ഇതാണെന്റെ സ്വർഗ്ഗം – എഴുത്ത് :മീനാക്ഷി മീനു

ഭാഗം – 2

ഒന്നാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ആ പേര് കണ്ടതും എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോയി. ഇനിയെന്തിനാവും ഇവൾ എന്നെ വിളിക്കുന്നത്. നിറുത്തിയിടത്ത് നിന്നു എല്ലാം വീണ്ടും തുടങ്ങാനോ…? അതോ വീണ്ടും വിഡ്ഢിയാക്കാനോ…? രണ്ടും കല്പിച്ചു ഫോണ് എടുത്തു.

“ഹലോ…”

“ഹലോ അരുൺ, എവിടെയാ…? എന്നെ വിട്ട് എങ്ങോട്ടാ പോയത്…? നീയല്ലാതെ ഞാൻ എത്ര വിഷമിച്ചൂന്ന് അറിയോ…? ഡാഡിയോട് തീർത്തു പറഞ്ഞു നിന്നെയല്ലാതെ വേറെ ആരെയും ഞാൻ വിവാഹം കഴിക്കില്ലെന്നു…എനിക്കതിനു കഴിയില്ലെന്ന്…നീയെന്താ ഒന്നും മിണ്ടാത്തെ അരുൺ…”

കാലിന്റെ പെരുവിരലിൽ നിന്നും അരിച്ചു കയറി വന്നയൊരു കലിക്ക് നാവിൽ വന്നത് പച്ചതെറിയാണ്…മുന്നിൽ അമ്മു ഇരിക്കുന്നു. അതുകൊണ്ട് മാത്രം പല്ല് കടിച്ചുകൊണ്ടു അവൻ കാൾ കട്ട് ചെയ്തു.

ജനിച്ചിട്ടിന്നു വരെ ഇവൾ ആരോടും സത്യം പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു…എന്താണ് ഇവളെന്നെ കുറിച്ചു ധരിച്ചു വെച്ചിരിക്കുന്നത്. ഇപ്പോഴെങ്കിലും ഇവൾ തെറ്റ് തിരിച്ചറിയും എന്നു ചിന്തിച്ച ഞാൻ എന്തൊരു വിഡ്ഢിയാണ്…ഹോ…

അമ്മു ഇരുന്നു എഴുതുകയാണ്. നിലത്തു കുനിഞ്ഞു കിടന്നു എഴുതിയാലെ അവൾക്ക് തൃപ്തി വരൂ…പണ്ട് മുതലേ ഇവൾ അങ്ങിനെയാണ്…

അമ്മൂ…നീ വൈകുന്നേരം പറഞ്ഞില്ലേ ദേവു എന്നെക്കുറിച്ച് എപ്പോഴും നിന്നോട് ചോദിക്കുമെന്നു…ആ…എന്താ ചോദിക്കാറു…

അപ്പേട്ടന് സുഖണോ…? ഇനി എപ്പോഴാ വരുക…? വരുമ്പോ ദേവെച്ചിയെ പറ്റി തിരക്കാറുണ്ടോ…? പിന്നെ ദേവിടെ അമ്പലത്തിൽ എപ്പോഴും അപ്പേട്ടനു വേണ്ടിയാ പുഷ്പാഞ്ജലി…പിന്നെ പ്രാര്ഥിക്കുമ്പോ കൈ കൂപ്പി നിന്നു എപ്പോഴും കരയും. എന്തിനാ എന്നു ഞാൻ ചോദിച്ചപ്പോ കണ്ണു തുടച്ചിട്ട് ചിരിച്ചു… അപ്പേട്ടൻ എന്തിനാ ഇപ്പൊ ഇതൊക്കെ ചോദിക്കണേ…?”

“ഒന്നുല…വെറുതെ ഒന്ന് അറിയാൻ വേണ്ടി ചോദിച്ചതാ…” അത് പറഞ്ഞിട്ടവൻ എഴുന്നേറ്റ് റൂമിലേക്ക് നടന്നു. പിന്നെ എന്തോ ഓർത്തിട്ടെന്ന പോലെ തിരിഞ്ഞു. “അമ്മു…നമുക്ക് നാളെ രാവിലെ അമ്പലത്തിൽ പോയാലോ…”

“പോവാലോ…” ഒരു ചിരിയോടെ അവൻ നടന്നു.

ബൈക്ക് പാർക്ക് ചെയ്ത് അമ്മൂന്റെ കയ്യും പിടിച്ചു അവൻ അമ്പലത്തിന്റെ പടിയിൽ എത്തുയപ്പോഴേ കണ്ടു ശ്രീകോവിൽ വലം വെയ്ക്കുന്ന ദേവുനെ…പതിയെ ചെരുപ്പൂരിയിട്ട് അവൻ അകത്തേക്ക് കയറി. കോവിലിന് മുന്നിൽ വന്നു നിന്ന ദേവു കണ്ണടച്ചു പ്രാര്തനയിലാണ്ടു….പതിയെ അവളുടെ പിന്നിലായി അവൻ പോയി നിന്നു.

‘ദേവേചി’ എന്നു വിളിക്കാനാഞ്ഞ അമ്മുന്റെ വായവൻ പൊത്തി. അരുതെന്ന് തലയാട്ടി. ഒരു ചിരിയോടെ അവളും നിന്നു. അവൻ പതിയെ മുഖം ചരിച്ചവളെ നോക്കി. ചുണ്ടുകൾ ഒരു വിറയലോടെ അനങ്ങുന്നതല്ലാതെ വാക്കുകൾ പുറത്തേക്ക് വരുന്നില്ല. കവിളും നാസികത്തുമ്പും ചുവന്നിരിക്കുന്നു.

“പതിവ് പുഷ്പാഞ്ജലി ഇന്നും കഴിച്ചിട്ടുണ്ട് കേട്ടോ…” സ്വാമി പുറത്തു വന്നു പറഞ്ഞു. തലയാട്ടിക്കൊണ്ടു അത് കയ്യിൽ വാങ്ങി തിരിഞ്ഞ അവൾ നോക്കിയത് അവന്റെ മുഖത്തേക്കാണ്.

അവളുടെ കണ്ണുകളിൽ നനവുണ്ട്…അവന്റെ നോട്ടം കണ്ടാവും അവൾ കണ്ണടച്ചു. “ആർക്കു വേണ്ടിയായിരുന്നു പുഷ്പാഞ്ജലി…?” അവൻ ചോദിച്ചു. “എന്റെ ഈ ജീവിതം തന്നെ ആർക്കുവേണ്ടിയാണോ അയാൾക്ക് വേണ്ടി തന്നെ…” അരുണിന്റെ തൊണ്ടക്കുഴിയിൽ വന്നൊരു കുറ്റബോധം ശ്വാസം മുട്ടി നിന്നു. മറുപടി ഇല്ലാതെ അവൻ നിൽക്കുമ്പോഴേക്കും കണ്ണു തുടച്ചു അവൾ കടന്നു പോയിക്കഴിഞ്ഞു.

ശ്രീകോവിലിനു മുന്നിൽ നിന്നുകൊണ്ട് സ്വാമി വെന്മയോടെ ചിരിച്ചു. “ഇന്നുവരെ അപ്പുന് വേണ്ടിയാണ് ആ കുട്ടിയുടെ എല്ലാ വഴിപാടും പ്രാർത്ഥനയും…അതുകൊണ്ട് തന്നെ നിന്റെ പേരും നാളും എനിക്ക് കാണാപ്പാഠമാണ്‌. അപ്പു അതറിയാൻ വൈകിയോ…”

“വൈകി…അതു മാത്രമല്ല…സത്യവും മിഥ്യയും എല്ലാം തിരിച്ചറിയാൻ വൈകി. കൂടെയുള്ള നിഴലിനെ കാണാതെ അകന്നു പോകുന്ന കാറ്റിനെ പിടിക്കാനാണ് ശ്രമിച്ചത്…”

“സാരല്യ അപ്പു…സമയമുണ്ട് ഇനിയും…സ്നേഹിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കരുത്…ദേവിടെ അനുഗ്രഹമുള്ള കുട്ടിയ ദേവു…നിങ്ങൾക്ക് നന്മയേ വരൂ…”

അവിടെ നിന്നും ഇറങ്ങിയ ഉടൻ അവൻ അമ്മാവന്റെ വീട്ടിലേക്ക് വണ്ടിതിരിച്ചു. ഇനിയും ശരിയായ തീരുമാനം എടുക്കാൻ വൈകിയാൽ…വേണ്ട…അവളെ ഇനിയും വിഷമിപ്പിച്ചുകൂടാ…മുറ്റത്തു തന്നെ അമ്മാവൻ നിന്നു വിറക് കീറുന്നു. അവനെ കണ്ട അമ്മാവനും വെട്ടുകത്തി താഴെയിട്ട് ഓടി വന്നു…

“അപ്പുവെ…ഇപ്പോഴേലും വരാൻ തോന്നിയല്ലോ നിനക്ക്…”അമ്മു വേഗം ചാടിയിറങ്ങി അകത്തേക്കോടി. ആടിന് തൂപ്പ് ഇട്ടുകൊടുക്കുകയായിരുന്നു ദേവു. അവനെ കണ്ട് ഒരു നിമിഷം അവൾ സ്തംഭിച്ചു നിന്നു. അവൻ അവളെ നോക്കിയൊന്നു ചിരിച്ചു. ‘ന്റെ ദേവി’ അവൾ അറിയാതെ വിളിച്ചു പോയി. അപ്പേട്ടൻ തന്നെ നോക്കി ചിരിച്ചിരിക്കുന്നു. സ്വപ്നം കാണുകയാണോ താൻ…അവൾ കൈയിലൊന്നു നുള്ളി നോക്കി. ആ..വല്ലാത്ത നോവ്‌…

“കേറി വാ അപ്പു…ചായയെടുക്കാം…” അമ്മായിയാണ്. അവൻ അനുസരണയോടെ വരാന്തയിൽ കയറിയിരുന്നു…ദേവു ഓടി അടുക്കളയിൽ കയറി…അവളുടെ വെപ്രാളം കണ്ടു അമ്മയും അമ്മുവും കുലുങ്ങി ചിരിച്ചു. അമ്മാവനോട് എന്തൊക്കെയോ ചോദിക്കണം പറയണം എന്നൊക്കെ അവനുണ്ട്. പക്ഷെ ഒന്നും കഴിയുന്നില്ല….എന്തോ അവളുടെ സ്‌നേഹത്തിന് താൻ അർഹനല്ല എന്നൊരു തോന്നൽ…പറയാൻ വന്നതെല്ലാം നെഞ്ചിൽ അമർത്തി അമ്മാവൻ പറഞ്ഞ കാര്യങ്ങൾക്ക് തലയാട്ടി അവൻ ചായ കുടിച്ചു…എന്നിട്ട് പതുക്കെ അമ്മുനെ വിളിച്ചു…

“ശരി..ഇറങ്ങട്ടെ അമ്മാവാ..പിന്നെ വരാം…” എന്നു പറഞ്ഞവൻ വണ്ടിയുടെ അടുത്തേക്ക് നടന്നു. അമ്മാവന്റെയും അമ്മായിയുടെയും മുഖം മ്ലാനമായിരുന്നു. ദേവു വാതിൽ പടിയിൽ വന്നു പ്രതീക്ഷയോടെ നിൽക്കുന്നു. പാതി നടന്ന അവൻ എന്തോ ഓർത്തെന്ന പോലെ തിരികെ അമ്മാവനടുത്തേക്ക് വന്നു. “അമ്മാവാ..ഒരു കാര്യം…ദേവുന് കല്യാണം വല്ലതും നോക്കുന്നുണ്ടോ…” അവന്റെ ചോദ്യം കേട്ട് അമ്മാവൻ ചോര വറ്റിയ കണ്ണുകളോടെ തിരിഞ്ഞു അവളെ നോക്കി. അവളുടെ കണ്ണുകളിൽ രണ്ട് കണ്ണീർ തുള്ളികൾ ഉരുണ്ടുകൂടിയിരുന്നു…”ഇല്ല..ഇതുവരെ ഒന്നും നോക്കിയില്ല”

“എന്നാ…ഇനിയൊന്നും നോക്കണ്ട…ദേവുനെ ഞാൻ കല്യാണം കഴിച്ചോളാം…” ഒരു നിമിഷം എല്ലാവരും ഒന്നു ഞെട്ടി. ദേവുന്റെ കണ്ണുനീർ ചിരിയായി മാറി. അമ്മാവന്റെ മുഖവും തെളിഞ്ഞു. എങ്ങിനെയോ പറയാൻ വന്ന കാര്യം പറഞ്ഞ ആശ്വാസത്തിൽ അവനോന്ന് ശ്വാസം വിട്ടു. “ഒരുപാട് നാൾ വൈകിക്കേണ്ട അമ്മാവാ…ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ദേവു എന്റേതാവണം…”

“സന്തോഷമേ ഉള്ളു മോനെ…നീയിത് എപ്പോൾ പറയും എന്നെ ഞങ്ങൾ ചിന്തിച്ചിട്ടുള്ളൂ. ഒരു നോട്ടം പോലും നിന്റെ ഭാഗത്ത്‌ നിന്നും ഇല്ലാതായപ്പോ പിടഞ്ഞു എല്ലാവരുടെയും ഉള്ള്. നിന്റെ അച്ഛനും അമ്മയ്ക്കും പോലും പ്രതീക്ഷ ഇല്ലാതെ വന്നപ്പോഴും ദേവു പറഞ്ഞു അപ്പേട്ടനു എന്നെ കണ്ടില്ലെന്ന് വെക്കാൻ കഴിയില്ല…ദേവി എന്റെ പ്രാർത്ഥന കേൾക്കും എന്നു…അവളുടെ പ്രാര്ഥനയാവാം ഇത്…”

“ഇതെന്റെ തിരിച്ചറിവാണ് അമ്മാവാ…എല്ലാവരും ചേർന്ന് അടുത്ത ഒരു തിയതി നിശ്ചയിച്ചോളൂ…” ദേവുനെ നോക്കി ഒന്നു കണ്ണിറുക്കി ഒരു ചിരിയോടെ അവൻ വണ്ടിയെടുത്തു പുറപ്പെട്ടു. ഇതുവരെ കരഞ്ഞതെല്ലാം പെട്ടെന്നൊരു സന്തോഷത്തിന് വഴി മാറിയതിന്റെ ആശ്വാസത്തിൽ അവന്റെ മുഖം തിളങ്ങി. ആഗ്രഹിച്ച കാര്യം നടക്കാൻ പോകുന്നതിൽ ഇരുവരുടെയും അമ്മയും അച്ഛനും ഒരുപാട് സന്തോഷിച്ചു. ഉടൻ തന്നെ വിവാഹവും തീരുമാനിച്ചു. നിശ്ചയവും കല്യാണവും ഒരു ദിവസം തന്നെ മതിയെന്ന് തീരുമാനമായി. ആഘോഷത്തിമിർപ്പിൽ വീടൊരുങ്ങി.

എല്ലാം മറന്നു അവൻ വല്ലാതെ സന്തോഷിച്ചു. ഇപ്പോൾ കണ്ണടച്ചാൽ ദേവു…അവളുടെ ഉണ്ടക്കണ്ണും ചുവന്ന കവിളുകളും കൂർത്ത നാസികത്തുമ്പും…

വിവാഹതലേന്നു ബാംഗ്ലൂരിൽ നിന്നും വന്ന കൂട്ടുകാരുടെ കൂട്ടത്തിൽ അവൻ വിളിക്കാത്ത, പ്രതീക്ഷിക്കാത്ത ഒരാൾ കൂടി ഉണ്ടായിരുന്നു…നയന…ഒന്നമ്പരന്ന അവൻ ചിരിച്ചെന്നു വരുത്തിക്കൊണ്ട് എല്ലാവരെയും സ്വീകരിച്ചു.

അവളുടെ കണ്ണുകൾ ആകെ കരഞ്ഞു കലങ്ങിയിരിക്കുന്നു. എന്തിനായിരിക്കും ഈ വരവ്…? ആശങ്കകൾ അവനെ പൊതിഞ്ഞു.

അവർ എല്ലാവരും മുകളിലത്തെ മുറിയിൽ ആയിരുന്നു താമസിച്ചത്. രാത്രി ആയതും അരുൺ മുകളിലേക്ക് ചെന്നു…ബാൽക്കണിയിൽ ആഘോഷമായിരുന്നു എല്ലാവരും…എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറി പുറം തിരിഞ്ഞു പുറത്തേക്ക് നോക്കി നിൽക്കുന്നു നയന.

അവൻ പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ അവനെ ഒന്നു നോക്കി. അടുത്ത നിമിഷം അവന്റെ കാലിലേക്ക് വീണു…

“അരുൺ…എന്നെ ഉപേക്ഷിക്കരുത് അരുൺ…നീയല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല…നീ പറയുന്ന എന്തും ഞാൻ ചെയ്യാം അരുൺ….പ്ലീസ്” ഞെട്ടി വിറച്ചു അവൻ നിന്നു വിയർത്തു…

തുടരും…