മകൻ്റെ ജന്മദിനത്തിന് നൽകാൻ അവനറിയാതെ വാങ്ങി വച്ചിരുന്ന വെള്ളമുണ്ടും ഷർട്ടും സന്തോഷത്തോടെ….

എഴുത്ത്: രാജു പി കെ കോടനാട്

=========================

മകൻ്റെ ജന്മദിനത്തിന് നൽകാൻ അവനറിയാതെ വാങ്ങി വച്ചിരുന്ന വെള്ളമുണ്ടും ഷർട്ടും സന്തോഷത്തോടെ പിറന്നാൾ ആശംസകൾ അറിയിച്ച് അവന് നൽകുമ്പോൾ പ്രിയപ്പെട്ടവളും പുഞ്ചിരിയോടെ അരികിലുണ്ടായിരുന്നു.

കവർ തുറന്നതും അവൻ്റെ മുഖം വല്ലാതെ മാറി. “അല്ലെങ്കിലും അച്ഛനൊരു സെലക്ഷനും അറിയില്ല ആ പൈസ എനിക്ക് തന്നിരുന്നേൽ ഞാൻ വാങ്ങില്ലായിരുന്നോ എനിക്കിഷ്ടപ്പെട്ടത് ഇതൊരു മാതിരി…”

പുറത്തെടുത്ത ഷർട്ടും മുണ്ടും കട്ടിലിലേക്ക് വലിച്ചെറിഞ്ഞ് അവൻ മുകളിലെ മുറിയിലേക്ക് നടന്നകലുമ്പോൾ നിറഞ്ഞ കണ്ണുകൾ പ്രിയപ്പെട്ടവൾ കാണാതിരിക്കാനായി പതിയെ ഉമ്മറത്തേക്ക് നടക്കുമ്പോൾ. അവൾ ഉച്ചത്തിൽ പറയുന്നുണ്ട്.

“നിൽക്കടാ അവിടെ നീ ആരോട് എന്താ പറഞ്ഞതെന്ന ബോധമുണ്ടോ നിനക്ക്.” ആ വാക്കുകൾക്ക് ചെവികൊടുക്കാതെ മകൻ മുറിയിലേക്ക് പോയപ്പോൾ അവൾ ഓടി അരികിലെത്തി.

“ഏട്ടൻ വിഷമിക്കണ്ട ട്ടോ അവന് ഞാൻ നല്ലത് കൊടുക്കുന്നുണ്ട്.”

“എനിക്ക് സങ്കടമൊന്നുമില്ല ഗൗരി അവൻ നമ്മുടെ പഴയ ചന്തുവല്ല വലിയ കുട്ടിയായി അത് ഞാൻ ഓർക്കേണ്ടതായിരുന്നു പുതിയ ട്രൻ്റ് പാതി കീറിയ പാൻ്റും അരയ്ക്കൊപ്പം എത്താത്ത ഇറുകിയ വസ്ത്രങ്ങളുമാണെന്ന് അറിയാഞ്ഞല്ല പക്ഷെ എനിക്കെന്തോ അത് വാങ്ങാൻ തോന്നിയില്ല.”

“തെറ്റുപറ്റിയത് എനിക്കല്ലേ നമുക്കത് മാറ്റി വാങ്ങാം..”

പ്രിയപ്പെട്ടവളുടെ മുന്നിൽ സങ്കടമില്ലെന്നറിയിക്കാനായി ചുണ്ടിൽ വരുത്താൻ ശ്രമിച്ച പുഞ്ചിരി പാതിയിൽ മാഞ്ഞു പോയി.

ദേഷ്യത്തോടെ മകൻ്റെ മുറിയിലേക്ക് അവൾ നടന്നകലുമ്പോൾ പതിയെ അകത്തെ മുറിയിലെ അലമാരയിൽ നിന്നും പണ്ട് അച്ഛൻ പതിനഞ്ചാം പിറന്നാളിന് വാങ്ങി നൽകിയ നീലയിൽ വെള്ളവരകളുള്ള ബനിയൻ പുറത്തെടുത്ത് നെഞ്ചോട് ചേർത്തു. കാലപ്പഴക്കം കൊണ്ട് നൂലുകൾ പിന്നിത്തുടങ്ങിയിരിക്കുന്നു.

വലിച്ചെറിഞ്ഞ മുണ്ടും ഷർട്ടുമിട്ട മകനേയും കൂട്ടി പ്രിയപ്പെട്ടവൾ അകത്തേക്ക് വരുമ്പോൾ അവരോടായി പറഞ്ഞു,

” പണ്ട് പിറന്നാളിന് എനിക്ക് അച്ഛൻ വാങ്ങി നൽകിയതാണ് ഈ കുപ്പായം ഇതിട്ട് അന്ന് ഞാൻ സ്കൂളിൽ പോകുമ്പോൾ കുട്ടികൾ പലരും എന്നെ വല്ലാതെ കളിയാക്കിയിരുന്നു ഇപ്പോൾ നിന്നെക്കാണാൻ സായിപ്പിനേപ്പോലുണ്ടെന്ന് വരെ പറഞ്ഞു അവസാനം സായിപ്പെന്നായി കൂട്ടുകാരുടെ ഇടയിലെ എൻ്റെ ഇരട്ടപ്പേര് പോലും എന്നിട്ടും ഞാനിത് ഇടാതിരുന്നില്ല.”

“ഇതിനിപ്പോഴും അച്ഛൻ്റെ അധ്വാനത്തിൻ്റെ… വിയർപ്പിൻ്റെ ഗന്ധമുണ്ട് മനസ്സിൽ ഒരു പാട് സങ്കടം വരുമ്പോൾ ഇതിങ്ങനെ നെഞ്ചോട് ചേർത്ത് പിടിക്കും. പിന്നീടൊരു ജന്മദിനത്തിനും അച്ഛൻ്റെ സ്നേഹവും എന്തിന് ആ കൈകളിൽ നിന്നും ഒന്നും വാങ്ങാനുള്ള ഭാഗ്യവും എനിക്കുണ്ടായില്ല.”

“എൻ്റെ ഓരോ ജന്മദിനത്തിനും മറ്റു പല വില പിടിപ്പുള്ള സമ്മാനങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും ഓർമ്മയിലെ എറ്റവും വലിയ സമ്മാനം പണ്ട് അച്ഛൻ എന്നെ ചേർത്ത് പിടിച്ച് എനിക്ക് തന്ന ഈ കുപ്പായമാണ് അതുകൊണ്ട് ഇതിന്നും ഞാൻ സൂക്ഷിക്കുന്നു..”

“അച്ഛൻ എന്നോട് ക്ഷമിക്കണം എൻ്റെ അപ്പോഴത്തെ ദേഷ്യത്തിന് പറ്റിപ്പോയതാ അമ്മ വന്ന് പറഞ്ഞപ്പോഴാണ് എനിക്ക് തരാൻ അച്ഛൻ എത്ര സന്തോഷത്തോടെ വാങ്ങിയതാവും ഈ കുപ്പായമെന്ന് ഞാൻ ചിന്തിക്കുന്നത്. ഞാൻ ചെയ്തത് എത്ര വലിയ തെറ്റാണെന്നും അതെത്ര മാത്രം അച്ഛയെ വിഷമിപ്പിച്ചെന്നും എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട്.”

നിറഞ്ഞ് തൂവിയ മകൻ്റെ കണ്ണുകൾ തുടച്ച് അവനെ നെഞ്ചോട് ചേർക്കുമ്പോൾ ഇപ്പോൾ ഞാൻ പുറത്തായി അല്ലേ എന്ന ചോദ്യവുമായി വന്ന പ്രിയപ്പെട്ടവളെയും നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ. സങ്കടം കൊണ്ട് തകർന്ന് പോയ ഞങ്ങളുടെ മനസ്സിലേക്ക് വീണ്ടും സന്തോഷത്തിൻ്റെ നിമിഷങ്ങൾ വന്ന് ചേരുകയായിരുന്നു.!

~രാജു പി കെ കോടനാട്