മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
“”” മതി മതി.. സമയം ഒരുപാടായി.. കാട്ടുമാക്കാന് ഉറങ്ങണ്ടേ.. രണ്ടാളും വന്നേ..”””
“”” ഇല്ല…!!”””
മുഖം വീർപ്പിച്ച് കൊണ്ട് മാലു അനന്തന്റെ തോളിൽ കയറിയിരുന്നു.
“””മാലു.. പറയുന്നത് കേൾക്ക്.. നല്ല പെട കിട്ടും നിനക്ക്.. സുഖമില്ലാത്തതല്ലേ? കാട്ടുമാക്കാന് പനി വരും”””
“”” അയ്യോ…!!!”””
വേഗം ഇറങ്ങി കൊണ്ടവൾ മാറി നിന്ന് അനന്തന്റെ നെറ്റിയിൽ തൊട്ട് നോക്കി.
“”” പനി ബരും.. നാളെ കാണാമേ..”””
അവന്റെ കവിളിലായി ഉമ്മ വെച്ച് കൊണ്ടവൾ കണ്ണന്റെ പിറകെ നടന്നു.
“”” ചോറി കാട്ടുമാക്കാനെ…”””
അനന്തനെ നോക്കി പറഞ്ഞ് കൊണ്ട് കണ്ണനും മുറിയിലേക്ക് നടന്നു.
“”” കിടന്നോളൂ.. ക്ഷീണം കാണും”””
ഒരു വെപ്രാളത്തോടെ പറഞ്ഞ് തീർത്ത് കൊണ്ട് മുറിയിൽ നിന്ന് ഇറങ്ങി കൊണ്ട് ആരും കണ്ടിട്ടില്ലെന്ന് അവൾ ഉറപ്പ് വരുത്തി.
“”” കുട്ടി…..”””
മുറിയിലേക്ക് ഓടിയ സീത പെട്ടെന്ന് തിരിഞ്ഞ് നോക്കി..
“”” അത്… പിന്നെ…നന്ദി. കുട്ടികളെ കാണിച്ച് തന്നതിന്..പിന്നെ ക്ഷമിക്കണം നേരത്തെ അങ്ങനെയൊക്കെ പെരുമാറിയതിന്.. ഭദ്രനെ കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ കുറച്ച് നേരം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ തല്ലാൻ പാടില്ലായിരുന്നു.”””
“””സാരമില്ല… എന്നെ ഒരു ഉറുമ്പ് കടിച്ചതാണെന്ന് കരുതി സമാധാനിച്ചോളാം ഞാൻ..പിന്നെ എന്റെ പേര് കുട്ടി എന്നല്ല സീത എന്നാ..”””
“”” ഓഹ്… എനിക്ക് അറിയില്ലായിരുന്നു..”””
“”” അനന്തേട്ടൻ പോയി കിടക്കാൻ നോക്ക്.. ഇനി ഇവിടെ രാത്രി കണ്ട് കൂടുതൽ അടി വാങ്ങി കൂട്ടണ്ട”””
മറുപടിയായി അവളെ നോക്കി ഒന്ന് മന്ദഹസിച്ച് കൊണ്ട് മുറി അടച്ചു.
വല്ലാത്തൊരു സന്തോഷം മനസ്സിനെ വന്ന് മൂടുന്നത് പോലെയവൾക്ക് തോന്നി. കുറച്ച് നേരം തലയിണയെ കെട്ടി പിടിച്ച് ഇന്നത്തെ കാര്യങ്ങളെല്ലാം അവൾ ഓർത്തെടുത്തു.
കാതിലായി അപ്പോഴും ശാരദാമ്മയുടെ ഭീഷണീ മുഴങ്ങുന്നുണ്ടായിരുന്നു.
തലയൊന്ന് കുടഞ്ഞ് കൊണ്ടവൾ എല്ലാവർക്കും നന്മ വരാനായി ഈശ്വരനെ കൈകൂപ്പി പ്രാർത്ഥിച്ചുകൊണ്ട് മെല്ലെ ഗാഢമായ നിദ്രയിലാണ്ടു.
**********************
താഴെ നിന്നുള്ള തട്ടലും മുട്ടലും കേട്ടാണ് രാവിലെ സീത എഴുന്നേറ്റത്. ഒന്ന് കണ്ണടച്ച് പ്രാർത്ഥിച്ച് കൊണ്ട് വേഗം കുളിച്ച് വസ്ത്രം മാറി താഴേക്ക് ഇറങ്ങിയതും കണ്ടു സെറ്റ് സാരിയും ഉടുത്ത് നിൽക്കുന്ന ശാരദാമ്മയെയ്യും ജാനകി ചേച്ചിയെയും.
“””മോള് എഴുന്നേറ്റോ.. ഞാൻ വിളിക്കാൻ വരുവായിരുന്നു. ഞാനും അച്ഛമ്മയും അമ്പലത്തിൽ പോവാ.. ഇന്നാണ് ഇവിടത്തെ അമ്പലത്തിലെ ഉത്സവം തുടങ്ങുന്നത്. രാവിലെ തന്നെ ഒന്ന് പ്രാർത്ഥിച്ച് വരാമെന്ന് കരുതി. മോള് വരുന്നോ..?”””
“”” അയ്യോ ഇല്ല ചേച്ചി.. മക്കൾ ഒറ്റക്കല്ലേ..”””
“””മോൾക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ ഒരു സഹായം ചെയ്യോ? ഞാൻ പാല് കറന്ന് വച്ചിട്ടുണ്ടായിരുന്നു.. ഒന്ന് രാഘവേട്ടന്റെ കടയിൽ കൊടുക്കണേ.. അവിടെ രാവിലത്തെ ചായക്ക് ഇവിടെ നിന്നാ പാല് എടുക്കാറ്”””
“”” അത് കുഴപ്പമില്ല ചേച്ചി. ഞാൻ ചെയ്തോളാം. നിങ്ങൾ പ്രാർത്ഥിച്ച് വരൂ..”””
“”” ജാനകി വേഗം വരൂ.. വൈകിയാൽ നേരാവണ്ണം പ്രാർത്ഥിക്കാൻ പറ്റില്ല”””
“”” വരുന്നു അച്ഛമ്മേ.. അച്ഛമ്മ നടന്നോ..ഞാനിതൊന്ന് പറഞ്ഞ് കൊടുത്തിട്ട് വരാം”””
ഒന്ന് മൂളി കൊണ്ട് ശാരദാമ്മ നടന്നു.ശാരദാമ്മ പോയി എന്ന് ഉറപ്പായതും ജാനകി ചേച്ചി വേഗം അവളുടെ കൈയ്യിലായി കുറച്ച് പൈസ വച്ച് കൊടുത്തു.
“”” ഭക്ഷണം ഉണ്ടാക്കി വച്ചിട്ടുണ്ട്.. ചായ കാച്ചിയാൽ മാത്രം മതി.പിന്നെ….”””
അവളുടെ കാതോരം ചേർന്ന് നിന്ന് കൊണ്ട് മെല്ലെ മൊഴിഞ്ഞു.
“”” കുറച്ച് പൈസയാ..അനന്തന് ഇഷ്ടമുള്ള മുറുക്കും, പരിപ്പ് വടയും വാങ്ങി കൊടുക്കണേ.. ഞങ്ങൾ ഇവിടെ കാണിലല്ലോ..ഇങ്ങനെയൊക്കെയേ എനിക്കവനെ നോക്കാൻ പറ്റൂ”””
മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി കൊണ്ട് സീത അവരെ പറഞ്ഞയച്ചു.
“”” സുന്ദരിവാവ എഴുന്നേറ്റോ.. വാ ചേച്ചിയമ്മ പനി നോക്കട്ടെ”””
നെറ്റിതടത്തിലായി ഒന്ന് തൊട്ടു നോക്കി കൊണ്ട് സീത അവളുടെ മുടിയിലായി മെല്ലെ തഴുകി.
“”” പനി പോയല്ലോ…”””
“”” പോയി….!! അപ്പോ കാട്ടുമാക്കാനെ കാന്നാലോ”””
വലിയ സന്തോഷത്തോടെ ഓടി കൊണ്ടവൾ അനന്തന്റെ മുറിയിൽ നിർത്താതെ തട്ടി കൊണ്ടിരുന്നു.
“””മോളെ വേണ്ട.. കാട്ടുമാക്കാൻ ഉറങ്ങാവും. നമുക്ക് പല്ല് തേച്ചിട്ട് കാട്ടുമാക്കാനെ കാണാം”””
“”” ബേണ്ട.. എനിക്കിപ്പം കാണണം”””
ഒരുപാട് നിർബന്ധിച്ച് നോക്കിയെങ്കിലും മാലുവിന്റെ ശാഠ്യത്തിന് മുമ്പിൽ സീതക്ക് കണ്ണടയ്ക്കേണ്ടി വന്നു.
“”” കാട്ടുമാക്കാനെ…!!”””
മുറി തുറന്നതും അനന്തന്റെ മേലേക്ക് ചാടി കൊണ്ടവൾ തുള്ളി കളിച്ചു.
“”” കുറുമ്പി പെണ്ണ് എഴുന്നേറ്റോ…?”””
അവളുടെ താടിയിൽ കൊഞ്ചിച്ച് കൊണ്ട് അനന്തൻ ചോദിച്ചു.
“”” നോക്കിയേ… പനി പോയി..”””
അനന്തന്റെ കൈ നെറ്റിയിൽ വച്ച് കൊണ്ട് മാലു പറഞ്ഞു.
“”” പല്ല് തേച്ചിട്ടില്ല പെണ്ണ്.. നാറുന്നു”””
മൂക്ക് പൊത്തി പിടിച്ച് കൊണ്ട് കുസ്യതി യോടെ അനന്തൻ കളിയാക്കിയതും മാലു മുഖം വീർപ്പിച്ച് കൊണ്ട് അവന്റെ കൈ തട്ടി മാറ്റി താഴേയിറങ്ങി..
“”” അനന്തേട്ടാ.. മക്കളെ ഒന്ന് നോക്കുമോ..എനിക്ക് പാൽ കൊടുക്കാൻ പോണമായിരുന്നു. കണ്ണൻ ആണെങ്കിൽ എഴുന്നേറ്റിട്ടില്ല. ശാരദാമ്മയും ജാനകി ചേച്ചിയും അമ്പലത്തിൽ പോയിരിക്കുവാ..”””
“””അതിനെന്താ…. താൻ പോയിട്ട് വന്നോളൂ.. ഇവരെ ഞാൻ നോക്കിക്കോളാം.. അല്ലെടീ കാന്താരി”””
മാലുവിന്റെ കവിളിലായി തട്ടി കൊണ്ട് അനന്തൻ അവളെ എടുത്തുയർത്തി.
കുറച്ച് നേരം അവരുടെ കളികൾ നോക്കി കണ്ട് കൊണ്ട് സീത പുറത്തേക്കിറങ്ങി.
ആദ്യമായിട്ടായിരുന്നു ആ നാട് മര്യാദക്കൊന്നു കാണുന്നത് തന്നെ. അമ്മാവന്റെ കൂടെ വന്നപ്പോൾ അപ്പോഴത്തെ മാനസികാവസ്ഥ കാരണം അന്ന് ചുറ്റുപാടും കണ്ടാസ്വദിക്കാൻ പറ്റിയിട്ടുണ്ടായിരുന്നില്ല.
ഇവിടെ വന്ന ശേഷം ആകെ പുറത്ത് പോയിട്ടുള്ളത് മക്കളുടെ കൂടെ മുമ്പിലെ തൊടിയിലും ഹോസ്പിറ്റലിലുമാണ്.
തികച്ചും ഗ്രാമീണത മാത്രം നിറഞ്ഞു നിൽക്കുന്ന സ്ഥലം. അധികം നാഗരികതയുടെ കടന്ന് കയറ്റം ഉണ്ടായിട്ടില്ല. സാധാരണ ജനങ്ങളും പ്രകൃതിരമണീയമായ പ്രദേശവും. എല്ലാം കണ്ടും അറിഞ്ഞും നടക്കുമ്പോഴായിരുന്നു പിറകിൽ നിന്നാരോ നീട്ടി കൂവിയത്.
തിരിഞ്ഞ് നോക്കിയപ്പോൾ വയലിൽ നിന്ന് ഓടി വരുന്ന ഭദ്രട്ടൻ. ഒരു വെള്ള ബനിയനും കാവി മുണ്ടുമാണ് വേഷം. രണ്ടിലും ചളി പിടിച്ചിട്ടുണ്ട്.
“””നീയെന്താ ഇവിടെ?”””
“”” ഇന്ന് ഉത്സവം തുടങ്ങല്ലേ..എല്ലാരും അമ്പലത്തിൽ പോയിരിക്കുവാ.. ജാനകി ചേച്ചി ഈ പാൽ രാഘവേട്ടന്റെ ചായ കടയിൽ ഏൽപ്പിക്കാൻ പറഞ്ഞു.”””
“”” നീ നടന്ന് പോവാണോ.. ഒറ്റയ്ക്കോ..”””
ചുറ്റുപാടും ഒന്ന് നോക്കി കൊണ്ടാണ് ഭദ്രൻ ചോദിച്ചത്.
“”” അതെന്താ ഭദ്രട്ടാ..ഞാൻ തനിച്ച് പോയാൽ ഇടിത്തി വീഴുമോ?”””
“”” അതല്ല.. പരിചയമില്ലാത്ത സ്ഥലമല്ലേ.. ഒരു പാട് ഇടവഴി ഉള്ളതാ..വഴി തെറ്റാൻ എളുപ്പമാ..ഞാൻ കൊണ്ടാക്കി തരണോ?”””
“”” അതൊന്നും വേണ്ട ഭദ്രട്ടാ..ഞാൻ കൊച്ച് കുട്ടിയൊന്നുമലല്ലോ.. ആരോടെങ്കിലും ചോദിച്ച് പോയ്ക്കോളാം.”””
“”” എന്തായാലും വീട്ടിൽ കയറിയിട്ട് പോവാം ഇനി..എന്റെ അമ്മയെയും ഭാര്യയെയും പരിചയപ്പെടാലോ”””
“”” അത് വേണോ…?”””
“”” എന്താ ശാരദാമ്മ അറിഞ്ഞാലോ എന്ന പേടിയാണോ? ആ തള്ളയോട് പോയി പണി നോക്കാൻ പറ.. നീ വാ.. അമ്മ നിന്നെ കാണാൻ കാത്തിരിക്കുവാ..”””
അവളുടെ കൈയ്യിൽ പിടിച്ച് കൊണ്ട് ഒരു ഓടിട്ട വീട്ടിലേക്ക് അവളെ കൊണ്ട് പോയി. അധികം അലങ്കാര പണികളില്ലാത്ത വീട്. നിറയെ ചെടികൾ വീടിന്റെ രണ്ട് ഭാഗത്തായി വളർത്തിയിട്ടിട്ടുണ്ട്. നടുവിൽ ഒരു തുളസിത്തറ..
“”” അമ്മേ… വീനിതേ… ഒന്നിങ്ങ് വന്നേ.”””
മുന്നിലെ കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത് കാല് ഉരച്ച് കഴുകിക്കൊണ്ട് അകത്തേക്ക് നീട്ടി വിളിച്ചു.
“”” എന്താ ഭദ്രട്ടാ…”””
ഒരു പഴകിയ സാരി ധരിച്ച ഒരു പെണ്ണ് മുമ്പിലേക്ക് കടന്ന് വന്നു. നെറ്റിയിൽ ഒരു ചന്ദനകുറി. കഴുത്തിലായി ഒരു താലിമാല മാത്രം. മുടി കുളി പിന്നൽ കെട്ടിയിരിക്കുന്നു. അവരുടെ പിറകിലായി കാല് വേച്ച് കൊണ്ട് ഒരു പ്രായമായ സ്ത്രീയും കോലായിലേക്ക് കടന്നു.
“”” ഇതാണ് സീത. ഞാനിന്നലെ പറഞ്ഞില്ലെ? അനന്തന്റെ…”””
മുഴുവൻ പറയാതെ ഭദ്രൻ അവരെ നോക്കി കണ്ണിറുക്കി.
“”” ആാാ… മോളോ.. ഭദ്രൻ ഇന്നലെ പറഞ്ഞപ്പോൾ തൊട്ട് കാണണം എന്ന് കരുതിയിരിക്കായിരുന്നു. എന്താ അവിടെ തന്നെ നിൽക്കുന്നത്.. അകത്തേക്ക് വാ…”””
സീതയുടെ കൈയ്യിൽ പിടിച്ച് കൊണ്ട് വിശാലാമ്മ എന്ന ഭദ്രന്റെ അമ്മ അവളെ അകത്തേക്ക് സ്വീകരിച്ചിരുത്തി.
“”” ഞാൻ ചായ എടുക്കാം”””
“”” അയ്യോ വേണ്ട.. ഞാൻ കുടിച്ചതാ..”””
അടുക്കളയിലേക്ക് പോകാൻ നിന്ന വിനീതയെ തടഞ്ഞ് നിർത്തി കൊണ്ട് സീത പറഞ്ഞു.
കുറച്ച് നേരം അവിടെ മൗനം തളം കെട്ടി നിന്നു. വല്ലാത്ത ഒരു അസ്വസ്ഥത സീതക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.
“”” അനന്തനെ കണ്ടിട്ട് കുറേയായി.. അവസാനം കണ്ടത് ശാരദാമ്മ ഗുരുവായൂർ ആരുടെയോ ചോറുണ്ണിന് പോയപ്പോളാ.. ഇപ്പോഴും അവൻ പുറത്തിറങ്ങാറില്ലേ കുട്ട്യേ…”””
ദയനീയമായ അവരുടെ ചോദ്യത്തിന് ഇല്ലെന്ന് ഒന്ന് തലയാട്ടി.
“”” എങ്ങനെ നടന്നിരുന്നതാ എന്റെ കുഞ്ഞ്..ഇപ്പോൾ ഓർക്കുമ്പോൾ എനിക്ക് വിഷമം വരും. എല്ലാത്തിനും കാരണം ശാരദാമ്മയെ.. അവരുടെ ഓരോ പ്രവർത്തി കാരണം എന്റെ കുട്ടി കുറേ അനുഭവിക്കുന്നു. ആരും ഇല്ലാതായില്ലേ പാവത്തിന്. അവന്റെ അമ്മക്ക് പോലും ആ തള്ള മനസമാധാനം കൊടുത്തിരുന്നില്ല.ചങ്ക് പൊട്ടിയാ പാവം മരിച്ചത്”””
തനിക്ക് മുമ്പിലായി മൂക്കൊലിപ്പിച്ച് കരയുന്ന അവരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ കുഴക്കിയിരുന്നു ഞാൻ.
“”” അതൊക്കെ കഴിഞ്ഞ കാര്യമല്ലേ അമ്മേ.. ഇപ്പോൾ അതെന്തിനാ പറയണേ…”””
അവരെ ആശ്വസിപ്പിക്കാനെന്നോണം ഭദ്രൻ അകത്തേക്ക് കയറി കൊണ്ട് പറഞ്ഞു.
“”” എന്നാലും ഓർക്കുമ്പോൾ നെഞ്ചിലൊരു വിങ്ങലാ.. മോളെ.. അവനോട് ഒന്ന് പറയുമോ എന്നെ വന്ന് കാണാൻ? എനിക്കങ്ങോട്ട് ഈ കാലും വച്ച് വരാൻ പറ്റാഞ്ഞിട്ടാ.. ഒന്ന് കണ്ടാൽ മതി”””
കണ്ണുനീർ തുടച്ച് കൊണ്ട് പറയുന്ന ആ അമ്മയുടെ കൈകളിൽ ഒന്ന് മുറുക്കി പിടിച്ച് കൊണ്ട് സമ്മതം അറിയിക്കുമ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.
“”” ഇനി വൈകിയാൽ പാൽ പിരിഞ്ഞ് പോവും. നീ വാ..ഞാൻ എന്തായാലും പലചരക്ക് കടയിൽ പോവണം എന്ന് കരുതിയതാ.. ഒരുമിച്ച് പോവാം”””
ഷർട്ട് മാറ്റി കൊണ്ട് അങ്ങോട്ടായി ഭദ്രൻ വന്നതും വേഗം എഴുന്നേറ്റ് അവരോട് പിന്നെ വരാം എന്ന് പറഞ്ഞിറങ്ങി.
യാത്രയിലൂടനീളം സീതയുടെ മനസാകെ ഭദ്രന്റെ അമ്മയുടെ വാക്കുകളായിരുന്നു.
ഇതിന് മാത്രം ദ്രോഹിക്കാൻ അനന്തേട്ടനെന്താ ശാരദാമ്മയോട് ചെയ്തത്?
മനസ് നൂൽ പൊട്ടിയ പട്ടം പോലെ പാറി നടന്നു..
“”” ഹലോ….”””
ഭദ്രൻ മുഖത്തേക്ക് കൈ ഞൊടിച്ചതും അമ്പരന്ന് കൊണ്ട് ചുറ്റുപാടും ഒന്ന് നിരീക്ഷിച്ച് കൊണ്ട് ഭദ്രനെ നോക്കി ചിരിച്ചു.
“”” ഇത് ഏത് ലോകത്താ? കുറേയായല്ലോ വിദൂരതയിലേക്ക് കണ്ണും നട്ട് നടക്കുന്നു..”””
ഒരു തമാശയോടെ ഭദ്രൻ പറഞ്ഞു.
“”” ഭദ്രട്ടാ.. ശരിക്കും അനന്തേട്ടനും ശാരദാമ്മയും തമ്മിലെന്താ പ്രശ്നം? എന്തിനാ അവർ അനന്തേട്ടനോടിങ്ങനെ കാണിക്കുന്നത്?”””
“”” അതൊരു വലിയ കഥയാ… ഒരു ദുഷിച്ച തള്ളയുടെ ലീലാവിലാസങ്ങളുടെ കഥ.. കേട്ടാൽ തല പെരുക്കും..”””
“”” എന്തായാലും ഇങ്ങനെ നടന്നെത്താൻ സമയം പിടിക്കും.. അപ്പോൾ പിന്നെ കഥ കേൾക്കുന്നതിന് എന്താ പ്രശ്നം?”””
“””അങ്ങനെയോ…! എന്നാൽ പറയാം.. അനന്തനെ പറ്റി പറയുന്നതിന് മുമ്പ് ആദ്യം അനന്തന്റെ അച്ഛനെ പറ്റി വേണം പറയാൻ….
അശോക് കൃഷ്ണ.. അനന്തന്റെ അച്ഛൻ. ഒരു സാധാരണ കുടുംബത്തിൽ പിറന്നവൻ. കർഷകനായിരുന്ന അച്ഛന്റെ ഏക പ്രതീക്ഷയായിരുന്നു മകൻ അശോക്. പഠിത്തതിൽ മിടുക്കനായിരുന്നു. ഒരു വലിയ ഡോക്ടർ ആക്കുവാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. അതിനായി കുറേ കടങ്ങളും സൃഷ്ടിച്ചു. പക്ഷേ കാലം തെറ്റി പെയ്ത മഴയിൽ കൃഷി നശിച്ചതോടെ വരുമാന മാർഗം മുട്ടിയ അശോകന്റെ അച്ഛന് അപ്പോൾ തോന്നിയ ബുദ്ധിമോശം. ഒരു കയറിൽ സ്വന്തം ജീവിതം തീർക്കുമ്പോൾ മകനെ കുറിച്ചോ ഭാര്യയെക്കുറിച്ചോ അയാൾ ചിന്തിച്ചില്ല. കടം വീട്ടാനായി വേറെ മാർഗം കാണാത്തതിനാൽ ഡോക്ടർ പഠിത്തം പാതി വഴിയിൽ ഉപേക്ഷിച്ച് കൊണ്ട് അശോകനും ഉള്ള പൈസ കൂട്ടി പെറുക്കി ചെറിയ കുടിൽ വ്യവസായം തുടങ്ങി. ദൈവ കൃപ കൊണ്ട് വ്യവസായം പച്ച പിടിച്ചു.. പക്ഷേ അപ്പോഴേക്കും അശോകന്റെ അമ്മ തളർന്ന് കിടപ്പിലായി ഒടുവിൽ അയാളെ ഉപേക്ഷിച്ച് പോയി. അതോടെ ആരും ഇല്ലാതെ അനാഥനായി അശോകൻ. അങ്ങനെ ഒരു പുതിയ ബിസിനസ് നിർമിക്കാൻ ചിന്തിക്കുമ്പോഴാണ് ദൈവദൂതനെ പോലെ വിശ്വനന്ദൻ എന്ന ശാരദാമ്മയുടെ ഭർത്താവ് അയാളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. തുടക്കത്തിൽ അദ്ദേഹം അവരുടെ ബിസിനസിനായി പണമിറക്കി. മെല്ലെ അത് വിജയിച്ചതോടെ പിന്നെ അവരുടെ എല്ലാ ബിസിനസിലും അയാളായി പണം മുടക്കുന്നത്.
വിശ്വനന്ദന് ഒരു മകളായിരുന്നു. ശ്രീദേവി..എല്ലാരോടും സൗമ്യമായി പെരുമാറുന്ന ശ്രീദേവി എങ്ങനെയോ അശോകന്റെ മനസിൽ ഇടംപിടിച്ചു. അവൾക്കും തന്നെ ഇഷ്ടം ആണെന്ന് മനസിലായതും കല്യാണം കഴിക്കണം എന്നായിരുന്നു മനസിൽ. തന്നെ അറിയാവുന്ന വിശ്വനന്ദൻ ഈ ബന്ധം എതിർക്കില്ല എന്ന് അശോകൻ കരുതി. എന്നാൽ ചിന്തകളെ ആകമാനം ഉലച്ച് കൊണ്ട് വിശ്വനന്ദൻ മകളെ കാശുകാരനും സർവ്വോപരി വലിയ തറവാട്ടുകാരുമായ ഒരു വീട്ടിലെ പയ്യന് ഉറപ്പിച്ച് വച്ചു. ശ്രീദേവിയുടെ എതിർപ്പുകൾ ഒന്നും വിശ്വനന്ദൻ കാണാത്ത ഭാവം നടിച്ചതും എല്ലാ വിവരമില്ലാപെൺപിള്ളേരെയും പോലെ അവളും ആത്മഹത്യക്ക് ശ്രമിച്ചു.
ആകെയുള്ള മകളായതിനാൽ കൊഞ്ചിച്ചും ലാളിച്ചും വളർത്തിയ ശാരദാമ്മക്ക് പേടിയായി. മകളെ നഷ്ടപ്പെടുമെന്ന് ഭയന്നവർ ഭർത്താവിന്റെ വാക്കുകൾക്ക് വിലകല്പിക്കാതെ മകളെ അശോകനുമായി ചേർത്ത് വച്ചു.
അതോടെ ഭാര്യയും മകളുമായുള്ള ബന്ധം വിശ്വനന്ദൻ അവസാനിപ്പിച്ചു. ഒരു യാത്രയിൽ അപകടം സംഭവിച്ച് വിശ്വനന്ദൻ മരിച്ചതോടെ ശാരദാമ്മ അയാളുടെ വീടിന്റെയും കമ്പനിയുടെയും അവകാശം ഏറ്റെടുത്തു. ആരും ഇല്ലാതായി എന്ന തോന്നൽ വന്നതും അവർ നിർബന്ധം പിടിച്ച് അശോകനെയും മകളെയും തന്റെ കൂടെ നിർത്തി. അശോകനെ ഒന്നും ചിന്തിക്കാതെ തന്നെ കമ്പനി നോക്കാനും ഏൽപ്പിച്ചു.
മകൾ ഗർഭിണി ആയതും ശാരദാമ്മ കമ്പനി മൊത്തം അശോകന് തീരെഴുതി കൊടുത്തു മകളെയും കുട്ടിയെയും പരിചരിച്ച് വിശ്രമജീവിതം നയിക്കാൻ തീരുമാനിച്ചു.
അരവിന്ദൻ ജനിച്ചതോടെ ഭാഗ്യം എന്ന പോലെ കമ്പനിയും വളർന്നു. അശോകന്റെ പ്രയ്ത്നം ഫലം കണ്ട് തുടങ്ങിയിരുന്നു. എല്ലാത്തിനും കാരണം തന്റെ മകന്റെ ജനനമാണെന്ന് തന്നെ ആ കുടുംബം കരുതി. എന്നാൽ പെട്ടെന്ന് അവരെ തനിച്ചാക്കി ശ്രീദേവി കൂടി പോയതും അശോകൻ ആകെ തകർന്നു പോയിരുന്നു.
അയാളുടെ മാനസിക നിലയ്ക്കൊപ്പം കമ്പനിയും താളം തെറ്റാൻ തുടങ്ങിയതും ശാരദാമ്മ കമ്പനി മുന്നോട്ട് കൊണ്ട് പോകാൻ രാവും പകലുമില്ലാതെ അധ്വാനിച്ചു. അരവിന്ദനെ നോക്കാനും പരിചരിക്കാനും കഴിയാത്ത അവസ്ഥ വന്നതും മനസ്സിലാതെ തന്നെ അവർ അശോകനെ നിർബന്ധിപ്പിച്ച് ഒരു വിവാഹം കഴിപ്പിച്ചു.
സരസ്വതി.. അനന്തന്റെ അമ്മ. ആദ്യമൊക്കെ അവരോട് അവഗണന കാണിച്ചിരുന്ന അശോകൻ പിന്നീട് അവരെ സ്നേഹിക്കാൻ തുടങ്ങിയതോടെയാണ് ശാരദാമ്മയിലെ പക പുറത്ത് വന്നത്.
വെറും ഒരു ആയ എന്ന തസ്തിക മാത്രമായിരുന്നു സരസ്വതിക്ക് അവർ നൽകിയിരുന്ന വില. പക്ഷേ അശോകന് അവരോട് തോന്നുന്ന സ്നേഹവും കരുതലും കണ്ട് ശാരദാമ്മയിൽ വിദ്വേഷം നിറഞ്ഞു.
തന്റെ മകളുടെ സ്ഥാനത്ത് സരസ്വതിയെ കാണുന്ന അശോകനെ പോലും അവർ വെറുത്തിരുന്നു. തന്റെ മകളുടെ ഓർമകൾ പോലും തന്റെ വീട്ടിൽ അന്യമായി പോവുമോ എന്ന ഭയം അവരിൽ വെറുപ്പിന്റെ വിത്തുകൾ പാകി..
അശോകിന്റെ അസാന്നിധ്യത്തിൽ ശാരദാമ്മ സരസ്വതിയെ കുത്തുവാക്കുകളാൽ മുറിവേൽപ്പിച്ച് കൊണ്ടിരുന്നു. എല്ലാം സഹിച്ച് ആരോടും ഒരു കുറ്റവും പറയാതെ അടങ്ങിയൊതുങ്ങി കഴിഞ്ഞു സരസ്വതി.
മകളുടെ കിടപ്പറയിൽ പോലും മകളുടെ ഓർമകൾക്ക് നാശം സംഭവിച്ചു എന്ന് പറഞ്ഞ് അവരെ പൊതിരെ തല്ലുന്നത് കണ്ടാണ് ഒരിക്കൽ അശോകൻ കയറി വന്നത്.
സ്വന്തം അമ്മയെ പോലെ കണ്ട സ്ത്രീയിൽ നിന്ന് ഇങ്ങനെ ഒരു പ്രവൃത്തി അയാൾ കരുതിയിരുന്നില്ല.
സരസ്വതിയെ ചേർത്ത് നിർത്തി എന്റെ ഭാര്യയെ ഇനി തൊടരുത് എന്ന് വീറോടെ അവർക്ക് നേരെ കൈ ചൂണ്ടി അയാൾ പറഞ്ഞപ്പോൾ തന്റെ അധികാരം തന്നിൽ നിന്ന് ചോർന്നത് പോലെയവർക്ക് തോന്നി.
പിന്നീട് അവർ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ഒരവസരത്തിനായി.
തന്റെ മകൾക്ക് നഷ്ടമായെന്ന് അവർ കരുതുന്ന അവളുടെ നീതി നടപ്പിലാക്കാൻ…
തുടരും