അച്ഛൻ
Story written by Indu Rejith
ടാ തെമ്മാടി….നിനക്ക് വണ്ടിയിലോട്ട് കേറാറായില്ലേ…ആണുങ്ങൾവന്ന് ലോഡ് വണ്ടിയിൽ കേറ്റിയതൊന്നും അവൻ കണ്ടില്ല….കണ്ട പെണ്ണുങ്ങളെ നോക്കി വെള്ളമിറക്കുവാ ഒറ്റ കൈയ്യൻ….
മുതലാളിയുടെ ചെവിപൊട്ടുന്ന വാക്കുകൾ തുടരെ തുടരെ വന്ന് കാതിലടിച്ചപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം തിരിച്ചു കിട്ടിയത്….
അയാള് പറഞ്ഞത് ശരിയാ കുറേ പെൺകുട്ടികൾ ആ റോഡ് സൈഡിൽ നിൽപ്പുണ്ടായിരുന്നു…
എന്റെ പെങ്ങളാവാൻ പോലും പ്രായമില്ലാത്ത കുഞ്ഞുങ്ങൾ….ഇവരെ നോക്കി വെള്ളമിറക്കുവാ ഞാനെന്നല്ലെ ആ പാണ്ടി പറഞ്ഞിട്ട് പോയത്…
അയാളെ പോലെയാണ് ഞാനെന്നു കരുതി കാണും…നാക്കിന് എല്ലില്ലാത്തത് കൊണ്ട് വളച്ചും ചുറ്റിയും ആർക്കും എന്തും പറയാമല്ലോ….
ഈ മുറി കൈയുമായി ഞാൻ അവരെ നോക്കി നിന്നാൽ ആ കുഞ്ഞുങ്ങളും എന്നെ തെറ്റിദ്ധരിക്കും….വല്ല പീഡനത്തിന് ഇടയിൽ ആരെങ്കിലും വെട്ടിയെടുത്തതാണെന്നേ കരുതു..
ആരെയും തെറ്റ് പറഞ്ഞിട്ട് കാര്യമില്ല…ദൈവം തരുന്ന കുറവുകളും നമ്മളായിട്ട് വരുത്തി വെയ്ക്കുന്നതും തമ്മിൽ ഒരു വേർതിരിവ് ഒക്കെ നല്ലതാ…
വണ്ടിയിൽ കേറിയതും മൊതലാളി ഒരു കുറിപ്പടി നീട്ടി…ഏതാ കോളേജ് എന്ന് ശീട്ടിൽ ഉണ്ട് അത് നോക്കി പോയാമതി…മൈക്കിന്റെ പണിമാത്രം നീ ചെയ്താ മതി…അല്ല ഈ ഒരു മുറിയും വെച്ച് നീ അല്ലാതെന്ത് ചെയ്യാനാ അല്ലേ… അത് ഞാനങ്ങു മറന്നു…
എന്നെ ഏറെ നോവിക്കുന്ന അയാളുടെ ഈ മറവിയെ കൂടെ കൂടെ അയാളെ ഓർമ്മിപ്പിക്കുന്നത് എന്തിനാണ് ദൈവമേ…
മനസ്സിൽ ഇങ്ങനെ പറഞ്ഞതല്ലാതെ മുതലാളിയോട് എതിർത്തു നിക്കാൻ എനിക്ക് കെൽപ്പില്ലായിരുന്നു….
ശീട്ടു നിവർത്തിയതും എന്റെ കണ്ണിൽ ഇരുട്ടു കേറുന്നത് പോലെ ഉണ്ടായിരുന്നു…ഒരിക്കലും ഒരു തിരിച്ചു പോക്കില്ലെന്ന് കരുതിയ ഇടത്തേയ്ക്ക് തന്നെയായിരുന്നു യാത്ര….
പഴയകോളേജിൽ എന്റെ ബാച്ചിന്റെ റീ യൂണിയൻ….അല്ലാതെ ക്ഷണമില്ലെങ്കിൽ എന്താ…. വിധി ആ ചടങ്ങിന് എനിക്കായി ഒരിടം ഒഴിച്ചിട്ടത് പോലെ..ചിലപ്പോൾ അവരൊക്കെ എന്നെ അന്യോഷിച്ചിട്ടുണ്ടാവും….
കണ്ടു കിട്ടി കാണില്ല…ആർക്കും പിടി കൊടുക്കാതെയാണ് ഇപ്പോൾ ജീവിതം…
എന്തായാലും ഇത്രയും യോഗ്യതയോടെ അവരുടെ മുന്നിൽ ചെന്നെനിക്ക് ഞെളിഞ്ഞു നിക്കാമല്ലോ…
തോർത്തു കൊണ്ട് മറച്ച തന്റെ തോളിനു താഴത്തെ ശൂന്യതയിലേക്ക് അയാളുടെ കണ്ണുകൾ രണ്ടു തുള്ളി കണ്ണീർ പൊഴിച്ചിരുന്നു…
കണ്ണീരിന്റെ മൂടാപ്പിലും ആ ദിനങ്ങൾ അയാളുടെ ഓർമയിൽ തെളിഞ്ഞു വന്നു…
കോളേജ് കാലത്ത് അധ്യാപകരുടെ പ്രീയപ്പെട്ട വിദ്യാർത്ഥി ആയിരുന്നു അജിത്ത്…
തന്റെ അമ്മയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷം അച്ഛൻ വേണു മാഷ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു…ആ അച്ഛൻ അവിടുത്തെ അധ്യാപകൻ ആയിരുന്നു എന്നതൊഴിച്ചാൽ കോളേജ് ലൈഫ് എനിക്ക് വല്ലാത്ത സന്തോഷം തന്നിരുന്നു…
ഓണഘോഷത്തിനും മറ്റും ഒന്ന് ഒരുങ്ങി ഇറങ്ങിയാൽ ഒരു കുട്ടികൊമ്പന്റെ തലയെടുപ്പായിരുന്നു എനിക്കന്ന്….തനിക്ക് വരുന്ന എണ്ണമില്ലാത്ത പ്രേമലേഖനങ്ങളിലെ വരികൾ ഹോസ്റ്റൽ റൂമിലെ ചുവരുകൾക്ക് പോലും മനഃപാഠമായിരുന്നു….
പക്ഷേ എനിക്ക് പ്രണയത്തിലൊന്നും താല്പര്യം ഇല്ലെന്ന് തന്നെ പറയാം അമ്മ ആയിരുന്നെന്റെ ലോകം…കൂടുതൽ സമയവും വായനയും എഴുത്തും പഠനവുമായി ആള് ബിസി…
കോളേജിലെ പരീക്ഷയുടെ അവസാന ദിവസമായിരുന്നു എന്റെ ജീവിതത്തിലെ നാശങ്ങളുടെ തുടക്കം…
അമ്മയോടുള്ള പകയുടെ പേരിൽ അച്ഛൻ തന്നെ അപമാനിക്കാൻ കിട്ടിയിരുന്ന അവസരം ഒന്നും നഷ്ടപ്പെടുത്തിയിരുന്നില്ല…
ഞാൻ മറ്റാരുടെയോ കുട്ടി ആണെന്ന് പറഞ്ഞായിരുന്നു പ്രശ്നങ്ങളുടെ തുടക്കം…അമ്മയെ ഒഴിവാക്കാൻ അയാൾ കണ്ട ഉപായം ആയിരുന്നു ആ കെട്ടുകഥ…
അവസാന ദിവസം പതിവ് പോലെ രാവിലെ തന്നെ ഞാൻ കോളേജിൽ എത്തിയിരുന്നു….
തിളങ്ങുന്ന കണ്ണുമായി ഒരു പെൺകുട്ടി എന്റെ അടുത്തേക്ക് വന്ന് ഒരു ചിരി സമ്മാനിച്ചു…
ചേട്ടാ എനിക്ക് കുറച്ച് ഡൌട്ട് ഉണ്ട് എക്സമിനു മുൻപ് ഒന്ന് പറഞ്ഞ് തരുമോ…
എന്ന ചോദ്യത്തിൽ ഒരു കുഞ്ഞ് പെങ്ങളുടെ പിടി വാശിയുടെ സ്വരം ആണ് ഞാൻ കേട്ടത്..
പടർന്ന ബാദാമിന്റെ ചുവട്ടിലിരുന്ന് ഞാൻ ആ കാന്താരിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഒരേട്ടന്റെ കൗതുകത്തോടെ…
ഇടയ്ക്ക് ഒന്നിന് പോണം എന്ന് പറഞ്ഞ് ഓടി പോയ പെണ്ണ് വന്നത് അവിടെയും ഇവിടെയും കീറിയ വസ്ത്രവുമായിട്ടാണ്…
എന്റെ ജീവിതം അജിത്തേട്ടൻ നശിപ്പിച്ചു എന്നു പറഞ്ഞവൾ നിലവിളിച്ചപ്പോൾ കുട്ടികൾ എനിക്ക് ചുറ്റും കൂട്ടം കൂടാൻ തുടങ്ങിയിരുന്നു…
കൊഞ്ചലും കുഴയലും കുറേ നേരമായി കാണുവാ എന്ന് കൂട്ടത്തിലരോ പറഞ്ഞതോടെ എനിക്ക് എന്റെ സമനില തെറ്റിയിരുന്നു….
എന്നെ എന്തിനാ മോളേ ചതിക്കണേ ഞാൻ നിന്നേ എന്ത് ചെയ്തൂന്നാ…പിള്ളേർ തെറ്റിദ്ധരിക്കും വസ്ത്രം നേരെ പിടിച്ചിട് കുട്ടി…
എന്നോട് ഒന്നും ഇനി പറയണ്ട ചതിയൻ…
അവളുടെ മറുപടി കേട്ടതോടെ മുടിക്ക് പിടിച്ച് നിലത്തടിക്കാനാണ് എനിക്ക് അദ്യം തോന്നിയത്…പക്ഷേ എന്റെ അമ്മയെ ഓർത്തപ്പോൾ എനിക്ക് അതിന് സാധിച്ചില്ല…
കൂടി നിന്നവരുടെ ഇടയിലേക്ക് വേണു മാഷിന്റെ ബൈക്ക് കേറി വന്നിരുന്നു…
ഇവനൊക്കെ കുടുംബത്തിന് പഠിക്കുന്നതാ ചെല്ലുന്നിടത്തും കാണിക്കുന്നത്…വല്ല പി ഴച്ചവൾക്കും പിറന്നവനാകും എന്ന് കൂടി പറഞ്ഞതോടെ എന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു…
എന്റെ അമ്മയുടെ പവിത്രതയെ ചോദ്യം ചെയ്താൽ തന്നെ ഞാൻ…
നീ എന്നെ അങ്ങ്…മൂക്കിൽ കേറ്റുമോടാ കണ്ടവന് ഉണ്ടായ തെമ്മാടി…
അമ്മ അനുഭവിച്ച ദുരിതങ്ങളും അയാളുടെ വാക്കിന്റെ മൂർച്ചയും എന്റെ വലതു കൈയിലേക്കുള്ള രക്തയോട്ടത്തെ അതിവേഗത്തിൽ ആക്കിയതും അയാളുടെ കരണത്ത് എന്റെ കൈപത്തി പതിഞ്ഞിരുന്നു….
എത്രയൊക്കെ നിഷേധിച്ചാലും അയാൾ എന്റെ അച്ഛൻ ആയിരുന്നു എന്ന് ഒരു നിമിഷത്തേക്ക് ഞാൻ മറന്നു പോയിരുന്നു…
തന്തേ തല്ലി….
തന്തേ തല്ലി…എന്ന് കൂടി നിന്നവർ ആർത്തു വിളിച്ചു… പലരും തല്ലാൻ ഓടി അടുത്തു…അവിടുന്ന് അന്ന് ഓടി ഇറങ്ങിയതാണ്…അവസാന പരീക്ഷ എഴുതാൻ പോലും അനുവദിക്കാതെ വിധി എന്നെ പരീക്ഷിച്ചു കൊണ്ടേ ഇരുന്നു..
അച്ഛനെ തല്ലിയവനെ അമ്മയ്ക്കും കാണണ്ടെന്നു പറഞ്ഞതോടെ എന്റെ ജീവിതത്തിന്റെ തായ് വേരറ്റിരുന്നു…
പിന്നീട് എങ്ങോട്ടോ വണ്ടി കേറി… ഒരു തടി മില്ലിൽ സഹായിയായി കയറി പറ്റി…
വരുമാനത്തിന്റെ ഒരു പങ്ക് നാട്ടിലേക്ക് അയക്കുന്നുണ്ടായിരുന്നു അമ്മയ്ക്ക് വേണ്ടി…അന്നത്തിനു വക നൽകാൻ ആരുമില്ലാഞ്ഞിട്ടവണം പാവം അത് കൈപ്പട്ടുന്നുണ്ടായിരിന്നു…ജീവിതം പച്ച പിടിക്കാൻ തുടങ്ങിയിരുന്നു… കുറേ സുഹൃത്തുക്കൾ…സമയത്തിന് ആഹാരം….. കിടപ്പാടം….
പക്ഷേ നമ്മൾ മറന്നാലും ചിലതൊന്നും കാലം മറക്കില്ലല്ലോ…ഒരു ദിവസം ഉച്ച കഴിഞ്ഞുള്ള ജോലിക്കിടയിൽ മെഷീന്റെ ഇടയിൽ വലതു കൈ കേറി ഇറങ്ങി….പ്രാണൻ പോകുന്ന വേദനയിൽ ഞാൻ അലറി കരഞ്ഞു…..പച്ച ജീവനിൽ നിന്ന് പൂ പറിക്കുന്ന ലാഘവത്തോടെ വിധി എന്റെ വലതു കൈ ഇരിച്ചെടുത്തു….അച്ഛനെ തല്ലിയവന്റെ കൈ പോയില്ലെങ്കിലല്ലേ അതിശയം ഉള്ളു…
ഒരു നിമിഷത്തെ നിയന്ത്രണം തെറ്റിയുള്ള പെരുമാറ്റം ജീവിതം തന്നെ നശിപ്പിക്കു മല്ലേ… ആവാം…അച്ഛനെ തല്ലിയവൻ എങ്ങനെ നന്നാവാൻ…
പിന്നെയും അലഞ്ഞു ഒറ്റ കൈയുമായി… ഒടുവിൽ എല്ലാവർക്കും അപരിചിതനായി ഈ നാട്ടിൽ വന്നെത്തി…ഇന്നിതാ വിധി വീണ്ടും തിരികെ വിളിക്കുന്നു പഴയ തട്ടകത്തിലേക്ക്….
പോയില്ലെങ്കിൽ അന്നതിനുള്ള വകകൂടി അന്യമാകും… ദൂരെ നിന്നെങ്കിലും എല്ലാരേയും ഒന്നുകൂടി കാണാല്ലോ….അത് മതി….തോർത്ത് തലയിലേക്ക് വലിച്ചിട്ടു ആരും തിരിച്ചറിയണ്ട…
ജൂനിയർ പെൺകുട്ടിയെ കേറി പിടിച്ചവനായിട്ടേ എന്നെ അവർ ഓർക്കാനിടയുള്ളു..
കൂടെ പഠിച്ചവർ… ഒന്നിച്ചു ഉറങ്ങിയവർ.. തല്ലു കൂടിയവർ….എല്ലാവരും പല പല രൂപത്തിൽ വേഷത്തിൽ ഭാവത്തിൽ മുന്നിൽ വന്നിറങ്ങുന്നുണ്ടായിരുന്നു….
പലരെയും നെഞ്ചോട് ചേർക്കാൻ മോഹം തോന്നിയിരുന്നു എല്ലാം ഉള്ളിൽ ഒളിപ്പിച്ച് ആരുടെയും ശ്രെദ്ധയിൽ ഉടക്കാതെ ഞാൻ അലഞ്ഞു നടന്നു….
പരിപാടി ആരംഭിച്ചപ്പോഴും തലയിൽ തോർത്തിട്ട് ഞാൻ അവിടൊക്കെ തന്നെ ഉണ്ടായിരുന്നു…മൈക്കിലൂടെ തന്റെപ്രിയപ്പെട്ട വരുടെ ശബ്ദം കാലങ്ങൾക്കിപ്പുറം അജിത്ത് കേട്ടു…ഓർമ്മകൾ അയവിറക്കുമ്പോൾ പലർക്കും പറയാൻ ഒന്നേഉള്ളായിരുന്നു…
നമ്മുടെ അജിത്ത് അവനെ മാത്രം കണ്ടെത്താൻ പറ്റിയില്ല എന്നത്….
ചിലരുടെയൊക്കെ മനസ്സിൽ നമുക്കൊന്നും മരണമില്ല എന്ന് കാലം തെളിയിക്കുന്നത് പോലെ…
ഒടുവിൽ വേദിയിലേക്ക് വേണുമാഷ് കയറി വന്നു ആളിന്റെ പഴയ ഉഷറൊക്കെ പോയിപോയിരുന്നു…ആരൊക്കെയോ പിടിച്ചാണ് വേദിയിൽ കയറ്റിയത്…ഇടറുന്ന ശബ്ദത്തിൽ വേണു മാഷ് ആദ്യം ചോദിച്ചത് എന്റെ അജിത്ത് വന്നില്ലേ എന്നായിരുന്നു….
ചോദ്യം കേട്ടതും എന്റെ ഹൃദയം പൊട്ടിത്തെറിക്കുന്ന നോവ് ഞാൻ അനുഭവിക്കുന്നുണ്ടായിരുന്നു….
ഒരു പെൺകുട്ടിയുടെ വാക്ക് വിശ്വാസിച്ച് സ്വന്തംമകനെ സഹപാഠികളുടെമുന്നിൽ വെച്ച് പെണ്ണുപിടിയനാക്കി അപമാനിച്ച ഒരച്ഛൻ ആണ് ഞാൻ …..
അതിനുള്ള ശിക്ഷ ഞാൻ എന്റെ മറ്റൊരു മകനിൽ നിന്നനുഭവിച്ചതാണ്….നിന്നേ ഒന്ന് കണ്ടാൽ കാലിൽ വീണ് മാപ്പ് പറയാൻ വന്നതാണീ കിളവൻ…സംസാരം പാതിയിൽ നിലച്ചതും അദ്ദേഹം പുറകിലേക്ക് വീണിരുന്നു…
എല്ലാം മറന്ന് ഞാൻ വേദിയിലേക്ക് ഓടി കയറി…ഒറ്റ കൈ കൊണ്ട് അച്ഛനെ താങ്ങി എടുത്തു….
ഞാനാ മാഷേ… അല്ല ഞാനാ അച്ഛാ അജിത്ത്…
ആയിരംതവണ മനസ്സുകൊണ്ട് മാപ്പ് പറഞ്ഞ് ഈ കാലിൽ വീണവന ഞാൻഎന്നോട് പൊറുക്കണേ അച്ഛാ…
വേണു മാഷ് അവന്റെ വലതു കൈയിലെ ശൂന്യതയിൽ നോക്കി കണ്ണീർ പൊഴിച്ചു…
ഞാൻ വീണാൽ നിനക്കെ നോവു അതാണ് മോനേ രക്ത ബന്ധം…
ഈ അച്ഛനോട് പൊറുക്കട ഒരു ദീർഘ നിശ്വാസത്തോടെ ആ ശബ്ദവും നിലച്ചു…
കൂട്ടുകാർ പലരും ഓടി വന്ന് അജിത്തിനെ ചേർത്തു പിടിച്ചു കരഞ്ഞു…
അച്ഛനെ സ്വന്തമായി തന്നിട്ട് രണ്ടു നിമിഷത്തിൽ തിരിച്ചെടുത്ത ദൈവത്തെ നോക്കി അജിത്ത് പുഞ്ചിരിച്ചു…നഷ്ടങ്ങളുടെ പട്ടികയിലെ അവസാനത്തെ പേര് വേണു മാഷ്….അല്ല അച്ഛൻ….
ശുഭം ❤