Written by Krishna Das
==================
ഒരു സ്ത്രീ ഏറ്റവും കൂടുതൽ സുന്ദരി ആകുന്നത് ആരുടെ മുമ്പിലാണ്?
സംശയമില്ല!
അവൾ അവളുടെ മക്കളുടെ മുമ്പിൽ ആണ് ഏറ്റവും സുന്ദരി ആകുന്നത്. അവൾ കറുത്തവളോ വിരൂപയോ അംഗ വൈകല്യം സംഭവിച്ചവളോ ആരുമാകട്ടെ കുഞ്ഞുങ്ങൾക്ക് മുമ്പിൽ അവൾ സുന്ദരി ആണ്.
ഭർത്താവിന് അവളുടെ സൗന്ദര്യത്തിൽ കോട്ടം സംഭവിച്ചാൽ അതുവരെ ഉണ്ടായിരുന്ന ഇഷ്ടത്തിന് കുറവുകൾ സംഭവിച്ചേക്കാം. പ്രത്യേകിച്ചും പെൺകുട്ടികൾക്ക് അമ്മയോട് പ്രത്യേക സ്നേഹമാണ്. ആൺകുട്ടികൾക്ക് പതിനഞ്ചു വയസ്സ് കഴിയുമ്പോൾ അവന്റെ സൗഹൃദ വലയങ്ങൾ വലുതാകുമ്പോൾ അവൻ അമ്മയിൽ നിന്ന് അകന്നു തുടങ്ങുന്നു. പിന്നെ അവൻ അമ്മയോട് എതിർത്തു സംസാരിച്ചു തുടങ്ങും. പങ്കാളിയെ ലഭിച്ചാൽ അമ്മയിൽ നിന്ന് അകന്നു തുടങ്ങുന്നു. അമ്മക്ക് പ്രായമേറുമ്പോൾ അമ്മയെ വെറുത്തു തുടങ്ങുന്നു.
എന്നാൽ പെൺകുട്ടികൾ അങ്ങനെ അല്ല. അവർ കുട്ടിക്കാലത്തു അച്ഛനോട് കൂടുതൽ അടുപ്പം കാണിച്ചേക്കാം. എങ്കിലും അവൾക്കു പ്രിയപ്പെട്ടത് അവളുടെ അമ്മ തന്നെ ആണ്. വളർന്നു വരുംതോറും അവൾക്ക് അമ്മയോട് അടുപ്പം കൂടുകയാണ് ഉണ്ടാകുന്നത്.
വിവാഹം കഴിഞ്ഞാൽ അവൾ എത്ര അകലെ ആണെങ്കിലും ഒരു ദിവസം പോലും മുടങ്ങാതെ അമ്മയെ വിളിച്ചു സുഖാന്വേഷണം നടത്തും. ആ ഒരു സ്നേഹം അച്ഛനോട് ഉണ്ടാകണമെന്നില്ല. ഒരു പക്ഷേ അപ്പുറത്തെ മുറിയിൽ ഉള്ള അമ്മയോട് മകൻ ഭക്ഷണം കഴിച്ചുവോ എന്നു ഒരിക്കൽ പോലും ചോദിച്ചു കൊള്ളണമെന്നില്ല.
ആരൊക്കെ കൂടെ ഉണ്ടെങ്കിലും മകൾക്ക് ഒരു അസുഖം വരുമ്പോൾ അവളുടെ അമ്മ കൂടെ ഉള്ളിടത്തോളം മറ്റാരും പകരമാകില്ല. അമ്മ എത്ര പ്രായമേറിയാലും ഒരു മകൾ ഒരിക്കലും തന്റെ അമ്മയെ വെറുക്കില്ല. അവൾ തന്റെ കുടുംബത്തെ ഇട്ടെറിഞ്ഞിട്ടായാലും അവൾ തന്റെ അമ്മയെ പരിപാലിക്കും.
എന്നാൽ പുരുഷൻ തന്റെ കുടുംബത്തിന് വേണ്ടി അമ്മയെ ഉപേക്ഷിക്കാൻ നിർബന്ധിതനാകും. ഒരു സ്ത്രീയുടെ ഏറ്റവും വലിയ ഭാഗ്യം അവൾക്കു ഒരു പെൺകുഞ്ഞു ജനിക്കുക എന്നതാണ്. അവളുടെ പങ്കാളി എത്ര ക്രൂ* രനാണെങ്കിലും അവളുടെ ദുഃഖങ്ങൾ പങ്കുവെക്കുവാൻ അവൾക്കു തന്റെ മകൾ മതി. അവളെ ചേർത്തു നിറുത്താൻമകൾ എത്ര ചെറുതാണെങ്കിലും മകൾക്ക് സാധിക്കും.
എന്നാൽ അവളെ മനസ്സിലാക്കാൻ അതേ പ്രായത്തിൽ ഉള്ള മകന് സാധിച്ചെന്നു വരില്ല. അമ്മ മകളെ എത്ര വഴക്ക് പറഞ്ഞാലും അടിച്ചാലും മകൾക്ക് വേദനിക്കില്ല. എന്നാൽ അച്ഛൻ -മകൾ ബന്ധം അത്ര തീവ്രമൊന്നുമല്ല. അച്ഛൻ നൽകുന്ന പാരിതോഷിക്കതത്തിന്റെ വലുപ്പം അനുസരിച്ചു ആയിരിക്കും അവൾക്കു അച്ഛനോടുള്ള സ്നേഹം.
അച്ഛൻ നൽകുന്ന മിട്ടായി, വസ്ത്രങ്ങൾ, ആഭരണങ്ങൾ, യാത്രകൾ ഇതെല്ലാം ആണ് അച്ഛനിൽ മകൾ കാണുന്ന സ്നേഹം. അമ്മക്ക് ഇതിന്റെ ഒരു ഗിമ്മിക്കുകളുടെയും ആവശ്യമില്ല.
അച്ഛൻ എത്ര സ്നേഹം കാണിച്ചാലും മകൾ വളർന്നു വരുന്നത്തോടെ അച്ഛനിൽ നിന്ന് അകലം പാലിച്ചു തുടങ്ങും. ഇതിനെല്ലാം കാരണം അച്ഛന്റെ സ്നേഹം കൃത്രിമമാണ്. അമ്മയോടുള്ള സ്നേഹം പൊക്കിൾ കൊടി ബന്ധമാണ്.
ഒന്നുകൂടി പറയാം പുരുഷൻ അവനു ജനിക്കുന്ന കുഞ്ഞു ബുദ്ധിമാന്ദ്യമോ വൈകൃതമോ ഉള്ളവൾ ആണെങ്കിൽ അവൻ തന്റെ പങ്കാളിയെയും കുഞ്ഞിനേയും ഉപേക്ഷിച്ചു പോയെന്നു വരും. എന്നാൽ ഒരു സ്ത്രീ ഒരിക്കലും തന്റെ കുഞ്ഞു എന്തെങ്കിലും വൈകല്യം ഉള്ളവൾ ആണെങ്കിൽ ഒരിക്കലും അവളെ കൈവിടില്ല. അവൾ മറ്റു കുഞ്ഞുങ്ങൾക്ക് നൽകുന്നതിനേക്കാൾ കൂടുതൽ പരിഗണനയും സ്നേഹവും തന്റെ കുറവുള്ള കുഞ്ഞിനോട് കാണിക്കും.
അതാണ് പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസം.