ഒരാൾ മാത്രം ❤❤❤ പാർട്ട് – 1
Story written by Bindhya Balan
======================
“എന്താ ചേച്ചി അവിടെ ആൾക്കൂട്ടം.. ആക്സിഡന്റ് വല്ലതുമാണോ? “
രാവിലെ ഓഫിസിലേക്ക് പോകുന്ന വഴിക്ക് പതിവില്ലാത്ത വിധം ബ്ലോക്കും ആൾക്കൂട്ടവും കണ്ട് വണ്ടി സൈഡിലേക്ക് ഒതുക്കിക്കൊണ്ട് എതിരെ നടന്നു വന്ന ചേച്ചിയോട് ഞാൻ കാര്യം തിരക്കി.
“ഓഹ്.. ഒന്നും പറയണ്ട മോളെ.. അവിടെ ഒരു ചെറുക്കൻ ബൈക്കിടിച്ചു കിടപ്പുണ്ട്… മരിച്ചോ അതോ ജീവനുണ്ടോ എന്നൊന്നുംഅറിയാത്ത വിധം അയാളുടെ സ്ഥിതി മോശം ആയത് കൊണ്ട് ആളുകൾക്ക് എടുക്കാൻ ഒരു പേടി.. അല്ല അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ഇന്നത്തെ കാലത്ത് ആർക്കും ഒരുപകാരവും ചെയ്യാതിരിക്കുന്നതാ നല്ലത്.. അവസാനം രക്ഷിക്കാൻ ചെന്നവൻ പ്രതിയാകും.. അത്ര നല്ല നാടാണല്ലോ നമ്മുടെ “
നിസ്സഹായതയും പുച്ഛവും കലർന്നൊരു സ്വരത്തിൽ അത്രയും പറഞ്ഞിട്ട് നടന്നു നീങ്ങുന്ന അവരെ ഒരു നിമിഷമൊന്നു നോക്കിയിരുന്നിട്ട്,വണ്ടിയിൽ നിന്നിറങ്ങി ഞാൻ ആ ആൾക്കൂട്ടത്തിലേക്ക് ചെന്നു.
പതിയെ ആളുകളെ വകഞ്ഞു മാറ്റി ചെന്നപ്പോൾ കണ്ടത് ചോരയിൽ മുങ്ങി കിടന്ന് ഞരങ്ങുന്നൊരു ജീവനെയാണ്.
“ചേട്ടാ, ഇങ്ങനെ നിന്നാലെങ്ങനെ ശരിയാകും.. നമുക്ക് എല്ലാവർക്കും കൂടി ഇയാളെ ഹോസ്പിറ്റൽ കൊണ്ട് പോകാം “
അടുത്ത് നിന്ന ആളോട് ഞാൻ പറഞ്ഞു
“എന്റെ കൊച്ചേ വേറേ പണിയില്ലേ കൊച്ചിന്.. തൊട്ടാൽ നമ്മുടെ തലയിൽ ആകും.. ദേ നോക്ക് ഒരു ഞരക്കം മാത്രേയുള്ളു അയാൾക്ക്… “
അയാളത് പറഞ്ഞു കേട്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്തൊരു ദേഷ്യം തോന്നി അയാളോട്
“എന്ന് വച്ച്, ഇയാൾ അവിടെക്കിടന്നു മരിച്ചോട്ടെ എന്നാണോ..? “
ഞാൻ ചോദിച്ചു.
” ആംബുലൻസിന് വിളിച്ചു പറഞ്ഞിട്ടുണ്ട്.. അവരിപ്പോ വരും… “
“ഓഹോ… നല്ല നന്മയായിപ്പോയി ചെയ്തത്.. ആംബുലൻസ് വരും പോലും.. നിങ്ങൾക്കൊന്നും മനസാക്ഷി ഇല്ലേ..നിങ്ങളുടെ ആരെങ്കിലും ആണ് ഈ കിടന്നിരുന്നതെങ്കിൽ നിങ്ങൾ ഇങ്ങനെ ആംബുലൻസ് വരുന്നതും നോക്കി നിക്കോ… ഇല്ലല്ലോ… ഓഹ്.. ആരാൻ ചവാൻ കിടന്നാൽ നിങ്ങൾക്കൊക്കെ എന്താല്ലേ “
ഇത്തവണ എന്റെ ശബ്ദം ഉയർന്നിരുന്നു.
“കൊച്ചിന് ഇത്ര നോവാൻ ഇത് കൊച്ചിന്റെ ആരേലും ആണോ.. ഒരു കാര്യം ചെയ്യ് കൊച്ച് തന്നെ ഇയാളെ ആശൂത്രിയിൽ കൊണ്ട് പോ… അല്ല പിന്നെ… “
എനിക്കയാളോട് പിന്നെയും ദേഷ്യം തോന്നി.
എങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല. നേരെ ചെന്ന് വണ്ടിയെടുത്ത് ആ ആൾക്കൂട്ടത്തിനരികിലേക്ക് കൊണ്ട് നിർത്തി ഡോർ തുറന്നു പുറത്തിറങ്ങി ഞാൻ വീണ്ടും അവർക്കിടയിലേക്ക് ചെന്നു. ചോരയിൽ മുങ്ങിക്കിടക്കുന്ന ആ പാവത്തിനരികിലേക്ക് മുട്ടുകുത്തിയിരുന്ന് ഷാൾ കൊണ്ട്, തലയിലെ ചോരയൊഴുകുന്ന മുറിവിനെ വരിഞ്ഞു കെട്ടി കൂടി നിന്നവരോട്
“ഉത്തരവാദിത്തം മുഴുവൻ ഞാൻ എറ്റോളാം …. ഇയാളെ എന്റെ വണ്ടിയിലേക്ക് ഒന്ന് എടുത്തു കിടത്താമോ …. “
എന്ന് ചോദിക്കുമ്പോൾ ഉള്ളം വേണ്ടപ്പെട്ട ആർക്കോ വേണ്ടി തേങ്ങുന്നത് പോലെ തോന്നിയെനിക്ക്
എന്റെ യാചിക്കുന്ന സ്വരം കേട്ടത് കൊണ്ടാവാം മൂന്ന് നാല് പേർ ചേർന്ന് അയാളെ താങ്ങിയെടുത്തു വണ്ടിയിൽ കിടത്തിയതും എനിക്കൊപ്പം ഹോസ്പിറ്റലിലേക്ക് വരാൻ തയ്യാറായതും. ആ ഒരാശ്വാസത്തിൽ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ആണ്, കൂട്ടത്തിലൊരാൾ ഓടിവന്നൊരു പേഴ്സും ഡിസ്പ്ലേ തകർന്നൊരു ഫോണും എന്നെ ഏൽപ്പിച്ചത്
“ദാ മോളെ ഇയാളുടെ ആണ്. വച്ചോ.. ഹോസ്പിറ്റലിൽ ചെന്നിട്ട് ഇയാളുടെ വേണ്ടപ്പെട്ട ആരെയെങ്കിലും വിളിക്കാനോ മറ്റോ ഉണ്ടാകും.. “
ആ പേഴ്സും ഫോണും വാങ്ങി ഡാഷ്ബോഡിലേക്ക് വച്ച്,ഫോണെടുത്തു ഓഫിസിൽ വിളിച്ചു ലീവും പറഞ്ഞ് ഞാൻ ഹോസ്പിറ്റലിലേക്ക് വണ്ടിയെടുത്തു.
**************************
“ഹെഡ് ഇഞ്ചുറി ആണ്… ആളെ ഇപ്പൊത്തന്നെ ഐ സി യു വിലേക്കു ഷിഫ്റ്റ് ചെയ്യുവാണ്… “
ക്യാഷ്വാലിറ്റിക്ക് മുന്നിൽ എന്തായെന്നറിയാതെ തെക്കും വടക്കും നടക്കുമ്പോൾ ആണ് പുറത്തേക്കിറങ്ങിയ ഡോക്ടർ വന്നത് പറഞ്ഞത്
“സീരിയസ് ആണോ ഡോക്ടർ… അയാള് രക്ഷപ്പെടുമോ? “
എന്റെ മുഖത്തെ ടെൻഷൻ കണ്ടത് കൊണ്ടാവണം ഡോക്ടർ പെട്ടന്ന് ചോദിച്ചു
“നിങ്ങൾ പേഷ്യന്റിന്റെ ആരാണ്..? “
“ആരുമല്ല.. വഴിയിൽ ആക്സിഡന്റ് ആയി കിടക്കുന്നത് കണ്ട് കൊണ്ട് വന്നതാണ് “
“ചെയ്തത് എന്തായാലും നല്ലൊരു കാര്യം ആണ്… നമുക്ക് മാക്സിമം ട്രൈ ചെയ്യാം… ഇപ്പൊ എന്തായാലും അയാളെ ഐ സി യൂ വിലേക്ക് മാറ്റുകയാണ്.. “
അവിടെയും ഇവിടെയും തൊടാതെ ഡോക്ടർ പറഞ്ഞു നിർത്തുമ്പോൾ ഞാൻ കണ്ടു, കാഷ്വാലിറ്റിയുടെ ഡോർ തുറന്നു കൊണ്ട് വരുന്ന സ്ട്രെക്ചറിൽ ബോധമില്ലാതെ കിടക്കുന്ന അയാളെ…കരിനീലിച്ച, മുറിവുകൾ കൊണ്ട് നിറഞ്ഞ മുഖം..തലയാകെ വെളുത്ത തുണി കൊണ്ട് പൊതിഞ്ഞു കെട്ടി വലതു വശം ചെരിഞ്ഞു കിടക്കുന്നയാളെ ഒന്നേ നോക്കിയുള്ളൂ.
ഒന്നും മിണ്ടാതെ അവർക്കൊപ്പം ഐ സി യൂ വരെ നടക്കുമ്പോൾ എനിക്കെന്തോ ആ മുഖത്തേക്ക് വീണ്ടും ഒന്ന് കൂടി നോക്കാൻ വല്ലാത്തൊരു സങ്കടം തോന്നി.
എനിക്ക് മുന്നിൽ ആ വാതിലുകൾ അടയുമ്പോൾ, ഒരു നിമിഷം ആരെന്നറിയാത്ത ഒരുവന്റെ പ്രാണന് വേണ്ടി ഞാൻ ഈശ്വരനോട് യാചിച്ചു കൊണ്ട് തിരികെ നടക്കാൻ തുടങ്ങുമ്പോഴാണ് ഒരു നഴ്സ് ഇറങ്ങി വന്ന് പറഞ്ഞത്
“അതേ ഈ മരുന്നുകൾ ഫാർമസിയിൽ നിന്ന് വാങ്ങണം.. “
“ഷുവർ..ഇപ്പൊ തന്നെ വാങ്ങിക്കൊണ്ടു വരാം “
നഴ്സിന്റെ കയ്യിൽ നിന്ന് പ്രിസ്ക്രിപ്ഷൻ വാങ്ങി ഫാര്മസിയിലേക്ക് നടക്കാനൊരുമ്പോഴാണ് അവർ മറ്റൊന്നു കൂടി പറഞ്ഞത്
“ഹെഡ് ഇഞ്ചുറി ആയത് കൊണ്ട് കുറച്ചു റിസ്ക് ഉണ്ട്.. വേണ്ടപ്പെട്ടവർ ആരെങ്കിലും സൈൻ ചെയ്തു തരേണ്ടി വരും.. കുട്ടി പേഷ്യന്റിന്റെ റിലേറ്റീവ് ആണെങ്കിൽ ഇതിലൊന്നു സൈൻ ചെയ്തേക്കാമോ? “
എനിക്ക് നേരെ പേപ്പറുകൾ നീട്ടി നിൽക്കുന്ന നഴ്സിനോട്,
“ഞാൻ പേഷ്യന്റിന്റെ ആരുമല്ല.. ഞാൻ ഒരു അഡ്വക്കേറ്റ് ആണ്. ഓഫീസിലേക്ക് പോകും വഴി അയാൾ ആക്സിഡന്റ് ആയി കിടക്കുന്നത് കണ്ട് കൊണ്ട് വന്നതാണ്. ഒരു കാര്യം ചെയ്യാം വണ്ടിയിൽ ആളുടെ വാലറ്റ് ഇരുപ്പുണ്ട്, ഞാനൊന്നു നോക്കട്ടെ അതിൽ കോൺടാക്ട് നമ്പർ എന്തെങ്കിലും ഉണ്ടോയെന്ന്. ഉണ്ടെങ്കിൽ വിളിച്ചു പറയാം ആരോടെങ്കിലും “
എന്ന് പറഞ്ഞ് ഞാൻ നേരെ പാർക്കിങ് ഗ്രൗണ്ടിലേക്ക് നടന്നു.കാറിന്റെ ഡോർ തുറന്ന് ഡാഷ്ബോർഡിൽ ഇരുന്ന ഫോണും പേഴ്സും എടുത്ത് കാർ ലോക്ക് ചെയ്ത് തിരികെ നടക്കുന്നതിനിടയ്ക്ക് ഞാൻ മെല്ലെ ആ പേഴ്സ് തുറന്നു നോക്കി.
എ ടി എം കാർഡുകൾക്കും ഡ്രൈവിംഗ് ലൈസൻസിനും മറ്റു എന്തൊക്കെയോ കാർഡുകൾക്കുമിടയിൽ നിന്നൊരു വിസിറ്റിംഗ് കാർഡ് എടുത്ത് അതിലെ കോൺടാക്ട് നമ്പർ ഡയൽ ചെയ്തു കൊണ്ട് കാർഡിലെ പേരിലേക്ക് നോക്കിയ എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആവാതെ ഒരാവർത്തി കൂടി ഞാനാ പേര് വായിച്ചു..
അഡ്വക്കേറ്റ് ഹരൻ വസുദേവ്…
ലോകം കീഴ്മേൽ മറിയുന്നത് പോലെ തോന്നിയെനിക്ക്..ഒരൊറ്റ നിമിഷം കൊണ്ട് ഇരുട്ടിലായിപ്പോയത് പോലെ..
തലയ്ക്കകത്തൊരു പെരുപ്പുമായി ഹോസ്പിറ്റലിനുള്ളിലേക്ക് നടക്കുമ്പോൾ വീണുപോകാതിരിക്കാൻ ആവുന്നതും ശ്രമിക്കുമ്പോൾ, മനസ്സിൽ ആകെയൊരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ…ഒരിക്കലും അത് ഹരൻ വാസുദേവ്.. അല്ല എന്റെ ഹരൻ ആവരുതേ എന്ന്…
***********************
“പേഷ്യന്റിന്റെ റിലേറ്റീവ്സിനെ കോൺടാക്ട് ചെയ്തിരുന്നോ…. അവർ ആരെങ്കിലും വന്നിരുന്നെങ്കിൽ ഇതൊന്നു സൈൻ ചെയ്യിക്കാൻ ആയിരുന്നു… “
ഐ സി യു വിനു മുന്നിൽ വിറയ്ക്കുന്ന ശരീരവും തളർന്ന മനസുമായി സ്ഥലകാല ബോധമില്ലാതെ നിൽക്കുമ്പോൾ ആ നഴ്സ് വീണ്ടും വന്ന് ചോദിച്ചു. എന്നിൽ നിന്ന് മറുപടി ഒന്നും കിട്ടാതെ വന്നത് കൊണ്ട് അവർ ഒരൽപ്പം ഉറക്കെ വീണ്ടും ചോദിച്ചു.
പകരം മറ്റൊന്നാണ് ഞാൻ ചോദിച്ചത്
“എനിക്ക് പേഷ്യന്റിനെ ഒന്ന് കാണാൻ പറ്റുമോ സിസ്റ്റർ..? “
“അയ്യോ ഇല്ല… ഇതിനകത്ത് ആരെയും കയറ്റില്ല… “
അവർ തലകുടഞ്ഞു കൊണ്ട് പറഞ്ഞു.
“സിസ്റ്റർ പ്ലീസ്… എനിക്ക് അറിയാവുന്ന ആരോ ആണത്.. ഞാനൊന്നു കയറി കണ്ടോട്ടെ…? “
എന്റെ നിറഞ്ഞ കണ്ണുകളും തളർന്ന സ്വരവും കേട്ടത് കൊണ്ടാവാം അവരെന്നെ അതിന് അനുവദിച്ചത്.
അവരോടൊരു നന്ദിയും പറഞ്ഞ് ഐ സി യുവിന്റെ വാതിലുകൾ മെല്ലെ തുറന്ന് ഞാൻ അകത്തു കയറി. നിശബ്ദത ഉറഞ്ഞു കൂടിയ ആ മുറിയ്ക്കകത്ത് ഓക്സിജൻ മാസ്കിന്റെ കാരുണ്യം കൊണ്ട് ശ്വാസമെടുക്കുന്നൊരുവന്റെ തളർന്ന കിതപ്പുകളും ഒപ്പമൊരുവളുടെ താളം തെറ്റിയ ഹൃദയമിടിപ്പിന്റെ ഒച്ചയും കൂടിക്കലർന്നു.
മെല്ലെ, ബെഡിൽ കിടക്കുന്നയാൾക്കരികിലേക്ക് ചെന്ന് നിന്നു ഞാൻ. വെളുത്ത തുണിയുടെ മുറിവ് കെട്ടും ഓക്സിജൻ മാസ്കും ആ മുഖത്തെ എന്നിൽ നിന്ന് മറക്കുന്നു. എനിക്ക് അറിയണമായിരുന്നു കിടക്കുന്നത് ആരെന്നു…
“ഹരൻ… “
ഞാൻ മെല്ലെ വിളിച്ചു.
ഇല്ല.. പ്രതികരണങ്ങൾ ഒന്നുമില്ല.
എങ്കിലും എനിക്ക് അറിയണമായിരുന്നു. മെല്ലെ, പുതപ്പ് അല്പം താഴ്ത്തി വലത് കൈത്തണ്ടയിലേക്ക് നോക്കി ഞാൻ..
കാലങ്ങൾക്ക് മുന്നേ തന്റെ ആത്മാവിന്റെ ഭാഗമെന്ന് ചേർത്ത് നിർത്തി പറഞ്ഞോരുവളെ പച്ചകുത്തിയ കൈത്തണ്ട…
ചങ്കിനകത്തു പൊട്ടിത്തെറിച്ചൊരു കരച്ചിലിന്റെ ചീളുകൾ തൊണ്ടക്കുഴിയിൽ തറച്ച് വേദനിച്ചപ്പോൾ ഇരുകൈകൾ കൊണ്ടും വായ് പൊത്തിപ്പിടിച്ച് പുറത്തേക്കോടവേ അത്രമേൽ പ്രിയപ്പെട്ടവന്റെ ചോരയുടെ മണം എന്നിൽ പടരുന്നുണ്ടായിരുന്നു.
***********************
ആശുപത്രി കോമ്പൗണ്ടിലെ സിമന്റ് ബഞ്ചിൽ ചെന്നിരുന്ന് കൈകളിൽ മുഖം താങ്ങി വിങ്ങിക്കരയുമ്പോൾ മനസ് പത്തു വർഷം മുൻപത്തെ ഒരു സായന്തനത്തിലേക്ക് തിരികെ പോയി. ഹൃദയം പറിയുന്ന വേദനയോടെ, പ്രാണനെപ്പോലെ കരുതിയവനെ ആത്മാർത്ഥ സുഹൃത്തിനു വിട്ടു കൊടുത്ത നാൾ..
ക്യാമ്പസിൽ എപ്പോഴോ കണ്ട് എന്നോ സൗഹൃദത്തിലായ രണ്ടു പേർ…ഇടയ്ക്കെപ്പോഴോ മനസിന്റെ ഗതി മാറിയൊഴുകാൻ തുടങ്ങി.സുഹൃത്തായിരുന്നവൻ പോകെപ്പോകെ ജീവന്റെ പാതിയായി. ഉള്ളിലെ പ്രണയം അവനെ അറിയിക്കാതെ കൊണ്ട് നടന്ന നാളുകൾ.. എങ്കിലും ഇടയ്ക്കെല്ലാം തോന്നുമായിരുന്നു അവനെന്റെ പ്രണയം തിരിച്ചറിയുന്നുണ്ട് എന്ന്..ഇടയ്ക്കുള്ള അവന്റെ നോട്ടവും ചിരിയുമെല്ലാം പറയാതെ പറയുന്നുണ്ടായിരുന്നു, നീയെന്റെയാണ് പെണ്ണേ എന്ന്..
ലോ കോളേജിലെ മനംമടുപ്പിക്കുന്ന നിയമ പഠന ക്ലാസുകളിൽ ഹരന്റെ ചിരിയുടെ മധുരം നുണഞ്ഞിരുന്ന നാളുകൾ. ഒടുവിലെപ്പോഴോ ആണറിഞ്ഞത്, ഒറ്റയാത്മാവ് പോലെ ചേർന്ന് നടന്നിരുന്നവളുടെ ഉള്ളിലും ഹരൻ മാത്രമാണെന്ന്..ഹരനില്ലാതെ ജീവിക്കില്ല, മരിച്ചു കളയുമെന്ന് എന്റെ മേൽ വീണ് തലതല്ലിക്കരയുന്നവളെ വേദനിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല..അവളുടെ പ്രണയം ഹരനെ ബോധ്യപ്പെടുത്തി അവർക്കിടയിൽ നിന്നൂർന്നു പോരുമ്പോൾ ഒരു പിൻവിളിയോടെ എന്റെ അടുക്കലേക്കോടി വന്ന ഹരൻ..
ഒരു വെറും ചിരിയുടെ നിറക്കൂട്ട് ചുണ്ടിലേക്ക് ചേർത്ത് വച്ച് കണ്ണുകൾ കൊണ്ട് എന്തേ എന്ന് ചോദിച്ചതും, ഒന്നും മിണ്ടാതെ എന്റെ നേർക്ക് നീട്ടിക്കാണിച്ച വലത് കൈത്തണ്ടയിലെ ധരിത്രി എന്ന പച്ചകുത്തിലേക്ക് നോക്കി ചത്തവളെപ്പോലെ നിന്നവളോട്
“നിന്നോളമൊരു പെണ്ണും സ്നേഹിച്ചിട്ടില്ല.. നിന്നോളമൊരു പെണ്ണിനേയും സ്നേഹിച്ചിട്ടുമില്ല.. ആ സ്നേഹത്തിനു പ്രണയമെന്ന് പേരിടാൻ കുറെ നാൾ വേണ്ടി വന്നു…. “
എന്ന് പറഞ്ഞ് നിർവികാരമായി എന്നെ നോക്കിയ ഹരൻ…
തിരിച്ചൊന്നും പറയാനില്ലാതെ എല്ലാം നീറുന്നൊരു ചിരിയിലൊതുക്കി പിന്തിരിഞ്ഞു നടക്കുമ്പോൾ ആ നിമിഷമങ്ങു മരിച്ചു പോയെങ്കിൽ എന്ന് തോന്നിപ്പോയി.
പിന്നെയുള്ള നാളുകൾ കോളേജിൽ വച്ച് കണ്ടിട്ടും ഹരന് മുഖം കൊടുക്കാതെ നെഞ്ച് പൊട്ടുന്ന വേദന കടിച്ചമർത്തി കടന്നു പോയി.
അവസാന പരീക്ഷയും എങ്ങനെയൊക്കെയോ എഴുതി തീർത്ത് ഒരു യാത്ര പോലും പറയാതെ നാട്ടിലേക്ക് വണ്ടി കയറുമ്പോഴും, കാഴ്ചകളും ഓർമ്മകളും പിന്നിലേക്ക് പോയി മറയുമ്പോഴും തണുത്ത കാറ്റിനൊപ്പം എന്നെ പിന്തുടർന്ന് വന്നത് ഹരന്റെ വാക്കുകൾ മാത്രം ആയിരുന്നു
“നിന്നോളമൊരു പെണ്ണും സ്നേഹിച്ചിട്ടില്ല.. നിന്നോളമൊരു പെണ്ണിനേയും സ്നേഹിച്ചിട്ടുമില്ല..”
ഒക്കെ കഴിഞ്ഞു പത്തു വർഷങ്ങൾക്കിപ്പുറവും ഇന്നും ഹരന്റെ ആ സ്വരം കാതിലും മനസിലും വീണ് പിടയുന്നുണ്ട്.
അത്ര മാത്രം ഞാൻ സ്നേഹിച്ച എന്റെ ഹരൻ.. ആ ഹരനാണ് മരണ വേദനയുമായി ഐ സി യുവിൽ.. ഓർക്കും തോറും നെഞ്ച് പൊട്ടുന്നു.
മനസു വീണ്ടും കടല് പോലെ ഇളകിയാർക്കുമ്പോഴാണ് കയ്യിലിരുന്ന മൊബൈൽ റിംഗ് ചെയ്തത്. നോക്കുമ്പോൾ വിളിക്കുന്നത് നേഹയാണ്… ഇപ്പോഴുള്ള ഏക സുഹൃത്ത്.. കൂടെ ജോലി ചെയ്യുന്നവൾ.. ഇത്ര നേരമായിട്ടും എന്നെ കാണാത്തത് കൊണ്ട് വിളിക്കുന്നതാണ്. ഫോണെടുത്ത് അവളോട് ഇവിടെ ആസ്റ്റർ മെഡിസിറ്റിയിൽ ആണുള്ളത് നീ വേഗമിങ് വാ എന്ന് മാത്രം പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു. വീണ്ടും ഹരന്റെ അടുക്കലേക്കോടി.
ഐ സി യുവിന്റെ മുന്നിൽ എന്നെ കണ്ടതും ആ സിസ്റ്റർ വീണ്ടും ഓടി വന്നു.
“കുട്ടി അയാളുടെ റിലേറ്റീവ്സ് ഇപ്പൊ വരില്ലേ… കൺസന്റ് സൈൻ ചെയ്യാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഹോസ്പിറ്റൽ റൂൾ ആണ്.. അതാ ഞാൻ വീണ്ടും വീണ്ടും ചോദിക്കുന്നത് “
ആ നഴ്സ് തെല്ലൊരു സങ്കടത്തോടെയാണ് ചോദിച്ചത്.
“സൈൻ ചെയ്യാനുള്ള പേപ്പർ തന്നോളൂ.. ഞാൻ സൈൻ ചെയ്യാം”
യന്ത്രികമായാണ് ഞാനത് പറഞ്ഞത്.
“അതിന് കുട്ടി.. കുട്ടി അയാളുടെ ആരുമല്ലല്ലോ.. പിന്നെ.. പിന്നെ എങ്ങനെ “
പാവം നഴ്സ്.. അവർക്കൊന്നും അറിയില്ലല്ലോ.. ഞാനോർത്തു.
“അകത്തു കിടക്കുന്ന ജീവന്റെ ഏറ്റവും പ്രിയപ്പെട്ടവളാണ് ഞാൻ.. എനിക്ക് അറിയാവുന്നത് പോലെ അവനെ ആർക്കും അറിയില്ല… ഞാൻ തന്നെയാണ് അവന് വേണ്ടി സൈൻ ചെയ്യേണ്ടത്… എന്നോളം മറ്റാരുമില്ല.. ഒന്നുമില്ല… ഞാനൊരു അഡ്വക്കേറ്റ് ആണ്.. സോ എല്ലാ റിസ്കും ഞാൻ ഏൽക്കുവാ… ഡോണ്ട് വറി.. സിസ്റ്റർ ഫോം തന്നോളൂ.. “
എന്റെ നിറഞ്ഞൊഴുകിയ കണ്ണുകളിലേ നേരും വേദനയും തിരിച്ചറിഞ്ഞിട്ടാവാം അവർ ഒപ്പിടാനുള്ള ഫോം എനിക്ക് നേരെ നീട്ടി.
കൈയെന്തോ അപ്പൊ മാത്രം വിറച്ചില്ല..എനിക്ക് അറിയാം എന്റെ ഹരൻ തിരിച്ചു വരും…
സൈൻ ചെയ്ത് തിരികെ കൊടുത്ത പേപ്പറുകളുമായി ആ നേഴ്സ് നടന്നു പോകുന്നതും നോക്കി മെല്ലെ ആ നീളൻ ഇടനാഴിയിലേ കസേരയിലേക്ക് തളർന്നിരിക്കുമ്പോഴാണ് ഒരു കൈ വന്നു തോളിൽ അമർന്നത്…..
ബാക്കി ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….