എഴുത്ത്: മഹാ ദേവൻ
ദിവസം ഒന്ന്….
കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ദിവസം പുതിയ വീട്ടിൽ ആ ദിനം എങ്ങനെ തുടങ്ങണമെന്ന് അറിയാതെ ഹേമ അടുക്കളയിലേക്ക് നടക്കുമ്പോൾ അടുക്കളയിൽ ഓടിനടക്കുന്ന അമ്മ അരികിലെത്തി വാത്സല്യത്തോടെ പറയുന്നുണ്ടായിരുന്നു…
” മോള് ഇത്ര നേരത്തെ എണീറ്റോ? നാ മോള് ഈ ചായ കൊണ്ടുപോയി കുട്ടന് കൊടുക്ക്. മോൾക്ക് ഉള്ള ചായയും അതിലുണ്ട്.. ഇവിടെ ഇപ്പോൾ അമ്മക്കുള്ള പണിയേ ഉള്ള്.. മോള് വെറുതെ കരിയാക്കണ്ട. ” എന്ന്.
അന്ന് അവൾ കാണുകയായിരുന്നു ഇത്രേം സ്നേഹമുള്ള അമ്മായമ്മയെ.
മാസം ഒന്ന്……
രാവിലെ കുളി കഴിഞ്ഞ് അടുക്കളയിലേക്ക് കയറുമ്പോഴേ കേട്ടു അമ്മയുടെ പിറുപിറുക്കൽ.. !
” കെട്ടിലമ്മക്ക് ഇനിയും എണീക്കാൻ സമയമായില്ല.. മൂട്ടിൽ വെയിലെറിച്ചാലെ എണീക്കൂ എന്ന് വെച്ചാൽ ന്താ ചെയ്യാ.. കെട്ടിക്കേറി വന്നപ്പോൾ എന്തായിരുന്നു സ്നേഹം. ന്നാ രാവിലെ എണീറ്റ് ഒന്ന് സഹായിക്കാ.. എവിടെ… ഞാനും വലിച്ചോണം വണ്ടിക്കാളയെ പോലെ.. കെട്ടിലമ്മക്ക് കയ്യിൽ കെട്ടിയായാൽ കൊറച്ചിലല്ലേ ” എന്ന്.
അത് കേട്ടാണ് ഹേമ അകത്തേക്ക് കയറിയതെങ്കിലും കേൾക്കാത്ത ഭാവത്തിൽ അവൾ അമ്മക്കരികിലെത്തി പണിയിൽ സഹായിക്കുമ്പോൾ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ പറയുന്നുണ്ടായിരുന്നു അമ്മ
” നീ ആ അരവൊക്കെ ഒന്ന് അരച്ചെടുക്ക്. എല്ലായിടത്തും ഓടിയെത്താൻ എനിക്ക് പത്തു കയ്യൊന്നും ഇല്ല ” എന്ന്…
മാസം ആറ്…….
” എന്റെ അമ്മേ, അവൾ അവളെക്കൊണ്ട് പറ്റുന്ന പോലെ ചെയ്യുന്നില്ലേ ഇവിടെ എല്ലാം.. പിന്നേം എന്തിനാ വെറുതെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്? “
രണ്ട് പേരുടെയും ഇടയിൽ കിടന്ന് കുപ്പിയിൽ പെട്ട കൂറപോലെ തിരിയേണ്ടി വരുന്ന ഒരു ആണിന്റെ രോദനം വാക്കിൽ തുടിക്കുമ്പോൾ അവന്റ വാക്കിൽ നിന്നും കിട്ടിയ അവഗണന ചൂണ്ടിക്കാട്ടിയായിരുന്നു അമ്മ വാളെടുത്തത്.
” ഓഹ്, ഇപ്പോൾ ഞാൻ ആയി കുറ്റക്കാരി. നിന്റ ഭാര്യ നല്ലവൾ. ഇത്രേം കാലം വളർത്തി വലുതാക്കി ഇങ്ങനെ പറയാൻ ആക്കിയ അമ്മ ഇപ്പോൾ പുറത്ത്. കൊള്ളാം…ഇന്നലെ കേറി വന്ന ഇവൾക്ക് ഒരു കുറവും ഇല്ല.. ഇത്ര കാലം കയ്യാ കാലാ വളരുന്നെ എന്ന് നോക്കി വളർത്തിക്കൊണ്ട് വന്ന എനിക്കാണ് ഈ വയസാംകാലത്ത് കുറ്റോം കുറവും. അല്ലെങ്കിലും ഒരു പെണ്ണ് കേറി വന്നാൽ കഴിഞ്ഞ് മക്കടെ ഒക്കെ സ്നേഹോം പരിഗണനയും. “
മനസ്സിൽ പോലും കരുതാത്ത കാര്യങ്ങൾ കേട്ട് വാ പൊളിച്ചു നിൽക്കുന്ന ആ കുട്ടന്റെ മുഖം ആയിരിക്കും ഇത് വായിക്കുന്ന പല ആണുങ്ങൾക്കും.. !!!!!
മാസം എട്ട്….
അവൾ ഗർഭിണിയായതിന്റെ സന്തോഷം അമ്മയെ അറിയിക്കാൻ അവളോട് തന്നെ പറയുമ്പോൾ അവർ തമ്മിലുള്ള സൗന്ദര്യപിണക്കം അതോടെ മാറുമല്ലോ എന്ന പ്രതീക്ഷിച്ചത്തിൽ തെറ്റിയെന്ന് മനസ്സിലായത് പെട്ടന്നുള്ള അമ്മയുടെ പ്രതികരണത്തിൽ നിന്നായിരുന്നു.
” ഓഹ്, ഭാര്യ ഗർഭിണിയാണെന്ന് പറയേണ്ട അവന് അമ്മയോട് പറയാൻ മടി. അതാണല്ലോ അവളെ ഉന്തിത്തള്ളി വിട്ടത് . “
പിണക്കം മാറ്റാനുള്ള വഴി എത്ര പെട്ടന്നാണ് കൊട്ടിയടച്ചതെന്ന് ഓർക്കുമ്പോൾ ആകെ മൊത്തം കറങ്ങുകയായിരുന്നു കുട്ടന്റെ തല !!
ഗർഭിണിയായി ഏഴാംമാസം കൂട്ടിക്കൊണ്ടുപോകുന്ന എ ദിവസം അമ്മയിലെ മാറ്റം വല്ലാതെ അത്ഭുതപ്പെടുത്തി. ഇറങ്ങാൻ നേരം “പോയിവരാം അമ്മ ” എന്ന് പറയുന്ന അവളെ കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ച അമ്മ വിതുമ്പലോടെ പറയുന്നുണ്ടായിരുന്നു
” മോള് ഒന്നും മനസ്സിൽ വെക്കണ്ടാട്ടൊ.. അമ്മയല്ലേ വഴക്ക് പറഞ്ഞെ.. മക്കൾ കുരുത്തക്കേട് കാണിച്ചാൽ അമ്മക്ക് പറയാലോ വഴക്ക് ” എന്ന്.
അമ്മ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ വായുംപൊളിച്ചു നിൽക്കുന്ന ഹേമ അപ്പോൾ ആലോചിക്കുകയായിരുന്നു അമ്മ പറഞ്ഞ കുരുത്തക്കേട് എന്തായിരുന്നു എന്ന്.
രാവിലെ അഞ്ചു മണിക്ക് എണീറ്റാൽ” നാലരക്ക് എണീക്കണം പെണ്ണുങ്ങൾ ” എന്ന് പറഞ്ഞ് കുറ്റപ്പെടുത്തും .
ഇനി അഥവാ നാലരയ്ക്ക് എണീറ്റാലോ ” ഞാൻ എണീക്കും മുന്നേ എണീറ്റ് അടുക്കളഭരണം തുടങ്ങിയല്ലോ കെട്ടിലമ്മ ” എന്ന പരിഹാസം.
ആരേലും വീട്ടിൽ വന്നാൽ ആരാണെന്ന് അറിയാൻ വാതിൽക്കലൊന്ന് നിന്നാൽ അപ്പൊ പറയും ” ആരേലും ഉമ്മറത്ത് വന്നാൽ അപ്പോ തുടങ്ങും അവൾ ഒളിഞ്ഞുനോട്ടം ” എന്ന്.
ഇനി അതും പേടിച്ചു പുറത്തേക്ക് വരാതിരുന്നാലോ അപ്പോൾ തുടങ്ങും “ഒരാൾ പുറത്ത് വന്നാൽ പോലും കെട്ടിലമ്മക്ക് അകത്തു നിന്ന് ഇങ്ങോട്ടൊന്ന് വരാൻ പറ്റില്ല…വന്നിരിക്കുന്നു ഒരു സുന്ദരിക്കോത ” എന്ന്.
തുണി അലക്കാൻ എടുക്കുമ്പോൾ അമ്മയുടെ കൂടി എടുത്താൽ പിന്നിൽ നിന്നൊരു മുറുമുറുപ്പ് ഉണ്ടാകും.
” എന്റെ തുണിയൊന്നും ആരും ഇപ്പോൾ കഴുകിത്തരണ്ട, എനിക്കിപ്പോ അതിനുള്ള ആരോഗ്യമൊക്കെ ഉണ്ട്.. ഇപ്പഴേ മുക്കിൽ കിടത്താൻ നോക്കണ്ട ആരും ” എന്ന്.
അത് കേട്ട് ഒരു ദിവസം ആ തുണി മാറ്റിയിട്ടാലോ
” ഓഹ്, കണ്ടില്ലേ നിന്റ ഭാര്യയുടെ പണി. എല്ലാവരുടെയും കഴുകിയിട്ടപ്പോൾ എന്റെ മാത്രം അപ്പുറത് മാറ്റിയിട്ടു ശീലാവതി. ഇത് ഒന്ന് അലക്കിയെന്ന് വെച്ച് കയ്യിലെ വളയൊന്നും ഊരിപോകില്ലെന്ന് പറഞ്ഞേക്ക് നിന്റ ഭാര്യയോട് ” എന്ന് കേട്ടിയോനോട് പതം പറയും.
ഇങ്ങനെ തുടർന്നുപോകുന്ന പല കാര്യങ്ങളിലും താൻ ചെയ്ത കുരുത്തക്കേട് എന്തെന്ന് ചികയുകയായിരുന്നു ഹേമ.
ഇതങ്ങനെ തുടർന്ന്കൊണ്ടിരിക്കും.
എല്ലായിടത്തും എന്നല്ല, പലയിടത്തും…… !
ഭൂമി ഉരുണ്ടതാണെന്ന് പറയുംപോലെ ഈ പ്രക്രിയയും ഉരുണ്ടുതന്നെ ആണ്… അത് മനുഷ്യൻ ഉള്ള കാലം കറങ്ങിത്തുടർന്ന്കൊണ്ടേ ഇരിക്കും..
ഇതൊരു കഥയല്ലാട്ടോ… നിങ്ങളിൽ പലരുടെയും ജീവിതം ആണ് !!…..