മഴനിലാവ് ~ ഭാഗം 07, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 06 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

രാമേട്ടൻ്റെ കോള് വരുമ്പോൾ ടൗണിലെ ട്രാഫിക് ബ്ളോക്കിൽ പെട്ട് കിടക്കുകയായിരുന്ന സിജോ ,ഒരു വിധത്തിലാണ് ആ തിരക്കിൽ നിന്നും കാറുമായി മെഡിക്കൽ കോളേജിലെത്തിയത്.

എൻക്വയറിയിൽ അന്വേഷിച്ചപ്പോൾ ,റോസിലി ഐസിയുവിലാണെന്നറിഞ്ഞ സിജോ, നെഞ്ചിടിപ്പോടെ അങ്ങോട്ടേക്കോടി.

എന്താ രാമേട്ടാ.. എന്താ സംഭവിച്ചത്?

അത് കുഞ്ഞേ .. ഞാൻ ചെടികൾ നനച്ച് കൊണ്ടിരിക്കുമ്പോഴാ ആൽവിൻ മോൻ ഓടി വന്ന്, അമ്മ വീണ് കിടക്കുന്നെന്ന് പറഞ്ഞത് ,ഞാനോടിച്ചെന്ന് നോക്കുമ്പോൾ, റോസിലിക്കുഞ്ഞ് രക്തത്തിൽ കുളിച്ച് ബോധമില്ലാതെ കിടക്കുവാ, എന്ത് ചെയ്യണമെന്നറിയാതെ ഞാൻ അമ്പരന്നങ്ങനെ നില്ക്കുമ്പോൾ, ആൽവിൻ മോനാണ് നൂറ്റിയെട്ട് ആംബുലൻസ് വിളിച്ചത്, പിന്നെ ഞാനും, മോനും, ആംബുലൻസ് ഡ്രൈവറും കൂടി റോസിലിക്കുഞ്ഞിനെയുമെടുത്ത് ഇങ്ങോട്ട് വരികയായിരുന്നു

എന്നിട്ടിപ്പോഴെങ്ങനുണ്ട്?

ഒന്നുമറിഞ്ഞില്ല ,ഡോക്ടറും നഴ്‌സുമാരുമൊക്കെ അകത്തോട്ട് പോയിട്ടുണ്ട്, ഇത് വരെ ആരും തിരിച്ച് വന്നിട്ടില്ല

സിജോ, തളർച്ചയോടെ അടുത്ത് കണ്ട ബഞ്ചിൽ ചെന്നിരുന്നു.

കണ്ണിലാകെ ഇരുട്ട് കയറുന്നത് പോലെ അയാൾക്ക് തോന്നി.

കുറച്ച് കഴിഞ്ഞപ്പോൾ ഒരു ഡോക്ടർ അകത്ത് നിന്നിറങ്ങി വന്നു .

സിജോ ചാടിയെഴുന്നേറ്റു

ഡോക്ടർ റോസിലിക്കെങ്ങനുണ്ട്?

ബോധം വീണിട്ടില്ല ,പിന്നെ ,ആ കുട്ടിക്ക് വീഴ്ചയുടെ ആഘാതത്തിൽ അബോർഷൻ സംഭവിച്ചിട്ടുണ്ട് ,ഗൈനക്ക് ഡോക്ടർ അകത്തുണ്ട് ,ബാക്കി കാര്യങ്ങൾ അവര് പറയും

ഡോക്ടറുടെ വാക്കുകൾ ഒരു ഇടിത്തീ പോലെ അയാളുടെ ഹൃദയത്തിലേക്ക് പതിച്ചു.

പിന്നെയും, ഉത്ക്കണ്ഠയോടെ ഏറെ നേരം കാത്തിരുന്നതിന് ശേഷമാണ്, ഗൈനക് ഡോക്ടർ പുറത്ത് വരുന്നത്.

റോസിലിയുടെ ബന്ധുക്കളാരാ?

ഞാനാണ് ഡോക്ടർ..

നിങ്ങളാ കുട്ടിയുടെ ?

ഹസ്ബൻ്റാണ്..

നിങ്ങളെൻ്റെ കൂടെ വരു,

ഒന്ന് വേഗം പറയു ഡോക്ടർ.. എൻ്റെ റോസിലിക്കിപ്പോൾ എങ്ങനുണ്ട്?

ഡോക്ടറോടൊപ്പം അവരുടെ ക്യാബിനിലേക്ക് കയറിയ സിജോ, അക്ഷമയോടെ ചോദിച്ചു.

നിങ്ങളൊന്ന് സമാധാനപ്പെട് ,ഞാൻ പറയട്ടെ, നിങ്ങളുടെ ഭാര്യയുടെ ബോഡി വളരെ വീക്കാണ്, ഇനിയൊന്ന് കൂടി ഗർഭം ധരിക്കാനുള്ള ശേഷി റോസിലിയുടെ യുട്രസ്സിനില്ല ,അത് കൊണ്ട് ഇനിയങ്ങോട്ട് വളരെയധികം ശ്രദ്ധ കൊടുക്കണം, ഇനിയൊരു വീഴ്ചയുണ്ടായാൽ ചിലപ്പോൾ ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ല

ഓകെ ഡോക്ടർ.. , ഞാൻ നന്നായി കെയറ് ചെയ്ത് കൊള്ളാം

ങ്ഹാ സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം ,പിന്നെ ആ കുട്ടിക്ക് BP വളരെ കൂടുതലാണല്ലോ ,? തല കറങ്ങി വീഴാനുള്ള ഒരു പ്രധാന കാരണം അതാണ് ,നിങ്ങളുടെ ഇടയിൽ എന്തെങ്കിലും പ്രോബ്ളങ്ങളുണ്ടെങ്കിൽ, അത് എത്രയും വേഗം പരിഹരിക്കുക, എനിക്കതേ പറയാനള്ളു, ശരി എങ്കിൽ നിങ്ങൾ പൊയ്ക്കൊള്ളു,
റോസിലിയെ ഉച്ചകഴിഞ്ഞ് വാർഡിലേക്ക് ഷിഫ്റ്റ് ചെയ്യും

ഡോക്ടർ പറഞ്ഞതെല്ലാം ഒരു ഞെട്ടലോടെയാണ് അയാൾ കേട്ട് കൊണ്ടിരുന്നത് ,തനിക്കൊരിക്കലും റോസിലിയിൽ ഒരു കുഞ്ഞുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ സിജോ കടുത്ത നിരാശയോടെ പുറത്തേക്കിറങ്ങി.

******

സിജോ.. എട്ട് മണിയായ്, ഇനി ഇവിടെ അധികനേരം നില്ക്കാൻ കഴിയില്ലല്ലോ? ദേ ആണുങ്ങളെയൊക്കെ പുറത്തിറക്കാൻ സെക്യുരിറ്റി ഗാർഡ് ഇങ്ങോട്ട് വരുന്നുണ്ട് ?

വാർഡിലേക്ക് മാറ്റിയതിൻ്റെ രണ്ടാമത്തെ ദിവസം, റോസിലി തന്നോടൊപ്പം ബെഡ്ഡിലിരിക്കുന്ന സിജോയോട് പറഞ്ഞു.

എന്ത് കഷ്ടമാണ്, പ്രൈവറ്റ് ഹോസ്പിറ്റലെങ്ങാനുമായിരുന്നെങ്കിൽ, നല്ല സൗകര്യമുള്ള ഒരു റൂമെടുക്കാമായിരുന്നു, ഈ സർക്കാരാശുപത്രിയിൽ ,ഒന്നിനും ഒരു സൗകര്യമില്ല , രാമേട്ടനെ പറഞ്ഞാൽ മതിയല്ലോ? ചില നേരത്തയാൾ, ഒട്ടും സെൻസില്ലാതെയാണ് കാര്യങ്ങൾ ചെയ്യുന്നത്

സിജോ ഈർഷ്യയോടെ രാമേട്ടനെ കുറ്റപ്പെടുത്തി.

ആ ഒരു സാഹചര്യത്തിൽ ആരായിരുന്നാലും ,ഏറ്റവുമടുത്തുള്ള മെഡിക്കൽ കോളേജിനെയല്ലേ ആശ്രയിക്കു സിജോ, പിന്നെ സർക്കാർ ആശുപത്രിയെ അങ്ങനെ പുശ്ചിച്ച് തള്ളരുത് ,ബുദ്ധിയുള്ള കുട്ടികൾക്ക് മാത്രമാണ്, ഇവിടെ മെഡിസിന് അഡ്മിഷൻ കിട്ടുന്നത് ,അത് കൊണ്ട് തന്നെ നന്നായി കാര്യങ്ങൾ ഗ്രഹിച്ചവരാണ്, ഇവിടുത്തെ ഡോക്ടർമാർ ,കുറച്ച് അസൗകര്യങ്ങളൊക്കെ ഉണ്ടെങ്കിലും, ഒരു സാധാരണക്കാരൻ ഇപ്പോഴും ജീവൻ തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിലെപ്പോഴും ഓടിയെത്തുന്നത്, മെഡിക്കൽ കോളേജിലേക്ക് തന്നെയാണ്

എങ്കിൽ ഞാൻ പുറത്ത് നില്ക്കാം, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നീയെൻ്റെ ഫോണിലേക്ക് വിളിച്ചാൽ മതി

അതെന്തിനാ വെറുതെ? നിങ്ങള് വീട്ടിലേക്ക് പൊയ്ക്കോളു സിജോ ,ഇന്നലെയും പുറത്ത് കാവല് നിന്ന് കൊതുക് കടി കൊണ്ട് ഒട്ടും ഉറങ്ങിയിട്ടില്ലല്ലോ?

ഞാൻ പോയാൽ ,നിനക്കൊരാവശ്യം വന്നാൽ ഇവിടെ ആരെങ്കിലും വേണ്ടേ?

ഓഹ് ഇനി ഈ രാത്രിയിൽ എന്ത് ആവശ്യം വരാനാ ,എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല, പിന്നെ ഇവിടെ നഴ്സും ,ഡോക്ടേഴ്സുമൊക്കെ നല്ല കെയറിങ്ങാ ,ഇടയ്ക്കിടെ ഡ്യൂട്ടി നഴ്സ് വന്ന് വിവരങ്ങൾ തിരക്കാറുണ്ട്

ഉം എന്നാൽ ഞാൻ പോയിട്ട് അതിരാവിലെ വരാം, പിന്നെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ എന്നെ വിളിച്ച് പറയണം കെട്ടോ? നാളെ തന്നെ ഒരു ഹോം നഴ്സിനെ അറേഞ്ച് ചെയ്യാൻ രാമേട്ടനോട് പറയാം ഇന്നെന്തായാലും ഇങ്ങനെ പോകട്ടെ, ടേക്ക് കെയർ

ഒന്നും വരില്ല സിജോ, നിങ്ങള് ധൈര്യമായി പോയി കിടന്നുറങ്ങിക്കോ പിന്നെ ,ആൽവിനും രണ്ട് ദിവസമായി ഉറങ്ങിയിട്ടില്ല, അവനെ കൂടി കൊണ്ട് പോകണേ?

ഉം ശരി…

നീരസത്തോടെ തല കുലുക്കിയിട് അയാൾ പുറത്തേക്കിറങ്ങി.

*******

വീട്ടിലെത്തിയ സിജോ, കാറ് പോർച്ചിലിട്ടതിന് ശേഷം ,വീടിനകത്തേയ്ക്ക് കയറി പോയി .

ആൽവിൻ കാറിലുണ്ടായിരുന്ന റോസിലിയുടെ മുഷിഞ്ഞ ഡ്രസ്സും മറ്റുമടങ്ങിയ ബാഗെടുത്ത് അകത്ത് വച്ചിട്ട്, തൻ്റെ മുറിയിലേക്കും പോയി.

ഒറ്റയ്ക്ക് റൂമിൽ കിടന്നപ്പോൾ, ആൽവിന് തൻ്റെ അമ്മയുടെ അസാന്നിദ്ധ്യം നന്നായി ഫീല് ചെയ്തു.

രണ്ട് ദിവസത്തെ ഉറക്കക്ഷീണം കൊണ്ട് ,അവൻ പെട്ടെന്ന് മയങ്ങിപ്പോയി.

കുറച്ച് കഴിഞ്ഞ് എന്തോ ദു:സ്വപ്നം കണ്ട ആൽവിൻ, ഞെട്ടിയെഴുന്നേറ്റു .

അവനാകെ ഭയന്ന് പോയിരുന്നു.

പിന്നീട് ആ മുറിയിൽ ഒറ്റയ്ക്ക് കിടക്കാൻ പേടി തോന്നിയ ആൽവിൻ, സിജോയുടെ റൂമിൽ ചെന്ന് തട്ടി വിളിച്ചു.

എന്താടാ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ?

ഉറച്ചടവോടെ വന്ന് കതക് തുറന്ന സിജോ, ഈർഷ്യയോടെ അവനോട് ചോദിച്ചു.

എനിക്കവിടെ തനിച്ച് കിടക്കാൻ പേടിയാ, ഞാനൊന്ന് ഇവിടെ കിടന്നോട്ടെ

ഉം ,കേറിവാ, ദേ അലമാരയിൽ ബെഡ്ഷീറ്റ് കാണും,അതെടുത്ത് താഴെ വിരിച്ചിട്ട് കിടന്നോ, ഇനി എന്നെ ചുമ്മാ വിളിക്കരുത്, ഞാനൊന്നുറങ്ങിക്കോട്ടേ..

അതും പറഞ്ഞയാൾ ബെഡ്ഡിലേക്ക് വീണു.

ബെഡ്ഷീറ്റെടുക്കാൻ അലമാര തുറന്നപ്പോൾ ,അതിലിരുന്ന തൻ്റെ അമ്മയുടെ ഒരുസാരി കൂടെ ആൽവിൻ കൈയ്യിലെടുത്തു.

നിലത്ത് വിരിച്ച ബെഡ്ഷീറ്റിന് മുകളിൽ കിടക്കുമ്പോൾ ,അമ്മയെ മിസ്സ് ചെയ്യാതിരിക്കാൻ, ആ സാരി അവൻ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു.

കുറെ നേരം അമ്മയെ കുറിച്ച് ചിന്തിച്ച് കിടന്ന ആൽവിൻ, പിന്നെ ഉണരുന്നത് , ആരുടെയോ ഞരക്കവും മൂളലും കേട്ട് കൊണ്ടാണ്.

കണ്ണ് തുറന്ന് നോക്കിയപ്പോൾ, ആ ശബ്ദം കേട്ടത് കട്ടിലിൽ നിന്നാണെന്ന് മനസ്സിലാക്കിയ ആൽവിൻ, പെട്ടെന്നെഴുന്നേറ്റ് ലൈറ്റിട്ടു.

കട്ടിലിൽ നെഞ്ച് പൊത്തിപ്പിടിച്ച് കൊണ്ട് ഞെളിപിരി കൊള്ളുന്ന സിജോയെ കണ്ട്, ആൽവിൻ അമ്പരന്നു.

തുടരും…