നിഴലായ് കൂടെ
Story written by AMMU AMMUZZ
തനിക്ക് നേരെ നീളുന്ന ആ കുഞ്ഞിക്കണ്ണുകളിലെ ഭയവും അവജ്ഞയും നെഞ്ചിനെ വരിഞ്ഞു മുറുക്കും പോലെ തോന്നി…
ബസ്സിനുള്ളിൽ ഒഴിഞ്ഞു കിടന്നിരുന്ന ഒരേയൊരു സീറ്റ് ആയിരുന്നിട്ടും കൂടി തന്റെ അരികിൽ ഇരിക്കാതെ അവൾ ഭയത്തോടെ മാറി നിന്നപ്പോൾ ജനാലയിൽ കൂടി പുറത്തേക്ക് മിഴികൾ നട്ടിരുന്നു അവൾ…. നിറഞ്ഞൊഴുകുന്ന കണ്ണുകൾ മറ്റെല്ലാത്തിൽ നിന്നും മറയ്ക്കാൻ ശ്രമിക്കുന്നത് പോലെ…. ഭൂതകാല ഓർമകളിലേക്ക് പോകുംതോറും ശ്വാസംമുട്ട് കൂടി കൂടി വരുന്നു…
“””ഇതെന്താ അമ്മേ…. എന്റെ തൊലിക്ക് മാത്രം രണ്ടു നിറം…. “””ക്ലാസ്സിലെ കുട്ടികളുടെ പരിഹാസം സഹിക്കാൻ കഴിയാതെ വന്നപ്പോഴായിരുന്നു ആ മൂന്നാം ക്ലാസ്സുകാരി ചിണുങ്ങിക്കരഞ്ഞുകൊണ്ട് അമ്മയോടത് ചോദിച്ചത്…
മറുപടി ഒരു ചിരിയിലൊതുക്കി അമ്മയവളെ വാരി എടുത്തു മടിയിൽ വച്ചു…
“””അതോ…. മീനൂട്ടി അമ്മേടെ വയറ്റിലായിരുന്നപ്പോഴേ…. ഒരു വെളുത്ത കുട്ടിയെത്തരണേ എന്ന് അച്ഛയും കൃഷ്ണന്റെ നിറമുള്ള കറുത്ത കുട്ടിയെ തരണേ എന്നമ്മയും പ്രാർത്ഥിച്ചു….. അച്ഛയും അമ്മയും പ്രാർത്ഥിച്ചാൽ ദൈവത്തിന് കേൾക്കാതിരിക്കാൻ പറ്റുമോ… അപ്പൊ ദൈവം മീനൂട്ടിക്ക് രണ്ടു നിറവും തന്നു….”””
“””ഈ കറുപ്പും കൂടി ഉള്ളോണ്ടായിരിക്കും അല്ലേ അമ്മേ അച്ഛക്കെന്നെ ഇഷ്ടമല്ലാത്തെ…. “””
ചുണ്ടുകൾ വിറച്ചു നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ആ ചോദ്യം എത്തിയപ്പോൾ പരിഭവം മാത്രമായിരുന്നു ആ സ്വരത്തിൽ ഉണ്ടായിരുന്നത്..
അച്ഛൻ വാരിയെടുത്തോമനിക്കുന്ന കൂട്ടുകാരുടെ ചിരി മാത്രമായിരുന്നു മനസ്സിൽ…
ബസ് ഒന്ന് ബ്രേക്ക് പിടിച്ചപ്പോളാണ് ഓർമ്മകളിൽ നിന്നും ഉണർന്നത്…. പാണ്ട് വീണു കിടക്കുന്ന കൈകളിലേക്ക് അറിയാതെ നോട്ടം ചെന്നു…
“””തന്റെ ദേഹത്തെ കറുപ്പും വെളുപ്പും തിരിച്ചറിയാൻ അമ്മക്ക് മാത്രേ കഴിഞ്ഞുള്ളു… മറ്റുള്ളവർക്ക് ഇത് പാണ്ടാണ്….. ഒരിക്കലും മാറാത്ത പാണ്ട്…. “””
വീണ്ടും വീണ്ടും ഓർമ്മകൾ വല്ലാത്ത ഭ്രാന്തോടെ സിരകളെ ചൂട് പിടിപ്പിക്കാൻ തുടങ്ങിയപ്പോൾ കണ്ണുകളടച്ചു ചാരി ഇരുന്നു…. മനസ്സിലെ ചിത്രങ്ങളിൽ മറ്റൊരു മുഖവും ശോഭയോടെ തെളിഞ്ഞു….. നിറഞ്ഞ ചിരിയോടെ അരികിലേക്ക് വരുന്ന ഒരു കൗമാരക്കാരന്റെ മുഖം…..
കവലയിൽ ബസ്സിറങ്ങി മുൻപോട്ട് നടക്കുമ്പോൾ പതിവ് തെറ്റിക്കാതെ അനിരുദ്ധൻ ബൈക്കിൽ ചാരി നിൽപ്പുണ്ടായിരുന്നു… കാണാത്ത ഭാവത്തിൽ മുൻപോട്ട് നടക്കുമ്പോഴും അറിയാമായിരുന്നു….
വീടിന്റെ ഗേറ്റ് കടക്കും വരെ ആ കാലടികൾ പിന്നാലെ തന്നെ കാണുമെന്നു….
പതിവ് തെറ്റിച്ചില്ല.. പിന്നാലെ തന്നെ ഉണ്ടായിരുന്നു…. താൻ നടക്കുന്ന അതേ താളത്തിൽ പാദങ്ങൾ ചലിപ്പിച്ചുകൊണ്ട്…
ഗേറ്റ് കടന്നു അകത്തേക്ക് കയറുമ്പോൾ അവ ഒന്ന് നിശബ്ദമായി…. ഒരു തിരിഞ്ഞുനോട്ടം എങ്കിലും പ്രതീക്ഷിച്ചുകാണണം.. പതിവ്പോലെ… പക്ഷേ കഴിയുന്നില്ല… അത്രമേൽ അസ്വസ്ഥമായിരുന്നു മനസ്സ്…. മുടിയിൽ നിന്നും പാറിവീഴാൻ തുടങ്ങിയ ദുപ്പട്ട ഒന്നുകൂടി പിടിച്ചു നേരെ ഇട്ട് അകത്തേക്ക് കയറി…
വാതിൽ അടക്കുമ്പോൾ മിഴികൾ അനുസരണ കാട്ടിയില്ല… ആ ചാര നിറമുള്ള കണ്ണുകൾ അപ്പോഴും തന്നിൽ തന്നെ ഉറച്ചു നിന്നു…. ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലും പോലെ… ഇനിയും പറയാത്ത ഒരായിരം കഥകൾ പറഞ്ഞു തീർക്കാൻ എന്ന പോലെ… പിടച്ചിലോടെ മിഴികൾ താഴ്ത്തി വാതിൽ വലിച്ചടച്ചു…
ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആ കണ്ണുകൾ ആദ്യമായി തന്നെ തേടി എത്തിയത്…
അടുത്തിരുന്ന കുട്ടി ബിരിയാണിയാണ് കൊണ്ട് വന്നത് എന്നറിഞ്ഞപ്പോൾ മറ്റെല്ലാവരെയും പോലെ അതിൽ നിന്നും കൈയിട്ടു ഒരുപിടി വാരി കഴിച്ചു…..
പാത്രമടക്കം വലിച്ചെറിഞ്ഞുകൊണ്ടായിരുന്നു അതിനുള്ള പ്രതിക്ഷേധം അറിയിച്ചത്….
ഓടുകയായിരുന്നു കാലുകൾ… ഒരു ലക്ഷ്യവുമില്ലാത്തത് പോലെ….മതിലിനടുത്തെത്തിയപ്പോളേക്കും ബലം നഷ്ടപ്പെട്ടു തളർന്നിരുന്നു പോയിരുന്നു…
കാലുകളിൽ മുഖമമർത്തി വിമ്മിക്കരയുമ്പോളാണ് അരികിൽ വന്നാരോ ഇരിക്കും പോലെ തോന്നിയത്… മുഖമുയർത്തി നോക്കിയപ്പോളേക്കും രണ്ടു കൈകൾ വന്നു കണ്ണുകൾ തുടച്ചു തന്നിരുന്നു….
തറഞ്ഞിരുന്നു പോയി…..അമ്മയല്ലാതെ ഒരാൾ ആദ്യമായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്…. അറപ്പില്ലാതെ തന്നെ തൊടുന്നത്…
മറ്റുള്ള കുട്ടികളെപ്പോലെ അവന്റെ മുഖത്തും വെറുപ്പുണ്ടോ എന്ന് വെറുതെ തിരഞ്ഞു….. ഒന്നും കാണാൻ കഴിഞ്ഞില്ല… ഒരു ചിരി മാത്രം ഉണ്ടായിരുന്നു ആ മുഖത്ത്… താൻ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു പ്രത്യേക ചിരി…
“”ഇനി കരയണ്ടാട്ടോ… കരഞ്ഞാൽ നിന്നെക്കാണാൻ ഒട്ടും കൊള്ളില്ല… “”
സുന്ദരിയാണെന്നിതുവരെ ആരും പറഞ്ഞിട്ടില്ലെങ്കിലും അവന്റെ ആ മറുപടി ഉള്ളിൽ ചെറിയ പിണക്കം നിറച്ചു…. കുറുമ്പോടെ കണ്ണുകൾ കൂർപ്പിച്ചു നോക്കുമ്പോൾ
“”എന്താടി നോക്കുന്നെ…. നിന്റെ ഈ കോന്ത്രപ്പല്ലുകൊണ്ടുള്ള ചിരിയ നിനക്ക് നല്ലത്….””
അതുംപറഞ്ഞു ഒരിക്കൽ കൂടി തനിക്കായി മാത്രം ഒരു പുഞ്ചിരി നൽകി അവൻ നടന്നു…
കണ്ണിൽ നിന്നും മറയും വരെ നോക്കിത്തന്നെ ഇരുന്നു…ഇടക്കിടെയുള്ള ഓരോ തിരിഞ്ഞു നോട്ടങ്ങളും മനസ്സ് നിറക്കുന്നുണ്ടായിരുന്നു…
എപ്പോഴായിരുന്നു ആ കണ്ണുകളിൽ പ്രണയം കണ്ടത്…. അറിയില്ല…..പക്ഷേ നടക്കുന്ന ഓരോ വഴിയിലും കൂട്ടുണ്ടായിരുന്നു….ഒരു നിഴൽ പോലെ….
ഒരു വാക്ക് പോലും അതിനു ശേഷം സംസാരിച്ചിട്ടില്ലെങ്കിലും തളർന്നു പോകും എന്ന് തോന്നുമ്പോൾ നിശബ്ദമായി അരികിൽ വന്നിരിക്കും….
പക്ഷേ…. ആശ്വാസം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല അതിലൊന്നും…..അപകർഷതാബോധം അപ്പോഴേക്കും മനസ്സിനെ കീഴ്പ്പെടുത്തിയിരുന്നു…
കുളിച്ചിട്ടിറങ്ങിയപ്പോളേക്കും അത്താഴത്തിനു സമയം ആയിരുന്നു….. പതിവ് പോലെ നിശബ്ദത മാത്രം നിറഞ്ഞു… അമ്മ മാത്രം ഇന്നത്തെ ജോലിയെക്കുറിച്ചു എന്തോ ചോദിച്ചു…
“”നാളെ നിന്നെ കാണാൻ ഒരാൾ വരുന്നുണ്ട്….”” അച്ഛന്റെ ഗാംഭീര്യം ഉള്ള ശബ്ദം ഒരു ഗുഹയിൽ എന്ന പോലെ മുഴങ്ങി കേട്ടു…
“”എ…. എനിക്കൊരു വിവാഹം വേണ്ടച്ഛ … “”പറഞ്ഞു തീർക്കും മുൻപേ……….അരിശവും വെറുപ്പും കലർന്ന വാക്കുകൾ വീണ്ടും ചെവിയിലേക്ക് അരിച്ചു കേറി..
“””പിന്നെ… പിന്നെ എന്ത് ചെയ്യാനാ നിന്റെ ഭാവം….. ആദ്യമായിട്ടാണ് നിനക്കൊരാലോചന ഇങ്ങോട്ട് വരുന്നത്….വയസ്സ് ഇരുപത്തിഎട്ടായി…. നിന്റെ താഴെ ഒരു പെൺകുട്ടി കൂടെ ഉണ്ട്….ചേച്ചിയെ കെട്ടിക്കാതെ അനിയത്തിയെ കെട്ടിക്കാൻ പറ്റുമോ….നിനക്ക് സമ്മതമാണെങ്കിലും അല്ലെങ്കിലും ഈ വിവാഹം നടക്കും… “””
ശൂന്യമായിരുന്നു മനസ്സ്…..തൊണ്ടക്കുഴി വരെ എത്തിയ ഭക്ഷണം അവിടെ തന്നെ തടഞ്ഞിരുന്നു എന്ന് തോന്നി…. ഒരു വറ്റ് പോലും താഴേക്ക് ഇറങ്ങുന്നുണ്ടായിരുന്നില്ല….
അമ്മ വന്നു തോളിൽ തട്ടിയപ്പോഴാണ് എല്ലാവരും കഴിച്ചിട്ടെണീറ്റിട്ട് സമയം കുറേ ആയിരിക്കുന്നു എന്നറിഞ്ഞത്….
അമ്മ എന്തൊക്കെയോ പറയുന്നുണ്ട്…. പക്ഷേ ഒരു വാക്ക് പോലും കേൾക്കാൻ കഴിഞ്ഞില്ല.. കാതിൽ അപ്പോഴും അച്ഛന്റെ വാക്കുകൾ മാത്രം മുഴങ്ങികൊണ്ടിരുന്നു…..
മരിച്ചു കളഞ്ഞെങ്കിൽ എന്ന് തോന്നി…..പക്ഷേ… ആത്മഹത്യയുടെ കാരണം ചികഞ്ഞു ശവത്തെ പോലും ഒരായിരം തവണ നാവുകൊണ്ട് കീറി മുറിക്കുന്നതോർത്തപ്പോൾ അനിയത്തിയുടെ ഭാവി മാത്രം ആയിരുന്നു ഉള്ളിൽ തെളിഞ്ഞത്…
പിറ്റേന്ന് ആദ്യമായി അച്ഛൻ വാങ്ങിത്തന്ന ചുരിദാറുമിട്ട് കണ്ണാടിയുടെ മുൻപിൽ നിൽക്കുമ്പോൾ സന്തോഷമാണോ സങ്കടമാണോ എന്ന് വേർതിരിച്ചറിയാനാകാത്ത വിധം കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…. അമ്മയായിരുന്നു ഒരുക്കിയത്…
ചായക്കപ്പ് വച്ചു നീട്ടുമ്പോൾ പോലും ആ മുഖത്തേക്ക് നോക്കിയില്ല… നോട്ടം ചെന്നത് കൈകളിലാണ്….നല്ല വെളുത്ത കൈകൾ…. തൻ്റെ കൈകൾക്ക് ഇതിലും നിറമുണ്ടല്ലോ… അവൾ സ്വന്തം കൈയിലേക്ക് നോക്കി…അല്ല തന്റെ കൈകൾ റോസ് നിറമാണ്…. വിരിഞ്ഞു വരുന്ന ഇളം റോസമൊട്ടിന്റെ പോലുള്ള റോസ് നിറം….അതുകൊണ്ടാകാം വെയിലേറ്റ് വാടുന്ന റോസാപ്പൂവ് പോലെ തന്റെ കൈകളും വാടി തുടങ്ങിയത്…
പിറകിൽ ആളനക്കം കേട്ടപ്പോഴാണ് ഇപ്പോഴും ആലോചിച്ചു നിൽക്കുകയാണെന്ന് തോന്നിയത്…
“””ഇനിയെങ്കിലും ഒന്ന് നോക്കെടോ…. അതോ ഇപ്പോഴും കോന്ത്രപ്പല്ലിക്ക് ജാഡ ആണോ..”””. കുസൃതി നിറഞ്ഞ ശബ്ദം ചെവിയോരം മുഴങ്ങി…
ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോളേക്കും കാലുകൾ വേച്ചു പോയിരുന്നു….. ഇടുപ്പിലുറച്ച കൈകൾ അതിനനുവദിക്കാതെ ചേർത്തു നിർത്തുമ്പോൾ ഒരു വിറയൽ ശരീരത്തിന്റെ ഓരോ അണുവിൽ കൂടിയും കടന്നു പോകുന്നത് പോലെ തോന്നി….
അവിശ്വസനീയതയോടെ ആ മുഖത്തേക്ക് നോക്കി നിന്നു പോയി…..
“””എന്താണ് ഭവതി ഇങ്ങനെ നോക്കുന്നത്…..ഇഷ്ടമായിട്ട് തന്നെയാടോ…. ഒരു മിണ്ടാപ്പൂച്ചയോട് തോന്നിയ ഇമ്മിണി വലിയ ഇഷ്ടം…”””.
കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു അവൻ പറയുന്ന ഓരോ വാക്കും അന്നാദ്യമായി കൊതിയോടെ കേട്ടു… വീണ്ടും വീണ്ടും കേൾക്കാൻ തോന്നി…. തന്നോടിഷ്ടമാണത്രെ…. “”ഇഷ്ടം…””ആ വാക്ക് വീണ്ടും വീണ്ടും മനസ്സിൽ പറഞ്ഞു..
“””ഇപ്പോഴെങ്കിലും ഒന്ന് മിണ്ടെടോ…. ആ ശബ്ദം ഒന്ന് കേൾക്കട്ടെ..”””. മുഖത്തിന്റെ പാതി മറച്ചിരുന്ന ദുപ്പട്ട അവൻ തന്നെ എടുത്തു മാറ്റി… കഴുത്തു മറഞ്ഞു കിടന്നിരുന്ന മുടിയും പിന്നിലേക്കാക്കി…
“””ഇങ്ങനെ മതിയെടോ….. ഇതാണ് എനിക്കിഷ്ടം… ചെമ്പകത്തിന്റെ പൂവ് പോലെ രണ്ടു നിറങ്ങൾ ഉള്ള എന്റെ പെണ്ണ്… “””നെറ്റിയിലേക്ക് നെറ്റി ചേർത്ത് അവൻ പറഞ്ഞു…
ആ നെഞ്ചിൽ ചാരി നിൽക്കുമ്പോൾ മനസ്സപ്പോഴും മന്ത്രിക്കുകയായിരുന്നു…. “”ഇഷ്ടം…..””” ശബ്ദത്തിലൂടെ അത് പുറത്ത് വന്നപ്പോഴേക്കും ആ കൈകൾ തന്നെ വലയം ചെയ്തിരുന്നു….
അവസാനിച്ചു
അഭിപ്രായം പറയണേ…. നല്ലതാണെങ്കിലും മോശമാണെങ്കിലും ??❤️