Story written by Saji Thaiparambu
ഇപ്രാവശ്യം ചന്ദ്രൻ ലീവിന് വന്നപ്പോൾ, കൂടെ ഒരു പെൺകുട്ടിയുമുണ്ടായിരുന്നു.
ദുലന്തറിൻ്റെ മോളാ.. നമ്മുടെ നാടിനെ കുറിച്ച് കേട്ടപ്പോൾ, ഇവിടമൊന്ന് കാണണമെന്ന് അവൾക്കൊരു കൊതി
ചോദ്യഭാവത്തിൽ നിന്ന ഭാര്യയോട് ചന്ദ്രൻ കാര്യം പറഞ്ഞു.
രാജസ്ഥാനിലെ ജയ്പുരിലാണ് ചന്ദ്രന് ജോലി, കൂടെ ജോലി ചെയ്യുന്ന ആളാണ് ദുലന്തർ, അയാളുടെ വീട്ടിൽ പോയ വിശേഷങ്ങളൊക്കെ മുൻപ് ചന്ദ്രൻ പറഞ്ഞിട്ടുണ്ട്, ദുലന്തറിൻ്റെ കുടുംബവുമായി അയാൾക്ക് നല്ല ബന്ധമാണ് .
ഈ കൊച്ചിന് മലയാളം വല്ലതു മറിയുമോ ?എന്താ ഇവളുടെ പേര്?
ഗിരിജ ഭർത്താവിനോട് ചോദിച്ചു.
സബിനാ ഷെട്ടി ,അവൾക്ക് കേട്ടാൽ കുറച്ചൊക്കെ മനസ്സിലാകും, സംസാരിക്കില്ലെന്നേയുള്ളു,
കുടിക്കാൻ ചായ എടുക്കട്ടെയെന്ന് ചോദിക്ക്?
ഹേയ്, അവള് ചായയൊന്നും കുടിക്കില്ല, തൈര് ഇരിപ്പുണ്ടെങ്കിൽ, നീ കുറച്ച് ലസ്സി ഉണ്ടാക്കി കൊടുക്ക്
അതും പറഞ്ഞ് ചന്ദ്രൻ, മുറിയിലേക്ക് പോയപ്പോൾ, ഗിരിജ ,സബിനയെയും കൂട്ടി അടുക്കളയിലേക്ക് പോയി.
ദിവസങ്ങൾ കടന്ന് പോയി.
ഗിരിജയ്ക്ക് ആദ്യമൊക്കെ സബിനയോടുണ്ടായിരുന്ന അകൽച്ച കുറഞ്ഞ് വന്നു, കൂട്ടുകാരൻ്റെ മകളാണെന്ന് പറഞ്ഞിട്ടും, ചന്ദ്രനെ ഗിരിജ സംശയത്തിൻ്റെ നിഴലിലാണ് നിർത്തിയത്, കാരണം തന്നെ വിവാഹം ചെയ്യുന്നതിന് മുമ്പേ, ചന്ദ്രന് രാജസ്ഥാനിലായിരുന്നു ജോലി, അത് കൊണ്ട്, സബിന അയാൾക്ക് അ വിഹിതത്തിലുണ്ടായ കുട്ടിയാണോ, എന്ന് ഗിരിജ സംശയിച്ചിരുന്നു ,പക്ഷേ ചന്ദ്രനുമായി സബിനയ്ക്ക്, യാതൊരു രൂപസാദൃശ്യവുമില്ലെന്ന്, ഗിരിജ നിരവധി തവണ സബിനയെ നോക്കി സംശയ നിവാരണം വരുത്തി.
സബിനയെ എപ്പോഴാ തിരിച്ച് കൊണ്ട് പോകുന്നത്?
ഒരു ദിവസം രാത്രിയിൽ ,ഉറക്കം വരാതെ കിടക്കുമ്പോൾ, ഗിരിജ ചന്ദ്രനോട് ചോദിച്ചു.
എന്താ നിനക്കവളെ പറഞ്ഞ് വിടാൻ ധൃതിയായോ?
അയ്യോ ഒരിക്കലുമല്ല ,കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് ഞാനവളുമായി ഒരുപാടടുത്തു പോയി, ഇനിയവളിവിടുന്ന് പോകുമ്പോൾ എനിക്കത് താങ്ങാനാവാത്ത നൊമ്പരമായിരിക്കും
ഉം, പക്ഷേ അവളെ തിരിച്ച് വിടാതിരിക്കാൻ കഴിയില്ലeല്ലാ?
അതും ശരിയാ ,
നിരാശയോടെ ഗിരിജ കറങ്ങുന്ന ഫാനിലേക്ക് തുറിച്ച്നോക്കി കിടന്നു.
നീയെന്താ ആലോചിക്കുന്നത്?
അല്ലാ.. സബിന നമ്മുടെ മോളായിരുന്നങ്കിൽ, എത്ര നന്നായിരുന്നു എന്ന് ഞാൻ സങ്കല്പിക്കുകയായിരുന്നു, ചന്ദ്രേട്ടനും അതാഗ്രഹിക്കുന്നില്ലേ?
എന്തിനാ ഗിരിജേ.. വെറുതേ ഓരോന്ന് ചിന്തിക്കുന്നത്, ദൈവം നിനക്കങ്ങനെയൊരു ഭാഗ്യം തന്നിട്ടില്ലെന്ന് നമുക്ക് രണ്ട് പേർക്കുമറിയാവുന്നതല്ലേ? നീ ഒരിക്കലും പ്രസവിക്കില്ലെന്നും, വിവാഹത്തിന് മുമ്പേ, ട്യൂമറ് വന്നത് കൊണ്ട് ,നിൻ്റെ ഗർഭപാത്രം എടുത്ത് കളഞ്ഞതാണെന്നും, നീയെന്നോട് ആദ്യരാത്രിയിൽ തുറന്ന് പറഞ്ഞപ്പോൾ, ആദ്യമൊന്ന് പകച്ചതാണ് ഞാൻ, വഞ്ചിക്കപ്പെട്ടല്ലോ എന്നോർത്ത് നിന്നോടെനിക്ക് വൈരാഗ്യവുമുണ്ടായിരുന്നു, പക്ഷേ, ആ രാത്രിയിൽ നിന്നെ ഞാൻ ഉപേക്ഷിച്ചിരുന്നെങ്കിൽ, എന്നെ വച്ച് വിലപേശി എൻ്റെ അച്ഛൻ വാങ്ങിയ സത്രീധനക്കാശ് തിരിച്ച് നിൻ്റെ വീട്ടുകാർക്ക് കൊടുക്കേണ്ടി വന്നേനെ, ആ ഒരു വലിയ തുക കിട്ടിയത് കൊണ്ടാണന്ന് ,സത്രീധന ബാക്കി കിട്ടാൻ, വീട്ടിൽ കൊണ്ട് നിർത്തിയ ചേച്ചിയെ, അളിയൻ വിളിച്ച് കൊണ്ട് പോയതും , ജപ്തിനോട്ടീസ് പതിച്ച ബാങ്കിൽ നിന്നും തറവാട് ,തിരിച്ച് പിടിക്കാൻ കഴിഞ്ഞതും ,ഞാനങ്ങനെ ചിന്തിച്ചപ്പോൾ ,നീ തെറ്റുകാരി അല്ലാതെയായി, മാത്രമല്ല, നിൻ്റെ മനസ്സിൽ കളങ്കമില്ലാത്തത് കൊണ്ടല്ലേ, ആദ്യമേ നീയെല്ലാം തുറന്ന് പറഞ്ഞത്
ഉം…
അത് കേട്ട് ഗിരിജ ഒന്ന് മൂളിയതേയുള്ളു ,അപ്പോഴും ഏഴെട്ട് വർഷമായി തൻ്റെ മനസ്സിലെരിഞ്ഞ് കൊണ്ടിരിക്കുന്ന ഒരു വലിയ രഹസ്യം, തുറന്ന് പറയാനാവാതെ ഗിരിജയുടെ നെഞ്ച് പിടയുകയായിരുന്നു.
അന്ന് ഗർഭപാത്രം എടുത്ത് കളഞ്ഞത് ട്യൂമറ് വന്നത് കൊണ്ടല്ല, ജയ്പൂരിൽ ഗവേഷണ വിദ്യാർത്ഥിയായിരിക്കുമ്പോൾ, തന്നെ ചതിച്ചിട്ട് പോയ കാമുകൻ്റെ കുഞ്ഞിനെ, പ്രസവിച്ച സമയത്ത് ഗർഭാശയ ഭിത്തിയിലുണ്ടായ ആഘാതം കൊണ്ടാണ് ,അന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം യൂട്രസ് റിമൂവ് ചെയ്യേണ്ടി വന്നതെന്ന് ,പലപ്രാവശ്യം അദ്ദേഹത്തോട് പറയാൻ ശ്രമിച്ചിട്ടും, പറയാതിരുന്നത്, ആ സാധു മനുഷ്യനെ ഒരിക്കൽ കൂടി വേദനിപ്പിക്കാൻ കഴിയാതിരുന്നത് കൊണ്ടും, ആ നിഷ്കളങ്ക സ്നേഹം നഷ്ടപ്പെടുമെന്ന് ഭയന്നിട്ടുമായിരുന്നു, അന്ന് താൻ പ്രസവിച്ച കുഞ്ഞിനെ തന്നെയൊന്ന് കാണാൻ പോലും അനുവദിക്കാതെ, തൻ്റെ അച്ഛൻ ആരുടെയോ കയ്യിൽ കുഞ്ഞിനെ ഏല്പിച്ചിട്ട് ,പിറ്റേ ദിവസം കുടുംബത്തോടൊപ്പം, നാട്ടിലേക്ക് തിരിച്ച് വരികയായിരുന്നു, പിന്നെയും രണ്ട് വർഷം കഴിഞ്ഞാണ്, എല്ലാം മറച്ച് വച്ച്, തൻ്റെ വീട്ടുകാർ ചന്ദ്രേട്ടനുമായുള്ള വിവാഹം നടത്തിയത്, പാവം ,ഒന്നുമറിയാതെ ഇപ്പോഴും തന്നെ ജീവന് തുല്യം സ്നേഹിക്കുന്നു.
ഓർത്തപ്പോൾ ഗിരിജയുടെ കണ്ണുകൾ നിറഞ്ഞു.
നീ കരയുകയാണോ?
തൻ്റെ തേങ്ങൽ അദ്ദേഹം കേട്ടെന്ന് ഗിരിജയ്ക്ക് മനസ്സിലായി.
ഒരു കുഞ്ഞിന് വേണ്ടി നീ ഒരു പാടാഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി ,ദുലന്തറിന് സബിന ഉൾപ്പെടെ അഞ്ച് പെൺമക്കളും മൂന്നാൺമക്കളുമാണ് ,ഞാൻ ചോദിച്ചാൽ ചിലപ്പോൾ സബിനയെ അയാൾ നമുക്ക് തന്നേക്കും നിനക്ക് ആഗ്രഹമുണ്ടെങ്കിൽ, ഞാനയാളോട് ചോദിക്കാം
എങ്കിൽ ഇപ്പോൾ തന്നെ ചോദിക്കു
ഗിരിജ ആവേശത്തോടെ പറഞ്ഞു
അയാൾ മൊബൈൽ ഫോണുമായി മുറിക്ക് പുറത്തേയ്ക്കിറങ്ങി
മുറ്റത്ത് പൂന്തോട്ടത്തിലിറങ്ങി നിന്ന് ഡയൽ ചെയ്യാതെ അയാൾ ഫോൺ ചെവിയിൽ വച്ച് വെറുതെ നിന്നു.
കാരണം ,ദുലന്തർ മകളെ ചന്ദ്രന് വിട്ട് കൊടുത്തതാണ് ,അതിന് കാരണവുമുണ്ട് ,വർഷങ്ങൾക്ക് മുമ്പ് തൻ്റെ അച്ഛൻ്റെ സുഹൃത്ത് ഒരു ചോരക്കുഞ്ഞിനെ വളർത്താൽ കൊടുത്തിട്ട് പോയതാണെന്നും ആ കുട്ടിയാണ് സബിനയെന്നും ദുലന്തർ ചന്ദ്രനോടു പറഞ്ഞിരുന്നു.
അതിനൊപ്പം തന്നെ അച്ഛൻ്റെ സുഹൃത്തിൻ്റെ കുടുംബ ഫോട്ടോയും ദുലന്തർ ചന്ദ്രനെ കാണിച്ചിരുന്നു
ആ ഫോട്ടോയിൽ നടുക്ക് നില്ക്കുന്ന പെൺകുട്ടിയാണ് സബിനയുടെ അമ്മയെന്ന് പറഞ്ഞപ്പോൾ, താൻ ഞെട്ടാതിരുന്നത്, അത് തൻ്റെ ഭാര്യ ഗിരിജയാണെന്ന്, ദുലന്തർ അറിയാതിരിക്കാനായിരുന്നു.
സബിന, നീ പ്രസവിച്ച കുട്ടിയാണെന്ന് ,ഗിരിജയോട് പറയാതിരുന്നതും മനപ്പൂർവ്വമായിരുന്നു, കാരണം, തൻ്റെ ഭാര്യ, ഓർക്കാൻ ആഗ്രഹിക്കാതെ മറവിയാലൊളിപ്പിച്ച പൊള്ളുന്ന ഓർമ്മകൾ കുത്തിപ്പൊക്കി, അവളുടെ സ്വസ്ഥത നശിപ്പിക്കാൻ അയാൾക്ക് തീരെ താല്പര്യമില്ലായിരുന്നു .