ഭാഗം 05 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…
“”നന്ദു അഖിലിനോട് സംസാരിക്കുകയാ …ബുദ്ധിമുട്ടാവേണ്ടാ എന്നു വിചാരിച്ചാണ്…””അതു മാത്രം പറഞ്ഞ് അകത്തേക്ക് കയറി.
മോളെ കിടത്തി അവളുടെ അടുത്തായി കിടന്നു.ജിതൻ അവരെ ഒന്നു നോക്കി കട്ടിലിൽ വന്നു കിടന്നു.കല്യാത്തിന് ഒരേട്ടന്റെ സ്ഥാനത്ത് തന്നെ ജിതൻ നിന്നു. ഭക്ഷണം ഉണ്ടാക്കുന്നിടത്തും മണ്ഠപത്തിലൊക്കെ വിയർത്തൊലിച്ച് ഓടി നടക്കുന്ന ജിതൻ തനുവിന് പുതിയൊരാളായിരുന്നു
“”പാത്തൂ..അവ്ടെ നിക്ക്…”” തനു പറയുമ്പോഴേക്കും പാത്തു മുറിയിൽ നിന്നും ഇറങ്ങി ഓടിയിരുന്നു.
“‘ഇല്ല…ഞാനീ കുപ്പായം മാറ്റൂല..”” അതും പറഞ്ഞ് ഓടി ജിതന്റെ പിറകിൽ വന്നു നിന്നു. ഒരു ഉടുപ്പുമായി ഓടി വന്ന തനു പിറകെ ജിതനെ കണ്ടതും നിന്നു.
“” എന്താ അമ്മേം മോളും കൂടി ഓടിക്കളിക്കുന്നേ..””
“‘ രാവിലെ ഇട്ട ഉടുപ്പാ …അതിലാണേ മൊത്തം മണ്ണും പൊടിയുമാ..മാറ്റാൻ നോക്കിയപ്പോൾ ഇറങ്ങി ഓടിയതാ…””
“” ഇതെന്റെ പുത്യേ കുപ്പായാ..മാറ്റൂലാ….”” തനുവിനോട് ജിതന്റെ പിറകിൽ നിന്നും പാത്തു വിളിച്ചു പറഞ്ഞു.
“” പാത്തൂ..തല്ല് കിട്ടണ്ടേ ഇങ്ങ് വാ…””
“‘ഇല്ല.. വെരൂല..അമ്മ ഇത് മാറ്റിക്കും..ഞാൻ വെരൂല..””
“” പാത്തൂന്റെ ഉടുപ്പ് നല്ലതാണല്ലോ…”” ജിതൻ മുട്ടുകുത്തി നിന്നു പറഞ്ഞതും തനു അവനെ നോക്കി പേടിപ്പിച്ചു.
“” പാത്തൂ…അങ്കിളിന്റെ വീട്ടിൽ വരുന്നോ..”” പാത്തൂന്റെ കൈ പിടിച്ച് കൊണ്ട് ജിതൻ ചോദിച്ചതും പാത്തു തനുവിനെ നോക്കി.
“”അമ്മേ നോക്കണ്ട..അമ്മേം വരുന്നുണ്ട്..””
“” എന്നാവരാം…””
“” വരുമ്പോ നല്ല ഉടുപ്പിടണം..ഇതിൽ മൊത്തം പൊടിയും മണ്ണുമല്ലേ…അവിടുന്നു ആരേലും കണ്ടാ എന്താ വിചാരിക്ക്വാ പാത്തൂന് നല്ല ഉടുപ്പില്ലാന്നല്ലേ…അപ്പോ പോയി മാറ്റീട്ട് വാ..””
“” എല്ലാരും ചുന്ദരി കുട്ടീന്നു പറയണ്ടേ..പോയി മാറ്റീട്ട് വാ..”” പാത്തു മടിച്ചു നിൽക്കുന്നത് കണ്ട് ജിതൻ പറഞ്ഞു. വൈകുന്നേരമാണ് ജിതനും തനുവും പാത്തുവും ഇറങ്ങിയത്.
“” നിങ്ങളെ കാണാഞ്ഞ് ദേഷ്യം വന്നു അന്നമ്മച്ചി പോയി..”” വീട്ടിൽ കയറി പാടെ ത്രേസ്യേട്ത്തി പറഞ്ഞു.
“” സാരല്ല…എനിക്കെന്റെ കൊച്ചനെ കാണണംന്നും പറഞ്ഞ് രണ്ടു ദിവസം കഴിഞ്ഞ് ഇങ്ങോട്ട് തന്നെ വന്നോളും..അമ്മച്ചിക്ക് പിണങ്ങി പോക്ക് ഇടക്കുള്ളതാ..പോയ അതേ സ്പീഡിൽ തിരിച്ചു വന്നോളും.”” തനു വിഷമിക്കുന്നത് കണ്ട് അപ്പച്ചൻ പറഞ്ഞു.
“”തനൂ..ഇന്നു റെസിഗ്നേഷൻ ലെറ്റർ മെയിൽ ചെയ്യണം..ബോണ്ട് എമൗണ്ട് ട്രാൻസ്ഫർ ചെയ്തോളാംന്നു പറയ്..”” പാത്തുവിന്റെ ഉടുപ്പ് മാറ്റി കൊണ്ടിരിക്കുമ്പോഴാണ് ജിതനത് പറഞ്ഞത്.
“” ഞാനത് ആദ്യമേ പറഞ്ഞതല്ലേ രണ്ട് വർഷം വർക്ക് ചെയ്യണമെന്ന്…..””
“” ബോണ്ട് ഉള്ളതു കൊണ്ടല്ലേ…ബോണ്ട് എമൗണ്ട് അടച്ചാൽ അത് കാൻസലാവും…”” ദേഷ്യത്തോടെ പറഞ്ഞ് ജിതൻ പുറത്തേക്ക് പോയി.
“”ഇതെന്ത് ജന്മാ…ഓരോ സമയം ഓരോ സ്വഭാവം..””തനു പിറുപിറുത്തു കൊണ്ടിരുന്നു.
പാത്തൂന്റെ സന്തോഷ പ്രകടനത്തിന്റെ ശബ്ദം കേട്ടാണ്.അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നത്.ജിതൻ അവൾക്കായി എന്തൊക്കെയോ വാങ്ങിക്കൊണ്ടു വന്നതിന്റെയാണ്.തനുവിനെ നോക്കി ചിരിക്കുന്നുണ്ട് പാത്തു.ഓരോ ബോക്സായി തുറന്നു നോക്കിയപ്പോൾ പാത്തു തനുവിനെ നോക്കി
“”ആൺകുട്ടികൾക്കു വാങ്ങുന്ന കളിപ്പാട്ടമാണോടാ മോൾക്ക് വാങ്ങി കൊടുക്കുന്നേ…””അപ്പച്ചൻ ചോദിച്ചു
“”ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ കളിപ്പാട്ടമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു…ഞാൻ കണ്ടതൊക്കെ വാങ്ങിയതാ..”” ജിതൻ പറയുന്നത് കേട്ടപ്പോൾ സഹതാപം തോന്നി. പാത്തുവിന് ജെസിബി..ബസ് ഇതൊന്നും ഇഷ്ടമല്ല..അവൾക്കിഷ്ടം പാവയായിരുന്നു.പാത്തുവാണേ എന്തെക്കെയോ കിട്ടിയ സന്തോഷത്തിൽ നിൽക്കുകയായിരുന്നു.
“” പാത്തു വാ…നമുക്ക് പോയി വാങ്ങീട്ട് വരാം..””അതും പറഞ്ഞ് പാത്തുവിനെയും കൂട്ടീട്ട് പോയി.എവിടെയൊക്കെയോ പോയി കറങ്ങീട്ടാണ് രണ്ടാളും വന്നത്.
“”നാളെ തൊട്ട് ഓഫീസിൽ വന്നേക്കൂ..കെട്ടോ..”” ഓഫീസിൽ നിന്നും റിസൈൻ ചെയ്ത് രണ്ടു ദിവസം കഴിഞ്ഞപ്പോൾ അപ്പച്ചൻ അപ്പോയ്നൻമെന്റ് ലെറ്റർ കൈയിൽ തന്നു കൊണ്ട് പറഞ്ഞു.ഞങ്ങളെ നോക്കി ജിതനും നിൽക്കുന്നുണ്ടായിരുന്നു.പാത്തുവിനെ അടുത്ത കൊല്ലം വീണ്ടും എൽകെജിയിൽ ചേർക്കാമെന്നു തീരുമാനിച്ചു.ആശാത്തി ഹാപ്പിയാണ് അപ്പച്ചന്റെ കൂടെ കളിയാണ് ഇപ്പോൾ മെയ്ൻ പരിപാടി.ഇടക്ക് ജിതനും കൂടും.വട്ടു കളിപ്പിക്കാൻ മേരിയമ്മക്ക് പകരം ത്രേസ്യേട്ത്തിയും.
“”വല്യപ്പാ…മാണ്ടൂന്റെ കഥ പറഞ്ഞു താ…”” രാവിലെ തൊട്ട് അപ്പച്ചന്റെ പിറകെ നടപ്പാണ് പെണ്ണ്.
“” എന്റെ മോളെ ഈ മാണ്ടൂന്റെ കഥയേതാ…രാവിലെ തൊട്ട് തുടങ്ങിയതാ..””
“” അതേത് കഥയാണെന്നു എനിക്കും അറീല അപ്പച്ചാ..പണ്ട് ഹോസ്പിറ്റലിൽ പോയപ്പോൾ പാത്തൂന്റെ പ്രായത്തിലുള്ള ഒരു മോളെ പരിചയപ്പെട്ടു.ആ കുട്ടീടെ അച്ഛൻ അവൾക്ക് മാണ്ടൂന്റെ കത പറഞ്ഞു കൊടുക്കാറുണ്ടല്ലോ എന്നു പറഞ്ഞതാ..അന്നു തുടങ്ങിയതാ അവൾക്കും മാണ്ടൂന്റെ കഥ കേൾക്കണമെന്നു പറഞ്ഞ്..മേരിയമ്മ ആയിരുന്നു പണ്ട് അവളുടെ ഇര..””
അപ്പച്ചൻ തലക്ക് കൈയും കൊടുത്തിരിപ്പുണ്ട്.ഇതിപ്പോ മാണ്ടൂന്റെ കഥ എവിടുന്നു കണ്ടു പിടിക്കുമെന്നു ചിന്തിച്ചായിരിക്കും.
സെൻട്രൽ ഹാളിലിരുന്നു എന്തോ ചിന്തിച്ചിരുന്ന് പുകവലിക്കുകയാണ് ജിതൻ.പാത്തു അടുത്തിരുന്നു കളിക്കുന്നുണ്ട്.
“” ജിതൻ മോളുടെ അടുത്തിരുന്നാണോ പുകവലിക്കുന്നേ…”” ദേഷ്യത്തോടെ പറഞ്ഞതും സോറീന്നു പറഞ്ഞു പുറത്തേക്ക് പോയി.
“”മോൾടെ നല്ല നേരമായോണ്ടാണ്..അല്ലേ കടിച്ചു കീറിയേനെ..എന്തെങ്കിലും പറഞ്ഞാൽ എന്നോടൊക്കെ ചാടി കടിക്കാൻ വരും.ഇപ്പോഴാ എന്നെ ത്രേസ്യേട്ത്തീന്നു വിളിക്കുന്നേ..പണ്ട് തള്ളേന്നാ വിളിച്ചോണ്ടിരുന്നേ..”” ജിതൻ പോയതും ത്രേസ്യേട്ത്തി ശബ്ദം താഴ്ത്തി പറഞ്ഞു. ത്രേസ്യേട്ത്തിക്ക് ജിതനേയും വല്യമ്മച്ചിയേയും അത്ര ഇഷ്ടമല്ലാ തോന്നുന്നു കാരണം എപ്പോഴും രണ്ടുപേരും ദേഷ്യപ്പെട്ടു കൊണ്ടിരിക്കും.
ജിതനോടും അപ്പച്ചനോടുമൊക്കെ പാത്തു ഒരുപാട് അടുത്തു.നന്ദുവിനേയും അച്ഛനെയൊക്കെ പോലെ അവളുടെ കുരുത്തക്കേടിന് രണ്ടാളും കൂട്ടു നിൽക്കും.മൂന്നാളും കൂടി രാവിലെ നടക്കാനിറങ്ങും.പാത്തുവിനായി ഷൂവൊക്കെ വാങ്ങീട്ടുണ്ട്.പക്ഷെ രാവിലെ എഴുന്നേറ്റാൽ അമ്മേന്നു വിളിച്ചു ചിണുങ്ങും.രാവിലെ മാത്രം ആരെയും അടുപ്പിക്കില്ല.ഓഫീസിൽ പോവാൻ നേരമേ പെണ്ണ് എഴുന്നേൽക്കൂ..അതും നൂറുവട്ടം വിളിക്കണം.എങ്ങനെയാ എഴുന്നേൽക്കുക മൂന്നും കൂടി നട്ടപ്പാതിര വരെ കളിയാണ്.അവളെ എഴുന്നേൽപ്പിച്ചിട്ടു ഓടി പിടിച്ചാണ് ഓഫീസിൽ എത്തുക. ജിതനു എവിടെയൊക്കെയോ പോവണം അതു കഴിഞ്ഞേ ഓഫീസിലെത്തൂ.അതു കൊണ്ട് ബസിൽ വേണം പോവാൻ. ഭാര്യ ഒന്നും ഓഫീസിലില്ല..ലേറ്റായാൽ തെറിയുടെ പൂരമായിരിക്കും.വർക്ക് തെറ്റിയാൽ കടലാസുകൾ വായുവിൽ പറക്കും.
ഇന്നലെത്തെ വർക്ക് ഇത്തിരി ബാക്കി ഉണ്ടായിരുന്നു അത് കുത്തിയിരുന്നു വർക്ക് ചെയ്യുമ്പോഴാണ് ഫോൺ റിങ് ചെയ്തതാണ്.
“” ഹലോ…ഞാൻ നീരജയാണ്..ധ്രുവന്റെ വൈഫ്…എനിക്കൊന്നു കാണണം…”” ഓഫീസിന്റെ അടുത്തുള്ള റെസ്റ്റോറന്റിൽ നീരജ ഉണ്ടായിരുന്നു.
“” തനൂജ…പ്രാർത്ഥന ധ്രുവന്റെ കൂടെ മോളാണല്ലേ.തനൂജയുടെ അതേ അവകാശം ധ്രുവനുമുണ്ടല്ലോ..എനിക്ക് യൂട്രസിൽ ചെറിയ പ്രോബ്ളം ഉണ്ട്..കുഞ്ഞുണ്ടാവാൻ ചാൻസ് കുറവാണെന്നാണ് ഡോക്ടർ പറഞ്ഞത്.അതാ ധ്രുവൻ മോളെ ചോദിച്ചത്. അഡോപ്റ്റ് ചെയ്യുന്നതിലും നല്ലതല്ലേ സ്വന്തം കുഞ്ഞിനെ തന്നെ വളർത്തുന്നത്…നീ ഇപ്പോ മരിഡല്ലേ..നിങ്ങൾക്കിടയിൽ അവൾ ഒരു പ്രോബ്ളവുമാവില്ല..””
“” എനിക്ക് എന്റെ മോൾ പ്രോബ്ളമാണെന്നു നീരജയോട് ആരാ പറഞ്ഞത്..പിന്നെ നീരജ ഈ പറഞ്ഞതൊക്കെ വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്.ധ്രുവനെ എനിക്ക് നന്നായറിയാം കുഞ്ഞ്..കുടുംബം അങ്ങനെയൊരു ഫീലിങ്സും ഉള്ള ആളല്ല ധ്രുവൻ..പെട്ടെന്നു മോളോട് എങ്ങനെയാ സ്നേഹം വന്നത്..ധ്രുവനോട് പറഞ്ഞേക്ക് എന്തു വന്നാലും ഞാനെന്റെ മോളെ വിട്ട് കൊടുക്കില്ലാന്ന്…”” അതും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.
ധ്രുവൻ എന്തിനാണ് മോളെ ചോദിക്കുന്നത്..??..വിചാരിക്കുന്നത് നേടാൻ എന്തും ചെയ്യും.ധ്രുവൻ മോളെ കിട്ടാൻ എന്തൊക്കെ ചെയ്യുമെന്നറിയില്ല.വീട്ടിലെത്തുമ്പോൾ ജിതനും അപ്പച്ചനും പാത്തുവും കൂടി ബോളു കൊണ്ട് കളിക്കുന്നുണ്ട്
“”നീയെന്താ ലേറ്റായേ..”” കളിക്കുന്നതിനിടയിൽ ജിതൻ ചോദിച്ചപ്പോൾ “”വർക്ക് തീർന്നില്ല””,എന്നു മാത്രം പറഞ്ഞു.മുറിയിൽ പോയി ബാഗ് വെച്ച് കട്ടിലിൽ ഇരുന്നു.
പാത്തുവിന്റെ കരച്ചിൽ കേട്ട് പുറത്തേക്ക് ഓടി.താഴെ വീണ് നെറ്റിയിൽ നിന്നും ചോര വരുന്നു.തനു എത്തുമ്പോഴേക്കും ജിതൻ മോളെ എടുത്തിരുന്നു.”” നീ എന്റെ മോളെ കൊല്ലാൻ നോക്കിയതാണോ…”” അവന്റെ കൈയിൽ നിന്നും മോളെ പിടിച്ചു വാങ്ങാൻ നോക്കിയതും ദേഷ്യത്തോടെ നോക്കി കൈ വെട്ടിച്ചു എന്നിട്ട് മോളെയുമെടുത്ത് കാറിന്റെടുത്തേക്ക് നടന്നു.
“”ആരും ഒന്നും ചെയ്തതല്ല തനൂ…മോള് ബോളെടുക്കാൻ ഓടിയപ്പോൾ കല്ലിൽ തടഞ്ഞു വീണതാ..”” അപ്പച്ചൻ പറഞ്ഞു.
“” മോള് പോയി വാ..അവൻ കാത്തിരിക്കുന്നുണ്ട്..”” കാറിന്റെ ഹോൺ കേട്ടപ്പോൾ അപ്പച്ചൻ പറഞ്ഞു.കാറിൽ കയറി ജിതന്റെ കൈയിൽ നിന്നും മോളെ വാങ്ങി.
“” സ്റ്റിച്ചിടണം..മറ്റ് പ്രശ്നമൊന്നുമില്ല..”” ഡോക്ടർ പറഞ്ഞപ്പോഴാണ് സമാധാനമായത്. ഡ്രസ് ചെയ്യിക്കാൻ മോളെ അകത്ത് കൊണ്ടു പോയപ്പോൾ ജിതൻ പുറത്തേക്ക് നടന്നു.ജിതനെ നോക്കി പോയപ്പോൾ ചില്ലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു.
“”ജിതൂ….ഞാൻ പെട്ടെന്നു പറഞ്ഞു പോയതാ…””
“” ഈ സ്നേഹംന്നു പറയുന്നത് വാശീം ദേഷ്യമൊന്നും കാട്ടി പിടിച്ച് വാങ്ങാൻ പറ്റിയ ഒന്നല്ല അല്ലേ..തനൂ…”””
…..തുടരും……