വീട്ടുകാരുടെ സമ്മതത്തോടെ ആണെങ്കിലും വിവാഹം കഴിച്ചു കൊണ്ടു വന്നപ്പോ ഞാൻ പ്രതീക്ഷിച്ച പോലെയായിരുന്നില്ല വീട്ടുകാരുടെ പെരുമാറ്റം…

Story written by Jishnu Ramesan

=======================

സംസാരശേഷി ഇല്ലാത്ത കുട്ടിയെ വീട്ടുകാരുടെ സമ്മതത്തോടെ ആണെങ്കിലും വിവാഹം കഴിച്ചു കൊണ്ടു വന്നപ്പോ ഞാൻ പ്രതീക്ഷിച്ച പോലെയായിരുന്നില്ല വീട്ടുകാരുടെ പെരുമാറ്റം…

എൻ്റെ അമ്മയിൽ നിന്നും ഒരിക്കലും അവളോട് ഇങ്ങനെ ഒരു പെരുമാറ്റം പ്രതീക്ഷിച്ചില്ല ..

ഇരുപത്തെട്ട് വയസായിട്ടും ആലോചനയൊന്നും ശരിയാകുന്നില്ല എന്ന വിഷമമായിരുന്നു അച്ഛനും അമ്മയ്ക്കും.. ജാതകം തന്നെയായിരുന്നു എൻ്റെ വില്ലൻ..നല്ല അസ്സൽ ചൊവ്വാ ദോഷം തന്നെ..

അങ്ങനെ എൻ്റെ പ്രിയപ്പെട്ട പരദൂഷണം അമ്മാവൻ ഒരു ആലോചന കൊണ്ടു വന്നു..” പെണ്ണിന് സംസാരശേഷി ഇല്ല..” എന്ന കാര്യം ആദ്യം തന്നെ അമ്മാവൻ വീട്ടിൽ അവതരിപ്പിച്ചു..പക്ഷേ പെണ്ണിനും ചൊവ്വാ ദോഷം ഉണ്ടെന്ന് പറഞ്ഞപ്പോ അച്ഛൻ്റെ നിർബന്ധപ്രകാരം പെണ്ണ് കാണാൻ പോകാമെന്നായി..

“ആദിത്യ” അതാണ് അവളുടെ പേര്.. സംസാരിക്കാൻ കഴിയില്ല എന്ന കാരണത്താൽ അമ്മയ്ക്ക് എന്തോ ഇഷ്ടായില്ല… ആംഗ്യ ഭാഷയിലൂടെ ഞാൻ കാര്യങ്ങൾ ഒരു വിധം അവളോട് ചോദിച്ചു..

അച്ഛന് കുട്ടിയെ വല്ല്യ ഇഷ്ടായി..പിന്നെ എനിക്ക് ഇരുപത്തെട്ട് വയസായത് കൊണ്ടും ചൊവ്വാ ദോഷം ഉള്ളത് കൊണ്ടും അവസാനം അമ്മയും കല്യാണത്തിന് സമ്മതിച്ചു..
മോതിരമാറ്റമൊക്കെ കഴിഞ്ഞ് ഇടക്ക് അവളെ കാണാൻ ഞാൻ പോകുമായിരുന്നു..ഒരു ഫോണും കൊണ്ടു കൊടുത്തു ആദിക്ക്.. പാവം മെസ്സേജ് മാത്രം അയക്കും..ഒരിക്കൽ ഞാൻ ഓർക്കാതെ വിളിച്ചു..ഞാൻ പറയുന്നത് കേൾക്കാമെങ്കിലും തിരിച്ചൊന്നും പറയാൻ കഴിയാതെ എൻ്റെ ആദി കണ്ണ് നനയിച്ചു..പിന്നീട് ഞാൻ വിളിച്ചിട്ടില്ല..

അങ്ങനെ എല്ലാവരുടെയും സമ്മതത്തോടെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു..

ഞാൻ നേരത്തെ പറഞ്ഞത് പോലെ അമ്മയുടെ അവളോടുള്ള പെരുമാറ്റം എന്നെ ഞെട്ടിച്ചു..ആരും തെറ്റിദ്ധരിക്കണ്ട, “ഒരമ്മയ്ക്ക് സ്വന്തം മകളോട് പോലും ഇത്രയ്ക്ക് സ്നേഹം ഉണ്ടാവില്ല…”

അത്രയ്ക്ക് ഇഷ്ടാണ് ആദിയെ…വിവാഹ ദിവസം അമ്മ എന്നോട് പറഞ്ഞൊരു കാര്യം എൻ്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്..” വിഷ്ണൂ നീ കാരണം എൻ്റെ മോളുടെ കണ്ണ് നിറയാൻ പാടില്ല..ഇനി ഇവൾക്ക് വേണ്ടി നീ സംസാരിക്കണം..ഇൗ വീട്ടിലെ മരുമകളല്ല ആദിക്കുട്ടി, എൻ്റെ മോളാ..”

എൻ്റെ ദേഹം മുഴുവൻ പാടുകളാണ്…വേറൊന്നും അല്ല, ഞാൻ അവളെ ഓരോന്ന് പറഞ്ഞ് ദേഷ്യം പിടിപ്പിക്കും.. ആ ദേഷ്യം ആ പാവം എന്നെ പിച്ചിയിട്ടാണ് തീർക്കുന്നത്…എന്നിട്ട് പിച്ചിയ സ്ഥലത്ത് കണ്ണ് നിറഞ്ഞു കൊണ്ട് തടവി തരും..

പലപ്പോഴും ആദി കാണിക്കുന്ന കുറുമ്പിന് ഈ പ്രായത്തിലും അമ്മയുടെ തല്ല് കൊള്ളുന്നത് ഞാനാണ്…”നീ എന്തിനാടാ ആ പാവത്തിനെ ഇങ്ങനെ ഉപദ്രവിക്കുന്നത്” എന്നും പറഞ്ഞാണ് അമ്മയുടെ ചീത്ത…

താമസിയാതെ ആ വീട്ടിൽ ഞാനടക്കം എല്ലാരും ആദിയുടെ ആംഗ്യ ഭാഷാ ശൈലി വശമാക്കി..അവളും ഞങ്ങളിൽ ഒരാളായി..

എന്നും വൈകുന്നേരം ഞാൻ ഓഫീസിൽ നിന്നും വരുമ്പോ അമ്മയുടെ കൂടെയിരുന്ന് ആദി സീരിയൽ കാണുന്നുണ്ടാവും…പക്ഷേ അവളുടെ നോട്ടം മുഴുവനും പടിപ്പുരയിലേക്കാണ്, ഞാൻ വരുന്നതും നോക്കി ഇരിക്കും…

ഒരു ദിവസം “ആഹാ ചേട്ടൻ പണി പറ്റിച്ചല്ലോ” എന്ന അനിയത്തിയുടെ സംസാരത്തിലൂടെ എൻ്റെ ആദിയുടെ വയറ്റിൽ ഒരു ജീവൻ തുടിക്കുന്നത് ഞാൻ അറിഞ്ഞു..മൂന്ന് മാസം വിശ്രമം തന്നെയായിരുന്നു..എഴാം മാസത്തിലും എട്ടാം മാസത്തിലും വേദന വരുമ്പോ എൻ്റെ ആദി ഒന്നു കരയാൻ പോലും കഴിയാതെ എൻ്റെ കയ്യിൽ ഇറുക്കി പിടിച്ചു കൊണ്ട് വിതുമ്പും…

ദൈവം ഞങ്ങൾക്ക് ഒരു പെൺകുഞ്ഞിനെയാണ് തന്നത്.. അന്ന് തന്നെ ഞങൾ തീരുമാനിച്ചു “കിങ്ങിണി” എന്ന് വിളിക്കാം…

ദിവസങ്ങൾ കഴിയും തോറും ആദിക്ക് പേടി കൂടി വന്നു..വേറൊന്നും കൊണ്ടല്ല തൻ്റെ സംസാരശേഷി ഇല്ലായ്മ കിങ്ങിണിക്ക് കിട്ടുമോ എന്നായിരുന്നു…അതിനു പരിഹാരമായി കുറെ അമ്പലങ്ങളിൽ കയറിയിറങ്ങി കിങ്ങിണി മോളെയും കൊണ്ട്..

കിങ്ങിണി മോള് തന്നെ പോലെ സംസാരിക്കാൻ കഴിയാത്ത കുട്ടിയാണെന്നു ആദി വിശ്വസിച്ചു..കുറച്ച് വൈകിയാണെങ്കിലും ഒരു ദിവസം കിങ്ങിണി മോളുടെ “അമ്മാ” എന്നുള്ള വിളി കേട്ട ആ‍ രാത്രി ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു..

അതിലുപരി മരുമകളെ സ്വന്തം മോളെ പോലെ നോക്കുന്ന ഒരമ്മ എനിക്കുണ്ടല്ലോ…;

ഇന്ന് ആദിയുടെ സംസാരശേഷി ഇല്ലായ്മയെ ഇല്ലാതാക്കും വിധം ഒരു വായാടി പെണ്ണാണ് ഞങ്ങളുടെ കിങ്ങിണി മോള്……

~ജിഷ്ണു രമേശൻ