ഇതെന്ത് കുട്ടിയാണ്…ഒരു പരിചയവുമില്ലാത്ത ആളുകളോട് ഇങ്ങനെയൊക്കെ സംസാരിക്കാൻ പറ്റുമോ, അരുൺ മനസ്സിലോർത്തു.

ഉപദേശം

എഴുത്ത്: അനിൽ പി. മീത്തൽ

“ചേട്ടനെകാണാൻ ഒരാൾ വന്നിട്ടുണ്ട്…”

പെങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് അരുൺ രാവിലെ ഉണർന്നത്. നോക്കുമ്പോൾ പെങ്ങൾ ഒരു പെൺകുട്ടിയുമായി കിടപ്പുമുറിയുടെ വാതിൽക്കൽ നിൽക്കുന്നു. ചാടിയെണീറ്റ് രണ്ടാളോടും പുറത്ത് പോകാൻ അരുൺ ആംഗ്യം കാണിച്ചു.

ഇന്നലെ രാത്രി എത്തിയത് വളരെ വൈകിയായിരുന്നു… അല്ലെങ്കിൽ തന്നെ കുറച്ച് ദിവസമായി അറിഞ്ഞ് കൊണ്ട് വൈകുന്നതാണ്. അരുൺ ഓർത്തു. നേരത്തെ വന്നാൽ അച്ഛന്റെ വക നൂറ് ചോദ്യങ്ങളും ഉപദേശങ്ങളും.

ഡിഗ്രി കഴിഞ്ഞയുടനെ തീരുമാനിച്ചതായിരുന്നു സ്വന്തമായി ബിസിനസ്സ് ചെയ്യാൻ. അതിനുള്ള കാര്യങ്ങളൊക്കെ ഏതാണ്ട് റെഡിയായതുമാണ്. പക്ഷെ അച്ഛനുമമ്മയും ഒരു രീതിയിലും സമ്മതിക്കുന്നില്ല. അവർക്ക് വേണ്ടത് അച്ഛനെ പോലെ സർക്കാരുദ്യോഗസ്ഥനായ മകനെയാണ്. സ്വന്തം ഇഷ്ടം തെരഞ്ഞെടുക്കാൻ പറ്റാത്ത അവസ്ഥ. അത് വല്ലാത്തതാണ്.

കുറച്ച് സമയം കൊണ്ട് ഫ്രഷായി അരുൺ സ്വീകരണ മുറിയിലെത്തി.

“ചേട്ടാ ഇത് അപ്പുറത്തെ വീട്ടിൽ പുതിയതായി താമസിക്കാൻ വന്നവരാണ്…” പെങ്ങൾ പറഞ്ഞു തുടങ്ങി. നമ്മളെയൊക്കെ പരിചയപ്പെടാൻ വന്നതാണ്…

“ബാക്കി ഞാൻ പറഞ്ഞോളാം…” പെൺകുട്ടി ഇടയ്ക്ക് കയറി പറഞ്ഞു..

“ഞാൻ മനീഷ. പി ജിക്ക് പഠിക്കുന്നു. വീട്ടിൽ അച്ഛനും അമ്മയും ഉണ്ട്. സമയം കിട്ടുമ്പോൾ അവരെ നേരിട്ട് പരിചയപ്പെട്ടോളൂ…” പെൺകുട്ടി പറഞ്ഞു കൊണ്ട് അരുണിന് നേരെ കൈനീട്ടി.

അരുൺ പെൺകുട്ടിയെ നോക്കി. നീണ്ട് മെലിഞ്ഞ് ചുരുള മുടിയുള്ള കുട്ടി. തടിച്ച ഫ്രെയിമുള്ള കണ്ണട മുഖത്തിന്റെ പകുതി മറച്ചിരിക്കുന്നു.

“ഞാൻ….” അരുൺ സ്വയം പരിചയപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ പെൺകുട്ടി പറഞ്ഞു.

“അരുണിനെ പറ്റി ബാക്കി ഞാൻ പറയാം .. ഗ്രാജ്വേഷൻ കഴിഞ്ഞ് ഇപ്പോൾ ജോലിക്ക് വേണ്ടി ശ്രമിക്കുന്നു.. പക്ഷെ ഇഷ്ടം സ്വന്തമായി ബിസിനസ്സാണ്. പക്ഷെ അച്ഛനും അമ്മക്കും സമ്മതമല്ല. അത് കൊണ്ട് എല്ലാവരോടും ദേഷ്യം. മൊത്തത്തിൽ നിരാശ. ശരിയല്ലേ.. ” പെൺകുട്ടി പറഞ്ഞ് നിർത്തി.

അരുൺ പെങ്ങളെ രൂക്ഷമായി നോക്കി. എല്ലാം അറിയിച്ചിട്ടുണ്ട്. നിനക്കുള്ളത് പിന്നെ തരാം. അയാൾ മനസ്സിൽ പറഞ്ഞു….”അങ്ങനെയൊന്നും ഇല്ല… ജോലിക്ക് ശ്രമിക്കുന്നുണ്ട്…” അരുൺ പറഞ്ഞു.

“നോക്കു അരുൺ…… നമ്മൾ ഇങ്ങനെ നിരാശപ്പെടേണ്ട ആവശ്യമില്ല.. നിരാശപ്പെടാൻ തുടങ്ങിയാൽ അതിനെ സമയം കാണൂ.. പെൺകുട്ടി തുടർന്നു ” We become what we think about .. Earl Nightingle പറഞ്ഞതാണ്…നമ്മൾ എന്താവണമെന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്”

“എയ് അങ്ങനെയൊന്നുമില്ല…” അരുൺ താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

പെൺകുട്ടി തുടർന്നു. “എലിയട്ട് പറഞ്ഞിട്ടുണ്ട്… It is never too late to be what you might have been…അത് കൊണ്ട് നിങ്ങൾ എന്താവാനാണോ ആഗ്രഹിച്ചത് അത് ആവാൻ ശ്രമിച്ചു കൊണ്ടേയിരിക്കുക…”

“അതേയ് എനിക്ക് പുറത്തേക്ക് പോകാനുണ്ട്… നിങ്ങൾ സംസാരിക്കൂ” അരുൺ അവിടുന്ന് ഒരു വിധം രക്ഷപ്പെട്ടു.

ഇതെന്ത് കുട്ടിയാണ്… ഒരു പരിചയവുമില്ലാത്ത ആളുകളോട് ഇങ്ങനെയൊക്കെ സംസാരിക്കാൻ പറ്റുമോ, അരുൺ മനസ്സിലോർത്തു.

കുളികഴിഞ്ഞ് വരുമ്പോഴേക്കും പെൺകുട്ടി പോയിരുന്നു….അരുൺ പെങ്ങളുടെ ചെവിക്ക് നുള്ളികൊണ്ടു ചോദിച്ചു. “നീയെന്തിനാ ഒരു പരിചയമില്ലാത്ത ആളുടെ അടുത്ത് വേണ്ടാത്തതൊക്കെ പറയുന്നത് “

“അതേ ചേട്ടാ ആ കുട്ടി ഈ മോട്ടിവേഷണൽ സ്പീക്കർ ആണത്രേ….കോളജുകളിലൊക്കെ ക്ലാസ്സ് എടുക്കാൻ പോകാറുണ്ടത്ര.. പക്ഷെ ഇത്രക്ക് സീരിയാസാണെന്ന് ഞാൻ അറിഞ്ഞില്ല…”

“ആ കുട്ടി പറഞ്ഞതൊക്കെ അച്ഛൻ കേട്ടിട്ടുണ്ടാകും. ഇനി അതും പറഞ്ഞ് എന്നെ ഉപദേശിക്കാൻ വരും. അത് കേട്ട് ഞനെന്തെങ്കിലും പറയും. പിന്നെ അതേ പിടിച്ച് മേക്കിട്ട് കയറും” അരുൺ പറഞ്ഞു.

“അച്ഛന്റെയും മകന്റെയും ലഹള ഇവിടെ സ്ഥിരം പരിപാടിയല്ലേ ..” പെങ്ങൾ നിസാര മട്ടിൽ പറഞ്ഞു.

വേറൊരു ദിവസം പുറത്ത് നിന്ന് വന്ന അരുൺ പെങ്ങളോട് ചോദിച്ചു.

” ആ പെൺകുട്ടിയെ പിന്നെ ഇങ്ങോട്ട് കണ്ടില്ലലോ… എന്ത് പറ്റി ?”

“അതോ…ആ കുട്ടി സിവിൽ സർവീസ് പരീക്ഷ എഴുതിയിരുന്നു. അതിൽ സെലക്ഷൻ കിട്ടാത്തതിന്റെ വിഷമത്തിലിരിക്കുകയാണ്..” പെങ്ങൾ പറഞ്ഞു.

നീ ചായ എടുത്ത് വെക്ക്… ഞാൻ ഇപ്പോൾ വരാം…” അരുൺ പറഞ്ഞു.

ആ കുട്ടിയെ ഇപ്പോൾ ഒന്നു കാണണം…എന്നെ ഇവിടെ വന്ന് കുറെ ഉപദേശിച്ചതല്ലേ… അരുണിന്റെ മനസ്സിൽ ചെറിയ പ്രതികാര ചിന്ത ഉണർന്നു.

അരുൺ പെൺകുട്ടിയുടെ വീട്ടിലെത്തി കോളിംഗ് ബെൽ അമർത്തി. പെൺകുട്ടി തന്നെ വന്ന് വാതിൽ തുറന്നു. മുൻപ് കണ്ട പ്രസരിപ്പ് തീരെ ഇല്ല . പാറിപറഞ്ഞ മുടി.

“ഹായ് അരുൺ… കയറി വരൂ…” പെൺകുട്ടിയുടെ അമ്മയാണ് അകത്തേക്ക് ക്ഷണിച്ചത്.

അരുൺ ഇരുന്നു കൊണ്ട് ചോദിച്ചു… “ഇപ്പോൾ അങ്ങോട്ട് കാണാറേയില്ല… എന്ത് പറ്റി… “

“അത്… ഞാൻ… ഒന്നും ഇല്ല ” പെൺകുട്ടി അലസമായി പറഞ്ഞു.

“അല്ല എന്തോ എക്സാം എഴുതി കിട്ടിയിലാന്ന് കേട്ടു… ” അരുൺ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

“അതേ മോനെ … സിവിൽ സർവീസ് കിട്ടിയാല്ലാന്ന് പറഞ്ഞ് ഒരേ കരച്ചിലാണ്. പുറത്തേക്കാന്നും പോകാറേയില്ല ” പെൺകുട്ടിയുടെ അമ്മ ഇടയ്ക്ക് കയറി പറഞ്ഞു.

അരുൺ ഇരിക്ക് ഞാൻ ചായ കൊണ്ടുവരാം. അവർ അകത്തേക്ക് പോയി.

അരുൺ പെൺകുട്ടിയോട് വീണ്ടും ചോദിച്ചു. “അതേ… നിങ്ങൾകൊക്കെ നിരാശ തോന്നുമോ …മറ്റുള്ളവരെയൊക്കെ ഉപദേശിക്കുന്നയാളല്ലെ…”

“അത്.. എനിക്ക് വളരെ പ്രതീക്ഷയായിരുന്നു. പെട്ടെന്ന് കിട്ടിയില്ലെന്നറിഞ്ഞപ്പോൾ തളർന്നു പോയി” പെൺകുട്ടി താഴോട്ട് നോക്കി പറഞ്ഞു.

“നോക്കൂ.. ഞാൻ നിങ്ങളെ ഉപദേശിക്കാൻ ആളല്ല…” അരുൺ തുടർന്നു…”എനിക്ക് വലിയ ആളുകളുടെ ഉദ്ധരണികൾ മനപാഠവുമല്ല… പക്ഷെ ഒന്നുണ്ട്. നമ്മൾ ജയിക്കാൻ മാത്രമായി പഠിക്കരുത്…എപ്പോഴെങ്കിലും തോൽക്കാൻ കൂടി പഠിക്കണം. എന്നാൽ ഇത്തരത്തിലുള്ള വിഷമങ്ങൾ മറികടക്കാൻ പറ്റും…” Inspiration comes from within yourself…When you are positive good things happen.. നിങ്ങൾ നല്ല കാര്യങ്ങൾ ചിന്തിച്ചാൽ നിങ്ങൾക്ക് നല്ല കാര്യങ്ങളെ സംഭവിക്കൂ..ഇത് വെറെയാരും പറഞ്ഞതല്ല എന്റെ അഭിപായം ആണ്..”

“ഞാൻ പോകട്ടെ …” അരുൺ ഇരിപ്പടത്തിൽ നിന്നെഴുന്നേറ്റ് പെൺകുട്ടിയുടെ അടുത്തേക്ക് ചെന്ന് സ്വകാര്യമായി പറഞ്ഞു.. “അതേ…നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്..ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാണെന്ന്… ഇത് പറയാനാ ഞാൻ ഇപ്പോ വന്നത്”

പെൺകുട്ടി അരുണിനെ ദയനീയമായി നോക്കുന്നതിനിടയിൽ അയാൾ മെല്ലെ നടന്ന് നീങ്ങി.