Story written by SRUTHY MOHAN
ഒരു ബസ് യാത്രയിലാണ് അവളെ കണ്ടുമുട്ടിയത്. അവളുടെ നീളം കുറഞ്ഞ ചുരുളൻ മുടിയിഴകൾ കാറ്റിൽ പറന്നു മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു…
ഇടക്ക് മഴ പെയ്തു തുടങ്ങിയപ്പോൾ ബസിൽ എല്ലാവരും വിൻഡോ ഷട്ടർ അടച്ചു….മഴ മുഖത്തേക്ക് ശക്തിയിൽ പതിച്ചിട്ടും ഉടുത്തിരുന്ന വസ്ത്രത്തിന്റെ മുൻവശം മുഴുവനായി നനഞ്ഞിട്ടും അറിയാതെ അവൾ ഇരിക്കുന്നത് കണ്ട് ആളുകൾ ശ്രെദ്ധിച്ചു തുടങ്ങിയപ്പോൾ ഞാൻ അവളോട് വിന്ഡോ ഷട്ടർ അടക്കുന്നതിനാവശ്യപ്പെട്ടു….
അവൾ പെട്ടെന്നു ഞെട്ടി എഴുന്നേറ്റു ഷട്ടർ അടച്ചു…ആകെ നനഞ്ഞ അവൾ നന്നായി വിറച്ചു തുടങ്ങി…അവളോട് സഹതാപം തോന്നി ഞാൻ യാത്രകളിൽ സ്ഥിരമായി കരുതാറുള്ള ഫ്ലാസ്‌കിൽ നിന്നും കുറച്ചു കാപ്പി എടുത്ത് അവൾക്ക് കൊടുത്തു…
കപ്പ് വാങ്ങുമ്പോൾ അവളുടെ ഇരുനിറമുള്ള കൈത്തണ്ടയിൽ നിറത്തിൽ നീളത്തിൽ കണ്ട കരുവാളിച്ച പാടിലേക്ക് എന്റെ കണ്ണുകൾ നീണ്ടു….അത് ഇടക്ക് പൊള്ളി അടർന്നു ഇരിക്കുന്നുണ്ടായിരുന്നു..കൈകളും കഴുത്തും കാതുമെല്ലാം ഒഴിഞ്ഞു ഒരു ഇളം നിറമുള്ള കോട്ടൺ സാരി അലസമായി ദേഹത്തോട് ചുറ്റിയിരിക്കുന്നു….
ഞാൻ കൊടുത്ത കപ്പ് വാങ്ങുമ്പോൾ അവളുടെ കൈകൾ വിറച്ചിരുന്നു…കപ്പ് താഴെ വീണു പോകുമോ എന്ന് എനിക്ക് തോന്നി.ചൂടുള്ള കാപ്പി അവളുടെ ചുണ്ടോടു ചേർന്നപ്പോൾ അവൾ പൊള്ളിയത് പോലെ കപ്പ് പിൻവലിച്ചു..ഞാൻ നോക്കിയപ്പോൾ ചുണ്ടിൽ മുറിവുകൾ ഉണ്ടായിരുന്നു…
എനിക്ക് എന്തോപോലെ തോന്നി…അവൾ പതിയെ കാപ്പി കുടിച്ചു കപ്പ് എനിക്ക് തിരികെ നൽകി. എന്നെ നന്ദിയോടെ നോക്കി… സീറ്റിലേക്ക് ചാരികിടന്നു കണ്ണുകളടച്ചു.
എനിക്ക് അവളോട് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു…അവളുടെ നിർവികാരമായ മുഖത്തേക്ക് നോക്കി എനിക്കൊന്നും ചോദിക്കാൻ ആവുമായിരുന്നില്ല..
മഴ ശമിച്ചപ്പോൾ എല്ലാവരും വിൻഡോ ഷട്ടർ മുകളിലേക്ക് ഉയർത്തി…അവളെ ഉണർത്താതെ ഞാൻ പതിയെ ഷട്ടർ ഉയർത്തി..തിരികെ കയ്യെടുക്കുമ്പോൾ നനഞ്ഞ അവളുടെ സാരിക്കിടയിലൂടെ വയറിൽ നീളത്തിൽ ചില പാടുകൾ ഞാൻ കണ്ടു. എനിക്കാകെ വല്ലായ്മ തോന്നി..
ഏറെ നേരത്തെ യാത്രക്ക് ശേഷം വാഹനം ഒരു സ്റ്റാൻഡിൽ നിർത്തി. എല്ലാവരും ചായകുടിക്കാനും ബാത്‌റൂമിൽ പോകുന്നതിനുമൊക്കെയായി ബസിൽ നിന്നും ഇറങ്ങി…ഞാൻ ഇറങ്ങാനായി എണീറ്റപ്പോൾ അവൾ വിദൂരതയിലേക്ക് നോക്കി ഇറക്കുകയായിരുന്നു. ജീവനില്ലാത്ത കണ്ണുകൾക്ക് എന്തൊക്കെയോ പറയാനുണ്ടെന്ന് എനിക്ക് തോന്നി…ഞാൻ സീറ്റിൽ തന്നെ ഇരുന്നു…അവളുടെ മുഖത്തേക്ക് നോക്കി..
കുട്ടീ…. ചോദിക്കുന്നതിൽ നിനക്ക് ഖേദം തോന്നരുത്…. എങ്ങോട്ടാണ് യാത്ര?
അവൾ കേൾക്കുവാൻ ആഗ്രഹിക്കാത്ത എന്തോ കേട്ടതുപോലെ ഞെട്ടി…
അറിയില്ല…..അവളിൽ നിന്നും നേർത്തശബ്ദം പുറത്തുവന്നു….
പ്രതീക്ഷിച്ച ഉത്തരമായതിനാൽ എനിക്ക് അത്ഭുതം തോന്നിയില്ല.
കുട്ടീ…. ഞാൻ മഹിളാ വിമോചന സംഘത്തിൽ അംഗമാണ്… കുട്ടിയെ കണ്ടിട്ട് എന്തൊക്കെയോ പ്രശനങ്ങൾ ഉണ്ടെന്ന് തോന്നുന്നു….കുട്ടിയുടെ ചുണ്ടിലും വയറിലുമുള്ള മുറിവുകൾ ഞാൻ കണ്ടു.. എന്താണ് സംഭവിച്ചത്?? കുട്ടി വിവാഹിതയാണോ? വീട്ടിൽ ആരൊക്കെയുണ്ട്? വീടെവിടെയാണ്?
എന്റെ ചോദ്യങ്ങൾ ശരങ്ങൾ പോലെ പുറത്തു വന്നു….അവളുടെ മുഖത്ത് വിരിഞ്ഞത് പുച്ഛം ആണോ? ഞാൻ ചോദ്യങ്ങൾ ആവർത്തിച്ചു.
ഞാൻ അനാഥയാണ്….. ആരുമില്ലാത്തവൾ….
അവളുടെ വാക്കുകൾ എനിക്ക് അവിശ്വസനീയമായി തോന്നി. കുട്ടീ നീ എന്തോ വിഷമത്തിലാണെന്നു എനിക്ക് മനസിലായി….. നിന്റെ വിഷമം എന്നോട് പറയൂ…എനിക്ക് നിന്നെ സഹായിക്കാനാകും….
എനിക്ക് ഈ ജീവിതം അസഹനീയമായി തോന്നുന്നു… എനിക്ക് മരിക്കണം…. എന്നെ നിങ്ങൾക്ക് സഹായിക്കാനാവുമോ?
അവളുടെ വാക്കുകൾ എന്തുകൊണ്ടോ എന്നെ ഉത്കണ്ഠയിലാക്കി.
കുട്ടീ മരണം ഒന്നിനും പരിഹാരമല്ല…നിന്റെ വീടെവിടെയാണ്… ഞാൻ വീട്ടുകാരോട് സംസാരിക്കാം…
ഇല്ലാ… ജന്മം പോലും പലർക്കും ഭാരമായപ്പോൾ അവർ പറഞ്ഞത് അനുസരിച്ചു എനിക്ക് ഒരാളെ വിവാഹം ചെയ്യേണ്ടി വന്നു….ആരോരും ചോദിക്കാനില്ലാത്തതിനാൽ അയാൾ എന്നെ ക്രൂരമായി പീ ഡിപ്പിച്ചു… സാരിത്തലപ്പ് താഴേക്ക് മാറ്റി അവൾ എന്നെ കാണിച്ചു… കണ്ടോ…… ഇതെല്ലാം അയാൾ ഓരോ രാത്രികളിൽ എനിക്ക് നൽകിയ സമ്മാനങ്ങൾ ആണ്… മാറിൽ കറുത്ത പൊട്ടുകൾ പോലുള്ള പാടുകൾ സിഗെരെറ് കുത്തി പൊള്ളിയതാണെന്ന് എനിക്ക് മനസിലായി..ഉപദ്രവവും മാനസിക പീഡനവും കൂടിയപ്പോൾ ആത്മഹത്യ ചെയ്യാമെന്ന് തീരുമാനിച്ചിരുന്നതാണ്…അപ്പോഴാണ് ഞാൻ അവനെ കണ്ടത്….ഓര്മവെച്ച കാലം മുതൽ സ്നേഹം എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല…. ആകെ എനിക്കുണ്ടായിരുന്ന ആശ്വാസം കുറെ സുഹൃത്തുക്കൾ ആയിരുന്നു… പലർക്കും എന്റെ അവസ്ഥ അറിയാമായിരുന്നു…. അവർ എന്നെ ഒരു സഹോദരിയെ പോലെ കൂടെ കൂട്ടിയതാണ്… അങ്ങനെയാണ് ഞാൻ ഫേസ്ബുക്കിൽ കയറുന്നത്…..അവിടെ എന്റെ മനസിലെ ആഗ്രഹങ്ങളും വിഷമങ്ങളും ഞാൻ കുറിച്ചിടുമായിരുന്നു…
അപ്പോഴാണ് സ്ത്രീയെക്കുറിച്ചുള്ള ശക്തമായ കാഴ്ചപ്പാട് എഴുതുന്ന അവനെ കണ്ടത്…അവന്റെ വാക്കുകളിൽ ഞാൻ കണ്ടത് ഒരു യഥാർത്ഥ പുരുഷനെ ആയിരുന്നു..അവനോട് സംസാരിച്ചപ്പോൾ മനസിലായി… ആളൊരു അന്തര്മുഖനാണെന്നു..എഴുത്തും അവനും തമ്മിൽ അന്തരമുണ്ടെന്ന്…
അവനോട് സംസാരിച്ചപ്പോൾ ഞാൻ എന്റെ വിഷമങ്ങൾ താത്കാലികമായി മറന്നു…എന്റെ ജീവിതത്തിൽ മറ്റൊരു അധ്യായം ആരംഭിക്കികയാണെന്ന് കരുതി…എന്റെ കുറവുകൾ എനിക്ക് അറിയാമായിരുന്നു..അവൻ എന്തൊക്കെയോ കുറവുകൾ ഉള്ളവനാണെന്ന് എന്നോട് പറഞ്ഞുകൊണ്ടെ ഇരുന്നു…. അവനോടുള്ള സൗഹൃദത്തിൽ അതൊരു തടസമാണെന്ന് എനിക്കൊരിക്കലും തോന്നിയില്ല…അവന്റെ രൂപമോ പേരോ എനിക്ക് അറിയില്ല….അറിയണമെന്ന് ഞാൻ ആഗ്രഹിച്ചുമില്ല.ഞാൻ അവന്റ മനസ്സാണ് ഞാൻ ആഗ്രഹിച്ചത്. ആരൊക്കെയോ ഉണ്ടെന്ന് ആദ്യമായി തോന്നി തുടങ്ങി…എപ്പോഴോ അവൻ എന്നെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കണമെന്ന് പറഞ്ഞു..തിരികെ ഞാൻ ആവശ്യപ്പെട്ടത് ഒരു താലിയും അവന്റെ ഭാര്യ എന്ന പദവിയും ആയിരുന്നു.അവനത് സ്വീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു…
യാഥാസ്ഥിതികരായ അവന്റെ മാതാപിതാക്കൾക്കു എന്നെ അംഗീകരിക്കുവാൻ സാധിക്കില്ലെന്ന്….എനിക്കവനോട് ബഹുമാനം കൂടിയതെ ഉള്ളൂ..സ്വന്തം മാതാപിതാക്കളെ മനസിലാക്കുന്ന മകൻ ആയതിനാൽ…എങ്കിലുമവൻ പറഞ്ഞു അവന്റെ താലി എനിക്ക് നൽകുമെന്ന്…അവനോടുള്ള അന്തമായ വിശ്വാസത്തിൽ ഞാൻ എന്റെ കഴുത്തിൽ കിടന്ന താലി അഴിച്ചു വച്ച് എല്ലാ ബന്ധങ്ങളിൽ നിന്നും മുക്തയായി അവന്റെ അടുത്തേക്ക് ചെന്നു… അവൻ എന്നെ താലി കെട്ടി…
അന്ന് രാത്രി അവൻ എന്റെ ചുണ്ടുകളെ ഞെരിച്ചുകൊണ്ട് ചോദിച്ചു…ഇവിടെ നിന്റെ ഭർത്താവ് ചുംബിച്ചിട്ടില്ലേ…നീ എല്ലാ സുഖങ്ങളും ഭർത്താവിൽ നിന്നും അനുഭവിച്ചവൾ അല്ലെ…. ഞാൻ ഇപ്പോഴും വി ർജിൻ ആണ്…അവന്റെ വാക്കുകൾ കാതിൽ ഒരു തീമഴ ആയി…പിന്നേ അവിടെ നടന്നത് ക്രൂരമായ പീ ഡനം ആണ്..
സിഗെരെറ്റ് ഉപയോഗിക്കാത അവൻ എന്നെ വേദനിപ്പിക്കുന്നതിനായി മാത്രം കുത്തി നോവിച്ചു.. ബ്ലേഡ് ഉപയോഗിച്ച് ദേഹത്തു പലയിടങ്ങളിലും മുറിവേൽപ്പിച്ചു രസിച്ചു. പകൽ സമയങ്ങളിൽ അവൻ ഒരു കുഞ്ഞിനെ പോലെ എന്നോട് പെരുമാറി.. എല്ലാം ഞാൻ സഹിച്ചു.. അതാണല്ലോ ശീലം..
ഒരിക്കൽ പുറത്തു വച്ചു എന്റെ ഒരു സുഹൃത്തിനെ കണ്ടു…അന്ന് അവനെന്നെ കുറിച്ചു മോശമായ ആരോപണം ഉന്നയിച്ചു… ക്രൂരമായി പീ ഡിപ്പിച്ചു…ഞാൻ ആഭരണങ്ങൾ ധരിക്കുന്നതും നല്ല വസ്ത്രങ്ങൾ ധരിക്കുന്നതും അന്യ പുരുഷന്മാരെ ആകർഷിക്കുന്നതിനാണെന്ന് പറഞ്ഞു ഉപദ്രവിക്കാറുള്ളതിനാൽ ഞാൻ എല്ലാം ഉപേക്ഷിച്ചു…
ഒടുവിൽ അവൻ മടങ്ങിപോയി.. അവന്റെ വീട്ടിലേക്കു…..ഒരാളുടെ എച്ചിൽ ജീവിതം മുഴുവൻ അവനു കഴിക്കേണ്ട കാര്യമില്ലത്രേ…എനിക്കിനി പോകാൻ ഇടം ഇല്ലാ….ജീവിക്കുവാൻ താല്പര്യവും…
സ്വന്തമെന്ന് കരുതിയവരെല്ലാം ഇന്നോളം വഞ്ചിചിട്ടെ ഉള്ളൂ….. വേദനയെ നൽകിയിട്ടുള്ളൂ..എനിക്ക് മടുത്തു…ഒരു അച്ഛന്റെ തണലിൽ,സഹോദരന്റെ സംരക്ഷണത്തിൽ, ഭർത്താവിന്റെ സ്നേഹത്തിൽ ജീവിക്കുവാൻ എനിക്ക് അർഹത ഇല്ലെന്നാണോ, അതിന് സാധിക്കാത്തതു എന്റെ കുഴപ്പം ആണോ?
വേദനയും ക്ഷോഭവും നിറഞ്ഞ അവളുടെ മുഖത്തേക്ക് നോക്കുവാൻ പോലും എനിക്കായില്ല. ഈ ലോകം ആണിന്റെ ആണ്.അവനു ഉപയോഗിക്കാൻ മാത്രമുള്ള ഉപകരണം ആണ് പെണ്ണ്….എനിക്കിനി ജീവിക്കുന്നതിന് താല്പര്യമില്ല…എന്നെ വെറുതെ വിടൂ…
കണ്ണീർ ഒലിച്ചു ഇറങ്ങിയ പാടുകൾ അവശേഷിപിച്ചു അവൾ കണ്ണുകൾ അടച്ചപ്പോൾ എനിക്ക് ഒന്നും പറയാൻ തോന്നിയില്ല…. സ്ത്രീ സമത്വതെ പറ്റി പ്രസംഗിക്കുന്ന എന്റെ വാക്കുകൾ എല്ലാം എങ്ങു പോയി….. എനിക്ക് അത്ഭുതം തോന്നി…എന്റെ ഉള്ളിലും ഇടക്ക് തിളച്ചു മറിയുന്ന ചോദ്യങ്ങൾ ആണ് ഇവൾ അനുഭവിക്കുന്നത്….അതിനൊരു ഉത്തരം കണ്ടെത്താൻ സാധിക്കുമോ ഞാൻ എന്ന സ്ത്രീക്ക്….. കടുത്ത തലവേദന തോന്നി.. ഞാൻ കണ്ണടച്ച് സീറ്റിൽ ചാരി കിടന്നു. . ഇടക്കെപ്പോഴോ കണ്ണു തുറന്നപ്പോൾ അവൾ അടുത്ത് ഉണ്ടായിരുന്നില്ല… അടുത്ത സീറ്റിൽ ചോദിച്ചപ്പോൾ അവൾ ഇറങ്ങിയിട്ടു ഏറെ നേരമായെന്ന് അറിഞ്ഞു….
എന്റെ സ്ഥലം എത്തിയപ്പോൾ ഞാനും ഇറങ്ങി.. വീട്ടിലേക്ക് നടക്കുമ്പോൾ നാളത്തെ പത്രത്തിൽ വരുന്നതിനു സാധ്യത ഉള്ള ആത്മഹത്യാ വാർത്ത ആയിരുന്നു മനസ്സിൽ…