അവൾക്കായ്….
എഴുത്ത്: ദേവാംശി ദേവ
===================
ചൂടുള്ള എണ്ണയിലേക്ക് പപ്പടമിട്ട ശേഷം അത് കോരി എടുക്കാൻ തുടങ്ങുമ്പോളാണ് സനൂപ് വിനീതയുടെ പുറകിലൂടെ കെട്ടിപ്പിടിച്ച് പിൻ കഴുത്തിൽ മുഖമമർത്തിയത്..
പേടിച്ചു പോയ വിനീത അവനെ തള്ളി മാറ്റി വേഗം തിരിഞ്ഞു നോക്കി..പുറകിൽ ചിരിയോടെ നിൽക്കുന്ന സനൂപിനെ കണ്ടപ്പോൾ അവളുടെ മുഖം മാറി..ആ സമയത്ത് അവളുടെ ഭാവം എന്തായിരുന്നെന്ന് സനൂപിനുപോലും മനസ്സിലായില്ല.
അവനോട് ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞുനിന്ന് പണികൾ തുടർന്നു..
പപ്പടം കാച്ചി കഴിഞ്ഞ് ഊണും കറികളും ഡൈനിങ് ടേബിളിൽ നിരത്തുമ്പോൾ സമയം ഉച്ചക്ക് ഒരുമണി. സനൂപിനും അവന്റെ അമ്മക്കും ആഹാരം വിളമ്പി കൊടുത്തു.. കഴിച്ചു കഴിഞ്ഞ് അമ്മ ഉച്ച മയക്കത്തിനായി റൂമിലേക്ക് പോയി..എച്ചിൽ പാത്രങ്ങൾ എടുത്ത് വിനീത അടുക്കളയിലേക്കും.
സനൂപിന്റെ കണ്ണുകളും അവളെ പിന്തുടർന്നു..പാത്രങ്ങളൊക്കെ കഴുകി അടുക്കള വൃത്തിയാക്കി വീടുമുഴുവൻ അടിച്ചുവാരിയ ശേഷം കുറെ തുണികളുമായി വിനീത പുറകുവശത്തെ അലക്കുകല്ലിനരികിലേക്ക് നടന്നു..
അവൾ അലക്കി വിരിക്കുന്ന തുണികളിൽ തന്റെയും അമ്മയുടെയും മാത്രമല്ല ജോലിക്കാരിയായ തന്റെ ചേച്ചിയുടെയും ഭർത്താവിന്റെയും തുണികൾ ഉണ്ടെന്ന് കണ്ടപ്പോൾ ഇതൊക്കർ ഇവൾ എന്തിനാ അലക്കുന്നതെന്ന സംശയത്തോടെ സനൂപ് ബാൽക്കണിയിൽ നിന്ന് അവളെ നോക്കി..
വൈകുന്നേരം മൂന്നു മണി കഴിഞ്ഞ് അല്പം ചോറുമായി അടുക്കള പടിയിലിരിക്കുന്നവളെ കണ്ട് സനൂപ് അവളുടെ അടുത്തേക്ക് വന്നു.
“നീ ഇപ്പോഴാണോ കഴിക്കുന്നത്..ഇവിടെ ഇരുന്ന് എന്തിനാ കഴിക്കുന്നത്.” അതിന് മറുപടിയൊന്നും പറയാതെ അവൾ അകത്തേക്ക് കയറി പോയി..
അമ്മ ഉച്ചമയക്കം കഴിഞ്ഞു ഉണർന്നപ്പോൾ തന്നെ ചായയും പലഹാരങ്ങളും ടേബിളിൽ നിരന്നു..പിന്നെയും അവൾക്ക് ജോലികൾ ഉണ്ടായിരുന്നു..
മുറ്റമടിച്ചു,രാത്രിക്കുള്ള ഭക്ഷണം റെഡിയാക്കി,ഉണങ്ങിയ തുണികൾ ഇസ്തിരിയിട്ട് മടക്കി ഓരോരുത്തരുടെയും റൂമിൽ കൊണ്ടു വെച്ചു..അത്താഴം വിളമ്പി കൊടുത്തു,പാത്രം കഴുകി, അടുക്കള വൃത്തിയാക്കി കുളിച്ച് അവൾ റൂമിലേക്ക് വരുമ്പോൾ സമയം പന്ത്രണ്ട് മണി ആയിരുന്നു…അപ്പോഴും സനൂപ് അവൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു..
എന്നിട്ടും അവനെയൊന്ന് നോക്കുക പോലും ചെയ്യാതെ തിരിഞ്ഞു കിടന്നവളെ അവൻ പുറകിലൂടെ കെട്ടിപ്പിടിച്ചു..
“തൊട്ട് പോകരുത് എന്നെ..” പൊട്ടിത്തെറിച്ചുകൊണ്ട് അവൾ ചാടി എഴുന്നേറ്റു..
സനൂപും ഞെട്ടി പോയിരുന്നു..കാരണം വിവാഹം കഴിഞ്ഞ് രണ്ടര വർഷത്തിനിടക്ക് ആദ്യമായാണ് അവളുടെ ഇങ്ങനെയൊരു മുഖം അവൻ കാണുന്നത്.
“എന്ത് അധികാരത്തിലാ നിങ്ങൾ എന്നെ തൊട്ടത്.”
“വിനീത..ഞാൻ നിന്റെ ഭർത്താവ് അല്ലെ..”
“ആണോ..ഈ രണ്ടര വർഷത്തിനിടെ ഇപ്പോഴാണോ നിങ്ങൾക്കത് മനസിലായത്.”
“വിനീത..ഞാൻ…എനിക്കൊരു പ്രണയം..”
“മതി..” ദേഷ്യത്തോടെ അവൾ കൈ എടുത്ത് വിലക്കി..
“പറയണ്ട നിങ്ങൾ..പറയാതെ തന്നെ എനിക്ക് എല്ലാം അറിയാം..അറിയാതിരിക്കാൻ ഞാൻ അന്ധയും ബധിരയും ഒന്നും അല്ലല്ലോ..
ജെസി..വർഷങ്ങളായുള്ള നിങ്ങളുടെ പ്രണയം. അന്യ മതത്തിൽ പെട്ട പെണ്ണിനെ വിവാഹം ചെയ്താൽ ആത്മഹത്യ ചെയ്യുമെന്ന നിങ്ങളുടെ അമ്മയുടെ ഭീക്ഷണിക്ക് മുന്നിൽ അമ്മ കണ്ടെത്തിയ എന്റെ കഴുത്തിൽ നിങ്ങൾ താലി കെട്ടി.
ഒരു ഗവർമെന്റ് ഉദ്യോഗസ്ഥൻ സ്ത്രീധനമൊന്നും ചോദിക്കാതെ മകളെ വിവാഹം ചെയ്യാൻ തയാറായപ്പോൾ അയാളെ പറ്റി കൂടുതലൊന്നും അന്വേഷിക്കാതെ,എന്റെ പഠിത്തവും നിർത്തി എന്റെ വീട്ടുകാർ എന്നെ നിങ്ങൾക്ക് കെട്ടിച്ചു തന്നു.
നിങ്ങളുടെ ഭാര്യയായി ഈ വീട്ടിൽ വന്നവളാണ് ഞാൻ..അതിന്റെ പരിഗണന എന്നെങ്കിലും നിങ്ങൾ എനിക്ക് തന്നിട്ടുണ്ടോ..
നിങ്ങൾ ഇപ്പൊ പറയാൻ പോകുന്ന മറുപടിയും എനിക്ക് അറിയാം. .ജെസിക്കൊരു ജീവിതം ഉണ്ടായ ശേഷം തനിക്കൊരു ജീവിതം മതിയെന്ന് കരുതി എന്നല്ലെ…
പ്രണയം ഒരിക്കലുമൊരു തെറ്റല്ല..പ്രണയിക്കുന്നവരാണ് തെറ്റുചെയ്യുന്നത്.
അമ്മയുടെ ഭീക്ഷണിക്കുമുന്നിൽ ഭയന്ന് എന്നെ വിവാഹം ചെയ്ത് ജെസിയോടും നിങ്ങളുടെ പ്രണയത്തോടും ആദ്യം നിങ്ങൾ തെറ്റ് ചെയ്തു..ജെസിക്ക് വേണ്ടി എന്നെ അവഗണിച്ച് എന്നോടും നിങ്ങൾ തെറ്റ് ചെയ്തു..
എല്ലാം എന്നോട് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഒരു ജന്മം മുഴുവനും നിങ്ങൾക്ക് വേണ്ടി കാത്തിരുന്നേനെ ഞാൻ.
ചേർത്ത് പിടിക്കേണ്ട ഒന്ന് ചിരിച്ചാൽ മതിയായിരുന്നു..അതുപോലും നിങ്ങൾ ചെയ്തില്ല..
പനിപിടിച്ച് എഴുന്നേൽക്കാൻ വയ്യാതെ ഞാനിവിടെ കിടക്കുമ്പോൾ നിങ്ങൾ ജെസിയുടെ ബർത്ഡേക്ക് ഗിഫ്റ്റ് കൊടുക്കാൻ ഡ്രസ് സെലക്ട് ചെയ്യുവായുരുന്നു.
ആ ർ ത്തവ വേദന സഹിക്കാൻ കഴിയാതെ ഞാനിവിടെ കിടക്കുമ്പോൾ ഫോണിലൂടെ നിങ്ങൾ അവൾക്ക് ആശ്വാസമേകുവായിരുന്നു..
എന്നെ മനസ്സിലാക്കിയത് എന്റെ പെറ്റമ്മ മാത്രമാണ്.അതുകൊണ്ട് തന്നെ ഞാനെന്റെ വിഷമങ്ങൾ പറയാൻ തുടങ്ങും മുൻപേ അമ്മ പറയും സ്ത്രീകൾ കുറേയൊക്കെ സഹിക്കണമെന്ന്.” അവളുടെ ചുണ്ടുകളിൽ ഒരു പുച്ഛ ചിരി വിരിഞ്ഞു..
“പിന്നെ നിങ്ങൾ ചോദിച്ചില്ലേ ഇപ്പോഴാണോ ആഹാരം കഴിക്കുന്നത് ഇവിടെ ഇരുന്നാണോ ആഹാരം കഴിക്കുന്നതെന്ന് .
ഇന്ന് ആദ്യമായല്ല…വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം മുതൽ എന്റെ സ്ഥാനവും സമയവും അത് തന്നെയാണ്..എനിക്കതിൽ പരാതിയില്ല..കാരണം നിങ്ങളുടെ അമ്മയും ചേച്ചിയും കൂടി എനിക്ക് അനുവദിച്ചു തന്നൊരു സ്ഥാനമുണ്ട് എനിക്കീ വീട്ടിൽ..വേലക്കാരി..മനസ്സുകൊണ്ട് ഞാനും അത് സ്വീകരിച്ചു കഴിഞ്ഞു..
ഇന്ന് ജെസിയുടെ വിവാഹമായിരുന്നെന്ന് എനിക്ക് അറിയാം..അതുകൊണ്ടാണ് നിങ്ങളുടെ കണ്ണിൽ എന്നെ കാണാൻ കഴിഞ്ഞതെന്നും അറിയാം..പക്ഷെ നിങ്ങളുടെ ഭാര്യയാകാനോ നിങ്ങളെ ഭർത്താവായി അംഗീകരിക്കാനോ എനിക്ക് കഴിയില്ല..നിങ്ങളത് പ്രതീക്ഷിക്കുകയും വേണ്ട.
കട്ടിലിനടിയിൽ നിന്നും മടക്കിവെച്ച പാ എടുത്ത് നിലത്ത് വിരിച്ച് വിനീത കിടന്നപ്പോൾ സനൂപിൻെറ കണ്ണുകൾ നിറഞ്ഞൊഴുകി..
ശരിയാണ്..അവൾ പറഞ്ഞതെല്ലാം ശരിയാണ്..ജെസി..അവൾ മാത്രമായിരുന്നു മനസ്സിൽ..അമ്മക്ക് വേണ്ടി അവളെ ഉപേക്ഷിക്കേണ്ടി വന്നപ്പോൾ അവൾ ഒരിക്കലും തകർന്നു പോകരുതെന്ന് വാശി ഉണ്ടായിരുന്നു..അതിനു വേണ്ടി അവളൊരു കുടുംബ മാകുന്നത് വരെ കൂടെ നിൽക്കണമെന്ന് കരുതി..അതിനിടയിൽ വിനീതയെ അറിഞ്ഞില്ല..അവൾ ഇവിടെ അനുഭവിക്കുന്ന ദുരിതങ്ങളോ അവളുടെ മനസിന്റെ വേദനയോ അറിഞ്ഞില്ല..അറിയാൻ ശ്രമിച്ചില്ല..
തന്റെ ഭാര്യയല്ലേ..എത്ര കാലം കഴിഞ്ഞാലും താൻ സ്നേഹിച്ചു തുടങ്ങുമ്പോൾ അവളും തിരികെ സ്നേഹിക്കുമെന്ന് കരുതി..പക്ഷെ അവൾക്കൊരു മനസ്സുണ്ടെന്നും തന്റെ പ്രവർത്തി ആ മനസ്സിനെ കീറി മുറിക്കുന്നുണ്ടെന്നും മനസ്സിലാക്കാൻ പറ്റിയില്ല..
വിനീത ഉറങ്ങിയെന്ന മനസ്സിലായപ്പോൾ അവൻ അവളുടെ അടുത്തിരുന്നു..അവന്റെ കണ്ണുനീർ അവളുടെ പാദങ്ങളെ നനച്ചു..
“മാപ്പ്.. ചെയ്തുപോയ എല്ലാ തെറ്റുകൾക്കും മാപ്പ്..നിന്റെ ഹൃദയത്തിൽ ഞാനുണ്ടാക്കിയ മുറിവ് എന്റെ സ്നേഹം കൊണ്ട് തന്നെ ഞാനുണക്കും..നിനക്കു വേണ്ടി ഞാനിനി ജീവിക്കും.”
സനൂപിന്റെ വാക്കുകൾ ഉറക്കം നഷ്ടപ്പെട്ട വിനീത കേൾക്കുന്നുണ്ടായിരുന്നു..അവൾ കണ്ണ് തുറന്ന് നോക്കിയില്ല..വാശിയോടെ തൻറെ കണ്ണുനീരിന്റെ തടഞ്ഞു നിർത്തി..
സനൂപിനെ കണ്ണുനീരിനോ ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾക്കോ അവളുടെ മനസ്സ് മാറ്റാൻ ആ നിമിഷം കഴിയുമായിരുന്നില്ല..
എങ്കിലും നമുക്ക് കാത്തിരിക്കാം..കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്നാണല്ലോ..
വിനീതയുടെ മനസ്സ് മാറ്റാൻ സനൂപിന്റെ പ്രണയത്തിന് കഴിയട്ടെ..അവനിനി അവൾക്കായ് മാത്രം ജീവിച്ചു തുടങ്ങട്ടെ….