മൈ ഡാഡ്
എഴുത്ത്: ദിപി ഡിജു
‘അച്ഛേ…. തല മസാജ് ചെയ്തു തരട്ടെ…’
‘സൂക്ഷിച്ചോ സോമേട്ടാ… അവള്‍ എന്തോ പണിയും കൊണ്ടാ വരുന്നേ…’
‘ഒന്നു പോ അമ്മൂസേ… ന്‍റെ അച്ഛയ്ക്ക് ഞാന്‍ എന്നും ചെയ്തു കൊടുക്കാറുള്ളതല്ലേ ഇതൊക്കെ… ല്ലേ അച്ഛേ…???’
‘നീ പോടി കുശുമ്പി പാറു… ന്‍റെ മോള്‍ക്ക് ന്നോട് സ്നേഹം ഉള്ളതു കൊണ്ടല്ലേ… നീ മസാജ് ചെയ്തോടീ മോളെ…’
‘കണ്ടോ കണ്ടോ… അമ്മൂസേ… അമ്മൂസിനു കുശുമ്പാ…’
അത്താഴം കഴിഞ്ഞു പതിവ് കൊച്ചു വര്‍ത്തമാനം പറഞ്ഞ് ഇരിക്കുകയായിരുന്നു സോമശേഖരനും പാര്‍വതിയും അവരുടെ ഏകമകള്‍ ലക്ഷ്മിയും.
നാവു നീട്ടി അമ്മയെ നോക്കി കൊഞ്ഞനം കാണിച്ചു അച്ഛന്‍റെ പിന്നില്‍ ചെന്നു നിന്നു തല മസാജ് ചെയ്യാന്‍ തുടങ്ങി അവള്‍.
‘അച്ഛേ…’
‘ഉംംംം…’
‘അച്ഛേ… ഞങ്ങളുടെ കോളേജില്‍ NSS കാംപ് നടത്തുന്നുണ്ട്… ഒരു പാവപ്പെട്ട ഫാമിലിക്ക് ചെറിയ ഒരു വീട് വച്ചു കൊടുക്കാന്‍ ആണ് പ്ളാന്‍…’
‘ആഹാ… വളരെ നല്ല കാര്യം ആണല്ലോ…’
‘ഇത്തവണ NSS ക്യാപ്റ്റന്‍ ഞാനാണ്…’
‘ന്‍റെ മോളൂട്ടി പിന്നെ പുലിക്കുട്ടി അല്ലേ…’
അയാള്‍ കൈ പൊക്കി അവളുടെ താടിയില്‍ ഒന്നു പിടിച്ചു.
‘അച്ഛേ…’
‘എന്താടി…???’
‘അത്…’
‘പറയെടി കുരുപ്പെ…’
‘3 ലക്ഷം രൂപയാണ് ബഡ്ജറ്റ്… 2 ലക്ഷം രൂപ കൂപ്പണ്‍ വിറ്റും സ്പോണ്‍സര്‍സ് വഴിയും ഉണ്ടാക്കാം ന്നു തീരുമാനിച്ചു… ബാക്കി 1 ലക്ഷം അച്ഛയെ കൊണ്ട് സ്പോണ്‍സര്‍ ചെയ്യിക്കാം ന്നു ഞാന്‍ സമ്മതിച്ചു…’
സോമശേഖരന്‍ ഞെട്ടി തിരിഞ്ഞു നോക്കി. ലക്ഷ്മിക്ക് ഒരു ഭാവഭേദവും ഇല്ല.
‘കണ്ടോ കണ്ടോ… ഞാന്‍ അപ്പഴേ പറഞ്ഞില്ലേ… അവള്‍ എന്തോ പണിയും കൊണ്ടാ വന്നേക്കുന്നേന്ന്… ഇപ്പോള്‍ എന്തായി…??? ഹോ… എന്താരുന്നു അച്ഛന്‍റെയും മകളുടെയും സ്നേഹം… മസാജ്…’
‘ഒന്നു പോ അമ്മൂസെ… ഇത്രയും വലിയ ബിസിനസ്സ്കാരനായ അച്ഛയ്ക്ക് 1 ലക്ഷം ഒക്കെ വെറും ചീള് കേസല്ലേ… പിന്നെ അച്ഛേ നല്ലൊരു കാര്യത്തിനല്ലേ… പ്ളീസ്സ് അച്ഛേ… പിന്നെ വല്ല്യ ആഘോഷം ആയിട്ടാ താക്കോല്‍ ദാനം ഒക്കെ നടത്താന്‍ പോകുന്നത്… മെയില്‍ സ്പോണ്‍സര്‍ എന്ന നിലയില്‍ അച്ഛയെ കൊണ്ടു തന്നെ അത് കൊടുപ്പിക്കും, പിറ്റേന്നത്തെ പത്രത്തില്‍ ഫോട്ടോ ഒക്കെ വരും… നമുക്ക് ഒരു ഗെറ്റ് അപ്പ് അല്ലേ അതൊക്കെ… നാലാളുടെ മുന്‍പില്‍ ഒന്നു ഞെളിയാം…’
സോമശേഖരന്‍ പാര്‍വതിയെ ഒന്നു നോക്കി അവര്‍ കാര്യം മനസ്സിലായതു പോലെ തലയാട്ടി.
‘മോളൂട്ടി… നാളെ അവധി അല്ലേ… നമുക്ക് ഒരിടം വരെ പോകാം…’
‘ട്രിപ്പ് ആണോ അച്ഛാ..??? എവിടേയ്ക്കാ അമ്മൂസേ…???’
‘ഞാന്‍ വരുന്നില്ല മോളെ… എനിക്ക് ആ ക്ളൈമറ്റ് ഇച്ഛിരി പ്രശ്നം ആകും… നിങ്ങള്‍ അച്ഛനും മോളും കൂടി പോയാല്‍ മതി… എവിടേയ്ക്കാണെന്നത് സസ്പ്പെന്‍സ് ആണ്… ഞാന്‍ എന്നാല്‍ വിശ്വന്‍റെ വീട്ടില്‍ പോയി നിന്നോട്ടെ സോമേട്ടാ… സരസ്വതി കുറെ നാള്‍ ആയി പരാതി പറയുന്നു അങ്ങോട്ടു ഒന്നു ചെല്ലുന്നില്ല എന്നു…’
‘എന്നാല്‍ രാവിലെ ഞങ്ങള്‍ പോകും വഴി അങ്ങോടു ഡ്രോപ്പ് ചെയ്തു തന്നേക്കാം…’
‘അച്ഛേ… ഒരു ക്ളൂ താ… എവിടെ ആണെന്ന്…’
‘അത് ഞാന്‍ പറയില്ല മോളെ… നീ കണ്ടു തന്നെ അറിഞ്ഞാല്‍ മതി… ഇപ്പോള്‍ പോയി അത്യാവശ്യം വേണ്ട ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തു വച്ചിട്ടു കിടന്നുറങ്ങാന്‍ നോക്കൂ…’
അന്നു രാത്രി ആകാംക്ഷ കാരണം ലക്ഷ്മിക്ക് ഉറങ്ങാന്‍ പറ്റിയില്ല.
പിറ്റേന്ന് രാവിലെ തന്നെ പ്രഭാതഭക്ഷത്തിനു ശേഷം പാര്‍വതിയെ കൊണ്ടു പോയി അവളുടെ സഹോദരന്‍ വിശ്വന്‍റെ വീട്ടില്‍ ആക്കി അവര്‍ പുറപ്പെട്ടു.
കുറെ ദൂരം യാത്ര ചെയ്തു കഴിഞ്ഞപ്പോള്‍ ലക്ഷ്മി സാവധാനം ഉറക്കത്തിലേക്ക് വഴുതി വീണു.
അച്ഛന്‍ തട്ടി വിളിച്ചപ്പോഴാണ് അവള്‍ ഉറക്കം വിട്ടെഴുന്നേറ്റത്.
കാറിന്‍റെ ചില്ലിലൂടെ കണ്ട പ്രകൃതിയുടെ കരവിരുതില്‍ അവള്‍ ലയിച്ചിരുന്നു പോയി. ഏകദേശം ഉച്ചയോടടുത്ത സമയമായിട്ടും തണുത്ത കാറ്റ് അവിടെങ്ങും തിങ്ങി നില്‍ക്കുന്നു. കോടയുടെ പുതപ്പിനുള്ളില്‍ പൊതിഞ്ഞ കുന്നും മലയും ഒരു ചിത്രകാരന്‍റെ കാന്‍വാസിനെ ഓര്‍മ്മിപ്പിച്ചു.
അവള്‍ അതിശയത്തോടെ കാറിനു വെളിയിലേക്ക് ഇറങ്ങി.
‘എന്തൊരു തണുപ്പ്… ഇത് ഏതാ അച്ഛേ സ്ഥലം…??’
‘എങ്ങനെയുണ്ടെന്നു പറയൂ…???’
‘അടിപൊളി… വേറൊന്നും പറയാന്‍ ഇല്ല…’
‘ഇതാണ് എന്‍റെ നാട്…???’
‘നാടോ…??? അച്ഛേടെ തറവാട് തിരുവനന്തപുരത്ത് അല്ലേ…??? അച്ഛമ്മയൊക്കെ അവിടെയല്ലെ…???’
‘ഇത് ഞാന്‍ ജനിച്ചു വളര്‍ന്ന നാട് ആണ് മോളെ… അതിനുശേഷം ആണ് തിരുവനന്തപുരത്ത് വീട് വച്ചത്…’
‘ഹോ… ന്നാലും അച്ഛേ… കുറച്ചു നേരത്തെ തന്നെ വരേണ്ടതായിരുന്നു ഇവിടൊക്കെ… ഹാ… ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ എന്നല്ലേ… അച്ഛേ നിക്ക് വിശക്കുന്നു…’
‘അതിനു തന്നെയാടി ഇവിടെ നിര്‍ത്തിയത്…’
അയാള്‍ ഒരു ചായക്കട ലക്ഷ്യമാക്കി നടന്നു. ലക്ഷ്മി പുറകെയും.
‘ഇനി എങ്ങോട്ടാ അച്ഛേ…???’
‘ന്‍റെ ഒരു കൂട്ടുകാരന്‍ ഉണ്ട് ഇവിടെ കണ്ണന്‍…. അവനെ ആദ്യം പോയി ഒന്നു കാണാം… അവനെയും കൂട്ടി മറ്റൊരിടത്തേക്ക്…’
‘മറ്റൊരിടം…???’
‘അതൊക്കെ പറയാം മോളെ…’
ഒരു തേയില തോട്ടത്തിനു നടുവില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു വീടിനു മുന്‍പില്‍ അവര്‍ കാര്‍ നിര്‍ത്തി.
കണ്ണനും ഭാര്യയും അവരെ നല്ല രീതിയില്‍ സ്വീകരിച്ചിരുത്തി.
‘കണ്ണാ ഞാന്‍ പറഞ്ഞത് കിട്ടിയായിരുന്നോ…???’
‘അതെല്ലാം ഒപ്പിച്ചിട്ടുണ്ട്… നീ വിഷമിക്കേണ്ട… നമ്മുടെ രാജന്‍ ഇപ്പോള്‍ അവിടെ അല്ലെ…’
‘എന്നാല്‍ നമുക്ക് പോയാലോ…???’
‘അതിനെന്താ….???’
അവര്‍ ഒരു പഴയ സ്കൂളിനു മുന്നില്‍ വണ്ടി നിര്‍ത്തി. ചോദ്യഭാവത്തില്‍ ലക്ഷ്മി അയാളെ നോക്കി.
‘അച്ഛ പഠിച്ച സ്കൂള്‍ ആണ് മോളൂട്ടി…’
അത് കേട്ടതും അവളുടെ കണ്ണുകള്‍ വിടര്‍ന്നു.
അവരെ കാത്തുനില്‍ക്കുകയായിരുന്നു അവരുടെ സുഹൃത്തായ രാജന്‍.
‘സോമാ… എത്ര നാള്‍ ആയെടാ കണ്ടിട്ട്…???’
‘എന്നാലും നീ എങ്ങനെയാടാ ഇവിടത്തെ ഹെഡ്മാസ്റ്റര്‍ ആയെ മാക്രി രാജാ…’
‘പോടെ പോടെ… നിന്‍റെ മോള്‍ നില്‍ക്കുന്നു… ഇല്ലേല്‍ ഞാന്‍ വെറും കൂതറ ആയേനെ…’
അവര്‍ സ്കൂളിനകത്ത് കയറി ഓരോ മുറികളും കയറി ഇറങ്ങുമ്പോള്‍ പഴയ കാര്യങ്ങള്‍ പരസ്പരം പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു. ലക്ഷ്മി അതെല്ലാം സാകൂതം വീക്ഷിച്ചു കൊണ്ടിരുന്നു. ഒരു വേള അവളും അവരില്‍ ഒരാളായി ആ കാലഘട്ടത്തിലേക്ക് പോകുന്നതു പോലെ തോന്നി.
ഓഫീസ് റൂമില്‍ ചെന്നപ്പോള്‍ രാജന്‍ മേശവലിപ്പില്‍ നിന്നു ഫ്രെയിം ചെയ്ത പഴയ ഒരു ഫോട്ടോ എടുത്തു അവള്‍ക്കു നേരെ നീട്ടി.
ലക്ഷ്മി അതു വാങ്ങി നോക്കി.
തുണി വലിച്ചു കെട്ടിയ ഒരു സ്റ്റേജില്‍ എന്തോ ഒന്നു ആരില്‍ നിന്നോ കൈനീട്ടി വാങ്ങുന്ന ഒരു കുട്ടിയുടെ ബ്ളാക്ക് ആന്‍റ് വൈറ്റ് ഫോട്ടോ. ആ കുഞ്ഞിന്‍റെ കണ്ണുകളില്‍ ദുഃഖം തളം കെട്ടി നില്‍ക്കുന്നു.
‘ഇതാരാന്ന് അറിയാമോ മോളൂട്ടിക്ക്…??? മോളൂട്ടീടെ അച്ഛയാ…’
അവള്‍ അത്ഭുതത്തോടെ സോമശേഖരനെ നോക്കി.
‘അച്ഛയോ…???’
അയാള്‍ ഒന്നു കണ്ണു തുടച്ചു.
‘ഉംംംം… ഈ വാങ്ങുന്നത് എന്താണെന്നറിയോ…??? ഉടുക്കാന്‍ ഒരു യൂണിഫോം ഇല്ലാതിരുന്നതു കൊണ്ട് സ്കൂളിലെ കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് എനിക്ക് യൂണിഫോം വാങ്ങി തന്നതാണ്… മുഴു പട്ടിണി ആയിരുന്നു അന്നൊക്കെ… ഈ ഇരിക്കുന്ന എന്നെ അങ്ങനെ ഒരു അവസ്ഥയില്‍ മോള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആവില്ലെന്നറിയാം…’
അയാള്‍ കാഴ്ച്ച മറഞ്ഞു പോകുന്നതായി തോന്നിയപ്പോള്‍ വീണ്ടും കണ്ണു ഇറുക്കെ തുടച്ചു.
‘വളരെ സന്തോഷം തരുന്ന കാര്യം തന്നെയാ മോളെ… നമ്മുടെ സങ്കടം മനസ്സിലാക്കി മറ്റുള്ളവര്‍ സഹായിക്കുമ്പോള്‍…ചടങ്ങു നടത്തി ഫോട്ടോ എടുത്ത് അത് മറ്റുള്ളവരുടെ കാണിക്കുന്നവര്‍ക്ക് അത് വല്ല്യ അഭിമാനവും ആകും… പക്ഷേ… ഇതു പോലെ ഒരു വേദിയില്‍ എല്ലാവരുടെയും മുന്നില്‍ വച്ചു അത് സ്വീകരിക്കുമ്പോള്‍ അയാള്‍ക്കു തോന്നുന്ന ഒരു മാനസ്സികാവസ്ഥ എന്താണെന്നു മോള്‍ക്ക് അറിയാമോ… അപമാനഭാരത്താല്‍ ഭൂമി പിളര്‍ന്നു അതിലേക്ക് വീണു പോകുന്നതു പോലെ തോന്നും… അത് അനുഭവിക്കുന്നവര്‍ക്കേ മനസ്സിലാകൂ… കഷ്ടപ്പെട്ടു അധ്വാനിച്ചു ഇന്ന് ഈ അവസ്ഥയില്‍ നില്‍ക്കുമ്പോഴും ചിലപ്പോഴൊക്കെ ആ വേദന തികട്ടി വരും അച്ഛയ്ക്ക്…’
അയാള്‍ ഒന്നു നിര്‍ത്തി.
‘ഇതൊന്നും മോളോട് പറയണം എന്നു ഞാന്‍ കരുതിയതല്ല… മോളെ ആ 1 ലക്ഷം രൂപ ഞാന്‍ തരാം… ഒരു കണ്ടീഷനില്‍…. അവരുടെ വീടിന്‍റെ താക്കോല്‍ ദാനമോ അവര്‍ ആ വീടിനു മുന്‍പില്‍ നില്‍ക്കുന്നതോ ആയ ഫോട്ടോയോ അവരുടെ ഡീറ്റേല്‍സോ നിങ്ങള്‍ പ്രസിദ്ധപ്പെടുത്തരുത്… അവരുടെ അവസ്ഥ നിങ്ങള്‍ പേരിനും പ്രശസ്തിക്കും വേണ്ടി ഉപയോഗിക്കരുത്… അവരുടെ നിസഹായത കൂടി നിങ്ങള്‍ ചിന്തിക്കണം… ന്‍റെ കുട്ടിക്ക് മനസ്സിലായോ…???’
‘ഉംംംം…’
അവരോടൊപ്പം കുറച്ചു സമയം കൂടി ചെലവഴിച്ചു തിരികെ പോകുമ്പോള്‍ ലക്ഷ്മി ഉറച്ച ഒരു തീരുമാനം എടുത്തിരുന്നു.
‘കഴിഞ്ഞ തലമുറ എങ്ങനേയും ആകട്ടെ… പക്ഷേ ഇനി വരുന്ന ഞങ്ങളുടെ തലമുറ വലതു കൈ ചെയ്യുന്നതു ഇടതു കൈ പോലും അറിയാതെ നോക്കും… സഹായം സ്വീകരിക്കുന്നവര്‍ക്കും അഭിമാനം ഉണ്ടെന്ന് മനസ്സിലാക്കും… വാക്ക്…ഇത് ഒരുറച്ച വാക്ക്…’