****കൂടപ്പിറപ്പ് ****
Story written by MANJU JAYAKRISHNAN
“ബാവ വെത്തതാവണം ആനും ആവണം തോത്തി ഇതും”
‘എന്റെ നാലാമത്തെ വയസ്സിൽ ഞാൻ ഭീകരമായി മൊഴിഞ്ഞു എന്നതാണ് കേട്ടുകേൾവി. ഞാൻ അല്ലെ , യാതൊരു സംശയവും വേണ്ട! പറഞ്ഞുകാണും ഒരു കൂടെപ്പിറപ്പു കൂടി വരുന്നു എന്നറിഞ്ഞപ്പോൾ ഞാൻ പറഞ്ഞതാണ് കുഞ്ഞ് വെളുത്തതും ആൺകുട്ടിയും ആവണം അല്ലെങ്കിൽ വീടിന്റെ തൊട്ടു അടുത്തുള്ള തോട്ടിൽ ഇടും എന്നാണ് പറഞ്ഞത്.
അമ്മയ്ക്ക് മൂന്നു സഹോദരിമാർരായിരുന്നു. തുണിക്കും കമ്മലിനും മാലക്കും ഒക്കെ അവിടെ മുട്ടൻ ഇടി ആയിരുന്നത്രേ. ഒരാൾ കുളിച്ചിട്ട് ഇടാൻ വച്ചിരുന്ന തുണി മറ്റൊരാൾ കൈക്കലാക്കി സ്ഥലം വിട്ടിട്ടുണ്ടാവും. അവർ എല്ലാം തമ്മിൽ രണ്ടു വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നുള്ളു
അമ്മക്ക് അതു കൊണ്ടു തന്നെ ആൺകുട്ടികളോട് ഒരു സ്നേഹക്കൂടുതൽ ഉണ്ടായിരുന്നു. മൂത്ത കുട്ടി ആൺകുട്ടി ആവാൻ പ്രാർത്ഥിച്ചു. അച്ഛന്റെ വീട്ടിൽ ആണെങ്കിൽ അഞ്ചു ആൺകുട്ടികളും. അച്ഛൻ ഒരു പെൺകുട്ടിയെ ആഗ്രഹിച്ചു.
ദൈവം രണ്ടു പേരെയും നിരാശപ്പെടുത്തിയില്ല. ആൺപിള്ളേരുടെ സകല പോക്രിത്തരം ഉള്ള ഒരു പെങ്കൊച്ചിനെ കൊടുത്തു. “ദൈവത്തിന് മാറിപ്പോയതാന്നാ തോന്നുന്നേ ” എന്ന് എല്ലാവരെയും കൊണ്ട് ഞാൻ പറയിപ്പിച്ചു
അമ്മ രണ്ടാമത് ഗർഭിണി ആയപ്പോൾ വാവച്ചി എന്ന് ആദ്യമൊക്കെ ഞാൻ പറഞ്ഞിരുന്നു എന്ന് അച്ചമ്മ പറഞ്ഞു കേട്ടിട്ടുണ്ട് . പെൺകുട്ടി ആയാൽ സാധനങ്ങൾ ഒക്കെ അവൾ അടിച്ചുമാറ്റുമെന്നും ഒക്കെ പറഞ്ഞു അമ്മ എന്റെ മനസ്സു മാറ്റി എന്നാണ് അറിയാൻ കഴിഞ്ഞത്.
അങ്ങനെ അമ്മയുടെ പ്രസവതിന്റെ അന്ന് ഞാൻ കാത്തിരുന്നു.വെളുത്ത ഒരു സുന്ദരൻ ആൺകുട്ടി. സിസ്റ്റർമാർക്കൊക്കെ വലിയ ആശ്വാസം ആയത്രേ,വെളുത്ത കുട്ടി അല്ലെങ്കിൽ തോട്ടിൽ കളയും എന്നാണല്ലോ എന്റെ ഭീഷണി .
ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം ആയിരുന്നു ഞങ്ങളുടെ.അച്ഛന് എണ്ണക്കറുപ്പും അമ്മക്ക് ചന്ദനത്തിന്റെ വെളുപ്പും. കഥ പറയുമ്പോൾ ചിത്രത്തിലെ പോലെ “അമ്മ എന്തു കണ്ടിട്ടാ ഈ അച്ഛനെ പ്രേമിച്ചു കെട്ടിയത് എന്ന് പലപ്പോഴും ചോദിച്ചിട്ടുണ്ട് “. എന്തു പറയാനാ എന്ന് നെടുവീർപ്പ് ഇടുമ്പോൾ , അച്ഛനു വന്ന കാശുകാരി പെണ്ണിന്റെ ആലോചനയെക്കുറിച്ച് അച്ഛനും വാചാലനാവും.
അനിയനെ അമ്മ പ്രസവിച്ചതും എന്നെ തവിടു കൊടുത്തു വാങ്ങിയതും ആണെന്ന് എന്നെ ബോധ്യപ്പെടുത്തിയിരുന്നു . തവിടുകൊടുത്ത സ്ത്രീ വരുമെന്നും എന്നെ കൊണ്ടു പോകുമെന്നും ഞാൻ പണ്ടു പേടിച്ചിരുന്നു.
ആദ്യമൊക്കെ അടുക്കാൻ ഞാൻ മടിച്ചു. എന്റെ അമ്മയുടെ സ്നേഹവും അമ്മിഞ്ഞപ്പാലും തട്ടിയെടുത്ത അവനെ അങ്ങനെ സ്നേഹിക്കാൻ പാടില്ലല്ലോ അന്ന് വൈക്കത്തെ പ്രശസ്തമായ ജൂവലറി ആയിരുന്നു ” മഞ്ജുമഹേഷ് “. അങ്ങനെ ആ പേരിൽ നിന്നും അവന് മഹേഷ് എന്ന് പേരിട്ടു.
പിന്നീടെപ്പോഴോ സഹോദരസ്നേഹം എന്നിൽ മുളപൊട്ടി. അവൻ പൊതുവെ പാവം ആയിരുന്നു. സംസാരം പോലും പുറത്തു കേൾക്കില്ലത്രേ. “വിജയന്റെ രണ്ടാമത്തെ കുട്ടി പൊട്ടനാണോ ” എന്ന് വരെ ആൾക്കാർ ചോദിക്കാൻ തുടങ്ങി. അതിനും കൂടെ ഒച്ച എടുക്കാനും കുസൃതി കാട്ടാനും ഞാൻ ഉണ്ടല്ലോ. തടിച്ചു വട്ടുറുപ്പ പോലെ ഞാനും മെലിഞ്ഞ കോലമായി അവനും.എല്ലാവരുടെയും സഹതാപം അവനിൽ ആയിരുന്നു. അച്ഛന് കാശ് കിട്ടുന്നത് ശനിയാഴ്ചകളിൽ ആയിരുന്നു. അന്ന് എന്തെങ്കിലും ഒക്കെ കഴിക്കാൻ വാങ്ങിക്കും. അലുവ, ജിലേബി, ആപ്പിൾ, ഓറഞ്ച് അങ്ങനെ എല്ലാം. വീട്ടിൽ ഫ്രിഡ്ജ് വാങ്ങിയിട്ട് അധികം ആയിട്ടുണ്ടായിരുന്നില്ല. എന്തെങ്കിലും ഫ്രൂട്ട്സ് ഒക്കെ ഉണ്ടെങ്കിലേ ഫ്രിഡ്ജ് ഓൺ ആക്കാറുളൂ.
അർദ്ധരാത്രിയിൽ കണ്ണ് തുറന്ന ഞാൻ ഫ്രിഡ്ജ് ഓൺ ആയി കിടക്കുന്നതു കണ്ടു. താക്കോൽ നോക്കിയിട്ടു കണ്ടതും ഇല്ല. ഉടനെ കത്തിയുടെ മുന കൊണ്ട് ഫ്രിഡ്ജ് തുറന്നു. മുന്തിരിങ്ങയും ആപ്പിളും ഒക്കെ എന്നെ നോക്കി ചിരിച്ചു. മുന്തിരിങ്ങ വായിൽ ഇട്ട സമയം അനിയൻ തല പൊക്കി. അവനും കൊടുത്തു ഒരെണ്ണം.
രാവിലെ അച്ഛന്റെ അലർച്ച കേട്ടു ഞാൻ ഉണർന്നു. ആ കാപാലികൻ എന്നെ ഒറ്റികൊടുത്തു. മുന്തിരിങ്ങ അവൻ കഴിക്കുകയും ചെയ്തു എന്നെ കുറ്റവാളിയായി മുദ്രകുത്തുകയും ചെയ്തു
ഒരു വയസ്സുമാത്രം മൂത്ത കൊച്ചിച്ചൻ ഞങ്ങളുടെ മാത്രം പ്രേത്യേകത ആയിരുന്നു. അനിയൻ ചെറുതായതു കൊണ്ട് അവനെ കാഴ്ചക്കാരനാക്കി ഇരുത്തി ഞാനും കൊച്ചിച്ചനും ഒക്കെ കളിച്ചു തിമിർത്തു. അവൻ അതിലൊന്നും പരാതി പറഞ്ഞതായി എനിക്ക് ഓർമ്മയില്ല
ബന്ധുക്കളുടെ കാര്യത്തിൽ ഞങ്ങൾ അനാഥർ ആയിരുന്നു. അതുകൊണ്ടു തന്നെ അച്ഛനും അമ്മയും അനിയനും ഞാനും ഒക്കെ തമ്മിൽ ഒരുപാട് സ്നേഹം ആയിരുന്നു. ചെറിയ ചെറിയ കുസൃതികളിലൂടെ ഞങ്ങൾ വളർന്നു. അവന്റെ പത്താം ക്ലാസ്സിലെ റിസൾട്ട് നോക്കാൻ ഞാൻ ആണ് പോയത്. എന്നേക്കാൾ മികച്ച വിജയം നേടിയാണ് അവൻ ജയിച്ചത്. ” സ്നേഹിക്കുന്നവരുടെ വിജയം നമ്മുടെ വിജയം തന്നെ അല്ലെ “
വിവാഹശേഷം പോയപ്പോൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തവരിൽ ഒരാൾ അവൻ ആയിരുന്നു. ഒരിക്കൽ വണ്ടിക്കൂലിക്കു പോലും പൈസ ഇല്ലാതെ നിൽകുമ്പോൾ അവൻ തന്ന കുറച്ചു മുഷിഞ്ഞ ഇരുപതു രൂപ നോട്ടുകൾ ഇന്നും എന്റെ കണ്ണിലുണ്ട്. പോക്കറ്റ് മണി എന്ന പേരിൽ ഒരു രൂപ പോലും ഞങ്ങൾക്ക് കിട്ടിയിട്ടില്ല. അവൻ കരോളിന് മറ്റും പോയി കിട്ടിയ പൈസ ആയിരുന്നു അത്.
മൂക്കുത്തി കുത്തുക എന്നത് വലിയൊരു ആഗ്രഹമായിരുന്നു. മൂക്കുത്തി വാങ്ങി എന്നെയും കൊണ്ടു പോയി അവൻ അതു ചെയ്തു തന്നു. തട്ടാൻ മൂക്ക് കുത്തുമ്പോൾ ഒലിചിറങ്ങിയ കണ്ണുനീർ കണ്ടു അവന്റെ മുഖം വാടിയത് ഇന്നും ഓർമ്മയിലുഉണ്ട്
ആദ്യമായി ജീൻസ് വാങ്ങി തന്നത് ഒക്കെ അവനാണ്. ഒരിക്കൽ തുണിക്കടയിൽ കണ്ട വിലകൂടിയ കുർത്തി ഞാൻ മാറ്റി വച്ചപ്പോൾ . ഞാൻ പോലും അറിയാതെ അവൻ എനിക്കതു വാങ്ങി തന്നു. ഓർമ്മകളിലെ പച്ചപ്പിൽ അതിപ്പോഴും വാടാതെ നിൽപ്പുണ്ട്. നല്ല നല്ല അനുഭവങ്ങൾ ആണല്ലോ നമ്മുടെ ജീവനായി ആളുകളെ മാറ്റുന്നതും
ഈ വഴക്കാളിയായ എനിക്ക് കിട്ടിയ ലോട്ടറി ആയിരുന്നു എന്റെ കുഞ്ഞനുജൻ. ഇപ്പോൾ ആ സ്നേഹം മുഴുവൻ എന്റെ മോൾക്കാണ്.”എന്നെ എന്റെ അമ്മാവൻ കെട്ടിയാൽ മതി ” എന്ന് ആ കുട്ടികുറുമ്പി പറയുന്നതും അതു കൊണ്ടുതന്നെ.
ലോകത്ത് വിലമതിക്കാനാവാത്ത പലതുമുണ്ട് ബന്ധങ്ങൾ ശിഥിലമാകുന്ന ലോകത്ത് ഓർമ്മകളുടെ ഓളങ്ങളിൽ നമുക്ക് കൂട്ടായി നന്മുടെ കൂടെ പിറപ്പുകൾ എന്നുമുണ്ടാകും നാം വേദനിച്ചാൽ ആദ്യം വേദനിക്കുന്നത് നാം സന്തോഷിച്ചാൽ ആദ്യം സന്തോഷിക്കുന്നത് അവരാണ് ലോകത്ത് കൂടെ പിറപ്പിനു പകരമായി ഒന്നേ ഉള്ളൂ അത് കൂടെ പിറപ്പ് മാത്രമാണ്….