എഴുത്ത്: മനു തൃശ്ശൂർ
=================
കൂട്ടുകാർക്ക് ഇടയിൽ നിന്നും മാറി ഒരോന്ന് നോക്കി ലുലു മാളിലൂടെ നടക്കുമ്പോഴ..ചില്ലു കൂടിനപ്പുറം എൻ്റെ ഒരു ദിവസത്തെ സാലറി amount എഴുതി വച്ചിരിക്കുന്ന ഷൂ കണ്ടത്..
മുന്നോട്ടു വെക്കുന്ന ഒരോ ചുവടിലും മാറിമാറി വരുന്ന ഷൂവിൽ വില കൂടികൂടി വരുന്നു കണ്ട് !! ആദ്യം എനിക്ക് ഒരു പരിഹാസ ചിരി വന്നെങ്കിലും പതിയെ അത് നെഞ്ചിലൊരു വീർപ്പുമുട്ടൽ പോലെയായ്..
ഷർട്ടിന്റെ പോക്കേറ്റിൽ കരുതി വച്ച നോട്ടുകളിൽ കൈവിരലുകൾ അമർത്തുമ്പോൾ നെഞ്ചുനുള്ളിൽ വല്ലാത്തൊരു പെടപ്പ് ആയിരുന്നു..
ഞാൻ മെല്ലെ തലയുയർത്തി കൂട്ടുക്കാരെ നോക്കി ചുണ്ടുകൾ അനക്കി ശബ്ദമില്ലാതെ പറഞ്ഞു..
പോ..വ…..??
ശരിയെന്ന് അവർ തിരിച്ചു സമ്മതം മൂളി എൻ്റെ അടുത്തേക്ക് നടന്നു വരുമ്പോൾ..!!
എങ്ങനെ എങ്കിലും അവിടെ നിന്നും പുറത്തിറങ്ങാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു !!
കൂട്ടുകാർ അവർ വാങ്ങിയ സാധനങ്ങൾ കുറിച്ച് സംസാരിക്കുന്നതിന് ഇടയിൽ നീ ഒന്നും വാങ്ങുന്നില്ലെ ചോദിച്ചത് ..
“ഇല്ലെന്ന് ഞാൻ പറഞ്ഞു..
മനസ്സിൽ നിറയെ ഒരുദിവസത്തെ കഷ്ടപ്പാടും അതു കഴിഞ്ഞു കിട്ടുന്ന വരുമാനം ആയിരുന്നു !!
അതുകൊണ്ട് ഒന്നും വാങ്ങാൻ തോന്നിയില്ല കാരണം എൻ്റെ ആഗ്രഹങ്ങൾക്ക് അത് തികയും ഇല്ലായിരുന്നു..
പിന്നെയും മനസ്സിൻ്റെ വേലിയേറ്റത്തിൽ അടുക്കിവച്ച ഭാരമുള്ള കല്ലുകൾ പോലെ പ്രശ്നങ്ങൾ ഏറെയാണ്..
പെങ്ങളുടെ പഠനം അതിനു ആവശ്യമായ ഫീസ് മറ്റു കാര്യങ്ങൾക്ക് ഇടയിൽ. വീട്ടിലെ ആവശ്യങ്ങളും ..!!
ഓർത്തു ഒന്നും വാങ്ങാതെ കൂട്ടുക്കാരുടെ സഹതാപം ഏറ്റുവാങ്ങി തിരികെ പോന്നതോർത്ത് സങ്കടമൊന്നും ഒട്ടും തോന്നീല..
വീട്ടിൽ വന്നപ്പോൾ ഒരെ കിടപ്പ് ആയിരുന്നു അങ്ങനെ കിടക്കുമ്പോഴ അമ്മ വന്നു ചോദിച്ചു..
നീ പോയിട്ട് നിനക്ക് ഒന്നും എടുത്തില്ലെ..?? അതൊ നീ കല്ല്യാണത്തിന് വരുന്നില്ലെന്ന് തീരുമാനിച്ചൊ..??
വാതിൽ നിൽക്കുന്ന അമ്മയുടെ മുഖത്തെ നിരാശ കണ്ടു ഞാൻ പറഞ്ഞു..
“കല്ല്യാണത്തിന് ഒക്കെ പോവ അമ്മ..!!
കടയിൽ ചെന്നപ്പോൾ എല്ലാത്തിനും വില കൂടുതൽ ആയോണ്ട് ഒന്നും എടുക്കാൻ തോന്നീല പിന്നെ കല്ല്യാണത്തിന് കാശ് വെക്കണ്ടെ..??
അതും പോര അനുട്ടിക്ക് എന്തെങ്കിലും വാങ്ങണം അവളും വരുന്നില്ലെ !!അതുകൊണ്ട് വൈകീട്ട് ഇവിടെ അടുത്ത് എങ്ങനും പോയിട്ട് എടുക്കാന്ന് കരുതി…
അമ്മയിൽ നിന്നും ഒരു മുളൽ ഉണ്ടായി ഒപ്പം വിശക്കുന്നില്ലെ എന്ന് ചോദ്യവും..
ഞാൻ വരാന്ന് പറഞ്ഞു അങ്ങനെ തന്നെ കിടന്നു…
മെല്ലെ എന്തോ ഓർത്തു കൊണ്ട് വാതിൽ പടിയിൽ അമ്മ പോയ ആ ശൂന്യതയിലേക്ക് നോക്കുമ്പോൾ !!വല്ലാത്തൊരു കുറ്റബോധം തോന്നി..
അമ്മയിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ടായിരുന്നെന്ന് ഒരുനിമിഷം മനസ്സ് മന്ത്രിച്ചു..
വീട്ടിലെ ബുദ്ധിമുട്ടുകൾക്ക് ഇടയിൽ ജോലിക്ക് പോയി തുടങ്ങിയപ്പോൾ ആയിരുന്നു കഷ്ടപ്പാട് എന്താണ് ഞാനും അറിഞ്ഞത്..
ആദ്യ പണിക്കൂലി കൈയ്യിൽ കിട്ടിയപ്പോൾ ഒരുപാട് സ്വപ്നങ്ങൾ ആയിരുന്നുഉള്ളിൽ…
നല്ല ഡ്രസ്സ് !! നല്ല ഫുഡ് !!കൂട്ടുകാർ കൂടെ ട്രിപ്പിന് പോക്ക് അടിച്ചുപൊളി ജീവിതം ഒക്കെ!!
പിന്നെ പിന്നെ ഒരോ ദിവസം കടന്നു പോവുമ്പോൾ ജീവിതത്തിലെ എഴുതി ചേർക്കലുകൾ ഒരോന്നായ് അറിഞ്ഞു കൊണ്ടിരുന്നു….
അമ്മയെ ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു എന്തോരം കഷ്ടപ്പെട്ടിരുന്നു..!!
കാലിൽ ഒരു ചെരിപ്പ് ഇല്ലാത്ത എൻ്റെ ഓർമ്മകളുടെ നീറ്റലും മധുരവും നിറഞ്ഞ നാളിൽ..
എൻ്റെ കുഞ്ഞു കുഞ്ഞു വാശികളിൽ എന്തോരം ആ നെഞ്ചിൽ നൊന്തു പോയിട്ടുണ്ടാവും..
അന്ന് വാശി പിടിച്ചു ഒരോന്ന് പറയുമ്പോൾ തന്നെ വാങ്ങിതരാനുള്ള ഒരു സഹചാര്യം അല്ലായിരുന്നു എങ്കിലും കിട്ടുന്ന ആ തുച്ഛമായ വരുമാനം ആവശ്യങ്ങൾക്ക് മാത്രം എടുത്തു ബാക്കി എവിടെ ഒക്കെയൊ സൂക്ഷിച്ചു വെക്കും
പലപ്പോഴും ഞാൻ ചോദ്യം ചെയ്തു ഉണ്ട്
“കാശില്ലെ അമ്മ ? പിന്നെ എന്ത ഒരു ചെരിപ്പ് എടുത്ത, ഇങ്ങനെ നാളെ നാളെ പറയുമ്പോൾ അത്രയും ദിവസം ഞാൻ ചെരിപ്പ് ഇല്ലാതെ നടക്കണ്ടെ..?
എന്നിൽ നിന്നും അത് കേൾക്കുമ്പോൾ തല്ലുകയൊ ദേഷ്യപ്പെടുകയൊ ചെയ്യാതെ !!
“ഇപ്പോൾ കാശില്ലെട, ഇപ്പോൾ ഇടുന്ന ചെരിപ്പ് കുഴപ്പം ഇല്ലല്ലൊ, എത്രയൊ കുട്ടികൾ ചെരിപ്പ് ഇല്ലാതെ നടക്കണ് നമ്മുക്ക് എന്തെല്ലാം നല്ല കാര്യങ്ങളും ആവശ്യങ്ങൾ ഉണ്ട് അതിനൊക്കെ കാശ് വേണ്ടെ. ??
നീ ഇപ്പോൾ അത് കുത്തി ഇട്ടിട്ട് പോ നാളെ ഒരുദിവസം അമ്മ വാങ്ങി തരേണ്ട് പറഞ്ഞു ഒഴിഞ്ഞു മാറുന്ന അമ്മ..
പക്ഷെ എപ്പോഴേങ്കിലും വയ്യെന്ന് പറയുമ്പോൾ ആശുപത്രിയിൽ പോവാട, പറഞ്ഞു ചേർത്ത് പിടിച്ചു ആശുപത്രി വരാന്തയിലെ നീണ്ട തിരക്കിൽ വയ്യായികയും കൊണ്ട് ഞാൻ തളർന്നു നിക്കുമ്പോൾ അമ്മയുടെ സാരിയുടെ മറവിൽ തണലേകി ചേർത്ത് നിർത്തും..
മൂന്ന് നേരം എൻ്റെയും അനിയത്തിയുടെയും വിശപ്പ് അകറ്റാൻ അമ്മ ഒരുപാട് കഷ്ട പെടുമ്പോഴും..
അപ്പോഴും ആഗ്രഹങ്ങൾ ഉള്ളിൽ തന്നെ കിടക്കും പിന്നെ അത് നടക്കണം എങ്കിൽ വിശേഷങ്ങളൊ യാത്രകളൊ വരണം..
അതുവരെ കാലിൽ തേഞ്ഞതൊ !!പൊട്ടിയതൊ !! ചെരിപ്പ് ഇല്ലാതെയോ നടക്കണം..
അല്ലെങ്കിൽ പലതും നടക്കാറുള്ളത് അമ്മയുടെ ഒപ്പം അമ്മവീട്ടിൽ പോവുന്ന വഴിയിൽ ആവും പുത്തൻ ചെരിപ്പ് വാങ്ങൂക !!
പട്ടണത്തിൽ ബസ്സ് ഇറങ്ങി അമ്മവീട്ടിലേക്കുള്ള ബസ്സ് കയറും മുന്നെ വഴിയരികിൽ പരസ്യം തുണികൾ കൊണ്ട് മറച്ച ചെരിപ്പ് കടകൾ ആയിരുന്നു അമ്മയുടെ ഉള്ളിലെ നല്ല കടകൾ..
അന്ന് അമ്മ അതിലേക്ക് ചെരിപ്പ് എടുക്കാൻ കൊണ്ട് പോവുമ്പോൾ ദേഷ്യം കൊണ്ട് ഞാൻ വേണ്ടന്ന് പറയും..
“അമ്മെ ഇവിടെ നല്ല ചെരിപ്പ് അല്ലെന്നും കൊള്ളില്ല എനിക്ക് ഇഷ്ടമായില്ലെന്നും അപ്പുറത്ത് കടയിൽ നോക്കാമെന്നും..അപ്പോൾ അമ്മ പറയും…
ഇത് മതീ..ട..വിലകുറവുണ്ട് നല്ലത് ആണല്ലൊ മറ്റു കടയിൽ ഒക്കെ നല്ല വിലയാവൂന്ന്…
ആ നിമിഷം എന്നിലേക്ക് പ്രതീക്ഷയോടെ നോക്കുന്ന ആ ചെരുപ്പ് കടക്കാരനേയും അമ്മയേയും നോക്കി..എനിക്ക് വേണ്ടന്ന് പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി വരുമ്പോൾ..
നാണക്കേട് കൊണ്ടും സങ്കടം കൊണ്ടും കൈയ്യിൽ എടുത്ത ചെരിപ്പ് തിരികെ കൊടുത്തു ഉള്ളിൽ വിതുമ്പുന്ന മനസ്സുമായി വരുന്ന അമ്മ…
അടുത്ത് വന്നു ഇനി എവിടെ നിന്നും ആണ് എടുക്കേണ്ട് ചോദിക്കുമ്പോൾ..ചില്ലുകൂടിന് അപ്പുറം ഒതുക്കി വച്ച ചെരുപ്പുകളിലേക്ക് എൻ്റെ കുഞ്ഞു വിരൽ ചുണ്ടി.!! ഉള്ളിൽ ജയിച്ച വശിയെ ഓർത്തു ഞാൻ അഭിമാനം കൊള്ളുമ്പോഴ്
”എൻ്റെ അമ്മയുടെ നെഞ്ചൊന്ന് കിതക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്..!!
ഒടുവിൽ ചെരിപ്പ് വാങ്ങി സന്തോഷം കൊണ്ട് ഇട്ടു ഇതുമതി എന്ന് ഞാൻ പറയുമ്പോൾ..
എത്രയായ് എന്ന് കടക്കാരനോട് ചെറു ചിരിയോടെ ചോദിക്കുന്ന അമ്മയുടെ മുഖം…
വില കേൾക്കുമ്പോൾ നനഞ്ഞ തൂവൽ പോലെ എന്നിലേക്ക് പാറി വിഴും..
ആ നോട്ടത്തിൽ എന്തായിരുന്നു എന്ന് അന്ന് എനിക്ക് അറിയില്ലായിരുന്നു എങ്കിലും…
അമ്മ അകന്നു മാറിയ ശൂന്യതയിലേക്ക് നോക്കി ഈ നിമിഷം അതോർത്തു കിടക്കുമ്പോൾ ഇന്നെൻ്റെ ഉള്ള് പിടയുന്നുണ്ട്..!!
പെട്ടെന്ന് എഴുന്നേറ്റു അടുക്കളയിൽ ചെല്ലുമ്പോൾ എന്തോ ജോലിൽ മുഴങ്ങി നിൽക്കുന്ന അമ്മയെ കണ്ടു നെഞ്ചു വിങ്ങി വേഗം ചെന്നു മുറുകെ ഒന്ന് കെട്ടി പിടിക്കാൻ ആദ്യ മനസ്സ് കൊതിച്ചെങ്കിലും എൻ്റെ ഉള്ളിലെ വേദനയും തീചൂടും അറിയണ്ട കരുതി..
മെല്ലെ അടുത്ത് പോയി ഇരു ചുമലിലു പിടിച്ചു എൻ്റെ താടിതുമ്പ് അമ്മയുടെ തോളിൽ വച്ചു പതിയെ പറഞ്ഞു..
വൈകുന്നേരം നമ്മുക്ക് ഒരുമിച്ച് കടയിൽ പോവാം. ഷെമീർ ഇക്കാൻ്റെ ഓട്ടോ വിളിച്ചു ഉണ്ട് അനുട്ടി ക്ലാസ് കഴിഞ്ഞു വരുമ്പോൾ പറഞ്ഞൊ ഒരുങ്ങാന്..
അമ്മയുടെ മൂളലും സന്തോഷത്തിന് ഇടയിലെ നൊമ്പരങ്ങളും ജീവിത ഭാരങ്ങളും പേറി വീണ്ടുമൊന്നും മൊഴിയാതെ അങ്ങനെ തന്നെ നിൽക്കോമ്പോൾ..
അമ്മയുടെ ചുമലിൽ നിന്നും എടുത്ത എൻ്റെ കരങ്ങൾ ആ സ്നേഹത്തിൻ്റെ വാത്സല്യത്തിൻ്റെ ചൂട് ഇനിയും മേറെ കൊതിക്കുന്നു ഉണ്ടാരുന്നു…