സിദ്ധചാരു ~ ഭാഗം 07, എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“എന്തിനാ അവളിങ്ങനെ ചെയ്തത് …??

എത്രവട്ടം ചോദിച്ചതാണ് ഞാനവളോട് ഈ വിവാഹത്തിന് മനസ്സുണ്ടായിട്ടു തന്നെയാണോ സമ്മതിച്ചതെന്ന്…..

അപ്പോഴെല്ലാം ഒന്നും മിണ്ടാതെ നിന്നിട്ട് …!!”

അമ്മ തലയിൽ കൈ വച്ച് കരയുന്നുണ്ട് …

തുടരെത്തുടരെയുള്ള ഫോൺവിളികളിൽ നിന്ന് ഒഴിവാകാൻ പാടുപെടുന്ന അച്ഛനെ കണ്ടപ്പോഴായിരുന്നു ചാരുലതക്ക് കൂടുതൽ വിഷമം …

മുത്തശ്ശിയും ഒന്നുംമിണ്ടാതെ ദൂരേക്ക് നോക്കിയിരിക്കുന്നുണ്ട് …

പുറത്താരും ഇതുവരെയും കാര്യങ്ങൾ അറിഞ്ഞിട്ടില്ല …

മുത്തശ്ശനെവിടെയാണ് …??

ചാരുലത കോണിപ്പടി കടന്ന് മുകളിലേക്ക് നോക്കി ….

ദിവാൻകോട്ടിൽ ചാരിക്കിടക്കയാണ് …

നാണക്കേടും കോപവും മുഖത്ത് വരച്ചുകാട്ടിയിരിക്കുന്നു …

നരച്ചരോമങ്ങളിൽ നിന്നും ഇറ്റുവീഴുന്ന വിയർപ്പുതുള്ളികൾ നെറ്റിയിലെ ചുളിവിനെ ഒന്നുകൂടി വികൃതമാക്കുന്നുണ്ട് ….

ചാരുലത പതിയെ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയിരുന്നു …

“മുത്തശ്ശാ …!!”

അയാൾ കണ്ണുകൾ മെല്ലെയടച്ചിരുന്നു ….

“എനിക്കറിയില്ല മുത്തശ്ശാ …..

എന്തിനാ സ്വാതിയേച്ചി ഇങ്ങനെ ചെയ്തതെന്ന് …??

എന്തുണ്ടെങ്കിലും എന്നോട് പറയുന്നതായിരുന്നു …

ഇത് പക്ഷെ …..!!

വാക്കുകളിലും പെരുമാറ്റത്തിലുമൊക്കെ വിവാഹത്തിനോട് ഒരനിഷ്ടമുള്ളതായി എനിക്ക് തോന്നിയിട്ടില്ല …

പറയാതെ വീട് വിട്ട് പോകാൻ മാത്രം അവർ തമ്മിൽ എന്തുപ്രശനമായിരുന്നു ….!!

നമ്മളോട് പറയാൻ പറ്റാത്ത അത്ര എന്ത് നിവൃത്തികേടായിരുന്നു …..??”

ചാരുലതക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു ..

അദ്ദേഹം അപ്പോഴും മൗനം പാലിച്ചു …

“ഏട്ടത്തി വിളിച്ചിരുന്നു അവരൊക്കെ അമ്പലത്തിൽ എത്തി അച്ഛാ ….!!”
അമ്മ കരഞ്ഞുവിളിച്ചുകൊണ്ട് വന്നുപറയുന്നുണ്ടായിരുന്നു ….

എല്ലാവരും അനക്കമറ്റ പോലെ ഓരോ ഇടങ്ങളിൽ നിശ്ശബദമായിരുന്നു ….

തന്റെ ഭാഗത്തുനിന്നായാൽ പോലും അവരൊന്നു പ്രതീക്ഷിച്ചെന്നു വന്നേനെ ….

തല്ലുകൊള്ളിത്തരങ്ങൾക്ക് താനായിരുന്നു ഇപ്പോഴും മുൻപിൽ …

അവളെപ്പോഴും ഒരു മിണ്ടാപ്പൂച്ചതന്നെയായിരുന്നു …

അച്ഛനെയും അമ്മയെയും മറികടന്ന് ഒരു മണൽത്തരി പോലും സ്വപ്നം കാണാത്തവൾ …

അപ്പോൾ അവർക്കുണ്ടാകുന്ന ആഘാതവും അവളിൽ അർപ്പിച്ച വിശ്വാസത്തിനേക്കാൾ വലുതായിരിക്കണം …

“എന്താ ചെയ്യുകാ എന്ന് എനിക്കൊരു ഊഹവുമില്ല അച്ഛാ …

അവൾ പറയാതെ ഇറങ്ങിപോയതാണോ അതോ അവൾക്കെന്തെങ്കിലും അരുതായ്ക സംഭവിച്ചതാകുമോ എന്നൊക്കെ ആലോചിച്ചിട്ട് എനിക്ക് ഇരുപ്പുറക്കുന്നില്ല…..!!”

ജയവർധൻ ചിന്താവിഷ്ടനായി …

“ദൈവമേ എന്റെ കുഞ്ഞിനൊരാപത്തും വരുത്തല്ലേ …ഒരു താലം നെയ്‌വിളക്ക് നേർന്നേക്കാമെ ….!!”

മുത്തശ്ശി കണ്ണീർ വാർത്തുകൊണ്ട് മുകളിലേക്ക് കൈകൂപ്പി …

മുത്തശ്ശൻ അപ്പോഴും മൗനിയായിരുന്നു …

ഒരക്ഷരം മിണ്ടുന്നില്ല …

ചാരുലത അന്ധാളിപ്പോടെ അത് ശ്രദ്ധിക്കാതിരുന്നില്ല ….

“ഓഡിറ്റോറിയത്തിൽ നിന്നും ഫോൺ വന്നിരുന്നു …മുഹൂർത്തമാവാൻ ഇനി ഒരു മണിക്കൂർ തികച്ചില്ല …

ചെക്കൻ കൂട്ടരെത്തിയിട്ടും പെണ്ണെത്തിയില്ലെന്നറിഞ്ഞാണ് വിളി വരുന്നത് …

ആരോടൊക്കെ സമാധാനംപറയേണ്ടി വരും …

എങ്ങനെ ഇനി തലയുയർത്തി നടക്കും …

ഇറങ്ങിപോകുന്നെന് മുന്നേ അവൾക്കിത്തിരി വിഷം ഞങ്ങളുടെ വായിൽ ഇറ്റിച്ചൂടായിരുന്നോ …!!”

.അച്ഛന്റെ വാക്കുകൾ അമ്മയുടെ കരച്ചിലിന്റെ ആക്കം കൂട്ടി …

അപ്പോഴേക്കും ഫോൺ ശബ്ദിച്ചത് കേട്ട് അമ്മ നെഞ്ചിടിപ്പോടെ അച്ഛനെ നോക്കി ….

“ജാനകിയേട്ടത്തിയാണ് ….!!

മോളിറങ്ങിപ്പോയത് എങ്ങനെ ഞാനവരോട് പറയും …

ശത്രുത മാറിയൊന്നു അടുത്തുവരുന്നതേ ഉണ്ടായിരുന്നുള്ളൂ …

ഇതിപ്പോൾ അവരെ വീണ്ടും അപമാനിക്കുന്നതിനു തുല്യമായില്ലേ …

ഞാൻ എന്താ അച്ഛാ ചെയ്യേണ്ടേ …??”

അച്ഛന്റെ ചോദ്യം കേട്ടിട്ടും മുത്തശ്ശൻ പ്രതികരിച്ചില്ല …

“ഏതായാലും ഫോൺ എടുക്ക്….

എന്തായാലും അവളോട് കാര്യങ്ങൾ പറഞ്ഞല്ലേ പറ്റുള്ളൂ ….!!”

മുത്തശ്ശിയുടെ നിർബന്ധം മൂലം അച്ഛൻ ഫോണുമായി വെളിയിലേക്ക് പോയി …

അടക്കിയ ശബ്ദത്തിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു …

“എന്തായി …??

എന്താ പറഞ്ഞത് …??”

അമ്മയുടെ ചോദ്യത്തിന് മറുപടി നൽകാതെ അച്ഛൻ എല്ലാവരോടുമായി പറഞ്ഞു ….

“സിദ്ധാർത്ഥായിരുന്നു വിളിച്ചത് ….!!”

പതിഞ്ഞ ശബ്ദമെങ്കിലും ആ പേര് വീണ്ടും ചാരുലതയുടെ ചെവിയിലടിച്ചു ….

“നീയ് ..

നീയെല്ലാം പറഞ്ഞോ ജയാ അവനോട് …??”

മുത്തശ്ശി വീണ്ടും കരച്ചിലിന്റെ വക്കോളമെത്തി …

“പറയാതെ പിന്നെ …

ഏതായാലും നമ്മളോട് അവിടെ ചെല്ലാൻ പറഞ്ഞു അവൻ ….”

“അതെന്തിനാ ഇനി ….??

അവിടെ കൂടിയിരിക്കണവരുടെ മുൻപിൽ കൂടി മാനം കെടുത്താനോ …??”

“എന്തിനാണെന്ന് എനിക്കുമറിയില്ല ..

ഞാൻ ചോദിച്ചതുമില്ല …

ഈയൊരവസ്ഥയിൽ അവനെന്ത് പറഞ്ഞാലും അക്ഷരംപ്രതി അനുസരിക്കയെ നിവൃത്തിയുള്ളു ….

നമ്മളെക്കാൾ ഇപ്പോൾ അവനാണമ്മേ അപമാനിക്കപ്പെട്ടിരിക്കുന്നേ ….!!”

അച്ഛന്റെ സ്വരത്തിലെ നൊമ്പരം ചാരു തിരിച്ചറിഞ്ഞു ..

സിദ്ധുവിനെ വീണ്ടും അഭിമുഖീകരിക്കാനുള്ളൊരു മടി ചാരുലതക്കുണ്ടായിരുന്നു …

“ഞാൻ വരുന്നില്ല അച്ഛാ …നിങ്ങളൊക്കെ ഉണ്ടല്ലോ പോയിട്ട് വരൂ….”

അവൾ നിർന്നിമേഷയായി നിന്നു …

“മോളെ…..”

അദ്ദേഹം അടുത്ത് വന്നു അവളെ ചേർത്തുപിടിച്ചു …

“എല്ലാവരും അവിടേക്ക് വരണെമന്നാണ് അവൻ പറഞ്ഞത്….

മുത്തശ്ശനും മുത്തശ്ശിയുമുൾപ്പെടെ …

മോൾ മാത്രം മാറി നിൽക്കരുത് …
തെറ്റ് നമ്മുടെ കുട്ടിയുടെ ഭാഗത്തിന് തന്നെയല്ലേ …..

നമ്മലോളം തന്നെ നാട്ടുകാരുടെ മുൻപിൽ തലകുനിച്ചു നിൽക്കേണ്ടി വരും സിദ്ധുവിനും ….

ഇനി അഥവാ സ്വാതിയെ അന്വേഷിച്ചുകണ്ടുപിടിക്കാൻ നമുക്ക് പറ്റിയാൽ അയാൾക്ക് അവളെ വീണ്ടും സ്വീകരിക്കരിക്കാൻ മനസ്സുണ്ടെങ്കിലോ ….??”

ഈയൊരവസ്ഥയിലും സ്വാർത്ഥതയുടെ അംശങ്ങൾ ഇപ്പോഴും ഓരോരുത്തരുടെ ഉള്ളിലും തളം കെട്ടിനിൽക്കയാണെന്ന ചിന്തയിൽ ചാരു വ്യഥ പൂണ്ടു …

സ്വന്തം മകളുടെ ഭാവിയെക്കുറിച്ചുള്ള അച്ഛന്റെ ആവലാതിയുമാകാം ….

പെണ്ണിനെ ഓഡിറ്റോറിയത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാനുള്ള കാറിൽ അവരെല്ലാം പുറപ്പെട്ടു …

സ്വാതിയൊഴിച്ച് …..

ആ കുടുംബത്തിലെ മറ്റംഗങ്ങൾ എല്ലാം നിശ്ശബ്ദമായി വിഷാദത്തോടെ ഇരുന്നു …

“മോളെ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ നീയ് …??”

അരികത്തായി ചേർന്നിരുന്ന്കൊണ്ട് അമ്മയുടെ ചോദ്യം ….

അവൾ എന്താണെന്ന മട്ടിൽ നോക്കി …അവൾക്ക് ആരോടെങ്കിലും ഇഷ്ടമുള്ളതായി മോൾക്കറിയ്യോ …

“നീയറിയാത്ത ഒന്നും അവളുടെ ജീവിതത്തിലില്ല …..

എല്ലാം നിന്നോട് പറയുന്ന അവൾ ഇതുമാത്രം ഒളിപ്പിച്ചെന്ന് അമ്മയ്ക്ക് വിശ്വസിക്കാനാവുന്നില്ല ….”

“എനിക്കയറിയില്ലമ്മേ …

സ്വാതിയേച്ചിക്ക് അങ്ങനെയൊരിഷ്ടം ഉണ്ടായിരുന്നെങ്കിൽ നിങ്ങൾപറയുന്ന ആലോചനകൾക്കും പെണ്ണുകാണലിനുമൊക്കെ നിന്നുതരുമായിരുന്നോ ….??

എത്രയോ ആലോചനകൾ പകുതിവഴിയിൽ മുടങ്ങിപ്പോയി …

അപ്പൊഴെല്ലാം ചേച്ചിക്ക് പറയാമായിരുന്നല്ലോ …

എന്റെ അറിവിൽ ചേച്ചിക്ക് ഈ വിവാഹത്തിനോട് ഒരെതിർപ്പുമില്ലായിരുന്നു എന്തിനാണ് പിന്നെ ഇങ്ങനെചെയ്തെതെന്നുചോദിച്ചാൽ എനിക്കറിയില്ല ….”

ഇടറിയ ശബ്ദത്തോടെ ചാരുലത അതുപറയുമ്പോഴും ഒരു കാരണം അവളുടെ ചിന്തകളെ ചുറ്റിപ്പിടിക്കുന്നുണ്ടായിരുന്നു ..

സിദ്ധു …!!

ഇനി അയ്യാൾ കരണമായിരിക്കുമോ തന്റെ ചേച്ചി ….!!

എല്ലാ കാര്യങ്ങളും അവളോട് അയ്യാൾ തുറന്നടിച്ചിട്ടുണ്ടാകുമോ ….

തനിക്ക് വേണ്ടി മാറിതരണമെന്നു തോന്നിയാണോ ആ പാവം …!!

ചാരുലതയുടെ ഉള്ളം പിടഞ്ഞു …..

“എന്താണ് ശരിക്കുമുണ്ടായത് ….??”

ചെന്നുകയറിയ ഉടനെ അകത്തെ മുറിയിലേക്ക് കൊണ്ടുപോയായിരുന്നു ജാനകിയപ്പ ചാരുവിന്റെ അമ്മയോടും അച്ഛനോടുമായി കാര്യങ്ങളാരാഞ്ഞത് …

“എനിക്കറിയില്ല ജാനകി ….

അവളെന്തിനാ ഈ ദ്രോഹം ഞങ്ങളോട് കാട്ടിയതെന്ന് ഒരുവാക്ക് പറയാമായിരുന്നു …

ഈ ബന്ധം താൽപര്യമില്ലെങ്കിൽ …..!!

ഇതിപ്പോൾ നമ്മളെയും നിങ്ങളെയും ഒരുപോലെ വിഡ്ഢികളാക്കി …!!”

“നിന്നോടും ഒന്നും പറഞ്ഞില്ലേ മോളെ അവൾ …??”

അവർ ചാരുവിന്റെ കൈകളിൽ കടന്നുപിടിച്ചു….

അവൾ നിസ്സഹായതയോടെ തലയാട്ടി …

ജനലിനപ്പുറത്തേക്ക് കണ്ണും നട്ട് നിൽക്കുന്ന സിദ്ധാർത്ഥിനെ അവൾ കണ്ടു ….

വരന്റെ വേഷത്തിൽ …!!

ഒരിക്കൽ താൻ സ്വപ്നം കണ്ടിരുന്ന അതെ മുഹൂർത്തം…. അതെ വേഷം …!!

പക്ഷെ സാഹചര്യം മാറി …!!

അതിനോട് പൊരുത്തപ്പെട്ട് വന്നപ്പോൾ കാര്യങ്ങൾ അതിൽ നിന്നും വ്യതിചലിച്ച് കൂടുതൽ വഷളായിരിക്കുന്നു……

ഇന്നലെ രാത്രിയും ചേച്ചി സന്തോഷവതിയായിരുന്നു …!!

അന്ന് സിദ്ധുവിനെ കണ്ട് കാര്യങ്ങൾ പറഞ്ഞശേഷം അവളുടെ അവളുടെ
മൂടിക്കെട്ടിയുള്ള അവസ്ഥയിൽ നിന്നൊരു മാറ്റവും കണ്ടതാണ് …!!

ഇനിയൊരുപക്ഷേ സിദ്ധാർഥ് തുറന്നുസംസാരിച്ചപ്പോൾ തന്നെപ്പറ്റിയും തങ്ങളുടെ ബന്ധത്തെപ്പറ്റിയും പരാമർശിച്ചുകാണുമോ ….??

അതായിരിക്കുമെന്നു തന്നെ മനസ്സ് പറയുന്നു …

“ഇനി എന്താ ചെയ്യുക ജയാ …നീയ് തന്നെ പറയ് …!!”

ജാനകിയപ്പ ദയനീയമായി അച്ഛനെ നോക്കുന്നുണ്ടായിരുന്നു ….

വന്നവർക്കിടയിൽ ഇപ്പോൾ തന്നേമുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട് …!!

വരനെ സ്വീകരിച്ചുകൊണ്ട് മണ്ഡപത്തിലിരുത്തുന്ന ചടങ്ങ് തന്നെ മുടങ്ങിയിരുന്നു ….
അപ്പോൾ തന്നെ പലർക്കും സംശയങ്ങളാണ് ….

ഇനി പെണ്ണിറങ്ങിപ്പോയീന്നോ മറ്റോ അറിഞ്ഞാൽ .കഴിഞ്ഞു പിന്നെയെല്ലാം ….!!”

അപമാനഭാരം അച്ഛനിലും ആ ചോദ്യത്തിന്റെ മറുപടിയായി മാറി …

“സിദ്ധു നീയെന്താ ഒന്നും മിണ്ടാത്തത് ….??”

അമ്മ അയാളുടെ അരികിലേക്ക് ചെന്ന് ചുമലിൽ കൈ വച്ചു …

“നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ മോനെ …??”

അയാൾ അപ്പോൾ വിഷാദത്തോടെ ചാരുവിനെ നോക്കി …

അയാളിൽ നിന്നും നോട്ടം മാറ്റി ചാരുലത ജാനകിയപ്പയുടെ അടുത്തേക്ക് പോയിരുന്നു …

മുത്തശ്ശിയും മുത്തശ്ശനും ഒരറ്റത്തായി മാറിയിരിക്കുന്നു …

ഇങ്ങനെയുള്ള അവസ്ഥകളിലൊക്കെ എന്തെങ്കിലും ഒരു തീരുമാനം പറയേണ്ട ആളാണ് ….

സ്വാതിയേച്ചി പോയി എന്നറിഞ്ഞ ശേഷം നാവ് ചലിപ്പിച്ചിട്ടില്ല ….

“അതേയ് മുഹൂർത്തം തുടങ്ങാൻ സമയായിട്ടോ …

മോളിതുവരെ ഒരുങ്ങിക്കഴിഞ്ഞില്ലേ …??”

അമ്പലം കമ്മിറ്റിയിലെ മുതിർന്ന ഒരാളുടെ ചോദ്യം കേട്ട് ചാരുലതയുടെ മുഖം വറ്റിവരണ്ടു …

“അതിന് …ഞാൻ അല്ല…..”

വിക്കിവിക്കിപറയാനൊരുങ്ങിയ ചാരുവിനെ തടഞ്ഞുകൊണ്ട് ജാനകിയപ്പ അയ്യാളോടായി പറഞ്ഞു ….

“പൂജ തുടങ്ങാൻ പറഞ്ഞോളൂ ….

മുഹൂർത്തം തെറ്റിക്കണ്ട ….!!”

സമ്മതത്തോടെ അയാൾ തലയാട്ടിക്കൊണ്ട് തിരിച്ചിറങ്ങിപോയപ്പോൾ എല്ലാവരുടെ മുഖത്തും സംശയഭാവം പ്രകടമായിരുന്നു …

“ജാനകിയേച്ചി എന്തിനാ അയ്യാളോടെങ്ങനെ പറഞ്ഞത് …??

സ്വാതിമോൾ വരാതെ എങ്ങനെയാ വിവാഹം നടക്കുന്നേ …”

അച്ഛന്റെ ചോദ്യം അമ്മ ഏറ്റുപിടിച്ചു ….

“ഏട്ടത്തി അയ്യാളോടെങ്ങനെ പറയേണ്ടിയിരുന്നില്ല …

നടക്കാത്ത ഒരു വിവാഹത്തിന്റെ പേരിൽ വന്നുകൂടിയിരിക്കുന്നവരെകാത്തിരുത്തി മുഷിപ്പിക്കാതെ പിരിച്ചുവിടുകയായിരുന്നു വേണ്ടിയിരുന്നത് …!!”

“ആരാ പറഞ്ഞത് നടക്കാത്ത വിവാഹമെന്ന് ….??

ഈ വിവാഹം നടക്കും നിശ്ചയിച്ച അതേ മുഹൂർത്തത്തിൽ …

വരൻ എന്റെ മകൻ സിദ്ധാർഥ് ….!!

വധു ഇവളാണ് ചാരുലത ….!!”

അവളെ ഇറുകെചേർത്തുപിടിച്ചുകൊണ്ട് ജാനകി ജയവർധനെ നോക്കി ….

വാക്കുകളുടെ പൊള്ളൽ മനസ്സിനേറ്റപോലെ അവൾ അവരിൽ നിന്നും ഞെട്ടിമാറാനൊരുങ്ങുമ്പോഴും അവർ അവളുടെ ദേഹത്ത് നിന്ന് പിടിവിട്ടില്ല …!!

“എനിക്ക് ജയന്റേയും കല്യാണിയുടെയും തീരുമാനമാണ് അറിയേണ്ടത് ….”

സുധീരനമ്മാവനും ജാനകിയപ്പയുടെ വാക്കുകൾ ശരിവയ്ക്കുമ്പോൾ അച്ഛനും അമ്മയും പ്രതീക്ഷയോടെ തന്നെ നോക്കുന്നത് ചാരുലത കണ്ടു ….

അമ്മ പതിയെ അവൽക്കരികിലേക്ക് വന്നു മുടിയിൽ തലോടി ….

“അവൾക്കുവേണ്ടി എന്റെ കുഞ്ഞിനെ ത്യജിക്കയാണെന്നൊന്നും കരുതരുത് …

അച്ഛനുംമുത്തശ്ശനുമൊക്കെ പൊറുക്കാൻ പറ്റാത്ത തെറ്റാണ് മോളുടെ ചേച്ചി ചെയ്തത് …

എന്റെ ഒരു മകൾ ചെയ്ത തെറ്റ് വേറൊരു മകളിലൂടെ പരിഹരിക്കാൻ പറ്റുമെങ്കിൽ അമ്മ ഇതിനു സമ്മതം പറയട്ടെ ….!!”

ചാരുലത അന്തിച്ചുനോക്കി അമ്മയെ …

“അമ്മയെന്തൊക്കെയാണ് ഈ പറയുന്നത് …??

ചേച്ചിക്കു പകരം ഞാനോ ….

ഈ ജന്മം സാധിക്കില്ല അത് ….

സിദ്ധുവിനെ ആ രീതിയിൽ കാണാൻ എനിക്കീ ജന്മം കഴിയില്ല അപ്പേ ….!!”

തിരിഞ്ഞു ജാനകിയ്പ്പയോടായി അത് പറയുമ്പോഴേക്കും ചാരുവിന്റെ മിഴികൾ നിറഞ്ഞുവന്നിരുന്നു ….

“വാശി പിടിയ്ക്കല്ലേ മോളെ …!!

അച്ഛനുവേണ്ടി ….ഈ കുടുംബത്തിന് വേണ്ടി …..

മോളിതു സമ്മതിക്കണം….

അച്ഛൻ വേണമെങ്കിൽ മോളുടെ കാല് പിടിയ്ക്കാം.. . ..

മൂത്തവളിറങ്ങി പോയെന്ന പേരുദോഷം എന്റെ മോളുടെ ഭാവിയെയും അപകടത്തിലാക്കും ..

നിങ്ങൾ പരസ്പരം അറിയാവുന്നവരല്ലേ മോളെ ….!!

ഈ അച്ഛനെയോർത്ത് മോളിതിനു സമ്മതിക്കണം ….

ഇങ്ങനെയൊരു വിവാഹമല്ല മോൾക്ക് വേണ്ടി അച്ഛൻ സ്വപനം കണ്ടത് പക്ഷെ …

സാഹചര്യം….!!

എന്റെ ഒരു സന്തതി കാണിച്ച അറിവില്ലായ്മ രണ്ടു കുടുംബത്തിന്റെഅന്തസ്സിനെയാണ് ചോദ്യചിഹ്നമായി മാറ്റിയിരിക്കുന്നത് …

ഇതിൽനിന്നൊരു രക്ഷപെടൽ എന്റെ മോളെക്കൊണ്ട് മാത്രമേ സാധിക്കൂ …!!”

പറഞ്ഞതും കരഞ്ഞുകൊണ്ട് അവളെ ചേർത്തുപിടിച്ചുവിങ്ങിപൊട്ടിയിരുന്നു അദ്ദേഹം …

“ഇതിൽ ഇന്നൊരു രക്ഷ മോളായിട്ട് നൽകിയില്ലെങ്കിൽ ഇളവന്നൂരിന് പിന്നൊരു പേരില്ല മോളെ …

ജാനകിയിലൂടെ പോയതാണ് ഒരിക്കൽ കുടുംബത്തിന്റെ അന്തസ്സ് …

അന്നത് നികത്താൻ ആയില്ല …

ഇന്ന് സ്വാതിലക്ഷ്മിയും അതാവർത്തിച്ചു …

പക്ഷെ എന്റെ പൊന്നുമോൾക്ക് അവൾ ചെയ്തതിന്റെ ആക്കം ദൂരീകരിക്കാനാകും ….!!”

മുത്തശ്ശിയും നരവീണ കൺപീലികളിൽ ജലം പൊടിച്ചു ….

ചാരുലത ആകെത്തളർന്നുപോയി …!!

തന്റെ പ്രിയപ്പെട്ടവർ ഒന്നാകെ ചുറ്റും നിന്ന് ഒരിക്കെലെന്നോ തന്റെ പ്രിയപ്പെട്ടവനായിരുന്നവനെ സ്വീകരിക്കാൻ നിർബന്ധിക്കയാണ് …!!

ഒരിക്കലും തന്റെ മുൻപിൽ ഇതുപോലൊരു അവസരം വരില്ലെന്ന് ഉറപ്പോടെ പ്രണയിച്ചതാണ് ….!!

ആ പ്രണയം വറ്റിവരണ്ടു നൂൽശകലം പോലായപ്പോൾ ആഗ്രഹിക്കാതെ തന്നെ അങ്ങനെയൊന്ന് തന്നിൽ വന്നുചേർന്നിരിക്കുന്നു ….

ശരിക്കും താനിത് ആഗ്രഹിക്കുന്നില്ലേ ….??

സിദ്ധാർത്ഥിന്റെ മുഖത്തേക്ക് ചാരുലത നോക്കി ….

എന്തൊക്കെയോ പ്രതീക്ഷകൾ അവിടെഒളിമിന്നുന്നുണ്ട് ….!!

അതുപക്ഷേ തന്നിൽ വീണ്ടും വെറുപ്പുണ്ടാക്കുന്നു ….

ചേച്ചി ഇയ്യാളെക്കാരണം…. തന്നേക്കാരണം…. ഹൃദയം നൊന്താണ് ഇവിടെനിന്നു പോയതെങ്കിൽ താൻ ഈ ചെയ്യുന്നത് തെറ്റല്ലേ ….!!

“വേറൊന്നും ഇപ്പോൾ ആലോചിക്കരുത് ചാരു …

ഞാൻ കാരണം ഒരിക്കൽ ഈ കുടുംബത്തിന്റെ സൽപ്പേര് കളങ്കപ്പെട്ടു …

നീ എന്റെ സ്വന്തം മോൾ തന്നെയാണ് …

അന്ന് ചെയ്തൊരു തെറ്റിന് പകരമായി അപ്പയ്ക്ക് ഈ വിവാഹം നടത്തണമെന്നായിരുന്നു സ്വാതിയുമായിട്ട് …

എനിക്കവളും നീയും ഒരുപോലെയാണ് മോളെ …!!

മോള് വേഗം തയ്യാറാവണ൦ ….

പുടവയും ആഭരണങ്ങളും അണിഞ്ഞ് മണ്ഡപത്തിലേക്ക് വരണം …!!”

ജാനകിയപ്പയുടെ വാക്കുകൾ വീണ്ടും കാതിലുറക്കയാണ് ….!!

യാന്ത്രികമായി ചാരുലത ചമയക്കൂട്ടുകളണിഞ്ഞു ….

സ്വാതിയ്ക്കുവേണ്ടി ഒരുക്കിയ പൊന്നിൽ ചാരുലത ജ്വലിച്ചിരുന്നു …!!

ഉടുത്തിരുന്ന ഡിസൈനർ സാരിക്ക് പകരം വിവാഹത്തിന്റെ ചുവന്ന പട്ട് അവൾ ദേഹത്തണിഞ്ഞു …

സ്വാതിക്ക്‌ വേണ്ടി തിരഞ്ഞ ഓരോ ആഭരണവും ചാരുലതയുടെ
വിയർപ്പിലൊട്ടി ….!!

സർവാഭരണങ്ങളും അണിഞ്ഞ ചാരുലതയെ തന്നെ കണ്ണിമയ്ക്കാതെ നോക്കിനിൽക്കുകയായിരുന്നു സിദ്ധാർഥ് …!!

ഇന്നലെ വരെ സ്നേഹിച്ച പെണ്ണിനെ അനുജത്തിയായി കാണേണ്ടി വരുന്ന വിധിയെ പഴിച്ചു ജീവിക്കുകയായിരുന്നു താൻ …!!

തന്റെ പെണ്ണിനോട് ചെയ്ത തെറ്റിൽ നീറിനീറി ഓരോ നിമിഷവും കഴിക്കുകയായിരുന്നു …!!

അവളെ ആദ്യമായി ദാവണിയിൽ കണ്ട നിമിഷം …

ഒരു കടുകുമണി പോലെ തെറിക്കുന്ന പെണ്ണ് ….

അതിൽ നിന്ന് ഇപ്പോൾ ഒരു വധുവിന്റെ വേഷത്തിലേക്കുള്ള രൂപമാറ്റം …!!

തന്റെ വധുവായി …!!

സിദ്ധാർഥ് മനസ്സുകൊണ്ട് ഒരായിരം ചുംബനങ്ങൾ അവൾക്ക് നൽകി …!!

നഷ്ടപ്പെട്ടു പോയെന്നു കരുതിയതാണ് …

തന്റെ പിഴവ് മൂലം …!!

പക്ഷെ തിരിച്ചുകിട്ടിയിരിക്കുന്നു …

ഇനിയൊരിക്കലും കൈവിട്ടുകളയില്ല ….

ആരെതിർത്താലും നെഞ്ചോട് ചേർത്തുപിടിക്കും ….

സിദ്ധുവിന്റെ പെണ്ണായിട്ട് ….!!

സിദ്ധാർത്ഥിന്റെ ഹൃദയവും ആനന്ദത്താൽ അശ്രുപൊഴിച്ചിരുന്നു …

ഒളിക്കണ്ണാൽ അവളെ നോക്കിയിട്ടും അവൾ അല്പദൃഷ്ടിപോലും തനിക്ക് നല്ക്കിയിട്ടില്ല …

തന്നോടുള്ള വെറുപ്പിൽ പൊതിഞ്ഞിരിക്കയാണ് ആ മുഖവും മനസ്സും ….

ഇങ്ങനെയായിരുന്നില്ല അവൾ ….

ഇതിനും കാരണം താൻ തന്നെയാണ് …!!

സിദ്ധാർഥ് വൈഷമ്യത്തോടെ ഓർത്തു ….

“ഈ വിവാഹം പാടില്ല ജയവർധാ ….!!

സ്വാതിമോൾ തിരിച്ചുവരുമായിരിക്കും ….

താൽക്കാലത്തെ മാനം രക്ഷിക്കാൻ എന്റെ ചാരുവിനെ നീ അവനു കൊടുക്കരുത് …”

“അച്ഛനെന്താണ് ഇങ്ങനെ പറയുന്നത് …

സിദ്ധാർഥും എന്റെ മകൻ തന്നെയാണ് …

ഒളിച്ചിറങ്ങിപ്പോയ എന്റെ മോളെ വീണ്ടും അവന്റെ തലയിൽ കെട്ടിവയ്ക്കാൻ ഞാനൊരുക്കമല്ല …

അഭിമാനമാണ് എനിക്കും വലുത് …

അച്ഛനും അതായിരിക്കണമല്ലോ ….!!

ഇരുപത്തേഴു വർഷങ്ങൾക്ക് മുൻപ് അപമാനം ഭയന്നുതന്നെയല്ലേ അച്ഛനും ജാനകിയേച്ചിയെ പടിയടച്ചു ഇറക്കിവിട്ടത് ….

എന്റെ മോൾ എവിടെയാണെന്നെനിക്കറിയില്ല …

പക്ഷെ ഇപ്പോൾ അത്യാവശ്യം ഈ വിവാഹം നടന്നുകാണലാണ് …

അതിലിനി അച്ഛന്റെ അഭിപ്രായം ഒരുതടസ്സമായി മാറരുത് ….!!”

തിരിച്ചൊന്നും പറയാനാകാതെ മുത്തശ്ശൻ തരിച്ചിരിക്കുന്നതും ചാരു
മറഞ്ഞുനിന്നു കാണുന്നുണ്ടായിരുന്നു ….

വാദ്യഘോഷങ്ങളുടെ അടമ്പടിയോടെ സിദ്ധാർഥ് മണ്ഡപത്തിലേക്കിരുന്നു …

അരികിലായി ചാരുലതയും …!!

ചന്ദനത്തിൽ പുതഞ്ഞ താലി അവളുടെ കഴുത്തിന് നേരെ നീട്ടുമ്പോഴും അവളുടെ മുഖം മ്ലാനമായിരിക്കുന്നത് സിദ്ധാർത്ഥിന്റെ ഉള്ളുലച്ചു …!!

നാദസ്വരത്തിന്റെ ഒഴുക്കിൽ സിദ്ധാർത്ഥിന്റെ വിരലുകൾക്കിടയിലെ താലി അവളുടെ കഴുത്തിൽ പതിഞ്ഞു ….!!

താഴ്ത്തിയിരുന്ന മുഖം മൃദുവായി പൊക്കി തനിക്കുനേരെയാക്കി അവളുടെ നെറുകയിൽ സിന്ദൂരം വരച്ചു …..!!

അതുവരെ ഉണ്ടായിരുന്ന വെറുപ്പ് അവൾ കണ്ണീരിലലിയിക്കുന്നതു പോലെ സിദ്ധാർത്ഥിന് തോന്നി …!!

അഗ്നിക്കുചുറ്റും ഏഴുവട്ടം വലംവയ്ക്കുമ്പോൾ സിദ്ധാർഥ് ഇനിയൊരിക്കലും ചാരുവിന്റെ കണ്ണുനിറയ്ക്കില്ലെന്ന ശപഥമെടുക്കുകയായിരുന്നു ….!!

അപ്പോഴേക്കും സിദ്ധാർഥിനോടുള്ള പക ഹോമകുണ്ഡത്തിലെ അഗ്നി കണക്കെ ചാരുവിന്റെ ഉള്ളിൽ ആളിപ്പടരുന്നുണ്ടായിരുന്നു ….!!

തുടരും …