“കൊള്ളാം പൊളി സാധനം, എനിക്ക് ഇഷ്ട്ടായി” ചങ്കിന്റെ വായിൽ നിന്ന് ആ ഡയലോഗ് കേട്ടതും ഞാനവനെ തന്നെ തറപ്പിച്ചു ഒന്ന് നോക്കി

മൂന്നാം പ്രണയം – എഴുത്ത് : ആദർശ് മോഹനൻ

ജീവിതത്തിലെ ആദ്യത്തെ പെണ്ണ് കാണലിനു പോകും മുൻപേ തന്നെ ഞാൻ ദൈവത്തോട് ഉള്ളുരുകി പ്രാർത്ഥിച്ചു, ദൈവമേ ഇതെന്റെ ആദ്യത്തെയും അവസാനത്തെയും പെണ്ണുകാണൽ ആയിത്തീരണേ എന്ന്….

അങ്ങനെ പെണ്ണ് വീട്ടിലെത്തി സ്വീകരണവും കഴിഞ്ഞു ആ വീടിന്റെ ഉള്ളിലേക്ക് കയറി, ഫുള്ള് സ്പീഡിൽ ഫാനിട്ട ആ ഹാളിനകത്തും എന്തെന്നില്ലാത്ത ചൂട് അനുഭവപ്പെട്ട പോലെ തോന്നിയെനിക്ക് നെഞ്ചിനകത്ത് എന്തോ പട പട നാദം, നെറ്റിയിലെ വിയർപ്പുതുള്ളികൾ ഒപ്പിയെടുക്കാൻ വിരലുകൾ വിസമ്മദം മൂളി ഈശ്വരാ എന്താണാവോ സംഭവിക്കാൻ പോകുന്നെ എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ്. എന്റെ ഭാവി വധുവാകേണ്ടവൾ നറുപുഞ്ചിരിയോടെ ചായഗ്ലാസ്സുമായി കട്ടിളപ്പടി താണ്ടി ഹാളിലേക്ക് നടന്നു വരുന്നത്.

ആ വരവ് കണ്ടപ്പോൾ തന്നെ ഞാൻ ചങ്കിനോടായത് ചോദിച്ചു. “അളിയാ എങ്ങനുണ്ട് ” എന്ന്. അവൻ എങ്ങും നോക്കാതെ അണ്ണാക്കിൽ കുടുങ്ങിയ എള്ളുണ്ട ചവച്ചരച്ചു കൊണ്ട് എനിക്ക് മറുപടി തന്നു. “കൊള്ളാം പൊളി സാധനം, എനിക്ക് ഇഷ്ട്ടായി” ചങ്കിന്റെ വായിൽ നിന്ന് ആ ഡയലോഗ് കേട്ടതും ഞാനവനെ തന്നെ തറപ്പിച്ചു ഒന്ന് നോക്കി.

“എന്തെടാ നല്ല രസല്ലേ, എള്ളും അരിപ്പൊടിയും ശർക്കരയും ഇട്ട് നന്നായി പൊടിച്ചിട്ടുണ്ട് ല്ലോ, ഇത്ര നല്ല എള്ളുണ്ട ഞാൻ മുൻപ് എവിടുന്നും കഴിച്ചിട്ടില്ല, എന്തെ നിനക്ക് ഇഷ്ട്ടായില്ലേ…?” അവന്റെ ഊള ഡയലോഗ് കേട്ടപ്പോ തന്നെ എന്റെ കണങ്കാല് മുതൽ തരിച്ചു കയറി.

“അതല്ലടാ പൊട്ടാ ഞാൻ പെണ്ണിന്റെ കാര്യമാണ് ചോദിച്ചത്,” എന്റെ ചോദ്യം കേട്ടതും ആ പെരുച്ചാഴി മീശ തിരിച്ചു പിരിച്ചു കൊണ്ട് എന്നെയവൻ കണ്ണുരുട്ടി കാണിച്ചു, “ടാ പുല്ലേ കെട്ടിയെടുക്കുന്നത് എന്റെ കുടുംബത്തേക്ക് അല്ലല്ലോ നിന്റെ കുടുംബത്തേക്ക് അല്ലേ, അപ്പൊ നിനക്ക് ഇഷ്ട്ടപ്പെട്ടാൽ മതി,”

എന്റെ ഭാഗത്തും തെറ്റുണ്ട്, കല്യാണമേ വേണ്ട എന്നും പറഞ്ഞു കൊണ്ട് മുഖത്ത് ഉള്ള പൂടയും പിരിച്ചു കൊണ്ട് സിംഗിൾ പസിംഗ പാടി നടക്കണ അവനോട് ഞാനീ ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു, ഞാൻ നേരെ പെൺകുട്ടിയുടെ മുഖത്തേക്ക് തന്നെ നോക്കി, കണ്ടു മറന്ന പഴഞ്ചൻ സിനിമകളിൽ കാണുന്ന പോലെയുള്ള ഓഞ്ഞ ലുക്ക് ഒന്നുമില്ലായിരുന്നു അവൾക്ക് അല്ലേലും ചായ തന്നിട്ട് ഓടിമറഞ്ഞു വാതിൽപ്പടിക്കൽ ഒളിഞ്ഞു മറിഞ്ഞു നോക്കുന്ന മിണ്ടാപ്പൂച്ചകളോട് പണ്ടേ ഇഷ്ടമല്ലായിരുന്നു എനിക്ക്….

ഇളം റോസ് നിറത്തിൽ ഉള്ള ചുരിദാർ, ഇരു നിറം മുഖത്ത് അഹംഭാവം ഒന്നുമില്ല കാണാൻ ത്രിലോക സുന്ദരിയെപ്പോലെ ഒന്നുമല്ലെങ്കിലും ചിരിക്കുമ്പോൾ ആ കെട്ടിച്ച പല്ല് കാണാൻ ഒരു പ്രത്യേക രസാണ്….കണ്ണെടുക്കാതെ അവളെ തന്നെ ഇങ്ങനെ നോക്കി നിൽക്കുമ്പോളാണ് അവളുടെ അമ്മാവന്റെ ശബ്ദം ഒരു അശരീരി പോലെ അവിടമാകെ മുഴങ്ങിക്കേട്ടത്. “കുട്ടികൾക്ക് എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ മുകളിലേക്ക് പോയി സംസാരിക്കാം ട്ടോ.”

വേണ്ടാ ഇതിൽ കൂടുതൽ എന്ത് സംസാരിക്കാൻ ഇതങ്ങു ഉറപ്പിച്ചോ എന്ന മട്ടിൽ നേർത്ത പുഞ്ചിരിയോടെ നാണത്താൽ നമ്രശിരസ്കൻ ആയി ഇരിക്കുകയായിരുന്നു ഞാൻ…”എനിക്കൊന്ന് ഈ ചേട്ടനോട് സംസാരിക്കണം” പെണ്ണ് കണ്ട് പരിചയം ഇല്ലാത്ത എനിക്ക് എന്റെ ആദ്യത്തെ പെണ്ണുകാണലിനു ചെന്നപ്പോൾ പെണ്ണിന്റെ വായിൽ നിന്ന് തന്നെ അത് കേട്ടപ്പോൾ നെഞ്ചൊന്നു കാളിയതാണ്.

അച്ഛനും ചങ്കും കളിയാക്കണ രീതിയിൽ എന്നേ തന്നെ നോക്കിയപ്പോൾ അളിഞ്ഞു പിളിഞ്ഞു ഞാനങ്ങു ഉരുകി ഇല്ലാതായതാണ്. ലേശം ഇളിഭ്യനായി മുഖം തിരിച്ചു നിന്നപ്പോൾ ഉള്ളിൽ അഭിമാനത്തിന് ക്ഷതം ഏറ്റ പോലെയെനിക്ക് തോന്നി. ഛെ എന്റെ ചോദ്യമാണ് അവൾ ഓവർടേക്ക് ചെയ്ത് ചോദിച്ചത്, എന്താണ് ഏതാണ് സംസാരിക്കേണ്ടത് എന്നതിനെ കുറിച്ച് വല്യ ധാരണ ഇല്ലാത്തോണ്ട് ആണ് ഞാൻ ഒന്നും മിണ്ടാതെ ഇരുന്നത്.

പക്ഷെ അവള്ടെ ആ പറച്ചിലിൽ എന്തോ പന്തിയില്ലാത്ത പോലെ എനിക്ക് തോന്നി, സ്റ്റെയർകേസ് താണ്ടി മുകളിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സേതോ ലോകത്തിലേക്ക് പട്ടംകണക്കെ പാറി നടക്കുകയായിരുന്നു, ഇനിയവളെന്നെ ഇഷ്ടമായില്ല ന്ന് പറയോ? അതോ വേറെ ഏതേലും ഒരുത്തനുമായിട്ട് ഇനിയവൾക്ക് വല്ല ഡിങ്കോൾഫിയും ഉണ്ടോ,? അതോ ഇനിയവൾ വല്ല ലെ സ്ബിയനും ആകുമോ? ഛെ അങ്ങനെ ഒന്നുമാകില്ല ഓരോരോ ഊളചിന്തകൾ എന്റെ മനസ്സിനെ തളർത്തിക്കൊണ്ടിരുന്നപ്പോൾ ആകാംക്ഷഭരിതനായി ഞാനവളെ തന്നെ നോക്കിക്കൊണ്ട് ചോദിച്ചു. “എന്തെ എന്നേ ഇഷ്ട്ടമായില്ലേ…?”

എന്റെയാ ചോദ്യശരം കൊണ്ട് അവളുടെ ആഴം കുറഞ്ഞ നുണക്കുഴിയിൽ മെല്ലെ മെല്ലെ നാണം പടരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. “ഇഷ്ട്ടമായി അത്കൊണ്ട് തന്നെയാണ് സംസാരിക്കണം എന്ന് പറഞ്ഞതും”

“എന്താണ്, മുൻപ് വല്ല പ്രേമം വല്ലതും ഉണ്ടായിരുന്നു എന്നാണോ…? അതൊന്നും എനിക്കൊരു വിഷയം അല്ല ട്ടോ” അവളിലെ സമ്മർദ്ദം കുറയ്ക്കാൻ വേണ്ടി ഞാനത് പറഞ്ഞപ്പോഴേക്കും അവളാ ചോദ്യത്തിന് നേരെ അടക്കിചിരിച്ചുകൊണ്ട് മറുപടിയോതി.

“പ്രണയം….പ്രണയം എനിക്ക് മൂന്നു തവണ ഉണ്ടായിട്ടുണ്ട്, ആദ്യത്തേത് പ്ലസ് ടു വിൽ പഠിക്കുമ്പോൾ, അത് പ്ലസ് ടു ലൈഫ് കഴിഞ്ഞപ്പോൾ തന്നെ കോൺടാക്ട് ഇല്ലാതായി. അവൻ എന്നെയും മറന്നു ഞാൻ അവനെയും മറന്നു അത് അവിടെ തീർന്നു. പിന്നേ ഡിഗ്രിയിൽ പഠിക്കുമ്പോൾ ആണ് അസ്ഥിക്ക് പിടിച്ച പ്രേമം പൂത്തുലഞ്ഞത് അവൻ മുസ്ലിം ഉം ഞാൻ ഹിന്ദുവും…ഒരു ഹിന്ദുപെണ്ണിനെ പ്രേമിച്ചതിന്റെ പേരിൽ അവന്റെ വാപ്പയും വല്ല്യഉപ്പൂപ്പയും മാമന്മാരും ഒക്കെ ചേർന്ന് അന്തസ്സായി പഞ്ഞിക്കിട്ടു. ഈ ബന്ധം എന്റെ വീട്ടിൽ അറിയാമായിരുന്നു. വീട്ടിൽ ആർക്കും എതിർപ്പ് ഒന്നുമുണ്ടായില്ല പക്ഷെ എന്റെ പേരിൽ അവൻ ഒരുപാട് അനുഭവിച്ചു. എല്ലാവരെയും വെറുപ്പിച്ചു അകറ്റി അങ്ങനെ ഒരു ജീവിതം വേണ്ട എന്ന് ഞങ്ങൾ ഒരുമിച്ചു തീരുമാനം എടുത്തു, ഇപ്പൊ അവന്റെ കല്യാണം കഴിഞ്ഞു രണ്ട് പിള്ളേരും ആയി”

“പിന്നെന്താ പ്രശ്നം…?” ഞാനത് ചോദിക്കുമ്പോഴും അവളുടെ കണ്ണുകളെന്തിനോ വേണ്ടി എന്നോട് യാചിക്കും പോലെ തോന്നി…

“ഏട്ടൻ എന്നേ സഹായിക്കണം”

“സഹായിക്കാനോ, എങ്ങനെ?”

“എനിക്ക് ഏട്ടനെ ഇഷ്ട്ടായി, വീട്ടുകാരുടെ മട്ടും ഭാവവും കണ്ടിട്ട് എത്രയും പെട്ടെന്ന് വിവാഹം കഴിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ നടക്കും അതുറപ്പാണ്. അതുകൊണ്ട് നിശ്ചയം കഴിഞ്ഞിട്ട് ഒരു ഒന്നര വർഷം എങ്കിലും നീട്ടണം ഈ വിവാഹം.”

ഈ പെണ്ണിന് എന്താ വട്ടാണോ എന്ന് വരേ തോന്നിപ്പോയി എനിക്ക്. പരസ്പരം ഇഷ്ട്ടമായിട്ടും കല്യാണം എന്തിന് നീട്ടണം എന്ന എന്റെ ചോദ്യത്തിന് അവളുടെ പക്കൽ തക്കതായ മറുപടി ഉണ്ടായിരുന്നു എന്നതാണ് സത്യം. MA English കഴിഞ്ഞു NET ന്റെ എക്സാം എഴുതണം, ശേഷം ഒരു ജോലിക്ക് ശ്രമിക്കണം, ജോലി കിട്ടിയിട്ട് കല്യാണം കഴിക്കാനാണ് ആഗ്രഹം എന്നും അവൾ പറഞ്ഞപ്പോൾ സത്യത്തിൽ ലേശം ബഹുമാനം തോന്നി അവളോട്…

അങ്ങനെ അവൾ പറഞ്ഞപ്പോൾ ഞാനെന്റെ മൂത്ത ചേച്ചിയേ ആണ് അവളിൽ കണ്ടത്. വന്ന വിവാഹാലോചനകൾ ഒക്കെ പഠിപ്പിന്റെ പേരും പറഞ്ഞു കൊണ്ട് മുടക്കാറുണ്ടായിരുന്ന ചേച്ചിയോട് കുടുംബക്കാർക്ക് ഒന്നടങ്കം ദേഷ്യമായിരുന്നു. അങ്ങനെ അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് വഴങ്ങി ഉള്ളത് വിറ്റു പെറുക്കി ഇഷ്ടമില്ലാത്ത വിവാഹത്തിന് ചേച്ചി കഴുത്ത് നീട്ടി കൊടുത്തു. ചെന്ന് കയറിയിടത്തു നിന്നും കൊടുത്ത സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ഒരുപാട് പീഡനങ്ങൾ അവൾ അനുഭവിച്ചതാണ് സഹിക്ക വയ്യാതായപ്പോൾ വീട്ടിലേക്ക് തന്നെ ചേച്ചി തിരിച്ചു പോന്നു.

തുടർപഠനം പൂർത്തിയാക്കി നല്ല നിലക്ക് ജോലി വാങ്ങിയപ്പോഴും വിവാഹക്കമ്പോളത്തിൽ സർക്കാർ ജോലിക്കാരിക്ക് വരേ വില പേശാനും ആളുകൾ വന്നപ്പോൾ ചായ പോലും കൊടുക്കാതെ മടക്കി അയച്ചത് ഞാൻ തന്നെയായിരുന്നു. ഒടുവിൽ വെൽഡിങ് പണിക്ക് പോകുന്ന ഒരു സാധാരണക്കാരനുമായി അവൾ പ്രണയത്തിലായപ്പോഴും കണ്ണും പൂട്ടി ആ ആലോചനക്ക് സമ്മതം മൂളിയതാണ് എന്റെ അച്ഛൻ…

അന്നവൾ കല്യാണം കഴിഞ്ഞു വീട് വിട്ട് ഇറങ്ങിപ്പോകുമ്പോഴും അച്ഛൻ എന്നോട് പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നുണ്ട്, അവൾക്ക് മക്കൾ ഉണ്ടായാൽ അവൻ അവരെ നോക്കിയില്ലേലും അവൾ അവർക്ക് അല്ലലുണ്ടാക്കില്ല എന്ന്…എന്റെ മോളായിരുന്നു ശരി എന്ന്…

അവൾ പറഞ്ഞ ഉടമ്പടിയിൽ ഒപ്പ് വച്ചു ഇറങ്ങും മുൻപ് അവളെന്നോടായി അത് ചോദിച്ചു, ഏട്ടൻ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന്…ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചതാണ് അതിന്റെ ഉത്തരം പലയാവർത്തി ഉള്ളിൽ ഇട്ട് കുഴച്ചു മറിച്ചാണ് ഇങ്ങോട്ട് വന്നതും…

ഉണ്ട്‌, പ്രണയിച്ചിട്ടുണ്ട്….ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു പത്താം ക്ലാസ്സുകാരിയോട് തോന്നിയ പ്രണയം. എട്ടും പൊട്ടും തിരിയാത്ത അവളോട് ഞാനതെങ്ങനെ പറയും എന്ന് ചിന്തിച്ചു തല പുണ്ണാക്കി. അവൾ പ്ലസ് ടു വിൽ എത്തിയപ്പോഴും എന്റെ ഉള്ളിലെ പ്രണയം പറയാതെ ഉള്ളിൽ തന്നെ തളം കെട്ടി നിന്നു. പതിനെട്ട് ആവട്ടെ എന്നിട്ടാകാം അത് പറയാൻ എന്ന് വിചാരിച്ച എനിക്ക് തെറ്റി പോയിരുന്നു. അന്ന് ഒപ്പം പഠിക്കുന്നവനുമായി അവൾക്ക് പ്രണയം ആണെന്ന് അറിഞ്ഞതോടെ മനസ്സിൽ നിന്ന് പറിച്ചു കളയാൻ തോന്നിയതാണ് പക്ഷെ എത്ര ശ്രമിച്ചിട്ടും പോയില്ല.

ഡിഗ്രിയിൽ അവൾ ചേർന്നപ്പോൾ വീണ്ടും റിലേഷൻഷിപ് സ്റ്റാറ്റസ് സിംഗിൾ ആയത് അറിഞ്ഞപ്പോൾ തെല്ലൊന്നുമല്ല ഞാൻ സന്തോഷിച്ചത്. അന്നും പ്രണയം തുറന്നു പറയാൻ ഉള്ളിൽ പേടിയായിരുന്നു. ജോലിയും കൂലിയും ഇല്ലാതെ എങ്ങനെ ഒരു പെണ്ണിനോട് ഇഷ്ട്ടം പറയും എന്ന കുറിയ ചിന്ത എന്നേ വീണ്ടും പിന്തിരിപ്പിച്ചു. എന്റെ ആ പേടി എനിക്ക് തന്നെ വിനയായി എന്ന് അവൾക്ക് ക്ലാസ്സിൽ ഉള്ള തന്റെ ഒപ്പം പഠിക്കുന്ന മുസ്ലിം പയ്യനുമായി പ്രണയത്തിൽ ആയി എന്നറിയുമ്പോൾ ആണ്….

വിധിയെ പഴിച്ചു കൊണ്ട് എല്ലാം അവസാനിപ്പിച്ചു തരക്കേടില്ലാത്ത ഒരു ജോലി സമ്പാദിച്ചുകൊണ്ട് മാട്രിമോണിയിൽ ഒരു പ്രൊഫൈൽ ഉം ഉണ്ടാക്കി പെണ്ണിനെ അന്വേഷിക്കുമ്പോൾ ആണ്, ആ പഴയ പത്താം ക്ലാസുകാരിയുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു എന്നും പറഞ്ഞുള്ള പ്രൊഫൈൽ കാണുന്നത്. സമയം പാഴാക്കിയില്ല നേരെ ഇങ്ങോട്ട് വച്ച് പിടിച്ചു. ഇപ്പൊ നല്ല ധൈര്യം തോന്നുന്നുണ്ട്. ഇനിയെനിക്ക് അത് പറയാലോ…

അന്ന് പറയാൻ മടിച്ച പ്രണയം പുള്ളിയുള്ള കുഞ്ഞുടുപ്പ് ഇട്ട് നടക്കാറുള്ള ആ പഴയ പത്താം ക്ലാസ്സുകാരിയോട് തോന്നിയ പ്രണയം. കണ്മഷി തീണ്ടിയിട്ടില്ല കരിനീല മിഴിയുള്ള അതേ പ്ലസ് ടു കാരിയോട് തോന്നിയ പ്രണയം. പൊന്തിയ പല്ലിനെ വലിച്ചു കെട്ടി താഴ്ത്തി വശ്യമായി പുഞ്ചിരിക്കാറുള്ള ആ ഡിഗ്രിക്കാരിയോട് തോന്നിയ പ്രണയം… ഇന്നും എനിക്കവളോട് അടങ്ങാത്ത പ്രണയം ആണ്…ഇന്ന് ഈ നിമിഷം ഞാനിന്നതൊന്നു തുറന്നു പറഞ്ഞോട്ടെ…

“ഐ….ഐ ലൗ യൂ ആവണി”

വർഷങ്ങൾ ആയി നെഞ്ചിൽ കൊണ്ട് നടന്ന ഭാരം ഇറക്കി വെച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. പറഞ്ഞു തീർന്നതും ഞാനവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. ആ കണ്ണിൽ വല്ലാത്തൊരു തിളക്കം കാണാനായെനിക്ക്…

ഒന്നും മിണ്ടാതെ മൗനിയായി മുഖം താഴ്ത്തി നിന്ന അവളോട് ആകാംഷയോടെ ഞാനത് ചോദിച്ചു….”നേരത്തെ പറഞ്ഞില്ലേ മൂന്ന് തവണ പ്രണയം തോന്നി എന്ന്, എനിക്ക് രണ്ടാളെയെ അറിയൂ ആ മൂന്നാമൻ, അത്…അതാരാ….?”

ഇക്കുറി അവളുടെ സ്വരത്തിന് അൽപ്പം താഴ്ചയുള്ള പോലെ തോന്നി, എന്റെ മുഖത്ത് കൂടെ നോക്കാതെയാണ് അവളതിന് മറുപടി പറഞ്ഞത്, “അതൊരു വൺ സൈഡ് ലൗ ആയിരുന്നു, അയാൾക്ക് എന്നേ ഇഷ്ട്ടം ആയിരുന്നോ എന്ന് അറിയ പോലുമില്ല എനിക്ക്, അല്ല അയാൾ ആരാണെന്ന് പോലും എനിക്ക് അറിയില്ല അയാളുടെ പേര് പോലും”

“അതെന്താ?” പുരികം ഉയർത്തി ഞാനത് ചോദിച്ചപ്പോൾ വാക്കുകൾ കക്കിയെടുക്കാൻ അവൾ പ്രയാസപ്പെടുന്നുണ്ടായിരുന്നു.

“അതൊരു എഫ്ബി പ്രണയം ആയിരുന്നു. കഥകളെ ഇഷ്ട്ടമുള്ള ഞാൻ എഫ്ബി യിൽ കുത്തിയിരുന്ന് ഇഷ്ട്ടമുള്ള കഥകളൊക്കെ വായിക്കാറുണ്ട്. അങ്ങനെയാണ് സാഹിത്യഗ്രൂപ്പുകളിൽ നന്നായി എഴുതാറുള്ള ഒരാളുടെ കഥയിൽ എന്നേ കണ്ണുടക്കുന്നത്. അയാളുടെ എഴുത്തിൽ എവിടെയൊക്കെയോ ഞാൻ ഉള്ള പോലെ തോന്നാറുണ്ട്. അയാളുടെ നായികയുടെ രൂപം എന്നോട് സാദൃശ്യം ഉള്ള പോലെയൊക്കെ തോന്നാറുണ്ട്. പോരാത്തേന് പലകഥകളിലും നായികക്ക് പേര് ആവണി എന്ന് തന്നെയാണ് ഇടാറുള്ളതും…”

“അയാളുടേത് ഒരു ഫേക്ക് ഐഡി ആയത് കൊണ്ട് തന്നെ ചാറ്റിൽ ഒരു പരിധി വിട്ട് മെസ്സേജ് അയക്കാറില്ല. ഇന്ദ്രജിത്ത് എന്നാണ് ആ ഐഡിയുടെ പേര് ഒരുപാട് തവണ ഞാനയാളുടെ ഐഡന്റിറ്റി തിരക്കി പക്ഷെ അയാൾ ഒന്നും പറഞ്ഞില്ല. ആരോടെങ്കിലും പ്രണയം ഉണ്ടോ എന്ന് ഞാൻ ചോദിച്ചപ്പോൾ വർഷങ്ങൾ ആയി ഒരുത്തിയെ പ്രണയിക്കുന്നുണ്ട് എന്നും അവൾ കൂടെ സമ്മതിച്ചാൽ കല്യാണം ക്ഷണിക്കാൻ വരാം എന്നും പറഞ്ഞു. പിന്നീട് ഞാൻ അങ്ങോട്ടോ അയാൾ ഇങ്ങോട്ടോ മെസ്സേജ് ഒന്നും അയച്ചിട്ടില്ല. അങ്ങനെ അതിന് ഒരു തിരശ്ശീല വീണു…”

കഥയൊക്കെ കേട്ടതിനു ശേഷം അവളോട് ബൈ പറഞ്ഞു ഇറങ്ങി, അടിയിൽ ഇറങ്ങിച്ചെന്നപ്പോഴേക്കും കല്യാണത്തിനുള്ള പപ്പടം വരേ ഓർഡർ ചെയ്യുന്നതിനെ പറ്റി ഉള്ള ചർച്ചകൾ ആയിരുന്നു രണ്ടച്ഛന്മാരും കൂടെ…

എല്ലാവരെയും കണ്ട് വീട്ടിലേക്ക് മടങ്ങും നേരം ഞാനെന്റെ സ്മാർട്ട്‌ ഫോൺ എടുത്ത് നോക്കി, എഫ്ബി തുറന്ന് അക്കൗണ്ട് ലോഗിൻ ചെയ്തു ആ പ്രൊഫൈലിൽ ലോഗിൻ ചെയ്തു. ഇനിയെനിക്ക് ഉപയോഗം ഇല്ലാത്ത എന്റെ ഫേക്ക് ഐഡി, ദുൽഖർ സൽമാന്റെ പിക് ഇട്ട ഇന്ദ്രജിത്ത് എന്ന എന്റെ ഫേക്ക് ഐഡിയിലെ മെസ്സേജ് കൾ ഒന്നുകൂടെ ഞാൻ എടുത്ത് നോക്കി.

ആവണി 3 മെസ്സേജസ് 1മിനിറ്റ് എഗോ…

“ഒരു ഫേക്ക് ഐഡി ഉണ്ടാക്കുമ്പോൾ എങ്കിലും ഈമെയിൽ ഐഡി ഹൈഡ് ചെയ്ത് ഇട്ടൂടെ മിസ്റ്റർ, kirannandu @ gmail.com. എല്ലാം അറിഞ്ഞു കൊണ്ട് കളിപ്പിച്ചതൊന്നും അല്ലാട്ടോ…മാട്രിമോണിയിൽ ഇന്റെരെസ്റ്റ്‌ അടിച് വീട്ടിൽ വന്നു പെണ്ണ് ആലോചിക്കുമെന്ന് ഉറപ്പായപ്പോ പറയാതിരുന്നത നിങ്ങളെ എനിക്ക് മുൻപേ അറിയാമായിരുന്നു എന്ന കാര്യം…”

“ലൗ യൂ റ്റൂ കിരണേട്ടാ, നിങ്ങളാണ് എന്റെ മൂന്നാം പ്രണയം അവസാനത്തേതും…”