എഴുത്ത്: മിഴി മാധവ്
“നിന്നെ പ്രേമിച്ചു നടക്കാനല്ല വിവാഹം ചെയ്തു കൂടെ കൂട്ടാനാണ് ഞാനി പിറകെ നടക്കുന്നത് “
ബൈക്ക് അവളുടെ വട്ടം വെച്ചു കൊണ്ട് ഞാൻ ചോദിച്ചു. അവളൊന്നും മിണ്ടാതെ നടക്കാൻ തുടങ്ങിയതും ഞാൻ വീണ്ടും തടഞ്ഞു.
“എനിക്ക് ഉത്തരം തന്നില്ല ഇഷ്ടമാണോ?”
ഞാൻ അവളുടെ മുഖത്തേക്കു തന്നെ നോക്കി നിന്നു.
“അച്ഛനോട് ചോദിക്കണം”
അവളും ഒട്ടും പതറാതെ പറഞ്ഞു കൊണ്ട് എന്റെ കണ്ണുകളിലേക്ക് നോക്കി.
“ഹേയ് ഇത് തന്നെയല്ലെ കഴിഞ്ഞ രണ്ടു തവണയും എന്നോട് പറഞ്ഞത് ? തനിക്ക് ഇഷ്ടമാണോന്നറിയാതെ ഞാൻ എങ്ങനാ. “
അവൾ നടന്നുകൊണ്ട് എന്നോടായ് പറഞ്ഞു.
“വെറുതെ എന്റെ പിന്നാലെ നടന്ന് സമയം കളയണ്ട. അച്ഛന് ഇഷ്ടപ്പെടാത്ത ഒന്നിനും ഞാൻ നിൽക്കൂല.”
അവൾ നടന്നു പോകുന്നതും നോക്കി ഞാൻ കുറച്ചു നേരം നോക്കി നിന്നു.
അവളുടെയൊരു അച്ഛൻ.വലിയ പുള്ളിയാണെന്നു തോന്നുന്നു. മകളെ വരച്ചവരയിൽ നിർത്തുന്ന കക്ഷിയായിരിക്കും.ദൈവമേ അയാള് വേണ്ടാന്നു പറഞ്ഞാൽ കാര്യം കുഴയും.
ആദ്യമായ് മനസ്സിൽ കയറികൂടിയ പെണ്ണാണ്. ജീവിതത്തിന്റെ ഓട്ട പാച്ചിലിനിടയിൽ പ്രണയിക്കാനൊന്നും സമയം കിട്ടിയില്ല. ഇപ്പോഴും പ്രണയിച്ചു നടക്കാനുള്ള ഒരു ബാല്യം എന്നിലുണ്ട്. മുപ്പത്തിമൂന്ന് ആയെങ്കിലും കണ്ടാൽ ഇപ്പോഴും ഒരു ഇരുപത്തിനാലിൽ താഴെയെ തോന്നത്തൊള്ളുവെന്നേ.
ഒരു തലവേദനയുടെ ഗുളിക വാങ്ങുവാൻ വേണ്ടി മെഡിക്കൽ ഷോപ്പിലേക്ക് കയറി
തലവേദനയുടെ ഗുളിക ചോദിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞാനാദ്യമായ് അവളെ കാണുന്നത്. വലിയ ഗ്ലാമറൊന്നുമില്ലങ്കിലും നാടൻ ലുക്കുള്ള ഒരു നയൻതാര. അവശയായ ആരും തിരിഞ്ഞു നോക്കാത്ത ഒരു സ്ത്രീക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്നു.
കടക്കാരൻ തലവേദനയുടെ ഗുളിക നീട്ടിയപ്പോൾ വേദനയൊക്കെ പമ്പ കടന്നു ചേട്ടോന്നും പറഞ്ഞ് അന്നു മുതൽ ഞാനവളുടെ പിന്നാലെ കൂടി. അവളുടെ ആളുകളെ സഹായിക്കുന്ന മനസ്സ് കണ്ടപ്പോൾ ജീവിതത്തിൽ ഇവൾ എന്നെ എന്തുമാത്രം സ്നേഹിക്കുമെന്നോർത്തപ്പോൾ ഹൊ..
വീട് അറിയാവുന്നതുകൊണ്ട് ബുദ്ധിമുട്ടേണ്ടി വന്നില്ല. നേരത്തേ ഒരു വട്ടം വീട് വരെ പിന്നാലെ ചെന്നതാണ്. വൃത്തിയും വെടിപ്പുള്ള ഒരു കൊച്ചു വീട്. അല്ലങ്കിലും നല്ല പെൺകുട്ടികളുള്ള വീട് എപ്പോഴും ഐശ്വര്യത്തിൽ കിടക്കും. പട്ടിയില്ലായെന്നു ഉറപ്പു വരുത്തിയതിനു ശേഷം ഞാൻ അകത്തേക്ക് കയറി.
എന്റെ പെണ്ണ് അതാ ഉമ്മറത്തെ തയ്യൽമിഷനിൽ എന്തോ തയ്ച്ചു കൊണ്ടിരിക്കുന്നു. ചുവന്ന പൂക്കളുള്ള ഒരു നൈറ്റിയാണ് ഇട്ടിരിക്കുന്നത്. അതിലൊരഴകുണ്ടവൾക്ക്. എന്റെ പൊന്നച്ഛാ ഇങ്ങള് സമ്മതിക്കണേ.
എന്നെ കണ്ടതും അവൾ വേഗം എഴുന്നേറ്റു.
“എന്തേ ഞാൻ വരില്ലാന്നു കരുതിയോ?”
”വരുമെന്ന് കരുതിയിരുന്നു. കയറിയിരിക്കു….ഞാൻ ചായയെടുക്കാം.”
“ഹേയ് ചായയൊന്നും ഇറങ്ങൂലാ അച്ഛനെയൊന്നു കാണണം വിളിക്ക്.”
“അച്ഛന് പുറത്തേക്കിറങ്ങാൻ ബുദ്ധിമുട്ടാണ് അകത്തേക്ക് വരു”
അവളോടൊപ്പം ഞാൻ അകത്തേ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ പറഞ്ഞു.
അച്ഛന് ഒരു ആക്സിഡന്റ് പറ്റി കിടപ്പിലാണ്. നട്ടെല്ലിനാണ് പരുക്ക് പറ്റിയത്. ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട എനിക്ക് എല്ലാം അച്ഛനാണ്.
മരുന്നിന്റെ മണമുള്ള മുറിയിൽ അവശതയായ ഒരു രൂപം. എന്നെ കണ്ടപ്പോൾ ഒന്ന് എഴുന്നേൽക്കാനുള്ള ശ്രമം പോലെ. ഞാൻ തടഞ്ഞു കൊണ്ട് പറഞ്ഞു.
“ഞാൻ അച്ഛനോട് ഒരു കാര്യം ചോദിക്കാനാണ് വന്നത്?”
ചെറുതായി ചുമച്ചു കൊണ്ട് അച്ഛൻ പറഞ്ഞു.
“ശ്രീക്കുട്ടി പറഞ്ഞിരുന്നു. താൻ വരുമെന്ന് പക്ഷേ ഇവൾക്ക് സ്ത്രീധനമായ് ഒന്നും കൊടുക്കാൻ പറ്റാത്ത സ്ഥിതിയിലാണ്. ഇപ്പോഴത്തെ അവസ്ഥ മോശമാണ്. “
അച്ഛന്റെ മകളെ എനിക്ക് വിവാഹം ചെയ്തു തരാൻ സമ്മതമാണോ എന്നറിഞ്ഞാൽ മതിയെനിക്ക്. ഇവളിലും വലിയൊരു ധനമില്ലെനിക്ക്.ഞാൻ പൊന്നുപോലെ നോക്കികോളാം..
ഞാൻ പുറത്തിറങ്ങി അവളോട് പറഞ്ഞു.
“അച്ഛൻ സമ്മതിച്ചു കേട്ടോ.. അമ്മയേയും കൂട്ടി നാളെ ഞാൻ വരുന്നുണ്ട്. “
ഞാനത് പറയുമ്പോൾ അവളുടെ നിറഞ്ഞ മിഴികൾക്കൊരു തിളക്കം.