അനിയത്തി
എഴുത്ത്: ഗീതു അല്ലു
“കിച്ചു ഏട്ടാ, എന്നെ ഏട്ടന്റെ അനിയത്തി ആയിട്ട് കണ്ടു സ്നേഹിക്കാൻ പറ്റുമോ “.
അവളുടെ ആ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോൾ എനിക്ക് ദേഷ്യമാണ് തോന്നിയത്. കാരണം അവൾ ചോദിച്ചത് എന്റെ നിത്യ മോളുടെ സ്ഥാനമാണ്.
അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കാരണം നിത്യയെ ഞാൻ അത്രത്തോളം സ്നേഹിച്ചിരുന്നു.
പറ്റില്ല എന്ന് അവളുടെ മുഖത്തു നോക്കി തന്നെ ഞാൻ പറഞ്ഞു.അവളുടെ കണ്മഷി എഴുതിയ കണ്ണുകൾ കലങ്ങുന്നത് കണ്ടിട്ടും എനിക്ക് ഒന്നും തോന്നിയില്ല. മറ്റൊന്നും പറയാതെ ഞാൻ തിരിഞ്ഞു നടന്നു.
—————————-
നിത്യ എന്റെ അനിയത്തിയായിരുന്നു. എന്റെ പ്രാണൻ. അവളെ ഞാൻ ഒരുപാടു സ്നേഹിച്ചിരുന്നു. എന്റെ ജീവനെക്കാളും. ഒരു മാറാ രോഗത്തിന്റെ രൂപത്തിൽ വിധി അവളെ എന്നിൽ നിന്നും തട്ടിയെടുത്തു.
അന്ന് മുതൽ ഞാനും അമ്മയും മാത്രമായി. അച്ഛൻ നിത്യ ജനിച്ചു കഴിഞ്ഞപ്പോൾ തന്നെ പോയി. അവളും കൂടി പോയതോടെ എന്റെ ലോകം വളരെ മൂകമായി. സ്കൂളിൽ പോകുമ്പോഴും ആരോടും മിണ്ടാതെ കളിക്കാൻ കൂടാതെ എവിടെ എങ്കിലും ഒതുങ്ങി ഇരിക്കും. ഒരു ആൺകുട്ടി ആയതു കൊണ്ട് തന്നെ എന്റെ ആ മാറ്റം അമ്മയ്ക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ല.
എന്നെ പഴയതു പോലെ ആക്കാൻ അമ്മ ഒരുപാട് ശ്രമിച്ചു. ആൺകുട്ടികളോടും പെൺകുട്ടികളോടും കൂട്ട് കൂടാൻ നിർബന്ധിച്ചു.
അമ്മയുടെ നിർബന്ധം സഹിക്കാൻ വയ്യാതെ ആൺകുട്ടികളോട് മാത്രം കൂട്ട് കൂടി. പെൺകുട്ടികളെ അപ്പോഴും ഒരു കൈ അകലത്തിൽ നിർത്തി. എനിക്ക് പേടിയായിരുന്നു. എന്തുകൊണ്ടെന്നാൽ ആണും പെണ്ണും തമ്മിൽ ഉള്ള സൗഹൃദം പ്രണയത്തിലേക്ക് മാത്രമല്ല ചിലപ്പോൾ ഒക്കെ സഹോദര ബന്ധത്തിലേക്കും വഴി മാറാറുണ്ട്.
അത് എനിക്ക് സഹിക്കില്ല. എന്റെ നിത്യയുടെ സ്ഥാനം മറ്റൊരാൾക്ക് കൊടുക്കാൻ എന്നെ കൊണ്ട് ഒരിക്കലും സാധിച്ചിരുന്നില്ല. ആൺകുട്ടികളുമായുള്ള എന്റെ കൂട്ട് പഴേയ കിച്ചുവിലേക്കു എന്നെ എത്തിച്ചിരുന്നു.
കോളേജിൽ എത്തിയ ആദ്യ കാലങ്ങളിലും ഒരു പെൺകുട്ടിയുമായും കൂട്ട് കൂടാതെ തന്നെ നടന്നു. പലരും പ്രണയ നൈരാശ്യം ആണെന്ന് പറഞ്ഞു കളിയാക്കിയെങ്കിലും ഞാൻ ഒന്നും കാര്യമാക്കി എടുത്തില്ല.
ഞാൻ കോളേജിൽ രണ്ടാം വർഷമായപ്പോഴാണ് എന്റെ ജൂനിയർ ആയി വർഷ കോളേജിൽ എത്തുന്നത്. ഒരു തല തെറിച്ച പെണ്ണ്. ആരോട് എന്താ പറയേണ്ടത് എന്ന് ഒരു നിച്ഛയവും അതിനില്ല.
എല്ലാവരോടും മിണ്ടിയും തല്ലു കൂടിയും നടക്കുന്ന ഒരു കാന്താരി. കുറെ നാളായി എന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു. ഞാൻ എന്താ പെൺകുട്ടികളോട് മിണ്ടാത്തെ. അതിന്റെ കാരണമെന്താ ഇതൊക്കെ അവൾക്കു അറിയണം .
എത്ര ഒഴിഞ്ഞു മാറിയാലും പിന്നാലെ നടക്കും .ഒരിക്കൽ ശല്യം സഹിക്ക വയ്യാതെ ഞാൻ ദേഷ്യപ്പെട്ടു വരെ സംസാരിച്ചു . പിറ്റേന്ന് അവൾ കോളേജിൽ വന്നില്ല .രണ്ടു ദിവസം അടുപ്പിച്ചു വരാതിരുന്നപ്പോൾ ഉള്ളിൽ ഒരു പിടച്ചിൽ തോന്നി.
ഇനി ഞാൻ കാരണമാണ് അവൾ പഠിക്കാൻ വരാത്തതെങ്കിലോ എന്നൊരു കുറ്റബോധം ഉള്ളിൽ വന്നു .പിറ്റേന്നും വന്നില്ല എങ്കിൽ വീട്ടിൽ പോയിട്ട് ആയാലും കാര്യങ്ങൾ തിരിക്കാം എന്നു ഞാൻ തീരുമാനിച്ചു .
പക്ഷെ പിറ്റേന്ന് അവൾ ക്ലാസ്സിൽ വന്നിരുന്നു .ക്ലാസ്സിന്റെ മുന്നിൽ കൂടി നടന്നു പോയ എന്നെ തടഞ്ഞു നിർത്തി അവൾ പറഞ്ഞു
“അങ്ങനെ അങ്ങു രക്ഷപെട്ടു എന്നു കരുതണ്ട.സുഖമില്ലാതിരുന്നതു കൊണ്ടാണ് രണ്ടു ദിവസം വരാതിരുന്നത് .”
എനിക്കും ചെറുതായി ചിരി വന്നുവെങ്കിലും അതു പുറത്തു കാണിക്കാതെ ഗൗരവം നടിച്ചു ഞാൻ നടന്നു പോയി .അവളുടെ എന്റെ പിറകെ ഉള്ള നടത്തവും എന്റെ കാര്യത്തിൽ ഉള്ള ശ്രദ്ധയും കണ്ടു കൂട്ടുകാരാണ് എന്നോട് പറഞ്ഞത് ,ഒരുപക്ഷേ അവൾക്കു എന്നോട് പ്രണയമായിരിക്കും എന്നു…
—————————
സത്യം എന്തെന്ന് അറിയാൻ വേണ്ടിയാണ് അവളെ പോയി കണ്ടതും സംസാരിച്ചതും. അപ്പോഴാണ് എന്നെ ഞെട്ടിച്ചു കൊണ്ടു അവൾ ആ ചോദ്യം എന്നോട് ചോദിച്ചത് .
പറ്റില്ല എന്ന് അവളുടെ മുഖത്തു നോക്കി പറഞ്ഞെങ്കിലും ഞാൻ എന്ത് പേടിച്ചാണോ പെണ്കുട്ടികളിൽ നിന്നും അകന്നതു അതു സംഭവിച്ച നിരാശയിലായിരുന്നു ഞാനും .
പിന്നീട് ഇതേ ആവശ്യം പറഞ്ഞു അവൾ എന്റെ പിന്നാലെ തന്നെ കൂടി .ആദ്യമായിട്ടായിരിക്കും ഒരു പെണ്കുട്ടി ഒരു ആണിനെ പിന്നാലെ സഹോദരൻ ആകാൻ പറ്റുമോ എന്നും ചോദിച്ചു അലയുന്നത് .
എന്തു കൊണ്ട് ഈ ആവശ്യത്തിനു എന്റെ പിന്നാലെ നടക്കുന്നു എന്നു വരെ ഞാൻ അവളോട് ചോദിച്ചു.എന്റെ ഏട്ടൻ ആകാൻ കിച്ചുവേട്ടനു മാത്രമേ യോഗ്യത ഉള്ളു എന്നു പറഞ്ഞു അവൾ നടന്നു പോയി .
ഒരിക്കൽ ബസ് സ്റ്റോപ്പിൽ നിന്ന എന്നെ കണ്ടു ഏട്ടാ എന്നും വിളിച്ചു ഓടി വന്ന അവളെ കണ്ണു പൊട്ടുന്ന ചീത്ത പറഞ്ഞു ഞാൻ.അവളുടെ കണ്ണീരിനെ അവഗണിച്ചു ശ്രദ്ധയില്ലാതെ റോഡ് ക്രോസ് ചെയ്തതും ചീറി പാഞ്ഞു വന്ന ഒരു ബൈക്ക് എന്നെ ഇടിച്ചു തെറിപ്പിച്ചതും ഓർമ ഉണ്ട് .
കണ്ണ് അടയുന്നതിനു മുൻപ് അവസാനം കണ്ടത് കിച്ചുവേട്ട എന്നും വിളിച്ചു ഓടി വരുന്ന വർഷയെ ആണ് .കണ്ണു തുറക്കുമ്പോൾ ആശുപത്രിയിലെ ഏതോ ഒരു മുറിയിൽ ആണ
അടുത്തു അമ്മ ഉണ്ട്.അമ്മയെNഉ പറഞ്ഞതു വണ്ടി ഇടിച്ചു കിടന്ന എന്നെ ആശുപത്രിയിൽ എത്തിച്ചതും ചോര തന്നതും അമ്മയെ വിവരം അറിയിച്ചതും ഒക്കെ വർഷയാണെന്നു .അവൾ എവിടെ എന്നു ചോദിച്ചപ്പോൾ പുറത്തുണ്ട് എന്നു ‘അമ്മ പറഞ്ഞു.
അമ്മ അവളെ അകത്തേക്ക് വിളിച്ചു.കണ്ണൊക്കെ ആകെ കലങ്ങി ഇരിപ്പുണ്ടായിരുന്നു . എന്നെ കണ്ടപ്പോൾ കണ്ണു തുടച്ചു ചെറുതായി ഒന്നു ചിരിച്ചു കൊണ്ട് ചോദിച്ചു ഏട്ടന് ഇപ്പൊ വേദന ഉണ്ടോ എന്ന്.
ചെറുതായിട്ടു എന്നു ഞാൻ പറഞ്ഞു.അവൾ ഒരു കസേര വലിച്ചിട്ട് എന്റെ സമീപം ഇരുന്നു.എന്നിട്ടു പറഞ്ഞു
” ഞാൻ എന്റെ വീട്ടിൽ ഒറ്റ മകളാണ്. ഒരു ഏട്ടൻ കൂടി വേണമായിരുന്നു എന്നത് എന്റെ കുഞ്ഞിലെ മുതൽ ഉള്ള ആഗ്രഹമായിരുന്നു .പലരെയും ആ സ്ഥാനത്തു കണ്ടു സ്നേഹിച്ചു .പക്ഷെ എല്ലാവരും എന്നെ മുതലെടുക്കാനാണ് ശ്രമിച്ചത്.”
“കോളേജിൽ എത്തി കിച്ചുവേട്ടനെ കണ്ടപ്പോൾ ഏട്ടന്റെ കഥകൾ ഒക്കെ അറിഞ്ഞപ്പോൾ എന്നെ അനിയത്തിയായി സ്നേഹിക്കാൻ ഏട്ടന് കഴിയും എന്ന് എനിക്ക് തോന്നി. അതിനു വേണ്ടി കുറെ നടന്നു. അവസാനം തുറന്നു ചോദിച്ചു.”
“തുറന്നു ചോദിച്ചപ്പോഴും എന്നെ ആട്ടി അകറ്റിയപ്പോൾ എനിക്ക് വാശിയായി .ആ വാശിയുടെ പുറത്താണ് പിറകെ നടന്നു ശല്യം ചെയ്തത് .പക്ഷെ ഞാൻ കാരണം എന്റെ ഏട്ടന് ഒരു ആപത്തു വന്നപ്പോൾ എനിക്ക് മനസ്സിലായി സ്നേഹം സ്ഥാനവും ഒരിക്കലും പിടിച്ചു വാങ്ങാൻ കഴിയില്ല എന്ന് “
ഇതൊക്കെ കേട്ടപ്പോൾ എന്റെയും അമ്മയുടേയും കണ്ണുകൾ ചെറുതായി നനനഞ്ഞിരുന്നു .ഇനി ഒരിക്കലും ഏട്ടനെ ശല്യം ചെയ്യാൻ വരില്ല എന്നും പറഞ്ഞു അവൾ എണീറ്റപ്പോൾ ‘അമ്മ അവളെ തടഞ്ഞു .
അമ്മയുടെ കൈ തട്ടി മാറ്റി കൊണ്ടു അവൾ അമ്മയോട് പറഞ്ഞു “എന്റെ ഏട്ടന്റെ സന്തോഷമാണ് എനിക്ക് വലുത്. ഞാൻ കൂടെ ഇല്ലാതിരിക്കുന്നതാണ് ഏട്ടന് ഇഷ്ട്ടം .എന്നെ തടയണ്ട അമ്മേ ഞാൻ പോവാന്നു”
മുറിയുടെ വാതിൽ തുറന്നു പുറത്തേക്കു പോകാൻ തുസങ്ങിയ അവളെ ഞാൻ തിരിച്ചു വിളിച്ചു , എന്നിട്ടു ചോദിച്ചു ഏട്ടന്റെ അനിയത്തി ഏട്ടന് വയ്യാതായപ്പോൾ ഏട്ടനെ ഉപേക്ഷിച്ചു പോകുവാണോ എന്നു.
അവൾ കണ്ണുനീർ തുടച്ചു കൊണ്ടു ഓടി വന്നെന്നെ കെട്ടിപിടിച്ചു.ഒരിക്കലും പോകില്ല ഏട്ടാ എന്നും പറഞ്ഞു എന്റെ നെഞ്ചിലേക്ക് മുഖം പൊത്തി കരഞ്ഞു .
അമ്മയും സാരിയുടെ കോന്തല കൊണ്ടു കണ്ണീരൊപ്പുവയിരുന്നു .അവൾ എഴുന്നേറ്റ് അമ്മയെ ചേർത്തു പിടിച്ചു പറഞ്ഞു ഇനി അമ്മയും എന്റെ അമ്മയാണെന്ന്
അമ്മ അവളുടെ നെറുകയിൽ ഒന്നു ഉമ്മ വച്ചു കൊണ്ടു പറഞ്ഞു നിന്നെ ഞങ്ങളുടെ നിത്യ മോൾക്ക് പകരം തന്നതാണെന്നു.
പിന്നീടങ്ങോട്ടു അക്ഷരാർത്ഥത്തിൽ അവൾ എന്റെ കൂടപിറപ്പാവുകയായിരുന്നു .ഒരു അമ്മയുടെ വയറ്റിൽ ജനിക്കാത്ത എൻറെ സ്വന്തം അനിയത്തികുട്ടി .