എഴുത്ത്: അയ്യപ്പൻ അയ്യപ്പൻ
======================
രണ്ട് കണ്ണും കാണാത്ത പപ്പുവിന്റെ പെണ്ണ് പട്ടണത്തിൽ വെച്ച് ലോറി കേറി മരിച്ചെന്നു നാട്ടാരായ നാട്ടാര് മൊത്തം അറിഞ്ഞു…പപ്പുവിനോട് മാത്രം പറയാൻ ആർക്കും ധൈര്യം തോന്നിയില്ല…….
അയാൾ ഇപ്പോഴും 4. 30ന്റെ..അയാളുടെ നളിനി വരുന്ന ബസ് നോക്കി കടത്തിണ്ണയിൽ ഇരുപ്പുണ്ട്….
അരയത്തി പെണ്ണുങ്ങൾ അയാളുടെ കാത്തിരുപ്പ് കണ്ടു വിങ്ങിപ്പൊട്ടി…
നാണു പിള്ളേടെ കടമുറ്റത്തു അന്ന് ആണുങ്ങളുടെ കൂട്ടം കൂടിയുള്ള സൊറ പറച്ചിൽ ഉണ്ടായില്ല….
കൂലി പണി കഴിഞ്ഞു വന്നവർ,വീട്ടിൽ പോവാതെ ദൂരെ നിന്നും അയാളെ നോക്കി കണ്ണ് നിറച്ചു നിന്നു…
സോപ്പ് കമ്പനിയിലെ പെണ്ണുങ്ങൾ അയാളുടെ പ്രതീക്ഷയോടുള്ള നിൽപ്പ് കണ്ടു കണ്ണ് തുടച്ചു മൂക്ക് പിഴിഞ്ഞു..
കോയയുടെ കടയിൽ അന്ന് തിളച്ച എണ്ണയിൽ പഴംപൊരി നീറി പുളഞ്ഞു,പൊള്ളി വെന്തു നീറി,നീളത്തിൽ കിടന്നില്ല….
പിള്ളേര്,വീർത്ത പന്ത് ദൂരേക്ക് എറിഞ്ഞു, കളിക്കാൻ കൂട്ടക്കാതെ,മാവിൻ ചോട്ടില് വെറുതെ നിന്നു….
പപ്പുവിന്റെ കൂടെ പഠിച്ച വറീത്…. “ഓനും ഓൾക്കും ഒരു കുട്ടിയെ പോലും ദൈവം കൊടുത്തില്ലലോ” എന്ന് പരിഭവം പറഞ്ഞു….
ഒരു നാടാകെ അങ്ങനെ ശ്വാസം അടക്കിപിടിച്ചു നിൽക്കുകയാണ്..
4 30നുള്ള ബസ്സിന്റെ ഹോൺ വയലിറമ്പത്തു അലയടിച്ചു…
പപ്പു ചെവിയോർത്തു..ചുണ്ടിൽ ചെറിയൊരു ചിരിയോടെ… കയ്യിൽ ഇരുന്ന ഊന്നു വടി തറയിൽ കുത്തി….മെല്ലെ എഴുന്നേറ്റു….രണ്ടടി മുന്നോട്ട് നടന്നു…
കണ്ണിമ വെട്ടി കഴുത്തു ചരിച്ചു ബസ്സിന്റെ ഇരമ്പത്തിനായി ചെവിയോർത്തു ….
മാനത്തു കറുത്ത പെണ്ണ് കരയാൻ വെമ്പി നിൽക്കുന്നത് കൊണ്ടാവും പതിവില്ലാത്ത നിശബ്ദത ചുറ്റും തളം കെട്ടി നിൽക്കുന്നത്, എന്ന് വിചാരിച്ചു പപ്പു കയ്യിലെ തോല് പിഞ്ചിയ കറുത്ത ബാഗിലെ കുട മെല്ലെ എടുത്തു നെഞ്ചോട് ചേർത്ത് വെച്ചു…
ബാഗിൽ രണ്ട് പരിപ്പ് വടയും..ഭാഗ്യം പ്രസവിക്കാൻ മറന്നുപോയ കുറച്ചു ലോട്ടറി കടലാസും ഉണ്ടാരുന്നു….
4.30 ന്റെ ബസ് വന്നു അയാൾ കുറച്ചു മുന്നോട്ട് നീങ്ങി നിന്നു.. കൈകൾ നീട്ടി പിടിച്ചു….
അയാൾക്ക് ഉറപ്പുണ്ട് അവളിപ്പോൾ ഓടി വന്നു കയ്യിൽ ചേർത്ത് പിടിക്കും ..
അടുത്ത വീട്ടിലെ ചന്ദ്രൻ മാഷ് ആരോടെന്നില്ലാതെ പറഞ്ഞു… “അയാളോട് ആരെങ്കിലും ദയവായി ഒന്ന് പറയു അയാളുടെ നളിനി ഇനി വരില്ലെന്ന്….”