ജനലഴികൾക്കുള്ളിലൂടെ വീശിയടിച്ച തെന്നൽ അവളുടെ കൺപോളകളെ തട്ടിയുണർത്തിക്കൊണ്ടേയിരുന്നു ……
കൈവിരലുകൾക്കിടയിൽ അലസ്സമായി ഊർന്നുനിന്ന സാരിത്തലപ്പ് കൊണ്ടവൾ ദേഹം കുറുകെ മൂടാനൊരു വിഫലശ്രമം നടത്തി …
മുറുകെപ്പിടിച്ചിട്ടും കാറ്റിന്റെ ഗതിയ്ക്കു മുൻപിൽ തോറ്റുകൊടുക്കേണ്ടി വന്നു …!!
വിടർന്ന ചുണ്ടുകളിലും കവിളുകളിലുമായി പടർന്നുകിടന്ന മുടിയിഴകൾ മാടിയൊതുക്കി തണുപ്പിനെ കെട്ടിപ്പുണർന്നു കൊണ്ട് അവൾ പുറംകാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു ….
“ചാരു ….!!
അമ്മ വിളിച്ചിരുന്നു …..നീയെന്താ ഫോൺ എടുക്കാത്തത് …??”
അപ്പുറത്തെ സീറ്റിൽ നിന്നും എഴുന്നേറ്റ് വന്ന് മഹിമ വന്നു പറഞ്ഞപ്പോഴാണ് മൊബൈൽ അപ്പോഴും റിങ് ചെയ്യുന്നത് ചാരുലത ശ്രദ്ധിച്ചത് …
മഹിമയെ നോക്കി പുഞ്ചിരിച്ചുകൊണ്ട്അവൾ ഫോൺ ചെവിയോട് ചേർത്തു …
“കല്യാണിക്കുട്ടീ ….!!
ശകാരത്തിന്റെ കെട്ട് മുറുക്കിതന്നെവെച്ചോളൂ…ചാരു ദേ തൃശ്ശൂരെത്തി ….
വീട്ടിലേക്ക് വന്നിട്ട് എനിക്കുള്ളത് ചോദിച്ചു മേടിച്ചോളാം കേട്ടോ …”
കുസൃതിയോടെ അമ്മയോട് അവൾ കൊഞ്ചുന്നത് കണ്ട് മഹിമയുടെ ചുണ്ടിലും ചിരിപടർന്നു …
മൊബൈൽ ഓഫ് ചെയ്തുകൊണ്ട് അവൾ തന്നോട് തന്നെയായി പറയുന്നുണ്ടായിരുന്നു …
“പതിമൂന്ന് പ്രാവിശ്യം വിളിച്ചിരിക്കുന്നു പാവം ….
എന്നെ കാണാണ്ട് ആധി പൂണ്ടായിരിക്കും നിന്നെ വിളിച്ചിട്ടുണ്ടാവുക …!!”
“നിന്നെ ഇത്രയും പ്രാവിശ്യം വിളിക്കുന്നുണ്ടെങ്കിൽ അതിലും എത്രയോ ഇരട്ടി ചിന്ത അവർക്ക് നിന്നെപ്പറ്റി ഉണ്ടായിട്ടല്ലേ ചാരു …
നീ ഭാഗ്യവതിയാണ്…!!
കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടുനടക്കുന്ന അച്ഛനും അമ്മയും …
കൈവെള്ളയിൽ വച്ചു താലോലിക്കുന്ന സ്വാതിയേച്ചി ….
ഓരോ അവധിക്ക് ചെല്ലുമ്പോഴും നിന്നെ കണ്മുൻപിൽ നിന്ന് വിടാതെ ചേർത്ത് പിടിച്ചുകൊണ്ട് നടക്കുന്ന മുത്തശ്ശിയും മുത്തശ്ശനും ….
വേറെന്ത് സന്തോഷമാണ് നിനക്കിനി കിട്ടാനുള്ളത് …!!
എന്നെ നോക്ക് …നാല് വർഷം കഴിഞ്ഞിരിക്കുന്നു ഞാൻ ബാംഗ്ലൂരിലേക്ക് പോന്നിട്ട് …
നിന്നെപ്പോലെ മാസത്തിലൊരിക്കൽ പോലും നാട്ടിലേക്ക് ചെന്നിട്ടില്ല …
അച്ഛനും അമ്മയ്ക്കും ഒറ്റമോളാണ് …!!
പറഞ്ഞിട്ടെന്തു ഫലം …
അവരുടെ തിരക്കുകൾക്കിടയിൽ മുങ്ങിപ്പോകാൻ തക്ക വില മാത്രമേ എന്നോടുള്ള വാത്സല്യത്തിന് അവർ നല്കിയിട്ടുണ്ടാവൂ ….”
നെടുവീർപ്പോടെ മഹിമ പറഞ്ഞു നിർത്തുമ്പോഴേക്കും ചാരുലത അവളെ ചേർത്തു പിടിച്ചിരുന്നു …
“മഹി ..!!
അപ്പോൾ ഞാനാരാണ് നിന്റെ …
കൂട്ടുകാരിയായിട്ടല്ല കൂടപ്പിറപ്പായിട്ടേ കണ്ടിട്ടുള്ളൂ അന്നും ഇന്നും ..
എന്റെ സ്വാതിയേച്ചിയെ പോലെ …ഒരുപാട് വട്ടം പറഞ്ഞതല്ലേ എന്റെ വീട്ടിലേക്ക് വരാൻ …!!
നീയ് കേട്ടില്ലല്ലോ …”
മഹിമ കണ്ണീരിൽ കലർന്ന മിഴികളോടെ അവളെ നോക്കി …
“അവർക്കില്ലെങ്കിലും എനിക്കവരെ കാണണമെന്ന് കാണില്ലേ ചാരു …..ഇത്രയും നാളായില്ലേ ….!!”
“ഏയ്…!!
വീണ്ടും കണ്ണ് നിറക്കാനാണോ നിന്റെ പുറപ്പാട് …
സമ്മതിക്കില്ലാട്ടോ മോളെ ..നിന്റെ സ്റ്റേഷൻ എത്താറായി …
മുകളിലത്തെ ബെഡിൽ നിന്ന് ആ ലഗേജൊക്കെ എടുത്ത് താഴേക്ക് വെയ്ക്ക് …”
സന്ദർഭം തിരിച്ചുവിടാനായി ചാരുലത തന്നെ ബെഡിൽ കായറി മഹിമയുടെ ബാഗുകൾ വലിച്ചു പുറത്തേക്കിട്ടു …
“ഈ ട്രെയിൻയാത്രയോടെ എന്നെക്കൊണ്ടുള്ള ശല്യം തീർന്നെന്നൊന്നും നീയ് വിചാരിക്കണ്ട …
സ്വതിയേച്ചിയുടെ വിവാഹമൊക്കെ ഏതാണ്ട് ആയിരിക്കുണൂന്ന് തോന്നുന്നു …
അമ്മ തെളിച്ചൊന്നും പറഞ്ഞിട്ടില്ല ….
അറിഞ്ഞാലുടനെ നിന്നെ ഞാൻ വിളിക്കും കൂടെ പോന്നേക്കണം …!!”
മഹിമയുടെ കവിളിൽ നുള്ളിക്കൊണ്ട് ചാരുലത അവളുടെ മുഖത്തും ചിരി വിടർത്തി….
വീട്ടിലേക്കുള്ള പടി കടക്കുമ്പോഴേക്കും ആരോ വന്നവളെ വട്ടം ചുറ്റിപ്പിടിച്ചതും ഒരുമിച്ചായിരുന്നു …
“എന്റെ ചാരു എത്തീല്ലോ ….!!”
അവളുടെ തോളിൽ മുഖമമർത്തി കൊണ്ട് നിൽക്കുന്ന സ്വാതിയുടെ താടിയിൽ പിടിച്ചുയർത്തിക്കൊണ്ട് ചാരുലത കവിളത്തു ആയി ഒരു മുത്തം കൊടുത്തു …
“ഒരുപാട് ഓർമ്മ വന്നു എന്റെ ചേച്ചിപ്പെണ്ണിനെ …
എന്നെ ഓർത്തില്ലേ ചേച്ചി നീയ് …”
അവളുടെ തോളിൽ രണ്ടു കൈകളുമൂന്നി സ്വാതി നിന്നു …
“ഓർക്കാതെ പിന്നെ….
നാല് വർഷം മുൻപ് വരെ അമ്പലത്തിൽ പോക്കും ട്യൂഷൻ ക്ലാസ്സെടുക്കലും തൊടിയില് കുന്നിമണികൾ പെറുക്കാൻ പോകലും ഒക്കെ എന്റെ കാന്താരിയുടെ കൂടെയല്ലായിരുന്നോ …
കാറ്റുവന്നു വീശിപ്പോകുന്നത് പോലെ പിന്നീട് വല്ലപ്പോഴും വന്നിട്ട് നീയങ്ങു പോകും …
വീണ്ടും ഞാനൊറ്റക്ക് …!!”
സ്വാതിയുടെ മുഖം വിഷാദം പൂണ്ടു …
“ഓഹോ …ഒറ്റക്കായിപോയതുകൊണ്ടാണോ എന്റെ ചേച്ചിക്കുട്ടിക്ക് കൂട്ടിനൊരാളെ താമസിയാതെ കണ്ടുപിടിക്കുന്നുണ്ടെന്ന്കല്യാണിക്കുട്ടി പറഞ്ഞത് …”
“നീയെങ്ങനെയറിഞ്ഞു അത് ..??”
അവൾ ആശ്ചര്യം പൂണ്ടു ….
“അതൊക്കെ അറിഞ്ഞൂന്ന് കൂട്ടിക്കോളൂ …
ആരാണ് എന്റെ ചേച്ചിയ്ക്ക് വേണ്ടി അച്ഛൻ കണ്ടെത്തിയ രാജകുമാരൻ …??”
“അതൊക്കെ വഴിയേ പറയാം കുട്ടീ ….
പടിക്കിപ്പുറത്തേക്ക് കയറില്ലേ നീയ് ….”
ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അവൾ കണ്ടത് അവളെത്തന്നെ നോക്കി ഉമ്മറത്തേക്ക് വരുന്ന മുത്തശ്ശിയേയും മുത്തശ്ശനെയുമാണ് …
“ആഹാ എന്റെ യുവമിഥുനങ്ങൾ ഇവിടെ നിൽപ്പുണ്ടായിരുന്നോ …!!
മുത്തശ്ശി പ്രായം വീണ്ടും പുറകോട്ടാണല്ലോ …
ഇക്കണക്കിന് പോയാല് സ്വതിയേച്ചിയെ കാണാൻ വരുന്ന ആൾക്ക് പെണ്ണ് മാറിപ്പോയത് തന്നെ …”
അവൾ രണ്ടാളെയും ഇറുകെ കെട്ടിപ്പിടിച്ചു …
“അതവിടെ നിൽക്കട്ടെ …
എന്തുകോലമാ കുഞ്ഞേ ഇത് …
സ്വാതിയെക്കാളും തടി വച്ചിരുന്നതാ നീയ് പോയപ്പോൾ …
ഇപ്പോ പറമ്പില് നിൽക്കണ മുരിങ്ങത്തണ്ട് പോലെ ആയിപ്പോയി …!!”
ചുക്കിച്ചുളിഞ്ഞ കൈവിരലുകൾ ചാരുലതയുടെ ശിരസ്സിലൂടെ ഓടിച്ചുകൊണ്ട് മുത്തശ്ശി അവളെ ആകമാനം അളന്നുകൊണ്ട് പതം പറയാൻ തുടങ്ങി …
“വന്നു കേറിയപ്പോഴേ അവളെ ക്രോസുവിസ്താരം ചെയ്യാതെന്റെ ഭാരതി …!!
മോളകത്തേക്ക് ചെല്ലൂ …
കല്യാണി അവിടെ അടുക്കള യുദ്ധക്കളമാക്കുന്നുണ്ട് ..രാവിലെ തൊട്ടു തുടങ്ങിയതാണ് …
നിനക്കിഷ്ടപ്പെട്ട ഓലനും നെയ്മീൻ വറുത്തതും മാമ്പഴപുളിശ്ശേരിയും കഴിഞ്ഞു…
ഇപ്പോൾ പ്രഥമനുള്ള വട്ടം കൂട്ടുവാണ് പാവം …!!”
മുത്തശ്ശൻ അവളെ വാത്സല്യത്തോടെ തലോടിക്കൊണ്ട് പറഞ്ഞു ….
“എന്നാൽ ഞാനങ്ങോട്ടേക്ക് ചെല്ലട്ടെ …
അമ്മയുടെ രുചി പറ്റാതെ എന്റെ നാവ് പോലും എന്നോട് പിണങ്ങിയിരിക്കുന്നു ….!!”
അവൾ ബാഗെടുത്തു മുൻവശത്തെ കയറ്റുകസേരയിലേക്കിട്ട് അകത്തേക്ക് ഓടിച്ചെന്നു …
“ഇപ്പോ ഇവിടെ വച്ചിരുന്നതാ …
എവിടെപ്പോയി അത് ….??”
കാര്യമായി എന്തോ അന്വേഷിക്കുന്ന അവർ പിന്നിലൊരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കാതെ പറഞ്ഞു ….
“സ്വാതി …!!
മോളെ ….
പപ്പടം വറുത്തുകോരാനുള്ള കണ്ണാപ്പ വച്ചിരുന്നതാ ഇവിടെ …
അപ്പുറത്തൊന്ന് പോയിട്ട് വന്നതേയുള്ളൂ …
അപ്പോഴേക്കും കാണാനില്ല …
എന്റെ കുട്ടി ഇപ്പൊ വരുമല്ലോ ഈശ്വരാ …വിശന്നു വയറു കാളിയായിരിക്കും വന്നു കയറുന്നത് …
ഇതെവിടെപ്പോയി …!!”
വീണ്ടും പരതാൻ തുടങ്ങിയ അവരെ പിറകിലൂടെ ചെന്നു കെട്ടിപ്പിടിച്ചു തോളിലുമ്മ വച്ചു ചാരു …
“മുത്തശീടെ കാച്ചെണ്ണ തീർന്നിട്ടില്ല അല്ലേ കല്യാണിക്കുട്ടി …
എന്തൊരു വാസനയാ ഇതിന് ….!!”
ചാരുലത അമ്മയുടെ മുടിക്കെട്ടിൽ നാസികത്തുമ്പു കൊണ്ടു ഉരസി …
“വന്നല്ലോ അമ്മേടെ ചാരു …
രാവിലെ മുതൽ നോക്കിയിരിക്കുകയായിരുന്നു ഞാനും അച്ഛനും …
പാടത്തു പണിക്കാര് വന്നിരിക്കുന്നു …
മകരമാസമല്ലേ …!!”
അച്ഛൻ അങ്ങോട്ടേക്കിറങ്ങി …”
അവളെ ചേർത്തുപിടിച്ചു ചുംബിച്ചുകൊണ്ട് അവർ ചരുവിന്റെ നെറ്റിയിലെ വിയർപ്പുതുള്ളികൾ വിരൽ കൊണ്ടു തുടച്ചു …
“ഓടിക്കിതച്ചാണ് വന്നതല്ലേ കുട്ടി…..
എവിടെയെങ്കിലും തട്ടി വീണിരുന്നെങ്കിലോ …??”
അവർ ആവലാതിയോടെ അവളുടെ കൈകളും കവിളുമൊക്കെ തലോടാൻ തുടങ്ങി…
“നിന്നെ കാണാതെ എത്ര വിഷമിച്ചൂന്നറിയോ …??
വിളിച്ചാൽ ഫോണും എടുക്കില്ല …
എന്തിനാ പിന്നെ നിനക്കത് മേടിച്ചുതന്നിരിക്കണേ …??”
അവർ ദേഷ്യപ്പെട്ടു …..
“എന്റെ മാതാശ്രീ …!!
പുത്രി വന്നു കയറിയതല്ലെയുള്ളൂ …ചോദ്യശരങ്ങൾ തൊടുത്തെന്നെ തേജോവധം ചെയ്യാതെ ….!!”
കിലുങ്ങിചിരിച്ചുകൊണ്ട് അവൾ അവരെ ചേർത്തുപിടിച്ചു കൊണ്ട് അടുക്കളയിൽ കണ്ണോടിച്ചു ….
“കണ്ണിമാങ്ങാ ഉപ്പിലിട്ടതെവിടെയാന്നു നോക്കുവാണോ ചാരുവേ …??”
തിരിഞ്ഞു നോക്കുമ്പോൾ നിറഞ്ഞ ചിരിയോടെ കയ്യിലൊരു ചെറിയ മൺഭരണിയുമായി നിൽക്കുന്ന അച്ഛനെയാണ് അവൾ കണ്ടത് …
“ഉവ്വല്ലോ …!!
എനിക്കറിയാല്ലോ ആർക്കും കൊടുക്കാതെ അച്ഛൻ ചാരുവിന് വേണ്ടി അത് മാറ്റി വയ്ക്കുമെന്ന് …”
ഓടിച്ചെന്നു ആ തോളിൽ തൂങ്ങിക്കൊണ്ട് ഭരണിയിൽ കയ്യിട്ടു അവൾ …
“മാറി നിൽക്ക് മോളെ പാടത്തു നിന്ന് വരുന്ന വഴിയാ …
നനഞ്ഞിട്ടും കൂടിയില്ല …
വിയർപ്പു നാറിയിട്ടു വയ്യ …
മോളുടെ ഉടുപ്പൊക്കെ അഴുക്കാകും ….”
അയാൾ അവളെ മാറ്റിനിർത്താൻ ശ്രമിച്ചു …വീണ്ടും അച്ഛന്റെ ചാരെ ചേർന്നുനിന്നു കൊണ്ട് കണ്ണിമാങ്ങയൂറിക്കൊണ്ട് അവൾ കൊലുന്നനെ കൊഞ്ചി ….
“ആയിക്കോട്ടെന്നേ ….
ആ വിയർപ്പിന്റെ മണം അല്ലെ ബാംഗ്ലൂരിൽ ഞാനേറ്റവും കൂടുതൽ ശ്വസിക്കാൻ കൊതിച്ചേ അച്ഛാ ….”
പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ..
“മതി …..മതി….. അച്ഛനും മോളും വന്നു ഭക്ഷണം കഴിക്ക് ….
മോളെ സ്വാതിയെയും മുത്തശ്ശനെയും മുത്തശ്ശിയേയും കൂടി വിളിക്ക് …!!”
അവൾ പോകാൻ നേരം ഒരുമിനിറ്റ് സംശയിച്ചു നിന്നു …
“അമ്മേ …!!”
അവളെ നോക്കി ചിരിച്ചുകൊണ്ട് തന്നെ അവർ തുടർന്നു …
മേശമേൽ അടച്ചുവച്ചിരുന്ന ഡപ്പ തുറന്ന് കാണിച്ചു കൊണ്ടവർ തുടർന്നു…
“കായ വറുത്തതും ഉണ്ടെടീ കൊതിച്ചിപ്പാറു …!!”
“എൻ്റെ കല്യാണിക്കുട്ടി ….
ഞാനിതു അങ്ങ് ദൂരെയിരുന്നു കൊതിച്ചപ്പോഴേ ഇവിടെ ഇതിനുള്ള എണ്ണ തെളിച്ചല്ലേ…”
ആഹ്ലാദത്തോടെ അവളോടി വന്നു അവരെ ഇറുകെപ്പിടിച്ചു …
“പോയി കുളിച്ചു വാ അമ്മേടെ മോള് …..
മോൾക്കിഷ്ടമുള്ളതെല്ലാം ഉണ്ട് ….”
ഇല വെടിപ്പായി തിരികെ വയ്ക്കുമ്പോൾ അവളുടെ മനസ്സും വയറും ഒരുപോലെ നിറഞ്ഞു …
“കുറച്ചൂടെ ഇടട്ടെ മോളെ …!!””
അമ്മ അടുത്തുനിന്ന് വന്ന് അവളുടെ ഇലയിലേക്ക് വീണ്ടും വിളമ്പാൻ തുടങ്ങി …
“കല്യാണിക്കുട്ടിയേ ….
ഇപ്പോൾത്തന്നെ എനിക്ക് വയറു നിലത്തു മുട്ടുന്ന പരുവായിട്ടോ ….
പ്രഥമനും കൂട്ടി സദ്യ കഴിച്ചിട്ടെത്ര നാളായി …
മഹിമയെ ഓർമ്മ വരുവാ ..പാവം …!!
അവളവിടെ ഒറ്റപ്പെട്ടിരിക്കയാവും ….”
ചാരുവിന്റെ കണ്ണുകളിൽ ദുഃഖം നിറഞ്ഞു …
“മോളെന്തിനാ വിഷമിക്കുന്നെ….
സ്വാതിമോളുടെ കല്യാണത്തിന് ഇങ്ങോട്ടേക്ക് പോരാൻ പറയ് ആ കുട്ടിയോട് …
കുറച്ചീസം മുൻപേ വരാൻ പറയൂ …”
മുത്തശ്ശൻ ഉത്സാഹത്തോടെ പറഞ്ഞു …
“ഇല്ല ..ഞാൻ പറയില്ല …!!”
ചാരു ദേഷ്യം ഭാവിച്ചു പറഞ്ഞു …
“എന്താ മോളെ …??”
അച്ഛന്റെ ചോദ്യം കേട്ട് അവൾ മുഖം വീർപ്പിച്ചു …
“എന്താന്ന് അറിയില്ലല്ലേ ആർക്കും …
ഞാനിവിടെ വന്നിട്ട് ഇത്രയും നേരമായി …
എന്നിട്ടും ആരാണ് ചെക്കനെന്നോ എന്റെ സ്വതിയേച്ചിയുടെ പെണ്ണുകാണൽ കഴിഞ്ഞെന്നോ അവൾക്കിഷ്ട്ടായോ അയാൾക്കിഷ്ടമായോ എന്നൊന്നും ആരും എന്നോടൊരാക്ഷരം പറഞ്ഞില്ല …!!”
അത് കേട്ട് എല്ലാവരും മന്ദഹസിച്ചു ….
“അത് നിനക്കൊരു സർപ്രൈസ് ആയിക്കോട്ടേന്ന് വിചാരിച്ചിട്ടല്ലേ ചാരുവേ …”
സ്വാതിയുടെ കവിളിൽ പൂത്തുലയുന്ന നാണം കണ്ട് ചാരുലതക്ക് ആകാംഷയായി ..
“എന്റെ സ്വാതിയേച്ചിയുടെ കവിളിത്രേം നിറം വക്കണേല് ആള് നിസ്സാരക്കാരനല്ലല്ലോ…
പറയമ്മേ …!!
ആരാണ് …..ആള് ….??
എനിക്കറിയാവുന്നെ ആളാണോ …??
നമ്മുടെ നാട്ടുകാരനാണോ …??”
“നാട്ടുകാരൻ മാത്രമല്ല …
വീട്ടുകാരൻ കൂടിയാണ് …
നിനക്കറിയും ആളെ …”
ആരെന്ന ഭാവത്തോടെ അവൾ നെറ്റി ചുളിച്ചു …
“സിദ്ധാർഥ് …!!”
പേര് കേട്ടതും ഹൃദയമിടിപ്പിന്റെ ഗതി ദ്രുതമാകുന്നത് അവളറിഞ്ഞു ….
“സിദ്ധാർഥ് ….!!
ഏത് ..ഏതു സിദ്ധാർഥാണ് അച്ഛാ …..??”
“മറ്റാരുമല്ല മോളെ …
നിനക്കേറ്റവും ഇഷ്ടമുള്ള ജാനകിയപ്പയുടെ മകൻ …
നമ്മുടെ സിദ്ധു …!!”
ഒരിക്കൽ കൂടി കാര്യങ്ങൾ അച്ഛൻ വ്യക്തമാക്കി തന്നപ്പോഴേക്കും തിരിച്ചൊന്നും പറയാനാകാതെ ചാരുലത ഈറനണിഞ്ഞ നോട്ടം കൊണ്ട് കേട്ട വാക്കുകളുടെ പ്രതിധ്വനികളിൽ സ്വയം നഷ്ട്ടപ്പെട്ടു പോയിരുന്നു …
“മോളെ ….മോളെ എന്തുപറ്റി …??”
ചുമലിൽ ആരോ തട്ടുന്നുണ്ട് …
ചാരു മിഴികൾ തുറന്നു ചുറ്റും നോക്കി …
താൻ കണ്ടത് ……..!!
കണ്ടതെല്ലാം സ്വപ്നമായിരുന്നു …
അല്ല കഴിഞ്ഞ കാലത്തിന്റെ ഓർമ്മപ്പെടുത്തലുകൾ ….
അതായിരുന്നു …!!
“എന്തെങ്കിലും വയ്യായ്ക തോന്നുന്നുണ്ടോ മോളെ ….??”
പ്രായമേറിയ ആ സ്ത്രീയുടെ കണ്ണുകളിൽ കാരുണ്യവും സ്നേഹവും വമിച്ചിരുന്നു…….
” ഒന്നുമില്ല രാച്ചിയമ്മേ …
എന്തൊക്കെയോ ഓർത്തങ്ങനെ ഇരുന്നുപോയി …!!”
“ത്രിസന്ധ്യ നേരത്തു ഇവിടെ ഇങ്ങനെ വന്നിരിക്കരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല ഈ കുട്ടി …!!””
മുറ്റത്തിനോടുള്ള ചേർന്നുള്ള നീളത്തിൽ കെട്ടിയിരുന്ന പാതാമ്പുറത്തിൽ നിന്ന് അവർ ഒരുപാട് നിർബന്ധിച്ചപ്പോൾ ചാരുലതക്ക് എണീക്കേണ്ടി വന്നു …
അകത്തേക്ക് നടക്കുമ്പോൾ അവർ പറയുന്നുണ്ടായിരുന്നു …
“നാളെ പോകണ്ടേ മോളെ …??”
സിരകളിലൂടെ പെട്ടെന്നൊരു വിറയൽ പാഞ്ഞുപോയതുപോലെ തോന്നി ചാരുലതക്ക്…
“അതേ ….പോകണം …!!”
പെട്ടെന്നെന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ ദൃഢമായ ആ വാക്കുകൾ അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു ….
തുടരും…