കുറച്ച് നാൾ അവളറിയാതെ അവൾക്ക് പിറകെ ഉണ്ടായിരുന്നു. അവളോട് സ്നേഹം കാണിച്ചില്ലേലും അവളെന്റെ….

മ്മ…

Story written by NIDHANA S DILEEP

തലയൊക്കെ വേദനിക്കുന്നു.

ആഹ്…

വലത് കൈ അനക്കാൻ പറ്റുന്നില്ല.വല്ലാത്ത വേദന…ഹോസ്പിറ്റലിന്റെ രൂക്ഷ ഗന്ധം.ജനറൽ വാർഡ് ആയതിനാൽ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.

ബെഡിനടുത്തേക്ക് ആരോ വെപ്രാളത്തിൽ വരുന്നതു കണ്ടു.രണ്ടു മുഖങ്ങളും കണ്ണിൽ തെളിഞ്ഞപ്പോൾ കണ്ണുകളടച്ചു കിടന്നു.

കൈയിലൊരു മാലയുമായി അച്ഛന്റെ കൂടെ വീട്ടിലേക്ക് വലത് കാൽ വച്ച് ആ സ്ത്രീ വരുന്നത് തൂണിനെ കെട്ടിപ്പിടിച്ച് നോക്കി നിന്നത് ഒരു മങ്ങിയ ഓർമയുണ്ട്.

അനന്തൂന്റെ അമ്മയാ…

ന്നു അച്ഛൻ പരിചയപ്പെടുത്തിയപ്പോൾ അവർ ചിരിച്ച് കൊണ്ട് എന്റെ നേർക്ക് കൈ നീട്ടി.ആ നാലു വയസുകാരൻ നാണിച്ച് അച്ഛന്റെ പിറകിൽ നിന്നു.

അമ്മേ….

അവർ നോക്കാത്തപ്പോൾ അച്ഛന്റെ പിറകിൽ നിന്നും എത്തി നോക്കി വിളിച്ചു.പിന്നെയും അച്ഛന്റെ പിറകിൽ ഒളിച്ചു.രണ്ട് പ്രാവിശ്യം ഇത് ആവർത്തിച്ചപ്പോൾ അച്ഛൻ പിടിച്ച് മുന്നിൽ നിർത്തി.

അവർ മുടിയിൽ ഒന്നു തലോടി പിന്നെ ദേഹത്തോട് ചേർത്ത് കെട്ടിപ്പിടിച്ചു.

അങ്ങോട്ട് എന്നുമാ ചേർത്ത് പിടിക്കൽ ഉണ്ടായിരുന്നു.രാത്രി ആ ചേർത്തു പിടിക്കലിൽ ചുരുണ്ടു കൂടി കിടന്നു.രാവിലെ വിളിച്ചെഴുന്നേൽപ്പിക്കുപ്പോൾ രണ്ടു കൈകളും അവർക്ക് നേരെ നീട്ടും.തടിച്ചുരുണ്ട എന്നെ ആയാസപ്പെട്ട് എളിയിലെടുക്കും.ഉമിക്കരി ഒരു കൈയിലെടുത്ത് പല്ലു തേപ്പിക്കും.

അമ്മേനെ നനപ്പിക്കല്ലടാ അനന്തൂട്ടാ……

കുളിപ്പിക്കുമ്പോൾ കുഞ്ഞു വീപ്പയിലെ വെള്ളം അവരുടെ മേത്തേക്ക് ആക്കുമ്പോൾ പറയും.

അമ്മയില്ലേ ഇരിക്കൂലാന്നു കരഞ്ഞപ്പോൾ അമ്മ ഇവ്ടെ ഉണ്ടെന്ന് പറഞ്ഞു പുറത്തെ പുളി മരച്ചോട്ടിലെ കല്ലിൽ ഉച്ച വരെ ഒന്നാം ക്ലാസുകാരന്റെ വിദ്യാലയപ്രവേശന ദിവസം കൂട്ടിരുന്നു.

അനന്തൂട്ടന് ഒരു സമ്മാനം അമ്മ കാത്ത് വെച്ചിട്ടുണ്ട്..

വയറ്റിൽ കുഞ്ഞുണ്ടെന്ന് അങ്ങനെയാണ് പറഞ്ഞു തന്നത്.

എനിക്ക് ഒരു വാവ വരുന്നുണ്ടല്ലോ..ഞാനും വാവേം അമ്മേടെ കൂടെ കളിക്കും…

അതിന് അത് നിന്റെ അമ്മയല്ലലോ….രണ്ടാനമ്മയല്ലേ…

കുഞ്ഞാവ വരുന്നതിന്റെ ഗമ കാണിച്ചപ്പോൾ കൂട്ടുകാരൻ പറഞ്ഞു.

അല്ല..എന്റെ അമ്മയാ….അങ്ങനെ ഒന്നാനമ്മ…രണ്ടാനമ്മന്നൊന്നും ഇല്ല…അമ്മ മാത്രേ ഉള്ളൂ…അത് എന്റെ അമ്മ തന്നെയാ….

അല്ല….അല്ല….അത് നിന്റെ അമ്മയല്ല…രണ്ടാനമ്മയാ….

അവൻ തറപ്പിച്ച് പറഞ്ഞു.

ഇനി വാവ വന്നാ രണ്ടാനമ്മക്ക് നിന്നെ വേണ്ടാതാവും

താളം തെറ്റിയ ചുവടുമായി ആറാം ക്ലാസുകാരൻ അന്നു വീട്ടിലെത്തുപ്പോൾ ഗർഭ കാലത്തെ അവശതകളോടെ നടുവിന് കൈ കൊടുത്ത് മുറ്റമടിക്കുകയായിരുന്നു അവർ.

ഇറയത്തേക്ക് ബാഗ് വലിച്ചെറിഞ്ഞു.

നിങ്ങളെന്റെ രണ്ടാനമ്മയാണോ…

അറിയാതെ ചൂല് താഴെ വീണു.നിവർന്നു നിന്ന് നടുവിന് കൊടുത്ത കൈ കൊണ്ട് വയറ് താങ്ങി പിടിച്ചു…

അനന്തൂട്ടാ..എന്താ നീ പറയുന്നേ…

നിങ്ങൾ എന്റെ രണ്ടാനമ്മയാണോ…

വീണ്ടും ചോദ്യം ആവർത്തിച്ചു.മിണ്ടാതെ നിൽക്കുന്ന അവരുടെ നിൽപ്പ് എനിക്ക് ഉള്ള ഉത്തരമായിരുന്നു.

ഉമ്മറത്തു കിടന്ന ബാഗ് പോലും എടുക്കാതെ അകത്തേക്ക് പോയി.

രാത്രി ഭക്ഷണം നിട്ടിയപ്പോൾ തട്ടിത്തെറിപ്പിച്ചു.അവസാനം അച്ഛന്റെ കൈയിൽ ഭക്ഷണം തന്നയച്ചു.അച്ഛൻ ഉപദേശിച്ചിട്ടും ശാസിച്ചിട്ടും മാറാൻ തയ്യാറായില്ല.രാത്രി ചേർത്തു പിടിക്കാൻ നീട്ട കൈകൾ നീട്ടിയ കൈകൾ തട്ടി മാറ്റി നീങ്ങി കിടന്നു.

പിന്നെ ഭക്ഷണം ടേബിളിൽ വച്ച് എവ്ടേക്കെങ്കിലും മാറി നിൽക്കും.ഭക്ഷണം കഴിച്ച് റൂമിലേക്ക് പോവുമ്പോൾ പിറകിൽ നിന്നും എച്ചിൽ പാത്രങ്ങൽ എടുത്ത് അടുക്കളയിലേക്ക് പോവുന്ന കാലൊച്ച കേൾക്കും.എന്നാലും തിരിഞ്ഞ് നോക്കിയില്ല.

അനിയത്തിയാ….

കോട്ടൺ തുണിയിൽ പൊതിഞ്ഞ പഞ്ഞിക്കെട്ട് പോലുള്ള ഒരു കുഞ്ഞാവയെ നീട്ടി കാണിച്ചു കൊണ്ട് പറഞ്ഞു.റോസ് ഇതൾ പോലുള്ള കുഞ്ഞി ചുണ്ടിൽ തൊടാനും ചോര കവിളിൽ ഉമ്മ വെക്കണമെന്നുണ്ടായിരുന്നു.രണ്ടാനമ്മയുടെ കുഞ്ഞ് എന്ന ഓർമ കുഞ്ഞു വിരലുകൾ ചുരുട്ടിപ്പിടിച്ച കൈകളിൽ ഒന്നു കൂടി നോക്കി അവ്ടുന്നു പോയി.

എന്നെ തല്ലുന്നത് എന്റെ അച്ഛനാ..അച്ഛന്റെ രണ്ടാമത്തെ ഭാര്യ അതിൽ ഇടപെടേണ്ടാ…

പ്ലസ് ടൂവിന് മദ്യപിച്ച് ക്ലാസിൽ പോയതിന് അച്ഛൻ തല്ലിയപ്പോൾ പിടിച്ച് വെക്കാൻ വന്ന അവരോട് പറഞ്ഞപ്പോൾ കണ്ണീർ വറ്റി തറഞ്ഞു നിന്നു അവരന്ന്.

അച്ഛന്റെ രണ്ടാമത്തെ ഭാര്യയോ…എന്താടാ നീ പറഞ്ഞത്

അതും പറഞ്ഞ് തല്ലിയ അച്ഛന്റെ കൈയീന്ന് പുളി വാറൽ പിടിച്ച് വാങ്ങി ദൂരേക്ക് എറിഞ്ഞ് ആ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി.

തോന്നുമ്പോൾ മാത്രം വീട്ടിൽ വരാൻ തുടങ്ങി.ഭക്ഷണം കഴിക്കുന്നത് എവ്ടെ നിന്നോ നോക്കുന്നുണ്ടാവും.എച്ചിൽ പാത്രം എടുത്ത് അടുക്കളയിലേക്ക് പോവുന്ന കാൽ പെരുമാറ്റവും കേൾക്കും എന്നാലും അവരെ അന്വേഷിച്ചില്ല.

തോമസ് മൊതലാളീടെ കൂലിത്തല്ലുകാരാനായി.അയാൾക്കു വേണ്ടി കൊല്ലാനും തല്ലാനും നടന്നു.ശത്രുക്കളിലാരോ ഇരുട്ടിൽ ഇരുട്ടിൽ തല്ലി കൊല്ലാക്കിയപ്പോൾ നടു റോഡിൽ ചോര വാർന്നു കിടന്നു.ആരുടെ പ്രാർത്ഥനയാണെന്നറിയില്ല വീണ് കിടക്കുന്നതു കണ്ട് ഹോസ്പിറ്റലിലാക്കി.

എന്നെ നോക്കാതെ അവർ ബെഡിനടുത്തുള്ള മേശയിൽ എന്തൊക്കെയോ എട്ത്തു വെക്കുന്നു.

സ്വാതീ…കഞ്ഞിവെള്ളം വെച്ച ഫ്ലാസ്ക് എവ്ടേ…

ഇതാമ്മേ….

അവൾ കൈയിലുള്ള ബിഗ് ഷോപ്പറിൽ നിന്നും ഫ്ലാസ്ക് എട്ത്തു കൊടുത്തു.എവളും എന്നെ ശ്രദ്ധിക്കുന്നില്ല.

സ്വാതിയോട് എനിക്ക് സ്നേഹമുണ്ടായിരുന്നില്ലേ..?ഉണ്ടായിരുന്നു.ഒരുത്തനെ ചൂണ്ടി ഇവനാടാ നിന്റെ പെങ്ങളെ ശല്യപ്പെടുത്തുന്നവൻന്നു കൂട്ടുകാരൻ കാണിച്ച് തന്നപ്പോ അവനെ വീട്ടിൽ കേറി തല്ലി.

മേലാൽ എന്റെ പെങ്ങളുടെ നിഴൽ വെട്ടത്തു കണ്ടാ വെച്ചേക്കില്ലാ….ന്നു ഭീഷണിപ്പെടുത്തി. കുറച്ച് നാൾ അവളറിയാതെ അവൾക്ക് പിറകെ ഉണ്ടായിരുന്നു. അവളോട് സ്നേഹം കാണിച്ചില്ലേലും അവളെന്റെ പെങ്ങൾ തന്നെയായിരുന്നു.

കഞ്ഞി ഒരു പ്ലേറ്റിലാക്കി സ്വാതീടെ കൈയിൽ കൊടുത്തു.അവൾ എന്റെ കട്ടിലിൽ അത് വെച്ചു.

അമ്മേ……

പത്തൊമ്പത് വർഷമായിട്ടും ആ താളം മറന്നിട്ടില്ലെന്ന് എന്നെ തന്നെ അത്ഭുതപ്പെടുത്തി.

അമ്മ തന്നെയാടാ…

മുള ചീന്തും പോലെ കരഞ്ഞു കൊണ്ട് കൈയിൽ ചെറുതായി തല്ലി കൊണ്ട് പറഞ്ഞു.

ആഹ്..നൊന്തമ്മേ….

നോവണം..എന്നെ നോവിച്ചില്ലേ…

തല്ലിയയടുത്ത് പതുക്കെ തടവി തന്നു കൊണ്ട് പറഞ്ഞു.അടുത്ത് ഇരുന്നു കൊണ്ട് കഞ്ഞി കോരി തന്നു.

കുറച്ച് കഴിഞ്ഞ് റൂമിലേക്ക് ആക്കി.അപ്പോഴും സ്വാതി മിണ്ടിയില്ല.അവളുടെ മുടി പതുക്കെ പിടിച്ച് വലിച്ചു.അവൾ മുടി എടുത്ത് മുന്നിലിട്ടു.കാലു കൊണ്ട് ചെറുതായി തട്ടി ഒന്നു.നോക്കി പേടിപ്പിച്ച് കുറച്ച് മാറി നിന്നു.ചൂരിദാർ പിടിച്ചു വലിച്ചു.

അമ്മേ…ഈ ഏട്ടൻ….

അടങ്ങി കിടക്കെടാ…

നീ എന്തിനാ അവന്റെടുത്ത് പോയി നിക്കുന്നേ..ഇങ്ങ് മാറി നിൽക്ക്….

ഇത്രേ ഉള്ളൂവോ ഇവർക്ക് പരിഭവം …ഈ പത്തൊമ്പത് വർഷം ഞാൻ മിണ്ടാതെ പിണങ്ങി നടന്നതിന്….

അച്ഛൻ വന്നപ്പോൾ എന്നോട് സംസാരിക്കാൻ അമ്മ കണ്ണു കൊണ്ട് കാണിച്ചു.

ഇപ്പോ എങ്ങനെ ഇണ്ട്….

കനം ഒട്ടും കുറവില്ലായിരുന്നു.

ഇപ്പോ കുഴപ്പമില്ലാ….

മുഖത്തു നോക്കാതെ മറുപടി കൊടുത്തു.

ഏട്ടാ…തോമസ് മൊതലാളീടെ മോളില്ലേ ….ജൂണ..അവളെന്നോട് ഏട്ടനെങ്ങനെ ഉണ്ടെന്ന് ചോദിച്ചു.എനിക്ക് ദേഷ്യം വന്ന് നല്ലതു പറഞ്ഞു.വെഷമമായി തോന്നുന്നു.

ഞാൻ സ്വാതിയോട് അമ്മെയേയും അച്ഛനെയേയും കണ്ണു കൊണ്ട് കാണിച്ചു.

ആരുടെ കാര്യാ നീ പറഞ്ഞത്….

അച്ഛൻ പോയ പാടെ അമ്മ സ്വാതിയോട് ചോദിച്ചു.

അത് തോമസ് മൊതലാളീടെ മോള് ഏട്ടനെങ്ങനെ ഉണ്ടെന്നു ചോദിച്ചു.പണ്ടേ എന്നെ നാത്തൂനേന്നാ വിളിക്കുവാ.ചോക്ലേറ്റും ഷേക്കുമെല്ലാം വാങ്ങി തരും.

മേലാ ആ സാധനത്തോട് നീ കൂട്ടു കൂടിയാ….

സ്വാതിയെ ഭീഷണിപ്പെടുത്തും പോലെ പറഞ്ഞു.

സത്യമായിട്ടും അവളുമായി എനിക്കൊന്നൂല്ലമ്മേ….വെളിവും വെള്ളിയാഴ്ചയുമില്ലാത്ത സാധനാ അത്…

എന്നെ തന്നെ ചൂഴ്ന്നു നോക്കി കൊണ്ട് നിന്ന അമ്മയോട് പറഞ്ഞു.

നല്ല കുട്ടിയാ ഏട്ടാ…നമുക്ക് നോക്കിയാലോ…

എനിക്കെങ്ങും വേണ്ടാ…തിന്ന ചോറിന് നന്ദികേട് കാണിക്കില്ല ഞാൻ….

ഓ…ഒരു നന്ദികേട് കാണിക്കാത്തൊരാള്….

സ്വാതീ….നിനക്ക് കോളേജിൽ പോണ്ടേ….

അവളെ ശാസിച്ച് കൊണ്ട് അമ്മ പറഞ്ഞു.

അമ്മേ….

അവള് പറഞ്ഞത് നീ കാര്യമാക്കണ്ടാ…ബെല്ലും ബ്രേക്കുമില്ലാത്ത സ്വഭാവാ അവളുടേത്…എപ്പോ എന്ത് പറയുംന്നൊന്നും പറയാൻ പറ്റില്ല.നിന്നെ പോലെ തന്നെയാ….അച്ഛൻ വഴക്ക് പറഞ്ഞാ പിന്നെ എന്നോടും അച്ഛനോടും രണ്ടു ദിവസത്തേക്ക് മിണ്ടില്ല.അച്ഛൻ എപ്പൊഴും പറയും എനിക്ക് കിട്ടിയ രണ്ടും ഒരേ പോലത്തേതാന്നു.

മുടിയിൽ തലോടി കൊണ്ട് പറഞ്ഞു.ഇന്നലെ പിണങ്ങിയ ഞാൻ ഇന്ന് ഇണങ്ങിയത് പോലെയായിരുന്നു അമ്മയുടെ പെരുമാറ്റം.

അനന്തുവേട്ടന് എങ്ങനെ ഉണ്ട് ഇപ്പോ….

കണ്ണു തുറന്ന് നോക്കുമ്പോൾ സ്വാതീടെ കൂടെ ജൂണ.

ആഹ്..കൊറവുണ്ട്…

ഇഷ്ടമില്ലാത്തത് പോലെ പറഞ്ഞു.

അമ്മയ്ക്ക് എന്നെ ഓർമ ഉണ്ടോ…ഒരു പ്രാവിശ്യം അമ്പലത്തിൽ വെച്ച് നമ്മൾ സംസാരിച്ചിരുന്നു.സെറ്റ് സാരിയൊക്കെ ഉടുത്ത്….

ആഹ്…ഇപ്പോ ഓർമ വന്നു.

എന്നെ ഒന്നു നോക്കി കൊണ്ട് അമ്മ പറഞ്ഞു.

ഈ കുരിപ്പ് അമ്മേനേം വളക്കാൻ നോക്കിയോ….

ഞാനും അച്ഛനും തോമസ് മൊതലാളിയോട് പോയി സംസാരിക്കണോ….

അമ്മയ്ക്ക് വേറെ പണിയൊന്നുമില്ലേ..മുഴുത്ത വട്ടാ അതിന്…

പത്തൊമ്പത് വർഷത്തിന് ശേഷം അമ്മേടെ കൈയീന്ന് ഭക്ഷണം കഴിച്ചു.അത് കഴിക്കുമ്പോൾ രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.നല്ല സ്വാദ്.കണ്ണീരിന്റെ ഉപ്പ് അതിൽ കലർന്നിരുന്നു.

ഒരു ദിവസം കൂട്ടുകാരോടൊപ്പം സ്ഥിരം താവളത്തിൽ കുറ്റി അടിച്ചിരിക്കുമ്പോഴാണ് ജൂണ വലിയ ബാഗുമായി വന്നു.

എന്നെ വീട്ടിലേക്ക് കൂട്ടിയില്ലേൽ ആറ്റിൽ ചാടി ചാകും….

ഏതോ വലിയ ഒരു ആലോചന ഉറപ്പിക്കാൻ നോക്കയപ്പോൾ അപ്പനോട് ഞാൻ പോവുവാന്നും പറഞ്ഞ് ഇറങ്ങിയതാണ് കുരിപ്പ്.വെളിവില്ലാത്ത ആ സാധനം എങ്ങാനം ആറ്റിൽ ചാടി ചത്താലോന്നു പേടിച്ച് വീട്ടിലേക്ക് കൂട്ടി.

അമ്മ ആരതി ഉഴിഞ്ഞ് സ്വീകരിക്കുമ്പോൾ അവൾക്ക് തമ്പ്സ് അപ് കാണിക്കുന്ന സ്വാതിയെ കണ്ടപ്പോൾ മനസിലായി അവളും കൂടി അറിഞ്ഞിട്ടാണെന്ന്. മദം പൊട്ടിയ ആന ഇടഞ്ഞു നിൽക്കുന്ന പോലെ നിൽക്കുന്നുണ്ട് അച്ഛൻ.

കേറി വാ…..

നിലവിളക്ക് കൊടുത്ത് അമ്മ ജൂണയെ വീട്ടിൽ കയറ്റി.

അമ്മേ…ഇനി എനിക്ക്…

അല്ലാ…എനിക്ക്…

ജൂണയും സ്വാതിയും കൂടി ഒരു ഉരുള ചോറിനു വേണ്ടി അടി കൂടുകയാണ്.രണ്ടു പേർക്കും മാറി മാറി ചോറ് വായിൽ വെച്ച് കൊടുക്കുന്നുണ്ട് അമ്മ.

ഇന്നാ……

ആ കാഴ്ച കണ്ടു ചിരിച്ച് കൊണ്ട് നിന്ന എനിക്ക് നേരെയും നീട്ടി ഒരു ഉരുള ചോറ്.ആ ഒരുള ചോറിനായി വാ തുറക്കുമ്പോൾ എനിക്ക് മനസിലായി.

അമ്മമാരിൽ ഒന്നാനമ്മ..രണ്ടാനമ്മന്നൊന്നും ഇല്ല…അമ്മ മാത്രേ ഉള്ളൂ..അല്ലെങ്കിൽ അവർ അമ്മയല്ലായിരിക്കും