Story written by Sumayya Beegum T A
===================
അയ്യേ ഈ പെണ്ണോ?
ജയറാമിനെ പോലിരിക്കുന്ന ഫൈസിക്ക് ഇവളെ കിട്ടിയുള്ളൂ റബ്ബേ?
ബെസ്റ്റ് ജയറാം ഒക്കെ പ്രായമായി. ആസിഫ് അലിയെ പോലെ എന്നാണെങ്കിൽ പിന്നേം എന്നോർത്തു റംസീന അമ്മായി അമ്മയുടെ കാതിൽ പറഞ്ഞു ന്റെ ഉമ്മാ നിങ്ങള് ഒന്നു മിണ്ടാതിരിക്കാവോ. ദേ പെണ്ണിന്റെ അമ്മായിയുടെ വീട്ടുകാരാണ് അപ്പുറത്തെ ടേബിളിൽ ഇരിക്കുന്നത്.
അവരെ ചൂണ്ടി കാണിച്ചിട്ട് റംസീന ചിക്കൻ കാൽ രണ്ടാമത്തെയും കൂടി കടിച്ചുപറിച്ചു.
കോഴി വെന്തിട്ടില്ല. ഗ്രേവിക്ക് ഒരു രുചിയുമില്ല.
ഓഹ് പഷ്ട് ഇനി വെന്തും കൂടെ ഇരുന്നെങ്കിൽ നീ തിന്നു കഴിഞ്ഞു പിന്നെ ആരും കഴിക്കേണ്ടി വരില്ല. അമ്മായിഅമ്മ പിറുപിറുത്തതു റംസീന കേട്ടില്ല വെളിയിൽ വിളമ്പുന്ന ഐസ് ക്രീം തീർന്നാലോ എന്നൊരു പേടികാരണം “കൊള്ളാത്ത “ഗ്രേവി കുഴച്ചു കഴിക്കുന്ന തിരക്കിലായിരുന്നു.
സ്റ്റേജിനു മുമ്പിലത്തെ കസേരകളൊന്നിൽ വേറൊരു സംസാരം പൊടിപിടിച്ചു.
ഡി ആ പെണ്ണിന്റെ സ്വർണം കണ്ടോ,? നാണക്കേട്. ഇത്രയും ഇല്ലാത്തിടത്തു പോയി പെണ്ണ് കെട്ടേണ്ട കാര്യം നിന്റെ ആങ്ങളക്കു ഉണ്ടായിരുന്നോ? അതോ നിങ്ങൾ അങ്ങോട്ട് ഇട്ടു കെട്ടിയതാണോ?
സലീനയുടെ കെട്യോന്റെ പെങ്ങൾ കിട്ടിയ അവസരത്തിൽ അവൾക്കിട്ടു ഒന്നു കുത്തിയപ്പോൾ സലീനയ്ക്ക് നൊന്തു.
ഇത്താത്ത അമ്പത് പവനിൽ കൂടുതലുണ്ട്. കാണുന്ന പോലല്ല നല്ല തൂക്കം ഉണ്ട്. പഠിച്ച പെണ്പിള്ളേര്ക്ക് നെറ്റിപ്പട്ടം കെട്ടിയ പോലൊന്നും അണിഞ്ഞൊരുങ്ങി നില്കുന്നത് ഇഷ്ടല്ല അതോണ്ട് വലിപ്പം കുറച്ചതാണ് .
പിന്നെ ഞങ്ങൾ ആദ്യായിട്ട് അല്ലേ പഠിത്തക്കാരികളെ പുതുപെണ്ണായി കാണുന്നത്?
മുഖം കോട്ടി അവര് പരിഹസിക്കുമ്പോൾ സലീനക്ക് അങ്ങളയുടെ പുതുപെണ്ണിനെ കൊത്തിക്കുടിക്കാനുള്ള ദേഷ്യം കുത്തിവെക്കാൻ കൂടി മറന്നില്ല. നാളെ ആ വീട്ടിൽ ഒരടി ഉണ്ടാവുന്നത് മനസ്സിൽ കണ്ടു ബിരിയാണി കഴിക്കാൻ അവരോടി. ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?
സൗന്ദര്യവുമില്ല, നിറവുമില്ല, പൊന്നുമില്ല. ഇവളുമാർ എല്ലാം കൂടി ആ ചെക്കനെ കാടിക്കുഴിയിൽ ചാടിച്ചു അത്ര തന്നെ. യാത്രാച്ചിലവും ആഹാരവും കൊടുത്തുകൊണ്ട് വന്ന ബന്ധുക്കൾ അവിടെയും ഇവിടെയുമൊക്കെ ഇരുന്നു അവരുടെ പതിവ് കടമ തീർത്തു.
അകത്തെ ബിരിയാണി മേശയിലെ സംസാരങ്ങൾ ഇനി ഒരു കുറ്റവും കണ്ടുപിടിക്കാണില്ലന്ന മട്ടിൽ നീണ്ടു നീണ്ടു പോകുമ്പോൾ പുറത്തെ ചർച്ചകൾ കുറച്ചൂടെ ഗൗരവത്തിൽ ആയിരുന്നു.
സഫറെ ഈ പെണ്ണിന്റെ വീട്ടിൽ ഭൂസ്വത്തു ഒക്കെയുണ്ടോ?
എനിക്ക് അറിയില്ല.
നീ അവന്റെ കൊച്ചാപ്പ അല്ലേ? അതൊക്കെ തിരക്കണ്ടേ?
അവൻ കെട്ടിയ പെണ്ണിന്റെ കാര്യം അവൻ നോക്കിക്കൊള്ളും ഇങ്ങള് വന്നു ബിരിയാണി കഴിക്കു ഹംസക്ക.
കുറച്ചൂടെ കിട്ടപോരുള്ള ഒരിടത്ത് നിന്നാകായിരുന്നു?
ലോകം മൊത്തം പെണ്ണ് തേടി നടന്നപ്പോൾ കാണാതിരുന്ന കാർന്നോന്മാരൊക്കെ മുഹൂർത്തം നോക്കി ആളാവുന്നത് കണ്ടിട്ടും അലമ്പ് വേണ്ടെന്ന് ഓർത്തു ഫൈസി ഇടപെട്ടില്ല.
അതെ സമയത്തു കാലവറയുടെ ഒരു സൈഡിൽ നിന്നും പരവേശപ്പെടുന്ന പെണ്ണിന്റെ ഉപ്പ ഉസ്മാന്റെ അരികിലേക്ക് മകൻ ഓടിയെത്തി.
എന്താ ഉപ്പാ? ഇങ്ങോട്ട് വരാൻ പറഞ്ഞത്?
വെറും ചോറ് തീർന്നല്ലോ മോനെ?
ഇനി എന്നാ ചെയ്യും?
ഉപ്പാ രണ്ടായിരം പേർക്കുള്ള ഭക്ഷണം നമ്മൾ കരുതിയതല്ലേ? ആയിരത്തഞ്ഞൂറു ബിരിയാണിയും അഞ്ഞൂറ് വെറും ചോറും. പിന്നെ എങ്ങനെ തികയാതെ വരും?
മോനെ അവിടുന്ന് എഴുന്നൂറ്റി അമ്പത് പേരെന്ന് പറഞ്ഞിട്ട് ആയിരം പേര് അടുത്ത് വന്നിട്ടുണ്ട് അവരിൽ കൂടുതലും വെറും ചോറുകാരാണ് അതാണ് കുഴപ്പത്തിലായത്.
കണക്ക് പറഞ്ഞാൽ കണക്ക് ആയിരിക്കണം അല്ലാതെ ഈ അവസാന നിമിഷം എന്താ നമ്മള് ചെയ്യുക. പെണ്ണിന്റെ മാമ ഉസ്മാനെ ആശ്വസിപ്പിച്ചു.
ചോറ് കിട്ടാത്ത ആൺവീട്ടുകാരുടെ പ്രതിഷേധം ചെക്കന്റെ ഉമ്മ ഏറ്റെടുത്തു പൊലിപ്പിക്കുമ്പോൾ ഉറുമ്പ് സൂക്ഷിച്ചുവെക്കുന്ന പോലെ ഉസ്മാൻ സമ്പാദിച്ച പൈസയും ഒന്നുരണ്ടു മാസത്തെ പെൺകൂട്ടരുടെ കല്യാണ തയാറെടുപ്പുകളൊക്കെയും വെറുതെയായി.
പിന്നെ അങ്ങോട്ടുള്ള പോരിന് അതൊരു തറക്കല്ലാവുമ്പോൾ കണ്ണീർവാർത്തു പുതിയ പെണ്ണ് പകച്ചുനിന്നു…
*****************
ഹലോ…..
സന ഇത്ത ഞങ്ങൾ ഇറങ്ങാറായി എന്താണ് ചിന്തിച്ചു കൂട്ടുന്നത്?
ഞാൻ എന്റെ നിക്കാഹ് ഓർത്തുപോയി പെണ്ണേ? അങ്ങനെ പറയാൻ തുടങ്ങിയെങ്കിലും അത് മാറ്റി സന പറഞ്ഞു.
ഒന്നുമില്ല മോൾ പോയി വരൂ.
തിക്കും തിരക്കുമില്ലാത്ത കല്യാണവീട്ടിൽ പന്തലോ ആര്ഭാടങ്ങളോ ആഡംബരങ്ങളോ ഇല്ലാതെ സനയുടെ അനിയത്തി സൈന മണവാട്ടിയായി.
ഏറ്റവും അടുത്ത ഇരുപത് പേര് മാത്രം കൂടിയ ആ ചടങ്ങിൽ കുശുമ്പും കുന്നായ്മയും പടിക്കു പുറത്തും സന്തോഷവും സംതൃപ്തിയും വീട്ടിലും നിറഞ്ഞു.
ആഹ്ലാദത്തോടെ പടിയിറങ്ങുന്ന അനിയത്തിയെ നോക്കി സന കണ്ണീരാൽ പുഞ്ചിരി തൂകുമ്പോൾ ഉസ്മാൻ നെഞ്ചിൽ കൈവെച്ചു പറഞ്ഞു അൽഹംദുലില്ലാഹ്.
കല്യാണം എന്ന പേരിൽ നിർബന്ധിതമായി ഓരോ രക്ഷാകർത്താവും ചെയ്യേണ്ടിവരുന്ന അനാവശ്യ ചിലവുകളും ആഡംബരങ്ങളും ഉപേക്ഷിച്ചു വെപ്രാളവും അധികളുമില്ലാതെ വീട്ടുമുറ്റത്തു നിന്നും സ്വന്തം മകളെ സന്തോഷത്തോടെ യാത്ര അയക്കാൻ ഏതൊരു പിതാവാണ് ആഗ്രഹിക്കാത്തത്? അങ്ങനെ ഒരു നിർവൃതി ആ മുഖത്ത് തെളിഞ്ഞു നിന്നു.
ഇന്ന് കല്യാണം എന്ന മാമാങ്കവും അതിനോട് അനുബന്ധമായ അനവധി തുടർ ചടങ്ങുകളും ഒഴിവാക്കപ്പെട്ടിരുന്നു.. പകരം രണ്ടു മനസ്സുകളുടെ, രണ്ട് കുടുംബങ്ങളുടെ സന്തോഷകരമായ കൂടിച്ചേരലായി വിവാഹം.
മനുഷ്യനും മതങ്ങൾക്കും അതീതമായത് കോവിഡിന് സാധിച്ചു.
മുഴുവൻ ജനങ്ങളും ഭയക്കുന്ന ഈ മഹാ വ്യാധിയിൽ നിന്നും ലോകം രക്ഷപെടട്ടെ എന്ന പ്രാര്ഥനയോടൊപ്പം പുതുപെണ്ണിനെയും വീട്ടുകാരെയും ഒരുപോലെ വേദനിപ്പിക്കുന്ന കല്യാണ പേക്കൂത്തുകൾ പോലുള്ള അനാചാരങ്ങൾ അവസാനിപ്പിക്കാൻ നാഥൻ നൽകിയ തിരിച്ചറിവിനുള്ള അവസരമായി ഈ സമയം ഉപയോഗപ്പെടട്ടെ.
വിവാഹിത്തിനൊരുങ്ങുന്ന ഏവർക്കും കുശുമ്പില്ലാത്ത കലർപ്പില്ലാത്ത ആശംസകൾ.