മറ്റൊരു കരങ്ങളിൽ തൻെറ കൈകൾ മുറുകി കതിർമണ്ഡപത്തിനു ചുറ്റും വലം വെക്കുമ്പോൾ മനസ്സിൽ മുഴുവൻ ആ വാക്കുകൾ….

_upscale

എഴുത്ത്: മനു തൃശ്ശൂർ

===================

മോളെ ഒന്ന് വാതിൽ തുറക്ക്..??
.
അടഞ്ഞു കിടന്ന വാതിലിൽ സുഭദ്ര കൊട്ടി വിളിച്ചു ഏറെ നേരമായിട്ടും വാതിൽ തുറക്കാതെ വന്നപ്പോൾ അവരുടെ ഉള്ളിൽ ഭയമേറി വന്നു…..

ഭീതിയോടെ അവർ വീണ്ടും ആ കതകിൽ തട്ടാൻ കൈ ഉയർത്തിയതും വാതിൽ മെല്ലെ തുറക്കപെട്ടു.. ആ നിമിഷം സുഭദ്രയിൽ നിന്നും ആശ്വാസത്തിന്റെ ഒരു നെടുവീർപ്പുയർന്നു…

ഒരു നിമിഷം സുഭദ്രയുടെ മുഖത്തേയ്ക്കു നോക്കി നിന്നിട്ടു… ദേവു തിരിഞ്ഞ് അകത്തേക്ക് തന്നെ പോയി….

മോളെ… അവരൊക്കെ എത്ര നേരമായി വന്നിരിക്കുന്നു… എന്റെ മോൾ ഒന്ന് പുറത്തേക്ക് വാ… അവർക്കുള്ള ചായ കൊടുത്തിട്ട് വേഗം ഇങ്ങു പോരെ നിന്റെ അച്ഛനെ നാണം കെടുത്തരുത്

ഞാൻ വരില്ല.. വരില്ലെന്ന് പറഞ്ഞില്ലെ എനിക്ക് ആരെയും കാണേണ്ട….

മോളെ ഈ ഒരു തവണ മാത്രം.. അവർ വീട്ടിൽ വന്നു കയറിയില്ലെ.. നിന്റെ അച്ഛന്റെ മാനം സംരക്ഷിക്കേണ്ട കടമ നിനക്കില്ലേ…

ഇതെങ്കിലും എൻറെ കുട്ടി സമ്മതിക്കണം വേണ്ടെന്ന് പറയെരുത്. നിൻെറ പ്രായത്തിലുള്ള എല്ലാവരും കല്ല്യാണം കഴിച്ചു നീ മാത്രം എന്താ മോളെ ഇങ്ങനെയായി.,.. സുഭദ്ര ദേവുനു മുമ്പിൽ യാചിച്ചു

അമ്മ എന്നെ നിർബന്ധിക്കെരുത് എനിക്ക് ഇപ്പോൾ ഒരു കല്ല്യാണം വേണ്ട അവരോട് പോകാൻ പറഞ്ഞോളു.. എനിക്ക് അവരുടെ മുമ്പിൽ വേഷംകെട്ടി നിൽക്കാൻ പറ്റില്ല…

സുഭദ്രയ്ക്ക് സങ്കടവും ദേഷ്യവും വന്നു… ഇതിനകത്ത് ഇങ്ങനെ അടച്ചിരിക്കാതെ നീ ഇറങ്ങി വരുന്നുണ്ടോ….

ഞങ്ങൾ നിന്നോട് എന്ത് തെറ്റ് ചെയ്തിട്ടാണ്… നിന്നെ ഒരു ഈർക്കിൽ കൊണ്ട് പോലും നോവിക്കാതെ അല്ലെ വളർത്തിയത് എന്നിട്ട് ഇപ്പോൾ ഞങ്ങൾക്കു തരുന്നത് മൊത്തം നോവാണ്…

എല്ലാത്തിനും ഒരു പരിധിയുണ്ട് ഇനി ഞാൻ എന്താ ചെയ്യാന്ന് എനിക്ക് തനെ അറിയില്ല നീ വരാൻ നോക്ക്… കുറെയായി സഹിക്കുന്നു.. ഇനി പറ്റിയെന്ന് വരില്ല.

അതുകൊണ്ട് ഒന്ന് ഓർത്തോ നീ ഇന്ന് അവിടെ ഇരിക്കുന്നവരുടെ മുമ്പിൽ നിന്റെ അച്ഛൻ തലകുനിക്കേണ്ടി വന്നാൽ പിന്നെ നീ അച്ഛനെ അമ്മയും ജീവനോടെ കാണില്ല

സുഭദ്ര മനസ്സിൽ വന്ന ഭാരമായ് കണ്ണുകൾ ഒപ്പി അവിടെ നിന്നും പോയി ..

ദേവു നടന്ന് ചെന്ന് കണ്ണാടിക്കു മുൻപിൽ വന്നു നിന്നു… കണ്മുൻപിൽ തെളിഞ്ഞ.. തന്റെ പ്രതിബിംബത്തോടു അവൾക്ക് തന്നെ അപരിചിതത്വം തോന്നി…

ഇരുകൈകൾകൊണ്ടും മുടി ഒന്ന് മാടിയൊതുക്കി മുഖം അമർത്തി തുടച്ചു…നെറ്റിയിൽ അലങ്കാരമായി ഒരു പൊട്ടും തൊട്ടു… അച്ഛനും അമ്മയ്ക്കും വേണ്ടി മാത്രം ഒരു വേഷംകെട്ടൽ.

ദേവു അടുക്കളയിലെത്തുമ്പോൾ സുഭദ്ര ചുവരിൽ ചാരി നിന്നു കരയുകയാരുന്നു… ദേവുനെ കണ്ടു ആ കണ്ണിൽ ഒരു തിളക്കമുണ്ടായി..

“എവിടെ ചായ “

ഇനി ഞാൻ കാരണം ആരും ചാകാൻ നിൽക്കണ്ട … അവൾ അല്പം പരിഭവത്തോടെ പറഞ്ഞു..

മോളെ !നിനക്കി വേഷം കൂടിയൊന്നു മാറ്റികൂടായിരുന്നോ..

ഈ വേഷത്തിൽ കണ്ടിട്ടു പോയാൽ മതി….

സുഭദ്ര പിന്നെയൊന്നും മിണ്ടിയില്ല… ഇനി ആ കാരണം കൊണ്ട് അവളുടെ മനസ്സു മാറിയാലോ എന്നോർത്തു…

അമ്മയെടുത്തു വെച്ച ചായ അവർക്കു മുന്നിൽ കൊണ്ട് വെച്ചു അവൾ ഒരു നിമിഷം അവിടെ നിന്നിട്ട് മൗനമായി പിൻ വാങ്ങി

തിരികെ വന്നു സുഭദ്രാമയെ നോക്കി ചോദിച്ചു.. സമാധാനമായല്ലോ ഇല്ലേ… ഇനി ഞാൻ പോകുന്നു.. അവൾ സ്വന്തം മുറിയിലേയ്ക്കു പോയി ..

കുറച്ചു നിമിഷങ്ങൾക്ക് ശേഷം ആരൊക്കേയോ പടിപ്പുര കടന്നു അകലേക്ക് മറഞ്ഞു..

ശൂന്യമായ ആ പടിപുര പോലെ ശൂന്യത നിറഞ്ഞ മനസ്സുമായി ഇരുട്ട് വീണ ആ മുറിക്കുള്ളിലെ ചുമർ ചിത്രങ്ങളിൽ വിരലോടിച്ചു….തുറന്നിട്ട ജനലിലൂടെ അരിച്ചെത്തിയ കാറ്റിൽ അവളുടെ മുടിയിഴകൾ പാറി പറന്നു കൊണ്ടിരിക്കെ…
ആ ഇരുളിൽ നിച്ഛലമായ മറ്റൊരു ചുവർ ചിത്രം പോലെ അവൾ …

“” ഓർമ്മകളുടെ പിൻ വഴിയിൽ മനസ്സ് യാത്ര പോകാൻ കൊതിച്ചു… പരസ്പരം പറയാൻ കഴിയാതെ പോയ ഒരിഷ്ടം അവളുടെ നെഞ്ചിൽ ഒരു വിങ്ങലായി നിറഞ്ഞു.വന്നു..

അപ്പു എന്ന പേര് അവളുടെ നാവ് മൗനമായി ഉരുവിടുമ്പോഴും….

ഹൃദയധമനികളിൽ മാറ്റൊലി കൊണ്ട് രോമകൂപങ്ങളെയുണർത്തി ആദ്യമായി അപ്പുവേട്ടനോട് എനിക്ക് ഒരിഷ്ടം തോന്നിയിരുന്നത്…

പള്ളിക്കൂടത്തിൽ പോകുന്നതും തിരികെവരുന്നതും ഒരുമിച്ചായിരുന്നു… നടന്നു പിന്നിട്ട വഴികളിൽ ഓർമകളുടെ ഒരു കുഞ്ഞു തിരയിളക്കം….

പ്രണയത്തിന്റെ നേർത്ത അലകൾ ഇരു ഹൃദയങ്ങളും സ്വയമറിയാതെ ഓളങ്ങളുയർത്തിയിരുന്നു..

ഒരു ദിവസം പള്ളിക്കൂടത്തിൽ പോയി വരുമ്പോൾ പെയ്ത മഴയിൽ കുടയില്ലാതെ നനഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ ആയിരുന്നു..എനിക്ക് അപ്പുവേട്ടനോട് അടങ്ങാത്ത ഒരിഷ്ടം മുളപ്പൊട്ടിയത്…

മഴയുടെ തുള്ളികളെറ്റ് നനഞൊട്ടിയ ഒരു വൈകുന്നേരം എനിക്കൊപ്പം ഓടി വന്നു സ്വന്തം കൈയ്യിലെ കുട ചുരുക്കി ഒന്നിച്ചു മഴ നനഞ്ഞു നടന്നിരുന്ന എൻെറ അപ്പുവേട്ടൻ

അതെന്താ അപ്പുവേട്ട കുട ചുരുക്കിയെ മഴ നനയില്ലെ എന്ന എൻ്റെ ചോദ്യത്തിന്….

നനയട്ടെ… ദേവുകുട്ടി നനഞ്ഞില്ലെ അപ്പോൾ ഞാനും നനഞ്ഞോട്ടെ ..നല്ലരസല്ലെ മഴ നനയാൻ എന്ന് പറഞ്ഞു. ..

ദേവുകുട്ടിക്ക് മഴ നനയാൻ ഇഷ്ടം ആണോ..

ആം പക്ഷെ അമ്മ ചീത്ത പറയും..

അയ്യോ ഇനിപ്പോൾ നനഞ്ഞിട്ട് വീട്ടിൽ പോയ അമ്മ വഴക്ക് പറയില്ലെ..

ഉം..

അതെന്താ ദേവുകുട്ടി പള്ളിക്കൂടത്തിൽ നിന്നും കുട മറന്നോ..?

ഇല്ല വീട്ടിന്ന് കുടയെടുക്കാൻ മറന്നതാ ന്നേ..

അന്നെനിക്ക് മഴ കൊണ്ട് പനി വന്നപ്പോൽ അപ്പുവേട്ടനും പനി അഭിനയിച്ചു പിറ്റേന്ന് പള്ളിക്കൂടത്തിലേക്ക് പോകാതെ എനിക്ക് കൂട്ടായി പടിപ്പുരയിൽ വന്നിരുന്നു

ആ കൈകളിൽ ആരും കാണാതെ എനിക്കായി കൊണ്ട് വന്ന ഉപ്പും മാങ്ങയും.. ഉണ്ടായിരുന്നു… ഞാനാദ്യമായാണ് അങ്ങനെ ഒരു രുചിയറിന്നതും..

പിന്നെ ആരും കാണാതെ എനിക്കായ് മാത്രം കരുതിയ പലഹാരങ്ങളിലൂടെ അപ്പുവേട്ടന്റെ അമ്മയുടെ സ്നേഹവും അനുഭവിച്ചിരുന്നു

അന്നൊക്കെ ആ സ്വാദ് നുണഞ്ഞു വിസ്മയത്തോടെ ചോദിച്ചിട്ടുണ്ട്..

ഇതാരുണ്ടാക്കിയതാണ് അപ്പുവേട്ട

എൻറെ അമ്മയുണ്ടാക്കിയതാണ് ദേവൂട്ടി..കവലയിൽ വിൽക്കാൻ .ഞങ്ങൾക്ക് ജീവിക്കാനുള്ള പൈസ ഇങ്ങനെ ആണ് അമ്മ ഉണ്ടാക്കാണ് ആ പൈസ കൊണ്ട ചോറും കറിയും ഉണ്ടാക്കണ് പിന്നെ എനിക്ക് പള്ളി കൂടത്തിൽ പോകാനുള്ള പുസ്തകം കുട ഒക്കെ വാങ്ങി തരണെ..

എനിക്ക് അന്ന് അത് കേട്ടാപ്പോൾ ആകെ സങ്കടം വന്നിരുന്നു..

അപ്പോൾ അപ്പുവേട്ടൻെറ അച്ഛേടെ കൈയ്യിൽ പൈസയില്ലെ എന്ന എൻ്റെ ചോദ്യത്തിന്….

അന്നാദ്യമായി അപ്പുവേട്ടൻ എനിക്ക് മുന്നിൽ മുഖം താഴ്ത്തി.. എന്നിൽ നിന്നും ഓടിയൊളിക്കാൻ ആയിരുന്നു അന്ന് അപ്പുവേട്ടൻ ആഗ്രഹിച്ചത്.. പിന്നെ ഒന്നും മിണ്ടീല്ല.. ചോദിച്ചപ്പോൾ പിന്നെ പറഞ്ഞു തരാമെന്ന് പറഞ്ഞു..

വർഷമേഘങ്ങൾ പെയ്തു തോർന്നു പോയി ഒരിക്കൽ പോലും അപ്പുവേട്ടൻ എന്നോട് അച്ഛനെ കുറിച്ച് പറഞ്ഞില്ല . ചോദിക്കുമ്പോൾ ഒക്കെ എന്നിൽ നിന്നും ദൂരേക്ക്‌ ഓടി മറയുമായിരുന്നു..

സ്കൂൾ ജീവിതം അവസാനിച്ചതോടെ അപ്പുവേട്ടനെ കാണാൻ കഴിയാതെയായി ആ നാളിലാണ് അപ്പുവേട്ടനോടുള്ള പ്രണയത്തിന്റെ ആഴം കൂടിയത്..

ഒരിക്കൽ വീട്ടിൽ ജോലിക്ക് വന്ന ജോലിക്കാരിൽ ഒരാളായിയാണ് അപ്പുവേട്ടനെ പിന്നെ കാണുന്നത്

സ്നേഹത്തോടെ അടുത്ത് ചെന്ന എന്നോട് പഴയ സ്നേഹവും, അടുപ്പവും കാണിച്ചില്ല

ഞാനൊന്നു മിണ്ടാൻ ആഗ്രഹിച്ചു അപ്പുവേട്ടന് മാത്രം കുടിക്കാൻ വെള്ളവുമായ് തോട്ടത്തിൽ പോകുമായിരുന്നു..

പക്ഷേ… എന്നിൽ നിന്നും മുഖമൊളിപ്പിക്കാൻ ആയിരുന്നു ശ്രമം

ഞാനൊന്നു തൊട്ടാപ്പോൾ പറയുകയുണ്ടായ് ദേഹത്ത് മുഴുവനും ചളിയ തൊടേണ്ടാന്ന്…

അന്ന് എനിക്ക് ദേഷ്യം വന്നു സ്വയം മറന്നു പറഞ്ഞു..

അപ്പോവേട്ട ഇങ്ങനെ അകന്ന് നിന്ന എനിക്ക് ദേഷ്യം സങ്കടം വരൂട്ടോ.. ഒന്നിങ്ങട് വാ ഞാൻ ഒരു സാധനം തരാം ഒന്നു വരുന്നോ..

ഇല്ല ദേവൂട്ടി ഇപ്പോൾ ഞാൻ നിന്റെ ആ പഴയ അപ്പു അല്ല.. നിന്റെ വീട്ടിലെ വെറുമൊരു ജോലിക്കാരൻ മാത്രമാണ്…

എനിക്കൊന്നും കേൾക്കണ്ട… ഞാൻ ആ കുള പടവിൽ കാണും… കുളകരയിലേക്ക് കൈയ്യികഴുകാനാ പറഞ്ഞു വന്നോണം…

അന്ന് എൻറെ നിർബന്ധത്തിന് വഴങ്ങി കുളക്കരയിൽ പടവുകളിൽ അപ്പുവേട്ടൻ വന്നിരുന്നു.. പക്ഷേ അതുവരെ എനിക്കുണ്ടായിരുന്ന ആവേശമൊക്കെ അടുത്തിരുന്നപ്പോൾ ചോർന്നു പോയിരുന്നു..

എന്റെ ആ മൗനം കണ്ടാകണം അപ്പുവേട്ടൻ തന്നെ ആദ്യം സംസാരിച്ചു തുടങ്ങി…

എന്താ ദേവു ഇവിടെയ്ക്ക് വിളിച്ചത് … എന്തിനാ എന്ന് വേഗം പറഞ്ഞോളൂ ..എനിക്ക് പറമ്പിൽ ജോലി ഉള്ളതാണ്…

ഇങ്ങനെ ഒളിച്ചും പതുങ്ങിയും നമ്മൾ സംസാരിക്കുന്നത് കണ്ടാൽ നിൻെറ അച്ഛൻ എന്നെ ജോലിയിൽ നിന്നും പറഞ്ഞിവിടില്ലെ..

എൻറെ അമ്മയ്ക്ക് സുഖമില്ലാ കിടക്കാണ് ഇനി ഞാൻ പണിയെടുത്ത് വേണം ഞങ്ങൾക്ക് ജീവിക്കാൻ..കുടുംബം മുന്നോട്ട് പോകാൻ..

എനിക്ക് എല്ലാം കേട്ട് സങ്കടമായ് എന്ത് പറയണം എന്നറിയാതെ ഞാനെന്റെ കൈയ്യിൽ ഇരുന്ന കടലാസ് പൊതി തുറന്നു അതിൽ നിന്നും രണ്ടു ഉണ്ണിയപ്പം എടുത്തു അപ്പുവേട്ടന് നേരെ നീട്ടി

അപ്പുവേട്ടൻ ഇത് വാങ്ങു അച്ഛനൊന്നു പറയില്ല….

എനിക്ക് വിശപ്പില്ല ദേവുകുട്ടി.. എനിക്ക് ഇപ്പോൾ ഒന്നും വേണ്ടാ..

എനിക്ക് സങ്കടം വരൂ ട്ടോ അപ്പുവേട്ടാ..എനിക്ക് അപ്പുവേട്ടനോട് ഒരിഷ്ടം ഉള്ളതാണെന്ന് അറിയില്ലെ..

അത് പറയുമ്പോൾ എൻറെ കണ്ണുകളിൽ പൊടിഞ്ഞിറങ്ങിയ മിഴിനീര് കാണാനുള്ള കരുത്തില്ലായിരുന്നു അന്ന്.അപ്പുവേട്ടന് …

എൻറെ കൈയ്യിൽ നിന്നും ഉണ്ണിയപ്പം വാങ്ങി രണ്ടായി അടർത്തി ഒരു മുറി എനിക്ക് നീട്ടി..

അത് വാങ്ങി കഴിക്കുമ്പോൾ അതിന് അതുവരെ ഇലാത്ത മധുരവും രുചിയും ഏറിയത് പോലെ..ആ മധുരം കൈപ്പു നീരാകാൻ അതികം സമയമെടുത്തില്ല

ഞാൻ ദേവൂട്ടിയോടെ ഒരു കാര്യം പറയുവാ.. നമ്മൾ ഇപ്പോൾ ആ പഴയ കുട്ടികളല്ല ഒരുപാട് മുതിർന്നിരിക്കുന്നു…..

ഇനി ഇങ്ങനെ മാറി നിന്നു നമ്മൾ സംസാരിക്കുന്നത് ആളുകൾ തെറ്റായി മാത്രം കാണു…

ഇപ്പോൾ തന്നെ നീ എനിക്കായ് വെള്ളം കൊണ്ട് വരുന്നത്

പണിക്കാർക്കിടയിൽ അർത്ഥം വെച്ചുള്ള സംസാരത്തിനിടയാക്കിട്ടുണ്ട് ഇനി ഇടയ്ക്കു ഇങ്ങനെ എന്നെ കാണാൻ നീ പറമ്പിലേയ്ക്ക് വരരുത്…

ഇത്രയും പറഞ്ഞു അപ്പുവേട്ടൻ എഴുന്നേറ്റ് പടവുകൾ കയറി പോയപ്പോൾ ഒന്നും മിണ്ടാതെ നിസ്സഹായയായ് നോക്കി നിൽക്കാനെ എനിക്ക് കഴിഞ്ഞൊള്ളു…

എനിക്ക് അന്ന് എന്തെന്ന് ഇല്ലാത്ത ദേഷ്യവും സങ്കടവും വന്നു..

പിന്നീടുള്ള കുറച്ചു ദിവസങ്ങൾ കൂടി അപ്പുവേട്ടൻ വീട്ടിൽ ജോലിക്ക് വന്നുവെങ്കിലും എനിക്ക് ഒന്നു മിണ്ടാനോ അടുത്തേക്ക് പോകാൻ തോന്നിയില്ല…

എന്നെ നോക്കുമ്പോഴെല്ലാം ആ ചുണ്ടിൽ നോവുകലർന്നൊരു പുഞ്ചിരിയുണ്ടായിരുന്നു

എന്റെ ദേഷ്യവും സങ്കടവും ഒരു പേപ്പറിൽ വരികളായികുറിച്ചു വെച്ചു ഞാൻ… അതിന്റെ അവസാനം ഇങ്ങനെ കുറിച്ചു…

എന്നെ എത്ര അവഗണിച്ചാലും ഒഴുവാക്കിയാലും ഈ ദേവു ഇവിടെ കാത്തിരിക്കും… അപ്പുവേട്ടന് വേണ്ടി മാത്രം..

ഒരു ദിവസം പണികഴിഞ്ഞു തനിച്ചു പോകാൻ തുടങ്ങിയ അപ്പുവേട്ടന് നേരെ ആ പേപ്പർ ചുരുട്ടിയെറിഞ്ഞിട്ട് ദേഷ്യത്തോടെ തിരിഞ്ഞു നടന്നു…

കുറച്ചു മുന്നോട്ട് നടന്നിട്ട് തിരിഞ്ഞു നോക്കുമ്പോൾ അപ്പുവേട്ടന് ആ കടലാസ് ചുരുൾ എടുത്തു നിവർത്തി വായിക്കുന്നത് കണ്ടു

പിറ്റെ ദിവസം പണിക്ക് വരുന്നവരുടെ കൂട്ടത്തിൽ അപ്പുവേട്ടൻ ഉണ്ടായിരുന്നില്ല…

പിന്നീടുള്ള ഓരോ ദിവസവും ഞാൻ നോക്കിയിരുന്നു …പക്ഷേ അപ്പുവേട്ടന് മാത്രം വന്നില്ല…

അത് ഒരു കാത്തിരിപ്പിൻെറ തുടക്കമാണെന്ന് മനസ്സിലാക്കി തന്നുകൊണ്ടിരുന്നു ഒരോ ദിനങ്ങളും..കാത്തിരുന്നു..

വീണ്ടും കാത്തിരിപ്പിന് ഇടയിലൂടെ വർഷമേഘങ്ങൾ പെയ്തു തോർന്നുപോയ് ഒരുപാട് ഇലകൾ പൊഴിഞ്ഞു ഒരുപാട് പൂക്കൾ കൊഴിഞ്ഞു…

അപ്പുവേട്ടൻെറ അച്ഛൻകുടിച്ചു വീട്ടിൽ അപ്പുവേട്ടനുമായ് വഴക്കിട്ട് എന്നോട് പറയാതെ അപ്പുവേട്ടൻ നാട് വിട്ടു പോയെന്ന് അപ്രതീക്ഷിതമായി കടന്നു വന്ന അപ്പുവേട്ടന്റെ ഒരു കത്തിലൂടെയാണ് ഞാനറിഞ്ഞത്…

ആ കത്ത് കിട്ടിയ നിമിഷങ്ങളാകും എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞത്… എനിക്ക് അറിയാമായിരുന്നു എന്നെ ഒരിക്കലും മറക്കില്ലെന്ന് ഞാനും ആഗ്രഹിക്കുന്നത് പോലെ ഇഷ്ടപ്പെടുന്നത് പോലെ അപ്പുവേട്ടനും എന്നോടൊരു.. ഇഷ്ടം ഉണ്ടെന്ന് എനിക്ക് അറിയാം…

ആ കത്തിലെ ഓരോ വരികളും എൻറെ ഹൃദയത്തെ തകർത്തെറിഞ്ഞു കൊണ്ടിരുന്നു മറുപടി പറയാൻ ഞാൻ ഒടുവിൽ അഡ്രസ് പരതി നിരാശയായിരുന്നു ഫലം ..

പാവം ഒരുപാട് വേദനയോടെ എവിടെ എങ്കിലും ജീവിക്കുന്നുണ്ടാകും എൻറെ ഒരു വാക്ക് താങ്ങാനകാത്തത് കൊണ്ട് ആകും….

പിന്നീട് പലതവണ അഡ്രസ് ഇല്ലാതെ കത്തുകൾ വന്നു.. അതിൽ ഇങ്ങനെ എഴുതിരുന്നു

” എനിക്ക് അറിയാം എൻറെ ദേവുട്ടിക്ക് ഏന്നോട് ഒരുപാട് പറയാനുണ്ടെന്ന് എന്നേക്കാളെറെ വേദനയുണ്ടെന്ന്..

ഞാൻ മനപ്പൂർവമാണ് അഡ്രസ് അയക്കാതിരുന്നത് എനിക്ക് നിൻെറ വേദന വാക്കുകൾ താങ്ങാനുള്ള ശേഷിയില്ല… എല്ലാം അറിഞ്ഞിട്ടും… അറിഞ്ഞില്ലെന്ന് നടിക്കാൻ മാത്രമേ എനിക്ക് കഴിയു..

സന്തോഷത്തോടെ ജീവിക്കുക നല്ലൊരാളെ ജീവിതത്തീലേക്ക് ചേർക്കുക…എന്നെങ്കിലും ഒരിക്കൽ തമ്മിൽ കാണുമെന്ന് കരുതാം .്‌

അങ്ങനെ ആ അഡ്രസ് ഇല്ലാത്ത കത്തുകളുടെ വരവും നിന്നു വെറും കാത്തിരിപ്പിലേക്ക് മാത്രമായ് ഞാൻ ചുരുങ്ങി…..

************************

പാതി ചാരിയ വാതിൽ മെല്ലെ തുറന്നു സുഭദ്ര അകത്തേക്ക് നടന്നു വന്നു. ദേവുവിൻെറ കൈ തൊണ്ടയിൽ പിടിച്ചു തിരിച്ചു..മുഖത്തോട് മുഖമായ് നിർത്തി

എന്താ നിൻെറ തീരുമാനം എനിക്ക് ഇപ്പോൾ അറിയണം നിൻെറ അച്ഛനെന്ന് പറയുന്ന ആ മനുഷ്യനെ നിനക്ക് നാണം കെടുത്തണോ..

നിന്നോടുള്ള ഇഷ്ടം കൂടുതൽ കൊണ്ടാ ആ മനുഷ്യൻ എതിർത്തൊരു വാക്കു പറയാത്തത്.. പക്ഷെ നീ ഒന്ന് മനസ്സിലാക്കാണം കല്ല്യാണം കഴിക്കാതെ ഒരു പെണ്ണ് വീട്ടിൽ ഉണ്ടായലുള്ള സങ്കടം…

അമ്മ നിന്നോടുള്ള ദേഷ്യം കൊണ്ട് പറയുകയല്ല സത്യം അതാണ് നിൻെറ അച്ഛൻ ഒന്നും പറയേതെ നിൻെറ വാക്കിന് ശരിവെക്കുമ്പോഴും ഉള്ളിൽ ആ മനുഷ്യൻ എത്രത്തോളം വിഷമിക്കുന്നുണ്ട് എന്ന് മനസ്സിലാക്കണം….

നീ ആർക്കു വേണ്ടിയാ കാത്തിരിക്കുന്നു… എന്തിനു വേണ്ടിയാ കാത്തിരിക്കുന്നു… ജീവിതത്തിൽ ഒരു ഉറപ്പുമില്ലാത്ത എന്തിനോ വേണ്ടി നിന്റെ ജീവിതം ഇങ്ങനെ നശിപ്പിച്ചുകളയുമ്പോൾ നീ കാണാതെ പോകുന്ന രണ്ടു ജീവിതങ്ങളുണ്ട്

ഞാനും നിന്റെ അച്ഛനും… ഈ ഭൂമിയിൽ നിന്നെ തനിച്ചാക്കി ഞങ്ങൾക്കു പോകേണ്ടി വന്നാൽ…. ഞങ്ങളുടെ ആത്മാവിനു പോലും മോക്ഷം കിട്ടില്ല…സുഭദ്രയുടെ സ്വരം ഇടറി…. ഞങ്ങളുടെ നെഞ്ചിലെ നൊമ്പരമറിയണമെങ്കിൽ നീയും ഒരു അമ്മയാകണം…

നിന്നെ കണ്ടിട്ട് പോയവർക്ക് നിന്നെ ഇഷ്ടമയെന്നറിച്ചിട്ടുണ്ട്.. പൊന്നും പണവുമൊന്നും അവർക്കു വേണ്ട പറഞ്ഞു… നിന്നെ മാത്രം മതിയെന്നു

ഇനിയൊന്നും അമ്മ പറയില്ല ഇനി നീ സമ്മതിച്ചില്ലെങ്കിൽ എൻെറ ശവത്തിന് അടുത്ത് പോലും നീ വന്നു നിൽക്കെരുത്..സുഭദ്ര അതും പറഞ്ഞു തിരിഞ്ഞു പുറത്തേക്ക് പോയി..

ദേവുവിന് എന്ത് ചെയ്യണമെന്നറിയാതെയായി.. അമ്മയുടെ വാക്കുകളും … അച്ഛൻെറ നിസാഹയത നിറഞ്ഞ മുഖം മനസ്സിലേക്ക് കടന്നു വന്നു കൂടെ അപ്പുവേട്ടൻെറയും..

പറയാൻ കഴിയാതെ പോയ ആ ഇഷ്ടത്തെ ഓർക്കുന്തോറും കണ്ണുകൾ നിറഞ്ഞു വന്നു..അകലെ എവിടെയോ പകുതിയായ വരികളിൽ എനിക്കായി ഒരു കത്തു എഴുതുണ്ടാകണം..

അവൾ ഒരു ഭ്രാന്തിയെ പോലെ കരുതി വച്ച കത്തുകൾ ഒക്കെ വലിച്ചെടുത്തു കീറി കളഞ്ഞു പുറത്ത് ആർത്തിരമ്പുന്ന മഴയിൽ അവൾ നിലത്ത് ചിന്നി ചിതറിയ കടലാസുതുണ്ടുകൾക്ക് മീതെ ചുരുണ്ടു കിടന്നു..മിഴിനീര് വീണു അവയിലെ മഷി പടർന്നു.. പിടിച്ചു…

തന്റെ കാത്തിരിപ്പും പ്രണയവും തുടച്ചെറിഞ്ഞു അവൾ അമ്മയോട് വിവാഹത്തിനു സമ്മതമറിയിച്ചു…

മുറ്റത്തുയർന്ന പന്തലിനുള്ളിലൊരുക്കിയ കതിർമണ്ഡപത്തിൽ തൻറെ സീമന്തയിൽ ചുവപ്പ് അണിയിക്കുമ്പോൾ അവളുടെ കണ്ണുകൾ തിങ്ങി നിറഞ്ഞ ആ ആൾക്കൂട്ടത്തിൽ തിരഞ്ഞത് അപ്പുവിനെയായിരുന്നു…

നിറഞ്ഞ് തൂകിയ കണ്ണിൽ ഒരു സ്വപ്നത്തിലെന്ന പോലെ ആ ആൾക്കൂട്ടത്തിൽ ആ മുഖം തെളിഞ്ഞു വരുന്നതായി അവൾക്ക് തോന്നി..

നിറഞ്ഞ കണ്ണുകളടച്ച് ഉള്ളിലെ വിങ്ങി പൊട്ടിയ ഭാരം ചുണ്ടുകളാൽ അടക്കി തൊഴു കൈയ്യോടെ അയാൾക്ക് മുന്നിൽ നിൽക്കുമ്പോൾ അവൾ വീണു പോകുമെന്നോർത്തു….

മറ്റൊരു കരങ്ങളിൽ തൻെറ കൈകൾ മുറുകി കതിർമണ്ഡപത്തിനു ചുറ്റും വലം വെക്കുമ്പോൾ മനസ്സിൽ മുഴുവൻ ആ വാക്കുകൾ ആയിരുന്നു…

” സന്തോഷത്തോടെ ജീവിക്കുക നല്ലൊരാളെ ജീവിതത്തിലേക്ക് ചേർക്കുക…

നിമിഷങ്ങൾ ദിനങ്ങളായും … ദിനങ്ങൾ ആഴ്ചകളായും… ആഴ്ചകൾ മാസങ്ങളായും കടന്നു പോയി അടഞ്ഞു കിടന്ന പടിപ്പുരകടന്ന് ഒരിക്കൽ കൂടി അവളെ തേടി വന്ന ഒരു കത്ത് ആരുമറിയാതെ കിടക്കുന്നുണ്ടായിരുന്നു..

അന്ന് പെയ്തു തിമർത്ത ശക്തമായ മഴയിലും.. വീശിയടിച്ച കാറ്റിലും ഒരു അഭയം തേടിയത് പറന്നുയർന്നു ഒടുവിൽ തകർത്തു പെയ്യുന്ന മഴയിൽ നനഞ്ഞു കുതിർന്നു മണ്ണോടു ചേർന്ന് കിടന്നു ….

മോക്ഷം കിട്ടാത്ത ആത്മാവ് പോലെ .

അപ്പോഴും ആ കത്തിലെ ചില വാക്കുകൾ അനാഥമായി പടർന്നു മെല്ലെ മെല്ലെ മാഞ്ഞു…

” ഞാൻ വരുന്നുണ്ട് എൻെറ ദേവുകുട്ടിയെ കാണാൻ..,,

ഒടുവിൽ നനഞ്ഞു കുതിർന്ന ആ കടലാസ് ഒരുപാട് മുറിതുണ്ടുകളായ് അടർന്നു ആ മഴയിൽ ചേർന്ന് ഒഴുകി അകന്നു ദൂരേക്ക്…✍️

തൽക്കാലം ശുഭം ..🙏❤️

ചില ഇഷ്ടങ്ങൾ അങ്ങനെ ആണ് അടുത്തറിയുമ്പോൾ അകന്നു പോകും.◾

~മനു തൃശ്ശൂർ