ആ ഓട്ടം ചെന്ന് നിന്നത് സ്കൂൾ വരാന്തയിൽ ആയിരുന്നു. അത് പറയാൻ വിട്ടു. ഞാനും പാത്തും ഒരേ സ്കൂളിൽ ആണ് പഠിക്കുന്നത്….

“പാത്തൂന് എന്നെ ഇഷ്ടാണോ”

Story written by Favas Hishu

==================

ഫാത്തിമ അതാണ് അവളുടെ പേര്. പക്ഷെ എല്ലാർവരും അവളെ പാത്തു എന്നെ വിളിക്കൂ. വീട്ടിലെ ഇളയ സന്തതി. കേട്ടാൽ തന്നെ അറിഞ്ഞൂടെ പിന്നെ അഹങ്കാരത്തിനു വേറെ ഒന്നും വേണ്ടാന്നു. എന്തൊക്കെ ആയാലും അവളെ ഞാൻ മനസ്സിൽ കൊണ്ട് നടക്കാൻ തടങ്ങിയിട്ട് കാലം കുറച്ചായി. പക്ഷെ നേരെ അവളുടെ അടുത്ത് പോയി വിഷയം അവതരിപ്പിക്കാൻ ഉള്ള ചങ്കുറപ്പ് എനിക്ക് ഉണ്ടായില്ല. അതിനു കാരണം ഉണ്ട് കേട്ടോ. അവളും ഞാനും ഏതാണ്ട് അയൽവാസികൾ ആണ്. ഗൾഫിൽ പോയി പൂത്ത പൈസ ഉണ്ടാക്കി വന്ന പോക്കർ കാകാന്റെ ഒരേ ഒരു പെൺസന്തതി. അവളുടെ ഒരു ആഗ്രഹത്തിനും ആങ്ങളമാർ ഇന്നേ വരെ എതിർ നിന്നിട്ടില്ല. ഞാനോ..?? ഗൾഫിൽ പോയി ഉള്ളതും കൂടി നഷ്ടപ്പെട്ട് ഇപ്പോൾ പോക്കർ കാകന്റെ ഗോഡൗണിൽ ചുമട്ടു ജോലി നോക്കി കുടുബത്തിന്റെ രണ്ടറ്റവും കൂടി മുട്ടിക്കാൻ ശ്രമിക്കുന്ന ജമാൽ ന്റെ എത്രയോ മക്കളിൽ ഒരുവൻ. എനിക്കും ഉണ്ട് സഹോദരങ്ങൾ, പക്ഷെ നമുക്കു ഉള്ളത് കൂടി എങ്ങനെ എങ്കിലും അടിച്ചെടുത്തു മുങ്ങാൻ നോക്കുന്ന പഹയന്മാർ. ചുരുക്കം പറഞ്ഞാൽ അവളുടെ വിപരീത പദം ആണ് ഞാൻ.

“ഉമ്മാ.. ചോറ് വെന്തോ..?” കുളിഞ്ഞു കഴിഞ്ഞു കയറി വരുന്നതിനിടയിൽ അടുക്കളയിലേക്കു ഞാൻ ഒരു ചോദ്യം അയച്ചു.

“ആഷി, ഇജ്ജ് ഈ നേരം വെളുക്കും മുമ്പ് തന്നെ എങ്ങട്ടാ ഈ പോണത്..?” ഉമ്മാന്റെ റിപ്ലൈ ഉടനടി അവിടുന്ന് വന്നു. ആഷിഖ് അതാണ് എന്റെ മുഴുവൻ പേര്. സ്കൂളിൽ ‘ആഷിഖ്.പി’, എന്നാലും ഉമ്മ എന്നെ ‘ആഷി’ എന്നെ വിളിക്കൂ.

“അപ്പോള് ചോറ് ആയിട്ടില്ല ല്ലേ..?” സങ്കടത്തോടെ ഉള്ള എന്റെ ചോദ്യം കേട്ടിട്ടാവാം ഉമ്മ അടുക്കളയിൽ നിന്നും പുറത്തിറങ്ങി,

“അരമണിക്കൂർ, അപ്പോൾക്കും ചോറും കൂട്ടാനും തരാ ട്ടോ..”

“നേരല്ല ഉമ്മാ..” എന്നും പറഞ്ഞു പിന്നെ ഒരു ഓട്ടം ആയിരുന്നു. പിറകിൽ നിന്നും ഉമ്മ എന്തക്കയോ വിളിച്ചു പറയുന്നുണ്ട്. പക്ഷെ കേൾക്കാൻ നിന്നാൽ പാത്തു പോവും. ഞാൻ ഓടിക്കിതച്ചു അവളുടെ വീടിനു മുന്നിൽ എത്തിയപ്പോൾ ഉണ്ട് എനിക്ക് മുമ്പെ എത്തിയ ഒരു കൂട്ടം കോഴികൾ അവിടെ നില്കുന്നു. പെട്ടന്ന് അതിൽ ഒരുവൻ തിരിഞ്ഞു നോക്കിയപ്പോൾ എന്നെ കണ്ടു. കണ്ടതും മറ്റുള്ളവരോട് പറയുന്നത്കേട്ടു.

“ഡാ.. ആഷിഖ് വരുണ്ട്, വിട്ടോ.. ഇല്ലെങ്കിൽ ഓന്റെ കയ്യിന്നു കിട്ടും.”

പിന്നെ അധികം താമസിച്ചില്ല, മുഴുവൻ കോഴികളും അടുത്ത നെന്മണി തേടി ഓടിപോയി. പാത്തുനെ നോക്കിയവർക്കെല്ലാം എന്റെ കയ്യിന്റെ ചൂടറിഞ്ഞിട്ടുണ്ട്, പിന്നെ എങ്ങനെ ഓടാതിരിക്കും..എന്തായാലും ഈ ഗിരിരാജൻ കോഴി മാത്രം അവിടെ ബാക്കി ആയി. ഗേറ്റ് നു മുന്നിൽ ചെന്ന് ആ വിടവിലൂടെ അകത്തേക്കു ഒരു നോട്ടം പാസാക്കി, പാത്തു ഉണ്ട് ഉടുത്തൊരുങ്ങി നില്കുന്നു. “ന്റെ സാറേ.. പിന്നെ ഇച്ച് ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റിയില്ല..” അങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിൽകുമ്പോൾ ആണ് ചെവിക്ക് ഒരു പിടുത്തം വന്നു വീണത്. തിരിഞ്ഞു നോക്കിയപ്പോൾ മ്മടെ വാപ്പ. അപ്പോഴത്തെ അങ്കലാപ്പിൽ എന്ത് പറയണം എന്ന് അറിയാതെ നിന്ന ഞാൻ ചോതിച്ചു.

“പ്പാ.. ഇങ്ങളെന്താ ഇവിടെ..?”

“ഓടടാ..”എന്ന് മാത്രം കേട്ടത് ഓർമയുണ്ട്, പിന്നെ നോക്കിയപ്പോൾ കണ്ടത് മൂപ്പർ വേലിയിൽ നിന്നും നല്ല വടി ഓടിക്കുന്നു. നമ്മളെ ഉണ്ടോ പിടിച്ചാൽ കിട്ടുന്നു. എന്റെ ജനനം തന്നെ അങ്ങനെ ഒന്ന് ആയിരുന്നില്ലേ. ഗൾഫ് പൊട്ടി പാളീസായി വന്ന ഉപ്പ ഇനി മക്കൾ ഒന്നും വേണ്ട എന്ന് വെച്ചതാ, പക്ഷേങ്കിൽ കാര്യം മൂപ്പരെ കയ്യിന്നു പോയി, ‘ഞാൻ’ എന്ന അവസാന പടം അങ്ങനെ റിലീസ് ആയി.

ആ ഓട്ടം ചെന്ന് നിന്നത് സ്കൂൾ വരാന്തയിൽ ആയിരുന്നു. അത് പറയാൻ വിട്ടു. ഞാനും പാത്തും ഒരേ സ്കൂളിൽ ആണ് പഠിക്കുന്നത് കേട്ടോ, പോരാത്തതിന് ഒരേ ക്ലാസ്സിലും. ചെന്ന പാടെ ഞാൻ മ്മടെ ബെഞ്ചിൽ കയറി ഇരിപ്പുറപ്പിച്ചു. ഇടം വലം നമ്മുടെ രണ്ടു ചങ്ക് ചെങ്ങായിമാരും. അതങ്ങനെയാണ്, ക്ലാസ്സിൽ കുറച്ചു കയ്യൂക്കുള്ളവന്റെ കൂടെ നടക്കാൻ ഇപ്പോഴും രണ്ടെണ്ണം കാണും. അവര്കാണെങ്കിൽ ഒടുക്കത്തെ ജാടയും ആയിരിക്കും. പെട്ടന്നതാ ഓളുടെ വാപ്പാന്റെ കൂടെ പാത്തു നടന്നു ക്ലാസിലേക്കു വരുന്നു. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കിയപ്പോൾ ഉണ്ട് എല്ലാ കണ്ണുകളും ഒരേ കേന്ദ്രബിന്ദുവിലേക് മാത്രം നോക്കുന്നു. അവളെ ക്‌ളാസിൽ ആക്കി പോക്കർ കാക്ക സ്ഥലം വിട്ടു. ഇനി “വൈകുനേരം വരെ ഓള് ഞമ്മൾക് മാത്രം, ഓളെ ഞാൻ മറ്റാർക്കും വിട്ടു കൊടുക്കൂല ന്റെ സാറേ..” അങ്ങന്നെ ചിന്തിച്ചു കൊണ്ട് നിന്നപ്പോൾ ആണ് മ്മടെ ചെങ്ങായി വിഷ്ണു ന്റെ വക ഒരു ഊള ഡയലോഗ്,

“ഓള് അന്നേ തന്നെയാ ആഷി ഇടക്കിടക്ക് നോക്കുന്നത്..!!”

സ്ഥിരം കേൾക്കുന്ന ഈ ഡയലോഗ് എനിക്ക് പിടിച്ചില്ല. എല്ലാ ചെങ്ങായിമാരും ആളെ വടിയാക്കാൻ പറയുന്ന വെറും ക്ളീഷേ.

“ഓള് എന്നെയല്ല ഞാൻ ഓളെയാണ് ആണ് ഇടക്കിടക്ക് നോക്കുന്നത് വിച്ണു..!!”

ഞാൻ പറഞ്ഞു തീർന്നതും മറ്റേ ചെങ്ങായി മുജ്തബ ന്റെ വക “പൊളിച്ചു മോനെ..” എന്നും പറഞ്ഞു എന്റെ പുറത്തൂടെ അവന്റെ കൈ വീണതും ഒരുമിച്ചായിരുന്നു.

അത് വിഷ്ണു നു അത്രക്കങ്ങു രസിച്ചില്ല എന്ന് അവന്റെ മുഖത്തുന്നു വായിച്ചെടുക്കാം. അതിന്റെ ദേഷ്യം തീർക്കാൻ എന്നവണ്ണം അവന്റെ അടുത്ത ഡയലോഗ്.

“ഇജ്ജ് ഓളെ നോക്കിയാലും ഓള് അന്നേ നോക്കിയാലും എന്ത് തേങ്ങയാണ്., ഇത് വരെ ഓളെ അനക് ഇഷ്ടാണ് ഇജ്ജ് ഓളോട് പറഞ്ഞിട്ടില്ലലോ..”

ഞാൻ മുജ്തബാനെ ഒന്ന് നോക്കി, അത് ശെരിയാണ് എന്ന മട്ടിൽ അവനും തലയാട്ടി.

“ഞാൻ പറയും, അല്ലെങ്കിൽ തന്നെ ഇത് എല്ലാര്ക്കും അറീണതല്ലേ..?” ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു.

എന്നാൽ വിഷ്ണു വിടാൻ ഉള്ള ഭാവമില്ല.

“ഓൾക് അല്ലാത്ത എല്ലാവര്ക്കും അറിയാം..” ഇതും കൂടി കേട്ടപ്പോൾ എന്റെ സങ്കടം ഇരട്ടിച്ചു, ഞാൻ ഒരു ആശ്വാസം കിട്ടാനായി വീണ്ടും മുജ്തബയിലേക് ഒരു നോട്ടം പാസ്സാക്കി. അത് ശെരിയാണ് എന്ന മട്ടിൽ വീണ്ടും അവൻ ഇരുന്നു തലയാട്ടുന്നു.

“ഇജ്ജ് എന്താ ഓന്താ.. എപ്പൊ നോക്കിയാലും ഇരുന്നു തലയാട്ടുന്നു..” എന്റെ ദേഷ്യം ഞാൻ അവന്റെ അടുത്ത് തീർത്തു.

“ഇഞ്ഞോട് ചൂടായിട്ട് കാര്യല്ല..” ഇവന് ഇവുടുന്നു കിട്ടി ഈ ധൈര്യം എന്നർത്ഥത്തിൽ ഞാൻ ഓനെ ഒന്ന് നോക്കി. ആള് വിഷ്ണുനെ നോക്കി ഒരു പുളിങ്ങ ചിരിയും ചിരിച്ചു ഇരിക്കുന്നു.

“ഇന്ന് രണ്ടിലൊന്ന് അറിയും.. ഇങ്ങള് നോക്കിക്കോ..” ഞാൻ രണ്ടു പേരോടുമായി പറഞ്ഞു. വൈദ്യൻ ഇച്ഛിച്ചതും രോഗി കല്പിച്ചതും ലത് എന്ന മട്ടിൽ അവർ രണ്ടു പേരും ഓഹ് ശെരി എന്നർത്ഥത്തിൽ എന്നെ നോക്കി ഒന്ന് തലയാട്ടി.

ഒന്ന്, രണ്ടു, മൂന്നു, നാല്.. പീരിയഡുകൾ പെട്ടന്ന് കടന്നു പോയി. ഉച്ച കഞ്ഞിക്കുള്ള ബെല്ല് നീട്ടി അടിച്ചു. ഭക്ഷണം കൊണ്ട് വരാത്ത കാരണം ഞാൻ വിഷ്ണുന്റെയും മുജ്തബാന്റെയും പാത്രത്തിൽ കയ്യിട്ട് വാരി എന്റെ വിശപ്പിനു അറുതി വരുത്തി. കൈ കഴുകി ക്ലാസിലേക്കു തിരിച്ചു ചെന്ന ഞാൻ കണ്ട കാഴ്ച എനിക്ക് എന്തെന്നില്ലാത്ത സന്തോഷം നൽകി. പാത്തു ക്‌ളാസിൽ ഒറ്റക്കിരിക്കുന്നു. ഇത് തന്നെ പറ്റിയ അവസരം. “പടച്ചോനെ.. ഇങ്ങള് കാത്തോളീ..” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ പാത്തൂന്റെ അടുത്തേക് നടന്നു.

“ഫാത്തിമ..” ശബ്ദം തൊണ്ടയിൽ കുരുങ്ങിയോ. ഹേയ് ഇല്ല അവൾ നോക്കുന്നു. അപ്പോൾ തുടക്കം പാളിയില്ല.

“എന്താ ആഷിക്കേ..” പാത്തു ഒരു കൂസലുമില്ലാതെ ചോദിച്ചു. എന്റെ ധൈര്യം ചോർന്നു പോയി. അവിടെ നിന്നും വലിഞ്ഞാലോ എന്ന് ചിന്തിച്ചു പുറത്തേക്ക് നോക്കിയ ഞാൻ വീണ്ടും ഞെട്ടി, എന്നെ നോക്കി രണ്ടും രണ്ടും നാലു കണ്ണുകൾ ക്ലാസിന്റെ വാതില്കൽ നില്കുന്നു. മാറ്റരുമല്ല ന്റെ ചെങ്ങായിമാർ. ഇനി മുങ്ങിയാൽ ഇവന്മാർ കളിയാക്കി കൊല്ലും.

പെട്ടു, നനഞ്ഞു ഇനി കുളിച്ചു കയറാം

“പാത്തൂന് എന്നെ ഇഷ്ടാണോ..?” ഒറ്റശ്വാസത്തിൽ ഞാൻ അത്രയും പറഞ്ഞൊപ്പിചത് എങ്ങനെയാ എന്ന് എനിക്ക് തന്നെ അറിയൂല.

എന്റെ മുഖത്തേക്ക് ഒന്ന് നോക്കി എന്നല്ലാതെ അവൾ മറുപടിയൊന്നും തന്നില്ല. അവൾ പിന്നെയും പുസ്തകത്തിൽ എന്തക്കയോ കുത്തി കുറിച്ച് ഇരിക്കുന്നുണ്ട്. അല്ല, ഇനി അവൾ എന്റെ ചോദ്യം കെട്ടുകാണില്ലെ..? “ഫാത്തു..” പേടി കാരണം ആണോ എന്തോ അക്ഷരങ്ങൾ കൂട്ടിപിണഞ്ഞു പാത്തുവിനും ഫാത്തിമക്കും ഇടയിൽ അങ്ങട് നിന്ന് പോയി. അപ്പോഴേക്കും ബെൽ മുഴങ്ങി. ഞാൻ പതിയെ എന്റെ സീറ്റിലേക് മടങ്ങി.

എൻറെ പേടി അതൊന്നുമല്ല, ഇനി അവൾ എങ്ങാനും വീട്ടിൽ പോയി പറയുമോ..? പോക്കർ കാക്ക അറിഞ്ഞാൽ… ന്റെ അള്ളോ..!! ഓർത്തിട്ട് കരച്ചിൽ ഒക്കെ വരുന്നു. പക്ഷെ പുറത്തു കാണിക്കാൻ പറ്റുമോ, ഞാൻ ഇത്രക് ധൈര്യം ഇല്ലാത്തവൻ ആണെന്ന് അറിഞ്ഞാൽ വിഷ്ണുവും മുജ്‌തബയും എന്ത് വിചാരിക്കും. അങ്ങനെ ഓരോന്ന് ചിന്തിച്ചു നാല് മണിക്ക് ക്ലാസ് കഴിഞ്ഞു കൂട്ടമണി മുഴങ്ങി. അതിലും ഉച്ചത്തിൽ എന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു. ആരറിയാൻ.. ! ആരോട് പറയാൻ..!

ഒരു വിധം എല്ലാവരും വേഗം വീട്ടിലെത്താൻ ഉള്ള ദൃതിയിൽ പെട്ടന്ന് ക്ലാസ് വിട്ടു പോയിരുന്നു. ബാഗ് എടുത്തു പോകാൻ ആയി ഇറങ്ങിയ എന്റെ അടുത്തേക് പാത്തു നടന്നു വന്നു. ആ കാഴ്ച ഉണ്ടല്ലോ.. ന്താപ്പം പറയാ.. ഒരു രക്ഷയും ഇല്ലൈനു ന്റെ മക്കളെ. അവൾ വന്നു എന്റെ നേർക്കായി തിരിഞ്ഞു നിന്ന്. എന്റെ മനസ് മന്ത്രിച്ചു. എന്നെ ഇഷ്ടാണ് പറ പാത്തു. പ്ലീസ്..പ്ലീസ്..

പക്ഷെ പ്രതീക്ഷകൾ എല്ലാം അസ്ഥാനത്തായി. അവൾ പറഞ്ഞു തുടങ്ങി.

“ആഷിക്കേ.. ഇച്ച് അന്നെ ഇഷ്ടല്ല.”

എന്ത് പറയണം എന്നറിയാതെ പകച്ചു നിന്ന എന്റെ അടുത്തേക് ചെങ്ങായിമാർ ഓടി വന്നു. വിഷ്ണു എന്റെ തോളിൽ തട്ടി പറഞ്ഞു.

“ഓള് പോണെങ്കിൽ പോട്ടെടാ ഖൽബെ.. അറബിക്കടലിൽ ഒരു മീൻ മാത്രല്ല ഉള്ളത്..” കൊച്ചു വായിൽ വല്യ വർത്താനമോ..? ഇതൊക്കെ ഇവൻ എവിടുന്നു പഠിച്ചു എന്ന് ആലോചിച്ചു വാ പൊളിച്ചു നിൽക്കുന്ന എന്റെ നേർക്കു മുജ്തബ അടുത്ത ഡയലോഗ് കാച്ചി.

“അല്ലെങ്കിലും ഒപ്പം ഒരു ക്ലാസ്സിൽ ഇരുന്നു പഠിക്കുന്ന പെൺകുട്യോൾക്കൊന്നും ഞമ്മളെ ഒരു വിലയും ഉണ്ടാവൂലട, നമുക്കു നാളെ എൽ.കെ.ജി പോയി വലയിടാം…!!”

എന്തായാലും പാത്തു കയ്യിന്നു പോയി. ഒന്നാം ക്ലാസ്സ് എത്തുമ്പോഴേക്കും ഒരെണ്ണത്തെ എങ്ങനെ എങ്കിലും ഒപ്പിക്കണം. ഇല്ലെങ്കിൽ നാണക്കേടാ.

“ന്നാലും ന്റെ പാത്തു..!” അവൾ പോകുന്നതും നോക്കി കുറച്ചു നേരം നിന്നിട്ട് ഞാൻ തിരിഞ്ഞു നടന്നു. അപ്പോൾ എൻറെ മനസ് മുഴുവൻ ആ ഒരറ്റ ചിന്തയായിരുന്നു.

നാളെ ‘”എൽ.കെ.ജി'”