ഇടുങ്ങിയ ഫ്ലാറ്റിലെ മരണം…
Story written by Shintappen
ഏകദേശം 40 വർഷത്തോളം പഴക്കമുള്ള ഒരു ഫ്ലാറ്റ്, ആക്കാലത്ത് ലഭ്യമായ എല്ലാ അർഭാടങ്ങളും ഉൾക്കൊണ്ട് കൊണ്ട് പണിത ആ ഫ്ലാറ്റ് പഴയ എറണാകുളത്തിന്റെ ഹൃദയഭാഗത്തായിരുന്നു..
എറണാകുളം വളർന്നതിനോടൊപ്പം കുറേ യേറെ കോൺക്രീറ്റ് മരങ്ങളും വളർന്നു.. ആളുകൾ പഴയ ഫ്ലാറ്റുകൾ ഉപേക്ഷിച്ച് പുതിയത് തേടി പോയി… പഴയ ആ ഫ്ലാറ്റ് പലരും കൈമാറി അവസാനം എന്റെ കയ്യിലും വന്നു ചേർന്നു, ജോലി സംബന്ധമായി എറണാകുളത്ത് സ്ഥിര താമസമാക്കിയ എനിക്ക് നിസ്സാര വാടകയിൽ ഒരു താമസ സ്ഥലം, ഏകദേശം 6 നിലകൾ ഉള്ള ഫ്ലാറ്റിൽ ജോലി സംബന്ധമായും മക്കളുടെ വിദ്യാഭ്യാസ സംബന്ധമായും പല സ്ഥലങ്ങളിൽ നിന്നും പറിച്ചു നടപ്പെട്ട കുറേ ജീവിതങ്ങൾ ഉണ്ട്..
ഗ്രാമങ്ങളിൽ തൊടിയും കൃഷിയുമൊക്കെയായി നടന്നവർ കിണറ്റിൻ കരകളിലും കുളങ്ങളിലും മാത്രം കുളിച്ച് ശീലിച്ചവർ ഫ്ലാറ്റിന്റെ നാല് ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടിരുന്നു, സത്യം പറഞ്ഞാൽ അവരൊക്കെ മണ്ണ് കണ്ടിട്ട് ഏറെ നാളുകളായി..
തൊട്ടു മുൻപിലേ ഫ്ലാറ്റിൽ ആരാണ് എന്ന് പോലും അറിയാത്ത…. കർട്ടനിലും ബാൽകണിയിലുമായി സമയം തള്ളി നീക്കുന്ന ഒരു കൂട്ടം ജനങ്ങൾ…. വർഷം കുറേയായെങ്കിലും മനസ്സിൽ ഒരു വിഷമം അല്ലെങ്കിൽ ഒരു ഭാരം അത് ഇറക്കി വെക്കാനാവാതെ പലരും അവിടെ മൂകരായി കഴിഞ്ഞു കൂടി.
അന്ന് പതിവ് പോലെ രാവിലെ ഓഫീസിൽ പോയി, നാളെ ഞായറാഴ്ച്ചയാണ് വൈകീട്ട് വീട്ടിൽ പോയാൽ തിങ്കളാഴ്ച്ച ഒരു പെണ്ണ് കാണൽ ഉണ്ട് അത് കഴിഞ്ഞ് ചൊവ്വാഴ്ച്ച രാവിലെ തിരികെയെത്താം എന്നുള്ള കണക്ക് കൂട്ടലിൽ ഓഫീസിൽ നിന്ന് നേരത്തേ ഇറങ്ങി ഫ്ലാറ്റിലേക്ക് പുറപ്പെട്ടു..
ഫ്ലാറ്റിന്റെ മുൻപിൽ സ്ഥിരമായി വണ്ടി വെയ്ക്കുന്നിടത്ത് ഒരു ആംബുലൻസ് കിടക്കുന്നു.. ബൈക്ക് മാറ്റി വെച്ച് ഫ്ലാറ്റിലേക്ക് കേറാൻ സമയം ആണ് ആംബുലൻസിന്റെ പുറകിൽ ഒരു മൃത ശരീരം കണ്ടത് സംഭവം മൊബൈൽ ഫ്രീസറിനകത്താണ് വച്ചിരിക്കുന്നത്.. അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് 6B യിൽ താമസിക്കുന്ന ബാങ്ക് മാനേജരുടെ അപ്പൻ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരിച്ചത് എന്നാണ്.. ഞാൻ ഇന്ന് വരെയും ബാങ്ക് മാനേജരേയോ അദ്ദേഹത്തിന്റെ പിതാവിനെയോ കണ്ടിട്ടില്ല..
നാളെയാണ് സംസ്കാരം അത് വരെ ബോഡി വീട്ടിൽ വെയ്ക്കണം..മരിച്ചവരെ അവസാനമായി സ്വന്തം വീട്ടിൽ കയറ്റുന്ന ഒരു ചടങ്ങ് ഉണ്ടല്ലോ അതും ഒരു കാരണമായിരിക്കാം, ആരൊക്കെയോ ചേർന്ന് ഫ്രീസറിന്റെ മൂടി മാറ്റിയ ശേഷം ഫ്രീസർ അടക്കം പുറത്തേയ്ക്ക് ഇറക്കി ഞാൻ അവർക്കായി ഒന്ന് ഒതുങ്ങി നിന്ന് കൊടുത്തു.. മൂന്ന് നാല് പേര് ചേർന്ന് ഫ്രീസർ തള്ളിയും പൊക്കിയും ലിഫ്റ്റ് വരെ എത്തിച്ചു… ലിഫ്റ്റ് തുറന്ന് അകത്തേയ്ക്ക് ഫ്രീസർ കേറ്റി നോക്കിയപ്പോഴാണ് എല്ലാവർക്കും ഒരു കാര്യം മനസിലായത് ഫ്രീസർ കേറിയപ്പോൾ ലിഫ്റ്റിന്റെ ഡോർ ( പഴയ ഇരുമ്പിന്റെ വല ) അടയുന്നില്ല..
എല്ലാവരും ആശയകുഴപ്പത്തിലായി.. താൽക്കാലത്തേയ്ക്ക് ഫ്രീസർ വരാന്തയിലേക്ക് മാറ്റി… മുകളിൽ വീട്ടിൽ ഫ്രീസർ വെയ്ക്കാനുള്ള ഇടവും മറ്റും ശരിയാക്കാൻ വീട്ടുകാർക്ക് നിർദ്ദേശമൊക്കെ കൊടുത്തിട്ടുണ്ടത്രേ,.അതിനിടയിൽ ആംബുലൻസ് തിരികേ പോയി.
ആലോചനകൾക്ക് തുടക്കമായി..ലിഫ്റ്റിൽ പെട്ടിമാത്രം കയറ്റാം ഫ്രീസർ കോണിപടി വഴി കയറ്റാം എന്നുള്ള തീരുമാനത്തിൽ ഫ്രീസറിൽ നിന്ന് പെട്ടി പുറത്തേയ്‌ക്കെടുത്തു നേരെ ലിഫ്റ്റിലേക്ക്.. എത്ര ചെരിച്ച് കേറ്റിയിട്ടും വാതിൽ വന്ന് പെട്ടിയിൽ മുട്ടുന്നു…ആ ലിഫ്റ്റ് വഴി പെട്ടിയിൽ ഉള്ള ബോഡി യാതൊടlരു കാരണ വശാലും മുകളിലേക്ക് കൊണ്ട് പോകാൻ പറ്റില്ല എന്നുള്ള സത്യം എല്ലാവരും മനസിലാക്കി ! ബിൽഡിങ് പണിത സമയത്ത് അന്നത്തെ എഞ്ചിനിയറോ മാറ്റാരുമോ ഇങ്ങനത്തെ ഒരു അവസ്ഥയെ പറ്റി ആലോചിച്ചിട്ടുണ്ടാവില്ല….ദീർഘ വീക്ഷണത്തിന്റെ കുറവ്..
അങ്ങനെ വീണ്ടും ആ പെട്ടിയും ശരീരവും വരാന്തയിൽ…മുകളിൽ അക്ഷമരായിരിക്കുന്ന വീട്ടുകാർ.. താഴെ എന്ത് ചെയ്യും എന്നാലോചിച്ച് നിൽക്കുന്ന ഫ്ലാറ്റുകാർ… കൂട്ടത്തിൽ ഞാനും.
ആലോചനകൾ നടക്കുന്നു അതിനിടയിൽ വന്ന രണ്ട് ചിന്തകൾ…
പെട്ടി അടച്ച് കെട്ടി നിൽക്കുന്ന പോലെ ചാരി വെച്ച് ലിഫ്റ്റിൽ കൊണ്ട് പോകാം. പെട്ടിയിൽ നിന്ന് ശരീരം പുറത്തെടുത്ത് പെട്ടി കോണി വഴിയും ശരീരം ലിഫ്റ്റിലും കൊണ്ട് പോകാം… മുകളിൽ ചെന്ന് പഴയത് പോലെ പെട്ടിയിൽ ആക്കാം.. പക്ഷേ രണ്ട് ആശയങ്ങൾക്കും കിട്ടിയ മറുചോദ്യം… നാളെ തിരിച്ച് ഇറക്കുമ്പോൾ എന്ത് ചെയ്യും?..
വീട്ടിൽ പോകാനിരുന്ന ഞാൻ അവരുടെ കൂടെ നിൽപ്പാണ്… ഇടയ്ക്കിടെ സമയം നോക്കിയിട്ട് ഇനിയും സമയം ഉണ്ടെന്ന് സമാധാനിക്കുകയായിരുന്നു മനസ്സിൽ.
അവസാനം തീരുമാനമായി ” പെട്ടി ശരീരമടക്കം കോണി വഴി ചുമന്ന് കൊണ്ട് പോകുക ” ഫ്രീസർ പിന്നാലെ കൊണ്ട് പോകുക… ഒട്ടും എളുപ്പമല്ലാത്ത ടാസ്ക് ആണെന്ന് തോന്നിയെങ്കിലും അവിടെ കൂടി നിന്നവരോടൊപ്പം കൂടാൻ ആണ് എനിക്ക് തോന്നിയത്…കൂട്ടത്തിലെ മുതിർന്ന ഒരാൾ പറഞ്ഞു ” ആരും പെട്ടിയിൽ ഉള്ള കൈപ്പിടിയിൽ പിടിക്കരുത് അത് ഇളകി പോരും “
അങ്ങനെ പെട്ടി മാത്രമായി 4,5 പേർ ചേർന്ന് ഉയർത്തി കോണി പടി കയറാൻ തുടങ്ങി ഒട്ടും വീതിയില്ലാത്ത ആ പടികൾ ഓരോന്നും കയറാൻ എല്ലാവരും നന്നായി ബുദ്ധിമുട്ടി.. പെട്ടി ഭീതിയിലും മറ്റും അത്യാവശ്യം ഉരയുന്നുണ്ടായിരുന്നു.. ഇപ്പോൾ പെട്ടിക്കാണെങ്കിൽ ഭാരം കൂടി കൂടി വരും പോലെ..( മരിച്ചവർക്ക് ഭാരം കൂടുമെന്നും… അധികം ഇളക്കിയാൽ ബ്ലഡ് വരുമെന്നുമൊക്കെ ആരോ പറഞ്ഞത് അപ്പോൾ ഞാൻ ഓർത്തു പോയി )..ഒരു വിധത്തിൽ ഒന്നാം നില എത്തി, ഇനിയും കിടക്കുന്നു 5 നിലകൾ കൂടി… ആകെ പിടിക്കാനുള്ളവർ മാത്രമേ കൂട്ടത്തിൽ ഉള്ളൂ ഒന്ന് കൈ മാറ്റി പിടിക്കാനോ സപ്പോർട്ട് ചെയ്യാനോ വേറേ ആരും ഇല്ല.
ചില ഫ്ലാറ്റുകളിൽ ജനാലഴികളിൽ ചില കണ്ണുകൾ എത്തി നോക്കുന്നത് കണ്ടെങ്കിലും ഒരാളും പുറത്തേയ്ക്കൊട്ടും വന്നതുമില്ല..ചെറിയ വഴിയിൽ കൂടി പോകുന്നതിനിടയ്ക്ക് പലപ്പോഴും പെട്ടിയുടെ അരികുകൾ ചുമരിൽ ഉരയുന്നുണ്ടായിരുന്നു…
മൂന്നാം നില ആയപ്പോഴേക്കും എല്ലാവരും തളർന്നു… പെട്ടി വെയ്ക്കാൻ പോലും സ്ഥലമില്ല.. എന്റെ മാത്രം അവസ്ഥയാണെന്നാണ് ഞാൻ കരുതിയത് എന്നാൽ പുറകിൽ നിന്ന് ” എവിടെയെങ്കിലും ഒന്ന് വെയ്ക്കൂ ” എന്നുള്ള വിളി വന്നപ്പോഴാണ് എന്റെ അതേ അവസ്ഥയാണ് എല്ലാവർക്കും എന്ന് മനസിലായത്..പെട്ടിയുടെ വശങ്ങളിൽ കൊണ്ടിട്ടാണോ എന്തോ കയ്യൊക്കെ ചുവന്നു പോയിരുന്നു..
അങ്ങനെ ഗതികെട്ട ഞങ്ങൾ പെട്ടി താഴെ ഇറക്കി വെച്ചു,അൽപ്പ സമയം ഇരുന്ന് ചുവന്നു പോയ കൈയെല്ലാം കുടഞ്ഞ് വീണ്ടും പെട്ടിയുമായി മുകളിലേക്ക്… ഒരു വിധത്തിൽ അവിടെ എത്തിയ ഞാൻ അടക്കം പലരും അവിടെ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു… തടിമാടന്മാരായ ഒന്ന് രണ്ട് ആണുങ്ങൾ ഞങ്ങളെയും സോഫയിൽ ഇരിക്കുന്നു …പെൺ മക്കളുടെ ഭർത്താക്കന്മാർ ആണ് ….ഒപ്പം മരിച്ചയാളുടെ മകൻ അതായത് ബാങ്ക് മാനേജറും അവിടെ ഉണ്ട്…… അവർ ഞങ്ങൾ സ്റ്റെപ് കേറുന്നതിനിടയിൽ എപ്പോഴോ ലിഫ്റ്റ് വഴി മുകളിൽ എത്തിയതാണ്…
പെട്ടിയെല്ലാം ഭദ്രമായി വെച്ചപ്പോഴാണ് പെട്ടിയുടെ കാലിന്റെ ഭാഗത്ത് ഭിത്തിയിൽ കൊണ്ടിടത്ത് പലക അകന്നിരിക്കുന്നു… കൂടെയുള്ള ചേട്ടൻ ഒരു കയർ എടുത്ത് ചെറുതായി പൊളിഞ്ഞ പെട്ടിയുടെ ഭാഗത്ത് നന്നായി കെട്ടി മുറുക്കി എല്ലാവരും പുറത്തേക്കിറങ്ങി… എന്തായാലും ഫ്രീസർ കൂടി ഇല്ലാത്തത് ഭാഗ്യം എന്ന് മനസ്സിൽ കരുതി, ഇനി വേഗം റൂമിൽ പോയി കുളിക്കണം… നാട്ടിലേക്കുള്ള അവസാന ബസ് പിടിക്കണം എന്നൊക്കെ മനസ്സിൽ കണക്ക് കൂട്ടി നടന്നപ്പോഴാണ് പുറകിൽ നിന്ന് ഒരു വിളി… മാഷേ..
തിരിഞ്ഞു നോക്കി ബാങ്ക് മാനേജർ ആയിരുന്നു … നന്ദി പറയാൻ വന്നതാവും… ‘ഏയ് നന്ദിയൊന്നും വേണ്ട…’ എന്ന് മനസ്സിൽ പറയാൻ കരുതി.. അദ്ദേഹം അടുത്ത് വന്ന് കാര്യം പറഞ്ഞു
” നാളെ പത്ത് മണിക്കാണ് സംസ്കാരം
ഞാൻ – ശരി ചേട്ടാ
മാനേജർ – ഒൻപതര ആകുമ്പോൾ എങ്കിലും വരണം.. നമുക്ക് ബോഡി ഇറക്കണ്ടേ?നിങ്ങളാകുമ്പോ ചെയ്ത് പരിചയം ഉണ്ടല്ലോ…. അപ്പൊ ശരി “
മാനേജർ എന്ത് കൊണ്ടായിരിക്കും അങ്ങനെ പറഞ്ഞത് എന്ന് ഞാൻ ആലോചിച്ചു…അവർ വിചാരിച്ചാൽ നടക്കില്ല എന്ന് കരുതിയിട്ടാണോ അതോ ഞങ്ങളുടെ തോളിൽ ഭാരം ഏൽപ്പിച്ച് അവർ ഒഴിഞ്ഞതാണോ?…എനിക്കറിയാൻ മേല…. ഈ ഫ്ലാറ്റുകളിൽ മരിക്കുന്നവർക്കൊക്കെ ഇത് തന്നെയായിരിക്കുമോ അവസ്ഥ… ഞങ്ങൾ കുറച്ച് പേർ ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ ആ ശരീരം താഴെ തന്നെ വയ്ക്കേണ്ടി വന്നേനെ…ഫ്രീസറിന്റെ കാശ് മുതലാക്കാൻ മാനേജരെ പോലുള്ള മക്കൾ വരാന്തയിൽ ഫ്രീസറും ഓൺ ചെയ്ത് വെച്ചേനെ..കഷ്ട്ടം.
നാട്ടിലേക്കുള്ള യാത്രമദ്ധ്യേ മരണവും വീട്ടുകാരും മാനേജരുടെ വാക്കുകളും ആയിരുന്നു മനസ്സിൽ…..അത്രയ്ക്കും ബുദ്ധിമുട്ടി ആ മൃത ശരീരം മുകളിലേക്ക് കൊണ്ട് പോകുമ്പോൾ മരിച്ച ആളുടെ സമപ്രായക്കാരായ പലരും അത് കണ്ടിട്ടുണ്ടാവാം ..അവരും മനസ്സിൽ കരുതിയിട്ടുണ്ടാവും നാളെ ഞങ്ങളുടെയും അവസ്ഥ ഇതൊക്കെ തന്നെ അല്ലെങ്കിൽ ഇതിലും ശോകമായിരിക്കും എന്ന്… ഈ അവസാന കാലത്തെങ്കിലും നാട്ടിൽ കഴിഞ്ഞു കൂടാൻ പറ്റിയിരുന്നെങ്കിൽ എന്നവർ പ്രാർത്ഥിച്ചിട്ടുണ്ടാവാം…അല്ലെങ്കിലും നമ്മൾ എല്ലാവരും തിരികേ സ്വന്തം നാട്ടിൽ ചെന്ന് കൂടണയാൺ ആഗ്രഹിക്കുന്നവരാണല്ലോ…ഒരു ദിവസമെങ്കിൽ ഒരു ദിവസം നേരത്തേ.
————————
വാൽകഷ്ണം
ബസ്സിലെ എല്ലാവരും ഉറക്കത്തിലാണ്… എന്റെ ചിന്തകൾ കാട് കയറിയപ്പോൾ ഞാൻ സ്വയം ആലോചിച്ചു ” അല്ല ഞാൻ എന്തിനാ ഇനി അതൊക്കെ ആലോചിക്കുന്നേ..എല്ലാം കഴിഞ്ഞില്ലേ… ഇനി അതൊക്കെ വിടാം എന്നൊക്കെ പറഞ്ഞ് മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും ഒരു ചിന്ത എന്നിൽ വീണ്ടും വീണ്ടും തികട്ടികൊണ്ടേയിരുന്നു …. “സത്യത്തിൽ മരിച്ചത് എനിക്ക് പരിചയം ഉള്ള ആളായിരുന്നാവോ…ഒരു മണിക്കൂറോളം കൂടെ ഉണ്ടായിട്ടും ഞാൻ എന്തേ ആ മുഖത്ത് ഒരു പ്രാവിശ്യം പോലും നോക്കാതിരുന്നത്?..
എത്ര ആലോചിച്ചിട്ടും ഇന്നും ഉത്തരം ഇല്ല!