❤️അരികെ❤️
Story written by AMMU AMMUZZ
“”ആ അനാഥപ്പെണ്ണിനെ എടുത്തു തലയിലേക്ക് വെക്കാൻ നിനക്കെന്താ ഭ്രാന്താണോ വിച്ചു….നിശ്ചയം അല്ല കഴിഞ്ഞിട്ടുള്ളൂ…. നിന്റെ ജീവിതം അവൾക്ക് വേണ്ടി കളയാനുള്ളതല്ല… “”
രുക്മിണിയപ്പയുടെ ഉച്ചത്തിൽ ഉള്ള ശബ്ദം ഇപ്പോഴും ഹാളിൽ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു….
കാൽമുട്ടിലേക്ക് വീണ്ടും മുഖം പൂഴ്ത്തി അനങ്ങാതെ ഇരുന്നു…
“”എനിക്കേറ്റവും ഇഷ്ടം നിന്റെ ഈ നുണക്കുഴി വിരിയുന്ന കവിലുകളാണ് അച്ചു….എന്നേ കാണുമ്പോൾ നിന്റെ കവിളിൽ വിടരുന്ന ആ നുണക്കുഴിയോട് എനിക്ക് നിന്നോട് വല്ലാത്ത ഒരിഷ്ടം തോന്നും….”” വിച്ചുവിന്റെ ശബ്ദം ഒരിക്കൽ കൂടി ഉള്ളിലേക്ക് തികട്ടി വന്നു…
വീണ്ടും വീണ്ടും ബഹളങ്ങൾ കേൾക്കുന്നുണ്ട്…
“”അപ്പച്ചി എന്ത് പറഞ്ഞാലും അവളെ മതി എനിക്ക്….. അങ്ങോട്ട് ചെന്ന് ഇഷ്ടം പറഞ്ഞതും നാലാളുടെ മുൻപിൽ വിവാഹ മോതിരം അണിയിച്ചതും ഞാനാ…””വിച്ചേട്ടന്റെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു…
“”അത് മാത്രം ആണോ വിച്ചു….. അവളുടെ മുഖം നീ കണ്ടില്ലേ…. നിനക്ക് ഇഷ്ടം തോന്നിയത് പോലെയാണോ ഇപ്പോൾ അവൾ….. ഇടതുവശം പകുതി ഇല്ല മുഖത്തിന്റെ…. “”
വീണ്ടും അപ്പച്ചിയുടെ ശബ്ദം കേട്ട് തുടങ്ങിയപ്പോൾ കാതു രണ്ടും കൂട്ടിപ്പിടിച്ചിരുന്നു കൂടുതൽ കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…
ആദ്യമായി വിച്ചേട്ടനെ കണ്ട ദിവസത്തിലേക്ക് പോയി മനസ്സ്….
എന്നും പുസ്തകങ്ങളോടായിരുന്നു പ്രിയം…. ഒഴിവ് സമയങ്ങളിൽ എല്ലാം തന്നെ ലൈബ്രറിയിയിലേക്ക് ഓടും…. അങ്ങനെ ഒരിക്കലാണ് പതിവായി തന്നെ തേടി വരുന്ന ആ കണ്ണുകൾ കാണുന്നത്….
ആദ്യം പേടി ആയിരുന്നു തോന്നിയത്….. എവിടെ നോക്കിയാലും അയാൾ ഉണ്ടായിരുന്നു…
പിന്നെ പിന്നെ ഒറ്റക്ക് ലൈബ്രറിയിൽ പോലും പോകാതെ ആയി….. എന്നിട്ടും പിന്നാലെ തന്നെ ഉണ്ടായിരുന്നു…. പക്ഷേ ഒന്നും സംസാരിക്കാൻ വന്നിരുന്നില്ല…. വെറുതെ നോക്കി ചിരിച്ചോണ്ട് ഇരിക്കും…. ഇടക്ക് എന്തൊക്കെയോ പാട്ട് മൂളും…
വീട്ടിലേക്ക് നടക്കുന്ന ഇടവഴിയിൽ പോലും അയാളുടെ സാന്നിധ്യം ഉണ്ടായിരുന്നു… ആദ്യം പേടി കൊണ്ട് കൈയും കാലും വിറക്കുമായിരുന്നു…. അയാളെ മറികടന്നു വേഗത്തിൽ നടന്നു പോകും…
പതിയെ പതിയെ അതൊരു ശീലമായി…. കോളേജിൽ നിന്നും ഇറങ്ങി വീട്ടിൽ വരും വരെ കൂടെ കാണും…. നേരമെത്ര ഇരുട്ടിയാലും…. ഇടിച്ചു കൂട്ടി മഴ പെയ്താലും ആ കണ്ണുകൾ സംരക്ഷണവുമായി തന്റെ പിന്നാലെ കാണും..
എപ്പോഴായിരുന്നു അയാളോട് ഇഷ്ട്ടം തോന്നിയത്…. അന്നൊരു ദിവസം നേരം വൈകി ബസ്സിൽ പിൻവാതിലിൽ കൂടി കയറി നിൽക്കേണ്ടി വന്നപ്പോൾ തൊട്ട് പിന്നാലെ വന്നു തനിക്കായി സംരക്ഷണത്തിന്റെ മതിൽ തീർത്തപ്പോൾ ആയിരുന്നോ…
അതോ തനിക്കേറെ പ്രിയപ്പെട്ട ബുക്കുകൾ എല്ലാം തേടിപ്പിടിച്ചു വാങ്ങി തന്നോട് ഇഷ്ടം പറഞ്ഞപ്പോൾ ആയിരുന്നോ…
വീട്ടിൽ വന്നു ആലോചിച്ചപ്പോൾ അച്ഛന് നൂറുവട്ടം സമ്മതമായിരുന്നു…. ഇതുവരെ ഉള്ളതിൽ നിന്നും ജീവിതം മാറി തുടങ്ങുകയായിരുന്നു… അച്ഛനും ഞാനും മാത്രം ഉള്ള ജീവിതത്തിലേക്ക് പുതിയ സ്വപ്‌നങ്ങൾ കൂടി കടന്നു വന്നു…
സ്നേഹം കൊണ്ട് പലപ്പോഴും വീർപ്പു മുട്ടിക്കുന്ന ആൾടെ വീട്ടുകാരെ കാണുമ്പോൾ ന്റെ കുട്ടീടെ ഭാഗ്യമാണെന്ന് പറഞ്ഞു അച്ഛൻ കണ്ണുകൾ തുടയ്ക്കും…
അപ്പോഴൊക്കെ തോന്നും താനൊരു ഭാഗ്യവതിയാണെന്ന്….
എന്നേക്കാൾ സന്തോഷം അച്ഛനായിരുന്നു എന്ന് തോന്നും….. മകനായി തന്നെ മാറിയിരുന്നു വിച്ചേട്ടൻ…..
നാട് മുഴുവൻ വിളിച്ചായിരുന്നു നിശ്ചയം നടത്തിയത്…..വിറയ്ക്കുന്ന കൈവിരലുകളെ കരുതലോടെ പിടിച്ചു അവൻ മോതിരം അണിയിച്ചപ്പോൾ അവനിലേക്ക് വീണ്ടും അടുക്കുകയായിരുന്നു…. ഇനിയൊരു തിരിച്ചുപോക്കില്ലാത്ത വിധം….
പക്ഷേ ഒരു നിമിഷം മതിയായിരുന്നു എല്ലാം തകിടം മറിയാൻ…. ഓടിച്ച സ്കൂട്ടി ഒന്ന് ബാലൻസ് തെറ്റിയപ്പോൾ പകരം കൊടുക്കേണ്ടി വന്നത് ജീവിതം തന്നെ ആയിരുന്നു….. ഒരു ദിവസം പോലും വേണ്ടി വന്നില്ല അനാഥയായി മാറാൻ…
ദിവസങ്ങളോളം ബോധം നഷ്ടപ്പെട്ടുള്ള കിടപ്പിൽ ഒറ്റക്കായത് പോലും അറിഞ്ഞില്ല….. കണ്ണ് തുറന്നപ്പോൾ ദേഹമാകെ നോവുന്നുണ്ടായിരുന്നു…. ആദ്യം കണ്ടത് അവന്റെ കണ്ണുകളായിരുന്നു…
വേദനയോ…. സന്തോഷമോ… അങ്ങനെ നൂറായിരം ഭാവങ്ങൾ ഒളിപ്പിച്ച കണ്ണുകൾ…. പുഞ്ചിരിക്കാൻ അവൻ ശ്രമിക്കുന്നുണ്ട് എങ്കിലും ആ കണ്ണുകളിൽ വിഷാദം കലർന്നിരുന്നു…
പരിഭ്രാന്തിയോടെ അച്ഛനെ ചുറ്റും നോക്കി….അച്ഛനെവിടെ…. എന്ന് പേടിയോടെ ചോദിക്കുമ്പോളേക്കും ആ കൈകൾ ചേർത്ത് പിടിച്ചിരുന്നു…
കഴുത്തിൽ വീണ അവന്റെ കണ്ണുനീർ തുള്ളികൾ ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു….. അലറി വിളിച്ചു കരഞ്ഞപ്പോളും ഭ്രാന്തിയെപ്പോലെ പെരുമാറിയപ്പോളുമെല്ലാം ആ കൈകൾ വിടാതെ ചേർത്ത് നിർത്തിയിരുന്നു….
ഇനിയങ്ങോട്ട് ഒറ്റക്കാണ് എന്ന ചിന്ത മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു കഴിഞ്ഞിരുന്നു… എത്രയൊക്കെ ധൈര്യം സംഭരിക്കാൻ ശ്രമിച്ചിട്ടും തോറ്റുപോയിരുന്നു…
അവനായിരുന്നു ഒരു നിഴല് പോലെ കൂടെ ഉണ്ടായിരുന്നത്…. നിരാശയിലേക്ക് തള്ളിവിടാതെ കളി തമാശകൾ പറഞ്ഞു കൂട്ടിരിക്കുന്നവൻ…
ഇന്നിപ്പോൾ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു…. ഈ ദിവസങ്ങളിലെല്ലാം അവൻ തന്നെ ആയിരുന്നു കൂട്ട്…..രാത്രി ആകും വരെ കൂടെ തന്നെ ഉണ്ടാകും…. പോകുമ്പോൾ മാത്രം അടുത്ത വീട്ടിൽ കൊണ്ട് ചെന്നാക്കും….. രാവിലെ മറ്റാരേക്കാളും മുൻപേ വരികയും ചെയ്യും… രണ്ടോ മൂന്നോ തവണ അമ്മയും ബാക്കി ഉള്ളവരും വന്നിരുന്നു….ദിവസവും വിളിക്കാറുണ്ട് എങ്കിലും പഴയ കളിതമാശകൾ ഒന്നും കടന്നു വന്നിരുന്നില്ല….. അമ്മ പറയുന്നത് വെറുതെ കേട്ട് നിൽക്കും…. മറുപടി പലപ്പോഴും ഒറ്റ വാക്കുകളിൽ ഒതുക്കും….
ഡിപ്പ്രഷൻ വരാതെ നോക്കണം എന്നുള്ള സൈക്കോളജിസ്റ്റ് ന്റെ വാക്കുകൾ അവനെ നന്നായി ഭയപ്പെടുത്തി എന്ന് മനസ്സിലായിരുന്നു…
പതിവിന് വിപരീതമായി ഇന്ന് ആദ്യം കണ്ടത് അവന്റെ ചേച്ചിയെയും അപ്പച്ചിയേയും ആയിരുന്നു…. രണ്ടാളുടെയും മുഖത്തെ ഗൗരവം കണ്ടപ്പോൾ തന്നെ പറയാൻ പോകുന്ന കാര്യം മനസ്സിലായിരുന്നു….
അവന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പൊക്കോളാം എന്ന് വാക്ക് കൊടുക്കുന്നതിനിടയിൽ ആയിരുന്നു അവൻ വന്നത്….. അവിശ്വസനീയതയോടെ ആ കണ്ണുകൾ തന്നെ ചൂഴ്ന്നു നോക്കുന്നുണ്ടായിരുന്നു….
ഇനിയും അവനെ നോക്കിയാൽ ഒരിക്കലും അങ്ങനെ ഒരു തീരുമാനം എടുക്കാൻ മനസ്സിന് കഴിയില്ല എന്ന് ഉറപ്പുള്ളത്കൊണ്ടാണ് വേഗം മുറിയിലേക്ക് നടന്നത്…
വിച്ചു അകത്തേക്ക് വരുന്നത് കണ്ടു അവൾ വീണ്ടും ഒന്നുകൂടി ചുരുണ്ടു കൂടി ഇരുന്നു…
അവൻ അടുത്തു വന്നിരുന്നത് അറിഞ്ഞിട്ടും മുഖമുയർത്തി നോക്കിയില്ല….
“”കരഞ്ഞു തീർന്നോ….. അതോ ഇനിയും ത്യാഗങ്ങൾ ചെയ്യാൻ ഉണ്ടോ…”” ഇത്തവണ നല്ല നീരസം കലർന്നിരുന്നു ആ ശബ്ദത്തിൽ…
ഒന്നും പറഞ്ഞില്ല…. അവന്റെ പിണക്കം നന്നായി മനസ്സിലായിട്ടും പരിഹരിക്കാൻ തോന്നിയില്ല…
“”അപ്പച്ചി…പ… പറഞ്ഞത് തന്നെയാ ശെരി….. വിച്ചേട്ടൻ പൊക്കോ….”” ഒരു നേർത്ത സ്വരം മാത്രം അവളിൽ നിന്നും പുറത്തേക്ക് വന്നു…
“”ഈ പറഞ്ഞത് എന്റെ മുഖത്ത് നോക്കി ഒന്നൂടെ പറയണം നീ…… “”
ദേഷ്യത്തിൽ അത് പറഞ്ഞിട്ടും അവനെ നോക്കാതെ മുഖം പൂഴ്ത്തി കരയുന്ന അവളുടെ മുഖം ബലമായി തന്നെ തടിത്തുമ്പിൽ പിടിച്ചുയർത്തി….
“”എന്നേ നോക്ക് അച്ചു….. അങ്ങനെ ഉപേക്ഷിച്ചു പോകാം എന്ന് എന്തെങ്കിലും മോഹം മോൾക്ക് ഉണ്ടെങ്കിൽ അത് ഇപ്പോൾ കളഞ്ഞോണം…. നാളെ തന്നെ നമ്മുടെ കല്യാണം നടക്കും… “”
അവനിൽ നിന്നും പിടഞ്ഞു മാറി ദൂരേക്ക് ഇരുന്നു…. “”ഇല്ല ഞാൻ സമ്മതിക്കില്ല….”” രണ്ടു സൈഡിലേക്കും തല വെട്ടിച്ചു വാശിയോടെ പറഞ്ഞു…
പെട്ടെന്നായിരുന്നു രണ്ടു കൈകളിലും കോരി എടുത്തത്…. എത്ര പിടഞ്ഞിട്ടും നിലത്ത് നിർത്തിയില്ല…. നേരെ അടുത്ത മുറിയിലുള്ള വലിയ കണ്ണാടിയുടെ മുന്നിൽ കൊണ്ട് നിർത്തി…
അവൻ ഇനി പറയാൻ പോകുന്ന കാര്യം എന്താ എന്ന് മനസ്സിലാക്കി എന്ന പോലെ മുഖം താഴ്ത്തി നിന്നു….
“”നിന്നെ നോക്ക് അച്ചു…… ഇതിപ്പോൾ ഒരു നൂറമത്തെ പ്രാവശ്യമാണ് ഞാൻ പറയുന്നത്…”” പിന്നിലൂടെ ചേർത്ത് പിടിച്ചു തോളിൽ മുഖമമർത്തി വിച്ചു പറഞ്ഞു…
അവന്റെ വാക്കുകൾ കേട്ട് കണ്ണുകൾ ഉയർത്തി നോക്കിയപ്പോൾ ആദ്യം കണ്ടത് ഇടത് കവിളിലെ മുറിപ്പാടാണ്…. സ്റ്റിച് ചെയ്തതിന്റെയും തൊലി അടർന്നു പോയതിന്റെയും മുറിപ്പാട്…. അതേ വേഗത്തിൽ കണ്ണുകൾ താഴ്ത്തി…
“”ദാ ഇതിന്റെ പേരിലാണ് നീ എന്നേ വേണ്ട എന്ന് പറയുന്നത് എങ്കിൽ ഞാനും എന്റെ മുഖം ഇങ്ങനെ ആക്കാം….”” ഗൗരവത്തോടെയുള്ള അവന്റെ പറച്ചിൽ കേട്ട് ഭയത്തോടെ ഞെട്ടി നോക്കി…
“”കാര്യായിട്ട് പറഞ്ഞതാ….. പിന്നെ എന്റെ ചേച്ചിയും അപ്പച്ചിയും പറഞ്ഞത് കേട്ടിട്ടാണ് എങ്കിൽ…. അത് കാര്യമാക്കണ്ട ആവശ്യമേ ഇല്ല… രണ്ടാൾക്കും നിന്നോട് പണ്ടേ കാര്യമില്ലല്ലോ… സ്വാതിയുമായുള്ള കല്യാണത്തിന് ഞാൻ സമ്മതിക്കാത്തതിന്റെ ദേഷ്യം…. അമ്മ ദാ ഇന്ന് രാവിലേം കൂടി വഴക്ക് പറഞ്ഞതേ ഉള്ളു നമ്മുടെ കല്യാണം വൈകിപ്പിക്കുന്നതിൽ….. പറ്റുമെങ്കിൽ വൈകുന്നേരം തന്നെ കൂട്ടിക്കൊണ്ട് വരാൻ പറഞ്ഞു….. അമ്മക്ക് യാത്ര ചെയ്യാൻ പറ്റാത്തത് കൊണ്ട… അല്ലെങ്കിൽ നീ ഇപ്പൊ എന്റെ വീട്ടിൽ ഇരുന്നേനെ… “”മീശ പിരിച്ചു പറയുന്ന അവനെ നോക്കി മിഴിച്ചു നിന്നു…
“”ദേ നിന്നോട് അവസാനമായിട്ട് പറയുവാ ഈ വിശാൽ കൃഷ്ണന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് അർച്ചന ദേവൻ മാത്രമായിരിക്കും….. പറ്റില്ലെങ്കിൽ നമുക്ക് രണ്ടാൾക്കും കൂടി ഇപ്പൊ സന്യസിക്കാൻ പോകാം..””. അവന്റെ മുഖഭാവം കണ്ടപ്പോൾ കാര്യമായിട്ട് പറഞ്ഞതാണ് എന്ന് മനസ്സിലായി….
“”പക്ഷേ വിച്ചേട്ടന് ഇഷ്ടമായ നുണക്കുഴി ഇപ്പൊ എനിക്കില്ലല്ലോ….. “”കണ്ണും നിറച്ചു പരിഭവത്തോടെ പറയുന്ന അവളെ നോക്കി വിച്ചു തലക്ക് കൈ കൊടുത്തു…
“”അത് ഞാൻ അപ്പോഴത്തെ ഒരിതിന് പറഞ്ഞു എന്ന് വിചാരിച്ചു….. സത്യം പറഞ്ഞാൽ എനിക്ക് ഒട്ടും ഇഷ്ടമില്ലാത്തത് അതായിരുന്നു…. എന്തായാലും മുഖത്തിന് ഇത്തിരി വൃത്തി വന്നിട്ടുണ്ട് അത് പോയപ്പോളേക്കും….”” കുസൃതി നിറഞ്ഞ ചിരിയോടെ പറയുന്ന അവനെ കണ്ണ് കൂർപ്പിച്ചു നോക്കി അവൾ…
അവളുടെ പിണക്കം കണ്ടു അവനഭിമുഖമായി തിരിച്ചു നിർത്തി…. അവളുടെ കൈ എടുത്തു പതിയെ അവളുടെ ഇടത് നെഞ്ചിന് മുകളിലായി വച്ചു കൊടുത്തു…
വേഗത്തിൽ മിടിക്കുന്ന ഹൃദയമിടിപ്പ് കേട്ട് അത്ഭുതം കലർന്ന മിഴികളോടെ അവനെ നോക്കി…
“”ദാ…. എന്നോട് ഇങ്ങനെ ചേർന്നു നിൽക്കുമ്പോൾ എനിക്ക് വേണ്ടി മാത്രം മിടിക്കുന്ന നിന്റെ ഈ ഹൃദയത്തിന്റെ താളമാണ് എനിക്കേറെ ഇഷ്ട്ടം….എന്റെ ഹൃദയത്തിന്റെ അതേ വേഗതയിൽ മിടിച്ചു നീ പോലും പറയാത്ത ഒരായിരം കഥകൾ എന്നോട് പറയുന്ന താളം… ഇനിയും എത്ര കാലങ്ങൾ കഴിഞ്ഞാലും…..നീ ഇനി എങ്ങനെ ഒക്കെ മാറിയാലും അതെനിക്ക് വേണ്ടി മാത്രം ആകും മിടിക്കുന്നത്….. ആ ഒരു ഉറപ്പ് പോരെ പെണ്ണെ… “”
പറയുമ്പോൾ അവന്റെ കണ്ണുകളും ചെറുതായി നനഞ്ഞിരുന്നു….
പതിയെ അവന്റെ നെഞ്ചിൽ തല ചായ്ച്ചു നിൽക്കുമ്പോൾ ആ കൈകൾ എന്നെയും വരിഞ്ഞു മുറുക്കി….
ഇനിയുമൊരു തിരിച്ചുപോക്ക് അവനിൽ നിന്നും ഇല്ലായിരുന്നു…. അല്ലെങ്കിലും ആത്മാവിന്റെ ഭാഗമായവനെ പിരിഞ്ഞു ദേഹിക്ക് എന്താണ് നിലനിൽപ്പ്…
എന്നിൽ വീണ്ടും പ്രതീക്ഷയുടെ സ്വപ്‌നങ്ങൾ വിടർന്നിരുന്നു…. പ്രണയത്തിന്റെ വർണ്ണം ചാലിച്ച ഏഴഴകുള്ള സ്വപ്‌നങ്ങൾ…
അവസാനിച്ചു..
വെറുതെ തോന്നിയപ്പോൾ എഴുതിയതാണ് ?…
എല്ലാരും അഭിപ്രായം പറയണേ… സ്വല്പം വലുതായി തന്നെ പറഞ്ഞോളൂ ??