അപ്പോഴാണ് മകളുടെ മുഖം മനസ്സിൽ തെളിഞ്ഞത്. എന്നെ കൂടുതൽ സ്നേഹിക്കാൻ ഭാര്യയുമായി എപ്പോഴും മത്സരിച്ച് കൊണ്ടിരിക്കുന്ന…

_upscale

Story written by Saji Thaiparambu
=====================

ഓഫീസിൽ നിന്നും വൈകുന്നേരം ഇറങ്ങുമ്പോഴാണ് സഹപ്രവർത്തകയുടെ ചോദ്യം

സാറേ, നാളെ വനിതാ ദിനമായിട്ട് ഭാര്യയ്ക്ക് എന്താ ഗിഫ്റ്റ് കൊടുക്കുന്നത്? എൻ്റെ ഏട്ടൻ എനിക്കിന്നലെ ഒരു  റിങ്ങ് വാങ്ങി തന്നിരുന്നു

സത്യത്തിൽ ഞാൻ അപ്പോൾ മാത്രമാണ് അതിനെക്കുറിച്ച് ചിന്തിക്കുന്നത്, എല്ലാ ഭാര്യമാർക്കും ഗിഫ്റ്റ് കിട്ടുമ്പോൾ എൻ്റെ ഭാര്യയും അങ്ങനൊന്ന് ആഗ്രഹിക്കുന്നുണ്ടാവും

എന്തായാലും പോകുന്ന വഴിക്ക് ഏതെങ്കിലും ജ്യൂവലറിയിൽ കയറി അവൾക്കൊരു ചെറിയമോതിരം വാങ്ങിക്കാം

അപ്പോഴാണ് മകളുടെ മുഖം മനസ്സിൽ തെളിഞ്ഞത്. എന്നെ കൂടുതൽ സ്നേഹിക്കാൻ ഭാര്യയുമായി എപ്പോഴും മത്സരിച്ച് കൊണ്ടിരിക്കുന്ന എൻ്റെ മകളും ഒരു വനിത തന്നെയല്ലേ ?അപ്പോൾ അവൾക്കും എന്തേലും വാങ്ങണ്ടേ ?

അങ്ങനെ രണ്ട് മോതിരം വാങ്ങാമെന്നുറപ്പിച്ച് കൊണ്ട് ഒരു ജ്യൂവലേഴ്സിൻ്റെ മുന്നിൽ കാറ് ഒതുക്കി നിർത്തി

പെട്ടെന്നാണ്, രാവിലെ ഇറങ്ങുമ്പോൾ കുഴമ്പ് വാങ്ങിക്കണമെന്ന് എന്നോട് പ്രത്യേകം ഓർമ്മിപ്പിച്ച അമ്മയുടെ മുഖം മനസ്സിലോടിയെത്തിയത്

ഈശ്വരാ, ഞാനെന്ത് പാപിയാണ്? എൻ്റെ അമ്മയല്ലേ ഞാനാദ്യം കണ്ട വനിത. അപ്പോൾ അവർക്കും വാങ്ങണ്ടേ ഒരു മോതിരം ?

എന്തായാലും ഈ മാസത്തെ ശബ്ബളം ഇതോടെ തീരും, എന്നാലും സാരമില്ല മൂന്ന് വനിതകളെ സന്തോഷിപ്പിക്കാമല്ലോ? മറ്റ് ചിലവുകൾക്ക് തത്ക്കാലം ഒരു ചെറിയ ഒരു ലോണെടുക്കാം

കണക്ക് കൂട്ടലുകളൊക്കെ കഴിഞ്ഞ് കാറിൽ നിന്നിറങ്ങുമ്പോഴാണ് എൻ്റെ സഹോദരി അടുത്ത് കണ്ട ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടത്

സ്വതവേ ഉള്ള വിഷാദത്തോടൊപ്പം എന്തോ ഒരു നിരാശ കൂടി അവളുടെ മുഖത്ത് ഞാൻ കണ്ടു.

ചെറുപ്പത്തിലേ ഭർത്താവ് നഷ്ടപ്പെട്ട അവളിപ്പോൾ എൻ്റെ കൂടെയാണ് താമസിക്കുന്നത്

എന്താ മോളേ ? നീയെന്താ ഒറ്റയ്ക്ക്?

അത് പിന്നെ എട്ടാ, ഞാനിവിടെ എന്തേലും ജോലി ഒഴിവുണ്ടോ എന്ന് നോക്കാനാ വന്നത്, പക്ഷേ, നോ വേക്കൻസിയാണ്..

നിനക്കെന്തിനാ ഇപ്പോൾ ഒരു ജോലി ? നിന്നെ ഏട്ടൻ നോക്കുന്നില്ലേ?എന്തേലുമൊരു കുറവ് ഏട്ടൻ നിനക്ക് വരുത്തിയിട്ടുണ്ടോ?

അതല്ല ഏട്ടാ, എനിക്കും കൂടി ഒരു വരുമാനമുണ്ടെങ്കിൽ ഏട്ടന് അതൊരു സഹായമാവില്ലേ? ഏട്ടൻ്റെ ശബ്ബളം കൊണ്ട് മാത്രം, ഇത്രയും പേരുടെ കാര്യങ്ങളൊക്കെ നടത്താൻ ഏട്ടൻ പെടാപാട് പെടുന്നത് കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല

എന്താ മോളേ ഇത്? നീയങ്ങനൊന്നും ചിന്തിക്കണ്ടാ, എന്നാലും നിനക്ക് വരുമാനമുള്ള എന്തേലും തൊഴില് കണ്ട് പിടിക്കുന്നത് നല്ലതാണ്, കാരണം നിൻ്റെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് പോലും ഏട്ടൻ്റെ മുന്നിൽ കൈ നീട്ടേണ്ടി വരുന്നുവല്ലോ എന്ന അപകർഷതാബോധം നിനക്കുണ്ടാവാൻ പാടില്ല. അത് കൊണ്ട് ഏട്ടൻ ഒരു കാര്യം തീരുമാനിച്ചു. നീ വന്ന് വണ്ടിയിലോട്ട് കയറ്….

അങ്ങനെ ഞാനവളെയും കൊണ്ട് ഒരു തയ്യൽ മെഷീൻ വില്ക്കുന്ന കടയിലേക്കാണ് പോയത്. പഠിക്കാൻ പുറകോട്ടായിരുന്നെങ്കിലും അവൾ നല്ലൊരു തുന്നൽ കാരിയാണെന്ന് എനിക്കറിയാമായിരുന്നു

അവിടെ നിന്നും അവൾക്കിഷ്ടപ്പെട്ട എല്ലാ സൗകര്യങ്ങളുമുള്ള ഒരു തുന്നൽ മെഷീൻ ഞാനവൾക്ക് വാങ്ങി കൊടുത്തു

അത് വരെ കരിവാളിച്ചിരുന്ന അവളുടെ മുഖം സന്തോഷം കൊണ്ട് ചുവന്ന് തുടുക്കുന്നത് കണ്ടപ്പോൾ നാളത്തെ വനിതാ ദിനം അവൾക്ക് കൂടിയുള്ളതാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു

അവൾ സ്വന്തം കാലിൽ നില്ക്കാൻ പഠിക്കട്ടെ, ആരെയും ആശ്രയിക്കാതെ ഒരു സ്ത്രീ കൂടെ സ്വയംപര്യാപ്തത നേടുമ്പോഴാണ് വനിതാദിനം അന്വർത്ഥമാകുന്നത്

-sajithaiparambu