അവളോട് പറയുന്ന ഓരോ വാക്കുകളും അവളുടെ നെഞ്ചിലാണ് കൊള്ളൂന്നതെന്നു അമ്മ മറക്കരുത്. എല്ലാരും ഒരുപോലല്ല…

കൂടപ്പിറപ്പ്

Story written by Atharv Kannan

” ഒരുത്തന്റെ തലേ വെച്ചു കൊടുത്തപ്പോ എങ്കിലും ഭാരം ഒഴിഞ്ഞെന്നു കരുതി.. ഇപ്പൊ വീണ്ടും വലിഞ്ഞു കയറി വന്നു ഇളെതിന്റെ കല്യാണോം മൊടക്കി… ജനിച്ചപ്പോഴേ കയ്‌ക്കും കാലിനും ഒന്നും സ്വാദീനം ഇല്ലെന്നു അറിഞ്ഞപ്പോ പറഞ്ഞതല്ലേ ഞാൻ നിന്നോടു വെല്ല ആറ്റിലോ പൊഴേലോ ഒഴുക്കി കളയാൻ ” കുഞ്ഞമ്മാവൻ അമ്മയോട് പറയുന്ന വാക്കുകൾ കേട്ടു വളഞ്ഞ രണ്ട് ബലമില്ലാത്ത കൈകളും വളഞ്ഞു സ്വാധീനം കുറഞ്ഞ ഒരു കാലുമായി അവൾ കട്ടിലിൽ ഇരുന്നു കണ്ണുനീർ പൊഴിച്ചു.

” ഒന്ന് പയ്യ പറയെന്റെ രഘു.. അവളു കേക്കും “

” ഹ.. കേക്കട്ടെ ഓപ്പോളേ… അപ്പനും മോളും കൂടി ഒരു പണി കാണിച്ചത്.. അവളുടെ കല്യാണത്തിന് ഞാനും എണ്ണി തന്നതല്ലേ രൂപ രണ്ട് ലക്ഷം.. എന്നിട്ടു ആ ബന്ധം വേണ്ടെന്നു പറഞ്ഞു പോരുമ്പോൾ ന്നോടൊരു വാക്ക് ചോദിക്കണ്ട മര്യാദയില്ലേ…? “

” അതെ.. അമ്മാവൻ മൊടക്കിയ രണ്ട് ലക്ഷം പലിശ സഹിതം ഞാൻ തിരിച്ചു തന്നോളം.. ഞാനാ പറഞ്ഞെ അച്ഛനോട് ചേച്ചിയെ വിളിച്ചോണ്ട് പോരാൻ.. എന്റെ കാര്യോർത്തു ഒരാളും ദുഖിക്കേണ്ട.. എല്ലാം അറിഞ്ഞു എന്നെ കെട്ടാൻ വരുന്ന ഒരുത്തൻ വന്നെങ്കിൽ മാത്രം കെട്ടിയ മതി. “

അടുക്കളയിൽ നിന്നും ചാറ്റുകാവുമായി പാഞ്ഞു വന്നുകൊണ്ടു ചിന്നു പറഞ്ഞു.

” ഒ.. ജോലി കിട്ടിയപ്പോഴേക്കും അവള്ടെ ഒരു അഹങ്കാരം കണ്ടില്ലേ? എടി തിന്നാനും തൂ റാനും മുതൽ പാവടെടെ വള്ളി കെട്ടാൻ വരെ അവക്കൊരാളുടെ സഹായം വേണം… അങ്ങനൊരുത്തനെ എവിടുന്നു കിട്ടാനാ? ഇവളിങ്ങനെ നിന്നു പോവാത്തെ ഒള്ളു.. അവളെ ചുമന്ന നീയും ഇങ്ങനെ കേട്ടാ ചരക്കായി നിക്കും.. അവസാനം ജീവിതകാലം മുഴുവൻ അവളുടെ ചന്തി കഴുകിയും വിഴുപ്പലക്കിയും ജീവിക്കാം “

” അങ്ങനെ നിക്കുവാന്നെ നിക്കട്ടെ… അല്ലേലും കല്ല്യാണം കഴിച്ചാൽ മാത്രേ ജീവിക്കാൻ പറ്റൂന്നു നിയമം ഒന്നും ഇല്ലല്ലോ… പിന്നെ വേറാരുടേം അല്ലല്ലോ എന്റെ കൂടപ്പിറപ്പിന്റെ അല്ലേ? എന്ത് ചെയ്യാനും എനിക്കൊരു മടിയും ഇല്ല.. ഞാനതങ്ങു സഹിച്ചു “

അമ്മാവൻ തോർത്ത്‌ കുടഞ്ഞു എഴുന്നേറ്റു ” അറിയാത്ത പിള്ള ചൊറിയുമ്പോ അറിഞ്ഞോളും ” അയ്യാൾ ഇറങ്ങി നടന്നു.. അമ്മ വിഷമത്തോടെ നോക്കി നിന്നു.

” ഞാൻ പറഞ്ഞോ കുഞ്ഞമ്മാവാ എനിക്ക് വേണ്ടി പൈസ മുടക്കാൻ. ഞാൻ പറഞ്ഞോ എനിക്ക് കല്ല്യാണം വേണന്നു? എന്റെ സമ്മതം ആരെങ്കിലും ചോദിച്ചോ? ഒരിക്കലെങ്കിലും അയ്യാൾ കല്യാണത്തിന് മുന്നേ എന്നെ കണ്ടോ? ആ വീട്ടിൽ ഞാൻ അനുഭവിച്ചു കൊണ്ടിരുന്ന വേദന എത്രയാണെന്ന് അമ്മാവന് അറിയുവോ? അയ്യാൾ എന്നെ എന്തൊക്കെയാ ചെയ്തിരുന്നതെന്നു അമ്മാവന് അറിയുവോ? ഞാനിങ്ങനെ ആയതു എന്റെ തെറ്റാണോ അമ്മാവാ? ” കരഞ്ഞു കൊണ്ടു ഇരുട്ടിലേക്കും നോക്കി ഇരുന്നു അവൾ ചോദിച്ചു…

” മിന്നു “

വാതിക്കൽ വന്നു ചിന്നു വിളിച്ചു ….

” എന്താടി ” കണ്ണുകൾ തുടച്ചു കൊണ്ടു വെപ്രാളത്തിൽ അവൾ ചോദിച്ചു

” ലൈറ്റ് ഇട്ടോട്ടെ? “

” ആം “

സ്വിച് ഓൻ ചെയ്തു അവൾ മിന്നുവിന് അരികിൽ കട്ടിലിൽ വന്നു ഇരുന്നു.

” എന്തെ വിഷമായോ? ” അവളുടെ താടയിൽ പിടിച്ചു മുഖം തനിക്കു നേരെ ആക്കിക്കൊണ്ട് ചിന്നു ചോദിച്ചു

” എന്തിനു… അമ്മാവൻ പറഞ്ഞത് കാര്യല്ലേ? “

” ദേ പെണ്ണെ… ചുമ്മാ ഊള സെന്റി അടിച്ച നല്ല നുള്ളു ഞാൻ വെച്ചു തരും “

” നിനക്കിഷ്ടായിരുന്നില്ലെടി ആ ചെറുക്കനെ? “

” അതിനു? “

” ഞാൻ കാരണം… “

” എന്റെ പെണ്ണെ… അവനോടു ഞാൻ വന്നപ്പോഴേ എല്ലാം പറഞ്ഞതാ … അവൻ വീട്ടുകാരോട് പറയാത്തത് എന്റെ കുഴപ്പാണോ? അല്ലേലും ഇതിന്റെ ഓക്കെ പേരിൽ ഇട്ടിട്ടു പോവാൻ മാത്രം സ്നേഹമേ ഇവനൊക്കെ ഉള്ളൂ എങ്കിൽ ഭാവിയിൽ എനിക്കൊരു അപകടം വന്നാലും ഇവനൊക്കെ ഇതല്ലേ ചെയ്യൂ “

” ഞാൻ നിനക്കൊരു ഭാരാവോടി…? ” അവൾ വിതുമ്പിക്കൊണ്ട് ചോദിച്ചു

” പിന്നെ… ഞാൻ നിന്നെ എടുത്തോണ്ട് നടക്കുവാണല്ലോ… നല്ല ഭാരവും..അടുക്കളേൽ കഞ്ഞി തിളച്ചു കാണും.. പോയി നോക്കിട്ടു വരാം.. ശോകകുമാരി തല്ക്കാലം ഇവിടിരുന്നു ശോകം അടിക്കു “

അവൾ പുറത്തേക്കു നടന്നു.. ചിന്നുവിന്റെ പോസിറ്റീവ് ആറ്റിറ്റ്യൂഡ് എന്നും മിന്നുവിൽ ഒരു ധൈര്യം പകർന്നിരുന്നു.

ചിന്നു മിന്നുവിന്റെ ചുരിദാറിന്റെ പാന്റ് കയറ്റി വള്ളി കെട്ടി…

” ഇത്രേം ടൈറ്റ് ചെയ്ത പോരെ…? “

” മതി… ഞാൻ വരാണോന്നു നിർബന്ധം ആണോ? “

ചിന്നു അവളുടെ മുഖത്തേക്ക് നോക്കി

” നിനക്കല്ലേ കണ്ണനെ കാണണം പ്രാർത്ഥിക്കണം എന്നൊക്കെ പറഞ്ഞെ? “

” അത്.. ഇന്ന് വ്യാഴാഴ്ച അല്ലേ… എല്ലാരും വരില്ലേ അമ്പലത്തിൽ? “

” നീ ആരയാ കുട്ടി പേടിക്കുന്നെ? ഏഹ്? “

മിന്നു മുഖം താഴ്ത്തി നിന്നു

” ഇങ്ങോട് നോക്ക് ” അവൾ മിന്നുവിന്റെ മുഖം ഉയർത്തി അവൾക്കു നേരെ പിടിച്ചു ” നമ്മൾ അനുഭവിക്കുന്ന സാഹചര്യങ്ങളുടെ വേദനയും വിഷമങ്ങളും ഒന്നും ഒരു കാലത്തും മറ്റുള്ളവർക്ക് പറഞ്ഞാൽ മനസ്സിലാവത്തും ഇല്ല അവരോട്ടു മനസ്സിലാക്കാൻ ശ്രമിക്കത്തും ഇല്ല.. അവരെ അവരുടെ വഴിക്കു വിട്ടേക്ക്.. ഇത്രേം കാലം ജീവിച്ച നമ്മളെ നമുക്കറിയാലോ… മറ്റുള്ളവരിൽ നിന്നും പല കുറവുകളും ഉണ്ടായിട്ടും എത്ര നാൾ ഞങ്ങളെ ഒന്നും അറിയിക്കാതെ നീ പിടിച്ചു നിന്നു. ആ നിന്നെ കുറ്റപ്പെടുത്താൻ മാറ്റാർക്കാ പെണ്ണെ യോഗ്യത ഉള്ളത്? “

ചിന്നുവിന്റെ വാക്കുകൾ കേട്ടു മിന്നു ചിരിച്ചു.

അമ്പലത്തിൽ പ്രാർത്ഥന കഴിഞ്ഞു ചിന്നുവിന്റെ കൈ പിടിച്ചു മുടന്തി മുടന്തി വലം വെക്കുമ്പോൾ ചുറ്റും പരിഹാസത്തോടെ അവളെ നോക്കുന്ന കണ്ണുകൾ അവൾ കാണുന്നുണ്ടായിരുന്നു. മനസ്സും കണ്ണും നിറഞ്ഞു അവൾ മനസ്സിൽ കണ്ണനെ വിളിച്ചു കൊണ്ടേ ഇരുന്നു.

അമ്പല നടക്ക് പുറത്തേക്കിറങ്ങുമ്പോ ആണ് ചിന്നു ഓർമിച്ചത് ” അയ്യോടി.. പ്രസാദം വാങ്ങിച്ചില്ലല്ലോ.. നീ ഇവിടെ നിക്കുവോ? ഞാൻ വേഗം പോയി വരാം. “

മിന്നു തലയാട്ടി.. ചിന്നു അവളെ ആൽത്തറയുടെ അരികിലേക്ക് മാറ്റി നിർത്തി പ്രസാദം വാങ്ങാനായി അകത്തേക്ക് നടന്നതും കമ്മിറ്റി പ്രസിഡന്റ്ന്റെ ഭാര്യ അവളുടെ അരികിലേക്ക് വന്നു.

” നീ ബന്ധം ഉപേക്ഷിച്ചു പൊന്നെന്നു കേട്ടല്ലോടി കൊച്ചെ.. നേരാന്നോ? “

മിന്നു തലയാട്ടി

” നിന്റെ എനക്കേടൊക്കെ അറിഞ്ഞിട്ടല്ലേ അവൻ കെട്ടിയതു ” അടിമുടി നോക്കിക്കൊണ്ടു അവർ പറഞ്ഞു

മിന്നുവിന് വല്ലാത്ത വിഷമം തോന്നി.. അവൾ ചിന്നുവിനായി അമ്പല നടയിലേക്കു നോട്ടം എറിഞ്ഞു.

” അല്ലെങ്കിലേ നിന്റെ കാര്യം ഓർത്തു കരയാനെ അമ്മിണിക്കു നേരം ഒണ്ടായിരുന്നുള്ളു… ചിന്നൂന്റെ കേട്ടു കഴിയുന്ന വരേലും അവിടെ നിക്കായിരുന്നു. അതോ തനിക്കു കിട്ടാത്ത ജീവിതം അവക്കും കിട്ടരുതെന്ന അസൂയ കൊണ്ടാണോ.. വിട്ടു പോന്നത് “

മിന്നുവിന്റെ കണ്ണുകൾ നിറഞ്ഞു… വരുന്നവരും പോകുന്നവരും അവരെ ശ്രദ്ധിക്കാൻ തുടങ്ങി. അമ്പല നടക്കരുകിലേക്ക് നീങ്ങുവാനായി പതിയ ഒക്കി കുത്തി കാലെടുത്തു വെച്ച മിന്നുവിന്റെ ചുരിദാറിന്റെ പാന്റിൽ അവർ പിന്നിൽ നിന്നും മനപ്പൂർവം ചവിട്ടി പിടിച്ചു. ബലമുള്ള കാൽ മുന്നോട്ടു വലിച്ചതും പാന്റ് ഊർന്നു താഴേക്കു വീണു.. അവർ വേഗത്തിൽ ഒന്നും അറിയാത്തതു പോലെ മുന്നോട്ടു നടന്നു.

ആളുകൾ അതിശയത്തോടെ അവളെ നോക്കാൻ തുടങ്ങി..പതിയെ കുനിഞ്ഞെങ്കിലും കൈകൾക്കു തീരെ സ്വാധീനം ഇല്ലാത്തതിനാൽ അവൾക്കു ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു.

ചിലർ നോക്കി ചിരിക്കാൻ തുടങ്ങി.. ചിലർ പിറു പിറുത്തു… ബൈക്കിൽ ചാരി നിന്നു ഫോൺ വിളിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരൻ ഓടി അവളുടെ അരികിലേക്ക് വന്നു.

” ചേച്ചി, വയ്യാത്തെ ആണോ? ഞാൻ സഹായിക്കണോ? “

അവൾ ഭയന്നു വിറച്ചു കൊണ്ടു മറ്റുള്ളവരെ നോക്കി. മറ്റൊന്നും ചിന്തിക്കാത അവൻ പാന്റ് വലിച്ചു കയറ്റി അത് വരിഞ്ഞു കെട്ടി.

” ഉണ്ടാക്കി വെച്ച നാണക്കേടൊന്നും പോരാണ്ടാ അമ്പലത്തിൽ പോയി.. ശേ.. നിനക്കിതെന്തിന്റെ കേടായിരുന്നീടി ഇവളേം വലിച്ചോണ്ട് അമ്പലത്തിലേക്ക് പോവാൻ? “

അമ്മ കലി തുള്ളിക്കൊണ്ടു ഉമ്മറത്ത് നിന്നു അലറി…

” കഴിഞ്ഞത് കഴിഞ്ഞു.. ഇനി പിള്ളേരെ കുറ്റം പറഞ്ഞിട്ട് എന്നാ കാര്യം ? ” അച്ഛൻ അനുനയിപ്പിക്കാൻ ശ്രമിച്ചു.

” മിണ്ടരുത് …. നിങ്ങൾ ഒറ്റ ഒരുത്തനാ ഇതിനൊക്കെ കാരണം… അവളേം വിളിച്ചിണ്ട് ഇങ്ങട് വന്നിട്ടില്ലേ ഇതൊക്കെ ഉണ്ടായേ..? “

അച്ഛൻ മൗനം പാലിച്ചു….

” നമ്മുടെ കാലം കഴിഞ്ഞ ഇവളെ ആര് നോക്കുന്ന? ജനിച്ച അന്ന് മുതൽ ഇവളെനിക്കൊരു തലവേദനയാ.. കിടന്ന ഒറക്കം വരില്ല… തീ തിന്നുവാ മനുഷ്യൻ… “

” അമ്മ എന്ത് തീ തിന്നെന്നമ്മേ പറയുന്നേ? ” ചിന്നു വീണ്ടും ഇടയ്ക്കു കയറി

” നീ മിണ്ടരുത്… നീ ഇപ്പൊ ഈ കാണിക്കുന്ന ആവേശം ഒന്നും കല്ല്യാണം കഴിഞ്ഞ ഉണ്ടാവാതില്ല… “

” മിന്നുന് ഒരാളുടെ സഹായം ഇല്ലാതെ ചോറുണ്ണാൻ പോലും പറ്റില്ല.. കൈകൾ കൂട്ടി പിടിക്കാൻ പറ്റില്ല.. അമ്മ പറഞ്ഞ പോലെ അമ്മേടേം അച്ഛന്റേം കാലം കഴിഞ്ഞാൽ നോക്കുന്ന ഒരാളുടെ കയ്യിലാണോ അമ്മ അവളെ ഏൽപ്പിച്ചേ? “

അമ്മ മൗനം പാലിച്ചു …

” അമ്മക്കൊന്നും പറയാനില്ലേ? “

” ആണുങ്ങൾ ആവുമ്പൊ ചിലപ്പോ ഇച്ചിരി കള്ള് കുടിച്ചെന്നും ഒച്ച എടുത്തന്നും ഒക്കെ വരും.. എന്ന് കരുതി… “

ചിന്നു അമ്മയുടെ മുഖത്തേക്ക് സൂക്ഷിച്ചൊന്നു നോക്കി…

” നീ അങ്ങനെ നോക്കാൻ ഒന്നും ഇല്ല.. നിന്നെ പറ്റി വെല്ല വിചാരവും ഉണ്ടായിരുന്നേൽ അവൾ ക്ഷമിച്ചും സഹിച്ചും അവിടെ നിന്നേനെ “

” അമ്മേടെ മോളേ അമ്മ ജനിച്ച പോലെ കണ്ടിട്ട് എത്ര നാളായമ്മേ? “

” ഏഹ്? “

” അവളെ അമ്മ കുളിപ്പിച്ചിട്ടു ഇപ്പോ എത്ര നാളായി കാണും? “

അമ്മ മൗനമായി

” എനിക്ക് പത്തു വയസായപ്പോ മുതൽ ഞാനാ അത് ചെയ്യുന്നേ… ഇപ്പോഴും…ഒരിക്കലെങ്കിലും, അവൾ കല്ല്യാണം കഴിഞ്ഞു ഈ വീട്ടിൽ വരുമ്പോ എങ്കിലും അവളെ ഒരു അതിഥി ആയി കാണാതെ എപ്പോഴെങ്കിലും അമ്മ അവളുടെ അടുത്തൊന്നു ഇരുന്നിട്ടുണ്ടോ? സംസാരിച്ചിട്ടുണ്ടോ? “

അമ്മ തല കുനിച്ചു …..

” ഇനിയാണെങ്കിലും സമയം കിട്ടുമ്പോ ഒന്ന് നോക്കിയാ കാണാം അവളുടെ ശരീരത്തിൽ ഉണങ്ങിയ പാടുകൾ.. പക്ഷെ ഞാൻ കാണുമ്പോ അതിനു ജീവനുണ്ടായിരുന്നു.. മുറിവുകൾ ഉണങ്ങാതെ നോവിച്ചു നോവിച്ചു വ്രണങ്ങൾ ആക്കുന്നത് അവനൊരു ശീലമായിരുന്നു.എന്നെ ഓർത്തോണ്ട് തന്നെയാ അമ്മേ ഒന്നും മിണ്ടാതെ എല്ലാം സഹിച്ചു അവളു നിന്നതു… ഇതിനിടയിൽ എത്ര തവണ അവളു ജീവിതം മടുത്തു കാണും? എത്ര തവണ അവളു മരിക്കാൻ ആഗ്രഹിച്ചു കാണും? പക്ഷെ ഒന്ന് ആത്മഹത്യ ചെയ്യാൻ പോലും വിചാരിച്ചാൽ ശരീരം ബലഹീനമായ സ്വയം സാധിക്കാത്ത ഒരു മനുഷ്യന്റെ മനസ്സ് എത്രത്തോളം വേദന അനുഭവിക്കുന്നുണ്ടാവും? പ്രിയപ്പെട്ടവരുടെ വാക്കുകൾ ഉണ്ടാക്കുന്ന വേദന എത്രയാണെന്ന് അറിയോ അമ്മക്ക്? അത് നമ്മളെ ഇല്ലാണ്ടാക്കി കളയും.. അവളോട് പറയുന്ന ഓരോ വാക്കുകളും അവളുടെ നെഞ്ചിലാണ് കൊള്ളൂന്നതെന്നു അമ്മ മറക്കരുത്. എല്ലാരും ഒരുപോലല്ല, ഇന്ന് അത്രയും പേർ അവിടെ നോക്കി നിന്നിട്ടും, മുതിർന്നവരും സ്ത്രീകളും അറിയാവുന്നവരും ഉണ്ടായിട്ടും അവളുടെ പാന്റ് കയറ്റി ഇടാൻ തോന്നിയത് ഒരു പരിചയവും ഇല്ലാത്ത ഒരു പയ്യനാണ്. അവനു അവളോട് തോന്നിയ സ്നേഹം എന്കിലും നിങ്ങളു കാണിക്കമ്മേ “

അമ്മിണി ഒന്നും മിണ്ടാതെ അച്ഛനെ നോക്കി ….

ചിന്നു മുറിയിലേക്ക് ചെന്നു…ലൈറ്റ് ഓഫ് ചെയ്തു മിന്നുവിന്റെ അരികിൽ കിടന്നു.

” നീ ഉറങ്യോ? “

” ഇല്ല ” മിന്നു പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു…

” എന്നാ ഈ ആലോചിക്കുന്നേ? “

” ഒന്നുല്ല “

” ആ ചെക്കനെ പറ്റി ആണോ? “

” ഒന്ന് പോടീ “

ചിന്നു തിരിഞ്ഞു അവളെ കെട്ടിപ്പിടിച്ചു..

” ഇനി പാഞ്ചാലിയെ രക്ഷിച്ച പോലെ കൃഷ്ണനെങ്ങാനും വേഷം മാറി വന്നതാണോ? ” ചിന്നു അവളെ കളിയാക്കി

” ഇത്രയും പ്രശ്നങ്ങൾക്കിടയിലും എങ്ങനാടി നിനക്ക് പോസിറ്റീവ് ആയി ഇരിക്കാൻ കഴിയുന്നെ? ” മിന്നു അത്ഭുദത്തോടെ ചോദിച്ചു

” നമ്മുടെ സന്തോഷത്തിന്റെ താക്കോൽ മാറ്റാരേം ഏൽപ്പിക്കാതിരുന്നാൽ മതി… “

ചിന്നു കൂൾ ആയി മറുപടി പറഞ്ഞു…

” നിനക്ക് എന്നെ ഏതെങ്കിലും ആശ്രമത്തിലോ അനാഥലയത്തിലോ ആക്കിക്കൂടെ..? ഇടക്കൊക്കെ എന്നെ വന്നു കണ്ടാൽ പോരെ? ” കണ്ണുകൾ നിറഞ്ഞെങ്കിലും കണ്ണീർ പുറത്ത് ചാടിക്കാതെ അവൾ ചോദിച്ചു

” അതിനിപ്പോ വരണോന്നു ഇല്ലാലോ.. കാണണോന്നു തോന്നുമ്പോ ഒരു വീഡിയോ കാൾ ചെയ്താലും പോരെ? “

മിന്നു ഞെട്ടലോടെ അവളെ നോക്കി

” അപ്പൊ നിനക്കറിയാം ഞാൻ നിന്നെ എങ്ങും കൊണ്ടാക്കൂലാന്നു.. പിന്നെ അതെന്റെ വായിന്നു തന്നെ കേട്ടെ അടങ്ങൂ ലെ… ” അവൾ മിന്നുവിന്റെ കവിളിൽ നുള്ളി … കണ്ണീർ പുറത്തേക്കു ഒഴുകിയറിടൊപ്പം മിന്നു അറിയാതെ ചിരിച്ചു..

” അപ്പോഴേ ശോക കുമാരി കിടന്നുറങ്ങാൻ നോക്ക്.. നാളെ മുതൽ നമുക്ക് കുറച്ചു പണികൾ ഉള്ളതാ “

” എന്ത് പണി? “

” യൂട്യൂബ് ചാനൽ “

” ഏഹ്? “

” ആഹാ “

” അതിൽ നമ്മളെന്തു കാണിക്കാൻ? “

” മോട്ടിവേഷൻ “

” ആര് പറയും? “

” നീ പറയും “

” ഞാനെന്തു പറയാൻ? “

” ഡോണ്ട് വറി ബേബി.. അതൊക്കെ ഞാൻ പറഞ്ഞു തന്നോളം.. കിയോസാക്കി രണ്ട് സ്പൂൺ,കർനിജി ഒന്നര സ്പൂൺ, റോണ്ട ഒരു സ്പൂൺ പിന്നെ മുതുകാടും മധു ഭാസ്കരനും പി.പി വിജയനും എല്ലാം കൂടി അരച്ചു കലക്കി കസറും നമ്മള് “

” ഇതൊക്കെ ആരാ? “

” നമ്മടെ അമ്മാവന്റെ മക്കളാ… എന്തൊക്കെ അറിയണം പെണ്ണിന്. കണ്ണടച്ച് കിടക്കാൻ നോക്കടി. ” ചിന്നു അവളെ ചേർത്തു പിടിച്ചു കണ്ണുകൾ അടച്ചു. അവളോട് ചേർന്ന് കിടക്കുമ്പോൾ തന്റെ മനസ്സിലെ ദുഃഖങ്ങൾ എല്ലാം അലിഞ്ഞു തീരുന്നത്‌ പോലെ മിന്നൂന് തോന്നി. മനസ്സിന്റെ ഭാരം ഇറക്കി വെച്ചു അവളും മെല്ലെ കണ്ണുകൾ അടച്ചു.

കണ്ണൻ സാജു ( അഥർവ്വ് )