എഴുത്ത്: അയ്യപ്പൻ അയ്യപ്പൻ
67 വയസ്സിൽ അയാൾക്ക് അവളെ കാണാൻ തോന്നി.. ദൂരെ നിന്നൊന്നു… അവൾ കാണാതെ അറിയാതെ… ഒന്നും മിണ്ടാനായില്ലാതെ.. ഒറ്റ നിമിഷം…
വിവാഹിതയായ.. രണ്ട് മക്കൾ ഉള്ള… പേര കുട്ടികൾ ഉള്ളവളോട് അതിൽ കൂടുതൽ മറ്റൊന്നും അയാൾ ആഗ്രഹിച്ചില്ല… അവൾ പണ്ട് അയാളുടെ കാമുകി ആയിരുന്നു എന്ന ദുർബല വാദം ആര് കേൾക്കാൻ ആണ്?? ആരോടു പറയാൻ ആണ്..??
ഒരിക്കൽ അയാൾ അവളെ കണ്ടിട്ടുണ്ട്… ഒരു കൈ കൊണ്ടു വയറു താങ്ങി വലുത് കൈ കൊണ്ട് അവളുടെ ഭർത്താവിന്റെ കൈ മുറുകെ പിടിച്ചു കൊണ്ടു പൊന്നാനി കടപ്പുറത്തിന്റെ ഒരു കോണിൽ വെറുതെ ഇരിക്കുന്നത്..
അന്ന് രാത്രി അയാൾ അവളെ ഓർത്തു വെറുതെ ഏതോ ഒരു ഹിന്ദി ഗസൽ ഗാനം കേട്ടിരുന്നു..
ഇത്രയേറെ സ്നേഹിച്ചിട്ടും എങ്ങനെ മറക്കുവാൻ സാധിക്കുന്നു എന്നോർത്ത് അയാൾ അപ്പോ പരിഭവിച്ചിരുന്നു…അവളെ ഓർക്കാത്ത ഒറ്റ നിമിഷം പോലും ജീവിതത്തിൽ ഇല്ലാലോ എന്ന് അത്ഭുതപെട്ടിരുന്നു…നഷ്ടപെട്ട പ്രണയത്തെ കുറിച്ചു ഒരു തരി പോലും ദുഖമില്ലാത്തവളെ ഓർത്തയാൾക്ക് കണ്ണു നീറി…
എഴുതുന്നവളെ, വായിക്കുന്നവളെ, പ്രിയമുള്ളവളെ മറക്കാൻ തനിക്ക് ഉദ്ദേശമില്ല എന്ന് അയാൾ അപ്പോൾ ഇരുട്ടിലേക്ക് നോക്കി വാശി പറഞ്ഞിരുന്നു…
പെട്ടന്ന് ഒരു ദിവസം താൻ മരിച്ചു പോയാൽ അവൾ അറിയുമോ എന്നോർത്ത് ഇ അടുത്ത കാലം വരെയും അയാൾ സങ്കടപ്പെട്ടിരുന്നു ..
ഒരുപക്ഷെ അവൾ ഓർക്കുന്ന കൂടി ഉണ്ടാവില്ല ചരമ കോളത്തിൽ എന്റെ മരണം അവൾ ചിലപ്പോൾ കാണാതെ പോകുമായിരിക്കും.. അടുക്കി വെക്കുന്ന പത്രക്കെട്ടുകളിൽ എന്റെ മരണവാർത്ത നോവോടെ ശ്വാസം കിട്ടാതെ ഇരിക്കുമായിരിക്കാം..
ഇനി അവൾ ചിലപ്പോൾ അവൾ ആ പത്രവാർത്ത കണ്ടു എന്നിരിക്കട്ടെ.. ഒരു ദിവസം പത്രം അവൾ തുറക്കുമ്പോൾ അവിവാഹത്തിനായ ഒരു വ്യക്തി മരണപ്പെട്ടു എന്ന വാർത്ത കണ്ടു അവൾ ഞെട്ടിത്തരിക്കുമായിരിക്കും…
വിശ്വാസം വരാതെ ഒന്നുകൂടി വായിക്കുമായിരിക്കും.. അവ്യക്തമായ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിലേക്ക് അവൾ തുറിച്ചു നോക്കിയിരിക്കുമായിരിക്കും..വെള്ള പേജിൽ അവളുടെ കണ്ണീർ വട്ടം വരയ്ക്കുമായിരിക്കും..
സാരി തുമ്പ് കൊണ്ടു കണ്ണ് തുടച്ചു, വാഷ് ബേസിനരികിൽ ചെന്നു വെറുതെ മുഖം കഴുകി തുടച്ചു..” നല്ല തലവേദന” എന്ന് ആരോടെന്നില്ലാതെ വെറുതെ കള്ളം പറഞ്ഞു മുറിയടച്ചു കിടക്കുമായിരിക്കും..
ചിലപ്പോൾ ആരും കേൾക്കാതെ വായിൽ സാരി തുമ്പ്കൊണ്ടു അമർത്തിപിടിച്ചൊന്നു കരയുമായിരിക്കും…. അയാൾക്ക് കണ്ണിൽ നനവൂറി…
അവൾ വരാൻ സാധ്യതയുള്ള തോട്ടുമല പള്ളിയുടെ മുറ്റത്തെ പേരമരചോട്ടിൽ അയാൾ ഒതുങ്ങി നിന്നു.. ഇവിടെ വെച്ചാണ് ആദ്യം കണ്ടത്.. ഒരു പക്ഷെ അവസാനമായും…
നനഞ്ഞ ചുണ്ട് അവളുടെ പിൻകഴുത്തിൽ അമർത്തി ചുംബിക്കുമ്പോൾ തട്ടി മാറ്റി ഇരുട്ടിലേക്ക് കിതച്ചുകൊണ്ട് ഓടിപ്പോയത്തും ഇതിന്റെ പിന്നിലുള്ള വയണ മരം പൂത്തുലഞ്ഞു നിൽക്കുന്ന ഇടവഴിയിൽ വെച്ചാണ്… അതോർത്തിട്ടാവണം അയാളുടെനെറ്റിയിൽ വിയർപ്പ് പൊടിഞ്ഞത്..
ജീവിതത്തിൽ പരാജയപെട്ടുപോയവന്റെ ആകെയുള്ള സമ്പാദ്യം അവളുടെ ഏറ്റവും മനോഹരമായ ഓർമ്മകൾ ആണെന്ന് അയാൾ വെറുതെ ഓർത്തു…
നീണ്ട മണിയുടെ ശബ്ദം കേട്ടാണ് അയാൾ പിറകുവശത്തേക്ക് നോക്കിയത്…അരിപ്രാവുകൾ പറന്നുയരുന്നതിന്റെ പിന്നിലായി ഇളം റോസ് നിറത്തിലെ ഷിഫോൺ സാരിയുടുത്തു തലയിൽ വെള്ള സ്ക്രാഫ് ചുറ്റി അവളുടെ ചെറുമകന്റെ കൈ പിടിച്ചു പതിയെ നടന്നു പോകുന്നത് കണ്ടത്….
അയാൾ ഒരു നിമിഷം ആ ഒറ്റ നിമിഷം.. നെഞ്ചിടിപ്പ് കൂടി വിങ്ങി വിറച്ചു.. കണ്ണ് നിറഞ്ഞു.. ഭാരം കുറഞ്ഞു.. തരിച്ചു നിന്നു…
സെമിത്തേരിയുടെ മുന്നിൽ വെച്ചു ചെറുമകനോട്” ഇവിടെ നിൽക്കു” എന്നാവിശ്യപെട്ടു കൊണ്ടു അവൾ അകത്തേക്ക് നടന്നു അവളുടെ പ്രിയപ്പെട്ടവന്റെ ശവക്കല്ലറയ്ക്കുമുമ്പിൽ വൈലറ്റ് പൂക്കൾ ചേർത്ത് വെച്ചു പ്രാർത്ഥിക്കുന്ന സമയത്താണ് അയാൾ അവളുടെ ചെറുമകന്റെ അടുത്തേക്ക് ചെന്നത്…
പരിചയമില്ലാത്തതുകൊണ്ടോ അയാളുടെ രൂപം കണ്ടിട്ടോ അവളുടെ ചെറുമകൻ അയാളെ കണ്ണ് മിഴിച്ചു ചുണ്ട് പിളർത്തി സഹതാപത്തോടെ നോവോടെ നോക്കി….
അയാൾ അവനോട് പേര് ചോദിച്ചു… അവൻ പേര് പറഞ്ഞു….
അയാൾപേര് കേട്ട് ഞെട്ടിത്തരിച്ചു, കരള് വിങ്ങി തിരിഞ്ഞു നടന്നു….
അപ്പോ പണ്ട് അയാൾ അവൾക്കു കൊടുത്ത ഒരു പ്രണയലേഖനം എഴുതിയത് ഓർത്തു.. അതിങ്ങനെയായിരുന്നു…
“ഒരിക്കൽ ഞാൻ ഒരു മഴയാകും.. തണവായി കാറ്റായി ആർത്തലച്ചു പെയ്യും…നിന്റെ ചെറുമകൻ അന്ന് ആ മഴ നനയും….അവനോട് ഞാൻ രഹസ്യമായി പേര് ചോദിക്കും…അവന്റെ പേരും ” എന്റെ പേരും ” ഒന്ന് തന്നെ..ഞാൻ വീണ്ടും ഹൃദയം നുറുങ്ങി ആർത്തലച്ചു കരഞ്ഞു പെയ്യും.. നിന്റെ ചെറുമകനപ്പോൾ നോവോടെ എന്നെ നോക്കും…………..”