ഇന്നലെ വരെ ഞാൻ നിന്റേതെന്ന് മാത്രമെന്ന് പറഞ്ഞു നെഞ്ചിൽ കിടന്നു കുറുകിയവൾ ഇന്ന് മറ്റൊരുത്തന്റെ കൈകരുത്തിൽ കിടന്നു പുളയുന്നത് ഓർത്ത് നീറുന്ന…

എഴുത്ത്: ഭദ്ര

വയ്യ…. എനിക്ക് വയ്യ…..

അവളുടെ നീണ്ട വരകൾ വീണു ചുളുങ്ങിയ മാറിടങ്ങളിൽ മുഖം അമർത്തി വെച്ച് അവൻ ആർത്തലച്ചു കരഞ്ഞു

അവൾ മിഴിഞ്ഞ കണ്ണുകളോടെ അവനെ നോക്കി

എന്തേ…..എന്തുപറ്റി??

ഈ ലോകത്തെ സ്ത്രീകളെല്ലാം ചതിയുടെ ആൾരൂപങ്ങളാണ്….

അവൻ കിതപ്പോടെ എണീറ്റിരുന്നു ഒരു സിഗരറ്റിന് തീ കൊളുത്തി….

അവൾ ഒന്നും മനസിലാവാതെ വീണ്ടുമവനെ തന്നെ നോക്കി

നിങ്ങൾക്ക്‌ അറിയാമോ… ഞാനിന്ന് വരെയും ആരെയും ചതിച്ചിട്ടില്ല….അവൻ പുറത്തെ ഇരുട്ടിലേക്ക് നോക്കി വെറുതെ ചിരിച്ചു

ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണിനൊപ്പം മറ്റൊരുത്തൻ കിടക്ക പങ്കിടുന്നത് കാണേണ്ടി വന്ന ഒരുവന്റെ വേദനയുടെ ആഴമെത്രയെന്ന് നിങ്ങൾക്ക്‌ അളക്കുവാൻ കഴിയുമോ? ഇന്നലെ വരെ ഞാൻ നിന്റേതെന്ന് മാത്രമെന്ന് പറഞ്ഞു നെഞ്ചിൽ കിടന്നു കുറുകിയവൾ ഇന്ന് മറ്റൊരുത്തന്റെ കൈകരുത്തിൽ കിടന്നു പുളയുന്നത് ഓർത്ത് നീറുന്ന ഒരു പുരുഷന്റെ മാനസികവസ്ഥ എത്രയ്ക്ക് ദയനീയമാണെന്ന് നിങ്ങൾക്കൊന്നു വെറുതെ ഊഹിക്കാൻ സാധിക്കുമോ?

വെറുതെ അവളുടെ ചുണ്ടിന്റെ കോണിലൊരു വരണ്ട ചിരി വിരിഞ്ഞു

എങ്ങനെ മനസിലാവാനാണ്…ജീവിതത്തിലെ ഓരോ രാത്രികളും ഓരോ പുരുഷന് കാഴ്ച വെയ്ക്കുന്ന നിങ്ങൾക്ക്‌ ഒരിക്കലുമത് മനസിലാവില്ല…..

അവൻ നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് ജനാലയരുകിൽ പോയിനിന്നു നഗരത്തിന്റെ ഇരുളിലേക്ക് തുറിച്ചു നോക്കി

ഏതാനും മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ ഈ ലോകത്തോട് ഞാൻ വിട പറയും….. അതിനു മുൻപായി ആദ്യമായും അവസാനമായും ഒരു പെണ്ണിനെ അറിയണമെന്ന് തോന്നി…. അതിനു വേണ്ടിയാണ് നിങ്ങളെയും കൊണ്ട് ഞാനിങ്ങോട്ട് വന്നത്….അവൻ പിറുപിറുത്തു

നീ എന്തിനാണ് മരിക്കുന്നത്??? അവളുടെ ചുണ്ടൊന്നനങ്ങി

അവൻ അവളെയൊന്നു തുറിച്ചു നോക്കി…

പിന്നെ…. ഞാൻ പിന്നെന്ത് വേണം….. എന്നെ ചതിച്ചു വഞ്ചിച്ച അവളുടെ ഓർമകളിൽ വെന്തു നീറി ജീവിക്കണോ… പറ???

അവൻ ഭ്രാന്തമായി അവളുടെ നഗ്നമായ ചുമലിൽ പിടിച്ചു കുലുക്കി…

പ്രണയതകർച്ചയെക്കാൾ വലിയൊരു വേദന വേറെയില്ല….അതിന്റെ ഓർമ്മകളെപ്പോഴും ഹൃദയത്തെ കീറി മുറിച്ചു കൊണ്ടിരിക്കും…നിങ്ങൾക്കത് ഒരിക്കലും മനസിലാക്കാൻ സാധിക്കില്ല…. കാരണം നിങ്ങളെ ആരും പ്രണയിച്ചിരിക്കില്ല… നിങ്ങളും…..

പ്രണയമെന്തെന്ന് തിരിച്ചറിയാൻ പ്രണയിക്കണമെന്നുണ്ടോ?? അവൾ ചിരിയോടെ ചോദിച്ചു

നിങ്ങൾ പൊയ്ക്കോളൂ… എനിക്കൊന്നു ഉറങ്ങണം…. അവൻ അസ്വസ്ഥതയോടെ തല ചൊറിഞ്ഞു.

അവളൊരു ദീർഘ നിശ്വാസത്തോടെ മുഷിഞ്ഞു നരച്ച തന്റെ സാരി വാരിചുറ്റി….കയ്യിലെ ബാഗ് തുറന്നു വില കുറഞ്ഞൊരു പൌഡർ എടുത്തു വിയർപ്പ് പൊടിഞ്ഞ നെറ്റിയിലും കഴുത്തിലും അമർത്തി തടവി… വാടിയ കുത്തുന്ന മണമുള്ള പിച്ചിപൂക്കൾ വീണ്ടും മുടി കെട്ടിൽ തിരുകി…അവൻ തന്ന അഞ്ഞൂറിന്റെ മൂന്ന് നോട്ടുകൾ ബാഗിൽ തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തി….

ഞാൻ പോവട്ടെ???

മ്മ്…. അവൻ വല്ലായ്മയോടെ മൂളി

നിങ്ങളുടെ സമയം നഷ്ട്ടപെടുത്തിയതിൽ ക്ഷമിക്കണം…

സാരമില്ല…. അവള് പുഞ്ചിരിയോടെ വാതിൽപടി കടന്നു…. പിന്നെ നിന്നു

ഞാനൊന്നു ചുംബിച്ചോട്ടെ നിന്നെ… അവൾ അവന്റെ അരികിലെത്തി മുടിയിലൊന്നു തഴുകി….

മറുപടി മൗനമായിരുന്നു… അവൾ അവന്റെ കവിളുകളിൽ രണ്ട് കൈയും അമർത്തി വെച്ചു…. നെറ്റിയിൽ അമർത്തി ചുംബിച്ചു…

അവന്റെ കണ്ണുകളിൽ സങ്കടം ഉറപൊട്ടി…എന്തിനെന്നറിയാതെ അവൻ വീണ്ടും വിതുമ്പി….

നീ മരിക്കുമെന്ന് തീർച്ചയാണോ??

മ്മ് അതെ…

എങ്കിൽ മരണത്തെ പുല്കുന്നതിനു മുൻപുള്ള ഏതാനും നാഴികകൾ നീ എനിക്കൊപ്പം പങ്കിടുമോ??

അത് പങ്കിട്ടു കഴിഞ്ഞില്ലേ??

ഇങ്ങനെ ഈ നാല് ചുമരിന്റെ ഉള്ളിലല്ല…. പുറത്ത്…. മതിലുകളും ചുമരുകളുമില്ലാത്ത പുറത്ത്……

ഇരുട്ടിലൂടെ അലസമായി നടക്കുമ്പോൾ അവൾ വെറുതെ അവന്റെ വിരലുകൾ കോർത്തു പിടിച്ചിരുന്നു…..

ഈ യാത്ര എവിടെ അവസാനിക്കും?? അവൻ അവളെ നോക്കി…

എന്റെ വീട് വരെ….അവൾ കുസൃതിയോടെ അവനെ നോക്കി കണ്ണ് ചിമ്മി.

കുറച്ചു ദൂരം പിന്നിട്ടതും നായകളുടെ കലപില ശബ്ദം കേട്ടതും അവനൊന്നു അവളുടെ കയ്യിൽ മുറുക്കി പിടിച്ചു…. ഭയം അലതല്ലുന്ന അവളുടെ കണ്ണുകൾ കാണവേ അവന് തന്റെ പ്രണയിനിയെ ഓർമ വന്നു…..

വളരെ സൂക്ഷിച്ചു മുന്നോട്ട് നടന്ന അവർക്ക് മുൻപിലേക്ക് പെട്ടന്നൊരു നായ ഓടി വന്നു…. അതിന്റെ വായിൽ പാതി കടിച്ചൊരു റൊട്ടി കഷണമുണ്ടായിരുന്നു…. അവരെ നോക്കി നായയൊന്നു മുരണ്ടു…

പെട്ടന്ന് ഇരുളിൽ നിന്നുമൊരു കറുത്ത രൂപം ആ നായയുടെ മുകളിലേക്ക് ചാടി വീണു അതിന്റെ വായിൽ നിന്നും ആ റൊട്ടി കഷ്ണം വലിച്ചെടുത്തു അതിനെ ആട്ടിയോടിച്ചു….

പകച്ചു നിന്ന അവളെയും അവനെയും നോക്കി എന്തോ പിറുപിറുത്തു കൊണ്ട് ആ രൂപം ഇരുളിലേക്ക് ഓടിമറഞ്ഞു….

തരിച്ചു നിൽക്കുന്ന അവന്റെ കയ്യും പിടിച്ചു അവൾ പിന്നെയും മുന്നോട്ട് നടന്നു….

ദുർഗന്ധം വമിക്കുന്ന ഒരു ഓടയുടെ അരികിലെത്തിയതും അവന് മനം പുരട്ടി…. പുറംകയ്യാൽ മുഖം പൊത്തവെ എവിടെന്നോ അവനൊരു താരാട്ട് കേട്ടു….

അവൻ ആകാംഷയോടെ ചുറ്റും നോക്കി… രാവിന്റെ ഇരുളിൽ… ഈ രാത്രിയുടെ നിശബ്ദതയിൽ ആരാണീത്ര മനോഹരമായി പാടുന്നത്…..

അവൻ കാതോർത്തു….തെരുവ്പട്ടികൾ അലഞ്ഞു നടക്കുന്ന ആ പുറമ്പോക്കിൽ വലിച്ചു കെട്ടിയ ഒരു സാരിയുടെ മറവിലിരുന്നു ഒരു നാടോടി സ്ത്രീ അവരുടെ കൈ കുഞ്ഞിനെ താലോലിക്കുന്നു…അവന്റെ ഉള്ളിലൊരു നോവുണർന്നു..

അവളും അവനും പിന്നെയും നടന്നു…. വഴി വിളക്കുകൾ കുമിഞ്ഞു കത്തുന്ന ഇരുണ്ട വഴികളിലൂടെ അവൾക്കൊപ്പം മുന്നോട്ട് നടക്കവേ അവൻ വീണ്ടും പലതും കണ്ടു….

കാലില്ലാത്ത വൃദ്ധനും അയാളുടെ കയ്യിലെ ചങ്ങലയിൽ കുരുങ്ങി കിടക്കുന്ന വാനരനും തെരുവ്പട്ടികൾക്കൊപ്പം അന്തിയുറങ്ങുന്ന പിഞ്ചു ബാല്യങ്ങളും മാലിന്യകൂമ്പാരത്തിൽ നിന്നും ആരോ കടിച്ചു വലിച്ചതിൽ ബാക്കിയായ ഒരു ഇറച്ചി തുണ്ട് ആർത്തിയോടെ തിന്നുന്ന വൃദ്ധയും അവന്റെ മനസ്സിൽ പലവിധ വികാരങ്ങൾ നിറച്ചു…..

ദാ… എന്റെ വീടെത്തി… അവൾ അവന്റെ കൈയിൽ നിന്നും അവളുടെ കൈ തിരിച്ചെടുത്തു…..

നഗരത്തിന്റെ ആഡംമ്പരങ്ങൾക്ക് നടുവിലും വേറിട്ടു നിൽക്കുന്ന പൊട്ടി വിണ്ടടർന്ന ആ ചെറിയ വീട്ടിലേക്ക് എന്തോ അവളവനെ വിളിച്ചില്ല…ഒരുപക്ഷെ അകത്തു തന്നെയും കാത്തിരിക്കുന്ന കൂനനും വൃദ്ധനുമായ ഭർത്താവിനെയും ഇനിയും ബുദ്ധിയുറയ്ക്കാത്ത അഞ്ചു വയസുകാരിയെയും അവൻ കാണരുതെന്ന് അവൾ കരുതിയിരിക്കാം…..

ഞാൻ പോവുന്നു… അവൻ അവളെ നോക്കി

എങ്ങോട്ടാണ്…??

വീട്ടിലേക്ക്… അവിടെനിക്കെന്റെ അമ്മയുണ്ട്…അച്ഛനുണ്ട് കൂടെപ്പിറപ്പുണ്ട്… വയറ് നിറയെ കഴിക്കാൻ ആഹാരമുണ്ട്… സമാധാനമായി ഉറങ്ങാൻ വീടുണ്ട്…. ഞാൻ പോവുന്നു…..

അപ്പോൾ ആത്‍മഹത്യ??

അവനൊന്നു മനോഹരമായി പുഞ്ചിരിച്ചു.പിന്നെ പറഞ്ഞു

ഈ ലോകത്ത് പ്രണയതകർച്ചയെക്കാൾ വേദന നിറഞ്ഞ പലതുമുണ്ട്…ഈ രാത്രി എനിക്കത് കാണിച്ചു തന്നു…

മ്മ്…. അവൾ ചിരിയോടെ തലയാട്ടി

നിങ്ങളെ മറക്കാതിരിക്കാൻ ഞാൻ ശ്രമിക്കും…. അവൻ അവൾക്ക് നേരെ കൈ വീശി….

നിന്നെ മറക്കാതിരിക്കാൻ ഞാനും…. അവൾ നിറഞ്ഞു ചിരിച്ചു