നാലു വയസുകാരി മാളുട്ടിയുടെ പരിഭവം നിറഞ്ഞ ചോദ്യങ്ങൾ എപ്പോഴും ഉത്തരം മുട്ടിക്കാറുണ്ട്…

അഞ്ജലിദേവി

Story written by Uma S Narayanan

=====================

കുട്ടികൾക്ക് ഭക്ഷണം കൊടുത്ത ശേഷം അവരെയും കൊണ്ടു ബെഡ്‌റൂമിൽ കയറി രണ്ടു പേരെയും കഥകൾ പറഞ്ഞു ഉറക്കുകയാണു അഞ്ജലി…

“”അമ്മേ അച്ഛൻ എപ്പോഴാ വരുക ഇന്നും ചോക്ലേറ്റ് കൊണ്ടു വരാം എന്ന് പറഞ്ഞ പോയത് “”

നാലു വയസുകാരി മാളുട്ടിയുടെ പരിഭവം നിറഞ്ഞ ചോദ്യങ്ങൾ എപ്പോഴും ഉത്തരം മുട്ടിക്കാറുണ്ട്.,

കുറച്ചു കൂടി വലതുതായ ഏഴു വയസുക്കാരൻ മനുവിന് എല്ലാം അറിയാം എന്നമട്ടിൽ അവനൊന്നും ചോദിക്കില്ല..

“”വരും മോളെ അച്ഛനു ജോലിയില്ലേ അതുകഴിഞ്ഞു ഇവിടെ വരാൻ കുറച്ചു ദൂരം ഇല്ലേ നാളെ മാളൂട്ടി എണീറ്റു വരുമ്പോൾ അച്ഛൻ ഉണ്ടകും ചോക്ലേറ്റ് ഉണ്ടാകും.. .പ്രോമിസ് . “”

അവൾ മാളുവിനെ ആശ്വസിപ്പിച്ചു..

രാത്രി വളരെ ആയിരിക്കുന്നു എങ്ങും പരന്നൊഴുകുന്നു. പാതിരാപൂക്കളുടെ മദിപ്പിക്കുന്ന ഗന്ധം ഇളംകാറ്റിലൂടൊഴുകുന്നുണ്ട്…ഈ രാവുകൾ പകലാ‍ക്കിയവർക്കു മാത്രം സ്വന്തം. ഏകാന്തതകളിലും നിശബ്ദതകളിലും ഒരു സാന്ത്വനം തേടിയലയുന്നവരെ അതു.തഴുകിയെത്തുന്നു…

ഏ സി യുടെ നേരിയ മൂളലും അകലെയെവിടെയുള്ള ചീവീടിന്റെ കരച്ചിലും ഒഴിച്ചാൽ രാവ് പൂർണ്ണ നിശബ്ദം..

അഞ്ജലി ചുവരിലെ ക്ലോക്കിലേക്കു നോക്കി. സമയം രണ്ടര….

ഉറക്കം ഇതുവരെ തന്നിലേക്കെത്തിയിട്ടില്ല. ഉറക്കം എന്നത് തന്റെ ശരീരത്തിന് ആവശ്യമില്ലാത്ത ഒന്നായിക്കഴിഞ്ഞിരിക്കുന്നു. ശരീരം ഏതൊക്കെ തരത്തിൽ വളച്ചൊടിച്ച്, നീണ്ടുനിവർന്ന്, ചുരുണ്ടിമടങ്ങി കിടന്നാലും ഉറക്കം എന്നും ഒരു മരീചിക തന്നെ…

പതുപതുത്ത മെത്തയോ ഏ സിയുടെ ഇളം തണുപ്പോ ബ്ലാങ്കറ്റ് പകർന്നുതരുന്ന നനുത്ത ചൂടോ, പഞ്ഞിതൂവൽ നിറച്ചുവെച്ച തലയണയോ ഒക്കെ മതിയായിരുന്നു നല്ല ഉറക്കത്തിനെങ്കിൽ, താനിപ്പോൾ നിദ്രയുടെ അഗാധതയിലേക്കെത്തുമായിരുന്നു..

പക്ഷെ, ഒരു മാത്രയെങ്കിലും കണ്ണുകൾ ശാന്തമായി അടയുവാൻ, ആധിയിലുരുകാത്ത ഒരു ഹൃദയം മാത്രം മതി.. പുകഞ്ഞു നീറാത്ത ഒരു മനസ്സ്.. ശാന്തമായ സ്വച്ഛമായ മനസ്സ്.. തനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടതും ഇനി ഒരിക്കലും സ്വന്തമാവാത്തതും അതു തന്നെ… ആ മനസ്സ്..

ഡൈനിങ് ടേബിളിൽ എടുത്തുവച്ച ഭക്ഷണമെല്ലാം ആറിത്തണുത്തു..വിറങ്ങലിച്ചു
ഇന്നും എന്നത്തേയും പോലെ തനിയാവർത്തനമാണ് വെറുതെ ഉണ്ടാക്കി കളയുന്നു വരും എന്നു മോഹിച്ചു ഇഷ്ടം വിഭവങ്ങൾ ഉണ്ടാക്കി എന്നും കാത്തിരിപ്പ് വെറുതെ….

രവിയേട്ടന്റെ കാറിന്റെ ശബ്ദം ഇനിയും വന്നെത്തിയിട്ടില്ല. രവിയേട്ടൻ ഇനിയും എത്തിചേർന്നിട്ടില്ല.

വൈകീട്ട് അഞ്ചുമണിക്ക് ഓഫീസിൽ നിന്നും ഇറങ്ങും.. അരമണിക്കൂർ മതി വീട്ടിലേക്കെത്താൻ.. പക്ഷെ എന്നെത്തേയൂം പോലെ ഇന്നും….

വിവാഹം കഴിഞ്ഞു ഈ മുംബൈ നഗരത്തിൽ എത്തി വർഷങ്ങൾ എത്ര വേഗം ആണ് പോയത്.. ഐ എ എസ് ട്രെയിനിങ് കാലത്ത് പഠിക്കുന്ന രവിയേട്ടനോടുള്ള പ്രണയം പൂത്തുലഞ്ഞു നിന്നിരുന്ന നാളുകളിൽ താനെത്ര സുന്ദരി ആയിരുന്നു.. പാതി വഴിയിൽ പഠിപ്പു ഉപേക്ഷിച്ചു വീട്ടുകാരുടെ ആശീർവാദത്തോടെ രവിയേട്ടൻ തന്നെ വിവാഹം കഴിക്കുമ്പോൾ താനാണ് ഈ ലോകത്തു ഭാഗ്യവതി എന്നഹങ്കരിച്ചു നടന്ന നാളുകൾ..

“എന്റെ സുന്ദരി കുട്ടിയാണ് “എന്നു പറഞ്ഞു പിന്നിൽ നിന്ന് മാറാതെ നടന്നിരുന്ന രവിയേട്ടനു എവിടെ ആണ് കാലിടറി പോയത്…

അഞ്ജലി ഓർമ്മകളിലേക്ക് ഊളിയിട്ടു..

ബാറുകളെല്ലാം അടച്ചിട്ടുണ്ടാകും.., തീയറ്ററുകൾ പൂട്ടിക്കാണും.. ക്ലബിന്റെ വാതിലുകളിൽ താഴുകൾ വീണിരിക്കും… അതുകൊണ്ടുതന്നെ രവിയേട്ടൻ ഇപ്പോൾ അവിടെയെങ്ങും ആയിരിക്കില്ല…

എവിടെയായിരിക്കുമെന്ന് തനിക്കറിയാം…. നന്നായിത്തന്നെ അറിയാം… ചായങ്ങൾ വാരിപ്പൂശിയ, കൊഴുപ്പുകൾ അടിഞ്ഞുതൂങ്ങി മാം” സ* ളാ* വയ*വങ്ങൾ തുളുമ്പുന്ന ഏതെങ്കിലും സ്ത്രീശരീരത്തിൽ ആവേശിച്ചിരിക്കാം…

ശരീരത്തിൽ പെരുമ്പറ കൊട്ടിയുണരുന്ന അസുരതാളത്തിൽ തുള്ളലും തിറയാട്ടവും കഴിഞ്ഞ് ഇപ്പോൾ തളർന്നുകിടന്നുറങ്ങുന്നുണ്ടാവും… അലാറം വെച്ചിട്ടുണ്ടാവും…. പുലരും മുൻപേ ഉണരേണ്ടതല്ലേ… കുട്ടികളുണരും മുൻപേ വീട്ടിലെത്തേണ്ടതല്ലേ…

ഉടുത്തിരുന്ന നൈറ്റ് ഗൗണിൽ തീ പിടിച്ചതുപോലെ അഞ്ജലിക്ക് തോന്നി ചാടിയെണീറ്റു….

തന്റെ തലയും ശരീരവും ആകെ പുകയുന്നതുപോലെ തോന്നി. പുകഞ്ഞു പുകഞ്ഞു എല്ലാം ഒന്നാളിക്കത്തിയെങ്കിൽ… എല്ലാം കത്തിയമർന്നെങ്കിൽ…. പക്ഷെ…ഒരു നിമിഷം കൊണ്ടു എല്ലാം കഴിഞ്ഞിരുന്നുവെങ്കിൽ..

അഞ്ജലി മുറികളിലെല്ലാം ചുറ്റിനടന്നു…നിശബ്ദത മാറാല തീർത്ത വലിയ വീട്ടിലെ മുറികൾ…തന്റെ തകർക്കപ്പെട്ട സ്വപ്നങ്ങളുടെ, അടിച്ചമർത്തപ്പെട്ട മോഹങ്ങളുടെ ശവക്കല്ലറകളാണ് ഈ മുറികൾ…

തന്റെ ശരീരത്തിൽ നിന്നിറങ്ങിപോയ സ്ത്രീത്വത്തിന്റെ പ്രേതാത്മാക്കൾ ആ മുറികളിലെങ്ങും നിറഞ്ഞു നിൽക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി..

അവൾ ഡ്രസ്സിങ് ടേബിളിന്റെ നിലക്കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്ന് തന്നെ ആകെയൊന്ന് നോക്കി…വാർന്നുപോയ സൗന്ദര്യം..,

കുഴിഞ്ഞുപോയ കണ്ണുകൾ.., ഇടിഞ്ഞുതൂങ്ങിയ ശോഷിച്ച മാ* റിടം.. മിനുപ്പും തുടുപ്പുമില്ലാത്ത അവയവങ്ങൾ…തലമുടിയിൽ വെള്ളിരേഖകൾ പ്രയാണം ആരംഭിച്ചിരിക്കുന്നു..

യൗവനദശയിൽത്തന്നെ വാർദ്ധക്യത്തിന്റെ പടുകുഴിയിൽ എത്തിച്ചേർന്നിരിക്കുന്നു…പ്രായം സ്ത്രീശരീരത്തെ മാത്രം ബാധിക്കുന്നതെന്തുകൊണ്ടാണ്. സ്ത്രീസൗന്ദര്യത്തിന്, ദിവസങ്ങളുടെ ജന്മം മാത്രം . ഒന്നു പുഷ്പിച്ചാൽ ജന്മം തന്നെ പാഴായി പോവുന്ന ഇല്ലിമുളം കൂട്ടങ്ങളാണോ സ്ത്രീ ശരീരങ്ങളും… ഈശ്വരാ….

മനുവിന്റെ ജനനത്തോടെ ഇനി പ്രസവിക്കരുത് എന്ന് പറഞ്ഞിരുന്നു ഡോക്ടർ ഗർഭപാത്രത്തിന് ഇനിയൊരു കുഞ്ഞിനെ താങ്ങാൻ കഴിവില്ല എന്നറിഞ്ഞിട്ടും ഒരു മോളെ കൂടി വേണം എന്ന രവിയേട്ടന്റെ ആഗ്രഹം..മാളുവിന്റെ ജനനത്തോടെ താൻ രോഗിയായിപ്പോയി. അതോടെ താൻ വെറും ഭാര്യാ എന്ന് രണ്ടു വാക്കുള്ള പേരിലേക് മാത്രം ചുരുങ്ങി . പുരുഷന്റെ സ്നേഹം ഇത്രയേ ഉള്ളൂ എന്നാണോ …

തന്റെ സൗന്ദര്യം മാത്രമാണോ രവിയേട്ടനു വേണ്ടിയിരുന്നത്… കുട്ടികൾക്ക് അച്ഛൻ ഇല്ലാതെ വരരുത് എന്നോർക്കുമ്പോൾ മാത്രമാണ് ഇവിടെ എല്ലാം സഹിക്കാൻ കഴിയുന്നത്…

ഓരോ ദിവസവും കഴിയുന്തോറും കൂടുതൽ ചെറുപ്പവും സുന്ദരനും കരുത്തനുമായി വരുന്ന രവിയേട്ടൻ …രണ്ടു കുട്ടികളുടെ പിതാവായിട്ടും ഇന്നും ജിമ്മിലെ നിത്യ സന്ദർശകൻ…ബ്യൂട്ടി പാർലറുകളിലെ സ്ഥിരം കസ്റ്റമർ.. ഫെയർനെസ്സ് ക്രീമുകളുടെയും കോസ്മെറ്റിക്സുകളുടെയും കൂട്ടുകാരൻ… എത്ര സുന്ദരനാണ് അദ്ദേഹം.. ആ സൗന്ദര്യം താൻ എന്നും നോക്കി നിൽക്കാറുണ്ട്.. തന്നെ എന്നെങ്കിലും അദ്ദേഹം അതുപോലെ നോക്കാറുണ്ടോ… അല്ലെങ്കിൽ തന്നെ അദ്ദേഹത്തിന് ആരാണ് താൻ.. സമയാസമയങ്ങളിൽ ഡൈനിങ് ടെബിളിൽ ഭക്ഷണമെത്തിക്കേണ്ടവൾ… തന്റെ വസ്ത്രങ്ങൾ കഴുകിയുണക്കി ഇസ്തിരിയിട്ട് ഒരുക്കിവെക്കേണ്ടവൾ… ഒരു കുറവും വരാതെ കുട്ടികളുടെ കാര്യമെല്ലാം നോക്കേണ്ടവൾ… അതിനുമപ്പുറം….ഒന്നുമല്ലാത്ത ആളായിരിക്കുന്നു..

പുറത്തേക്കിറങ്ങിയാൽ തന്റെ മേൽ പാറി വീഴുന്ന നോട്ടങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് സഹതാപം മാത്രമാണെന്ന തിരിച്ചറിവാ‍ണ് ഏറ്റവും അസഹനീയം… അത് തന്നിലേക്ക് ചൂഴ്ന്നിറങ്ങും… ആ മുഖഭാവങ്ങൾ തന്നിൽ അവശേഷിച്ചിരിക്കുന്ന ആത്മധൈര്യവും കൂടി ചോർത്തിയെടുക്കും..

പക്ഷെ, മുന വെച്ചുള്ള പരിഹാസധ്വനികളിലും ചിരികളിലും വ്രണപ്പെടുന്നത് രവിയേട്ടന്റെ വ്യക്തിത്വമാണെന്നുള്ള ബോധ്യപ്പെടലിൽ, തന്റെ ഉള്ളിലെന്തോ സട കുടഞ്ഞെഴുന്നേൽക്കും… കൂർത്തു മൂർത്ത നോട്ടം കൊണ്ടു മാത്രം താൻ ചീറും..’

അതെന്റെ ഭർത്താവ്, അതു ഞങ്ങളുടെ കുടുംബകാര്യം… അദ്ദേഹത്തിന് അങ്ങിനെയാണ് സന്തോഷം കിട്ടുന്നതെങ്കിൽ അദ്ദേഹം സന്തോഷിക്കട്ടെ,. അതിനു നിങ്ങൾക്കെന്താ.. തന്റെ നോട്ടത്തിൽ നിന്ന് മുഖത്തുനിന്ന് ചുവന്ന് ജ്വലിക്കുന്ന രശ്മികളിലൂടെ പറയാത്ത വാക്കുകളിലൂടെ അവയെല്ലാം നിന്നു കത്തും..

ഒടുവിൽ എല്ലാം കത്തിയമർന്ന് ശാന്തമാവുമ്പോൾ തന്റെ ഉള്ളിന്റെ ഉള്ളിലേക്ക് വലിച്ചെടുക്കുന്ന ഗദ്ഗദങ്ങളും തേങ്ങലുകളും തന്നോട് ആശ്വസിപ്പിക്കും… ‘അദ്ദേഹം സന്തോഷിക്കട്ടെ…

നിനക്കൊരിക്കലും അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ സാധിച്ചെന്നു വരില്ല, പക്ഷെ, അദ്ദേഹത്തിന്റെ സന്തോഷം നശിപ്പിക്കാൻ നിനക്ക് അവകാശവുമില്ല.. അദ്ദേഹത്തിന്റെ ശരികളിൽ അദ്ദേഹം സന്തോഷിക്കട്ടെ, ആ സന്തോഷങ്ങളിൽ അദ്ദേഹം ജീവിക്കട്ടെ..എന്നും….’

അകലെയെവിടെയോ രാവിന്റെ മൂന്നാം യാമം വിളിച്ചറിയിച്ച് ഒരു യാമക്കോഴി കൂവി.. അതിന്റെ പ്രതിധ്വനിയായി മറ്റു കോഴികളും കൂവി.. പുലരാനിനിയും വിനാഴികകൾ ബാക്കിയുണ്ട്.. ഇപ്പോൾ നിശാപുഷ്പങ്ങൾ കൊഴിയുന്ന സമയം.. .. ഉറക്കമില്ലാത്ത രാവുകളിലേക്ക് തന്നോട് കൂട്ടുകൂടാൻ ഇനിയും അവ വിരിയും..രവിയേട്ടന്റെ അലാറം ഇനിയും ഉണർന്നിട്ടില്ലായിരിക്കാം..അദ്ദേഹത്തെ ചുറ്റി വരിഞ്ഞിരിക്കുന്ന കൈകൾ ഇനിയും അഴിഞ്ഞിട്ടില്ലായിരിക്കും.. കുട്ടികളുണരും മുൻപെങ്കിലും ഇങ്ങെത്തിയെങ്കിൽ….

രവിയുടെ കാറിന്റെ ശബ്ദത്തിന് കാതോർത്ത്, നിശബ്ദമായ രാവിനൊപ്പം കുട്ടികളെയും കെട്ടിപുണർന്ന് അഞ്ജലി കിടന്നു….ഉറങ്ങാതെ രവിയേയും കാത്തു..കിടന്നു അവൾ..

നേരം പുലർച്ചെ ആയിട്ടു കൂടി അന്നാദ്യമായി രവി അവിടേക്കു എത്തിയില്ല അഞ്‌ജലിക്കു ബോധ്യമായി.. രവി തങ്ങളെ ഒഴിവാക്കി പോയതാണ് എന്ന്..

പിന്നെ എല്ലാം പെട്ടന്നായിരുന്നു.

ഏഴു വർഷങ്ങൾക്ക് ശേഷം മുംബൈ നഗരത്തിലേ കളക്ടറേറ്റ് ഓഫിസ്..

“Hello, Ma’am. May I come in?”

അതിനു മറുപടി ആയി അലങ്കരിച്ച വിശാലമായ ഹാളിലെ..റിവേൾവിങ് ചെയറിൽ നിന്നൊരു ശബ്ദം ഉയർന്നു..

“Yes, Come in. “

അപ്പോൾ മുന്നിലെ ടേബിളിലെ നെയിം ബോർഡിൽ അഞ്ജലിദേവി ഐ എ എസ്…എന്നായിരുന്നു..

അലമാരയിൽ പൊടി തട്ടി ഇരിക്കുന്ന തന്റെ സർട്ടിഫിക്കട്ടുകളും എടുത്തു മക്കളെയും കൊണ്ടു അവൾ ആ വീടിന്റെ പടി എന്നെന്നേക്കുമായി ഇറങ്ങിതു രവി ഇല്ലാത്ത പുതിയ ജീവിതം കെട്ടിപ്പാടുക്കാനായിരുന്നു..അന്നവൾ ഒരു ഉറച്ച തീരുമാനം എടുത്തത് കരയരുത് ജീവിക്കണം രവി ഇല്ലങ്കിലും കുട്ടികൾക്കായ് താൻ തനിയെ ജീവിക്കുക തോറ്റു കൊടുക്കരുത്.ആ തീരുമാനം ഇന്നിവിടെ അഞ്ജലി ദേവി ഐ എ എസ് എന്നതിൽ എത്തി നിൽക്കുന്നു…

അവളുടെ സ്വന്തം തീരുമാനമായിരുന്നു ശരി അവിടെ ആണ് അവൾ ശക്തയാകുന്നത് എന്നവൾക്ക്..ബോധ്യമായി..

~Uma S Narayanan