Story written by NAYANA SURESH
അമ്മ മരിച്ചന്നു രാത്രി മുറിയിൽ വന്ന് കിടക്കുബോൾ അവൾ ശരിക്കും തനിച്ചായിരുന്നു ….
‘കുട്ടി തനിച്ച് കിടക്കണ്ട ഞാൻ കിടക്കാം ‘
അമ്മയുടെ മരണവിവരമറിഞ്ഞ് നാട്ടീന്ന് വന്ന അമ്മായിയുടെ അമ്മയായിരുന്നു അത്…
അമ്മയെ കെട്ടിപ്പിടിച്ച് മേലക്ക് കാലിട്ടാണ് അവൾ ഉറങ്ങാറ് … ഒരു പുതപ്പു കൊണ്ട് പുതച്ച് എത്ര ചേർന്ന് കിടന്നാലും മതിയാകില്ല .
അന്നാദ്യമായി മൂത്രമൊഴിക്കാൻ അവൾ ഒറ്റ ക്കു പോയി … വെള്ളം തനിയെ എടുത്തു കുടിച്ചു . പിറ്റേന്ന് അടുക്കളയിലോട്ട് ചെന്നപ്പോ ഒരു പ്ലേറ്റിൽ ചോറും കറിയും തന്നു അമ്മായി … നല്ല എരുവുള്ള കൂട്ടാൻ .. സാധാരണ എന്ത് കറി വെച്ചാലും ഇത് വേണ്ട അത് വേണ്ട എന്നു പറഞ്ഞ് അമ്മ നിർബന്ധിച്ച് ഊട്ടുകയാണ് പതിവ് .
‘ അവള് എൽ ഐ സി എടുത്തിട്ടുണ്ടാരുന്നു .. അതീന്ന് കിട്ടണേന്ന് അവൾടെ വീടിന്റെ ലോണടക്കും ചെയ്യാം ബാക്കിള്ളത് അവൾടെ മോൾടെ പേരിൽ ബാങ്കിലും ഇടാം, നമുക്ക് ഭാവിയിൽ ബാധ്യതയാവില്ലല്ലോ ‘
അമ്മാവനത് അഭിമാനത്തോടെ എല്ലാ രോടും പറഞ്ഞു …
വീടിന്റെ ഉമ്മറത്ത് ജിമ്മിയുണ്ട് … നായ കുട്ടിയെ വേണമെന്ന് പറഞ്ഞ് കരഞ്ഞു വാശിപ്പിടിച്ചപ്പോൾ അമ്മ വാങ്ങി തന്നതാ ..എന്തൊരു സ്നേഹാ അവന് …
മുറിയുടെ നിലത്ത് അവളിട്ട ഉടുപ്പുകൾ അലക്കാതെ കിടക്കുകയാണ് .. ചെറിയ ബക്കറ്റെടുത്ത് എല്ലാം അതിൽ വാരിട്ട് കഴുകാൻ നടന്നു …. അയയിൽ കുറച്ചെ സ്ഥലമുള്ളു അമ്മായിയുടെ മക്കളുടെ വസ്തങ്ങൾ അലക്കി ഇട്ടിരിക്കാണ്
അമ്മായിം അമ്മാവനും ഇവടല്ലതാമസം .. അവർക്ക് ഇതിനേക്കാൾ വലിയ വീടുണ്ട്..ഇത് ചെറിയ വീടാണ് അച്ഛൻ മരിക്കും മുൻപ് പണിതത് …
‘ നിങ്ങൾ എന്ത് കുന്താ ഈ പറയണെ … ജീവിതകാലം മുഴുവൻ അതിനെ നോക്കാന്നോ ‘
‘ പിന്നെ എന്ത് ചെയ്യും …. ബാധ്യതയില്ലല്ലോ കാശ് ബാങ്കാലില്ലെ ‘
എന്നു വെച്ച് …. അതൊന്നും പറ്റില്ല … നിങ്ങൾ ടെ അനിയൻ സൂത്രക്കാരനാ …പെങ്ങൾടെ ശവടക്കും കഴിഞ്ഞ് ഒറ്റ ഓട്ടാ ഡല്ലിക്ക് .. നമ്മുക്കും വല്ല ബോംബെലോ മദ്രാസ്സിലോ ജീവിച്ചാമതിയാരുന്നു വയ്യാവേലി ഒന്നും തലേവെക്കണ്ടല്ലോ ‘
പിന്നെ ആ കുട്ടിനെ ഒറ്റക്കിടാൻ പറ്റ്വോ ‘
ഞാൻ ഒരു കാര്യം പറയാം നിങ്ങളത് കേട്ടാ മതി ….
അന്ന് വൈകീട്ട് ജിമ്മിയെ കൊണ്ടുവാൻ ആളു വന്നു ….
ഇനി ആര് നോക്കാനാ അതിനെ അമ്മാവൻ ഉറക്കെ ചോദിച്ചു,
അവനും കൂടി പോകുന്നത് അവൾക്ക് സഹിച്ചില്ല … ജിമ്മി അവളെത്തന്നെ നോക്കി നിന്നു …. രണ്ടു ദിവസായി ജിമ്മിക്കും കുറുമ്പ് കുറവാ … അമ്മ ഇല്ലല്ലോ…. കണ്ണ് മറയും ദൂരം വരെ ജിമ്മിയും അവളും നോക്കി നിന്നു .
അമ്മാവന്റെ കൂടെ പോവാൻ അവൾ സാധനങ്ങൾ ഒരുക്കി
വേണ്ടത് മാത്രം എടുത്താ മതിട്ടാ ….
ഇവിടെ എല്ലാം അവൾക്ക് പ്രിയപ്പെട്ടതാണ് .. അത്യാവശ്യം വേണ്ട തുണിയും രണ്ട് പാവക്കുട്ടിയെയും അവൾ കൈ പിടിച്ചു ..
‘ഈ പാവേനെ ഒക്കെ എങ്ങട്ടാ … വണ്ടിയിൽ അല്ലങ്കിലേ സ്ഥലമില്ല’ … അവൾ പാവക്കുട്ടിയെ അലമാരയിൽ കൊണ്ടു വെച്ച് കാറിൽ കയറി …
അന്നു രാത്രി അവിടെയെത്തി …. ഒറ്റക്ക് കിടക്കാൻ പേടിയാണ് അവർക്ക് .. അമ്മ ഇല്ലല്ലോ ?
മോള് കുളിച്ച് ഉടുപ്പ് മാറ് … എന്നിട്ട് ഇന്നലെ കൊണ്ടന്ന ബാഗ് കാറിൽ വെക്ക്
എന്തിനാ … എങ്ങോട്ടാ എന്നൊന്നും അവൾ ചോദിച്ചില്ല …
ഒരു വലിയ സ്കുളിലെ ഹോസ്റ്റൽ മുറിയാരുന്നു അത് …
മോള് നന്നായി പഠിക്കണട്ടോ ‘
ആദ്യമായിട്ടാണ് അവൾ കോൺവെന്റ് സ്കുൾ കാണുന്നത് …. അവൾക്കു പിന്നിൽ ഈശോയുടെ അമ്മ രണ്ടു കൈകളും നീട്ടി നിൽക്കുന്ന പ്രതിമയുണ്ട് …
ശരിക്കും അവളുടെ അമ്മ പോലെ
മോള് വാ … അവൾ തിരിഞ്ഞു അതൊരു സിസ്റ്റർ ആണ്..
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ..
എന്തുവന്നാലും കരയരുതെന്ന അമ്മയുടെ വാക്കുകൾ അവൾക്ക് ഓർമ്മ വന്നു … അമ്മ കരയാറില്ല …
അവൾ കണ്ണുകൾ തുടച്ചു …. പക്ഷേ ….. ആ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞൊഴുകി പുഴ പോലെ ……
(ഈ കഥക്ക് ഒരവസാനം ഞാൻ കൊടുക്കുന്നില്ല … അമ്മയില്ലാത്ത ജീവിതം അപൂർണ്ണമാണ്)