ആരേലും വെല്ല വിഡിയോയും എടുക്കണേനു മുന്നേ അയ്യാളെ പോയി പിടിച്ചു മാറ്റടോ…

താളം

Story written by Atharv Kannan

ഡയരക്ടർ ഹരിദാസ് ആഞ്ഞു വീശിയ ഗ്ലാസ്സിൽ നിന്നും ചൂട് ചായ കാർത്തിയുടെ മുഖത്ത് പതിച്ചു. അവൻ ഇരു കൈകൾ കൊണ്ടും വേദനയിൽ കണ്ണുകൾ അടച്ചു കൊണ്ടു മുഖം മറച്ചു.

സെറ്റിൽ രംഗം കണ്ടു നിന്നവർ ഞെട്ടലോടെ പരസ്പരം നോക്കി.

” ഇയ്യാളിതെന്തു പണിയാ കാണിച്ചേ… ആരേലും വെല്ല വിഡിയോയും എടുക്കണേനു മുന്നേ അയ്യാളെ പോയി പിടിച്ചു മാറ്റടോ ” നിർമാതാവിന്റെ നിർദേശ പ്രകാരം കുറച്ചു പേർ ചേർന്ന് ഹരിദാസിനെ അവടെ നിന്നും പിടിച്ചു വലിച്ചു കൊണ്ടു പോയി. എന്നിട്ടും കലി അടങ്ങാതിരുന്ന ഹരിദാസ് കാർത്തിയുടെ തിരക്കഥ വലിച്ചെറിഞ്ഞു. ചില്ലു കൊട്ടാരം തകർന്നടിയുന്ന പോലെ കാർത്തിയുടെ സ്വപ്‌നങ്ങൾ പറന്നു പറന്നു നിലത്തേക്ക് പതിച്ചു.

” ചേട്ടാ വല്ലതും പറ്റിയോ…? കണ്ണു തുറക്ക്… ദാ ഈ വെള്ളം ഒഴിക്കു ” ഹരിദാസിന്റെ അസിസ്റ്റന്റ് പിള്ളേർ കാർത്തിയുടെ അരികിലേക്ക് ഓടി എത്തി കൈ പിടിച്ചു മാറ്റിക്കൊണ്ട് കുപ്പി വെള്ളം കൊടുത്തു…

” മോശമായിപോയി… ആ പയ്യൻ കഥ പോലും പറഞ്ഞില്ലെന്നേ… ഒരു പ്രോവൊക്കേഷനും ഇല്ലാതെ എന്തിനാ ഇങ്ങനെ ഓക്കെ കാണിക്കുന്നേ? ” സിനിമാട്ടോഗ്രാഫർ നിർമാതാവിനോട് പരാതിപ്പെട്ടു..

” ഇതിങ്ങനെ വിട്ടാ പറ്റില്ല.. ഞാൻ രണ്ട് പറഞ്ഞിട്ട് വരാം ” നിർമാതാവ് കലിയോടെ ഹരിദാസിനു അരികിലേക്ക് നടന്നു.

ആരൊക്കയോ ചേർന്ന് പേപ്പറുകൾ പറക്കിക്കൂട്ടി കാർത്തിയുടെ കൈകളിൽ നൽകി. ഒന്നും മിണ്ടാതെ കലങ്ങിയ കണ്ണുകളോടെ അവനതു വാങ്ങി.

” മോനേ പ്രശ്നം ഒന്നും ഉണ്ടാക്കരുത്.. എന്തേലും ഉണ്ടായാൽ അത് ഈ സിനിമയെ ബാധിക്കും.. ഇതയ്യാളുടെ മാത്രം പടമല്ല.. ” സിനിമട്ടോഗ്രാഫർ കാർത്തിയെ അനുനയിപ്പിക്കാൻ എന്ന പോലെ പറഞ്ഞു.

കാർത്തി ചുറ്റും നോക്കി… എല്ലാവരും നിശബ്ദതയോടെ അവനെ തന്നെ നോക്കി നിക്കുന്നു. മറുപടി ആയി ഒരു പുഞ്ചിരി മാത്രം നൽകി അവൻ പുറത്തേക്കു നടന്നു.

” തനിക്കിതു എന്തിന്റെ കേടാടോ? കഴിഞ്ഞ മൂന്ന് ദിവസം താൻ കഥ കേക്കാം എന്ന് പറഞ്ഞു ആ പയ്യനെ രാവിലെ മുതൽ രാത്രി വരെ പുറത്ത് നിർത്തി. ഇന്ന് കഥ കേക്കാം എന്നും പറഞ്ഞു വിളിച്ചിട്ടു മുഖത്തേക്ക് ചൂട് ചായ ഒഴിക്കുന്നു.. എന്തൊരു ഇൻസൾട്ട് ആണിത്? “

നിർമതാവ് കലി അടക്കാനാവാതെ പറഞ്ഞു.

” എനിക്കെന്തോ അവന്റെ മോന്ത അത്ര പിടിച്ചില്ല! ” അയ്യാൾ വളരെ കൂൾ ആയി പറഞ്ഞു

” ദേ ഹരി… കണ്ട കള്ളും കഞ്ചാവും വലിച്ചു കേറ്റിയിട്ടു ഒരു മാതിരി മറ്റേടത്തെ വർത്താനം പറഞ്ഞ ഉണ്ടല്ലോ.. എന്റെ സ്വഭാവം മാറും കേട്ടോ.. ഇതുപോലെ പെട്ടീം തൂക്കി കൊറേം അലഞ്ഞതല്ലേ നീയും.. ആദ്യമായിട്ട് നീ എന്നെ കാണാൻ വന്ന ദിവസം മറന്നിട്ടില്ലെങ്കിൽ ഒന്നോർത്തു നോക്കിയാ മതി “

അയ്യാൾ പുച്ഛത്തോടെ ചിരിച്ചു… നിർമാതവ് നടന്നകലുന്ന കാർത്തിയെ നോക്കി.

” ഉം… എങ്ങോട്ടാ? ” ഹോട്ടലിൽ കയറാൻ തുടങ്ങിയ കാർത്തിയോട് കൂട്ടുകാരൻ ചോദിച്ചു

” അല്ലടാ ഞാൻ “

” എന്റെ പൊന്നു കാർത്തി… നാല് ദിവസയി നീ ഇതും തൂക്കി പിടിച്ചു പോവാൻ തുടങ്ങിയിട്ട്.. രണ്ടും കൂടി ഇവിടെ നടക്കില്ല.. ഒന്നെങ്കിൽ പണിക്കു നിക്ക്.. അല്ലെങ്കിൽ സിനിമക്ക് പിന്നാലെ പോ “

” എടാ… അപ്പോയ്ന്റ്മെന്റ്.. “

” അതാ ഞാൻ പറഞ്ഞെ.. ഈ ജോലിയും കഥ പറച്ചിലും ഒരുമിച്ചു പോവത്തില്ല..അവരു പറയുന്ന സമയത്തു ചെല്ലണം എങ്കിലു അതനുസരിച്ചു വെല്ല പണിയും നോക്ക്… ഇനി ഏതായാലും ഇവിടെ നിക്കണ്ട.. ഇപ്പൊ തന്നെ പപ്പ കലിപ്പായി നിക്കുവാ”

ഡ്രെസ്സും ബാഗിലാക്കി അവൻ പുഴയുടെ ഒരു കടവിൽ ഇരുന്നു.. സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു… വീട്ടിലേക്കു പോവാൻ പലപ്പോഴും മനസ്സ് പറഞ്ഞെങ്കിലും ഓർമകൾ അനുവദിച്ചില്ല.

” അവൻ ചാതെങ്കിൽ എന്നാ വീട്ടുകാർക്ക് പുതിയൊരു വീടും കിട്ടി ഇഷ്ടം പോലെ കാശും കിട്ടി… ഇവനൊക്കെ ജീവിച്ചിരുന്ന ഇത്രേം ഉണ്ടാക്കുവായിരുന്നോ.. ഇപ്പൊ ആ വീട്ടുകാർക്ക് നല്ല സുഖമായില്ലേ ” കൊച്ചിയിലെ ഒരു കോളേജിൽ രാഷ്ട്രീയ കൊലപാതകത്തെ തുടർന്ന് മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് വീട് വെച്ചു കൊടുത്തതിന്റെയും ധന സഹായം ലഭിച്ചതിന്റെയും വാർത്ത കാണുമ്പോൾ അച്ഛൻ പറഞ്ഞ വാക്കുകൾ ആയിരുന്നു അത്… അത് കഴിഞ്ഞു അടുത്തിരുന്നു ചോറുണ്ടു കൊണ്ടിരുന്ന തന്റെ നേരെ ഒരു നോട്ടവും.

സ്വന്തമായി ലക്ഷ്യങ്ങൾ ഉണ്ടാവുന്നതു തെറ്റാണോ… അറിയില്ലേ… കോളേജിൽ പാർട്ട് ടൈം വർക്കും വിദ്യാഭാസ ലോണുമായി എങ്ങനയൊക്കയോ കഴിഞ്ഞു കൂടി. ജീവിതത്തിലെ വേദനകൾ ആയിരുന്നു എഴുതാൻ പ്രേരിപ്പിച്ചത്.. പിന്നീട് എപ്പോഴോ അത് ദൃശ്യങ്ങളിലേക്ക് പകർത്തണം എന്ന് തോന്നി. അതൊരു ലക്ഷ്യമാക്കി. അനിയൻ സ്വന്തം കാലിൽ നിക്കുന്നത് വരെ കിട്ടിയ ജോലികൾ ചെയ്തു വീട്ടിലെ കാര്യങ്ങളും നോക്കി. ഒപ്പം സിനിമക്ക് വേണ്ടി ഒരുപാടു അലഞ്ഞു.

” എന്തോരും മനുഷ്യര് വണ്ടി ഇടിച്ചും അല്ലാതെയും ചാവുന്നു ഈശ്വരാ.. ഇവന് മാത്രം ഒന്നും പറ്റുന്നില്ലല്ലോ ” അമ്മയുടെ പ്രാക്ക് അവസാനം ആയപ്പോൾ അങ്ങിനെ എത്തിയിരുന്നു. മാതാ പിതാക്കൾ ആഗ്രഹിക്കുന്ന പോലെ മാത്രമേ മക്കൾ ജീവിക്കാവൂ എന്നുണ്ടോ? അറിയില്ല.. അവർക്കും അവരുടേതായ സ്വപ്‌നങ്ങൾ ഇല്ലേ? മക്കളെ പഠിപ്പിക്കാണെന്നു കള്ളം പറഞ്ഞു അവർ അവരുടെ ആവശ്യങ്ങൾക്കായി മറ്റുള്ളവരിൽ നിന്നും കടം വാങ്ങിച്ചതും ചിട്ടി കൂടിച്ചതും തന്റെ തെറ്റാണോ…? അറിയില്ല.. അതുകൊണ്ടായിരുന്നു നാട്ടുകാർക്ക് തന്നോട് ഏറ്റവും ദേഷ്യം. അച്ഛനും അമ്മയും കടം വാങ്ങി പഠിപ്പിച്ചിട്ടും സിനിമക്ക് പിന്നാലെ നടക്കുന്നു. ഓരോരുത്തരുടെയും വീട്ടിൽ പോയി തനിക്കു പറയാൻ പറ്റില്ലല്ലോ എന്റെ വിദ്യാഭ്യാസ ലോണും ഞാൻ കൂലിപ്പണി ചെയ്തും തിരിച്ചും മറച്ചും ആണ് അടച്ചു കൊണ്ടു ഇരിക്കുന്നതെന്നു. പറഞ്ഞാലും നിനക്ക് പഠിച്ച പണിക്കു പൊയ്ക്കൂടേ എന്ന് ചോദിക്കും. ആരൊക്കയോ എഴുതി വെച്ച തിരക്കഥയിൽ ജീവിക്കുന്ന അവർക്കു സ്വന്തമായി ലക്ഷ്യങ്ങൾ ഉണ്ടാവുകയും തീവ്രമായി അതിനു പരിശ്രമിക്കുകയും ചെയ്യുന്നവന്റെ വേദന മനസിലാവില്ല. അവർക്കു മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിയാത്തവയെ അവർ കളിയാക്കും .

” നീ സിനിമ ചെയ്യുവോ എന്നാന്നു വെച്ചാ കാണിച്ചോ.. ദൈവത്തെ ഓർത്തു ഈ വീട്ടീന്നും നാട്ടീന്നും ഒന്ന് പോയി തരണം.. പ്ലീസ്.. ഞങ്ങക്ക് നാണക്കേടാ നീ ഇങ്ങനെ നടക്കുന്നെ.. ദൈവത്തെ ഓർത്തു ഉപദ്രവിക്കരുത് ” വീട്ടിന്നു ഇറങ്ങുന്നേന്റെ തലേന്ന് അനിയൻ പറഞ്ഞ വാക്കുകൾ ആയിരുന്നു അത്.

” ഇല്ല.. പ്ലീസ്.. എനിക്ക് അത്രക്കും ഇഷ്ടമാണ്.. എത്ര നാളു വേണമെങ്കിലും ഞാൻ കാത്തിരിക്കാം… ” വേണ്ടെന്നു ഒരുപാട് പറഞ്ഞിട്ടും വിട്ടു പോവാത ഞാൻ നിന്റെ മാത്രം ആണെന്ന് പറഞ്ഞു പഠിപ്പിച്ചവൾ ആയിരുന്നു. തുടർച്ചെ രണ്ട് തിരക്കഥകൾ മോഷണം പോയതോടെ ഞാനെങ്ങും എത്തില്ലെന്ന തോന്നൽ ഉള്ളിൽ വന്നതോടെ അവൾക്കും മടുപ്പായി. “എനിക്ക് തോന്നുന്നില്ല ഇത് നടക്കും എന്ന് നമുക്കു പിരിയാം ” എന്നൊരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഇത്രയും സങ്കടം വരില്ലായിരുന്നു… പറയാതെ മറ്റൊരുത്തന്… ജീവന് തുല്യം സ്നേഹിക്കുന്ന പെണ്ണിനെ മറ്റൊരുവന്റെ കൂടെ കിടക്കയിൽ കാണുമ്പോൾ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരുത്തനും അത് സഹിക്കാനാവില്ല. ജീവിതം അങ്ങനാണെന്നു പഠിച്ചു.

പണം… അത് ബന്ധങ്ങൾ തകർക്കും… പക്ഷെ അതില്ലാതെ ജീവിക്കാനും പറ്റില്ലല്ലോ…യഥാർത്ഥ സൗഹൃദങ്ങളെ തിരിച്ചറിയുന്നത് അപകടങ്ങൾ ഉണ്ടാവുമ്പോൾ ആണ്. അനങ്ങാൻ വയ്യാതെ ആശുപത്രി കിടക്കയിൽ കിടക്കുമ്പോൾ പോലും ഒന്ന് വിളിച്ചന്വേഷിക്കാൻ കഴിയാത്ത രക്ത ബന്ധങ്ങൾ എന്തിനാണ്. ജീവിതത്തിൽ രക്ഷപെട്ടില്ലെങ്കിൽ മക്കൾ മക്കളല്ലാതെ ആവോ… അറിയില്ല.

ഫോൺ റിങ് ചെയ്തു….

” എവിടാ..? പോയ കാര്യം എന്തായി? ” ചിന്നുവിന്റെ ശബ്ദം ആകാഷയിൽ നിറഞ്ഞിരുന്നു

” ഒന്നും പറഞ്ഞില്ല… വിളിക്കുമായിരിക്കും “

” ആകെ ശോകാണല്ലോ? “

” ഇല്ലെടി.. “

” ഫുഡ് കഴിച്ചോ? “

” ആ കഴിച്ചു “

” എന്നാ കഴിച്ചേ? “

” അത് “

” ഇത്ര മാത്രം ആലോചിക്കണോ? “

” ദോശ “

” മ്മ് ഡോണി വിളിച്ചിരുന്നു.. അവിടുന്ന് പറഞ്ഞു വിട്ടല്ലേ “

” മ്മ് “

” എവിടാ ഇപ്പോ? “

” കടവിൽ “

” ഞാൻ വരണോ? “

” വേണ്ട.. സന്ധ്യ ആയില്ലേ “

” ഇപ്പോ എങ്ങോട് പോവാന പ്ലാൻ? “

” അറിയില്ല “

“അച്ഛനെ പോയി കാണു.. താമസിക്കാൻ റൂം ശരിയാക്കിയിട്ടുണ്ട് “

” അല്ലേടി “

” പറഞ്ഞത് ചെയ്യ്.. ബാക്കി ഓക്കെ അച്ഛൻ നോക്കിക്കോളും.. എത്തീട്ടു വിളിക്കട്ടോ “

അവൾ ഫോൺ വെച്ചു.

രക്ഷപെടില്ലെന്നു തോന്നൽ വന്നപ്പോ വിട്ടു പോവാത്തവരുടെ കൂട്ടത്തിൽ ഇനി അവൾ മാത്രമായി. ജീവിതാവസാനം വരെ ആ സൗഹൃദം നിലനിക്കും എന്ന് പ്രതീക്ഷിക്കുന്നു.

” ഒകെ.. ഓകെ.. വൈറ്റ് വൈറ്റ്… ആ സീൻ ഒന്ന് അഭിനയിച്ചു കാണിക്കാമോ? എങ്ങനെയാണ് കാർത്തി അതിന്റെ ഡെപ്ത് ഉൾക്കൊണ്ടിരിക്കുന്നത് എന്നറിയാനാണ് “

സംവിധായകൻ രൂപേഷും മൂന്നാലു പെരും അവരുടെ റൂമിൽ നിരന്നിരുന്നു. കാർത്തി അവർ പറഞ്ഞ സീനുകൾ ഓരോന്നായി അഭിനയിച്ചു കാണിച്ചു കൊണ്ടിരുന്നു.മൂന്ന് മണിക്കൂർ കടന്നു പോയി.

” സർ പന്ത്രണ്ടു മണി ആയി ” അസിസ്റ്റന്റ് ചെവിയിൽ പറഞ്ഞു…

” ആ ഒകെ “

കാർത്തിയുടെ നേരെ തിരിഞ്ഞു ” അപ്പൊ ശരി കാർത്തി.. ഇടയ്ക്കു കാണാം കേട്ടോ “

” അല്ല സർ.. സ്ക്രിപ്റ്റ് “

അയ്യാൾ പൊട്ടി ചിരിച്ചു.. ഒപ്പം മറ്റുള്ളവരും

” സ്ക്രിപ്റ്റോ? എന്ത് കഥയാടോ ഇത്? ഏഹ്… ഞങ്ങക്ക് പന്ത്രണ്ടു മണിക്കൊരു മീറ്റിംഗ് ഉണ്ട്.. എങ്ങനെ അതുവരെ സമയം പോവും എന്നോർത്ത് ഇരിക്കുമ്പോഴാ താൻ വന്നത്.. അത് തന്നെയല്ല എന്റെ അടുത്ത മൂന്ന് പടവും ആയിരിക്കണതാ… ഒരു രണ്ട് കൊല്ലത്തേക്ക് ഇനി നോക്കണ്ട “

കാർത്തിയുടെ കണ്ണുകൾ നിറഞ്ഞു.. ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി നടന്നു… എവിടെയൊക്കയോ ഇരുന്നു…വിജനമായ പാതയിൽ ഇരുട്ട് നിറഞ്ഞ വഴിയിൽ മുട്ടിൽ കുത്തി ഇരുന്നു മതിവരുവോളം കരഞ്ഞു…

” അവനു പ്രാന്താടാ “

” പിന്നെ സിനിമാ… ഇപ്പൊ ആവും “

” പഠിച്ചത് വെച്ചു വെല്ല പണിക്കും പോടാ ചെറുക്കാ “

” എന്ത് നന്നായിട്ടു പഠിക്കുന്ന കൊച്ചായിരുന്നു.. ശോ ജീവിതം പോയത് കണ്ടില്ലേ “

” ഇങ്ങനൊരുത്തൻ ജനിച്ചിട്ടില്ലെന്നു നീ അങ്ങ് കരുതിയാ മതി “

” ഏയ്‌ ഇത് ചേട്ടനൊന്നും അല്ല.. വണ്ടി ഓടിക്കാൻ വിളിച്ചോണ്ട് വന്നതാ “

” സിനിമയെ കാശ് ഉള്ളവന് പറഞ്ഞിട്ടുള്ളതാ.. അല്ലാതെ നിന്നെ പോലെ “

” ഇനിയും കടം ചോദിക്കരുത് അളിയാ.. തിരിച്ചു തരില്ലാത്തൊണ്ടല്ല,നീ രക്ഷപെടടും എന്ന പ്രതീക്ഷ ഓക്കെ പോയി.. “

” നീ ഇങ്ങനെ നടന്നു ജീവിതം തീർക്കുകയെ ഉളളൂ “

ഒരായിരം ഡയലോഗുകൾ അവന്റെ ഉള്ളിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു.

” ഇത് കൊള്ളാം.. എനിക്കിഷ്ടായി.. ഞാൻ മുഴുവൻ വായിച്ചു കാർത്തി.. ഇത് ഉണ്ണിയോട് സംസാരിക്കട്ടെ.. തനിക്കു ഒകെ ആണോ..? “

സംവിധായകൻ റിയാസിന്റെ വാക്കുകൾ കേട്ടു കാർത്തിക്കു അതിയായ സന്തോഷം തോന്നി. അദ്ദേഹം ഉണ്ണിയോട് സംസാരിച്ചു. തീയതി കിട്ടി. അതുവരെ അനുഭവിച്ച സകല കഷ്ടപ്പാടുകൾക്കും അന്ന് ഒറ്റ രാത്രി കൊണ്ടു പ്രതിഫലം കിട്ടാൻ പോവുന്നു.

ആയിരത്തിൽ ഒരുവന് മാത്രം സാധിക്കുന്ന കാര്യം. ലക്ഷ്യത്തിനു വേണ്ടി സ്വന്തവും ബന്ധവും എല്ലാം വിട്ടു പോയിട്ടും പിടിച്ചു നിന്നവന് കാലം നൽകുന്ന സമ്മാനം. സ്‌ക്രീനിൽ തന്റെ പെരും വരാൻ പോകുന്നു. ലക്ഷങ്ങൾ ഇന്നും സ്വപ്നമായി കാണുന്ന കാര്യം.

ആദ്യം ചിന്നുവിനെ തന്നെ വിളിച്ചു സന്തോഷം അറിയിച്ചു. ഈ ലോകത്തു തനിക്കു വേണ്ടി ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അവളായിരിക്കും. ഒന്നും അല്ലാതായിരിക്കുമ്പോൾ നമ്മളെ സ്നേഹിക്കാൻ കഴിയുന്നവർക്ക് ജീവിതം മുഴുവൻ നമ്മളെ സ്നേഹിക്കാൻ കഴിയും.

പ്രതീക്ഷയോടെ രണ്ട് മാസം കഴിഞ്ഞു.. ഒരുക്കങ്ങൾ ആരംഭിച്ചു.. ലൊക്കേഷൻ കണ്ടു പിടിക്കാൻ ഉള്ള ഓട്ടം തുടങ്ങിയ അന്ന് രാത്രി ഡയരക്ടർ റിയാസിന്റെ കോൾ വന്നു

” കാർത്തി ഈ കഥ ആരോടേലും പറഞ്ഞിരുന്നോ? “

” ഉവ്വ്.. എന്താ സർ? “

” ഇത് കോപ്പി റൈറ്റ് എടുത്തിട്ട് ഉണ്ടോ? “

” പോസ്റ്റ് ചെയ്തു പൊട്ടിക്കാതെ വെച്ചിട്ടുണ്ട് സർ.. “

” ഉം “

” എന്തെങ്കിലും പ്രശ്നം ഉണ്ടോ സർ? “

” ഉണ്ണി വിളിച്ചിരുന്നു… സംവിധായകൻ രൂപേഷിന്റെ പടത്തിന്റെ ട്രയലര് ഇറങ്ങിയിട്ടുണ്ട്… നായക കഥാ പത്രം, പശ്ചാത്തലം, ചില ഡയലോഗുകൾ എക്സക്‌റ്റലി സെയിം ആണ്. ബട്ട് കംപ്ലീറ്റ് അല്ല. ഞാൻ അതിന്റെ അസോസിയേറ്റിനെ വിളിച്ചിരുന്നു. കാർത്തി അവിടെ ചെന്നിരുന്നെന്നും സ്ക്രിപ്റ്റ്‌ സീനുകൾ ആയി അഭിനയിപ്പിച്ചു എന്നും അയ്യാൾ പറഞ്ഞു. രൂപേഷ് ആ കഥ പ്രമുഖ തിരക്കഥാ കൃത്തിനെ കൊണ്ടു വേണ്ട മാറ്റങ്ങൾ വരുത്തി മാറ്റി എഴുതിപ്പിച്ചു. ഇനി ഇപ്പൊ കേസ് കൊടുത്താലും പിടിച്ചു നിക്കാൻ പറ്റില്ല. തന്നെയല്ല ആ നായക കഥാപാത്രത്തിന്റെ പുതുമയും നശിച്ചു. ഉണ്ണി പിന്മാറി.. പ്രൊഡ്യൂസറും “

കാർത്തി മൗനം പാലിച്ചു

” ആം സോറി കാർത്തി.. ഞാൻ നിസ്സഹായനാണ്.. “

അവൻ ഫോൺ വെച്ചു… തന്റെ മുഖത്തേക്ക് തെറിച്ച ചൂട് ചായയും ഒരു കോമാളിയെ പോലെ താൻ അവരുടെ മുന്നിൽ അഭിനയിച്ചു കാണിച്ചതും അടക്കം എല്ലാം അവന്റെ നെഞ്ചിൽ തുളച്ചു കയറാൻ തുടങ്ങി. എഴുതി വെച്ച തിരക്കഥകൾ എല്ലാം വാരി തീയിട്ടു. ഒരുപാട് നാളത്തെ പ്രയത്നങ്ങൾ മുഴുവൻ ഒരു തീഗോളം പോലെ അവന്റെ മുന്നിൽ കത്തിക്കൊണ്ടിരുന്നു.

” കാർത്തി… എന്ത് ഭ്രാന്താ നീ ഈ കാണിക്കുന്നേ..? “

പിന്നിൽ നിന്നും ചിന്നുവിന്റെ ശബ്ദം ഉയർന്നു…

നിറ കണ്ണുകളോടെ ഒന്നും മിണ്ടാനാവാതെ അവൻ നിന്നു

” എന്താടാ..? എന്താ ഇതൊക്കെ? ” അക്ഷമയോടെ അവൾ ചോദിച്ചു

” ആ കഥയും പോയെടി… ” കരഞ്ഞുകൊണ്ട് അവൻ വീടിനു പിന്നിലെ ആ പാറയിൽ ഇരുന്നു. അവനരികിലേക്കു വന്നു കൊണ്ടു അവളും ഇരുന്നു.

തീ മെല്ലെ കെട്ടടങ്ങി..അന്ധകാരം നിറഞ്ഞു നിന്നു.

” എന്താ പറ്റ്യേ? “

” ആ രൂപേഷ്… അയാളത് വേറെ ആളെക്കൊണ്ട് മാറ്റി എഴുതിപ്പിച്ചു… എനിക്ക് എനിക്ക് സഹിക്കാൻ പറ്റുന്നില്ലെടി ” വിങ്ങലോടെ അത് പറഞ്ഞ അവന്റെ തോളിൽ പിടിച്ചു അവൾ അവളിലേക്ക്‌ അടുപ്പിച്ചു. കാർത്തി മെല്ലെ മുഖം അവളുടെ തോളിൽ ചായ്ച്ചു വെച്ചു.കുറച്ചു നേരം എരിഞ്ഞടങ്ങിയ കനലിലെക്ക് നോക്കി അവൾ മിണ്ടാതെ ഇരുന്നു. ഇടയ്ക്കു കൈകൊണ്ടു അവന്റെ മുഖം തലോടി .

“എന്റെ prohibition പീരിയഡ് കഴിഞ്ഞു… ഇനി മുതൽ സാലറി ആവും.. അത് പറയാന ഞാൻ വന്നത്.കല്ല്യാണം ആലോചിക്കാൻ തുടങ്ങി വീട്ടില്, അച്ഛൻ ചോദിച്ചു മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന്.. ഞാൻ പറഞ്ഞു ഉണ്ടെന്നു. പക്ഷെ ആളുടെ സമ്മതം ചോദിച്ചിട്ടില്ലെന്നു.. നീയാണെന്നു അറിയുമ്പോൾ അച്ഛൻ പ്രശ്നം ഉണ്ടാക്കും എന്ന കരുതിയതു.. പക്ഷെ അച്ഛൻ പറഞ്ഞ എന്താണെന്നറിയുവോ നിനക്ക് “മോളാവനൊരു കൂട്ടാവും എന്ന് “.. അതിൽ കൂടുതൽ എന്താ എനിക്ക് വേണ്ടത് കാർത്തി. അച്ഛന് നിന്നെ ചെറുപ്പം മുതലേ അറിയാലോ… ഞാൻ ഇഷ്ട്ടപെടുന്ന ആളെ അച്ഛനും ഇഷ്ട്ടപെടുന്നതിനേക്കാൾ വലിയ ഭാഗ്യം വേറെ ഇണ്ടോ.. വിഷമിക്കണ്ട കാർത്തി.. നീ നിന്റെ സമയം എടുത്തോ.. നിന്റെ ചിന്തകൾ ഇന്നത്തെ സിനിമ ലോകത്തു വിറ്റു പോവുന്നതാണെന്നു നിനക്ക് ഉറപ്പായാലോ … നീ വിജയിക്കും എനിക്കുറപ്പാ… പിന്നെ ആണുങ്ങളു മാത്രേ കുടുംബം നോക്കാവു എന്നൊന്നും ഇല്ലല്ലോ.. നീ വിജയിക്കുന്നവരെ എല്ലാം ചെയ്യാൻ ഞാൻ തയ്യാറാണ്. ആരെയും ആശ്രയിക്കാതെ.. അതാ ഈ ഇഷ്ടം പറയാൻ എനിക്ക് സാലറി ആവുന്നത്‌ വരെ ഞാൻ കാത്തിരുന്നത്.. ഇനി എനിക്ക് വേണ്ടത് നിന്റെ സമ്മതമാണ് “

മൗനം…..

അവൾ മുഖം അവനു നേരെ തിരിച്ചു ” നീ എന്താ ഒന്നും മിണ്ടാത്തെ? “

കാർത്തി ഒന്നും മിണ്ടിയില്ല… അവളുടെ ശ്വാസോച്ച്വാസം വേഗത്തിൽ ആയി

” കാർത്തീ… ” അവൾ നീട്ടി വിളിച്ചു.അവന്റെ മുഖത്ത് നിന്നും അവൾ കൈയുടെ പിടുത്തം വിട്ടതും കാർത്തി മറിഞ്ഞു മുന്നിലേക്ക് വീണു.

നെഞ്ചു തകർന്ന വേദനയോടെ ചിന്നു അത് നോക്കി നിന്നു….

ചതിയിൽ കുരുക്ഷേത്ര ഭൂമിയിൽ മരിച്ചു വീണ കർണ്ണനെ പോലെ എല്ലാ കഴിവുകളും നിഷ്പ്രഭമാക്കിക്കൊണ്ട് താളം തെറ്റിയ ഹൃദയം അവനെ യാത്രയാക്കി.

കണ്ണൻ സാജു ( അഥർവ്വ് )