ശോശന്ന
Story written by Bindhya Balan
================
കർക്കിടകം കലിതുള്ളിപ്പെയ്തൊരു രാത്രിയിലാണ് പടിഞ്ഞാറ്റിലെ ശോശന്ന
തോട്ടെറമ്പത്തെ കാഞ്ഞിരത്തേല് തൂങ്ങിച്ചത്തത്…
മഴയൊന്നു തോർന്ന വെളുപ്പിന്, തോട്ട് വക്കത്തു ചൂണ്ടയിടാൻ പോയ പീലീടെ നെറുകില് ശോശന്ന കാല് കൊണ്ട് തൊട്ടപ്പം, മേലോട്ട് നോക്കിയ പീലി കണ്ടത് കണ്ണ് തുറുപ്പിച്ച് നാക്ക് കടിച്ചു തൂങ്ങി നിക്കണ പെണ്ണൊരുത്തിയെ..
അലറി വിളിച്ചു നാട്ടാരെക്കൂട്ടി പീലി നിന്നു വിറച്ചു…
നിലവിളി കേട്ട് ഓടി വന്ന നാട്ടാരും കണ്ടു, കയറിന്റെ തുമ്പത്തു തൂങ്ങി നിക്കണ ശോശന്നയേ…
പോലീസ് വന്ന് കെട്ടഴിച്ച് അവളെ പനമ്പായിൽ പൊതിയുമ്പോ പാല് പോലെ വെളുത്ത മേലാകെ അടി കൊണ്ട് ചോന്ന പാടുകളു കണ്ട് അവര് നെറ്റി ചുളിച്ചു…
എന്തിനാടാ അവളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയേന്ന് പീലീടെ അടിവയറ് നോക്കി തൊഴിച്ചു പോലീസ് ചോദിച്ചപ്പൊ വയറു പൊത്തിപ്പിടിച്ചൊരു നിലവിളിയോടെ പീലി പറഞ്ഞു ഓളെ അടിച്ചത് ഓൾടെ അമ്മ ഏലിച്ചേടത്തിയാണെന്നു…
പോലീസ് ചെന്ന്, അടുക്കളച്ചൊവര് ചരിയിരുന്നു തുണിത്തുമ്പു വായിൽ തിരുകി കരഞ്ഞോണ്ടിരുന്ന ഏലിയോട് കാര്യം തിരക്കിയപ്പോ കണ്ണും മൂക്കും പിഴിഞ്ഞ് ഏലി ശോശന്നയേ തലേ കൈ വച്ച് പ്രാകി..
മുടിയാനൊണ്ടായവള് പ്രേമം മൂത്ത് കേറിച്ചെന്നത് സ്വന്തം ഒടപ്പെറന്നോന്റെ നെഞ്ചത്തോട് ആയിരുന്നത്രേ..
വെഷമം സഹിക്കാൻ മേലാണ്ടു ആകെയൊള്ള ആൺതരി നാട് വിട്ട് പോയി…
അടുപ്പിൽ നിന്ന് വലിച്ചെടുത്ത വിറക് കൊള്ളിക്കൊണ്ട്, ശോശന്നേടെ മുടിക്കുത്തിനു പിടിച്ച് തലങ്ങും വിലങ്ങും തല്ലുമ്പോ അവളൊന്നു കരഞ്ഞില്ലത്രേ..
അത് കണ്ട് പിന്നേം കലി കേറിയ ചേടത്തി ഓടിക്കൂടിയ നാട്ടാരോടെല്ലാം കൂവി വിളിച്ചു
മോള് മോനെ പ്രേമിച്ചെന്നു….
അടികൊണ്ട് മേലാകെ ചോരയൊലിച്ചു കണ്ണ് നീറ്റി തല കുനിച്ചു നിന്നതല്ലാതെ ശോശന്നയൊന്നും മിണ്ടിയില്ല..അതോടെ നാട്ടാരും പറഞ്ഞു കേട്ടാലാറയ്ക്കുന്ന വാക്കുകള്…
പിന്നെയാരും ശോശന്നയെ കണ്ടില്ല…
കർക്കിടകം നെറഞ്ഞു പെയ്യണ പകല് ആളോള് ശോശന്നയെ തെരക്കി നടന്നു..
തോട്ടെറമ്പത്തു ഇരുട്ട് വരാൻ നോക്കി ഒളിച്ചിരുന്ന പെണ്ണിനെ കാണാഞ്ഞു തെരക്കി മടുത്തിട്ട്, മുറ്റത്തു കുത്തിയിരിക്കണ ഏലിയെ അശ്വസിപ്പിക്കാൻ ചെന്നവരോടെല്ലാം പല്ല് ഞെരിച്ചു തലേ കൈവച്ചു പിന്നേം പിന്നേം ഏലി പ്രാകി പറഞ്ഞു കർത്താവിനു നേരാക്കാത്തത് ചെയ്ത പെഴച്ചവള് എവിടേലും പോയി ചാവട്ടെന്ന്…
പെറ്റ തള്ളയ്ക്ക് വേണ്ടാത്തൊരുത്തിയെ തെരക്കി നടന്ന് നേരം കളയുന്നതെന്തിനാണെന്നു ചോദിച്ച് നാട്ടാരെല്ലാം നാല് വഴിക്ക് പോയ നേരത്താണ് ഇരുട്ട് വന്നതും, കാഞ്ഞിരക്കൊമ്പത്ത് തൂങ്ങിയാടി ശോശന്ന ചത്തതും….
പനമ്പായില് പൊതിഞ്ഞു കൊണ്ട് പോയ പെണ്ണിനെ കുത്തിക്കീറി വീണ്ടും പൊതിഞ്ഞു കെട്ടി കൊണ്ട് വന്ന പിറ്റേന്ന്, അടക്കാൻ പള്ളിപ്പറമ്പിലെത്തിയപ്പോ സത്യക്രിസ്ത്യാനികളായ പ്രമാണിമാരൊന്നടങ്കം പറഞ്ഞു ആറാം പ്രമാണം തെറ്റിച്ചവൾക്ക് സ്ഥാനം വടക്കേ മൂലയിലെ തെമ്മാടിക്കുഴിയാണെന്നു….
ചത്ത പട്ടിയെ കുഴിച്ചിടണ മാതിരി കുഴിയെടുത്തവളെ മൂടി എല്ലാരും പിരിഞ്ഞു പോയ സന്ധ്യയ്ക്കാണ് നാട് വിട്ട് പോയെന്നു പറഞ്ഞ ശോശന്നേടെ ആങ്ങള ചാക്കോ ഇരുള് കീറി കേറി വന്നത്..
നിലത്തു വിരിച്ച തഴപ്പായേല് ഭിത്തി ചാരിയിരുന്ന ഏലി മോനെക്കണ്ടു പിടഞ്ഞെഴുന്നേറ്റ് ഭിത്തിയോട് ഒന്നൂടെ ചേർന്ന് നിന്നു…
ഇടം നെഞ്ചോട് ചേർത്ത് പിടിച്ചിരുന്ന പൊതിയഴിച്ചു പുറത്തെടുത്ത ക ത്തി ഏലിക്ക് നേരെ നീട്ടി ചാക്കോ വിറച്ചു
പെറ്റ ത ള്ള വ്യ* ഭിചരി ക്കാൻ പോയത് കണ്ട് ചങ്ക് പെടഞ്ഞു പോയ മോളെ സ്വന്തം തെറ്റ് മറയ്ക്കാൻ വാക്ക് കൊണ്ട് മോന് കൂട്ടിക്കൊടുത്ത് നാട്ടാരോട് മുഴുവൻ വിളിച്ചു കൂവി പെ ഴ ച്ചവളെന്നു പറയിപ്പിച്ച് വാക്കലേ അവളെ കൊ ന്നേച്ച് തലേ കൈ വച്ച് പിന്നേം പിന്നേം അവളെ പ്രാകുന്നോ എന്ന് ചോദിച്ച് ചാക്കോ ആ ക ത്തി ഏലീടെ ചങ്കിലോട്ട് കു ത്തി യിറക്കി..
നെഞ്ച് പൊത്തി തറേല് വീണ് പിടഞ്ഞു മോനേന്നു വിളിച്ചു കരയണ ഏലിയേ നോക്കി അലറിക്കരഞ്ഞു കൊണ്ട് ചാവ് ത ള്ളേ എന്ന് പറഞ്ഞ് കയറി വന്ന ഇരുളിലൂടെ തന്നെ ചാക്കോ ഇറങ്ങിപ്പോയി…
ചാക്കോയെ പിന്നെ ആരും കണ്ടില്ല…
പെറ്റ തള്ളയുടെ ചങ്ക് നോക്കി കുത്തിയ പാപിയായ ചാക്കോയെ നാട്ടാരും പിന്നെ തിരക്കിയില്ല…
കുത്തി വീഴ്ത്തിയെങ്കിലും പാതി ജീവനോടെ ഉയിർത്തെണീറ്റ ഏലിയേ നോക്കി എല്ലാരും പറഞ്ഞു ഏലി പാവം.. കർത്താവിനു നെരക്കാത്തതോന്നും ഏലി ചെയ്തിട്ടില്ല
കൊല്ലം കൊറേ കഴിഞ്ഞും കൂനിപ്പിടിച്ച് എല്ലും തോലുമായി കണ്ടോരോടൊക്കെ തെണ്ടിതിന്ന് അലഞ്ഞു നടക്കണ ഏലിയെ കണ്ട് നാട്ടാര് പിന്നേം പറഞ്ഞു
പാവം ഏലി ….
പെറ്റ തള്ളയെ കുത്തി വീഴ്ത്തിയ സത്താന്റെ സന്തതി,അവൻ പുഴുത്തു ചാവുമെന്ന് നാട്ടാരും വീട്ടാരും പറഞ്ഞപ്പോഴും പള്ളിപ്പറമ്പിലെ തെമ്മാടിക്കുഴിയിൽ നിന്നൊരു തേങ്ങല് മാത്രം പ്രാർത്ഥന പോലെ ചാക്കോയ്ക്ക് കൂട്ടായി…..
ആളോള് ഒന്നും അറിഞ്ഞില്ല എന്നതാണ് നേര്.
ചങ്കിലിറങ്ങിയ കത്തീടെ പിടീലെഴുതിയ പേര് ഏലിയുടേതാണെങ്കിലും കത്തിക്കുടമ ശോശന്നയാണെങ്കിലും കരയിലുടനീളം തെണ്ടി നടന്ന് കാടി വെള്ളം മോന്തിക്കുടിച്ചു ഉടൽ മുതല് ഉടല് വരെ പുഴുത്തു നാറിയ ഏലിയുടെ,കഥ അറിയണമെങ്കിൽ,
കാഞ്ഞിരമരത്തിന്റെ വേരറുത്ത്,കൊമ്പ് ചാഞ്ഞു, കെട്ടു മുറിഞ്ഞു ശോശന്ന വരണം…..
അമ്മയെക്കുറിച്ച് എത്ര സത്യമെങ്കിലും കെട്ടതെങ്കിൽ, വേരറുക്കരുത് കൊമ്പ് ചായരുത് ശോശന്ന കെട്ടിയാടിയ കെട്ട് മുറിയരുത്..ശോശന്ന കറുത്തും ഏലി വെളുത്തുമിരിക്കട്ടെ…
~ബിന്ധ്യ ബാലൻ