രാത്രിയായപ്പോൾ വിശപ്പു സഹിക്കാതെ അടുക്കളയിലേക്കെത്തി നോക്കി. അച്ഛൻ്റെ പുതിയ ഭാര്യ അവിടെയെന്തോ ചെയ്യുന്നു…

രണ്ടാനമ്മ

എഴുത്ത്: സൗമ്യ ദിലീപ്

ഇന്നെൻ്റെ അച്ഛൻ്റെ വിവാഹമാണ്. രണ്ടാം വിവാഹം. രാവിലെ എഴുന്നേറ്റ് ഉമ്മറത്തു ചെന്നപ്പോഴേ കണ്ടു കല്യാണത്തിന് പോകാൻ ഒരുങ്ങി വന്നവരെ. രണ്ടാം വിവാഹമായതുകൊണ്ട് വല്യ ആഘോഷമൊന്നുമില്ല. അമ്പലത്തിൽ വച്ചൊരു താലികെട്ട് അടുത്ത ബന്ധുക്കൾക്കായി ചെറിയൊരു സദ്യ അമ്പലത്തിൻ്റെ ഓഡിറ്റോറിയത്തിൽ വച്ചു തന്നെ.

കല്യാണത്തിനു വന്നവരുടെയെല്ലാം നോട്ടം തൻ്റെ നേരെയാണെന്നു കണ്ടപ്പോൾ പതുക്കെ അകത്തേക്ക് വലിഞ്ഞു. മുറിയിലേക്കു നടക്കുന്നതിനിടെ കണ്ടു വെള്ള ഷർട്ടും മുണ്ടും ധരിച്ച് ഇറങ്ങി വരുന്ന അച്ഛനെ . ദേഷ്യത്തോടെ വാതിൽ കൊട്ടിയടച്ചു. എന്തോ ഉൾക്കൊള്ളാനാവുന്നില്ല ഒന്നും. ഞാൻ മിഥുൻ.ഇപ്പോൾ 17 വയസായി. ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മരിച്ചു പോയതാണ് എൻ്റെ അമ്മ…

അച്ഛനും അമ്മയും കൂടെ ബൈക്കിൽ പോകുമ്പോൾ റോഡിലുള്ള കുഴിയിൽ തട്ടി ബൈക്ക് മറിഞ്ഞു.തെറിച്ചു വീണ അമ്മയുടെ തലയിൽ കൂടി എതിരെ വന്ന ബസ് കയറിയിറങ്ങി. സ്കൂൾ വിട്ടു വീട്ടിൽ വന്ന ഞാൻ കാണുന്നത് വെള്ളപുതപ്പിച്ച എൻ്റെ അമ്മയുടെ ശരീരമാണ്. തൊട്ടടുത്തായി എല്ലാം നഷ്ടപ്പെട്ടവനെപ്പോലിരിക്കുന്ന അച്ഛനും. അന്നുതൊട്ടിന്നോളം ഞങ്ങളുടെ ഇടയിൽ വേറാരും കടന്നു വന്നിട്ടില്ല. ഇപ്പോൾ ഞാൻ +2 നാണ് പഠിക്കുന്നത്. ഇത്രയും നാൾ അച്ഛൻ എനിക്കു വേണ്ടി മാത്രമാണ് ജീവിച്ചത്. ഇപ്പോൾ ഞങ്ങൾക്കിടയിലേക്ക് ഒരാൾ കൂടി കടന്നു വരുന്നത് എന്തുകൊണ്ടോ അംഗീകരിക്കാൻ പറ്റുന്നില്ല.

വാതിലടച്ചിരുന്ന് എപ്പോഴോ ഉറങ്ങിപ്പോയി. വാതിലിൽ മുട്ടുകേട്ടാണെണീറ്റത്. നോക്കുമ്പോൾ അച്ഛനാണ്. ” ഒന്നും കഴിക്കുന്നില്ലേ നീയ് മണി മൂന്നായി ” ഒന്നും മിണ്ടാതെ വീണ്ടും വാതിലടച്ചു കിടന്നു. കല്യാണത്തിന് വന്നവരൊക്കെ പോയിരുന്നു. കുറേ നേരം ആ കിടപ്പു കിടന്നു. രാത്രിയായപ്പോൾ വിശപ്പു സഹിക്കാതെ അടുക്കളയിലേക്കെത്തി നോക്കി. അച്ഛൻ്റെ പുതിയ ഭാര്യ അവിടെയെന്തോ ചെയ്യുന്നു. എൻ്റെ കാൽ പെരുമാറ്റം കേട്ട് അവരൊന്നു തിരിഞ്ഞു നോക്കി.

ഞാൻ ഒന്നും മിണ്ടാതെ പ്ലേറ്റിൽ ചോറുവിളമ്പി അകത്തേക്ക് വന്നു. കഴിച്ചു കഴിഞ്ഞ് പ്ലേറ്റു വക്കാൻ ചെന്നപ്പോൾ കണ്ടു അച്ഛനും അവരും ഒരുമിച്ചിരുന്ന് കഴിക്കുന്നത്. പുച്ഛത്തോടെയൊന്ന് നോക്കിയിട്ട് ഞാൻ തിരിഞ്ഞു നടന്നു. മുറിയിൽ ചെന്ന് വെറുതെ കിടന്നു. എപ്പോഴോ ഉറങ്ങി. രാവിലെ എണീറ്റുനോക്കുമ്പോൾ അടുക്കളയിൽ അവരുണ്ട്. അവരെ പരമാവധി ഒഴിവാക്കിക്കൊണ്ട് ഭക്ഷണം കഴിച്ചു. ഇറങ്ങാൻ നേരം മേശപ്പുറത്ത് ചോറ്റുപാത്രമിരിക്കുന്നു. അതെടുത്ത് ബാഗിൽ വച്ച് സൈക്കിളെടുത്തിറങ്ങി.സ്കൂളിൽ ചെന്നപ്പോൾ എല്ലാവരുടേയും മുഖത്തൊരു പരിഹാസം .

അതു കണ്ടപ്പോൾ ദേഷ്യം വന്നു. ആരോടും ഒന്നും മിണ്ടാതെ കഴിച്ചുകൂട്ടി അന്നു മുഴുവൻ. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ എന്നെയും കാത്ത് മേശപ്പുറത്ത് ചായയും കൊഴുക്കട്ടയും ചൂടോടെ ഇരിപ്പുണ്ടായിരുന്നു. എന്നെ സോപ്പിടാനായി അച്ഛനോട് ചോദിച്ച് മനസിലാക്കിയതാവണം എൻ്റെയിഷ്ടങ്ങൾ . കഴിച്ചു കൊണ്ടിരുന്നപ്പോഴോ കൈ കഴുകാൻ എഴുന്നേറ്റപ്പോഴോ എൻ്റെ ഒരു നോട്ടം പോലും അരികിൽ നിന്ന രണ്ടാനമ്മയ്ക്കു മേലെയെത്താതിതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു. സ്വന്തം അമ്മയോടുള്ള സ്നേഹക്കൂടുതലോ അച്ഛൻ്റെ സ്നേഹം പങ്കിട്ടു പോകുന്ന സ്വാർത്ഥതയോ എന്നറിയില്ല അവരുമായി അടുക്കാൻ എനിക്ക് കഴിഞ്ഞില്ല.

ദിവസങ്ങൾ കടന്നു പോയി.

എൻ്റെ +2 പരീക്ഷാ ഫലം വന്നു. ഫുൾ A+ നേടി ഞാൻ വിജയിച്ചു. അതിനു പിന്നാലെ തന്നെ എൻട്രൻസ് റിസൾട്ടും വന്നു. അതിലും നല്ല rank ഉണ്ടായിരുന്നു. അഡ്മിഷൻ കിട്ടിയത് കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിലാണ്. അല്ലെങ്കിലും നാട്ടിൽ നിന്നു പഠിക്കാൻ താൽപര്യമില്ലായിരുന്നു. അങ്ങനെ തൃശ്ശൂരുള്ള ഞാൻ കോഴിക്കോട്ടേക്കു വണ്ടി കയറി. അവിടത്തെ ഹോസ്റ്റൽ ജീവിതവും കൂട്ടുകാരും ഞാൻ നന്നായി ജീവിതം ആസ്വദിച്ചു.വീട്ടിൽ വരുന്നത് വല്ലപ്പോഴും മാത്രമായിരുന്നു. അവരെ എൻ്റെ രണ്ടാനമ്മയെ കാണുന്നത് തന്നെ എനിക്ക് വെറുപ്പായിരുന്നു. അത് മനസിലാക്കിയെന്നോണം അവർ എന്നിൽ നിന്നും അകന്നു മാറി നടന്നു. എങ്കിലും വീട്ടിൽ വന്ന് ഞാൻ തിരിച്ച് കോളേജിൽ പോകാൻ നേരം എനിക്കിഷ്ടപ്പെട്ട എന്തെങ്കിലുമൊക്കെ അവർ തന്നു വിടും.

വർഷങ്ങൾ കടന്നു പോയി. ഞാൻ ഇന്നൊരു എൻജിനീയറാണ്. വീട്ടിൽ നിന്നാണ് ജോലിക്ക് പോയി വരുന്നത്. രണ്ടാനമ്മയോട് അടുപ്പം കാണിക്കാറില്ലെങ്കിലും അവർ എൻ്റെ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തു പോന്നു. ഒരു ദിവസം രാത്രി ഉറക്കത്തിനിടയിൽ വാതിലിൽ ആരോ ശക്തിയായി മുട്ടുന്ന കേട്ടാണ് ഞാൻ എണീറ്റത്. നോക്കിയപ്പോൾ കരഞ്ഞു തളർന്ന മുഖത്തോടെ മുന്നിൽ അവർ

“എന്താ ” ഞാൻ കുറച്ചു നീരസത്തോടെ ചോദിച്ചു. ” അച്ഛൻ…. അച്ഛൻ” അവർ പറയാനാവാതെ നിന്നു. കേട്ടപാതി ഞാൻ അച്ഛനടുത്തേക്കോടി. മുറിയിൽ ചെന്നപ്പോൾ നെഞ്ചു പൊത്തി പിടിച്ച് പ്രാണനു വേണ്ടി പിടയുന്ന അച്ഛനെയാണ് കണ്ടത്. വേഗം അച്ഛനെ താങ്ങിയെടുത്ത് വണ്ടിയിൽ കയറ്റി.കൂടെ അവരും കയറി. ആശുപത്രിയിലെത്തി നേരെ ICU വിലേക്കാണ് അച്ഛനെ കൊണ്ടു പോയത്. ഒച്ഛിഴയുന്ന വേഗത്തിൽ കടന്നു പോയ ഏതാനും മണിക്കൂറുകൾക്കു ശേഷം എന്നോടും അവരോടും അകത്തു കയറി കണ്ടോളാൻ പറഞ്ഞു. കണ്ടപ്പോൾ തന്നെ കണ്ണു നിറഞ്ഞൊഴുകി.

ഒരു പാട് ട്യൂബുകൾക്കും വയറുകൾക്കും നടുവിൽ അവശനായി എൻ്റെ അച്ഛൻ. കുറച്ചു മണിക്കൂറുകൾക്ക് മുൻപ് ഞാൻ കണ്ട എൻ്റെ അച്ഛൻ്റെ ഛായ മാത്രമേ ആ രൂപത്തിനുണ്ടായിരുന്നുള്ളൂ. അരികെ ചെന്ന് ആ കൈയിൽ കൈ ചേർത്തുവച്ചപ്പോൾ അച്ഛൻ എൻ്റെ മുഖത്തേക്കു നോക്കി ചിരിച്ചു.

” മോനേ, നീ നിൻ്റെ …. അമ്മയെ… വെറു.. .വെറുക്കരുത്…. അവളെ…. നീ…. നോക്കണം…… അവള് നിൻ്റെ … സ്വന്തം അമ്മയായിട്ട്…കാണ… കാണണം…. ഈ അച്ഛ… അച്ഛനു വേണ്ടി ……. അവളെ….. ഉപേക്ഷിക്കരുത് …. പോകാനൊരിടമില്ല അവൾക്ക്……

എൻ്റെ കൈയിൽ പിടിച്ചിത്രയും പറഞ്ഞതും അച്ഛൻ്റെ ശ്വാസം ഉച്ഛത്തിലായി. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കെ ഡോക്ടർ വന്നതും എന്തൊക്കെയോ ചെയ്യുന്നതും നിറകണ്ണുകളാലെ ഞാൻ നോക്കി നിന്നു. ഒടുവിൽ കണ്ണുനീർ മറച്ചയാ പാതി കാഴ്ചയിൽ ഞാൻ കണ്ടു ആ ജീവൻ ഞങ്ങളെ വിട്ടു പോകുന്നത്. ഒരുതരം മരവിപ്പാണെനിക്കു തോന്നിയത്. ഒരു നിമിഷം കൊണ്ട് ഞാൻ ആരുമില്ലാതായവനെപ്പോലെ. കണ്ണുനീർ കവിളിൽ ചാലിടുമ്പോഴും എൻ്റെ മനസ്സിൽ ചില നിറമുള്ള ചിത്രങ്ങളായിരുന്നു.

അച്ഛൻ്റെ ചടങ്ങുകളെല്ലാം തീർന്ന് എല്ലാരും പോയപ്പോഴും ഞാൻ കണ്ടു എൻ്റെ കാര്യങ്ങളെല്ലാം നോക്കിയും എനിക്ക് ഭക്ഷണം തന്നും പിന്നാലെ നടക്കുന്ന എൻ്റെ രണ്ടാനമ്മയെ. അച്ഛൻ മരിച്ച് ഒരാഴ്ചയോളമായി ഞങ്ങൾ രണ്ടു പേരും മാത്രമാണാ വീട്ടിൽ പരസ്പരം ഒന്നും മിണ്ടാതെ. എന്നിൽ നിന്നും ഒരു വാക്ക് കേൾക്കാത്തതിനാലാവാം വീട്ടിൽ വന്ന ആങ്ങള യോടൊപ്പം പോകാൻ അവർ സമ്മതിച്ചത്. പോകുന്ന സമയം നിറകണ്ണുകളോടെ അവരെന്നെയൊന്നു നോക്കി. ഒരു പിൻവിളി കാത്തെന്ന പോലെ. ആ നോട്ടം കണ്ടിട്ടും തിരിച്ചുവിളിക്കാനെനിക്കെന്തോ തോന്നിയില്ല.

ആ രാത്രി ഒരു പാട് വൈകിയിട്ടും എനിക്കുറക്കം വന്നില്ല. കണ്ണടച്ചാൽ മുന്നിൽ തെളിയുന്നത് ആ നിറഞ്ഞ കണ്ണുകളാണ് . എപ്പോഴോ ഉറങ്ങിപ്പോയി. ഉറക്കത്തിനിടയിലും ആ കണ്ണുകൾ വന്നു.

പിറ്റേന്നുണർന്നപ്പോൾ തന്നെ ബൈക്കുമെടുത്തിറങ്ങി. വഴി നല്ല നിശ്ചയമില്ലായിരുന്നു. എങ്കിലും വഴിയിൽ കണ്ടവരോടൊക്കെ ചോദിച്ച് ഒരു ഓടിട്ട വീടിനു മുൻപിലെത്തി. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 2 പെൺകുട്ടികൾ എന്നെ കണ്ട് അകത്തേക്കു നോക്കി നീട്ടി “അമ്മായീ…. ദേ മിഥുൻ ചേട്ടൻ വന്നിരിക്കുന്നു” എന്ന് പറഞ്ഞപ്പോൾ ഞെട്ടിയത് ഞാനായിരുന്നു. വീടിനുള്ളിൽ നിന്നും ഇറങ്ങി വന്ന അമ്മയുടെ കൈകൾ കൂട്ടിപ്പിടിച്ച് ഞാൻ കരഞ്ഞു. ഒരു തുള്ളിയെൻ്റെ നെറുകിൽ വീണപ്പോഴാണ് അമ്മയും കരയുകയായിരുന്നെന്ന് മനസിലായത്.പതിയെ ആ കണ്ണീർ തുടച്ചു കൊടുത്ത് ആ കൈയും പിടിച്ചു ബൈക്കിനടുത്തേക്ക് നടന്നു.

അമ്മയേയും കൊണ്ട് ആ ബൈക്ക് ചെന്നു നിന്നത് എൻ്റെ വീട്ടിലായിരുന്നു. പതിയെ ആ കൈ പിടിച്ചകത്ത് കയറുമ്പോൾ ഉമ്മറത്തെ മാലയിട്ട ഫോട്ടോയിലിരുന്ന് അച്ഛനും ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.