എഴുത്ത്: അംബിക ശിവശങ്കരൻ
=========================
രാവിലെ പത്ത് മണിയായപ്പോഴേക്കും ഉണ്ണിയുടെ വിളി വന്നുകൊണ്ടിരുന്നു. മാമന്റെ മകനാണ് ഉണ്ണി. അവരുടെ വീടിനടുത്ത് നടക്കുന്ന വേല പ്രമാണിച്ച് പത്ത് മണിക്ക് മുന്നേ ചെല്ലാം എന്ന് ഏറ്റതായിരുന്നു. അതാണ് ആശാൻ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുന്നത്.
അവൻ ഫോണെടുത്ത് ചെവിയിലേക്ക് വച്ചു.
“എടാ മനു, നീ എവിടെയാണ്. ഇറങ്ങിയില്ലേ ഇതുവരെ? “
“ഇറങ്ങിയടാ, ഞാൻ വന്നുകൊണ്ടിരിക്കുകയാണ്. “
ഇറങ്ങിയില്ല എന്നെങ്ങാൻ പറഞ്ഞ് ഉണ്ണിയുടെ വായിലെ തെറി കേൾക്കേണ്ടെന്ന് കരുതി അവൻ കള്ളം പറഞ്ഞു. ഫോണെടുത്ത് ഒന്നുകൂടി ലക്ഷ്മിയുടെ ഫോണിലേക്ക് വിളിച്ചു. കുറച്ചു നേരമായി ട്രൈ ചെയ്യുന്നു അവസാന റിങ് ആകാറായപ്പോഴേക്കും മറുതലക്കൽ കോൾ എടുത്തു.
“ഹലോ എന്താ മനുവേട്ടാ? ഞാൻ ഡ്യൂട്ടിയിലാണ് എന്നറിയില്ലേ?പിന്നെന്തിനാ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുന്നത്?” അവൾ ദേഷ്യത്തോടെ ചോദിച്ചു.
ഇത്ര സമയം എവിടെ പോയി കിടക്കുവായിരുന്നെടി എന്ന ചോദ്യം അവൻ അത് കേട്ടതോടെ അപ്പാടെ വിഴുങ്ങി. രണ്ടാളും കലിപ്പായാൽ അല്ലേ പ്രശ്നമുള്ളൂ തൽക്കാലം ഇപ്പോൾ കുറച്ചൊന്ന് ഒതുങ്ങാം. ആവശ്യം തന്റെ ആയിപ്പോയില്ലേ…
“അതല്ല തമ്പുരാട്ടി..ഉണ്ണി വിളിച്ചുകൊണ്ടിരിക്കുകയാണ്. അമ്മയും ചിന്നുവും വരുന്നില്ലെന്ന് പറഞ്ഞു അവൾക്ക് നാളെ എക്സാമാണ്. ഞാൻ കുറച്ചു കഴിഞ്ഞാൽ അങ്ങോട്ട് പോകും. പിന്നെ അവിടുത്തെ തിരക്കിനും ബഹളത്തിനും ഇടയിൽ തമ്പുരാട്ടിയോട് സംസാരിക്കാൻ കഴിഞ്ഞെന്നു വരില്ല. ഇനി അതിനും പിണങ്ങിയാലോ എന്ന് പേടിച്ചാണ് അനുവാദം വാങ്ങിയിട്ട് പോകാമെന്ന് കരുതിയത്.”
മറുതലക്കൽ നിന്ന് കേട്ട അടക്കിപ്പിടിച്ച ചിരിയിൽ നിന്ന് അവളുടെ ദേഷ്യം അലിഞ്ഞ് ഇല്ലാതായെന്ന് അവന് വ്യക്തമായി.
“ഇവിടെ തലയ്ക്ക് വട്ടു പിടിച്ച് മനസ്സിൽ ആ എംഡിയുടെ അച്ഛനു വിളിച്ചുകൊണ്ടിരിക്കുമ്പോഴാണ് മനുവേട്ടൻ വിളിച്ചത് അതാ ഞാൻ ദേഷ്യപ്പെട്ടത് സോറി. എന്തായാലും പോയി വാ..” അതും പറഞ്ഞ് അവൾ ഫോൺ വെച്ചു.
ബൈക്ക് എടുത്ത് തിരക്കിനിടയിൽ തിക്കി തിരക്കി പോകാനുള്ള മടി കൊണ്ടാണ് ബസ്സിനു പോകാം എന്ന തീരുമാനത്തിലെത്തിയത്. അതാകുമ്പോൾ വെറുതെ കയറി ഇരുന്നാൽ മതിയല്ലോ. ആരെ തട്ടിമറിച്ച് ഇട്ടിട്ട് ആണെങ്കിലും അവർ എത്തിക്കേണ്ടത് എത്തിച്ചോളും. അങ്ങനെ ബസ് കയറി മുപ്പത് മിനിറ്റത്തെ യാത്രയ്ക്കു ഒടുവിൽ മനു സ്ഥലത്തെത്തി ബസ് ഇറങ്ങി നേരെ വേലപ്പറമ്പിലേക്ക് ചെന്നു. നിറയെ ജനം തടിച്ചു കൂടിയിരുന്നു എങ്കിലും അവനെ കണ്ടതും ഉണ്ണി ഓടിവന്നു.
“എന്താടാ ഇപ്പോഴാണോ നിനക്ക് നേരം വെളുത്തത്? അമ്പലപ്പറമ്പ് ആയിപ്പോയി ഇല്ലെങ്കിൽ എന്റെ വായിൽ ഇരിക്കുന്നത് കേട്ടേനെ… “
“അല്ലടാ ബൈക്ക് എടുത്തില്ല. ബസ്സിലാണ് വന്നത്. വഴിയിൽ ആണെങ്കിൽ നിറയെ ബ്ലോക്കും.”
അവൻ തടിയൂരി. അവിടത്തെ ശബ്ദകോലാഹലങ്ങൾക്കിടയിൽ പരസ്പരം കേൾക്കുവാനായി ഇരുവരും ഉറക്കെയാണ് സംസാരിച്ചത്.
“മാമൻ ഇല്ലേ ഇവിടെ?” ചുറ്റും കണ്ണോടിച്ചുകൊണ്ട് മനു തിരക്കി.
“ഉണ്ട് ഉണ്ട്..സീനിയർ കമ്മിറ്റി മെമ്പർ അല്ലേ…അതിന്റെ ഷോ കാണിച്ചുകൊണ്ടിരിക്കുകയാണ്. നീ ഏതായാലും വാ നമുക്കൊന്ന് വീട് വരെ പോയിട്ട് വരാം..” അതും പറഞ്ഞ് അവൻ ബൈക്ക് സ്റ്റാർട്ട് ആക്കി.
“എന്താ മോനെ ദേവകി ഏടത്തിയും ചിന്നു മോളും വരാതിരുന്നത്? എത്ര നാളായി അവരെ ഒന്ന് കണ്ടിട്ട് ഈ വഴിയൊക്കെ മറന്നോ അവർ?” അവനെ കണ്ടതും അവർ പരിഭവങ്ങളുടെ കെട്ടഴിച്ചു.
“ഇല്ല അമ്മായി..ചിന്നുവിന് പരീക്ഷയാണ്. അതാണ് അമ്മയും അവൾക്കൊപ്പം ഇരുന്നത്.”
“നിങ്ങൾ ഇങ്ങനെ വിശേഷവും ചോദിച്ചു കൊണ്ട് നിൽക്കാതെ അവനെന്തെങ്കിലും കുടിക്കാൻ കൊടുക്ക് അമ്മേ..ഞാൻ ഈ ഷർട്ട് ഒന്ന് മാറിയിട്ട് വരാം അതും പറഞ്ഞ് അവൻ അകത്തേക്ക് പോയി.”
നല്ല ചൂട് ആയതുകൊണ്ട് തന്നെ ചായ എടുക്കേണ്ടെന്ന് അമ്മായിയോട് പ്രത്യേകം പറഞ്ഞുവിട്ടു. അതുപ്രകാരം അമ്മായി കൊണ്ടുവന്നു തന്ന പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും എല്ലാം അരച്ച് ചേർത്ത നല്ല ഉഗ്രൻ സംഭാരം അകത്തേക്ക് ചെന്നപ്പോൾ മനസ്സും ശരീരവും ഒരുപോലെ തണുത്തു.
കുറെ സമയം അവിടെ സമയം ചെലവഴിച്ചു. ഒരുപാട് നാളു കൂടിയല്ലേ അവരെയൊക്കെ കാണുന്നത് എല്ലാവർക്കും പങ്കുവെക്കാൻ വിശേഷങ്ങള് ഒരുപാട് ഉണ്ടായിരുന്നു.
“നീ വാടാ മനു..നമുക്കൊന്ന് പാടത്തേക്ക് ഇറങ്ങാം. അവിടെ പട്ട വെട്ടാൻ ആളുകൾ വന്നിട്ടുണ്ട് നമുക്ക് ഒന്നു നോക്കിയിട്ട് വരാം.”
അതും പറഞ്ഞ് ഉണ്ണി മനുവിനെയും കൂട്ടി പാടത്തേക്ക് പോയി. സമയം ഉച്ചതിരിഞ്ഞതുകൊണ്ട് തന്നെ നല്ല കാറ്റുണ്ടായിരുന്നു അവനത് വേണ്ടുവോളം ആസ്വദിച്ചു.
“എടാ മനു നീ ഇവിടെ ഇരിക്ക് ഞാനിപ്പോൾ വരാം.. “
എന്തോ മറന്നു പോയി എന്ന ഭാവത്തിൽ പാടത്തെ വരമ്പിൽ ആരും വരാത്ത ഒരിടത്ത് ഉണ്ണിമനുവിനെ ഇരുത്തി ധൃതിയിൽ നടന്നുപോയി. അവിടെ ഇരുന്നാൽ പട്ട വെട്ടുന്നത് കാണാം അവനതും നോക്കി വെറുതെയിരുന്നു.
പത്ത് മിനിറ്റിനുള്ളിൽ തന്നെ ഉണ്ണി തിരികെ വന്നു.കയ്യിൽ ഒരു മ—ദ്യക്കുപ്പിയും കരുതിയിരുന്നു.
“ഇതിനാണോടാ നീ ഈ ഓടിക്കതച്ച് പോയത്?”
“അതെ നീ ഒഴിക്കെടാ…” ഉണ്ണി രണ്ട് ഗ്ലാസ് എടുത്തുകൊണ്ട് പറഞ്ഞു.
“അയ്യോ ഞാൻ കഴിക്കുന്നില്ല. കുറച്ചുനാളായി ഇതെല്ലാം നിർത്തിവച്ചിട്ട്.” അവൻ ഒഴിഞ്ഞുമാറാൻ ശ്രമം നടത്തി.
“തൽക്കാലം നിർത്തിവച്ചതല്ലേ ഉള്ളൂ. പൂർണമായും ഒഴിവാക്കി ഒന്നും ഇല്ലല്ലോ? നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല മോനേ എത്ര നാളുകൾക്ക് ശേഷമാണ് നമ്മൾ ഒന്നു കൂടുന്നത് ആ പഴയ ഓർമ്മകൾ ഒക്കെ നമുക്ക് പുതുക്കേണ്ടേ? ഇന്ന് നീ കഴിച്ചേ പറ്റൂ…നീ കുപ്പി പൊട്ടിക്ക് അപ്പോഴേക്കും ഞാൻ രണ്ട് കരിക്ക് സംഘടിപ്പിച്ചിട്ട് വരാം.”
അതും പറഞ്ഞ് ഉണ്ണി അവിടെനിന്ന് പോയതും അവൻ ഫോണെടുത്ത് ലച്ചുവിന്റെ നമ്പർ ഡയൽ ചെയ്തു. രണ്ടുമൂന്നുവട്ടം വിളിച്ചു നോക്കിയെങ്കിലും അവൾ കോൾ അറ്റൻഡ് ചെയ്തില്ല. അപ്പോഴേക്കും കരിക്കുമായി ഉണ്ണി തിരികെ എത്തി.
“അല്ല നീ ഇതുവരെ കുപ്പി പൊട്ടിച്ചില്ലേ? കുറെ നേരമായല്ലോ ഫോണും ചെവിയിൽ വച്ചിരിക്കുന്നു എന്താടാ?”
“ലച്ചുവിനെ വിളിച്ചു നോക്കിയതാണ്.”
“അതെന്തിനാ ഇപ്പോ അവളെ വിളിക്കുന്നത്?. അവൻ നെറ്റി ചുളിച്ചു.
“കഴിക്കുന്ന കാര്യം അവളോട് ഒന്ന് പറയാനാണ്. പറയാതെ കഴിക്കില്ലെന്ന് ഞാൻ വാക്ക് കൊടുത്തു പോയി.”
“നാണമില്ലേടാ നിനക്ക്? പെണ്ണിന്റെ സമ്മതം വാങ്ങി എല്ലാം ചെയ്യാൻ…?അതും വിവാഹം കഴിക്കുന്നതിനു മുന്നേ തന്നെ.” അവൻ പുച്ഛഭാവത്തോടെ പറഞ്ഞു.
“അതുകൊണ്ടല്ലടാ..അവൾക്ക് പു-ക-വ-ലിയും മ-ദ്യ-പാനവും ഒന്നും ഇഷ്ടമല്ല.അച്ഛന്റെ മ–ദ്യപാനം കാരണം ചെറുപ്പത്തിലെ തന്നെ അവൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഒടുവിൽ ഈ മ–ദ്യപാനം കൊണ്ട് തന്നെയാണ് അവളുടെ അച്ഛൻ നേരത്തെ പോയത്. അതുകൊണ്ട് ഞാൻ കഴിക്കുന്നതും അവൾക്ക് ഇഷ്ടമല്ല. എങ്കിലും ഞാൻ വല്ലപ്പോഴും ചോദിക്കുമ്പോഴൊക്കെ അവൾ സമ്മതിക്കാറുണ്ട്.”
“ശരി അത് വിട്. നീ ഇപ്പോൾ കഴിച്ചാലും അവൾ അറിയാൻ പോകുന്നില്ലല്ലോ പിന്നെന്താ പ്രശ്നം? നീ ഇപ്പോൾ ഇതങ്ങ് പിടിച്ചേ അവൾ വിളിച്ചാൽ കഴിച്ചില്ല എന്ന് പറഞ്ഞാൽ മതി.”
മറ്റു നിവൃത്തിയില്ലാതെ ഉണ്ണിയുടെ നിർബന്ധത്തിനു വഴങ്ങി രണ്ടാമത്തെ പെഗ് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ലെച്ചു തിരിച്ചു വിളിച്ചത്.
“എന്താ മനുവേട്ടാ അവിടെ ചെന്നാൽ വിളിക്കാൻ പറ്റില്ല എന്ന് പറഞ്ഞിട്ട്…വേലപ്പറമ്പിൽ പോയില്ലേ?”
“ലച്ചു…ഉണ്ണി എന്നെയും കൂട്ടി വീട്ടിലേക്ക് വന്നു ഒരുപാട് നാളായില്ലേ ഒന്നുകൂടിയിട്ട് അവൻ കഴിക്കാൻ നിർബന്ധിക്കുന്നു. വല്ലപ്പോഴും ഒരിക്കൽ അല്ലേ..അതാണ് നിന്നെ വിളിച്ചത് ഞാൻ രണ്ടെണ്ണം കഴിച്ചോട്ടെ.” അവൻ നിഷ്കളങ്കമായി ചോദിച്ചു.
“അതെനിക്ക് ആ വിളി കണ്ടപ്പോഴേ തോന്നി. അല്ല എത്ര എണ്ണമാണ് സ്പോൺസർ ചെയ്തിരിക്കുന്നത്?”
“വെറും രണ്ടെണ്ണം അതും എനിക്ക് താല്പര്യമുണ്ടായിട്ടൊന്നുമല്ല. അവൻ നിർബന്ധിച്ചത് കൊണ്ട് മാത്രം.”
“അപ്പൊ മനുവേട്ടാ ആ വയറ്റിൽ ചെന്നതിന്റെ എണ്ണം ഏത് കണക്കിൽ പെടുത്തണം?”
ദൈവമേ പെട്ട്…എത്ര പിടിച്ചു നിന്നാലും ഫോണിലൂടെ പോലും അവൾ ഇതെങ്ങനെ കൃത്യമായി കണ്ടുപിടിക്കുന്നു എന്ന് മാത്രം ഇതുവരെ മനസ്സിലായിട്ടില്ല.
“സോറി ലച്ചു നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞപ്പോൾ ഞാൻ രണ്ടെണ്ണം കഴിച്ചു.” കുറ്റവാളിയെ പോലെ അവൻ തെറ്റ് ഏറ്റു പറഞ്ഞു. അവൾ കുറച്ചു സമയത്തേക്ക് ഒന്നും മിണ്ടിയില്ല.
“എന്താ ലച്ചു കരയുകയാണോ?”
“നിങ്ങൾ കുടിച്ച് നിങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നതിന് ഞാനെന്തിനാ കരയുന്നത്? ഇനി ഇങ്ങനെ കഴിച്ച് ആരോഗ്യം നശിപ്പിച്ച് ഈ പ്രായത്തിലേ കിളവനായി നടക്കാൻ ആണെങ്കിൽ സത്യമായിട്ടും മനുവേട്ടാ ഞാൻ വേറെ നല്ല ചെക്കനെയും പോയി കെട്ടും നോക്കിക്കോ…”
“എന്നാൽ പിന്നെ അതിന്റെ പേരും പറഞ്ഞു ഞാൻ രണ്ടെണ്ണം കൂടുതൽ അടിക്കും.”
“ഒരുപാട് അങ്ങ് തമാശിക്കാതെ മനുവേട്ടാ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്. കുടിച്ചതിന്റെയൊക്കെ കെട്ടിയിറങ്ങിയിട്ട് തൽക്കാലം എന്നെ വിളിച്ചാൽ മതി നിങ്ങൾക്ക് മ–ദ്യമാണോ ഞാനാണോ വലുതെന്ന് എനിക്കൊന്നു അറിയണമല്ലോ.” അവൾ രണ്ടും കൽപ്പിച്ച് എന്നപോലെ പറഞ്ഞു.
“അതിന് കെട്ട് ഇറങ്ങാൻ പോയിട്ട് തലയ്ക്കു പിടിക്കാൻ പോലും ഒന്നും ആയില്ലല്ലോ കുരിപ്പേ..”
“നിങ്ങൾക്ക് ഞാനിപ്പോൾ കുരുപ്പ് ആയല്ലേ…ഈ കിളിവനെ പ്രേമിച്ച എന്നെ വേണം പറയാൻ..”
തമാശയിലൂടെ ആ ഫോൺ സംഭാഷണം അവസാനിച്ചുവെങ്കിലും അവന്റെ മനസ്സിൽ എവിടെയോ ഒരു കുറ്റബോധം നിറഞ്ഞുനിന്നു. വീണ്ടും ക്ലാസിലേക്ക് മ–ദ്യം പകർന്ന ഉണ്ണിയെ മനു തടഞ്ഞു.
“വേണ്ടടാ ഉണ്ണി. നിന്റെ സന്തോഷത്തിനുവേണ്ടി ഞാൻ രണ്ടെണ്ണം കഴിച്ചില്ലേ? ഇനി വേണ്ട നീ കഴിക്ക് ഞാൻ കൂട്ടിരിക്കാം.”
“ഇങ്ങനെ ആണുങ്ങളുടെ വില കളയാതെ ഡാ മനു..പെണ്ണ് വിളിച്ച് എന്തൊക്കെയോ പറഞ്ഞപ്പോഴേക്കും അവന്റെ മുട്ടു വിറയ്ക്കുന്നു മോശം.”
“അങ്ങനെ പറയാതെടാ ഉണ്ണി. അവൾ എനിക്ക് വെറുമൊരു പെണ്ണു മാത്രമായിരുന്നുവെങ്കിൽ അവളുടെ വാക്കിനു വില നൽകേണ്ട യാതൊരു കാര്യവും എനിക്കില്ലായിരുന്നു. ഇഷ്ടം പോലെ കുടിക്കാം കൂ–ത്താടാം. നിനക്കറിയാലോ ഉണ്ണി, കൈവിട്ടുപോയ ജീവിതത്തിൽ നിന്നും എന്നെ തിരികെ കൊണ്ടുവന്നവളാണ് അവൾ. അവൾ വന്നില്ലായിരുന്നെങ്കിൽ ഇന്നും ഒരുപക്ഷേ ഞാൻ എല്ലാവരുടെയും മുന്നിൽ ഒന്നുമല്ലാതെ നിൽക്കേണ്ടി വന്നേനെ..എന്നെ വിശ്വസിച്ച് എന്റെ കൂടെ ജീവിക്കാൻ തീരുമാനിച്ചവളാണ് ലെച്ചു. അവളുടെ ജീവിതാനുഭവങ്ങളാണ് മ–ദ്യത്തോട് അവൾക്ക് ഇത്ര വെറുപ്പ് ഉണ്ടാക്കിയെടുത്തത്. എന്റെ ഭാര്യ എങ്ങനെയായിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നത് പോലെ തന്നെ തന്റെ ഭർത്താവ് ആകാൻ പോകുന്ന ആളെ പറ്റിയും അവൾക്ക് സങ്കല്പങ്ങൾ ഉണ്ടാകില്ലേ? ഞാൻ എന്നും ആരോഗ്യത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാ അവൾ ഇത്ര വാശിപിടിക്കുന്നത്. അല്ലാതെ ഇത് ഒരിക്കലും ഭരണമല്ലടാ..ഇത്രയൊക്കെ എന്നെ സ്നേഹിക്കുന്ന അവളെ എങ്ങനെയാണ് ഞാൻ കണ്ടില്ലെന്ന് നടിക്കേണ്ടത്? “
“മനു ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല അവളെ എനിക്ക് അറിയാലോ..നിന്നെ അവൾ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും അറിയാം. ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാണ് സോറി.”
കുറച്ചു സമയം കൂടി അവിടെ ചെലവഴിച്ചു തിരികെ പോരാൻ നേരമാണ് ലച്ചുവിന്റെ ഫോൺകോൾ വീണ്ടും വന്നത്
“ഇന്നുകൂടെ ഞാൻ പെർമിഷൻ തരാം ഇതു ലാസ്റ്റ് ആണ് കേട്ടോ മനുവേട്ടാ..ഇനി ക–ള്ളുകുടിക്കാൻ എന്നും പറഞ്ഞ് എന്നെ വിളിക്കേണ്ട. പിന്നെ ഇതിന്റെ പേരിൽ ഇനി മൂഡ് ഓഫ് ആയി അവരുടെ കൂടി സന്തോഷം കളയേണ്ട..എൻജോയ് ചെയ്തിട്ടു മെല്ലെ വന്നാൽമതി. ഇനി ഇതുപോലെ ആവർത്തിച്ചാൽ ഉറപ്പായിട്ടും ഞാൻ വേറെ കെട്ടുമേ.. “
ആ ഫോൺ കട്ട് ആയതും അവനു എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഒരേ സമയം തന്നെ കുടിക്കേണ്ട എന്നും കുടിക്ക് എന്നും പറയുന്ന ഒരു പാവം പൊട്ടിപ്പെണ്ണ്..തന്നെ അത്രയേറെ സ്നേഹിക്കുന്ന തന്റെ മാത്രം പൊട്ടിപ്പെണ്ണ്. അവന്റെ ചുണ്ടിൽ അറിയാതെ തന്നെ ഒരു പുഞ്ചിരി വിടർന്നു.
~അംബിക ശിവശങ്കരൻ