നിറമാല
എഴുത്ത്: അനിൽ പി. മീത്തൽ
കോളജ് തുറന്ന ആദ്യ ദിവസം തന്നെ ജൂനിയർ കുട്ടികളെ ചെറുതായി റാഗിംഗ് ചെയ്യുന്നതിനിടയിലാണ് ആദ്യമായി അനുപമയെ കാണുന്നത്. ഡിഗ്രി ഫസ്റ്റ് ഇയർ സ്റ്റുഡന്റായിരുന്നു അനുപമ. കൈയ്യിൽ കിട്ടിയ എല്ലാവരെയും മോശമല്ലാതെ റാഗ് ചെയ്തിരുന്ന രണ്ടാം വർഷ ഡിഗ്രിക്കാരായ ഞങ്ങളുടെ മുന്നിലേക്ക് വന്നുപെട്ട അനുവിനെ എന്തോ എനിക്ക് വിഷമിപ്പിക്കാൻ തോന്നിയില്ല. ചുരുണ്ട മുടിയും, വലിയ ഭംഗിയുള്ള കണ്ണുകളും കൊലുന്നനെയുള്ള ശരീരവുമുള്ള അനുവിനോട് ആദ്യ കാഴ്ചയിൽ തന്നെ ഒരു പ്രത്യേകത മനസ്സിൽ തോന്നിയിരുന്നു. കൂട്ടുകാരോട് അനുവിനെ ഒഴിവാക്കാൻ പറഞ്ഞെങ്കിലും സാമാന്യം മോശമില്ലാത്ത രീതിയിൽ അനുവിനെയും അവർ റാ ഗ് ചെയ്ത് വിട്ടു. പിന്നീട് അനുവിനോട് ക്ഷമ ചോദിക്കാൻ എന്ന മറവിൽ പലപ്പോഴും കാണാനും സംസാരിക്കാനും ശ്രമിച്ചെങ്കിലും അനു ഒഴിഞ്ഞു മാറി കൊണ്ടിരിന്നു.
ആ സമയത്താണ് എനിക്ക് യൂണിവേഴ്സിറ്റി ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ കിട്ടിയത്. അതോടെ അല്പസ്വല്പം കോളജിൽ അറിയപ്പെടാൻ തുടങ്ങി. പിന്നീട് എപ്പഴോ അനുവിനോട് ഇഷ്ടം തോന്നി തുടങ്ങിയിരുന്നു. പലപ്പോഴും ഇഷ്ടം അറിയിക്കാൻ അനുവിന്റെ മുന്നിൽ ചെന്നാൽ കവാത്ത് മറക്കുകയാണ് പതിവ്.
യുണിവേഴ്സിറ്റി കോച്ചിംഗ് ക്യാമ്പിന് പോകേണ്ടതിന്റെ തലേ ദിവസം അനുവിന്റെ ക്ലാസ്സിന്റെ മുന്നിലൂടെ ഉറ്റസുഹൃത്തായ ജെയിംസുമായി നടന്നു പോകുമ്പോൾ പതിവ് പോലെ അനു ഇരിക്കുന്നിടത്തേക്ക് പാളി നോക്കി. ക്ലാസ്സിൽ അനുവും വെറെ മൂന്ന് പെൺകുട്ടികളും മാത്രം സംസാരിച്ചിരിക്കുന്നു.
“പവി ഇത് നല്ല ചാൻസാണ്….. പോയി മുട്ടി നോക്ക് …” ജെയിംസ് എന്നെ നോക്കി കൊണ്ട് പറഞ്ഞു.
പിന്നീട് ഒന്നും നോക്കിയില്ല. ധൈര്യത്തോടെ ക്ലാസ്സിൽ കയറി അവരുടെ മുന്നിലെത്തി. അനു ഒഴികെ ബാക്കി മൂന്നുപേരും എന്നെ നോക്കി ചിരിക്കുന്നുണ്ട്. അനുമാത്രം താഴോട്ട് നോക്കി നിൽക്കുന്നു.
“എനിക്ക് അനുപമയോട് കുറച്ച് സംസാരിക്കാനുണ്ട്’….” ധൈര്യം സംഭരിച്ച് അത്രയും പറയുമ്പോഴേക്കും മറ്റ് മൂന്ന് പെൺകുട്ടികളും സ്ഥലം കാലിയാക്കി.
“എന്തിനാണ് അവരോട് പോകാൻ പറഞ്ഞത്…..” മുഖമുയർത്തി കൊണ്ട് അനു ചോദിച്ചു.
“ഞാൻ പോകാൻ പറഞ്ഞില്ലല്ലോ..… അവര് സ്വയം പോയതല്ലേ……”
അനുവിന്റെ മുഖത്ത് പരിഭ്രമം ഉണ്ട്.
“അനുപമ വിചരിക്കുന്നപോലെ ഞാൻ അത്രക്ക് പ്രശ്നക്കാരനൊന്നുമല്ല….. പിന്നെ അന്നത്തെ റാഗിംഗിന്റെയാണെങ്കിൽ അതിൽ ഞാൻ ക്ഷമ ചോദിച്ചിരിക്കുന്നു…” അന്തരീക്ഷം ഒന്നു തണുപ്പിക്കാൻ ഞാൻ പറഞ്ഞു.
“എനിക്ക് പോകണം….” അനുപമ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
“പോയിക്കോളൂ… ഞാൻ പറയുന്നത് കേട്ടതിന് ശേഷം പോയിക്കോളൂ…എനിക്ക് അനുപമയെ ഇഷ്ടമാണ്…. ഇത് പറയാൻ പലതവണ ഞാൻ ശ്രമിച്ചതാണ്… എന്തു കൊണ്ടോ സാധിച്ചില്ല”
അനുപമ എന്നെ ഒന്ന് നോക്കി പിന്നെ മുന്നിലുള്ള ബുക്കിൽ എന്തോ കുത്തികുറിച്ചു കൊണ്ടിരുന്നു.
“നോക്കൂ ഞാൻ നാളെ രണ്ടാഴ്ചത്തെ കോച്ചിംഗ് കേമ്പിന് പോവുകയാണ്…. തിരിച്ച് വരുമ്പോഴേക്കും ഇതിന് ഒരു മറുപടി തരണം. മറുപടി എന്തായാലും സാരമില്ല…”
ക്ലാസ്സിൽ നിന്ന് പുറത്തിറങ്ങി തിരിഞ്ഞു നോക്കുമ്പോൾ അനു എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു….
കോച്ചിംങ്ങ് ക്യാമ്പ് കഴിഞ്ഞ് തിരിച്ചു വന്ന എനിക്ക് കോളജ് സ്വീകരണം സംഘടിപ്പിച്ചുണ്ടായിരുന്നു. അതിനിടയിൽ അനുവിനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴേക്കും മനസ്സിൽ ചെറിയ നിരാശ തോന്നി തുടങ്ങിയിരുന്നു.
സ്വീകരണ പരിപാടി ഓഡിറ്റോറിയത്തിൽ ചെറിയ സദസ്സിന് മുന്നിൽ നടക്കുന്നു. അവസാനം സ്വീകരണത്തിന് നന്ദി പറയാൻ ഞാൻ മൈക്കിന് മുന്നിലെത്തി. സദസ്സിനെ ഒന്ന് നോക്കിയ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല. മുന്നിൽ നിന്നു മൂന്നാമത്തെ നിരയിൽ എന്നെ നോക്കി ചിരിക്കുന്ന അനു. മനസ്സിൽ ആയിരം പൂത്തിരി കത്തിച്ച പോലെ …. സന്തോഷം കൊണ്ട് മനപാഠമാക്കിയ പ്രസംഗം അപ്പാടെ മറന്നു പോയി. ഒരു വിധം നന്ദി പറഞ്ഞു പ്രസംഗം നിർത്തി….
അതായിരുന്നു തുടക്കം. പിന്നീട് ഒരു ദിവസവും പോലും പരസ്പരം കാണാതിരിക്കാൻ പറ്റാത്തത്ര രണ്ടാളും അടുത്തു. ഒഴിവുദിനങ്ങൾ വിരസമായി തോന്നി… രണ്ട് വർഷം അങ്ങനെ പോയി. ഫൈനൽ ഇയർ തീരാൻ ഒരു മാസം മുൻപേയാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം ഉണ്ടായത്.
ബിസിനസ്സിലുണ്ടായ വൻ നഷ്ടം കാരണം ഒരു തുണ്ട് കയറിൽ ജീവിതം അവസാനിപ്പിച്ച അച്ഛൻ ഒറ്റയ്ക്കാക്കിയത് ഞാനും അമ്മയും ചേച്ചിയുമടങ്ങിയ മൂന്ന് പേരെയാണ്. പക്വത എത്തുന്നതിന് മുൻപ് തന്നെ കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കേണ്ടി വന്നു. കിട്ടിയ തുകയ്ക്ക് താമസിക്കുന്ന വീട് വിറ്റ് അമ്മയുടെ തറവാട്ടിലേക്ക് താമസം മാറ്റി. ചേച്ചിയുടെ വിവാഹം കഴിപ്പിച്ചു. പിന്നീടുള്ള ജീവിതം അമ്മയുടെ സന്തോഷത്തിന് വേണ്ടി മാത്രമായിരുന്നു. വീട്ടിൽ നിന്നകന്ന് കൊണ്ടുള്ള ജോലി ഉപേക്ഷിച്ചതും നാട്ടിൽ തന്നെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നതും അമ്മയെ വിഷമിപ്പിക്കരുത് എന്ന് വെച്ചിട്ടാണ്.
“പവി എന്താണ് ആലോചിക്കുന്നത്’… ” സിറ്റി പാർക്കിനടുത്തുള്ള ബീച്ചിലുടെ നടക്കുന്നതിനിടയിൽ മുഖത്തേക്ക് വീണ തലമുടി ഒതുക്കി കൊണ്ട് അനുപമ ചോദിച്ചു.
“ഞാൻ പഴയ കാര്യങ്ങൾ ഓർക്കുകയിരുന്നു…. ” ഓർമ്മയിൽ നിന്നുണർന്ന പവി അനുപമയോട് പറഞ്ഞു.
ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമാണ് അനുവിനെ കാണുന്നത്. ജെയിംസാണ് അനു നാട്ടിലുള്ള കാര്യം എന്നെ അറിയിച്ചതും എന്നെ കാണാനാഗ്രഹമുണ്ടെന്നറിയിച്ചതും. ജെയിംസ് ഇപ്പോൾ ഹൈസ്കൂൾ ഹെഡ് മാസ്റ്ററാണ്.
ബീച്ചിൽ ആളുകൾ വന്നു തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ.
“അനുവിനോട് ഒന്നും പറയാതെ ഞാൻ പഠിത്തം അവസാനിപ്പിച്ച് പോയപ്പോൾ എന്നോട് ദേഷ്യം തോന്നിയിരുന്നോ…”
“തോന്നിയിരുന്നു… ദേഷ്യവും, സങ്കടവും, നിരാശയുമൊക്കെ തോന്നിയിരുന്നു…. കുറച്ച് ദിവസം കോളജിൽ പോലും പോയില്ല…പക്ഷെ പിന്നിടാണ് പവിയുടെ കാര്യങ്ങളൊക്കെ അറിഞ്ഞത് … “
“അനുവിനറിയുമോ….എല്ലാ സൗഭാഗ്യത്തിലും കഴിഞ്ഞ കുടുംബമായിരുന്നു ഞങ്ങളുടേത്… അച്ഛൻ പോയപ്പോൾ ഒരു സുപ്രഭാതത്തിൽ എല്ലാം നഷ്ടപ്പട്ട് പെരുവഴിയിലായത് പോലെ തോന്നി … പക്വത എത്തുന്നതിന് മുൻപ് കുടംബത്തിന്റെ ഉത്തരവാദിത്യം ഏറ്റെടുക്കേണ്ടി വന്നു… അതൊരു വല്ലാത്ത അവസ്ഥയായിരുന്നു…അനുവിന് അത് എത്രത്തോളം മനസ്സിലാവുമെന്നറിയില്ല”
” എനിക്ക് മനസ്സിലായിരുന്നു…എന്റെ ഏട്ടനെ കുറിച്ച് പവിയോട് ഞാൻ പറഞ്ഞിരുന്നില്ലേ… അച്ഛനും അമ്മയും ചെറുപ്പത്തിലെ നഷ്ടപ്പെട്ട എനിക്ക് ഏട്ടനായിരിരുന്നു എല്ലാം. ഏട്ടനോട് ഞാൻ നമ്മുടെ ഇഷ്ടത്തെ കുറിച്ചു പറഞ്ഞിരുന്നു. ആദ്യമൊക്കെ എതിർത്തിരുന്നെങ്കിലും പിന്നീട് പവിയെ കണ്ട് സംസാരിക്കാമെന്ന് സമ്മതിച്ചിരുന്നു. പിന്നീട് പവിയെ അന്വേഷിച്ച് ഏട്ടൻ വന്നിരുന്നെങ്കിലും നിങ്ങൾ വീട് മാറി പോയതായി അറിഞ്ഞു…പിന്നീട് ഞാനും കാണാൻ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല…”
“അതുപോകട്ടെ… പവിയെന്താ ഇതുവരെ വിവാഹം കഴിക്കാതിരുന്നത്…” അനുപമ ആകാംഷയോടെ ചോദിച്ചു.
“എന്തോ…. വിവാഹം കഴിച്ചില്ല അത്ര തന്നെ… ” പവി അലസമായി പറഞ്ഞു.
ജീവിതത്തിൽ ഒരു പെണ്ണ് എന്ന് ആലോചിക്കുമ്പോഴൊക്കെ അനുവിന്റെ മുഖം മാത്രമേ മനസ്സിലെപ്പോഴുമുണ്ടായിരുന്നുള്ളൂ… പവി മനസ്സിലോർത്തു…
“അനുവിന്റെ കുടുംബം നാട്ടിൽ ഉണ്ടോ… ജെയിംസ് പറഞ്ഞിരുന്നു ഒരു മകളുണ്ടെന്ന്… “വിഷയം മാറ്റാനായി പവി ചോദിച്ചു.
അനുപമയുടെ മുഖം വാടുന്നത് പവി ശ്രദ്ധിച്ചു.
“എന്തു പറ്റി അനു… ഞാൻ ചോദിച്ചത് ഇഷ്ടമായില്ലേ…”
“നമുക്ക് കുറച്ച് നേരം അവിടെ ഇരുന്നാലോ… ” ബീച്ചിലെ സിമന്റ് ബെഞ്ച് ചൂണ്ടികാണിച്ച് അനുപമ ചോദിച്ചു,
“പവിക്കറിയുമോ…. കഴിഞ്ഞ ആറ് മാസമായി ഞാൻ ഇവിടെ ഏട്ടന്റെ കൂടെ ഒറ്റക്കാണ് താമസം… ” സിമന്റ് ബെഞ്ചിൽ ഇരുന്ന് കൊണ്ട് അനുപമ പറഞ്ഞു.
“അപ്പോൾ ഭർത്തവ്, മകൾ…. ?”
“എല്ലാവരുമുണ്ട്. ഭർത്താവ്, മകൾ എല്ലാവരും..പക്ഷെ ഞാൻ തനിച്ചാണ് ….”
പവി ഒന്നും മനസ്സിലാകാതെ അനുപമയെ തന്നെ നോക്കി.
“ഞാൻ പറയാം”… അനുപമ തുടർന്നു. “ഡിഗ്രി കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ എന്റെ വിവാഹം കഴിഞ്ഞു. ബോംബെയിൽ സെറ്റിൽഡായ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ഞങ്ങൾ തമ്മിൽ ഒരു രീതിയിലും ചേരില്ലായിരുന്നു. ജാതക പൊരുത്തമേറെയുണ്ടായിരുന്നെങ്കിലും മനപൊരുത്തമുണ്ടായിരുന്നില്ല…തൊട്ടതിനും പിടിച്ചതിനുമൊക്കെ എപ്പോഴും കലഹിക്കും. മകൾക്ക് നാല് വയസ്സായപ്പോൾ അയാൾ വെറൊരു സ്ത്രീയുമായി റിലേഷനിലാണെന്ന് അറിഞ്ഞു. പിന്നീട് ഒന്നിച്ച് ജീവിക്കാൻ മനസ്സനുവദിച്ചില്ല. മോളെയുമെടുത്ത് വാടക വീട്ടിലേക്ക് താമസം മാറി”
അനുപമ ഒന്ന് നിറുത്തി…പിന്നെ തുടർന്നു
“എനിക്ക് ജോലിയുണ്ടായിരുന്നത് കൊണ്ട് പ്രശ്നമുണ്ടായിരുന്നില്ല.. മകളെ നല്ല നിലയിലാക്കണമെന്ന് മാത്രമായി ലക്ഷ്യം”
“ഇത്രയും പ്രശനങ്ങളുണ്ടായിട്ടും ഏട്ടനെ അറിയിച്ചില്ലേ”… പവി ഇടയ്ക്ക് ചോദിച്ചു.
“ഏട്ടനോട് ഞാൻ കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല….. എനിക്ക് വാശിയായിരുന്നു… അയാളുടെ മുന്നിൽ തന്നെ ജീവിച്ചു കാണിക്കാൻ… പിന്നീടങ്ങോട്ട് എന്നിലേക്ക് തന്നെ ഒതുങ്ങികൂടിയുള്ള ജീവിതമായിരുന്നു… മകൾ വലുതായി… MBA നല്ല മാർക്കോടെ പാസ്സായി പെട്ടെന്ന് തന്നെ ഒരു നല്ല കമ്പനിയിൽ ജോലി കിട്ടി. ജീവിതത്തിൽ എന്തൊക്കെയോ നേടിയെന്ന് തോന്നിയത് അപ്പോഴായിരുന്നു… പക്ഷെ ആ സന്തേഷം അധികം നീണ്ടു നിന്നില്ല.
അനുപമയുടെ മുഖം വരിഞ്ഞ് മുറുകുന്നത് പവി ശ്രദ്ധിച്ചു.
“ജോലി കിട്ടി ആറ് മാസത്തിന് ശേഷമാണ് എന്നെ തളർത്തിയ ആ സംഭവമുണ്ടായത്. മകൾക്ക് അവളുടെ ഓഫീസിലെ തന്നെ ഒരാളുമായി പ്രണയമുണ്ടായിരുന്നു. അയാൾക്ക് അവളുടെ ഇരട്ടി പ്രായുമുണ്ടായിരുന്നു. അതിന്റെ പേരിൽ ഞാനുമായി ചെറിയ വഴക്കുണ്ടായിരുന്നു. ഒരു ദിവസം മകൾ എന്നെ വിളിച്ച് പറഞ്ഞു അവർ ലിവിംങ്ങ് ടുഗതർ ആണെന്നും ഇനി മുതൽ വീട്ടിലോട്ട് വരുന്നില്ലെന്നും… “
അനുപമയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….
“കുറച്ച് ദിവസങ്ങൾ ഞാൻ കടുത്ത ഡിപ്രഷനിലായിരുന്നു… ഊണും ഉറക്കവുമില്ലാത്ത ദിനങ്ങൾ .. ജീവിതം കൈവിട്ട് പോകുകയാണെന്ന് തോന്നി… പിന്നീട് കാര്യങ്ങളൊക്കെ അറിഞ്ഞ ഏട്ടൻ എന്നെയും കൊണ്ട് നാട്ടിലേക്ക് വരികയായിരുന്നു. ” അനുപമ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു നിർത്തി.
കുറച്ച് സമയം ഇരുവരും നിശബ്ദരായി.
“വരൂ നമുക്ക് അല്പം നടക്കാം…” പവി എഴുന്നേറ്റ് നിന്ന് കൊണ്ട് പറഞ്ഞു.
രണ്ട് പേരും കടൽ തീരത്തെ നനഞ്ഞ പൂഴി മണ്ണിലൂടെ നടന്നു. ബീച്ചിൽ ആളുകൾ കൂടി കൊണ്ടിരിക്കുന്നു. അകലെ സൂര്യൻ മറയാൻ തുടങ്ങിയിരുന്നു.
“നോക്കൂ അനു … നമ്മൾ ആഗ്രഹിച്ച പോലെയൊന്നുമാവില്ല ചിലപ്പോൾ ജീവിതം മുന്നോട്ട് പോകുന്നത്. നമ്മുടെ കാര്യം തന്നെ നോക്കൂ. എന്തൊക്കെ സ്വപ്നങ്ങൾ കണ്ടിരുന്നു നമ്മൾ… പക്ഷെ ആഗ്രഹിച്ച പോലെയുള്ള ജീവിതം നമ്മൾ രണ്ടാൾക്കും കിട്ടിയില്ല” പവി അനുപമയെ ആശ്വസിപ്പിക്കനെന്നോണം പറഞ്ഞു.
കുറച്ച് നേരത്തെ മൗനത്തിന് ശേഷം പവി തുടർന്നു “ഞാനൊരു കാര്യം വളച്ച് കെട്ടില്ലാതെ ചോദിക്കട്ടെ അനു… ഇനിയുള്ള കാലം നമുക്ക് ഒന്നിച്ച് ജീവിച്ചു കൂടെ.. ഈ കണ്ടുമുട്ടൽ അതിനുള്ള നിമിത്തമാണെന്ന് കരുതി കൂടെ”
പവിയുടെ പെട്ടന്നുള്ള ചോദ്യം കേട്ട് അനുപമ ഒന്നമ്പരന്നു… വർഷങ്ങൾക്ക് മുൻപ് ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ..
“നമ്മുടെ പഴയ കാലമൊക്കെ ഞാൻ എപ്പോഴും ഓർക്കാറുണ്ട്..ഒറ്റപ്പെട്ട് പോയപ്പോഴും ആശ്വാസമായത് നമ്മുടെ ആ പഴയ ഓർമകളായിരുന്നു. എന്നാലും… ഒന്നിച്ചുള്ള ജീവിതം….അതിനുള്ള യോഗ്യത എനിക്കുണ്ടോ.. എല്ലാം അവസാനിച്ചു എന്ന് കരുതിയതാണ്…”
“അനുവിനേയുള്ളൂ ആ യോഗ്യത… പവി അനുവിന്റെ കൈകൾ ചേർത്തുപിടിച്ച് പറഞ്ഞു… ഒന്നും എവിടെയും അവസാനിക്കുന്നില്ല… നമ്മൾക്ക് രണ്ടു പേർക്കുമായി കാലം കാത്തുവെച്ചതായിരിക്കാം ഇനിയുള്ള ജീവിതം “
അനുപമ പവിയുടെ കണ്ണുകളിലേക്ക് നോക്കി… ആ പഴയ സ്നേഹവും കരുതലും കണ്ണുകളിൽ കണ്ടു… പിന്നെ പതുക്കെ പവിയുടെ നെഞ്ചിൽ തല ചായ്ച്ച് നിന്നു… ഒരു കുഞ്ഞ് തിര വന്ന് അവരുടെ കാലുകളെ തഴുകി പിൻവാങ്ങി പോയി.
“കുട്ട്യേ ഇങ്ങനെ വെറുതെ ഇരുന്നാൽ എങ്ങനാ…. രണ്ടീസല്ലേ ഉള്ളൂ കല്യാണത്തിന് … ” അമ്മയുടെ ശബദം കേട്ടാണ് സ്വപ്നലോകത്തായിരുന്ന പവി ഉണർന്നത്.
“അമ്മ ദയവ് ചെയ്ത് എന്നെ കുട്ടീന്ന് വിളിക്കരുത്… അനു എങ്ങാനും കേട്ടാൽ ചിരിക്കും” പവി അമ്മയോട് പരിഭവത്തോടെ പറഞ്ഞു.
“ഇല്ല… ആ കുട്ടി വന്നാൽ ന്റെ കുട്ടീനെ ഞാൻ കുട്ടീന്ന് വിളിക്കില്ല…” അമ്മ പവിയെ നോക്കി നിഷ്കളങ്കമായി ചിരിച്ചു.
അമ്മയെ ഇപ്പോൾ കണ്ടാൽ വലിയൊരു ഹാർട്ട് ഓപറേഷൻ കഴിഞ്ഞയാളാണെന്ന് തോന്നുകയേയില്ല … ഡോക്ടർ പറഞ്ഞത് വലിയ ദുഃഖങ്ങളോ സന്തോഷങ്ങളോ താങ്ങാനുള്ള ശക്തി ആ ഹൃദയത്തിനില്ലെന്നാണ്. എപ്പോഴും വയ്യായ്ക പറയാറുള്ള അമ്മക്ക് ഇപ്പോൾ തിരക്കൊഴിഞ്ഞ സമയമില്ല. വീട്ടിന്റെ മുറ്റത്ത് വരെ ഇറങ്ങാത്ത അമ്മ ഇപ്പോൾ അയൽപക്കത്തൊക്കെ പോകുന്നു… അനുവിനെ കുറിച്ച് സംസാരിക്കുന്നു….. അമ്മ ആകെ മാറിയിരിക്കുന്നു. പവിക്ക് തോന്നി
“അമ്മേ ഞാൻ പുറത്തേക്ക് പോകുകയാണ് …ജെയിംസ് അത്യാവശ്യമായി കാണണമെന്ന് പറഞ്ഞിട്ടുണ്ട്…” വേഷം മാറി വന്ന പവി അമ്മയോടായി പറഞ്ഞു.
“ഇന്നാണ് നിന്റെയും അനുവിന്റെയും പേരിൽ തേവരുടെ അമ്പലത്തിൽ നേർന്ന നിറമാല …അത് മറക്കണ്ട … തേവരുടെ കാര്യത്തിൽ ഒരു കുറവും വരുത്തരുത്…” അമ്മ പവിയെ ഓർമ്മിപ്പിച്ചു.
“ഞാൻ വേഗത്തിൽ വരും.. അമ്മ അമ്പലത്തിൽ പോകാൻ റെഡിയായിരിന്നോളൂ …”
സ്കൂൾ സ്റ്റോപ്പിൽ ബസിറങ്ങിയ പവി നെരെ സ്കൂൾ ലഷ്യമാക്കി നടന്നു. ദൂരെ നിന്ന് തന്നെ മഞ്ഞ പെയിന്റടിച്ച സ്കൂളിന്റെ ബോർഡ് കാണാം. സ്കൂൾ ഗേറ്റിന് അഭിമുഖമായി പ്രൗഡിയോടെ പരന്ന് കിടക്കുന്ന സ്കൂൾ കെട്ടിടങ്ങൾ. സ്കൂളും പരിസരവും ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു.
“ജെയിംസ് എന്താണ് ഇത്ര ആത്യാവശ്യമായിട്ട് വരാൻ പറഞ്ഞത് ” ജെയിംസിന് അഭിമുഖമായുള്ള കസേരയിൽ ഇരുന്നുകൊണ്ട് പവി ചോദിച്ചു.
ജെയിംസ് പവിയെ തന്നെ നോക്കി അൽപ സമയം ഒന്നും മിണ്ടാതെ ഇരുന്നു.
“ജെയിംസ് എനിക്ക് പോയിട്ട് ധൃതിയുണ്ട്… കാര്യമെന്താന്നുവെച്ചാൽ പറയൂ”… പവി അക്ഷമയോടെ പറഞ്ഞു.
“ഞാൻ പറയാം… നിന്നെ അനുപമ വിളിച്ചിരുന്നോ …” ജെയിംസ് ചോദിച്ചു
” ഇല്ല …. മൂന്ന് ദിവസം മുൻപെ സംസാരിച്ചിരുന്നു…എന്താ കാര്യം..”
ജെയിംസ് വീണ്ടും നിശ്ശബ്ദനായി…
പവിയുടെ മുഖത്തെ അതൃപതി മനസ്സിലാക്കിയ ജെയിംസ് തുടർന്നു…
“അനുപമയുടെ ചേട്ടൻ ഇന്ന് രാവിലെ എന്നെ വിച്ചിച്ചിരുന്നു… അവർക്കൊക്കെ നിന്നെ നേരിട്ട് വിളിച്ച് കാര്യം പറയാൻ വിഷമമുളളത് കൊണ്ടാണ് എന്നെ വിളിച്ചത്”
“എന്താ കാര്യം…. തെളിച്ച് പറയൂ ജെയിംസ്..” പവി അൽപ്പം ശബ്ദമുയർത്തി പറഞ്ഞു.
“ഞാൻ പറയാം… ജെയിംസ് തുടർന്നു… ഇന്നലെ രാവിലെ അനുപമയുടെ മകൾ ഒരു അബദ്ധം കാണിച്ചു… ആ കുട്ടി ആത്മഹത്യക്ക് ശ്രമിച്ച് ഇപ്പോൾ സീരിയസ്സായി ഹോസ്പിറ്റലിൽ ആണ്… മകളുടെ കൂടെ താമസിച്ചിരുന്നയാൾ അവളെ ചതിച്ചു…അയാൾ വെറെ വിവാഹം കഴിച്ചത്രേ… ഇപ്പോൾ മകൾ അനുപമയെ കാണാണെമെന്ന് പറഞ്ഞ് നിർബന്ധം പിടിക്കുന്നു… അമ്മ വന്നിലെങ്കിൽ ജീവിച്ചിരിക്കില്ലെന്ന് കുട്ടി പറഞ്ഞത്രേ…. എത്രയായാലും സ്വന്തം മകളല്ലേ… അനുപമക്ക് പിടിച്ച് നിൽക്കാൻ പറ്റിയില്ല…ഇന്ന് രാവിലെത്തെ ഫ്ലൈറ്റിൽ അനുപമ മുംബയിലേക്ക് തിരിച്ചു പോയി “
ജെയിംസ് പറഞ്ഞ് നിർത്തി …
“അതിനെന്താ… അനുവിന്റെ മകളുടെ അസുഖം ഭേദമായാൽ രണ്ടുപേർക്കും തിരിച്ച് വരാല്ലോ… എനിക്ക് അതുകൊണ്ട് ഒരു പ്രശ്നവുമില്ല ജെയിംസ്… “
“പ്രശ്നമുണ്ട് പവി…” തന്റെ ഇരിപ്പിടത്തിൽ നിന്നെണീറ്റ് പവിയുടെയടുക്കലെത്തി ജെയിംസ് തുടർന്നു … അനുപമയുടെ ഭർത്താവും അവളെ കാത്തിരിക്കുകയാണ്. അയാൾക്ക് ഇനിയുള്ള കാലം അനുപമയോടും മകളുമൊത്ത് കഴിയണമത്രേ…. പിന്നെ അവർ തമ്മിൽ നിയമപരമായി പിരിഞ്ഞിട്ടുമില്ലല്ലോ..” ജെയിംസ് പറഞ്ഞ് നിർത്തി പവിയെ നോക്കി ….
പവിയുടെ മുഖം വിളറിയിരിക്കുന്നു…കുറച്ച് നേരം മുഖം താഴ്ത്തി ഇരുന്ന പവി ഇരിപ്പടത്തിൽ നിന്നെഴുന്നേറ്റ് ജെയിംസിന്റെ കൈ പിടിച്ച് കൊണ്ട് ചോദിച്ചു…
“ഞാൻ എന്റെ അമ്മയോട് എന്തു പറയും ജെയിംസ്… അമ്മയ്ക്കിത് താങ്ങാൻ പറ്റില്ല…എനിക്ക് നഷ്ടപ്പെടുന്നത് അനു മാത്രമല്ല അമ്മയും കൂടിയായിരിക്കും…” പവിയുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു…കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു….
ജെയിംസ് എന്തു പറയണമെന്നറിയാതെ വിഷമിച്ചു നിന്നു.
“ശരി …ഞാൻ പോകട്ടെ ജെയിംസ്… പോയിട്ട് അൽപം ജോലിയുണ്ട്… നമുക്ക് പിന്നെ കാണാം…” പവി പോകാൻ ധൃതി കാട്ടി…
“പവി നീ അൽപ സമയം കൂടി ഇവിടെ ഇരിക്കൂ… കുറച്ച് കഴിഞ്ഞ് ഞാനും വരാം നിന്റെ കൂടെ വീട്ടിലേക്ക് ..” ജെയിംസ് പറഞ്ഞു
“വേണ്ട ജയിംസ് … എനിക്ക് ഇപ്പോൾ തന്നെ പോകണം… അമ്മ വീട്ടിൽ കാത്തിരിക്കുണ്ടാവും….ഇന്ന് തേവരുടെ അമ്പലത്തിൽ നിറമാലയുണ്ട്… എനിക്കും 1 അനുവിനും വേണ്ടി അമ്മ നേർന്നതാണ്..”
നിറഞ്ഞ കണ്ണുമായി ധൃതിയിൽ പുറത്തേക്ക് പോകുന്ന പവിയെ വേദനയോടെ ജെയിംസ് നോക്കി നിന്നു.