സീതക്കുട്ടി…
എഴുത്ത്: അഞ്ജു തങ്കച്ചൻ
===================
അലക്കാനുള്ള തുണിക്കെട്ട് വാരിയെടുത്തു കൊണ്ട് ചിരുത കുളത്തിന് അരികിലേക്ക് നടന്നു.
ദേവസുന്ദരിയുടെ അണിവയറിലെ ആഴമുള്ള പൊ-ക്കി-ൾച്ചുഴി പോലെ തോന്നിക്കുന്ന, നിറഞ്ഞു കിടക്കുന്ന കുളത്തിനരുകിലേക്ക് തുണിക്കെട്ട് വെച്ച് ചിരുത ദീർഘനിശ്വാസം എടുത്തു.
കരക്കാരുടെ എല്ലാം തുണി അലക്കി കൊടുത്താൽ കിട്ടുന്നത് അന്നന്നത്തെ അന്നത്തിനു പോലും തികയാതെ ആയി. കെട്ടിയോൻ കുമാരൻ ഉപേക്ഷിച്ചു പോയതോടെ ഏക മകളും താനുമുള്ള കുടിലിൽ വല്ലതും വെച്ചുണ്ടാക്കണമെങ്കിൽ
ഈ ഒരു പണിയെ തനിക്കറിയൂ.
അര ബ്ലൗസും മുണ്ടുമുടുത്ത നാല്പത്കാരിയാണ് ചിരുത. മൂന്നായ് മടക്കു വീണ ഒട്ടിയ വയർ പട്ടിണിയെ വിളിച്ചോതുന്നതായിരുന്നു. കട്ടികുറഞ്ഞ, എണ്ണമയം പുരളാത്ത മുടി ഉരുട്ടിക്കെട്ടിവച്ചിട്ടുണ്ട്. എങ്കിലും മുഖത്തു നിഷ്കളങ്കത നിറഞ്ഞു നിൽക്കുന്നുണ്ട്.
ചിരുത അലക്കിതുടങ്ങിയപ്പോഴേക്കും ചിരുതയുടേ ഏകമകൾ സീത ഓടിയെത്തി അമ്മ കഷ്ട്ടപ്പെടുന്നത് അവൾക്കെന്നും വേദനയായിരുന്നു. അതുകൊണ്ട് തന്നെ ചിരുതയെ സഹായിക്കാൻ അവൾ എപ്പോഴും മുന്നിൽ തന്നെ ഉണ്ടാകും.
പാവാടത്തുമ്പ് അൽപ്പം എടുത്തുയർത്തിക്കുത്തി അവൾ തുണി അലക്കുവാൻ തുടങ്ങി.
ചിരുത വാത്സല്യത്തോടെ അവളുടെ മുഖത്തേക്കു നോക്കി. തന്നെ ഉപേക്ഷിച്ചു പോയ കുമാരനോട് തനിക്കൊരിക്കലും വെറുപ്പ് തോന്നിയിട്ടില്ല, ഈ പൊന്നും കുടത്തിനെ തനിക്ക് തന്നിട്ടല്ലേ അയാൾ പോയത്.
തന്റെ സീതക്കുട്ടി, അവളാണ് തന്റെ ലോകം, ചിരുത അവളെ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. പതിനെട്ടുവയസായിരിക്കുന്നു തന്റെ മോൾക്ക്. ഇനിയും കുട്ടിത്തം ബാക്കി നിൽക്കുന്ന മുഖം, കടലലകളെ ഓർമ്മിപ്പിക്കുന്ന നീണ്ടു ഇരുണ്ടമുടി, തിളങ്ങുന്ന വട്ടക്കണ്ണുകൾ, ചുവന്ന അധരങ്ങൾ വിടർത്തുബോൾ നിരയൊത്ത പല്ലുകൾ, താരുണ്യം നിറഞ്ഞ ഉടൽ, എടുത്തുകുത്തിയ പാവാടത്തുമ്പിനു താഴെ ചുവപ്പ് പടർന്ന മൃദുലമായ പാദങ്ങൾ.
സീത എല്ലാവർക്കും പ്രിയപ്പെട്ടവൾ ആണ്. ആരെയും സഹായിക്കാൻ അവൾക്കൊരു മടിയും ഇല്ല.
ആഹാ… ഇന്ന് മോളും കൂടിയോ അമ്മയെ സഹായിക്കാൻ…..ഉറക്കെയുള്ള ചോദ്യം കേട്ടു അവർ തിരിഞ്ഞു നോക്കി.
അടുത്ത വീട്ടിലെ പൊന്നമ്മ ചേച്ചി ആണ്, വെറ്റില കറപുരണ്ട പല്ലുകൾകാട്ടി നിറഞ്ഞ ചിരിയോടെ അവർ കുളത്തിനരുകിൽ ഇരുന്നു.
ചിരുതേ…നീയറിഞ്ഞോ? വല്യ കോവിലകത്തെ ഉണ്ണി വന്നിട്ടുണ്ട്. നിന്നോട് അത്രടം വരെ ചെല്ലാൻ പറഞ്ഞിട്ടുണ്ട് അദ്ദേഹം. അവിടുത്തെ തുണിയലക്കി കൊടുത്തിരുന്ന ജാനകി ഇപ്പോൾ വരുന്നില്ല. ഈ കരക്കാരുടെ എല്ലാം തുണിയലക്കി കിട്ടുന്നതിനേക്കാൾ അധികം കൂലി അദ്ദേഹം തരും. അത്രയ്ക്ക് നല്ലവനാണ്.
ആണോ? ജാനകി ചേച്ചി ഇപ്പോൾ എന്താ പോവാത്തേ?
അതേ ജാനകിയുടേ മോൾക്കു എന്തോ അസുഖം ആണെന്ന് അതുകൊണ്ട് ജാനകി ഇപ്പോൾ ചെല്ലുന്നില്ല. അതുകൊണ്ടാ നിന്നോട് ചെല്ലാൻ പറഞ്ഞത്.
അല്ലേലും ഇപ്പോൾ അധികം ആളുകൾ ഒന്നും തുണിയലക്കാൻ തരുന്നില്ല. ഉണ്ണി മനസ്സലിവ് ഉള്ളവനാണ് അഞ്ചോ പത്തോ കൂടുതലേ എല്ലാവർക്കും കൊടുക്കൂ.
ഇനി മറ്റെവിടെ നിന്നും തുണി എടുത്തില്ലെങ്കിലും കുഴപ്പമില്ല.
ഉണ്ണിയുടെ വീട്ടിലെ തുണിയെടുക്കാൻ അലക്കുകാരികൾക്കിടയിൽ പോലും മത്സരമാണ്, കൂലിക്ക് പുറമേ തൊടിയിലെ നാളികേരമോ, മത്തങ്ങയോ അങ്ങനെ പലതും അയാൾ ജോലിക്കാർക്കു കൊടുക്കാറുണ്ട്.
ആ ഗ്രാമത്തിലെ ഏറ്റവും പണക്കാരൻ ആണ് ഉണ്ണി. അത്ര പ്രായമൊന്നും ഇല്ലെങ്കിലും ആ നാട്ടിൽ നിന്നും ആദ്യമായി വിദേശത്തു പോയി പഠിച്ച് ജോലി നേടിയ ആളാണ്. മഹാദേവൻ തമ്പുരാന്റെയും സാവിത്രി തമ്പുരാട്ടിയുടെയും ഏകമകനാണ് ഉണ്ണി. മഹാദേവൻ തമ്പുരാനും സാവിത്രി തമ്പുരാട്ടിയും വള്ളം മറിഞ്ഞ് മരിച്ചത് അറിഞ്ഞ് വിദേശവാസം മതിയാക്കി തിരിച്ചു പോരുകയായിരുന്നു ഉണ്ണി. അല്ലെങ്കിൽ തന്നെ ഈ കണ്ട സ്ഥലം എല്ലാം ഉള്ളപ്പോൾ അന്യ നാട്ടിൽ കിടന്നു കഷ്ടപ്പെടേണ്ട കാര്യമില്ലല്ലോ, പത്തിരുപത് പണിക്കാർ നിത്യവും പണിയെടുക്കുന്ന പൊന്നു വിളയുന്ന മണ്ണല്ലേ ഇത്.
നാളെ മുതൽ ഞാൻ പൊക്കോളാം ചേച്ചി…ചിരുത പറഞ്ഞു.
അലക്കു കഴിഞ്ഞ് തുണികളുമായി ചിരുതയും സീതയും വീട്ടിലേക്ക് നടന്നു.
രാത്രിയിൽ അമ്മയോട് ചേർന്നിരിക്കുമ്പോൾ സീതക്കുട്ടിക്ക് തോന്നും, ദൈവം വല്ലാത്ത ക്രൂ-രൻ ആണെന്നു, താൻ പിറന്നതോടെ അമ്മയെ ഉപേക്ഷിച്ചുപോയ അച്ഛൻ എന്ന ആ മനുഷ്യനോട് സീതക്ക് അപ്പോൾ വല്ലാത്ത വെറുപ്പ് തോന്നും.
*****************
സീതക്കുട്ടി നേരത്തെ എഴുന്നേറ്റു മുറ്റം അടിച്ചുവാരി വൃത്തിയാക്കി. പുലരിക്ക് എന്തൊരു ചന്തമാണ്
മഴയിൽ നീരാട്ട് കഴിഞ്ഞപ്പോൾ പുതുവസ്ത്രമണിഞ്ഞ സുന്ദരി പെണ്ണിനെപ്പോലെ പ്രകൃതി അതിമനോഹരി ആയിരിക്കുന്നു. കറുകറുത്ത മേഘപാളികൾക്കിടയിലൂടെ ഒളികണ്ണിട്ടു നോക്കി ആ സൗന്ദര്യം ആസ്വദിക്കുന്ന സൂര്യൻ. നേർത്ത കാറ്റിൽ ഇലത്തുമ്പിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴത്തുള്ളികൾ മണ്ണിലേക്കിറ്റു വീഴുന്നുണ്ട്. അല്ലെങ്കിൽ തന്നെ മഴ പെയ്തൊഴിഞ്ഞാൽ പ്രകൃതി വർണ്ണിക്കാൻ ആവാത്ത വിധം വശ്യ മനോഹരമാണ്.
രാവിലെ ചിരുത അലക്കാനുള്ള തുണിയെടുക്കാൻ ആയി പോകുമ്പോൾ സീതക്കുട്ടി പശുവിനെ മേയ്ക്കാനായി ഇറങ്ങും, കൂടെ മറ്റൊന്നുകൂടിയുണ്ട് പാടത്ത് പണിയെടുക്കുന്ന ദിവാകരനെ കാണുക.
അയാൾ പാടവരമ്പത്ത് ഉണ്ണാൻ ഇരിക്കുന്ന സമയത്താണ് അവൾ പശുവിനെ തിരിച്ചുകൊണ്ടുവരുന്നത്, ഒരിക്കൽപോലും തന്നെ ശ്രദ്ധിക്കാതെ ഇരിക്കുന്ന ആ ഗൗരവക്കാരനോട് അവൾക്കെപ്പോഴോ ഇഷ്ടംതോന്നി തുടങ്ങിയിരുന്നു. ചേറു പുരണ്ട തോർത്തുടുത്ത് അയാൾ പാടത്തിന്റെ കരയിൽ ഇരിക്കുന്ന നേരം അവൾ ഒളികണ്ണിട്ട് അയാളെ നോക്കാറുണ്ട്. രോമാവൃതമായ നെഞ്ചിൽ ചെളിതെറിച്ച് ഇരിപ്പുണ്ടാവും, തന്നെ ഒന്ന് നോക്കാറുപോലും ഇല്ല. ഗൗരവം നിറഞ്ഞ ആ മുഖത്ത് ഒരു ചിരി വരുന്നത് താൻ ഇതുവരെ കണ്ടിട്ടില്ല, എന്നാലും കൂട്ടുകാരോടൊത്ത് സംസാരിക്കുമ്പോൾ ഗാംഭീര്യം നിറഞ്ഞ ആ സ്വരം കേട്ട് താൻ കോരിത്തരിച്ചിട്ടുണ്ട്. എങ്കിലും അവൾ ഒരിക്കലും അയാളുടെ മുന്നിലേക്കു ചെന്നിട്ടില്ല. ദൂരെ നിന്ന് മാത്രം ആരും അറിയാതെ സ്നേഹിക്കാൻ ആയിരുന്നു അവൾക്കു ഇഷ്ടം.
********************
അന്ന് നേരം വൈകിയാണ് ചിരുതവന്നത്. ചിരുത അന്ന് പതിവിലും സന്തോഷവതിയായിരുന്നു. ഇന്ന് ഉണ്ണി കൂലി കൂടുതൽ തന്നു മോളെ, നമ്മുടെ ദാരിദ്ര്യം അദ്ദേഹത്തിനറിയാം. അടുക്കളക്കാരി മറിയാമ്മച്ചേടത്തിക്ക് എത്ര നാളികേരമാണ് അദ്ദേഹം കൊടുത്തതെന്നോ, എല്ലാവർക്കും അദ്ദേഹത്തെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. പിന്നെ ജാനകിയുടെ മോളുടെ കണ്ണ് ഓപ്പറേഷൻ ചെയ്യാനുള്ള പണംകൊടുത്തതു ഉണ്ണിയാണ്, സ്നേഹം കൊണ്ട് ചിരുതയുടെ കണ്ണുകൾ നിറഞ്ഞു.
മോളെ ഇത്തിരി വെള്ളം ചൂടാക്കിവയ്ക്കു ഒന്ന് കുളിക്കട്ടെ…
ശരി അമ്മേ…സീത അകത്തേക്ക് നടന്നു.
ആ, പിന്നെ മോളെ ഉണ്ണി പറഞ്ഞിട്ടുണ്ട് പത്തായത്തിൽ കുറെ പഴയ നെല്ലിരിപ്പുണ്ടത്രേ നമ്മളോട് എടുത്തോളാൻ പറഞ്ഞു. മഴക്കാലം പട്ടിണിയില്ലാത്ത നമുക്ക് കഴിഞ്ഞുകൂടാം.
നാളെ മോളും കൂടി ഒന്ന് വരണം. നമുക്ക് രണ്ടു പേർക്കും കൂടി അത് എടുത്തുകൊണ്ട് വരണം.
അതിനെന്താ അമ്മേ ഞാനും വരാം. സീത പറഞ്ഞു.
********************
പിറ്റേന്ന് പത്തായപ്പുരയിൽ നിന്നും നെല്ല് എടുത്തുകൊണ്ട് വരുമ്പോഴാണ് സീത ഉണ്ണിയെ ആദ്യമായി കാണുന്നത്.
ക്ലീൻ ഷേവ് ചെയ്ത് തുടുത്ത മുഖം ശാന്തത നിറഞ്ഞ മുഖം, കരുണ വഴിഞ്ഞൊഴുകുന്ന മിഴികൾ. നല്ല ഉയരവും അതിനൊത്ത വണ്ണവും ഉള്ള സുന്ദരൻ.
അവൾ അദ്ദേഹത്തെ കണ്ട് ഭവ്യതയോടെ മാറി നിന്നു
ചിരുതയുടെ മോളാണോ? അദ്ദേഹം ചോദിച്ചു.
അതെ.
പേരെന്താണ്?
സീത. അവൾ പതിയെ പറഞ്ഞു.
പോക്കുവെയിൽ അവളുടെ മുഖത്ത് പതിക്കുമ്പോൾ ആ മുഖം വാടിയ ചെന്താമരപ്പൂ പോലെ ആണെന്ന് അയാൾക്ക് തോന്നി. നാസിക തുമ്പിൽ നേർത്ത വിയർപ്പുമണികൾ വൈഡൂര്യം പോലെ തിളങ്ങുന്നു.
ചുമടുമായി നിൽക്കണ്ട പൊയ്ക്കോളൂ അയാൾ പറഞ്ഞു.
ഇക്കൊല്ലം മഴക്കാലം നമുക്കു പട്ടിണി ഉണ്ടാവില്ല. എല്ലാം ഇവിടുത്തെ ദയ. ചിരുത സന്തോഷത്തോടെ പറഞ്ഞു.
വേഗം നടക്കമ്മേ ഇന്ന് എനിക്കൊന്നു അമ്പലത്തിൽ പോണം. കുറേ ദിവസം ആയി തൊഴുതിട്ട്. സീത പറഞ്ഞു.
വീട്ടിലെത്തി, വേഗം കുളിച്ചു വന്നപ്പോഴേക്കും നേരം ആറു മണിയോടടുത്തിരുന്നു. അമ്പലത്തിൽ ആളുകൾ എത്തി തുടങ്ങിയതേ ഉള്ളൂ. അവൾ തൊഴു കൈകളോടെ നിന്നു. എന്നും വിഷമങ്ങൾ മാത്രം ഉള്ള തന്റെ അമ്മയുടെ കണ്ണുകൾ ഇനിയെങ്കിലും നിറയരുതെന്ന ഒരൊറ്റ പ്രാർത്ഥന മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ.
എന്താ ഇത്രയ്ക്കു പ്രാർത്ഥിക്കാൻ ? തൊട്ടടുത്തു പതിഞ്ഞ ഒച്ച കേട്ടു അവൾ നോക്കി. ദിവാകരൻ ആണ്. അവൾ അയാളെ അതിശയത്തോടെ നോക്കി, ആദ്യമായാണ് അയാൾ തന്നോട് മിണ്ടുന്നത്. അവൾക്കു ലേശം പരിഭ്രമംതോന്നി.
ഇന്ന് ഉച്ചക്ക് സീതയെ കണ്ടില്ലല്ലോ
ഉം..അവൾ പതിയെ മൂളി.
അതേ ഈ പെണ്ണിന്റെ കാലുകളിൽ ഇടാൻ ഞാൻ ഒരു ജോഡി പാദസരം വാങ്ങി വച്ചിട്ടുണ്ട്. ഞാൻ വരുന്നുണ്ട് നാളെ തന്റെ അമ്മയോട് തന്നെ എനിക്ക് തരുമോ എന്ന് ചോദിക്കാൻ. അയാൾ പറഞ്ഞു.
അവൾ അതിശയത്തോടെ അയാളെ നോക്കി.
എനിക്കറിയാം എന്നേ കാണാൻ വേണ്ടിയാണ് ഉച്ചക്ക് ആ വഴി വരുന്നതെന്ന്. ഞാൻ കാണാറുണ്ട് എന്നേ ഒളിഞ്ഞു നോക്കുന്നത്. അയാൾ ചിരിയോടെ പറഞ്ഞു.
അവൾ ചമ്മലോടെ അയാളെ നോക്കി. അവളുടെ മുഖത്തു നാണം വിരിയുന്നത് നോക്കി അയാൾ പുഞ്ചിരിച്ചു. ചുറ്റുവിളക്കിന്റെ വെളിച്ചത്തിൽ അവൾ ഒരു ദേവതയാണെന്ന് അയാൾക്ക് തോന്നി.
**********************
രണ്ടു ദിവസങ്ങൾക്കു ശേഷം
ചിരുത പശുവിനെ തൊഴുത്തിലേക്ക് മാറ്റിക്കെട്ടി കൊണ്ടിരുന്നപ്പോഴാണ് ഉണ്ണി കടന്നുവന്നത്.
അയ്യോ…ഞങ്ങളുടെ കുടിലിലേക്ക് വരുന്നോ? ഈശ്വരാ…..ചിരുത അത്ഭുതവും ആശ്ചര്യവും നിറഞ്ഞ മുഖത്തോടെ പറഞ്ഞു.
ചാണകം മെഴുകിയ തറയിലെ പഴയ നിറംമങ്ങിയ കസേര തോളിലെ തുവർത്ത് കൊണ്ടു തുടച്ച് അവർ അയാളോട് ഇരിക്കാൻ പറഞ്ഞു.
അയാൾ ചെന്നതറിഞ്ഞ് അയൽ വക്കത്തുള്ളവരും അങ്ങോട്ട് ചെന്നു.
അവിടുത്തുകാർക്കെല്ലാം അയാൾ ദൈവത്തെ പോലെയാണ്.
ഞാനൊരു കാര്യം ചോദിക്കാൻ വന്നതാണ് സീതക്കുട്ടിയെ എനിക്ക് വിവാഹം ചെയ്തു തരുമോ? ആ വലിയ വീട്ടിൽ ഞാൻ ഒറ്റയ്ക്കാണ്. സീതയെ കണ്ടപ്പോൾ എനിക്ക് യോജിച്ച ആൾ ആണെന്ന് തോന്നി.
ചിരുതക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. ഭാഗ്യം പടിവാതിലിൽ വന്നു നിൽക്കുകയാണ്. എല്ലാം തന്റെ മോളുടെ ഭാഗ്യം.
നല്ല കുടുംബത്തിൽ നിന്നും അതിസുന്ദരിയായ പെൺകുട്ടിയെ കിട്ടുമായിരുന്നിട്ടും അദ്ദേഹം അതൊന്നും നോക്കിയില്ലല്ലോ. സീത ഭാഗ്യവതി ആണെന്ന് കൂടി നിന്ന പെണ്ണുങ്ങൾ പറഞ്ഞു. ചിലർ അവളെ അസൂയയോടെ നോക്കി.
ചിരുത നിറഞ്ഞ കണ്ണുകളോടെ അപ്പോഴും തൊഴുകൈകളുമായി നിൽക്കുകയായിരുന്നു.
തന്നെ ഇത്രനാൾ വാത്സല്യത്തോടെ നോക്കിക്കൊണ്ടിരുന്നവരുടെ കണ്ണുകളിൽ, ഇപ്പോൾ വിധേയത്വം നിറഞ്ഞു നിൽക്കുന്നതു കണ്ട് സീതക്ക് വല്ലായ്മ തോന്നി. അടുത്ത് തന്നെ നല്ലൊരു ദിവസം നോക്കി ഇത് നമുക്ക് ആഘോഷമാക്കണം, പുരുഷന്മാർ മുന്നോട്ട് വന്നതോടു കൂടി അവിടെ ഉത്സവത്തിനുള്ള പ്രതീതിയായി.
നിറഞ്ഞ ചിരിയോടെ ഉണ്ണി സീതക്കുട്ടിയെ ഇടം കണ്ണിട്ടു നോക്കി. അവൾ മറ്റേതോ ലോകത്തെന്നവണ്ണം ആലോചിച്ചു നിൽക്കുകയാണ്. അയാളുടെ നോട്ടം കണ്ടിട്ട് അവൾ വേഗം അകത്തേക്ക് നടന്നു. പിന്നാലെ അവൾക്കരുകിൽ എത്തിയ ചിരുത അവളെ മുറുകെ കെട്ടിപ്പിടിച്ചു, എന്റെ മോളുടെ ഭാഗ്യം തെളിഞ്ഞു, അവർ അതിയായ സന്തോഷത്തോടെ പറഞ്ഞു.
എനിക്ക് സമ്മതമല്ല അമ്മേ, എന്റെ മനസ്സിൽ എന്നേ ദിവാകരൻ എന്ന മനുഷ്യൻ സ്ഥാനം പിടിച്ചു കഴിഞ്ഞു.
ചിരുത പേടിയോടെ അവളുടെ വായ പൊത്തിപ്പിടിച്ചു, മോളെ ഇതെന്തൊക്കെയാ ഈ പറയുന്നത്? ഇദ്ദേഹത്തിന്റെ സഹായം മേടിക്കാത്ത ഒരാള് പോലും ഈ നാട്ടിൽ ഇല്ല, ഇതു നാട്ടുകാർ അറിഞ്ഞാൽ അവർ നമ്മെ ഒറ്റപ്പെടുത്തും, കല്ലെറിഞ്ഞു കൊ–ല്ലാൻ പോലും മടിക്കില്ല. ആരുമില്ലാത്തവർ ആണ് നമ്മൾ അത് മറക്കരുത്. ഒരു താക്കീത് പോലെ ചിരുത പറഞ്ഞു.
**********************
സീതക്ക് ദിവാകരനെ കാണണമെന്നു തോന്നി. മകൾക്കു വന്ന സൗഭാഗ്യത്തേക്കുറിച്ച് ഓർത്തു സന്തോഷത്തോടെ ഇരിക്കുന്ന തന്റെ അമ്മയോട് ഇനിയും ദിവാകരനെക്കുറിച്ചു പറയാൻ അവൾക്കു ധൈര്യം തോന്നിയില്ല.
ഉണ്ണിയെ ധിക്കരിച്ചാൽ ഈ നാട്ടിൽ ജീവിക്കാൻ തന്നെ കഴിഞ്ഞെന്നു വരില്ല. അവളുടെ ഉള്ളം വല്ലാതെ പിടയുകയായിരുന്നു. എല്ലാത്തിൽ നിന്നും ഓടിയൊളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ….
പലവട്ടം അവൾ ദിവാകരനെ കാണാൻ ശ്രമിച്ചിട്ടും അയാൾ അവളെ ശ്രദ്ധിച്ചതേയില്ല. അതവളെ ദുഃഖത്തിലാഴ്ത്തി.
അവളുടെ ചെറിയ വീടിനു മുന്നിൽ കൂറ്റൻ പന്തൽ ആയിരുന്നു ഉയർന്നു. വിവാഹത്തിന് രണ്ട് നാൾ മുന്നേ അവൾക്കുള്ള സ്വർണാഭരണങ്ങളും, ചെഞ്ചോര ചുവപ്പിൽ സ്വർണ കസവ് തുന്നിയ പട്ടുസാരിയും എത്തി. അയൽവാസികൾ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ ആഭരണങ്ങൾ നോക്കുന്നുണ്ടായിരുന്നു
*******************
ദിവാകരനെ കാണുവാൻ അവളുടെ ഉള്ളം വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു.
ദിവാകരൻ പാടത്തെ പണി കഴിഞ്ഞ് തോട്ടിലെ വെള്ളത്തിൽ കാലുകൾ കഴുകികൊണ്ടു നിന്നപ്പോഴാണ് അവൾ അയാൾക്കരികിലേക്ക് ചെന്നത്.
അയാളെ കണ്ടതും അത്ര ദിവസം അവൾ അടക്കി വച്ച എല്ലാ സങ്കടങ്ങളും പെരുമഴ പോലെ പെയ്തിറങ്ങി. എനിക്ക് ഉണ്ണിയുടെ ഭാര്യ ആയി ജീവിക്കണ്ട ദിവാകരേട്ടന്റെ പെണ്ണായാൽ മതി. അവൾ കണ്ണീരോടെ പറഞ്ഞു.
എന്റെ ഇല്ലായ്മകളിലേക്ക് നിന്നെ വിളിക്കുന്നതിനേക്കാൾ, തമ്പുരാന്റെ ഭാര്യ ആയി നീ കഴിയുന്നതാണ് എനിക്കിഷ്ടം. നീ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതിയെനിക്ക്. അയാൾ പറഞ്ഞു.
ഇല്ല, എനിക്കതിനു കഴിയില്ല. പട്ടിണിയാണെങ്കിലും ഞാൻ സഹിച്ചോളാം, നമ്മുടെ ചെറിയ സന്തോഷങ്ങളുമായ് നമുക്കു ജീവിച്ചാൽ മതി.
അദ്ദേഹത്തിന്റെ ഭാര്യയാകാൻ പോകുന്ന ആൾ ഇങ്ങനെയൊന്നും എന്നോട് സംസാരിക്കരുത്. നിറഞ്ഞ കണ്ണുകൾ അവൾ കാണാതിരിക്കുവാനായി അയാൾ വേഗത്തിൽ നടന്നുനീങ്ങി.
കണ്ണീരോടെ തിരിഞ്ഞു നടന്ന സീത പെട്ടന്ന് ഉണ്ണിയെ അവിടെ കണ്ട് പകച്ചു പോയി. അദ്ദേഹം തങ്ങളുടെ സംസാരം കേട്ടിട്ടുണ്ടെന്ന് ആ മുഖം കണ്ടപ്പോൾ അവൾക്കു മനസിലായി.
തെല്ലു പേടിയോടെ അവൾ അയാളെ കടന്നു മുന്നോട്ട് നടന്നു.
അയാളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നിരുന്നു. ഒരു റാണിയെ പോലെ താൻ കൊണ്ടുനടക്കാൻ ആഗ്രഹിച്ച പെണ്ണിന് തന്റെ കീഴ്ജോലിക്കാരനോട് ഇഷ്ട്ടം. ഇല്ല ഇവളെ താൻ മറ്റാർക്കും വിട്ടുകൊടുക്കില്ല. അയാളുടെ കവിളുകൾ ദേഷ്യം കൊണ്ടു വിറച്ചു.
*****************
ആ പ്രദേശത്തെ ജനങ്ങളൊക്കെ അവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നു.
സുന്ദരിയായി അവൾ അണിഞ്ഞൊരുങ്ങിയിരിക്കുന്നു. ഉണ്ണി അവളുടെ മുഖത്തേക്കു നോക്കി. ദുഖഭാരത്താൽ കുനിഞ്ഞിരിക്കുന്നൊരു ദേവതയുടെ മുഖമായിരുന്നു അപ്പോഴവൾക്ക്.
നാദസ്വര മേളം ഉയർന്നു. അവളുടെ കണ്ണുകൾ തുളുമ്പുന്നത് അയാൾ തിരിച്ചറിഞ്ഞു.
അയാൾ ആളുകൾക്കിടയിലേക്കു നോക്കി. ദിവാകരൻ ഏറ്റവും പിന്നിലായ് നിൽപ്പുണ്ട്.
അയാൾ ദിവാകരനെ അരികിലേക്കു വിളിച്ചു.
താലി അയാളുടെ കൈകളിൽ കൊടുത്തു. നിനക്കായി പിറന്നതാണ് ഇവൾ, എന്റെ വീട്ടിൽ ജീവിക്കുന്നതിനേക്കാൾ അവൾക്കിഷ്ടം തന്റെ കുടിലിൽ കഴിയുന്നതാണ്. താൻ അന്ന് ഇവളോട് പറഞ്ഞില്ലേ, തനിക്കിഷ്ടം ഇവൾ സന്തോഷത്തോടെ ജീവിക്കുന്നതാണെന്ന്. ഇവൾക്ക് നല്ലത് വരണം എന്ന് മാത്രം ആഗ്രഹിക്കുന്ന തന്നേ പോലെ അത്ര ആഴത്തിൽ എനിക്ക് സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിലോ, അതുകൊണ്ട് ഇഷ്ടമുള്ളവർ ഒരുമിച്ച് ജീവിക്കൂ.
അവിശ്വാസത്തോടെ സീത അയാളെ നോക്കി. അയാളുടെ മുഖം ശാന്തമായിരുന്നു. താലി ദിവാകരന്റെ കൈകളിൽ കൊടുത്തുകൊണ്ട് അയാൾ പുഞ്ചിരിച്ചു…
നേർത്തൊരു കാറ്റ് അപ്പോഴവരെ തഴുകി തലോടി കടന്നു പോയി.
****************
~അഞ്ജു ✍️