന് പറയാറായിട്ടില്ല….ഉന്നത തലങ്ങളിൽ നിന്നുള്ള ഇടപെടലുകൾ…ചാനൽ വാർത്തകൾ…ഒക്കെ കൊണ്ട് പഴയ പ്രസരിപ്പും ഉത്സാഹവും കുറെയൊക്കെ നഷ്‌ടപ്പെട്ടിരിക്കുന്നു…

ഓർമകളിൽ നിന്നും ഉണർത്തിയത് ലയയുടെ സംസാരമാണ്…..

ഏതോ വസ്തു തർക്കത്തിന്റെ കേസിനാണ് ലയ അമ്മയും ഒരുമിച്ചു വന്നത്…ലയയോട് ചിരിച്ചു സംസാരിക്കുന്നതു ചെറിയ കുശുമ്പോടെ ഒരാൾ നോക്കി നിൽക്കുന്നത് ഞാൻ മനസിലാക്കി…ഫോൺ നമ്പർ പരസ്പരം കൈമാറുന്നതും ഒക്കെ….

“കോളേജ് ലെ എന്റെ ജൂനിയർ ആയിരുന്നു ലയ…ലയയുടെ നമ്പർ അമ്മയ്ക്ക് കൊടുത്താലോ എന്ന് ആലോചിക്കുവാ…. ” സ്നേഹയോടായി അഭി പറഞ്ഞു..

അവളുടെ മുഖം വിവർണം ആകുന്നത് ശ്രദ്ധിച്ചു കൊണ്ട് തുടർന്നു…. “വിവാഹക്കാര്യത്തിൽ അമ്മ പിടിമുറിക്കിയിരിക്കുവാ…പിന്മാറ്റാൻ പറ്റില്ല….ഇതാവുമ്പോൾ നല്ല കുട്ടിയാ…”

“ഒക്കെ അഭിയുടെ ഇഷ്ടം…” മുഖത്തു നോക്കാതെ അത്രയും പറഞ്ഞു…

“എന്നിട്ടും വാശിക്ക് ഒരു കുറവും ഇല്ല….” മനസ്സിൽ പറഞ്ഞു കൊണ്ട് മൊബൈൽ എടുത്തു….

“തനിക്കു ഇഷ്ടം ആയ സ്ഥിതിക് ഇനി അമ്മയോട് പറയാലോ…..”

അമ്മയുടെ നമ്പർ സെർച്ച്‌ ചെയ്തു….പെട്ടെന്നാണ് ഷർട്ടിൽ പിടിവീണത്…വലതുകൈ കൊണ്ട് ഷർട്ടിൽ കുത്തിപിടിച്ചിരിക്കുന്നു…മുഖം ചുവന്നു കരച്ചിലിന്റ വക്കോളാം എത്തിയിട്ടുണ്ട്…ചുണ്ടുകൾ വിറയ്ക്കുന്നുണ്ട്..

ഒരു ബട്ടൻസ് പൊട്ടി താഴെ വീണപ്പോഴാണ് എന്താണ് സംഭവിക്കുന്നത് എന്ന ബോധം ഉണ്ടായത്..ഉടനെ അവളുടെ കൈ വീടിവിക്കാനുള്ള ശ്രമം നടത്തി…പരാജയപ്പെട്ടപ്പോൾ ഇടതു കൈ കൊണ്ട് അവളെ ഒന്നുകൂടി തന്നിലേക്ക് അടുപ്പിച്ചു ചെറുപുഞ്ചിരിയോടെ ആ കണ്ണുകളിലേക്ക് നോക്കി കവിളിൽ ചുംബിച്ചു….

അപ്രതീക്ഷിതമായ നീക്കം ആയതു കൊണ്ട് അവൾ ഞെട്ടി അവനെ പിന്നിലേക്ക് തള്ളി….പുറകിലെ തൂണിൽ ഇടിച്ചു നിന്നതുകൊണ്ട് വീണില്ല…അവൾ കൈകൊണ്ടു കവിളിൽ തുടച്ചുമാറ്റുന്നതും കണ്ടു….പിന്നെ ആളൊഴിഞ്ഞ വരാന്തയിൽ ഇരുന്നു കരയുന്നത് കണ്ടു…

“സ്നേഹ യ്ക്ക് സമ്മതം ആണെന്ന് പറയാത്തത് കൊണ്ടല്ലേ ഞാൻ….” അഭി ക്ഷമാപണസ്വരത്തിൽ പറഞ്ഞു

“എന്ന് വച്ചു അപ്പോഴേക്കും ഓടി പോവുകയാണോ…അത്രയേ ഉള്ളൂ ഞാൻ….”

“തന്നെ കൊണ്ട് ഇതു പറയിപ്പിക്കാൻ ഞാൻ ഒന്ന് ആക്ട് ചെയ്തതല്ലേ….”

“എനിക്ക് തോന്നി…എന്നാലും തമാശക്ക് പോലും വേറൊരാളുടെ പേര് കേൾക്കാൻ പറ്റുന്നില്ല….”

മനസ്സുനിറഞ്ഞു.. “ഇനി തമാശ യ്ക്കും സീരിയസ് ആയിട്ടും അങ്ങനെ പറയുകയുമില്ല…ചിന്തിക്കുകയും ഇല്ല…പോരെ….?” കുസൃതിയോടെ പറയുന്നവനെ നോക്കി ചുണ്ടിൽ വിരിഞ്ഞ ചിരി മനഃപൂർവം ഒളിപ്പിച്ചുകൊണ്ട് ഫയലെടുത്തു അതിലേക്ക് ശ്രദ്ധതിരിച്ചു….

സ്നേഹപൂർവ്വം, നിത്യ പ്രശാന്ത്