ഞാൻ നിങ്ങടെ മോളെ ഇവിടെ പിടിച്ചു വെച്ചിട്ടില്ല, അവള് വന്നാൽ നിങ്ങള് വിളിച്ചോണ്ടു പൊയ്ക്കോ എന്നും പറഞ്ഞു…

സൗന്ദര്യപ്പിണക്കം

എഴുത്ത്: ശ്രീതുൻ്റെ അമ്മ

അപ്പനും അമ്മയും പ്രേമിച്ചു കെട്ടിയവരാണ്.. വീട്ടിൽ സമ്മതിക്കില്ല എന്ന് കണ്ടപ്പോ ഏതോ ഒരു കൊച്ചു വെളുപ്പാൻ കാലത്ത് അമ്മച്ചി അപ്പന്റെ വീട്ടിൽ വന്നു കയറി..ഇച്ചായോ.. എന്നേ സ്വീകരിക്കോ എന്നു കരഞ്ഞു മൂക്കും പിഴിഞ്ഞ് മോങ്ങി കൊണ്ടു നിൽക്കുന്ന അമ്മച്ചിയെ കണ്ടു ഉറക്കം എണീറ്റു വന്ന അപ്പൻ ഒന്ന് ഞെട്ടി.. പിന്നെ ആളുകൂടി.. ആലോചനയായി.. അവസാനം അപ്പൻ അമ്മച്ചിയെ അങ്ങ് സ്വീകരിച്ചു..എല്ലാരേയും പോലെ മുൻവാതിലിൽ കൂടി അല്ല അമ്മച്ചിയെ അകത്തു കേറ്റിയെ.. അപ്പന്റെ പെങ്ങള് അടുക്കള വാതിലിൽ കൂടി അമ്മച്ചിയോടു ഇങ്ങു കേറിപോരാൻ പറഞ്ഞു.. അമ്മച്ചി കേട്ട പാതി ഓടി അകത്തു കേറി.. പിന്നെ അമ്മച്ചിടെ കുടുംബക്കാരൊക്കെ വന്നു ചോദ്യം ചെയ്യലായി..അപ്പനോട് ഭീഷണി ആയി..

ഞാൻ നിങ്ങടെ മോളെ ഇവിടെ പിടിച്ചു വെച്ചിട്ടില്ല.. അവള് വന്നാൽ നിങ്ങള് വിളിച്ചോണ്ടു പൊയ്ക്കോ എന്നും പറഞ്ഞു അമ്മച്ചിടെ അപ്പന്റെ മുന്നിൽ എന്റെ അപ്പൻ കയ്യും കെട്ടി അങ്ങ് നിന്ന്.. ലൈസമ്മേ.. ഇറങ്ങി വാടി.. അമ്മച്ചിടെ അപ്പൻ അലറി.. ഞാൻ വരത്തില്ല അപ്പച്ചാ. എനിക്ക് ജോബച്ചാനെ ഇഷ്ടമാ.. ഞങ്ങള് ജീവിച്ചോളാം. നിങ്ങള് പൊയ്ക്കോ.. അമ്മച്ചി എന്റെ അപ്പനെ ഏറു കണ്ണിട്ടു നോക്കി കൊണ്ടു പറഞ്ഞു..

അവസാനം.. കാരണവന്മാരും പള്ളിക്കാരും ഒക്കെ ചേർന്ന് എന്റെ അപ്പന് അമ്മച്ചിയെ അങ്ങ് കെട്ടിച്ചുകൊടുത്തു. കള്ള് കുടിച്ചു നല്ല മൂഡിൽ ഇരിക്കുമ്പോ ഞങ്ങളോട് വല്ല്യ വീരഗാഥ കണക്കെ അപ്പൻ അവരെ പ്രണയകഥകളൊക്കെ വിളമ്പാറുണ്ട്.. അമ്മ പ്രേമ ലേഖനം എഴുതി അപ്പന്റെ കൂട്ടുകാരി അംഗനവാടി ടീച്ചറെ കയ്യിൽകൊടുത്തു വിട്ടതും… ആരും അറിയാതെ വഴി തൊണ്ടിൽ കൂടി കാഴ്ച നടത്തിയതും.. ഞാനും അനിയത്തിയും അതൊക്കെ ആവേശത്തോടെ കേട്ടിരിക്കും..

പെങ്കൊച്ചുങ്ങളോടാണോ മനുഷ്യനെ ഇതൊക്കെ പറയുന്നേ.. നാണമില്ലേ നിങ്ങൾക്ക്… എണീറ്റു പോടീ അവളുമാരെ.. അമ്മച്ചി ഞങ്ങളെ നേരെ തവി കണയുമായി വരും.. നീ പോടീ അവരെല്ലാം അറിയട്ടെടി… അപ്പൻ പിന്നെയും കഥ പറയാൻ തുടങ്ങും..

ഉം… പറഞ്ഞോ അവസാനം ഇവളുമാരും പ്രേമിക്കും.. അപ്പനല്ലേ പ്രോത്സാഹനം..

പ്രേമിക്കട്ടെടി.. ഇവരെന്റെ മക്കളാ.. പ്രേമിച്ചാലും കുഴിയിൽ പോയി ചാടില്ല.. അല്ലിയോ മക്കളേ… പിന്നല്ല എന്ന ഭാവത്തിൽ ഞങ്ങൾ അമ്മച്ചിയെ നോക്കി ഇളിച്ചു കാണിക്കും..

അപ്പനും അമ്മച്ചിയും അങ്ങനെ മുടിഞ്ഞ സ്നേഹം ആണ്… പക്ഷെ ഉണ്ടല്ലോ… ഇടയ്ക്കു.. ഇടക്കെന്നു പറഞ്ഞാൽ മാസത്തിൽ ഒരു മൂന്ന് തവണ പൊരിഞ്ഞ വഴക്കും ഉണ്ടാക്കും… അപ്പൻ ആള് പാവം ആണേലും നല്ല ഒന്നാന്തരം കലിപ്പൻ കൂടി ആണ്.. അപ്പന്റെ മോന്ത മാറുമ്പോഴേ ഞാനും അനിയത്തിയും പഠിക്കാൻ ഇരിക്കും… അപ്പൊ ഞങ്ങളോട് ഒന്നും പറയില്ല.. എല്ലാം അമ്മച്ചിയോടു മാത്രം ആയിരിക്കും.. പഠിക്കുന്നെന്നു കാണിച്ചിരുന്നാലും ഞങ്ങടെ ചെവിയും കണ്ണും അടുക്കളേലോട്ട് ആകും…

അമ്മച്ചി അപ്പന്റെ പൂരപ്പാട്ടും കേട്ടോണ്ട് അടുക്കളേൽ കുത്തി ഇരിക്കും.. ഇടയ്ക്കു മൂക്കു പിഴിയും… നൈറ്റിയേൽ തൂക്കും… നെഞ്ചത്തടിക്കും…

നീ എന്റെ ജീവിതം തൊലക്കാൻ വന്നവളല്ലിയോടി… നീ കേറിയെന്റെ പിറ്റേന്ന് അടുക്കള ഇടിഞ്ഞു വീണില്ലെടി.. നിന്റെ അപ്പൻ മനപൂർവം നിന്നെ എന്റെ തലയിൽ കെട്ടി വെച്ചതല്ലെടി… ഇറങ്ങി പോടീ.. ഇറങ്ങി പോടീ.. ഇതൊക്കെയാണ് അപ്പന്റെ സ്ഥിരം ഡയലോഗ്… എനിക്ക് ഈ ഇറങ്ങി പോടീ ഇറങ്ങി പോടീ കേൾക്കുമ്പോഴേ ആകെ കലി വരും… അമ്മച്ചി അപ്പോഴും അപ്പനോട് ഒന്നും എതിര് പറയില്ല കേട്ടോ… തന്നത്താനേ പതം പറഞ്ഞിരിക്കും..

അത് കേൾക്കുമ്പോ അപ്പനു പിന്നേം ഇളകും.. നീ എന്നാടി പിറുപിറുക്കുന്നെ… എന്നേ പ്രാക്കുവല്ലെടി… നീ നിന്റെ വീട്ടിൽ പൊയ്ക്കോ.. നീ പോയാൽ ഞാൻ ഗതി പിടിക്കും… ഞാൻ എന്റെ മക്കളെ നോക്കിക്കോളാം.. ഒരു ചോറും കൂട്ടാനും വെക്കാൻ അല്ലെ നീ… അതു ഞാൻ ഇനി ചെയ്യുമെടി… അങ്ങനെ തുടങ്ങും അപ്പൻ..

രണ്ടു ദിവസം പിന്നെ വീട്ടിൽ അമ്മച്ചി ശോകം.. മൂകം.. ചോറ് വിളമ്പിയെന്നു പറ.. ചായ വേണോന്നു ചോദിക്ക്.. ചൂടു വെള്ളം വേണോന്നു ചോദിക്ക്.. ഇങ്ങനെ ഓരോന്നും ചോദിക്കാൻ അമ്മച്ചിയുടെ ഹംസങ്ങളായി പിന്നെ ഞങ്ങൾക്ക് ജോലി കിട്ടും… അങ്ങനെ ഒരു ദിവസം… എന്തോ കാരണത്തിന് വീണ്ടു അപ്പൻ മുട്ടൻ ബഹളം… പതിവ് പാരായണം.. ഇറങ്ങി പോടീ.. നീ നിന്റെ വീട്ടിൽ പോടീ.. അമ്മച്ചി ഇപ്പോഴത്തെയും പോലെ മോങ്ങി കൊണ്ടിരിക്കുന്നു … എനിക്കങ്ങു ദേഷ്യം വന്നു…

അപ്പൻ തിണ്ണയിലിരുന്നു പിറു പിറേ പറയുവാണ്.. ഞാൻ ചെന്ന് അമ്മച്ചിയോടു പറഞ്ഞു… അമ്മച്ചിക്ക് നാണമില്ലേ എന്നും ഇത് കേട്ടു മോങ്ങാൻ.. എണീക്കു.. അമ്മച്ചി ഇനി ഒരു നിമിഷം പോലും ഇവിടെ നിൽക്കരുത്.. ഇപ്പൊ പൊയ്ക്കോണം..

എങ്ങോട്ട് എന്നാ അർത്ഥത്തിൽ അമ്മച്ചി എന്റെ നേരെ വാ പൊളിച്ചോണ്ടു നോക്കി.. അമ്മച്ചിടെ വീട്ടിലോട്ടു… കുറച്ചു ദിവസം അവിടെ പോയിരി.. അപ്പൻ ഒരു പാഠം പഠിക്കട്ടെ. അമ്മച്ചിടെ വില മനസിലാക്കട്ടെ.. എന്ന് പറഞ്ഞു കയ്യിൽ കിട്ടിയ ഒരു ഷോപ്പറിൽ ഞാൻ അമ്മച്ചിടെ തുണി മണിയെല്ലാം കുത്തി നിറച്ചു..

നീ പറഞ്ഞതാ ശെരി.. ഇയാളെന്റെ വില മനസിലാക്കട്ടെ.. എന്ന് പറഞ്ഞു മോന്തയും തുടച്ചു അമ്മച്ചി ഷോപ്പറും എടുത്തു ഇറങ്ങി.. ഞാൻ പോവാ.. നിങ്ങൾ ഒറ്റയ്ക്ക് ജീവിച്ചോ.. ഞാൻ പോയ നിങ്ങള് ഗതി പിടിക്കുമെന്നല്ലേ പറഞ്ഞെ.. അത് കണ്ടിട്ടേ ഉള്ളു ഞാൻ ഇനി ഇങ്ങോട്ട്.. എന്നും പറഞ്ഞു അമ്മച്ചി ഒരൊറ്റ പോക്ക്.. അപ്പൻ അന്തം വിട്ടു അമ്മച്ചിടെ പോക്കും നോക്കി കൊണ്ടു നിന്നു..

ഞാനും അനിയത്തിയും വാ പൊത്തി ചിരിച്ചു.. നീ പോടീ.. നീ പോയാൽ ജോബിനു… മൈ…****….. ആഹാ… അപ്പന് ഇങ്ങനേം പറയാൻ അറിയുമായിരുന്നോ… ഞങ്ങള് പെൺപിള്ളേരായാകൊണ്ടാകും അങ്ങനെ മ്ലേച്ച പദങ്ങൾ ഒന്നും അപ്പൻ അങ്ങനെ ഉച്ചത്തിൽ പറയില്ലായിരുന്നു.. ഇതിപ്പോ… കൊള്ളാം..

മരിയെ… ലിനിയെ.. ഞാൻ നിങ്ങള്ക്ക് നാളെ തൊട്ടു ചോറും കറിയും ഉണ്ടാക്കി തരും… ഒരു ചോറ് വെക്കാനാണോ പാട്.. നിനങ്ങൾക്കറിയില്ലേ കറി വെക്കാൻ… ദൈവമേ പണി കിട്ടിയോ.. ഞാനും അവളും മുഖത്തോട് മുഖം നോക്കി.. നമുക്ക് ചമ്മന്തി അരച്ചാണെലും കഴിക്കാം അപ്പാ… അത് പറഞ്ഞത് അനിയത്തി ആയിരുന്നു.. അവള് പത്തിൽ പഠിക്കുന്നു.. ഞാൻ ടി ടി സി ഒന്നാം വർഷം… എനിക്കു രാവിലെ എഴേ മുക്കാൽ ആകുമ്പോ പോണം.. അവൾക്കു പിന്നെ ഒമ്പതു ആകുമ്പോ പോയാൽ മതി.. അപ്പൊ ചമ്മന്തി നീ അരച്ചോണം ഞാൻ അവളെ നോക്കി കണ്ണുരുട്ടി ..

ടീച്ചിങ് മാന്വലും പെടഗോജിയും ഒക്കെ എഴുതി കഴിഞ്ഞു രാത്രി രണ്ടു മണിയാകും ഞാൻ കിടക്കാൻ.. എഴേ മുക്കാലിനു പോകാൻ ഏഴുമണിക്കാണ് എണീക്കുക… ഇനി നാളെ തൊട്ടു…. ശോ അമ്മച്ചിയെ പറഞ്ഞു വിടണ്ടായിരുന്നു.. അപ്പനെ പാഠം പിന്നെ പഠിപ്പിച്ചാൽ മതി ആയിരുന്നു.. ഞാൻ ആത്മഗതം പറഞ്ഞു..

അമ്മച്ചി പോയെന്റെ പിറ്റേന്ന് രാവിലെ അപ്പൻ ആറുമണി ആയപ്പോഴേ ഞങ്ങളെ എണീക്കാൻ വിളി തുടങ്ങി… ചോറ് വെക്കുന്നത് ഏതു കലത്തിലാ…. അരി എവിടാ വെച്ചേക്കുന്നേ… തേയില എവിടെ.. പഞ്ചാര ഏതാ… ഉയ്യോ എനിക്ക് പ്രാന്ത് പിടിച്ചു… അമ്മച്ചിടെ തുണി ഒക്കെ ഷോപ്പറിൽ നിറച്ചു പറഞ്ഞു വിട്ട ആ നിമിഷത്തെ ഞാൻ ശപിച്ചു …

പെട്ടെന്ന് ഒരു കിഴങ്ങു മെഴുക്കു പുരട്ടിയും ഉണ്ടാക്കി വെച്ചു ഞാൻ കുളിക്കാൻ പോയി.. ഞാൻ നോക്കുമ്പോ ചോറ് അടുപ്പത്തു വെച്ചിട്ട് അപ്പൻ ഇളക്കിക്കൊണ്ടേ ഇരിക്കുവാ..അപ്പാ എന്നാത്തിനാ ഇളക്കുന്നെ.. അത് തനിയെ വെന്തു തിളച്ചോളും… ഹാ… എനിക്കറിയാം.. ഞാൻ ചുമ്മാ ഇളക്കിയതാ.. നീ പോയി റെഡി ആയിക്കോ.. ഞാൻ ചോറെടുത്തു വെക്കാം.. എന്ന് പറഞ്ഞു അപ്പൻ പിന്നേം ഇളക്കി. അത് വേകട്ടെ അപ്പേ… ഞാൻ പറഞ്ഞു.. നീ പോയി ഒരുങ്ങാൻ.. എന്നേ പഠിപ്പിക്കണ്ട.. നീ ഒക്കെ ജനിക്കുന്നതിനു മുന്നേ ചോറ് കാണാൻ തുടങ്ങിയവനാ ഞാൻ… എന്നേ ഒരുത്തിയും തോൽപ്പിക്കാമെന്നു കരുതണ്ട … ആ പറഞ്ഞത് അമ്മച്ചിയെ ഉദ്ദേശിച്ചാകും എന്ന് ഉറപ്പുള്ളത് കൊണ്ടു ഞാൻ മെല്ലെ വലിഞ്ഞു.. ഹാ.. എന്നാ വേണേലും കാണിക്കട്ടെ…

ചോറും വെള്ളവും ഒക്കെ എന്റെ ബാഗിൽ വെച്ചു തന്നു.. വണ്ടിക്കൂലിയും തന്നു എനിക്ക് റ്റാ റ്റാ പറഞ്ഞു വിടുമ്പോ അപ്പന്റെ മുഖത്ത് ഇത്തിരി അഹങ്കാരം ഉണ്ടായിരുന്നില്ലേ…. ഇതൊക്കെ എന്ത്..നിസാരം… എന്നെ കൊണ്ടു ഇതല്ല ഇതിനപ്പുറവും പറ്റും… എന്നൊരു പുച്ഛം പോലെ…

ഉച്ചക്കു ചോറ് കഴിക്കാൻ പത്രം തുറന്നപ്പോ ഞാൻ ശെരിക്കും ഞെട്ടി…വേകാത്ത ചോറു നിറച്ചു തിക്കി വെച്ചിട്ടുണ്ട് അപ്പൻ… ഇതിലും ഭേദം അരി തിന്നുന്നതാരുന്നു.. ചെയ്തത് വല്ല്യ തെറ്റായി പോയി… അമ്മച്ചിയെ പറഞ്ഞു വിടാൻ പാടില്ലാരുന്നു… കുറച്ചു ദിവസം എന്ന് പറഞ്ഞാ വിട്ടേ… പോയിട്ട് ഒരു അഡ്രസ്സും ഇല്ലല്ലോ.. ഇത് വരെ വിളിച്ചു പോലും ഇല്ലല്ലോ.. വൈകുന്നേരം വിളിക്കണം എന്ന് മനസിലോർത്തു.

കോളേജിൽ ഫോൺ ഉപയോഗിക്കാൻ പറ്റാത്ത കൊണ്ടു ഫോൺ സൈലന്റ് ആക്കി ബാഗിൽ ഇടാറാണ് പതിവ്. വൈകിട്ട് ബസിൽ കേറിയിട്ടേ ഫോൺ എടുക്കു..അമ്മച്ചിയെ വിളിക്കണം എന്നാ ഉദ്ദേശത്തോടെ ഫോൺ എടുത്തപ്പോ ദേ കിടക്കണ് അമ്മച്ചിടെ 28 മിസ് കാൾ… ഞാനപ്പോ തന്നെ തിരിച്ചു വിളിച്ചു..ഫോണും പിടിച്ചോണ്ടിരിക്കുവാരുന്നോ എന്തോ.. ഒറ്റ റിങ്ങിനു മുന്നേ കാൾ എടുത്തു… ഞാൻ ഹലോ എന്ന് വെക്കുന്നതിനു മുന്നേ ഇങ്ങോട്ടു മോനെ എന്ന വിളി കേട്ടു.. മോൻ ബസിൽ കേറിയോ.. ആ.. അമ്മച്ചി കേറി.. ഇപ്പൊ കേറിയതെ ഉള്ളു.. ഏതു ബസാ?? തണ്ടപ്രായാ… എന്നാമ്മച്ചി?? ഞാൻ ചോദിച്ചു.. ഈ ബസ് പോകുന്നത് അമ്മച്ചിടെ വീടിന്റെ വാതിൽക്കൽ കൂടിയാ…. അതെ മോൻ ഇവിടെ ഇറങ്ങണം… അമ്മച്ചി വരുവാ.. എനിക്ക് അപ്പനേം നിങ്ങളേം കാണാതെ ഇരിക്കാൻ പറ്റുന്നില്ല…എന്റെ മനസിൽ ലഡ്ഡു പൊട്ടി.. അപ്പനെ അപ്പോ നമുക്കൊരു പാഠം പഠിപ്പിക്കേണ്ടേ എന്ന് ചോദിക്കണം എന്നുണ്ടേലും ഉച്ചക്ക് കഴിച്ച വേകാത്ത ചോറ് ഓർത്തു ഒന്നും മിണ്ടിയില്ല… ഓക്കേ അമ്മച്ചി..ഞാൻ അവിടെ ഇറങ്ങാം എന്ന് ചിരിച്ചോണ്ട് പറഞ്ഞു ഫോൺ വെച്ചു..

വീട്ടിലെ അവസ്ഥ എന്താന്നറിയാം എന്ന് വെച്ചു അപ്പന്റെ ഫോണിലോട്ടു വിളിച്ചു..എടുത്തത് അനിയത്തി…

അപ്പനെവിടെ…എന്നു ചോദിച്ചപ്പോ പറയുവാ… എടി..അപ്പൻ അമ്മച്ചിയെ വിളിച്ചോണ്ട് വരാൻ പോയിന്നു……എങ്ങനെ….. അടിപൊളി… ഞാൻ വീണ്ടും അമ്മച്ചിയെ വിളിച്ചു… അമ്മച്ചിയോ… ഞാൻ അവിടെ ബസിറങ്ങണില്ല.. അതിന്റെ ആവിശ്യം ഇല്ല.. അപ്പൻ അങ്ങോട്ട്‌ വരുന്നുണ്ടു.. ഞാനതു പറയുമ്പോ ഫോണിലൂടെ ആണേലും അമ്മച്ചിടെ മുഖം നൂറു വാൾട്ടിൽ തെളിഞ്ഞത് എന്റെ മനസിൽ കണ്ടു.. ദേ പിന്നെ എന്റെ ജോബച്ചായാ എന്ന് വിളിച്ചോണ്ട് പണ്ടത്തെ പോലെ ചാടി ഇറങ്ങി പോയേക്കല്ല്.. ഇത്തിരി ജാട ഒക്കെ കാണിച്ചോണം.. ഞാൻ പറഞ്ഞു.. ഒന്ന് പോടീ നീ കാരണമാ ഞാൻ ഇങ്ങോട്ട് പോന്നേ എന്ന് പറഞ്ഞു അമ്മ കാൾ വെച്ചു.. അത് കൊള്ളാം.. ഇപ്പൊ അങ്ങനെ ആയോ…

വീട്ടിൽ ചെന്ന് കേറിയപ്പോ ഞാൻ കണ്ട കാഴച്ച…. ആഹാ…. അമ്മച്ചി അടുക്കളപ്പുറത്തിരുന്നു മീൻ വെട്ടുന്നു.. അപ്പൻ അടുത്തിരുന്നു എന്തോ കിന്നാരം പറയുന്നു… അമ്മച്ചിടെ മുഖത്ത് ഒരു ശൃംഗാരവും കള്ള ചിരിയും…. ഹണിമൂൺ പോയ യുവ മിഥുനങ്ങളെ പോലെ രണ്ടു പേരും…. പരിസരം മറന്നു ഇരിക്കുന്നു… ഇടയ്ക്കു അപ്പൻ മത്തി തല തിന്നാൻ വരുന്ന പൂച്ചക്കിട്ട് കല്ലെടുത്തു എറിയുന്നും ഉണ്ട്..

ഞാൻ അവരെ സ്വെർഗത്തിലേക്കു കട്ടുറുമ്പകാതെ അടുക്കളയിൽ അമ്മച്ചി ഇട്ടു വെച്ച ചായയും എടുത്തോണ്ട് മെല്ലെ എസ്‌കേപ്പ് ആയി….. അവരായി… അവരുടെ പാടായി… ഇനി ഞാൻ ഇടപെടില്ല…… സത്യം..!

(പതിവ് ദുരന്ത കഥകളിൽ നിന്നു ഒരു വ്യത്യാസം ആയിക്കോട്ടെ എന്ന് വെച്ചു… ???)