സിദ്ധചാരു ~ ഭാഗം 03, എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“നിനക്കിഷ്ടാണോ ചേച്ചി സിദ്ധാർത്ഥിനെ ……??”

പെട്ടെന്നുള്ള ചാരുവിന്റെ ചോദ്യം സ്വാതിയെ തെല്ലൊന്നമ്പരപ്പിച്ചു ….

“അതെന്താ ഇപ്പോൾ അങ്ങനെയൊരു ചോദ്യം …??”

“എന്തോ……. എനിക്കതങ്ങു ഉൾക്കൊള്ളാൻ കഴിയുന്നില്ല …

നേരിട്ടുകണ്ടാൽ വെ ട്ടിനു റുക്കാൻ തക്ക വിദ്വേഷവുമായി നടന്ന മുത്തശ്ശന്റെ ഈ പെട്ടെന്നുള്ള മാറ്റം …..!!

ഒളിച്ചോടിയ പെങ്ങളുടെ മകനെ കൊണ്ട് തന്നെ സ്വന്തം മകളെ വിവാഹം കഴിപ്പിക്കാനുള്ള അച്ഛന്റെ ഉത്സാഹം …….!!

ഒന്നും അങ്ങോട്ടേക്ക് മനസ്സിന് ദഹിക്കണില്ല ……!!”

“നീയെന്തിനാ ഇതൊക്കെ ഇപ്പോഴിങ്ങനെ ആലോചിച്ചു കൂട്ടുന്നെ …??”

മുത്തശ്ശനായിട്ടാണ് ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞത് ….

ശരിയെന്ന് അച്ഛനും തോന്നിക്കാണും …

എനിക്കാരോടും പണ്ടേ ഈർഷ്യ ഇല്ലായിരുന്നല്ലോ …

സിദ്ദുവേട്ടനെ എനിക്കറിയുകയും ചെയ്യാം …!!”

അവസാന വാക്കുകൾ ചാരുവിലും അമ്പരപ്പുളവാക്കി ….

“എന്താ നീയ് പറഞ്ഞത് ….??

സിദ്ദുവേട്ടനോ …..

ചേച്ചി …..ഞാൻ പോലും ചെറുതിലേ മുതൽ അയാളെ സിദ്ദുവെന്നേ വിളിച്ചിട്ടുള്ളൂ ….!!”

“അമ്മയാ എന്നെ പറഞ്ഞുതിരുത്തിയത് …..!!

ഇനിയെങ്ങനെ വിളിച്ചാൽ മതിയെന്ന് …!!”

“ഉം ….ആട്ടെ ഈ സിദ്ധാർഥ് ഇപ്പോൾ എവിടെയാണ് …..”

“സിദ്ദുവേട്ടൻ പൂനയിൽ ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുവാണ്‌ …!!”

പറയുമ്പോഴുള്ള അവളുടെ പ്രസരിപ്പും ജാള്യതയും ചാരു ശ്രദ്ധിക്കാതിരുന്നില്ല ….

“എന്നാലും നിനക്കൊട്ടും വിഷമമില്ലേ ചേച്ചി എന്നെയും അമ്മയെയുമൊക്കെ വിട്ടുപിരിഞ്ഞു പോകുന്നതിൽ ….??”

സ്വാതി മറുപടിപറയാതെ ചാരുവിനെ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു …..

“ചൊവ്വാദോഷക്കാരിയല്ലേ മോളെ ….!!

ഇനിയും വരുന്നവരുടെ മുൻപിൽ കെട്ടുകാഴ്ചയായി നില്ക്കാൻ വയ്യ ….

എന്റെ ജാതകവുമായിസിദ്ദുവേട്ടന്റെ ജാതകം പൊരുത്തമുണ്ടെന്ന് പറഞ്ഞു മുത്തശ്ശൻ …

നീയ് പോയിക്കഴിഞ്ഞുള്ള നാലുവർഷങ്ങളിലും വൈരാഗ്യത്തിന്റെ മതിൽക്കെട്ടിനൊക്കെ ഒരുവിധം അയവ് വീണിരുന്നു ……!!

ഒരുകണക്കിന് നീയാണല്ലോ അതിനു കാരണക്കാരി …..”

സ്വാതി വാത്സല്യത്തോടെ അവളുടെ തടിയിൽ തൊട്ടു …

ശരിയാണ് ….!!

താനും അതിനൊരു വഴിയൊരുക്കുകയായിരുന്നു ….

മുത്തശ്ശിയുടെ സങ്കടംകാണാനാകാതെ എന്നും മതിൽക്കെട്ടിനപ്പുറത്തേക്കുള്ള വീട്ടിലേക്ക് അവരെയും കൂട്ടി നിന്ന്‌ നോക്കുന്നത് സ്ഥിരമായിരുന്നു …

ജാനകിയപ്പയെ വീടിനുപുറത്തേക്ക് കാണുന്നതുതന്നെ വൈകുന്നേരങ്ങളിലായിരുന്നു …

മുറ്റമടിക്കാൻ മാത്രം പടിപ്പുരവാതിലിനടുത്തു നിൽക്കുന്നത് കാണാം ….

മകളെ കണ്ട് മുത്തശ്ശി നിശബ്ദം നിർവൃതിയടയുമ്പോൾതന്റെ കണ്ണുകൾ പക്ഷെ തിരഞ്ഞത് ആ പതിനേഴുവയസ്സുകാരനെയായിരുന്നു ….!!

അയാളുടെ പൊടിമീശയിലൊളിപ്പിച്ച ഗൗരവത്തിനെയായിരുന്നു ….!!

സ്കൂൾ വിട്ട് പലഹാരവും കഴിച്ചുകൊണ്ട് സ്വാതിയേച്ചിയും താനും ഉമ്മറത്തു വിശ്രമിക്കുമ്പോഴായിരിക്കും വൈകുന്നേരങ്ങളിലെ വർക്ഷോപ്പുകളിലെയും പണി കഴിഞ്ഞു വരുന്ന സിദ്ദുവിനെ കാണുന്നുണ്ടാവുക ….!!

സ്വാതിയേച്ചിയുടെ കണ്ണുവെട്ടിച്ചു ഉമ്മറത്തുനിന്നും തെച്ചിമരച്ചോട്ടിലേക്ക് ചേക്കേറുമ്പോഴും
പുസ്തകങ്ങളടങ്ങിയ ബാഗും പണിയായുധങ്ങളുള്ള സഞ്ചിയും ഒരുമിച്ച് ജാനകിയപ്പയെ ഏൽപ്പിക്കുന്ന സിദ്ദുവിനെ നോക്കി നിൽക്കും …..!!

പ്രണയമായിരുന്നോ അത് ….??

ഏയ് …

പതിനൊന്നു വയസ്സുകാരിക്ക് തന്നെക്കാൾ മുതിർന്ന ഒരാണിനോട് തോന്നിയ ആരാധനയാവാം …..!!

വീട്ടിലാരുമില്ലാതിരുന്ന ഒരു ദിവസം താൻ മുത്തശ്ശിക്ക് കൂട്ടായിരുന്നപ്പോൾ പതിവുപോലെ തെച്ചിക്കായ് പെറുക്കാനെന്ന വ്യാജേനെ അവിടെ ചുറ്റിപറ്റി നിന്നപ്പോഴായിരുന്നു ജാനകിയപ്പ തന്നെ കൈകാട്ടി വിളിച്ചത് ….

“മോളുടെ പേരെന്താ …??”

“ചാരുലത ….!!

ചാരുവെന്നാണ് എല്ലാരും വിളിക്കണേ …”

അവർ വാത്സല്യത്തോടെ തന്റെ മുടിയിഴകളിൽ തലോടി സ്നേഹത്തോടെ കൈവെള്ളയിൽ ചുംബിച്ചു ….

“ദേ നോക്കൂ …..!!

ജയന്റെ കുട്ടിയാണ് ….കണ്ടോ …എന്റെ ഛായയല്ലേ അവൾക്ക് ….!!”

അവർ ആഹ്‌ളാദത്തോടെ തന്നെ ആപാദചൂടം ഉഴിഞ്ഞ് അകത്തെ കട്ടിലിൽ ഇരിക്കുന്ന ആളെ നോക്കി പറഞ്ഞു ….

വെറുതെ അങ്ങോട്ടൊന്നു നോക്കിയപ്പോഴും ആ രൂപം കണ്ട് ചെറുതായൊന്ന് ഭയന്നുപോയി ……

ഒരു കയ്യുടെ കുറവ് ഒരു വശംമുഴുവൻ തളർത്താൻ പോന്നതാകുമെന്ന് അന്നാണ് തോന്നിയത് ….!!

അദ്ദേഹമെന്ന കൈകാട്ടിവിളിച്ചു ….

പുറത്താരും ശ്രദ്ധിക്കുന്നില്ലെന്ന ഉറപ്പോടെ തന്നെ ജാനകിയ്പ്പയുടെ കൈ പിടിച്ചു താനും അകത്തേക്ക് കയറി …

ഇരുണ്ട മുറിക്കുള്ളിലെ തെളിഞ്ഞ ചിരി …!!

എന്തുകൊണ്ടോ അവിടെനിന്ന് പോരാനേ തോന്നിയില്ല …..

“ജാനകി സിദ്ദു ഇന്നലെകൊണ്ടു വന്ന അരിമുറുക്കെടുത്ത് മോൾക്ക് കൊടുക്ക് ….!!”

അദ്ദേഹം തന്നെ മടിയിലിരുത്തി കൊണ്ട് അടുക്കളയിലേക്ക് വിളിച്ചുപറഞ്ഞു …

ഒരു വിദ്വേഷവും തന്നോട് കാട്ടാതെ ഒരുപാട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞുകൊണ്ടേയിരുന്നു അദ്ദേഹം ….!!

“ജാനകിയപ്പേ ഞാൻ പോവ്വാ ട്ടോ …

സന്ധ്യായാവാറായി …!!

എല്ലാവരും ഇപ്പോൾ വരും ….

മുത്തശ്ശിയോടും ഞാൻ പറഞ്ഞിട്ടില്ല ഇവിടെക്കാ വരണെന്നു….!!”

“കുറച്ചുകൂടി കഴിഞ്ഞിട്ടുപോ മോളെ …

കണ്ടു കൊതിതീർന്നിട്ടില്ല നിന്നെ ….

കുഞ്ഞാണെങ്കിലും നിനക്കെങ്കിലും ഇത്രടം വരെ വരാൻ തോന്നിയല്ലോ …..!!”

അവർ വീണ്ടും പിടിച്ചുനിർത്താനുള്ള ശ്രമത്തിലായിരുന്നു ……

കയ്യിലിരുന്ന പലഹാരപാത്രം തട്ടിമറിയപ്പെട്ടത് പെട്ടന്നായിരുന്നു …!!

“ആരോട് ചോദിച്ചിട്ടാണ് ഇവളെ ഇവിടെ കയറ്റിയത് ….??”

സിദ്ദുവിന്റെ ഏറ്റവും പരുഷമായ സ്വരം ആദ്യമായി കേട്ടത് അന്നായിരുന്നു …

“മോനെ ….ജയന്റെ മോളാടാ …..!!

നിന്റെ അമ്മാവന്റെ ….”

ജാനകിയപ്പ അയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു …

“ഏത് അമ്മാവൻ …??

എനിക്കങ്ങനെയുള്ള ബന്ധങ്ങൾ ജനിച്ചപ്പോഴെയില്ല ….

ഈ പതിനേഴാമത്തെ വയസ്സിൽ അമ്മയായിട്ട്ഇനിയങ്ങനെയൊന്നു ഏച്ചുകെട്ടാനും ശ്രമിക്കേണ്ട ……

ഈ അസത്തിനെ ഇനിയിവിടെ കണ്ടുപോകരുത്…

ഇറങ്ങടീ വെളിയിൽ …!!”

സിദ്ധാർഥ് ബലമായി തന്നെയവിടെനിന്ന് താഴേക്ക് തള്ളിയിട്ടു …

വെച്ചുവീഴാൻ പോയ തന്നെ ചേർത്തുപിടിച്ചുകൊണ്ട് അവർ മകനോട് അലറി …

“നിനക്കെന്താ ഭ്രാന്താണോ …??

എട്ടുംപൊട്ടും തിരിയാത്ത ഈ കുഞ്ഞിനോടാണോ നിന്റെ പക …

അവളെന്തുപിഴച്ചു …!!”

“പിഴച്ചതവളല്ലല്ലോ ….

എന്റെ അമ്മയായിപ്പോയില്ലേ …

അതുകൊണ്ടല്ലേ സ്നേഹം നിറഞ്ഞ ആങ്ങളമാരും അച്ഛനും കൂടി വന്നു എന്റെ അച്ഛന്റെ കൈ വെട്ടിയെടുത്തത് ….!!”

സിദ്ധാർത്ഥിന്റെ ജ്വലിക്കുന്ന കോപാഗ്നിയിൽ ജാനകിയപ്പയുടെ കണ്ണീരും ഉശിരും വെന്തുവെണ്ണീറായിപ്പോയി ….

വിങ്ങിപ്പൊട്ടിക്കൊണ്ട് താൻ തറവാട്ടിലേക്ക് തിരികെയൊടുമ്പോൾ മുത്തശ്ശി തന്നെയും കാത്തു പടിക്കലുണ്ടായിരുന്നു …

പ്രതീക്ഷയോടെ നര പടർന്ന കൺപീലികൾ ഉയർത്തി അവർ മകളുടെ വിശേഷങ്ങളറിയാനായിരുന്നു വെമ്പൽ കൊണ്ടത് ….

“അവള് …അവൾ സുഖായിട്ടിരിക്കുന്നോ മോളെ ….??”

അവരുടെ ഗദ്ഗദം കണ്ടെന്നു നടിക്കാനായില്ല വീട്ടിലെ പുരുഷന്മാരും അപ്പുറത്തു നിന്ന് സിദ്ധാർഥും പുറത്തുപോകുന്ന അവസരങ്ങൾ മുതലെടുത്ത് മുത്തശ്ശിയേയും കൊണ്ടുപോയി പഴയബന്ധം ഊട്ടിയുറപ്പിക്കുന്ന തിരക്കിലായി താൻ…!!

അതിനിടക്ക് സിദ്ദുവിന്റെ പ്രതികാരവുംമുത്തശ്ശന്റെ അഭിമാനവും ഒന്നും പ്രശ്നമായി തോന്നിയില്ല …

രണ്ടുവർഷം പിന്നിടുമ്പോഴേക്കും അമ്മയെയും മുത്തശ്ശിയേയും സ്വതിയേച്ചിയെയും പൂർണ്ണമായി ജാനകിയപ്പയുമായി അടുപ്പിക്കാൻ കഴിഞ്ഞിരുന്നു ….!!

അമ്മയും മുത്തശ്ശിയും ജാനകിയപ്പയുമായി സംസാരിച്ചിരുന്ന ഒരുദിവസമായിരുന്നു വെറുതെ ഗോവണിപ്പടികയറി മുകൾവശമൊന്നു കാണാമെന്ന് തോന്നിയത് ….!!

അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങൾ കണ്ടപ്പോഴേ മനസ്സിലായി അത് സിദ്ധാർത്ഥിന്റെ മുറിയാണെന്ന് ….

ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഷട്ടിൽ ബാറ്റും കോർക്കും …!!

മേശമേൽ ഭദ്രമായിരിക്കുന്ന ഗിറ്റാറും ….!!

ഫിക്ഷൻ കേന്ദ്ര ആശയമായ തടിച്ച ബുക്കുകളും …..!!

ആകെപ്പാടെ ഒരു വൈരുദ്ധ്യം തോന്നിയെങ്കിലും ഓരോന്നിലും തന്റെ വിരലുകൾ പരതി നടന്നു …

ഒന്നൊഴിയാതെ എല്ലാം ചെന്നവസാനിച്ചത് തട്ടിമറിഞ്ഞുകിടന്ന ഒരു ചെസ്സ്‌ബോര്ഡിനു മുൻപിലേക്കായിരുന്നു ….

കറുത്ത രാജാവിനെയും വെളുത്ത രാഞ്ജിയെയും മാത്രം ബാക്കി നിർത്തിയ സഖ്യത്തിന്റെ ദൃശ്യം ….!!

അല്ല …!!

വെളുത്ത രാഞ്ജിയുടെ മുൻ വശത്തായി ഒരു രക്ഷകനെ പോലെ കാലാളുണ്ട് …!!

കറുത്ത സഖ്യത്തിലെ ആനയും തേരും കുതിരയും കാലാൾപ്പടയും എല്ലാം തട്ടിയെറിഞ്ഞിരിക്കുന്നു ….!!

ഓരോന്നായി അടുക്കിവെക്കാൻ തുടങ്ങിയപ്പോഴാണ് കയ്യിൽ പിടിവീണത് …

“ആരോട് ചോദിച്ചിട്ടാണ് എന്റെ മുറിയിൽ കയറിയത് …??

എന്ത് ധൈര്യത്തിലാണ് എന്റെ സാധനങ്ങളിൽ തൊടുന്നത് …..??

ഇനിയും കൊല്ലാൻ ഉള്ള ആൾക്കാരുടെ എണ്ണമെടുത്ത് നിന്റെ മുത്തശ്ശനു പറഞ്ഞുകൊടുക്കാനാണോ….!!

ആണോന്ന് ….??”

പറഞ്ഞുതീർന്നതും കവിളത്ത് ആ കൈ പതിഞ്ഞതും ഒരുമിച്ചായിരുന്നു …

ഉറക്കെയൊന്ന് കരയാൻ പോലുമാകാതെ അസഹ്യമായ വേദനയിൽ തളർന്ന് താൻ നിലത്തേക്ക് വീഴാനൊരുങ്ങി …

അപ്പോഴും അടിച്ച കൈകൾ തന്നെ തന്റെ ദേഹത്തിനെ താങ്ങിയത് പകുതി ബോധത്തിൽ അറിഞ്ഞു …

“അമ്മേ….

ഒന്നിങ്ങോട്ട് വരൂ …!!”

പരിഭ്രമത്തോടെയുള്ള അയാളുടെ വിളി കേൾക്കാം …

ആരെയും കാത്തുനിൽക്കാതെ തന്നെ സിദ്ധാർഥ് താങ്ങിയെടുത്തുകൊണ്ട് അകത്തളത്തിലേക്ക് കൊണ്ടുപോയി …

വേവലാതിയോടെ നോക്കി നിൽക്കുന്ന അയാളെയും സഹിക്കാനാകാത്ത വേദനയിൽ പുളയുന്ന തന്നെയും നോക്കി ചിരിച്ചുകൊണ്ട് അമ്മ പിടിച്ചപിടിയാലേ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു …

ഒരു വേദനയിലൂടെയാണെങ്കിലും ഇനിയും എത്രയോ ദിനാന്തരങ്ങൾ സഹിക്കേണ്ട വേദന തന്നിൽ പൂർണ്ണത കൊണ്ടെന്ന സത്യം മഞ്ഞളിലുംഎണ്ണപ്പലഹാരങ്ങളിലും പകുതിവെന്ത താറാമുട്ടയിലും ഏഴുദിവസത്തെ അശുദ്ധിയിലും താൻ തിരിച്ചറിഞ്ഞു ….!!

പിന്നീടങ്ങോട്ടുള്ള തന്റെ പോക്ക് വിരളമായി മാറി …..!!

എങ്കിലും തെച്ചിച്ചുവടിനും മതിലിനപ്പുറത്തേക്കുള്ള കാഴ്ചകാണലിനും കുറവുണ്ടായില്ല ….

സിദ്ധാർത്ഥിന് എൻട്രൻസ് കിട്ടിയ ആഘോഷം ജാനകിയപ്പ ഒരു ചോറ്റുപാത്രം നിറയെ പായസവുമായി വന്ന് അറിയിച്ചപ്പോഴും നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കണമെന്ന് തോന്നിയിരുന്നു ….!!

ആളെ കാണാൻ കൂടി കിട്ടിയിരുന്നില്ല …..!!

ഒരുപാട് നാളുകൾക്ക് ശേഷം ഒറ്റക്ക് വീണ്ടും തോട്ടുവരമ്പിൽ പോയിരുന്നപ്പോഴാണ് കാൽപ്പാദമിട്ടടിച്ചിരുന്ന വെള്ളത്തിലേക്ക് ഒരു വെള്ളാരംകല്ലിന്റെ വീഴ്ചയറിഞ്ഞത് …!!

തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് പണ്ടത്തെ പൊടിമീശക്കാരനിൽ നിന്നും കറുത്ത കട്ടിമീശയും താടിയുമുള്ള ഒരു യുവാവിലേക്കുള്ള പരിണാമത്തിനെയായിരുന്നു ….

ടീഷർട്ടും പാന്റ്സും കൈമടക്കുവരെയുള്ള തൂവെള്ള ഷർട്ടിലേക്കും കസവുകരയുള്ള മുണ്ടിലേക്കുമായി പുരോഗമിച്ചിരുന്നു …

“നിനക്ക് വീട്ടിൽ സ്ഥലമില്ലാഞ്ഞിട്ടാണോ ഇവിടെ വന്നിരിക്കുന്നത് …??”

ചോദ്യത്തിനുത്തരം മനഃപൂർവം കൊടുക്കാത്തോണ്ടാകാം പിന്നീടുള്ള ചോദ്യങ്ങളിൽ ഗൗരവം സ്ഫുരിച്ചിരുന്നു …

“ആയിരിക്കും …!!

അതല്ലേ അപ്പുറത്തും ഇപ്പുറത്തുമുള്ള വീടുകളിലും നിരങ്ങാൻ വരുന്നത് …!!”

ഇപ്രാവിശ്യം അടങ്ങിയിരിക്കാനായില്ല …

“എന്നെ ഇഷ്ടമല്ലാത്തവരുടെ അടുത്ത് ഞാൻ പോകാറില്ല ….

അവിടെ വന്നതുതന്നെ ജാനകിയപ്പയെ ഓർത്താണ് …

പിന്നെ ഇഷ്ടമില്ലെന്നറിഞ്ഞപ്പോൾ വരവും നിന്നല്ലോ ….!!”

“ആർക്ക് ഇഷ്ടമില്ലെന്നറിഞ്ഞപ്പോൾ….??”

മീശ പിരിച്ചുകൊണ്ട് അയാൾ തന്റെ അടുത്തേക്ക് വന്നിരുന്നു …

ഒരു കൈപ്പാടകലെ ഒതുങ്ങിയിരുന്നുകൊണ്ട് അയാൾക്ക് നേരെത്തന്നെ വിരൽ ചൂണ്ടി …

“ഓഹോ ….

എനിക്കിഷ്ടമല്ലാത്തതുകൊണ്ടാണോ നീയ് വീട്ടിലേക്ക് വരാത്തത് …??”

അതെയെന്ന് തലകുലുക്കി …

“ഉം …നിനക്കെന്ന പേടിയാണോ …??”

വീണ്ടും ചേർന്നിരുന്നുകൊണ്ട് അടുത്ത ചോദ്യം …

അകലം പാലിച്ചുകൊണ്ട് താനും മറുപടി പറഞ്ഞു …

“പേടിയോ …??

ഞാൻ ഇളവന്നൂരിലെ ജയവർധന്റെ മോളാ …

നിങ്ങളെപ്പോലുള്ള പീക്കിരി പയ്യന്മാരെയൊന്നും കണ്ടാൽ പേടിക്കാൻ മാത്രം ഭീരുവല്ല….!!”

വാശിയോടെ പറയുമ്പോഴും ഭയം കൊണ്ട് ഹൃദയം എന്നതേതിൽക്കവിഞ്ഞു മിടിപ്പുകൾ പൊഴിക്കുന്നുണ്ടായിരുന്നു …!!

“അപ്പോൾ നീ ധൈര്യശാലിയാണ് …!!

അല്ലെ …??”

അയാൾ പെട്ടെന്ന് വെള്ളത്തിലേക്ക് ചാടിയിറങ്ങി തനിക്കഭിമുഖമായി നിന്നു …

കുനിഞ്ഞിരുന്ന താടി ചൂണ്ടുവിരലുകൾ കൊണ്ട് അയാൾക്ക് നേരെ പൊക്കി …

“അടികൊണ്ട പാട് ഇപ്പോഴും തിണർത്തു കിടപ്പുണ്ടല്ലോ പെണ്ണെ …!!

കവിളിനു നിറം വച്ചപ്പോൾ അതും കൂടിയല്ലേ …..??”

ദേഷ്യത്തോടെ മുഖം തിരിച്ച തന്നെ താഴേക്ക് വലിച്ചു നിർത്തിയത് പെട്ടെന്നായിരുന്നു മുട്ടൊപ്പം വെള്ളത്തിൽ മുങ്ങിയ പാവാടയൊതുക്കുമ്പോഴേക്കും കവിളിൽ അയാളുടെ ചുണ്ടുകൾ പതിഞ്ഞിരുന്നു …….!!

നടന്നതെന്തെന്ന് തിരിച്ചറിയാൻ പോലുമാകാതെ അനക്കമറ്റു നിൽക്കുമ്പോൾ സിദ്ധാർത്ഥിന്റെ ചുണ്ടിൽ കള്ളചിരിയുതിർന്നു ….!!

“ഇടയ്ക്കിടക്കല്ല ….

എപ്പൊഴേക്കുമായി വീട്ടിലേക്ക് വരുന്നതാണ് എനിക്കിഷ്ട്ടം …..

കേട്ടോടി പൊടിഡപ്പി ….!!”

നാണക്കേടും സങ്കടവും മൂലം ആ തണുപ്പിലും ഉഷ്ണിച്ചുപോയ തൻ്റെ വാടിയ കവിളിൽ നുള്ളിക്കൊണ്ട് സിദ്ധാർഥ് പറഞ്ഞ വാക്കുകൾ …….

തുടരും …

(ചാരുവിനെ ഇഷ്ടപ്പെടുന്നുണ്ടോ പോരായ്മകൾ തുറന്നു പറയണേ …)

സ്വന്തം ലച്ചു ….😇💙