സംരഭക
Story written by NISHA L
അലമാരയിൽ പൊടി പിടിച്ചിരുന്ന സർട്ടിഫിക്കറ്റുകൾ നോക്കി ആരതി നെടുവീർപ്പിട്ടു.!!!
ഓ പിന്നെ…. എല്ലാ കഥകളിലും നായിക സർട്ടിഫിക്കറ്റ് നോക്കി നെടുവീർപ്പിടുന്നത് കാണാം. അതു കൊണ്ട് ഞാനും ഇട്ടെന്നേയുള്ളൂ…
നിങ്ങൾ വിചാരിക്കുന്ന ഒരു നായികയെ അല്ല ആരതി എന്ന ഈ ഞാൻ.
കഴിഞ്ഞ മാസം വീട്ടിൽ ചെന്നപ്പോൾ അച്ഛൻ പറഞ്ഞു..
“നിനക്ക് എന്തെങ്കിലും ഒരു ജോലിക്ക് ശ്രമിച്ചു കൂടെ ആതി…? “
പിന്നേ…. ഡിഗ്രി അവസാന വർഷ എക്സാം എഴുതി റിസൾട്ട് പോലും വരും മുൻപേ കെട്ടിച്ചു വിട്ടപ്പോൾ ആലോചിക്കണമായിരുന്നു…. !!!
മകൾക് ജോലി വേണം എന്നുണ്ടായിരുന്നു എങ്കിൽ മൂന്നാല് വർഷം കൂടി കാത്തിട്ടു ജോലി ആയി സ്വന്തം കാലിൽ നിന്നതിനു ശേഷം വിവാഹം ചെയ്തു വിടണമായിരുന്നു.
അതിനു പകരം ഞാൻ ആരുടെയോ കൂടെ ഓടി പോകാൻ നിൽക്കുന്ന പോലെ അല്ലായിരുന്നോ ധൃതി പിടിച്ചു കെട്ടിച്ചു വിട്ടത്….
ആരതി ആത്മഗതം ചെയ്തു…..
ഉറക്കെ പറഞ്ഞാൽ ചിലപ്പോൾ കണ്ടം വഴി ഓടേണ്ടി വരും….
വീട്ടിൽ ഇരുന്നു മടി പിടിച്ചു പോയി.. ജോലിക്ക് പോകുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും വയ്യ.. അതു പറഞ്ഞാൽ എല്ലാരും കൂടി തന്നെ ഉപദേശിച്ചു കൊല്ലും… !!
കല്യാണം കഴിഞ്ഞു വേഗം തന്നെ പ്രെഗ്നന്റ് ആയി…. അതിപ്പോ കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങൾ പ്രെഗ്നന്റ് ആകും. അതു പുതിയ കാര്യം ഒന്നുമല്ലല്ലോ. അതിനു ആരും എന്നെയോ, എന്റെ കെട്ടിയോനെയോ കുറ്റം പറയാൻ നിൽക്കണ്ട.. ഹല്ലപിന്നെ..
കിങ്ങിണി മോൾ ഉണ്ടായ ശേഷം മാസങ്ങളും വര്ഷങ്ങളും ഒന്നും പോകുന്നതേ അറിഞ്ഞില്ല. !!
പക്ഷേ ഇപ്പോഴാണ് പ്രശ്നം തുടങ്ങിയത്. മോൾക് നാലു വയസ് ആയപ്പോൾ lkg യിൽ കൊണ്ട് ചേർത്തു.
അവൾ സ്കൂളിൽ പോയി കഴിഞ്ഞാൽ ഭയങ്കര ബോറടി ആണ്. അമ്മായിഅമ്മയും കൂടി സഹായിക്കുന്നത് കൊണ്ട് വീട്ടു ജോലിയും ക്ലീനിങ്ങും ഒക്കെ പെട്ടെന്ന് കഴിയും.
തുണി കഴുകൽ വലിയ ഒരു ജോലിയായിരുന്നു. അതിനു ഒരു പരിഹാരം എന്ന നിലയിൽ കഴിഞ്ഞ ലീവിന് വന്നപ്പോൾ മനുവേട്ടൻ ഒരു വാഷിംഗ് മെഷീൻ വാങ്ങി തന്നിരുന്നു. ഇപ്പോൾ അതു കൊണ്ട് ഫ്രീ ടൈം ഒരുപാട് ഉണ്ട്…
എങ്കിൽ എന്തെങ്കിലും ഒക്കെ ചെയ്യാം എന്ന് വിചാരിച്ചാൽ തനിക്കു അങ്ങനെ പ്രേത്യേകിച്ചു ഒരു കഴിവും ഇല്ല. വല്ല തയ്യലും അറിയാരുന്നേൽ അങ്ങനെ എങ്കിലും കുറച്ചു ജോലി ചെയ്തു സാമ്പത്തികം ഉണ്ടാക്കാമായിരുന്നു…
ഇനി ഇപ്പോൾ എന്താ ചെയ്യുക? . ആരതി ഗഹനമായി ചിന്തിച്ചു.
അപ്പോഴാണ് അവളുടെ കണ്ണിൽ കുറച്ചു പച്ചക്കറി വിത്തുകൾ കണ്ടത്.
കിട്ടിപ്പോയി.. !!പച്ചക്കറി കൃഷി ചെയ്തു ഒരു വലിയ കർഷക ആകണം. നാളെ തന്നെ തുടങ്ങണം.. ഇന്നിനി സമയം ഇല്ല…
????
സ്കൂൾ വിട്ട് കിങ്ങിണി മോൾ വന്നു.. പിന്നെ അവളുടെ പിറകെ നടന്നു.. കുളിപ്പിക്കലും കഴിപ്പിക്കലും പഠിപ്പിക്കലും ആകെ ബഹളം…
???
തന്റെ പച്ചക്കറി തോട്ടത്തിൽ പാവലും പയറും കോവലും തക്കാളിയും ഒക്കെ വിളഞ്ഞു പാകമായി കിടക്കുന്നതു കണ്ടു അവളുടെ മനസ് നിറഞ്ഞു. അടുത്തുള്ള വീട്ടുകാർ ഒക്കെ ഓർഡർ തന്നിട്ടുണ്ട്. ഇനി കൃഷി കുറച്ചു കൂടി വിപുലപ്പെടുത്തണം. എന്നിട്ട് മാർകെറ്റിൽ വിൽക്കണം…
ണിം… ണിം … ണിം.. !!
ശെടാ ഇതെന്താ ഒരു ശബ്ദം…. ങ്ഹേ.. അലാറം അടിച്ചതാണോ.?… ..
ശോ അപ്പൊ എന്റെ പച്ചക്കറി…. ഓർഡർ.. മാർക്കറ്റ്… ബാങ്ക് ബാലൻസ്…
ഛെ… എല്ലാം സ്വപ്നം ആയിരുന്നോ..!!!
ആ സാരമില്ല… നാളെ പുതിയ ഒരു പ്രൊജക്റ്റ് സ്വപ്നം കാണാം ?
NB : നോക്കണ്ടടാ ഉണ്ണി ഇത് ഞാനല്ല ??